'ഴന്തമിഴ് പാട്ടിഴയും ശ്രുതിയില്‍...' ലൗഡ്സ്പീക്കറില്‍ മണിച്ചിത്രത്താഴിലെ ഹിറ്റ്ഗാനം മുഴങ്ങുന്നു. ജംഗ്ഷനില്‍ വെച്ചേ ആര്‍പ്പും ബഹളവും കേള്‍ക്കാമായിരുന്നു. മാമ്പൂക്കളും കണ്ണിമാങ്ങകളും ചിതറിക്കിടന്ന വഴിയിലൂടെ നടന്ന് കൊടിതോരണങ്ങള്‍ തൂക്കിയ അപരിചിത സ്‌കൂള്‍മുറ്റത്തെത്തിയപ്പോള്‍ ഹൃദയമിടിപ്പുയര്‍ന്നു. ആദ്യമായൊരു സാഹിത്യമത്സരത്തില്‍ പങ്കെടുക്കാന്‍ പോവുകയാണ്. പരിഭ്രമമുണ്ട്.

To advertise here,

സ്‌കൂള്‍ക്കുട്ടികള്‍ക്കായി ട്യൂട്ടോറിയലുകളുടെ കൂട്ടായ്മ നടത്തുന്ന കലാമേളയാണ്. ആദ്യമായാണ് ഇങ്ങനെയൊന്ന് സംഘടിപ്പിക്കപ്പെടുന്നത്. ഒരു കൂട്ടം സര്‍ഗധനരായ ട്യൂട്ടോറിയല്‍ മാഷുമാരുടെയും യുവാക്കളുടെയും വേറിട്ട ഒരു പരിശ്രമമായിരുന്നു. പ്രതീക്ഷിച്ചതിലും വലിയൊരു പങ്കാളിത്തമായിരുന്നു കുട്ടികളില്‍ നിന്നും അതിനു ലഭിച്ചത്.

സ്‌കൂള്‍ യുവജനോത്സവം പോലുള്ള ഗംഭീരവേദികളൊന്നും അന്നു കണ്ടിട്ടേയില്ല. സ്‌കൂളിലെ ഓഫ്സ്റ്റേജ് മത്സരങ്ങളൊന്നും അറിയാറു പോലുമുണ്ടായിരുന്നില്ല. എഴുത്തുകള്‍ എന്നും ഡയറിയില്‍ മാത്രമായിരുന്നു. അതിനെ കവിതയെന്നു വിളിക്കാമോ? അങ്ങനെ വിളിക്കാന്‍ ആത്മാഭിമാനം അനുവദിച്ചില്ല. എന്നാലും എന്തോ ചില അലയിളക്കങ്ങള്‍ ഉള്ളിലെവിടെയോ അനുഭവപ്പെട്ടു എന്നത് സത്യം. തരളമായൊരു സ്വകാര്യരഹസ്യം.

'ട്യൂഷന്‍ സര്‍ക്കിള്‍' എന്നായിരുന്നു ഞങ്ങളുടെ ട്യൂഷന്‍സ്ഥാപനത്തിന്റെ പേര്. ഇംഗ്ലീഷ്മീഡിയമായിരുന്നതിനാല്‍ താരതമ്യേന കുട്ടികള്‍ കുറവായിരുന്നു. വൈകിട്ട് സ്‌കൂള്‍വാനില്‍ ആറ്റിങ്ങല്‍ വന്നിറങ്ങി, ട്യൂഷനും കഴിഞ്ഞാണ് ബസ്സില്‍ വീട്ടിലേയ്ക്കു തിരികെപ്പോവുന്നത്. സ്‌ക്കൂളിനെക്കാള്‍ ഹൃദയബന്ധമുള്ളയിടം.

മുഖ്യവേദിയായ സ്‌ക്കൂള്‍ ഞങ്ങള്‍ക്ക് അയല്‍പക്കമാണ്. പക്ഷേ മത്സരത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹം സംശയിച്ചു സംശയിച്ചാണ് അവതരിപ്പിച്ചത്. ആരു കൊണ്ടുപോവും അവിടേയ്ക്ക്. കേട്ടപാടെ വല്യമ്മ 'പോകാം' എന്നാണ് പറഞ്ഞത്. 'നോക്കാം' എന്നല്ല. അപ്പോള്‍ നെഞ്ചിടിപ്പു കൂടി. വെറുതെ ഒരു ലീവ് കളഞ്ഞ് വല്യമ്മ വരികയാണ്. അവിടെച്ചെന്നെന്തു കാട്ടാനാണ് പോവുന്നത്! അവസാന ദിവസമാണ് സാഹിത്യമത്സരങ്ങള്‍. അടുത്ത ദിവസം സമാപനസമ്മേളനത്തില്‍ സമ്മാനദാനം.

അങ്ങനെ വിവിധ ചിന്താവിക്ഷുബ്ധഹൃദയയായി കഥാകവിതാദികളില്‍ പങ്കെടുക്കാന്‍ കൃത്യസമയത്ത് സ്‌കൂളിലെത്തി. ആകെ ഉത്സവാന്തരീക്ഷം. എട്ടാം ക്ലാസ്സാണ്, ഹൈസ്‌കൂള്‍ വിഭാഗത്തിലാണ് മത്സരിക്കുന്നത്. സഹോദരിയുമുണ്ട് ഒപ്പം. പണ്ട് കൊച്ചുക്ലാസ്സുകളില്‍ സ്റ്റേജ്മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനം വാങ്ങിയിട്ടുണ്ട്. പക്ഷേ ഒരു സാഹിത്യമത്സരത്തില്‍ ആദ്യമായാണ്. മറ്റു കുട്ടികളെല്ലാം പുലികളായിരിക്കുമോ? ഉള്ളില്‍ ഭയമുണ്ട്. ഉച്ചയ്ക്ക് ശേഷം 2 മണിയ്ക്കു നിശ്ചയിച്ച ഓഫ്സ്റ്റേജ് മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ മണി മൂന്നായി. പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞ് വെളിച്ചം കുറഞ്ഞ ഒരു കുടുസ്സു ക്ലാസ് മുറിയിലേയ്ക്കു നയിക്കപ്പെട്ടു. മുന്‍ബഞ്ചില്‍ത്തന്നെ പോയിരുന്നു. ബഞ്ചിന്റെ കാലുകള്‍ക്ക് ഒരു ചാഞ്ചാട്ടം.! ക്ലാസ്സു നിറയെ കുട്ടികളുണ്ട്. രണ്ടു മൂന്നു മാഷുമാര്‍ ക്ലാസ്സിലേയ്ക്കു വന്നു. ആദ്യമത്സരം കഥയാണ്. അത് കഴിഞ്ഞ് ഇതേയിടത്തു തന്നെ കവിതാമത്സരവും നടക്കും.

ഇളംനീല ഷര്‍ട്ടും ഖദര്‍മുണ്ടും ധരിച്ച, നീണ്ടു മെലിഞ്ഞ വിഷാദിയായ ഒരു സാറ് ഞങ്ങള്‍ക്കു എഴുതാനുള്ള പേപ്പര്‍ തന്നു. എന്റെ കയ്യും കാലും വിറച്ചു. കൊല്ലവര്‍ഷ പരീക്ഷയ്ക്ക് ചോദ്യപ്പേപ്പര്‍ കാത്തിരിക്കുമ്പോള്‍ പോലും ഇത്രയും വിറയല്‍ അനുഭവിച്ചിട്ടില്ല. ഉച്ചഭാഷിണിയുടെ അലര്‍ച്ച നിന്നെങ്കില്‍ നെഞ്ചിടിപ്പുകള്‍ പുറത്തു കേട്ടുപോയേനെ. കഥാമത്സരം തുടങ്ങുന്നു. സാറ് വിഷയം പറഞ്ഞു. 'പലായനം.' പിന്നെ ചിരിയോടെ തുടര്‍ന്നു, 'ഒന്നര മണിക്കൂറാണ് സമയം. നിങ്ങളുടെ ഇഷ്ടം പോലെ, ഭാവന പോലെ സമാധാനമായി എഴുതൂ.' 'സിനിമാക്കഥയൊന്നും എഴുതിക്കളയല്ലേ.' കൂടെ നിന്ന മറ്റൊരു മാഷ് വിളിച്ചു പറഞ്ഞു. കുട്ടികളെല്ലാം ചിരിച്ചു.

