
റിട്ട. പോലീസ് സൂപ്രണ്ട് ജോര്‍ജ് അറയ്ക്കല്‍ എഴുതുന്ന സര്‍വീസ് സ്‌റ്റോറി ഓപ്പണ്‍ ഫയല്‍
പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍, മങ്കര പോലീസ് സ്റ്റേഷന്‍, പാലക്കാട് കസബ പോലീസ് സ്റ്റേഷന്‍, ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷന്‍, മലമ്പുഴ പോലീസ് സ്റ്റേഷന്‍, വാളയാര്‍ പോലീസ് സ്റ്റേഷന്‍ എന്നിങ്ങനെ ആറു പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നതായിരുന്നു പാലക്കാട് റൂറല്‍ സര്‍ക്കിള്‍. 1983 ഏപ്രില്‍ മാസം 8-ാം തീയതി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി പ്രൊമോഷന്‍ ലഭിച്ചപ്പോള്‍ എനിക്ക് ലഭിച്ച ആദ്യത്തെ നിയമനം ഈ സര്‍ക്കിളില്‍ ആയിരുന്നു. ആ കാലഘട്ടത്തില്‍ സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിച്ചുകൊണ്ട് തെളിയിക്കാന്‍ കഴിഞ്ഞ ഒരു കൊലപാതകക്കേസാണ് ഓര്‍മ വരുന്നത്.
ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുതുപ്പരിയാരത്തുനിന്ന് മണ്ണാര്‍ക്കാട്ടേക്ക് പോകുന്ന റോഡിന്റെ അരികിലായി സ്ഥിതി ചെയ്യുന്ന പന്നിയമ്പാടം എന്ന സ്ഥലത്തുള്ള ഒരു റബ്ബര്‍ എസ്റ്റേറ്റിലാണ് ഈ കൊലപാതകം നടന്നത്. അതും ഒരു ഞായറാഴ്ച നട്ടുച്ചക്ക്. കൊല്ലപ്പെട്ടതാവട്ടെ ഏഴ് വയസ്സ് മാത്രം പ്രായമുള്ള ഷീജ എന്ന പെണ്‍കുട്ടി. കൊല്ലപ്പെട്ട ഷീജയുടെ കാതിലുണ്ടായിരുന്ന 2 ഗ്രാം മാത്രം തൂക്കം വരുന്ന സ്വര്‍ണ്ണക്കമ്മലുകള്‍ കാണാനില്ലായിരുന്നു.
നട്ടുച്ചക്ക് നടന്ന കൊലപാതകത്തെപ്പറ്റിയുള്ള വാര്‍ത്ത കാട്ടുതീ പോലെ നാടാകെ പരന്നു. ഞാന്‍ ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ഉച്ചയൂണ് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിവരമറിഞ്ഞത്. കേട്ടമാത്രയില്‍ ഊണ് മതിയാക്കി നേരെ സംഭവസ്ഥലത്തേക്ക് തിരിച്ചു. ഹേമാംബിക നഗര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരോട് പന്നിയമ്പാടത്തേയ്ക്കു വരാന്‍ വയര്‍ലെസ്സിലൂടെ നിര്‍ദ്ദേശം കൊടുത്തശേഷം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ ക്രൈം സ്‌ക്വാഡിലെ അംഗങ്ങളോടും പന്നിയമ്പാടത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു.
