'ഈ രണ്ടില്‍ ഒന്നു സംഭവിച്ചതുകൊണ്ടു മാത്രമാണ് എനിക്ക് ചില അവാര്‍ഡുകള്‍ വന്നുചേര്‍ന്നത്!'- പി.രാമന്‍


3 min read
Read later
Print
Share

പുരസ്‌കാരങ്ങളോടുള്ള ഈ ആദരവ് ഉള്ളില്‍ സൂക്ഷിക്കുന്നതിനാല്‍ ഒരവാര്‍ഡിനും ഞാന്‍ സ്വന്തം പുസ്തകങ്ങള്‍ അയക്കാറില്ല. അംഗീകാരങ്ങള്‍ ലഭിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടല്ല അത്. മറിച്ച്, അങ്ങോട്ടപേക്ഷിച്ചു കിട്ടേണ്ടതല്ല,

പി.രാമൻ/ ഫോട്ടോ: രതീഷ് പി.പി

മഹാകവി പി സ്മാരക സാഹിത്യപുരസ്‌കാരത്തിന് കവി പി.രാമന്‍ അര്‍ഹനായിരിക്കുന്നു. പിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡിനെക്കുറിച്ച് മറ്റൊരു 'പി' റൈറ്റേഴ്‌സ് ഡയറിയില്‍ എഴുതുന്നു.

രു എഴുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍ പുരസ്‌കാരങ്ങളെ ആദരവോടെ കാണുന്നു. ഈ ആദരവിന് രണ്ടു കാരണങ്ങളുണ്ട്. മിക്ക അവാര്‍ഡുകള്‍ക്കും പിന്നില്‍ ഒരു മനുഷ്യന്റെ സമര്‍പ്പിതജീവിതത്തിന്റെ ഓര്‍മ്മയുണ്ടായിരിക്കും എന്നതാണ് ഒന്നാമത്തെ കാരണം. ഉദാഹരണത്തിന്, ജീവിതത്തില്‍ എനിക്കാദ്യം കിട്ടിയ അവാര്‍ഡ് ധാരാളം കവിതകളെഴുതി ചെറുപ്പത്തില്‍ മരിച്ചുപോയ ഒരു കവിയുടെ -കനകശ്രീ - പേരിലുള്ള അവാര്‍ഡാണ്. ആദ്യ പുസ്തകമായ 'കന'ത്തിന് കനകശ്രീ പുരസ്‌കാരം കിട്ടിയപ്പോള്‍ അകാലത്തില്‍ മരിച്ചുപോയ ആ എഴുത്തുകാരിയുടെ ഓര്‍മ്മയ്ക്കു മുന്നിലാണ് ഞാന്‍ നിന്നത്. ഇപ്പോള്‍ ലഭിച്ച മഹാകവി പി സ്മാരക സാഹിത്യ പുരസ്‌കാരം എനിക്കേറ്റവും പ്രിയങ്കരനായ കവിയുടെ ഓര്‍മ്മക്കു മുന്നില്‍ എന്നെ ഒരിക്കല്‍ കൂടി നിര്‍ത്തുന്നു. പീക്കവിത ഏറെ വായിക്കുകയും പീക്കവിതയെക്കുറിച്ച് കുറച്ചെഴുതുകയും ചെയ്തിട്ടുള്ള ഒരാസ്വാദകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ എന്നെ അനുഗ്രഹിക്കും പോലെയാണ് തോന്നുന്നത്. പി.കുഞ്ഞിരാമന്‍ നായരുടെ പേരില്‍ എനിക്കു കിട്ടുന്ന രണ്ടാമത്തെ സമ്മാനമാണിത്. ആദ്യത്തേത് കാഞ്ഞങ്ങാട് പി. സ്മാരക ട്രസ്റ്റ് നല്‍കിയ അവാര്‍ഡാണ്. ഇപ്പോള്‍ ലഭിച്ചത് മഹാകവി പി സ്മാരക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ സമ്മാനവും. സമര്‍പ്പിതമായ ഒരെഴുത്തുജീവിതത്തിന്റെ ഓര്‍മ്മയില്‍ അവാര്‍ഡ് എന്നെ നിറുത്തുന്നു എന്നതാണ് പുരസ്‌കാരങ്ങളോടുള്ള ആദരവിന്റെ പ്രധാന കാരണം. രണ്ടാമത്തെ കാരണം, അവാര്‍ഡുകള്‍ക്കു പിന്നിലെ സംഘാടകരുടെ ഉദ്ദേശശുദ്ധിയേയും അദ്ധ്വാനത്തേയും ഞാന്‍ വിലമതിക്കുകയും മാനിക്കുകയും ചെയ്യുന്നു എന്നതാണ്.