പേപ്പറില്‍ പലായനം എന്നെഴുതി, ഒന്നു നിവര്‍ന്നിരുന്നു. സമയം ആരംഭിക്കുന്നു. പേപ്പറിലെ പലായനത്തിലേയ്ക്ക് ഒന്നൂടി നോക്കി; തത്ക്ഷണം മനസ്സ് എങ്ങോട്ടോ പലായനം ചെയ്തു. ഒരു ഹൃദയചിഹ്നവും അതിനെ തുളച്ചുപോയ ഒരമ്പും ആലേഖനം ചെയ്ത തുള വീണ തടിഡെസ്‌ക്കില്‍ വെള്ളപ്പേപ്പര്‍ ഒരു വെല്ലുവിളി പോലെ നിവര്‍ന്നു. ഞാന്‍ വിയര്‍ത്തു. മനസ്സു ശൂന്യം. അവിടെ കൊല്ലപ്പണിക്കാരന്റെ തട്ടും മുട്ടുമില്ല. ഉലകള്‍ കാറ്റൂതുന്നില്ല. ചുട്ടയിരുമ്പില്‍ ചുറ്റിക വീഴുന്നില്ല. കരി കത്തുന്ന ഗന്ധമില്ല. തീ തണിഞ്ഞു പോയ, ഉപേക്ഷിതമായ ആല പോലെ സര്‍ഗശൂന്യമായ ഒരു മനസ്സ്.. അയ്യോ, ഇതുവരെ ഇതിങ്ങനെ അല്ലായിരുന്നല്ലോ!

പതിയെ ഒന്നു തിരിഞ്ഞു നോക്കി. തകര്‍ന്നുപോയി. ഓട്ടമത്സരത്തിനു വെടിയൊച്ച കേട്ട ജമൈക്കന്‍താരങ്ങളെപ്പോലെ എഴുതിപ്പറക്കുകയാണ് പേനകള്‍. തൊട്ടിപ്പുറത്തിരുന്ന കണ്ണട വെച്ച  ഗൗരവക്കാരി പെണ്‍കുട്ടി ആദ്യത്തെ പേജിന്റെ അവസാന ഭാഗത്തെത്തിക്കഴിഞ്ഞു. ഇവിടെ പേപ്പര്‍ ശൂന്യം. താറാക്കൂട്ടത്തോടൊപ്പം വെള്ളത്തില്‍ച്ചാടിയ കോഴിക്കുഞ്ഞിനെപ്പോലെ ഞാന്‍ കാലിട്ടടിച്ചു. എനിക്കു നീന്താനറിയുന്നില്ല.

ആ സാറാണെങ്കില്‍, പരീക്ഷയ്ക്ക് ഇന്‍വിജിലേറ്റര്‍ നടക്കുമ്പോലെ ബഞ്ചുകള്‍ക്കു നടുവിലൂടെ നടക്കുന്നു. ഇടയ്ക്ക് ആകാംക്ഷയോടെ ഓരോ പേപ്പറുകളിലും എത്തിനോക്കുന്നുമുണ്ട്. ഇടിവെട്ടിയിരിക്കുന്ന എന്നെയും ശ്രദ്ധിക്കുന്നുണ്ട്. ഞാന്‍ ഗാഢമായ ആലോചന അഭിനയിച്ചു.

പശ്ചാത്തലത്തില്‍ പലവട്ടം മുഴങ്ങിയ പഴന്തമിഴ്പ്പാട്ട് എപ്പൊഴോ ഇഴഞ്ഞ് തീര്‍ന്നിരുന്നു. ഇപ്പോള്‍ സന്ദര്‍ഭത്തിനു പറ്റിയ മറ്റൊരു പാട്ട് മുഴങ്ങുന്നു, 'വരുവാനില്ലാരുമീ വിജനമാമെന്‍ വഴി, അറിയാമതെന്നാലുമിന്നും..' ഏതോ ഒരു കുട്ടി എന്തോ സംശയം ചോദിച്ചു. സാറ് പറഞ്ഞു, 'എന്തുമെഴുതാം, നിങ്ങള്‍ക്കിഷ്ടപ്പെട്ട എന്തും. തലക്കെട്ട് മാത്രമാണ് തന്നത്. ഏതാശയവും ആവിഷ്‌ക്കരിക്കാം. എന്തെങ്കിലും എഴുതൂ. വെറുതെയിരിക്കല്ലേ.' അവസാനത്തെ ഡയലോഗ് എന്നെ ഉദ്ദേശിച്ചല്ലേ?

ആയുധം കയ്യിലെടുത്തു. പണ്ടത്തെ നീലക്യാപ്പുള്ള വെള്ള റെയ്നോള്‍ഡ്സ് പേന. കഥയെഴുതിയെഴുതി മഷി തീര്‍ന്നു പോയാല്‍, പ്രയോഗിക്കാന്‍ വേറൊരു പേനയും കൂടിയെടുത്തു വന്നതാണ്! എന്തു പറയാന്‍!

ഞാന്‍ സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. തിരിച്ചറിയപ്പെടും, മാനഹാനിയുണ്ടാവും എന്ന ഭയമാണ് ഇവിടത്തെ പ്രതിബന്ധം. ഒരു സംഘത്തിനുള്ളിലാണെങ്കില്‍ തല്ലാനും കൊല്ലാനും പോലും ഏതു ഭീരുവിനും ധൈര്യം വരും. ഇതിപ്പൊ കോഡ്നമ്പറുണ്ടല്ലോ. ഏതെങ്കിലും ജഡ്ജിന് എത്തിച്ചുകൊടുക്കും. ആരാണെഴുതിയതെന്ന് അറിയില്ല. ആള്‍ക്കൂട്ടത്തിനൊപ്പം കൂവുന്ന പോലേയുള്ളൂ. എന്തെങ്കിലും എഴുതാതെ പോവരുത്. നാണക്കേടാണ്. അങ്ങനെ തൂലികയുടെ കര്‍മ്മബന്ധനങ്ങളഴിഞ്ഞു. കഥ ആരംഭിച്ചു.

ചേടിമണ്ണ് കുഴച്ച് ഇഷ്ടികയുണ്ടാക്കുമ്പോലെയിരുന്നു ആ പരിപാടി. പണ്ട് കളിക്കുമ്പോള്‍ ആദ്യം കുഴഞ്ഞ മണ്ണ് തീപ്പെട്ടിക്കൂടിനുള്ളിലാക്കി ഇഷ്ടികയുണ്ടാക്കും. പിന്നെ അതിനു മീതേ കുറച്ച് മണ്ണ് ഉരുട്ടി വച്ച് അമ്മിക്കല്ലും കുഴവിയുമാക്കും. പിന്നെ അതിടിച്ചു പരത്തി നടുകുഴിഞ്ഞ ഒരു പിഞ്ഞാണം. ഒടുക്കം തട്ടുകളുള്ള ഒരു പിറന്നാള്‍ക്കേക്കായി അവസാനിക്കും. മെഴുകുതിരിയ്ക്കു പകരം രണ്ടു തീപ്പെട്ടിക്കൊള്ളിയും കുത്തിവെച്ചിരിക്കും. അതുപോലെ കഥയും ഭാവനാദ്രവ്യത്തിന്റെ പല അവസ്ഥാന്തരങ്ങളിലൂടെ കുഴഞ്ഞു മറിയുകയാണ്.