സംഭവസ്ഥലത്ത് എത്തിയ ഉടനെ കൊല്ലപ്പെട്ടു കിടന്നിരുന്ന ഷീജയുടെ മൃതദേഹത്തിനു കാവല്‍ ഏര്‍പ്പെടുത്തി. എസ്റ്റേറ്റിലുണ്ടായിരുന്ന എല്ലാവരേയും പുറത്തേക്ക് പറഞ്ഞുവിട്ടു. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ഹേമാംബിക നഗര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയശേഷം കൊലപാതകം നടക്കാനുണ്ടായ കാരണങ്ങളെ പറ്റിയും പ്രതിയോ പ്രതികളോ ആരായിരിക്കും എന്നതിനെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കൊലപാതകം ഏതെങ്കിലും പ്രൊഫഷണല്‍ കുറ്റവാളികളായിരിക്കും ചെയ്തിരിക്കാന്‍ സാദ്ധ്യത എന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസില്‍നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് മേലുദ്യോഗസ്ഥര്‍ പറഞ്ഞു. എല്ലാ സാദ്ധ്യതകളും സൂക്ഷ്മമായും കര്‍ശനമായും പരിശോധിക്കുന്നതാണെന്ന് ഞാന്‍ മേലുദ്യോഗസ്ഥന്മാരെ അറിയിക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്തു. മരണപ്പെട്ട ഷീജയുടെ ശവശരീരം പരിശോധിച്ച് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുകയും സമാന്തരമായി തന്നെ പോലീസ് നായയുടെ സഹായത്തോടെ എസ്റ്റേറ്റ് മുഴുവന്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. എന്നാല്‍, കുറ്റവാളിയെ കണ്ടുപിടിക്കുന്നതിനുള്ള സൂചനകളും തെളിവുകളും ലഭ്യമായില്ല.
എസ്റ്റേറ്റിന്റെ ചുറ്റുപാടും താമസിക്കുന്ന വീടുകളിലെ കുട്ടികള്‍ അവധിദിവസങ്ങളില്‍ ഒത്തുകൂടി എസ്റ്റേറ്റില്‍ റബ്ബര്‍ കായ പെറുക്കാന്‍ പോകാറുണ്ട്. പനമ്പിന്റെ കൊട്ടകളിലും വട്ടികളിലുമായി കായകള്‍ പെറുക്കിയെടുത്ത് വീട്ടുമുറ്റത്ത് കെട്ടിയുണ്ടാക്കിയ കളിക്കുടിലുകളില്‍ റബ്ബര്‍ കായയുടെ പുറംതൊടുകൊണ്ട് തീകത്തിച്ച് കലത്തില്‍ കഞ്ഞിയും മറ്റും ഉണ്ടാക്കി എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കുമായിരുന്നു എന്ന് അന്വേഷണത്തില്‍ മനസ്സിലായി.
സംഭവം നടന്ന ദിവസം ഷീജയും മറ്റു കുട്ടികളോടൊപ്പം ഉണ്ടായിരുന്നുവെന്ന് ഷീജയുടെ ചേച്ചിയും കൂട്ടുകാരും പറഞ്ഞു. അവര്‍ എല്ലാവരും കൂടി കായ പെറുക്കി കൊണ്ടിരിക്കുമ്പോള്‍ ശിവപ്രിയ എന്ന ഏകദേശം 14 വയസ്സ് പ്രായമുള്ള കുട്ടി ഷീജയെ അവരുടെ കൂട്ടത്തില്‍നിന്നു വിളിച്ച് എസ്റ്റേറ്റിന്റെ കിഴക്ക് ഭാഗത്തേക്ക് കൊണ്ടുപോയെന്നും അവിടെ കൂടുതല്‍ റബ്ബര്‍ കായകള്‍ ഉണ്ട് ഞങ്ങള്‍ അവിടെ പോയി അത് പെറുക്കാം എന്ന് ശിവപ്രിയ അവരോട് പറഞ്ഞതായും അറിവായി. ശിവപ്രിയ വിളിച്ചുകൊണ്ടു പോകുന്ന സമയത്തും ഷീജയുടെ കാതില്‍ സ്വര്‍ണ്ണ റിങ്ങുകള്‍ ഉണ്ടായിരുന്നെന്നു ഷീജയുടെ സഹോദരിയും കൂട്ടുകാരും പറഞ്ഞു.