പുരസ്‌കാരങ്ങളോടുള്ള ഈ ആദരവ് ഉള്ളില്‍ സൂക്ഷിക്കുന്നതിനാല്‍ ഒരവാര്‍ഡിനും ഞാന്‍ സ്വന്തം പുസ്തകങ്ങള്‍ അയക്കാറില്ല. അംഗീകാരങ്ങള്‍ ലഭിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടല്ല അത്. മറിച്ച്, അങ്ങോട്ടപേക്ഷിച്ചു കിട്ടേണ്ടതല്ല, ഇങ്ങോട്ട് വരേണ്ടതാണ് അംഗീകാരങ്ങള്‍ എന്ന സ്വകാര്യമായ ബോധ്യം ഉള്ളതുകൊണ്ടാണ്. അതിനാല്‍തന്നെ ഇന്നേവരെ ഒരവാര്‍ഡിനും ഞാന്‍ പുസ്തകങ്ങള്‍ അയച്ചിട്ടില്ല. എന്നിട്ടും എനിക്ക് ചില പുരസ്‌കാരങ്ങള്‍ ലഭിക്കുകയുണ്ടായി. അത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒന്നുകില്‍ എന്റെ പുസ്തകങ്ങള്‍ അജ്ഞാതരായ ആരൊക്കെയോ അവാര്‍ഡുകള്‍ക്കയച്ചിട്ടുണ്ട്. അല്ലെങ്കില്‍ അവാര്‍ഡ് എനിക്കു നല്‍കണമെന്ന് വിധി നിര്‍ണ്ണയ സമിതി തീരുമാനിച്ചിട്ടുണ്ട്. ഈ രണ്ടില്‍ ഒന്നു സംഭവിച്ചതുകൊണ്ടു മാത്രമാണ് എനിക്ക് ചില അവാര്‍ഡുകള്‍ ലഭിച്ചത്. അപേക്ഷിക്കാതെ കിട്ടിയതായതിനാല്‍ സന്തോഷത്തോടെ അവ ഞാന്‍ സ്വീകരിക്കുകയും ചെയ്തു.

പുരസ്‌കാരം ലഭിക്കുമ്പോള്‍ പല കാരണങ്ങളാല്‍ ഞാന്‍ സന്തോഷിക്കുന്നു. കവിത കൂടുതല്‍ വായിക്കപ്പെടാന്‍ അതിടയാക്കുമെങ്കില്‍ നല്ലത് എന്നതാണ് ഒരു സന്തോഷം. 'രാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട്' എന്ന എന്റെ പുസ്തകം കൂടുതല്‍ വായിക്കപ്പെടാന്‍ പുരസ്‌കാരലബ്ധി സഹായിച്ചിട്ടുണ്ട് എന്നു തോന്നിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ഇരട്ടവാലന്‍' എന്ന സമാഹാരം വായിച്ച് കാര്യമായ പ്രതികരണങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ആ കവിതകള്‍ എന്നില്‍ നിന്ന് വളരെ അകന്നുപോയിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇപ്പോള്‍ പുസ്തകം ഇങ്ങനെ അംഗീകരിക്കപ്പെടുന്നത്.ആ പുസ്തകത്തിലെ കവിതകള്‍ കൂടുതലായി വായനക്കാരിലേക്കെത്താന്‍ മഹാകവി പി സാഹിത്യ പുരസ്‌കാരലബ്ധി കാരണമായെങ്കില്‍ എന്നോര്‍ത്തു ഞാന്‍ സന്തോഷിക്കുന്നു.