മുന്‍ബഞ്ചില്‍ പെട്ടെന്നുണ്ടായ ഈ തുറമുഖത്തിരയിളക്കം സാര്‍ കണ്ടു. ഒരു ചെറുപുഞ്ചിരി വിടര്‍ന്നു. ഒന്നര മണിക്കൂര്‍ ദാ പോയി. സമയത്തിനു മുമ്പേ പകുതിപ്പേരും പേപ്പര്‍ കൊടുത്തു. സമയം കഴിഞ്ഞിട്ടും ഇവിടെ വെട്ടും തിരുത്തും തട്ടുംമുട്ടുമായി ആകെ പരാക്രമം. വെപ്രാളം കണ്ട് ദയാലുവായ സാറ് 5 മിനിറ്റ് കൂടി അനുവദിച്ചു. എവിടെ! കഥ കഴിയുന്നില്ല.

ഇതേ ക്ലാസ്സില്‍ അടുത്തതായി കവിതാമത്സരം ആരംഭിക്കേണ്ടതുണ്ട്. കവിത എഴുതാന്‍ മുട്ടിനില്‍ക്കുന്ന മത്സരാര്‍ത്ഥികളും അകമ്പടിയായി വന്ന മാഷ്മാരും അക്ഷമരായി വാതില്‍ക്കല്‍ എത്തിനോക്കുന്നു. നിവൃത്തിയില്ലാതെ നിര്‍ത്തി. കൊടുക്കും മുമ്പ് ഒന്നൂടെ വെപ്രാളം പിടിച്ച് വായിച്ചു. എന്തോ ഒരു പന്തികേട്. ഇതില്‍ വേറെന്തിന്റെയോ ഒരു ഛായ കലരുന്നുണ്ടോ?

ഒരു പാതിരാത്രി പെരുമഴയത്ത് കരിമ്പാറകളെ ഇളക്കിയെടുത്ത്, പെരുമഴങ്ങളെ കടപുഴക്കിയെടുത്ത് ഉരുള്‍ കുത്തിയൊലിക്കുന്നു. ഉരുള്‍പൊട്ടിയ ഭൂമിയില്‍ നിന്ന് എല്ലാം നഷ്ടപ്പെട്ട് പലായനം ചെയ്യുന്ന കുറേ മനുഷ്യര്‍. എഴുതിക്കൊണ്ടിരിക്കെ തോന്നാത്ത മുഖച്ഛായകള്‍ ഇപ്പൊഴിതാ തെളിഞ്ഞു തെളിഞ്ഞു വരുന്നു. കഥാപാത്രങ്ങളുടെ പേരുകള്‍ അവള്‍, അയാള്‍, അവര്‍ എന്നൊക്കെ.. സ്ഥലപ്പേരുകള്‍ വേറെയാണ്. എന്നാലും ഒരു പഴയ സിനിമയുടെ ഛായ വീണു കിടക്കുന്നില്ലേ? കീറി ചവറ്റുകൊട്ടയിലിടാനാണ് തോന്നിയത്. സാധിച്ചില്ല. അക്ഷമനായ മറ്റൊരു സംഘാടകന്‍ പാഞ്ഞുവന്നു പേപ്പര്‍ റാഞ്ചിയെടുക്കലും സ്റ്റാപ്ളറടിക്കലുമെല്ലാം നിമിഷം കൊണ്ടു കഴിഞ്ഞു.

ആ നിരാശയില്‍ നിന്ന് കരകേറും മുമ്പാണ് അടുത്ത മലയിടിഞ്ഞു വീണത്. ബഞ്ചില്‍ നിന്നെണീക്കാന്‍ പോലും നേരമില്ല, അടുത്ത പേപ്പര്‍ മുന്നില്‍. എഴുതു കവിത. കവിതാമത്സരം ആരംഭിക്കുന്നു. വിഷയമെന്തായിരുന്നു, ഓര്‍മ്മയില്ല.

ഗതികെട്ടൊരെഴുത്തായിരുന്നു. ആരെയോ കൊല്ലാനുള്ള വാശിയില്‍ വലിച്ചുവാരിയെഴുതി. വീണ്ടും വീണ്ടും പേപ്പര്‍ വാങ്ങി. സാറ് ചിരിച്ചു. ഞങ്ങള്‍ കവിതയില്‍ കുത്തിമറിയുമ്പോള്‍ അദ്ദേഹം വാങ്ങിവെച്ച ''പലായന'ങ്ങള്‍ സൂക്ഷ്മമായി വായിക്കുകയാണ്. പണി പാളി. നാണക്കേട് കൊണ്ട് തല പൊക്കിയില്ല.

സേമിയപ്പായസത്തില്‍ കിസ്മിസ് ഇടുമ്പോലെ, പുല്ലും പൂവും, മയിലും, കുയിലുമെല്ലാം വാരിവിതറിയ കവിതയെഴുതാന്‍ പറ്റിയില്ല. സംഗതി ദുഃഖഭരിതമാണ്. വെട്ടും തിരുത്തുമെല്ലാം കഴിഞ്ഞു നോക്കുമ്പോള്‍ ഒരു പത്തുമുപ്പതുവരിയുണ്ട്.. സമയത്തിനു മുന്നെ കൊടുത്തു. മറ്റുള്ളവര്‍ എഴുത്തു തുടരുന്നു. അപ്പോള്‍ സാര്‍ അടുത്തു വന്നിരുന്നു. പേരു ചോദിച്ചു, പരിചയപ്പെട്ടു. സാറിന്റെ പേര് സുധീര്‍.എ.എസ്.

ജീവിതത്തിലാദ്യമായി ഒരു കവിയെ ഞാന്‍ നേരില്‍ പരിചയപ്പെടുകയായിരുന്നു. മലയാള കവിതയുടെ പുതിയ തലമുറയില്‍ ശ്രദ്ധേയനായിരുന്ന കവി സുധീര്‍.എ.എസ്. അന്ന് അദ്ദേഹം യൂണിവേഴ്സിറ്റി കോളേജില്‍ മലയാളം എം.എയ്ക്ക് പഠിക്കുന്നു. അദ്ദേഹമായിരുന്നു വിഷയം തീരുമാനിച്ചത്, ജഡ്ജും അദ്ദേഹം തന്നെ.

സാറ് സിനിമ കാണാറില്ലേ? അതോ എനിക്കു വെറുതെ തോന്നിയതാവുമോ ആ സാമ്യം? അതോ ബാക്കിയുള്ള കടലാസുകളില്‍ ഇതിലും വലിയ സിനിമകളായിരുന്നോ? എന്തായാലും കഥയ്ക്കും കവിതയ്ക്കും സമ്മാനം കിട്ടി. അന്നത്തെ ദൂരദര്‍ശന്‍ വാര്‍ത്താ അവതാരക മായയാണ് സമ്മാനദാനം നിര്‍വഹിച്ചത്. പട്ടുപാവാടയും വലിച്ചിഴച്ച് പൊക്കത്തിലുള്ള സ്റ്റേജില്‍ക്കേറി സമ്മാനം വാങ്ങി. സമാപന സമ്മേളനത്തില്‍, അനന്തമായി നീണ്ടുപോയ അറുകത്തി പ്രസംഗങ്ങള്‍ കേട്ട് ഉറക്കം തൂങ്ങിയിരുന്നു. തിരിച്ചുവരുമ്പോള്‍ സുധീര്‍സാറിനെ ഒന്നു കണ്ടു. ചിരിച്ചു. കുശലം പറഞ്ഞു. പിന്നെ ഒരഡ്രസ്സോ ഫോണ്‍ നമ്പറോ കൈമാറാതെ പിരിഞ്ഞു.. രണ്ടുമൂന്ന് ജംഗ്ഷന്‍ അപ്പുറത്തെവിടെയോ ആണ് സാറിന്റെ വീട്. പറഞ്ഞു വന്നപ്പോള്‍ സാറിന്റെ മൂത്ത ജ്യേഷ്ഠന്‍ ഞങ്ങളുടെ ഇംഗ്ലീഷ് അധ്യാപകനാണ്. അദ്ദേഹം ഡാഫൊഡില്‍സ് പഠിപ്പിക്കുന്നത് ഇപ്പോഴുമോര്‍ക്കുന്നു.
 