ഷീജയുടെ ശവശരീരം ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ കഴുത്തിന്റെ പിന്‍ഭാഗത്തും ഇടത്തും വലത്തും ഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുകള്‍ കാണപ്പെട്ടു. മൂര്‍ച്ചയുള്ള ആയുധം കൊണ്ടു വെട്ടിയാല്‍ മാത്രം സംഭവിക്കുന്ന മുറിവുകളാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഷീജയുടെ ശവശരീരം കീറി പരിശോധനയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും കീറി പരിശോധനയ്ക്ക് ശേഷം ശവശരീരം മറവ് ചെയ്യുന്നതിന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
ശവശരീരം കീറി പരിശോധിച്ച ഡോക്ടറെ കണ്ട് ചോദിച്ച് മൊഴി രേഖപ്പെടുത്തിയതില്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് വെട്ടിയാല്‍ സംഭവിക്കുന്ന മുറിവുകളാണ് ഷീജയുടെ കഴുത്തില്‍ ഏറ്റിട്ടുളളതെന്നും കഴുത്തിന് ഏറ്റിട്ടുള്ള മുറിവുകള്‍ മാരകമായിരുന്നെന്നും വെട്ട് കൊണ്ട ഉടന്‍ തന്നെ ഷീജ മരണപ്പെട്ടിട്ടുണ്ടാവുമെന്നും മൊഴി നല്‍കിയിരുന്നു.
ഇത്രയും കോളിളക്കം സൃഷ്ടിച്ച കേസിലെ കുറ്റവാളിയെ കണ്ടുപിടിക്കാതെ ഇനി വിശ്രമമില്ലെന്ന തീരുമാനവുമായി എല്ലാ ദിവസവും ഞാനും സഹപ്രവര്‍ത്തകരും പന്നിയമ്പാടം എസ്റ്റേറ്റിലെത്തി അന്വേഷണം തുടര്‍ന്നുകൊണ്ടിരുന്നു. ഇതിനിടയില്‍ എസ്റ്റേറ്റിനടുത്തുള്ള അങ്കണവാടിയിലെ ടീച്ചറെ കണ്ട് ചോദിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരമാണ് ലഭിച്ചത്. സംഭവം നടന്ന ഞായറാഴ്ച ദിവസം രാവിലെ ഏകദേശം പത്തു മണിക്ക് ശിവപ്രിയ അങ്കണവാടിയില്‍ ചെന്നിരുന്നു. അവധി ദിവസമായിട്ടും അത്യാവശ്യമായി ചെയ്തുതീര്‍ക്കാനുള്ള പണികള്‍ ഉണ്ടായിരുന്നതുകൊണ്ട് ടീച്ചര്‍ അങ്കണവാടിയിലുണ്ടായിരുന്നു. എസ്റ്റേറ്റില്‍ പോയി അവിടെ ഇരുന്ന് കാറ്റുകൊള്ളാമെന്ന് പറഞ്ഞുകൊണ്ട് ശിവപ്രിയ ടീച്ചറെ വിളിച്ചെന്നും ''നീ മറ്റാരെയെങ്കിലും പോയി നോക്ക്''എന്ന് ദേഷ്യപ്പെട്ട് പറഞ്ഞു വിടുകയാണുണ്ടായതെന്നും ടീച്ചര്‍ പറഞ്ഞു. അവളുടെ കൂടെ പോയിരുന്നെങ്കില്‍ തന്നെ വകവരുത്തി സ്വര്‍ണഭാരണങ്ങളെല്ലാം അവള്‍ കയ്യിലാക്കിയേനെ എന്നും അവര്‍ എന്നോട് പറഞ്ഞു. ശിവപ്രിയയുടെ കയ്യില്‍ പനമ്പിന്റെ ഒരു വട്ടി ഉണ്ടായിരുന്നെന്നും അതില്‍ കത്തിയോ മറ്റോ ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്നും ടീച്ചര്‍ മൊഴി നല്‍കി.