സമ്മാനമായി കിട്ടുന്ന തുകയും സന്തോഷകരം തന്നെ. അപേക്ഷിക്കാതെ, ഇങ്ങോട്ടു വരുന്നു എന്നത് അതിലുമധികം സന്തോഷം. എന്നാല്‍ ഏറ്റവും സന്തോഷം ഇതൊന്നുമല്ല, എനിക്കു ലഭിച്ച അംഗീകാരങ്ങള്‍ക്കെല്ലാം പിന്നില്‍ ഞാനറിയാതെ, എനിക്കു വേണ്ടി പുസ്തകമയച്ച് എന്നോടു പോലും അക്കാര്യം പറയാതിരിക്കുന്ന നിശ്ശബ്ദരായ സുഹൃത്തുക്കളുടെ സ്‌നേഹമുണ്ട് എന്നതാണ്.

ഇരട്ടവാലന്റെ മൂന്നു കോപ്പി വാങ്ങിച്ച് അവാര്‍ഡിനയച്ച സുഹൃത്ത് ആരാണെന്ന് ഇത്തവണ എനിക്കറിയാന്‍ കഴിഞ്ഞു എന്നതാണ് ഈ അവാര്‍ഡിന് ഞാന്‍ കാണുന്ന വ്യക്തിപരമായ സവിശേഷത. കെ.വി. മണികണ്ഠദാസ് എന്ന മണിയേട്ടനാണതെന്ന് പി. പ്രേമചന്ദ്രന്‍ മാഷ് ഒരു വാട്‌സ് ആപ് ഗ്രൂപ്പില്‍ എഴുതിക്കണ്ടപ്പോഴാണ് അത് വെളിവായത്. മണിയേട്ടനോ അതുപോലുള്ള സുഹൃത്തുക്കളോ ഞാനറിയാതെ പുസ്തകമയച്ചിട്ടായിരിക്കും സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെയുള്ള ചില അംഗീകാരങ്ങള്‍ എനിക്കു കിട്ടിയത് എന്ന ആലോചന തന്നെ എത്ര മധുരമുള്ളതാണ്!

മഹാകവി പി. യെ നേരില്‍ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. പക്ഷേ അദ്ദേഹം ഒരിക്കല്‍ നടന്ന വഴികളിലൂടെ ഞാനിന്നും നടക്കുന്നു. കാഞ്ഞങ്ങാട്ടുകാരന്‍ കുഞ്ഞിരാമന്‍ പട്ടാമ്പിയില്‍ വന്ന് പുന്നശ്ശേരി ഗുരുകുലത്തില്‍ സംസ്‌കൃതം പഠിച്ചു. പട്ടാമ്പിയുടെ പ്രകൃതിയില്‍ നിന്നാണ് കവിതയെന്ന നിത്യകന്യകയെത്തേടിയുള്ള മഹാകവിയുടെ യാത്രകള്‍ തുടങ്ങുന്നത്. ഗുരുകുലത്തില്‍ നിന്നകലെയല്ലാതെ ഒഴുകുന്ന നിളാനദിയില്‍ അദ്ദേഹം അനുരക്തനായി. 'ഹന്ത, ഞാനനുരക്തനായി താനിന്നിളാ ഗ്രാമകന്യയില്‍' എന്ന് കവി. അദ്ദേഹം പഠിച്ച അതേ സ്‌കൂളിലാണ് ഇന്നു ഞാന്‍ പണിയെടുക്കുന്നത്. പട്ടാമ്പി ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളാണ് ഇന്നത്. കരിമ്പനകള്‍ നിരന്ന (ഇപ്പോളവ ഓരോന്നായി മുറിച്ചു പോയിക്കഴിഞ്ഞു) പാതയിലൂടെ നടന്ന് റെയിലു കടന്ന് പാടം കടന്ന് പാഠശാലയിലേക്ക് അദ്ദേഹം നടന്ന വഴികളിലൂടെ ഇന്നും ഞാന്‍ നടക്കുന്നു. വരമ്പു കേറുമ്പോള്‍ വഴി വക്കത്തെ കാക്കപ്പൂവ് ഒരിക്കലെങ്കിലും നുള്ളിയെടുക്കാതിരിക്കുമോ പി എന്ന ആലോചനയില്‍ മുഴുകുന്നു. അതെ, ജീവിതത്തില്‍ എന്നെ സമ്പൂര്‍ണ്ണമായി ആവേശിച്ച ആദ്യത്തെ കവിയാണ് പി.കുഞ്ഞിരാമന്‍ നായര്‍. ആ കവിതയുടെ ലഹരി ഇന്നുമെന്നില്‍ മങ്ങിയിട്ടില്ല. എന്റെ പ്രിയ കവിയുടെ ഓര്‍മ്മയില്‍ ഒന്നിലേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചു എന്നതില്‍പരം അംഗീകാരം എന്റെ കവിതക്ക് കിട്ടാനില്ല എന്നു ഞാന്‍ കരുതുന്നു.