രണ്ടു ദിവസം കഴിഞ്ഞ് ഗേറ്റില്‍ ഒരു സൈക്കിള്‍ മണിനാദം. ഓടിച്ചെല്ലുമ്പോള്‍ സുധീര്‍സാറാണ്. തിരക്കിലാണ്, അകത്തു കയറുന്നില്ല. ഞങ്ങളോട് ഒരാഴ്ചയ്ക്കുള്ളില്‍ ഓരോ കവിത അയച്ചു കൊടുക്കണമെന്നു പറഞ്ഞു. അഡ്രസും തന്നു. ഏതു വിഷയവുമാവാം. അന്ന് എഴുതിത്തള്ളുന്ന കാലമാണ്. കാലിത്തീറ്റ പോലെ സ്റ്റോക്കുണ്ട് കവിതകള്‍.. എല്ലാം ദുഃഖഭരിതങ്ങളാണ്. അതിലൊന്നെടുത്തു കദനഭാരത്തില്‍ കനകാംബരമാല ചൂടിച്ച് അയച്ചുകൊടുത്തു. ഒന്നു രണ്ടാഴ്ച കഴിഞ്ഞു പോസ്റ്റ്മാന്‍ ഒരു മാസിക കൊണ്ടുത്തന്നു. രൂപതയുടെ പ്രസിദ്ധീകരണമാണ്. തുറന്നു നോക്കുമ്പോള്‍ ...
നെഞ്ചിടിപ്പുകളെ എവറസ്റ്റിനു മേല്‍ക്കയറ്റിക്കൊണ്ട് അതാ, അച്ചടിമഷി പുരണ്ട് ആദ്യരചന. എട്ടാം ക്ലാസ്സുകാരിയുടെ കണ്ണുകള്‍ സജലങ്ങളായി. കണ്ണീരൊഴുക്കി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമുണ്ടായിരുന്നു ആ കവിതയുടെ പശ്ചാത്തലത്തില്‍.

അളവറ്റ സ്നേഹത്തോടെ ഓര്‍ക്കുന്നു, എന്റെ ആദ്യരചനയുടെ പ്രസിദ്ധീകരണം കവി സുധീര്‍.എ.എസ്സിലൂടെയായിരുന്നു. പേടിച്ചും മടിച്ചും താളുകള്‍ക്കുള്ളിലിരുന്ന കുറിപ്പുകളെ കവിതയെന്നു  ആദ്യം വിളിച്ചത്, പുറത്തേയ്ക്കു പിടിച്ചിറക്കിയത്, എട്ടാം ക്ലാസ്സുകാരിയ്ക്ക് ഡി.വിനയചന്ദ്രന്‍ സാറിന്റെ 'സമയമാനസ'വും, 'വീട്ടിലേയ്ക്കുള്ള വഴി'യും സമ്മാനിച്ചത്, കവിതയെപ്പറ്റി പുതിയ കാഴ്ചപ്പാടുകള്‍ തന്നത് അദ്ദേഹമായിരുന്നു. വീട്ടില്‍ എല്ലാര്‍ക്കും സാറിനെ ഇഷ്ടമായിരുന്നു. കവിത വായിക്കുമ്പോലെ എല്ലാവരും പിന്നെ മുടങ്ങാതെ അയച്ചിരുന്ന ആ കത്തുകള്‍ വായിച്ചിരുന്നു. ഏറ്റവും പുതിയ കാവ്യവിചാരങ്ങള്‍ പങ്കുവെച്ച കത്തുകള്‍.! ഇന്‍ലന്‍ഡിന്റെ ഇരുപുറങ്ങളും കൂടാതെ വശങ്ങളിലും ആ കാവ്യഭരിതങ്ങളായ വരികള്‍,വഴി മറന്ന പുഴ പോലെ കുത്തിയൊലിച്ചു.

ഇടയ്ക്ക് സൈക്കിള്‍ബെല്‍ കേട്ട് ചെന്നു നോക്കുമ്പോള്‍, ഏതെങ്കിലും കവിതാമത്സരത്തില്‍ പങ്കെടുക്കാനോ മറ്റോ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള കത്ത് മുറ്റത്തുണ്ടാവും. ആള്‍ പോയിട്ടുമുണ്ടാവും. എട്ടാംക്ലാസ്സുകാരെ തീരെ ശിശുക്കളായി പരിഗണിക്കയാലാവാം, കവിതയ്ക്കപ്പുറം വ്യക്തിപരമായ പരിചയപ്പെടലുണ്ടായതേയില്ല. സ്വന്തം ജീവിതത്തെപ്പറ്റി ഒന്നും ഒരിക്കലും അദ്ദേഹം പറഞ്ഞതേയില്ല. ഇന്നും എനിക്ക് ആ ഭാഗം തീര്‍ത്തും അജ്ഞാതമാണ്. വിരളസംഭാഷണങ്ങളും വിശദലിഖിതങ്ങളും എല്ലാം കവിതയില്‍ത്തുടങ്ങി കവിതയിലവസാനിച്ചു.

വൈകുന്നേരത്തെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേയ്ക്കു വരാന്‍ ഒരു സ്ഥിരംബസ്സുണ്ട്. ചില ദിവസങ്ങളില്‍ അതു പണിമുടക്കും. അപ്പോള്‍ കിട്ടുന്ന ബസ്സില്‍ നിലയ്ക്കാമുക്കില്‍ ഇറങ്ങി നടന്നുപോകേണ്ടിവരും. കഷ്ടിച്ച് 10 മിനിറ്റ്. വഴിയില്‍ ഒരു കള്ളുഷാപ്പുണ്ട്.. പീഞ്ഞപ്പെട്ടിച്ചുവരുള്ള, ഓലമേഞ്ഞ, കോഴിക്കൂടു പോലത്തെ ഒരു ഷാപ്പ്. അവിടെയെത്തുമ്പോള്‍ വേഗം കൂട്ടും.

placeholder
എ.എസ്. സുധീറിന്റെ മഴയും നീയും എന്ന പുസ്തകം

ബസ്സു കിട്ടാതെ നടക്കേണ്ടി വന്ന ഒരുദിവസം. ഇരുട്ടു വീണിരുന്നു. മഴ ചാറുന്നുമുണ്ട്. ഷാപ്പിനു മുന്നില്‍ നിന്ന് വലിയൊരു ബഹളം കേട്ടു. കുടിയന്‍മാരുടെ സംഘനൃത്തമാണ്. അലമ്പുസംഘത്തില്‍ പരിചിതമായ ഒരു വിഷാദമുഖം. ആരാദ്ധ്യകവിയാണ്. ചിരിക്കണോ വേണ്ടേ. ആകെ കണ്‍ഫ്യൂഷന്‍. സാറും മിഴിച്ചുനില്‍ക്കുകയാണ്. കൂട്ടത്തിലുള്ളവര്‍ എന്തൊക്കെയോ കമന്റുകള്‍ വിളിച്ചു പറഞ്ഞു. സാറ് തടയാന്‍ ശ്രമിക്കുന്നുണ്ട്. സഹകുടിയന്‍മാര്‍ സാറിനെ എടുത്തു പൊക്കുന്നു. രണ്ടുദിവസം കഴിഞ്ഞ് ഒരു കത്തു കിട്ടി.
'ആ കമന്റ് വേദനിപ്പിച്ചോ, മാപ്പ്.'