അങ്കണവാടി ടീച്ചറുടെ ഈ മൊഴിയും ഷീജയെ മറ്റു കുട്ടികളുടെ കൂട്ടത്തില്‍നിന്നു ശിവപ്രിയ വിളിച്ചുകൊണ്ടു പോയ ശേഷം കൊല്ലപ്പെട്ട നിലയിലാണ് കാണപ്പെട്ടതെന്നുമുള്ള വസ്തുതകള്‍ അപഗ്രഥിച്ചു നോക്കിയതില്‍നിന്നു ശിവപ്രിയയെ ചോദ്യം ചെയ്താല്‍ മാത്രമേ സത്യാവസ്ഥ മനസിലാക്കാന്‍ കഴിയുകയുള്ളൂ എന്ന് ബോധ്യമായി. അതിനാല്‍ വനിതാ പോലീസുകാരുടെ സഹായത്തോടെ ശിവപ്രിയയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു.
സര്‍ക്കിള്‍ ഓഫീസില്‍വെച്ച് വനിതാ പോലീസുകാരുടെ സാന്നിധ്യത്തില്‍ ശിവപ്രിയയെ ചോദ്യം ചെയ്തു. ഷീജയെ താന്‍ വിളിച്ചു കൊണ്ടുപോയിട്ടില്ലെന്നു പറഞ്ഞ് അവള്‍ ഒഴിയാന്‍ ശ്രമിക്കുകയായിരുന്നു. ഇങ്ങനെയുള്ള മൊഴി മാത്രം പറഞ്ഞുകൊണ്ടിരുന്ന ശിവപ്രിയക്ക് ശരീരത്തില്‍ എന്തെങ്കിലും മുറിവുകളോ പാടുകളോ ഉണ്ടോ എന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെ ലേഡി ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കാനായി അന്നേ ദിവസം കൊണ്ടുപോയി. ഡോക്ടര്‍ ശിവപ്രിയയെ പരിശോധനമുറിയിലേക്ക് വിളിച്ചപ്പോള്‍ ടോയ്‌ലെറ്റില്‍ പോകണമെന്ന് പറഞ്ഞു.ടോയ്‌ലെറ്റില്‍ പോയശേഷം അവള്‍ ഡോക്ടറുടെ മുറിയിലേക്ക് ചെന്നു. ഡോക്ടര്‍ അവളെ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം അവളുടെ ദേഹത്ത് മുറിവുകളും പാടുകളും ഇല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു. ശിവപ്രിയയുടെ അയല്‍വാസികളായ പലരോടും നടത്തിയ അന്വേഷണത്തില്‍ അവളുടെ അച്ഛനും അമ്മയ്ക്കും സ്ഥിരമായി ജോലി ഇല്ലെന്നും ശിവപ്രിയ ഒരു ചെറിയ ചിട്ടി നടത്തിയിരുന്നെന്നും അറിയാന്‍ കഴിഞ്ഞു. ചിട്ടി ഇപ്രകാരമായിരുന്നു- അയല്‍ക്കാരായ പത്ത് പേരാണ് ചിട്ടിയിലെ അംഗങ്ങള്‍. എല്ലാ ഞായറാഴ്ചകളിലും വൈകീട്ട് 4 മണിക്ക് നറുക്ക് എടുക്കും. 10 രൂപയാണ് വരിസംഖ്യ. 10 പേരുടെയും പേരും നമ്പറും എഴുതി ഇട്ട് അതില്‍നിന്ന് ഒരെണ്ണം എടുക്കുകയും അങ്ങിനെ കിട്ടുന്നയാള്‍ക്ക് 90 രൂപ കൊടുക്കുകയും 10 രൂപ ചിട്ടി നടത്തുന്ന ശിവപ്രിയ എടുക്കുകയും ചെയ്യുമായിരുന്നു.