പി.രാമന്റെ കവിതാസമാഹാരം വാങ്ങാം

കുറച്ചിവിടെയും കുറച്ചവിടെയും കുഴച്ചുവെച്ച് കുറേ വറ്റു കളഞ്ഞ് ചിന്നിച്ചിതറിച്ച് കുഞ്ഞുങ്ങള്‍ മാമുണ്ണുന്നതുപോലെ ജീവിതം ജീവിച്ചു തീര്‍ത്തുപോയ കവിയാണ് പി.കുഞ്ഞിരാമന്‍ നായര്‍. ആ വികൃതിക്കുഞ്ഞ് ബാക്കിവെച്ചുപോയ മുതിര്‍ച്ചയാണ് പി.കുഞ്ഞിരാമന്‍ നായര്‍ക്കവിത. അത്രമേല്‍ സ്വാഭാവികമായി, ഇടമുറിയാത്ത ഒഴുക്കായി എഴുതൂ എന്ന് പീക്കവിത എന്നോടു പറയുന്നു. പാതയിലൂടെ നീങ്ങുന്ന കാളവണ്ടികള്‍ ഇന്നില്ല. നിളയില്‍ തോണിക്കാരന്റെ കൂക്കില്ല. എങ്കിലും തുടങ്ങിയേടത്തല്ല, ഇപ്പോള്‍ എന്നോര്‍മ്മിപ്പിക്കുന്ന കാഴ്ച്ചകള്‍ക്കിടയിലൂടെ ഞാനും മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു. അങ്ങനെ അനന്തമായി നീങ്ങുമ്പോഴും ഇതൊരു ചെറിയ ഭൂഗോള മുറി മാത്രം എന്നറിയുന്നു- ഒരു കുഞ്ഞു ഭൂഗോള കേരള മുറി എന്ന്. അദ്ദേഹമതിന്റെ താക്കോല്‍ തിരിച്ചേല്‍പ്പിച്ചു പോയി. എന്നാല്‍ അതിന്റെ ഡ്യൂപ്ലിക്കേറ്റു പോലെ ഒന്ന്, പീക്കു ശേഷമുള്ള ഏതു കവിയുടെയും- എന്റെയും - കയ്യില്‍ ചില നേരത്തു തിളങ്ങും! ആ തിളക്കത്തില്‍ ഞാനെഴുതാന്‍ ശ്രമിക്കും.

Content Highlights: Writer's Diary, P.Raman, Mahakavi P Award, Mathrubhumidotcom

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
madhavikutty

3 min

പ്രണയമെന്ന ഉന്മാദത്തിന്റെ മതം; എല്ലാറ്റിനെയും സാധുവും സംഗതവുമാക്കുന്ന ആ ഇടം!

May 30, 2023


lottery
Bookmanshow

3 min

ആ ലോട്ടറിക്കച്ചവടക്കാരനും ഐ.ഐ.എമ്മിലെ പുസ്തകവില്‍പ്പനയും

Jun 23, 2022


art by gopeekrishnan

7 min

അഴീക്കോട് മൈക്കിനടുത്തേക്ക് വരുന്നു,ഞാന്‍ ഒറ്റക്കുതിപ്പിന് വേദിയിലെത്തി മൈക്ക് കൈക്കലാക്കുന്നു...

Apr 3, 2022

Most Commented