മാതൃഭൂമി വിഷുപ്പതിപ്പ് വളരെ ആകാംക്ഷയോടെ കാത്തിരുന്നു വായിക്കുമായിരുന്നു. അക്കൊല്ലം അതു തുറന്നതും സന്തോഷം കൊണ്ട് തുള്ളിച്ചാടി. കോളേജ് വിഭാഗത്തില്‍ ഒന്നാം സമ്മാനം സുധീര്‍.എ.എസ്സിന്റെ 'മറവികളില്‍ മഴ പെയ്യുമ്പോള്‍ 'എന്ന കവിതയ്ക്ക്.
'നരച്ച ജാലകം തുറന്നിരിക്കുന്നു.
മനസ്സില്‍ നീ വന്നു
നിറഞ്ഞു നില്‍ക്കുന്നു''
ആ വരികള്‍ നൂറുവട്ടം ചൊല്ലി നടന്നു. അന്നത് മന:പ്പാഠമായിരുന്നു. ഇരുട്ടത്ത്, പെരുമഴയത്ത്, പനിക്കിടക്കയില്‍, അരികിലായി ആരുടെയോ സാന്നിദ്ധ്യം അനുഭവിക്കുകയാണ് കവി. പനിക്കുന്ന നെഞ്ചിന്റെ മിടിപ്പെടുക്കുകയാണ് അദൃശ്യമായൊരു കൈത്തലം! മരിച്ചുപോയ അച്ഛന്‍ മഴയത്ത് ജനലിനു പുറത്തു തനിച്ചു വന്നു നില്‍ക്കുന്നു.. ഇരുട്ടും മഴയും, നരച്ച ജാലകവും, കടലിരമ്പവും, മഴക്കുളമ്പുകളും എല്ലാം കൂടിത്തീര്‍ത്ത ചാരനിറമുള്ള ക്യാന്‍വാസില്‍ തീവ്രവിഷാദത്തിന്റെ കഠാര കുത്തിവരച്ച മാരകവരികള്‍.. എത്ര ഗംഭീരമായിരുന്നു ആ കവിത! അകാലത്തില്‍ പിരിഞ്ഞു പോയൊരാളെപ്പറ്റിയുള്ള അസാധ്യ കവിത! പില്‍ക്കാലത്തു രണ്ടുവട്ടം മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരങ്ങളില്‍ ഞാന്‍ ഒന്നാം സമ്മാനാര്‍ഹയായി. പക്ഷേ, 'മറവികളില്‍ മഴ പെയ്യുമ്പോള്‍' എന്ന അസാധാരണ കവിതയ്ക്കു മുന്നില്‍ ഇന്നുമെന്നും എന്റെ സര്‍ഗ്ഗാത്മകത തലകുനിച്ചു നില്‍ക്കുന്നു.

ഞാന്‍ ബാലപംക്തിയില്‍ എഴുതിത്തുടങ്ങിയ കാലത്തും സാര്‍ കവിതകള്‍ വായിക്കുകയും അഭിപ്രായങ്ങളറിയിക്കുകയും ചെയ്തിരുന്നു. 'അനിയത്തീ, നമ്മള്‍ ഒരേ ചെമ്പരത്തിച്ചെടിയുടെ പുനര്‍ജ്ജനികളാണ്' എന്നെഴുതിയ ആ നീല ഇന്‍ലന്‍ഡ്, കുറേക്കാലം ഞാന്‍ സൂക്ഷിച്ചുവെച്ചു. പിന്നെ കൂടുവിട്ടു കൂടുമാറ്റങ്ങള്‍ക്കിടയിലെപ്പൊഴോ ജീവിതത്തിലെ പല വിലപിടിച്ച സൂക്ഷിപ്പുകള്‍ക്കുമൊപ്പം അപ്രത്യക്ഷമായി. കവിതയെപ്പറ്റിയുള്ള നൂറു സംശയങ്ങള്‍ നിരന്തരം ചോദിച്ചു കൊണ്ടിരുന്ന, വായിച്ച കവിതകളെപ്പറ്റി അഭിപ്രായങ്ങള്‍ കുറിച്ചയച്ച അക്കാലത്ത് 'സുധീര്‍ ,വിനീതം, നിലയ്ക്കാമുക്ക് 'എന്ന മേല്‍വിലാസവും ഒരു പ്രിയകവിതയുടെ ആദ്യവരി പോലെയായിരുന്നു. എത്രയോവട്ടം ഇന്‍ലന്‍ഡുകള്‍ക്കും കാര്‍ഡുകള്‍ക്കും മീതേ എഴുതി കാണാപ്പാഠമായ കവിത!

പ്രീഡിഗ്രിയ്ക്കു പഠിക്കുമ്പൊഴും ബസ് സ്റ്റോപ്പില്‍ വെച്ച്  ഇടയ്ക്ക് സാറിനെ കാണാറുണ്ട്. ഒരു ചിരി മാത്രമേ കിട്ടൂ. കൂടിപ്പോയാല്‍ ബസ്സു വരാനായോ എന്നോ മറ്റോ ഒരു കുശലം. കത്തുകളില്‍ കവിഞ്ഞൊഴുകുന്ന വാക്കുകള്‍ക്ക്, ശബ്ദമായി പുറത്തു വരാന്‍ കഴിഞ്ഞതേയില്ല. പ്രീഡിഗ്രി കഴിഞ്ഞ് ഞാന്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന് തിരുവനന്തപുരത്ത് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്നു. വല്ലപ്പൊഴും വീട്ടില്‍ വരുമ്പോഴാണ് കത്തു കാണുക. രണ്ടു ഭാഗത്തും മറുപടികള്‍ക്കു വലിയ കാലതാമസം വന്നു. പതിയെപ്പതിയെ കത്തിടപാടുകള്‍ കുറഞ്ഞു. സാറൊരിക്കലും ഫോണ്‍നമ്പര്‍ തന്നില്ല, ചോദിച്ചതുമില്ല. പക്ഷേ, കവിതയെപ്പറ്റി എന്തു സംസാരിക്കുമ്പൊഴും ആ പേരു പരാമര്‍ശിക്കപ്പെട്ടു. വല്ലപ്പോഴുമാണെങ്കിലും കത്തു കിട്ടുമ്പോള്‍ ആനന്ദിച്ചു. ചില കവിതകള്‍ വായിച്ച് അഭിമാനംകൊണ്ടു.

കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജില്‍ പിജി ചെയ്യുന്ന കാലത്ത്, വിവാഹം കഴിഞ്ഞ് ഞാന്‍ മലപ്പുറത്തു സ്ഥിരതാമസമായി.. പതിയെ എഴുത്തില്ലാത്ത ഏഴെട്ടു വര്‍ഷങ്ങളുടെ അടിത്തട്ടിലേയ്ക്ക് ആണ്ടുപോയി. എന്റെ കവിതകള്‍ നിരന്തരം തിരസ്‌കരിക്കപ്പെട്ടു. ക്രമേണ കവിതയില്‍ നിന്നു തന്നെ വളരെ വളരെ അകലത്തായി. ഭൂമിയും ആന്‍ട്രോമീഡ ഗാലക്സിയും തമ്മിലെ, അനേകലക്ഷം പ്രകാശവര്‍ഷങ്ങളുടെ ദൂരം പോലെ.. ചില ദുഃഖരാത്രികളില്‍ സൂക്ഷ്മനേത്രങ്ങളാല്‍ സര്‍പ്പിളാകാരമായ ആ നക്ഷത്രരാശിയെ അതിവിദൂരസ്ഥമായി ഞാന്‍ ദര്‍ശിച്ചു. ആ വിചിത്രലോകത്തെ ഒരു വിശേഷങ്ങളും എന്റേതായിരുന്നില്ല. വന്യമായ കടലുകളാല്‍ ചുറ്റപ്പെട്ട തലയോട്ടി ദ്വീപിലെ ദുരൂഹഗോത്രജനതയെപ്പോലെ സമ്പര്‍ക്കരഹിതമായ ഏകാന്തതയില്‍ തന്നെത്തന്നെ വേട്ടയാടി ഭക്ഷിച്ച് ഞാന്‍ ജീവസന്ധാരണം നടത്തി. കവിതക്കാലത്തിന്റെ പഴയ സ്മരണകള്‍, കൊല്ലപ്പെട്ട അധിനിവേശക്കാരുടെ അസ്ഥികൂടങ്ങള്‍ പോലെ ചുറ്റിലും ചിതറിക്കിടന്നു.