ഷീജ കൊല്ലപ്പെട്ട ഞായറാഴ്ചക്ക് മുമ്പുള്ള ഞായറാഴ്ച ചിട്ടി എടുക്കേണ്ടതാണെങ്കിലും അന്ന് ചിട്ടി നടന്നില്ല. കാരണം ശിവപ്രിയയുടെ അച്ഛന്‍ കോട്ടയത്തുള്ള ബന്ധുവീട്ടില്‍ പോയപ്പോള്‍ പണം മുഴുവന്‍ ചെലവായിപ്പോയിരുന്നു. ചിട്ടി നടത്താതിരുന്നതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ ശിവപ്രിയയെ കണക്കിന് ശകാരിച്ചു. അടുത്ത ഞായറാഴ്ച ചിട്ടിയുടെ കാശ് കൊടുത്തില്ലെങ്കില്‍ പോലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയതു എന്നും അയല്‍വാസികളില്‍നിന്ന് അറിയാന്‍ കഴിഞ്ഞു. ഒരുപക്ഷേ ചിട്ടിക്കുള്ള പണം കണ്ടെത്താനായി ശിവപ്രിയ എന്തും ചെയ്യാന്‍ സാധ്യതയുണ്ടെന്നുകൂടി വ്യക്തമായതോടെ ശിവപ്രിയയെ കൂടുതല്‍ കര്‍ശനമായി ചോദ്യം ചെയ്യേണ്ടതാണെന്ന് ബോധ്യമായി. പക്ഷേ, പതിനാലുവയസ്സുള്ള പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ഡിവൈ.എസ്.പി. അനുവാദം തന്നിരുന്നില്ല. വല്ലതും സംഭവിച്ചാൽ വന്നുചേരാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. ഡിവൈ.എസ്.പി. അവധിയിൽപോയ ദിവസം തന്നെ വനിതാ പോലീസിനെയും കൂട്ടി ഞാൻ ശിവപ്രിയയെ പൊക്കി.
വനിതാ പോലീസുകാരുടെ സഹായത്തോടെ ശിവപ്രിയയെ കസ്റ്റഡിയില്‍ എടുത്ത് തുടര്‍ച്ചയായി ചോദ്യം ചെയ്തു. അന്വേഷണത്തോട് അവള്‍ ഒട്ടും സഹകരിച്ചിരുന്നില്ല.
ഷീജയുടെ കഴുത്തില്‍ എത്ര മുറിവുകള്‍ ഉണ്ടായിരുന്നു?
എനിക്കറിയില്ല.
ശിവപ്രിയ വിളിച്ചുകൊണ്ടുപോയതിനുശേഷം ഷീജയെ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഇതേപ്പറ്റി എന്താണ് പറയാനുള്ളത്?
എനിക്കറിയില്ല.
ഷീജയെ വിളിച്ചുകൊണ്ടുപോയതിനുശേഷം എങ്ങോട്ടാണ് പോയത്?
ഞാനെന്റെ വീട്ടിലേക്ക് പോയി. ഷീജ എങ്ങോട്ടാണ് പോയതെന്ന് എനിക്കറിയില്ല.
അടുത്ത നിമിഷത്തില്‍ ശിവപ്രിയ ചാടി എഴുന്നേറ്റു. രണ്ടുകൈകള്‍ കൊണ്ടും മുടി കശക്കി പാറിപ്പറത്തി. ''ഞാന്‍ കുന്നങ്കാട്ട് ഭഗവതിയാണ്. ഞാന്‍ കോപിച്ചാല്‍ നിങ്ങളുടെ എല്ലാവരുടെയും കഥ കഴിയുമെടാ'' എന്നു പറഞ്ഞ് ഉറഞ്ഞുതുള്ളാന്‍ തുടങ്ങി.
ദേവിക്ക് തൃക്കണ്ണുളളതല്ലേ, ദേവി ഇരുന്നാലും.
സംയമനം വിടാതെ ശിവപ്രിയയുടെ മുന്നിലേക്ക് കസേര നീട്ടിയിട്ടു.
ഷീജയ്ക്ക് എത്ര മുറിവുകളുണ്ടായിരുന്നെന്ന് ശിവപ്രിയയ്ക്കറിയില്ല. പക്ഷേ, ദേവിക്കറിയാമല്ലോ. തൃക്കണ്ണുളളതല്ലേ. ഞാന്‍ സ്വരം മയപ്പെടുത്തി അവളോട് പറഞ്ഞു.