അക്കാലത്ത് ആരുടെ കവിതകളും കണ്ടില്ല. സാറിന്റെയും. പക്ഷേ അവിചാരിതമായി ഒരുപിടി മഞ്ചാടിക്കുരു വാരിത്തന്ന് എന്റെ പിഞ്ചുമകള്‍ എന്നെ ആ പ്രാകൃതജീവിതത്തില്‍ നിന്നുണര്‍ത്തി. ഗോതമ്പുമാവു പരത്തുമ്പോള്‍ കൃത്യമായ വട്ടങ്ങള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് ഗഹനമായാലോചിച്ച പ്രഭാതത്തിലെ അടുക്കളയില്‍ നിന്നോടിപ്പോയി, ശരവേഗതയില്‍ കുളിച്ച് വസ്ത്രം മാറി ബസ്സു പിടിക്കാനോടുകയായിരുന്നു ഞാന്‍. ആ ബസ്സു പോയാല്‍ ഡിസ്പെന്‍സറിയില്‍ എത്താന്‍ സമയം വൈകും. ബാഗെടുത്തു, ചായ കുടിച്ചെന്നു വരുത്തി, ഉമ്മറത്തേയ്ക്ക് ഓടിയിറങ്ങുമ്പോള്‍, നിലത്തിരുന്നു മഞ്ചാടിക്കുരു കുപ്പിയിലിട്ട് കിലുക്കുകയാണ് എന്റെ മൂന്നുവയസ്സുകാരി. ചുരുളന്‍ തലമുടിയുള്ള കുഞ്ഞിത്തലയില്‍ ഒന്നു തൊട്ട് ഞാന്‍ മുറ്റത്തേയ്ക്ക് ഇറങ്ങാന്‍ പോയി. എന്റെ സാരിത്തുമ്പില്‍ അവള്‍ പിടിച്ചു വലിച്ചു. തിരിഞ്ഞപ്പോള്‍ കുപ്പി തുറന്ന് ഒരുപിടി മഞ്ചാടിക്കുരു വെച്ചുനീട്ടി. ഇരുകൈകളും നീട്ടി ഞാന്‍ ആ പ്രസാദം സ്വീകരിച്ചു. അത് ബാഗിന്റെ ഉള്ളിലേയ്ക്കിട്ട് ബസ്സിന്റെ ഹോണാണോ കേള്‍ക്കുന്നതെന്ന് ആകുലപ്പെട്ടുകൊണ്ട് ഓടിപ്പോയി. തിങ്ങിഞെരുങ്ങി ബസ്സിനുള്ളില്‍ നില്‍ക്കുമ്പോള്‍ തോന്നി വാരിയെടുത്ത് ഒരുമ്മ കൊടുക്കാമായിരുന്നു.

അപ്രതീക്ഷിതമായി ഒരു സീറ്റു കിട്ടി. ലോട്ടറിയാണ്, സൈഡ് സീറ്റു തന്നെ. ഞാന്‍ പുറത്തേയ്ക്കു നോക്കിയിരുന്നു. എന്നും കാണാറുള്ള ഒരു പുഴ പ്രഭാതസവാരിയിലാണ്. പണ്ട്  ഭാഷാപോഷിണി സാഹിത്യാഭിരുചി മത്സരത്തോടനുബന്ധിച്ച് ഇറങ്ങിയ പുസ്തകത്തില്‍ ഒരു പ്രീഡിഗ്രിക്കാരി അതിനെ വര്‍ണ്ണിച്ചിട്ടുണ്ട്.
'പാതിരാവാണു ദൂരെ
നിലാവിന്റെ നൂലു പോല്‍ കണ്ണുനീരു പോലെ പുഴ,
നൂറു തോണിത്തുഴകളില്‍ നിന്നൂറിയൂറിയെത്തുന്നു ഗന്ധര്‍വഗീതകം.'

ആ പഴയ പതിനാറുകാരി വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ബസ്സിന്റെ സൈഡ്സീറ്റിലിരുന്ന് സ്വയം കണ്ടു. യാതൊരു പുറമ്പഴുതുകളുമില്ലാത്ത ഗാര്‍ഹികജീവിതത്തില്‍ അകപ്പെട്ടുപോയൊരു വീട്ടുജന്തു... ധൃതിപ്പെട്ടു കുളിച്ചെങ്കിലും വിരല്‍നഖങ്ങള്‍ക്കിടയില്‍ ചപ്പാത്തിമാവിന്റെ സൂക്ഷ്മാംശങ്ങള്‍ ഉണങ്ങിപ്പിടിച്ചിരിക്കുന്നു. ഉള്ളിയും ഉരുളക്കിഴങ്ങും വെന്തുകുറുകിയ മസാലക്കറിയാണ് ഞാനെന്നു തോന്നി. എന്നെ വെള്ളുള്ളി മണക്കുന്നുണ്ടോ! എന്നാണ് ഞാന്‍ കവിതയെഴുതിയിരുന്നത്? 16 വയസ്സുള്ള പെണ്‍കുട്ടിയുടെ കവിതയിലെ അവസാനവരിയോര്‍മ്മ വന്നു, 'നിന്നെയോര്‍ക്കാതിരിക്കുവാനെന്നിലെ എന്നെയെന്നേ മറന്നിരിക്കുന്നു ഞാന്‍.. 'എനിക്ക് പൊടുന്നനെ എന്നെയോര്‍മ്മ വന്നു. ഓര്‍ക്കാതിരിക്കാനാഗ്രഹിച്ച പഴയ കാവ്യഭൂതകാലത്തെയും. (ആ കവിത നഷ്ടപ്പെട്ടുപോയിരുന്നു. പില്‍ക്കാലത്ത് എനിക്ക് കഥാകൃത്ത് ഷീബ.ഇ.കെ അയച്ചു തന്നു. ഷാഹിനയും.) നക്ഷത്രരാശികള്‍ക്കുമപ്പുറമുള്ള വിചിത്രലോകങ്ങള്‍ എന്നെ ലേസര്‍ക്കിരണങ്ങളാല്‍ സ്പര്‍ശിച്ചു. സ്‌ക്കൂള്‍ക്കുട്ടികള്‍ക്കിടയിലൂടെ തിക്കിത്തിരക്കി കവിതയുടെ ബസ് സ്റ്റോപ്പില്‍ ഞാന്‍ വണ്ടിയിറങ്ങി. ദീര്‍ഘകാലാവധി കഴിഞ്ഞ് തിരികെ ജോയിന്‍ ചെയ്യുന്ന ഭാവനാജീവനക്കാരിയായി, പ്രകമ്പിത ഹൃദയത്തോടെ കവിതയുടെ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ വീണ്ടുമൊപ്പിട്ടു.

നീണ്ട കാലം വാക്കുകള്‍ കൊണ്ടുള്ള കളി മറന്ന മനസ്സാണെങ്കിലും ഒരു തടസ്സവും തോന്നിയേയില്ല. പോരാ പോരാ എന്നു നിലവിളിക്കുന്ന അക്ഷമയുടെ, അസംതൃപ്തിയുടെ സ്വയംഹത്യാപ്രേരണകള്‍ വിരലുകളെ പിടിച്ചുവച്ചില്ല. 'ബ്ലഡി ട്രാഷ്' എന്ന് അപകര്‍ഷതപ്പെടുത്തിയ മനുഷ്യര്‍ മുന്നില്‍ നിന്നു പരിഹാസച്ചിരി ചിരിച്ചില്ല. അണ തകര്‍ത്തു വന്ന ഉരുള്‍പ്പുഴ പോലെ ഞാന്‍ കുത്തിയൊഴുകി. കാലഘട്ടങ്ങള്‍ക്കു ശേഷം ഒരു കവിതയെഴുതപ്പെട്ടു. 'മോള്‍ക്ക്'.

'പിടിവിടാതെയെന്‍ സാരിത്തലപ്പില്‍ നിന്‍ ചെറിയ സങ്കടം തങ്ങി നില്‍ക്കുന്നുവോ? 'എന്നു ചോദിച്ചതാരോടാണ്? മോളോടാണ്, അവളെപ്പോല്‍ സ്നേഹിക്കുന്ന കവിതയോടും കൂടിയാണ്.