'മൂന്നു മുറിവുകള്‍. ഒന്ന് കഴുത്തില്‍, ഒന്ന് കഴുത്തിന്റെ വലതുവശത്ത്, മറ്റൊന്ന് ഇടത്ത്.'
ദേവിയായ ശിവപ്രിയ മണിമണിയായി ഉത്തരം പറഞ്ഞു. താന്‍ നടത്തിയിരുന്ന ചിട്ടിയുടെ കാര്യവും അച്ഛന്‍ കോട്ടയത്ത് പോയപ്പോള്‍ ചിട്ടിക്കാര്‍ക്ക് കൊടുക്കാന്‍ വച്ചിരുന്ന പണം മുഴുവന്‍ ചെലവായതും ചിട്ടി നടത്തേണ്ട ഞായറാഴ്ച ചിട്ടി നടത്താന്‍ കഴിയാതിരുന്നതും സമ്മതിച്ചു. പണം കൊടുത്തില്ലെങ്കില്‍ പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്ന് ചിട്ടിക്കാര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ ഗത്യന്തരം ഇല്ലാതെയാണ് ഷീജയുടെ സ്വര്‍ണ്ണ റിങ്ങുകള്‍ മോഷ്ടിക്കാന്‍ തീരുമാനിച്ചതെന്ന് അവള്‍ സമ്മതിച്ചു. പനമ്പ് വട്ടിയില്‍ കത്തിയുമായി എസ്റ്റേറ്റിലേക്ക് പോയി ഷീജയെ അവളുടെ ചേച്ചിയുടേയും കൂട്ടുകാരുടേയും കൂട്ടത്തില്‍നിന്നു വിളിച്ചുകൊണ്ടുപോവുകയായിരുന്നു. കത്തികൊണ്ട് വെട്ടിയതിനുശേഷമാണ് സ്വര്‍ണ്ണ റിങ്ങുകള്‍ എടുത്തത്.
കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ ദേഹപരിശോധനയ്ക്കായി അവളെ കൊണ്ടുപോയി. ആശുപത്രിയില്‍ എത്തിയപ്പോള്‍ ടോയ്‌ലറ്റില്‍ പോകണമെന്ന് പറഞ്ഞു. ദേഹ പരിശോധനയ്ക്കുമുമ്പേ തന്നെ ടോയ്‌ലറ്റില്‍ പോയ ശിവപ്രിയ പാവാടക്കെട്ടിന്റെ ഇടയില്‍ തിരുകിവെച്ചിട്ടുണ്ടായിരുന്ന സ്വര്‍ണറിങ്ങുകള്‍ ക്ലോസറ്റിലേക്ക് ഇട്ടു.
ശിവപ്രിയ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വനിതാ പോലീസുകാരുടെ എസ്‌കോര്‍ട്ടില്‍ അവളെയും കൂട്ടി പാലക്കാട് ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റിയിലെത്തിച്ചു. ശിവപ്രിയ കാണിച്ചുതന്ന കക്കൂസ് മുറി സ്‌ക്കാവെഞ്ചറുടെ സഹായത്തോടുകൂടി പരിശോധന നടത്തി. ഫ്‌ളഷ് കേടായതു കാരണം ഉപയോഗിക്കാതെ അടച്ചിട്ടിരിക്കുകയായിരുന്നു. ആ ടോയ്‌ലറ്റിലായിരുന്നു ശിവപ്രിയ പോയത്. ഗ്ലൗസ് ധരിച്ച് സ്‌ക്കാവെഞ്ചര്‍ അതില്‍നിന്നു വളരെ എളുപ്പത്തില്‍ തന്നെ ഷീജയുടെ സ്വര്‍ണ്ണറിങ്ങുകള്‍ പുറത്തെടുത്തു. അവ കഴുകി വൃത്തിയാക്കിയശേഷം കാഷ്വാലിറ്റിയിലെ ഡ്യൂട്ടി ഡോക്ടറുടെ മേശപ്പുറത്ത് കൊണ്ടുവന്നുവച്ചു. ഒരു സ്വര്‍ണ്ണപ്പണിക്കാരനെ അവിടേയ്ക്ക് വിളിച്ചുവരുത്തി. റിങ്ങുകള്‍ സ്വര്‍ണ്ണത്തിന്റേതാണെന്നും ആകെ രണ്ട് ഗ്രാം തൂക്കം ഉണ്ടെന്നും സാക്ഷ്യപ്പെടുത്തി. ഞാന്‍ സീഷര്‍ മഹസര്‍ തയ്യാറാക്കുകയും റിങ്ങുകള്‍ ബന്തവസ്സിലെടുക്കുകയും ചെയ്തു. സീഷര്‍ മഹസറിലെ ഒന്നാം സാക്ഷി കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ആയിരുന്നു.