ഞാനെന്നെ തൊട്ടു നോക്കി. തൊലിയ്ക്കടിയില്‍ ഉറക്കമുണര്‍ന്ന കാട്ടുമൃഗത്തിന്റെ മുരള്‍ച്ച. കിട്ടിയ വരം പരീക്ഷിച്ചുനോക്കാന്‍, ചത്ത സിംഹത്തിന്റെ അസ്ഥികള്‍ കൂട്ടിച്ചേര്‍ത്തു ജീവന്‍ വെപ്പിച്ച്, അതിനിരയായിത്തീര്‍ന്ന മണ്ടന്‍മാരായ ശിഷ്യരുടെ കഥ പഞ്ചതന്ത്രത്തിലുണ്ട്. പഞ്ചനഖനായ കാവ്യരാജനിരയാവാന്‍ എന്റെ ഓരോ അണുവും തരിച്ചു..

ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. കവിതകള്‍ മിക്കതും നഷ്ടമായിരുന്നു. ചിലത് സുഹൃത്തുക്കള്‍ തേടിത്തന്നു. അവയുടെ വെട്ടലുകള്‍ക്കും തിരുത്തലുകള്‍ക്കുമിടയില്‍ പുതിയ കവിതകള്‍ പിറന്നു. 'കിളിമരം' എന്ന ആദ്യപുസ്തകം പിറവിയെടുത്തു.

ആദ്യപുസ്തകത്തിന് ആമുഖം അനിവാര്യമൊന്നുമല്ല. കവിത ഒരാമുഖവും ആവശ്യപ്പെടുന്നില്ല. പക്ഷേ കവിയ്ക്ക് ഒരു ഭൂതകാലമുണ്ട്. മേഘവിതാനത്തിലെത്തി നോക്കാന്‍ വായുവില്‍ക്കൊത്തിയെടുത്ത അദൃശ്യമായ ചവിട്ടുപടികളുണ്ട്. വാക്കുകളെ തീ കൊളുത്തിയെറിഞ്ഞ അന്യകവിതകളുടെ ദീപാവലികളുണ്ട്. ഒരു വരിയും തിരുത്താതെ, വളരാനനുവദിച്ച മാനസ ഗുരുഭൂതരുണ്ട്. അവരെയൊന്നുമോര്‍ക്കാതെ പുസ്തകത്തിന് കവിതയുടെ വറ്റിറങ്ങുകയില്ല എന്ന് തോന്നി.

'കിളിമര'ത്തിന്റെ ആമുഖത്തില്‍ സുധീര്‍.എ.എസ് എന്ന ആ പ്രിയപ്പെട്ട പേരു ഞാന്‍ ചേര്‍ത്തുവെച്ചു. കവിതയുടെ ആദ്യകാലത്തെയുണര്‍ത്തിയ സൈക്കിള്‍ ബെല്ലിന്റെ ഒച്ചയെ എങ്ങനെ മറക്കും.? വിഷാദിയായ ഒരനാഥക്കുട്ടിയുടെ ശിരസ്സില്‍ ചേര്‍ത്തുവെച്ച അനുഗ്രഹഹസ്തമായി ഇന്നും 'കിളിമരം' ആ പേരിനെ അഭിമാനപൂര്‍വ്വം പേറിനില്‍ക്കുന്നു.

സാറിന് ഒരു പുസ്തകമയക്കാന്‍ പുതിയ മേല്‍വിലാസം അറിയുമായിരുന്നില്ല. അതുകൊണ്ട് ആ പഴയ ഒറ്റവരിക്കവിത അഡ്രസില്‍ പുസ്തകമയച്ചു. അതിനു കഴിയുമെങ്കില്‍ തേടിക്കണ്ടെത്തട്ടെ. നാട്ടിലുണ്ടോ എന്നു പോലും അന്നറിയില്ലായിരുന്നു.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം, ഒരുച്ചമയക്കത്തില്‍ നിന്ന് ആ പഴയ ശബ്ദമെന്നെ വിളിച്ചുണര്‍ത്തി. ഫോണിനപ്പുറം, കാലങ്ങള്‍ക്കു ശേഷം ആ ശബ്ദം കേട്ടു. പുസ്തകം അതിന്റെ ലക്ഷ്യഹൃദയത്തെ തേടിക്കണ്ടെത്തിയിരുന്നു. അതിലെന്റെ നമ്പറുണ്ടായിരുന്നു. വലിയ സന്തോഷമെന്ന് സാര്‍ പറഞ്ഞു. ഇങ്ങനെയൊരു അനിയത്തിയുള്ളതില്‍ അഭിമാനമുണ്ടെന്നു പറഞ്ഞു. കുടുംബമില്ലെന്നും പഴയ പോലെ ഏകാകിയാണെന്നും മനസ്സിലായി. സങ്കടം തോന്നി. സ്വന്തം കവിതകളെപ്പറ്റി ചോദിച്ചപ്പോള്‍ ഉഴപ്പന്‍ മട്ടിലായിരുന്നു മറുപടി. എവിടെയൊക്കെയോ ചുവടുകള്‍ പിഴച്ചുപോയി എന്നു മനസ്സിലായി. ഇനിയും ധാരാളമെഴുതണം എന്ന അനുഗ്രഹ വാക്കില്‍ ആ സംഭാഷണവും വേഗം അവസാനിച്ചു.

കുറേക്കാലം കഴിഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നവതിയോടനുബന്ധിച്ച് അതിലെഴുതിയ കുറിപ്പില്‍ സുധീര്‍സാറിന്റെ സമ്മാനാര്‍ഹമായ പഴയ കവിതയെ ഞാന്‍ പരാമര്‍ശിച്ചിരുന്നു. അത് വായിച്ച് കവി അസീമേട്ടനാണ് (അസീം താന്നിമൂട്) പിന്നെ അദ്ദേഹത്തെപ്പറ്റി പറഞ്ഞത്. ഇരുണ്ട ഒരു കാലത്തിലൂടെ കടന്നുപോവുകയായിരുന്നു എന്ന് അപ്പൊഴാണറിഞ്ഞത്. ഡീഅഡിക്ഷന്‍ സെന്ററിലാണെന്നും എഴുത്തിലേയ്ക്ക് തിരിച്ചുവരുമെന്നും ഉത്സാഹപൂര്‍വ്വം അസീമേട്ടന്‍ പറഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. കുറച്ചുനാള്‍ കഴിഞ്ഞ് സാര്‍ നേരിട്ടു വിളിച്ചു. ആദ്യ പുസ്തകം ഉടന്‍ പുറത്തിറങ്ങുമെന്നു പറഞ്ഞു. കുറച്ചു നേരം മിണ്ടി. വലിയ സന്തോഷമായി. വിഷാദം നിറഞ്ഞ കണ്ണുകളോര്‍മ്മ വന്നു. ആദ്യകാല വായനകളെ ത്രസിപ്പിച്ച കവിതകളോര്‍മ്മ വന്നു. ഇന്‍ലന്‍ഡിന്റെ ഓരോ അണുവിലും സഞ്ചരിച്ച മെലിഞ്ഞ കൈപ്പടയോര്‍മ്മ വന്നു. ഇനി ഗംഭീരകവിതകള്‍ വരാനിരിക്കുന്നതായി പ്രത്യാശിച്ചു.

ഫെയ്സ്ബുക്കില്‍ പുതുതായി തുടങ്ങിയ അക്കൗണ്ടില്‍ കണ്ട മുഖത്തിന് പക്ഷേ പഴയതില്‍ നിന്നൊരുപാടു മാറ്റം സംഭവിച്ചിരുന്നു. മുടി പറ്റെ വെട്ടിയ, യൗവ്വനം വാര്‍ന്നുപോയ, അവ്യക്തമായ ഒരു പുതിയമുഖം. വിഷാദം നിറഞ്ഞ ആ പഴയ കണ്ണുകളെ എനിക്കതില്‍ തിരിച്ചറിയാനായില്ല. പുസ്തകം വരുന്നതിനെപ്പറ്റി ഫെയ്സ്ബുക്കില്‍ പോസ്റ്റുകള്‍ കണ്ടു. പ്രകാശനത്തിന്റെ തലേദിവസം ആശംസകളറിയിക്കാനായി ഞാന്‍ സാറിനെ വിളിച്ചു. ഫോണെടുത്തു. പുസ്തകം അയച്ചുതരാമെന്നും പറഞ്ഞു. അല്‍പ്പം തിരക്കിലാണ്, കൂട്ടുകാരുണ്ട് പിന്നെ വിളിക്കാമെന്നു പറഞ്ഞു ഫോണ്‍ വെച്ചു. പശ്ചാത്തലത്തില്‍ മറ്റാരുടെയൊക്കെയോ സംസാരങ്ങള്‍ കേട്ടു.

കുറേ ദിവസം കഴിഞ്ഞ് താനൂരില്‍ നഗരസഭയുടെ റിവ്യൂ മീറ്റിങ്ങിലിരിക്കുമ്പോഴാണ് സാര്‍ പിന്നെ വിളിച്ചത്. പുറത്തിറങ്ങി ഫോണെടുത്തു. ജിപേ ഉണ്ടോ എന്നന്വേഷിച്ചു. വളരെ വളരെ വിഷമിച്ച് തീരെച്ചെറിയ ഒരുപകാരം ആവശ്യപ്പെട്ടു. പിന്നെ വിളിക്കാമെന്ന് പറഞ്ഞ് അപ്പൊഴേ ഫോണ്‍ വെക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് Thanks എന്നൊരു മെസേജ് വാട്ട്സാപ്പില്‍ വന്നു. കവിതയില്‍ പൊളളിയ വിരലുകള്‍ കുറിച്ചയച്ച ഒടുവിലെ സന്ദേശം.

രണ്ടുദിവസം കഴിഞ്ഞ് അസീമേട്ടന്‍ വിളിച്ച് 'സുധീറിന്റെ കാര്യം അറിഞ്ഞോ?'എന്നു ചോദിച്ചു. ആ ചോദ്യത്തില്‍ വ്യക്തമായിരുന്ന അപകടധ്വനി എന്നെ നടുക്കി. അതെങ്ങനെയായിരുന്നു എന്നതില്‍ മാത്രമേ അവ്യക്തതയുണ്ടായിരുന്നുള്ളു. അതൊരാത്മഹത്യയായിരുന്നു.

അസാമാന്യ പ്രതിഭയായിരുന്ന എന്റെ പ്രിയകവി ഒരു കയര്‍ക്കുരുക്കില്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞാണ് പുറംലോകം വിവരമറിഞ്ഞത്. അന്ന് ഫോണില്‍ ഒരുമിനിറ്റുനേരം മിണ്ടിയപ്പോള്‍, ആ രാത്രിയില്‍ നടപ്പാക്കാന്‍ ഇങ്ങനെയൊരു തീരുമാനമുണ്ടായിരുന്നോ മനസ്സില്‍? തോന്നിയതേയില്ല. പെട്ടെന്നുള്ള ഏതെങ്കിലും വികാരവിക്ഷോഭമോ, നിരന്തരമായ വിഷാദപരിണിതിയോ.. അറിയില്ല. തീരാവേദനയായി അതിന്നും മനസ്സില്‍ക്കിടക്കുന്നു.

എന്തിനിതു ചെയ്തെന്ന് ചോദിക്കേണ്ടതില്ല. അത്രത്തോളം അസഹനീയമായ എന്തെങ്കിലുമില്ലാതെ കഴുത്തുഞരമ്പു പൊട്ടുന്ന പ്രാണവേദന ഒരാളും സ്വയം തിരഞ്ഞെടുക്കുകയില്ല.

കവിതയാണ് അദ്ദേഹത്തെ കൊണ്ടുപോയതെന്നു തോന്നി. ഉജ്ജ്വലമായ കാവ്യപ്രതിഭയുടെ ഉള്ളു പൊള്ളിക്കുന്ന തീക്ഷ്ണതയെയാവണം ഏകാകിയായ ആ കവി മദിരയാല്‍ നേര്‍പ്പിക്കാന്‍ ശ്രമിച്ചത്. ഹൃദയത്തില്‍ വെച്ചു കൊടുത്ത സര്‍ഗാത്മകതയുടെ വിഷകുംഭത്തെ അപകടരഹിതമായി  കൈകാര്യം ചെയ്യാന്‍, സ്വാഭാവിക ജീവിതത്തിന്റെ സംഘര്‍ഷങ്ങളോട് സന്ധിചെയ്യാന്‍ അദ്ദേഹത്തിനായിരുന്നിരിക്കില്ല. യഥാര്‍ത്ഥ കവി അല്ലെങ്കില്‍ എന്നാണ് പ്രായോഗികമതിയായിട്ടുള്ളത്! ഇലയുടെ ഹരിതലോലതയെ ശിലയുടെ ദുരിതഗാഢതയായി അനുഭവിച്ച് ചതഞ്ഞരയാനാണ് അയാളുടെ വിധി! കവിതയുടെ തന്നെ രക്തസാക്ഷിയായിരുന്നു ആ കവി.

ഒരു പഴയ കഥാമത്സരത്തിനു വിഷയം തരാന്‍, കോളേജ്പയ്യനായി മുന്നില്‍ വന്നു നിന്നപ്പോള്‍, എന്റെ സാഹിത്യശൈശവത്തിനോട് അദ്ദേഹം ആദ്യമുച്ചരിച്ച വാക്ക് 'പലായനം' എന്നായിരുന്നു. തിരിച്ചുവരാന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കെത്തന്നെ സകലരുടെയും പ്രതീക്ഷകള്‍ തകര്‍ത്ത് അദ്ദേഹം ജീവിതത്തില്‍ നിന്ന് പലായനം ചെയ്തുകളഞ്ഞു.

'മറവികളില്‍ മഴ പെയ്യുമ്പോള്‍' എന്ന കവിത പലയിടങ്ങളില്‍ പലതവണ ചര്‍ച്ച ചെയ്തു കേട്ടിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെക്കുറിച്ചെഴുതിയ എഫ്ബി പോസ്റ്റിനടിയില്‍ ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും അതിലെ വരികള്‍ പലരും ഓര്‍ത്തു കുറിച്ചിട്ടു. മരണമില്ലാത്ത വരികളെഴുതി വെച്ചാണ് അദേഹം മറുലോകത്തേയ്ക്ക് പിരിഞ്ഞുപോയത്.

വായനയില്‍ ഇനിയുമിനിയും ത്രസിപ്പിക്കുന്ന കവിതകള്‍ വന്നു വീഴില്ലെന്നല്ല. പക്ഷേ, ഏതു കവിതക്കനം മേല്‍ക്കുമേല്‍ വന്നു വീണാലും വേണ്ടില്ല, പഴയൊരു എട്ടാം ക്ലാസ്സുകാരി മരണം വരെയോര്‍ക്കും,
'കരുണ തന്‍ നേര്‍ത്ത വിരലുകള്‍ കൊണ്ടെന്‍
മനസ്സില്‍ നീ പണ്ടു കുറിച്ച വാക്കുകള്‍.. '
പുറത്തു രാത്രിയുടെ മഴക്കുളമ്പുകള്‍ എവിടെയുമുറയ്ക്കാതെ സഞ്ചാരം തുടരുകയാണ്. ഒരോര്‍മ്മക്കാറ്റില്‍ മരണത്തിന്റെ തിരശ്ശീല പാറുമ്പോള്‍ ജനലഴിയ്ക്കപ്പുറം ആ മുഖം ഇന്നും അവ്യക്തമായിത്തെളിയുന്നു.
പഴയ മാതൃഭൂമി വിഷുപ്പതിപ്പിന്റെ താളുകള്‍ മറിയുന്നു. കോളേജ് വിഭാഗം കവിത, ഒന്നാം സ്ഥാനം, സുധീര്‍ എ. എസ്.
'പഴയ ജാലകക്കതകിനപ്പുറം
ഒരു ജഡം ചോന്ന ചിറകു വീശുമ്പോള്‍
മറക്കുമോ നിന്നെ?
മറവിയില്‍ മുങ്ങാന്‍ കൊതിച്ചിടുമ്പൊഴും!'