തുടര്‍ന്ന് ഈ സ്വര്‍ണ്ണറിങ്ങുകള്‍ ഷീജയുടെ അച്ഛനേയും അമ്മയേയും കാണിച്ചുകൊടുക്കുകയും അവ ഷീജയുടെ റിങ്ങുകള്‍ തന്നെയാണെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തു. ഒലവക്കോടുള്ള ഗോപാലന്‍ ആചാരി എന്നയാള്‍ നിര്‍മ്മിച്ച് നല്‍കിയതാണ് ഈ സ്വര്‍ണ്ണ റിങ്ങുകളെന്ന് ഷീജയുടെ മാതാപിതാക്കള്‍ പറഞ്ഞതനുസരിച്ച് ഒലവക്കോട് പോയി സ്വര്‍ണ്ണറിങ്ങുകള്‍ ഗോപാലന്‍ ആചാരിയെ കാണിച്ചുകൊടുത്തതില്‍ അയാള്‍ ഷീജക്ക് വേണ്ടി നിര്‍മ്മിച്ച് നല്‍കിയ സ്വര്‍ണ്ണറിങ്ങുകള്‍ ആണിവ എന്ന് തിരിച്ചറിയുകയും ചെയ്തു.
ശിവപ്രിയയെ അടുത്ത ദിവസം തന്നെ റിമാന്റ് റിപ്പോര്‍ട്ട് സഹിതം ബഹുമാനപ്പെട്ട കോടതിയില്‍ ഹാജരാക്കുകയും കോടതി റിമാന്റ് ചെയ്യുകയും ചെയ്തു.
അധികം താമസിയാതെ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. 14 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ശിവപ്രിയയെ വിചാരണ ചെയ്തത് ചിൽഡ്രൻസ് കോർട്ട് ആയ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ്. മരണപ്പെട്ട ഷീജയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ പരിശോധനക്കായി തിരുവനന്തപുരം ഗവണ്‍മെന്റ് കെമിക്കല്‍ ലബോറട്ടറിയില്‍ കോടതി മുഖേന അയച്ചുകൊടുത്തെങ്കിലും അതിന്റെ റിസല്‍ട്ട് ലഭിക്കുന്നതിന് കാലതാമസം നേരിട്ടതിനാല്‍ വിചാരണ കുറച്ചുനാള്‍ നീണ്ടുപോകാന്‍ ഇടയായി.
12.09.1986 തീയതിയിലെ ജഡ്ജ്‌മെന്റില്‍ പാരഗ്രാഫ് 34- ല്‍ ബഹുമാനപ്പെട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ. വിശ്വനാഥന്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:
Para 34: Meanwhile I feel that the Circle Inspector who correctly fixed the accused within couple of hours after the crime is reported and further the accused being a child during that period, he had taken all precaution to aviod any possible criticism regarding the procedure adopted. Further with all delicacy in the matter he managed to recover the properties so that the prosecution can easily rely on the circumstances alone which is available in this case, to prove the crime. He deserves compliment from the Court.
ശിവപ്രിയ കുറ്റകൃത്യം നടത്തിയ സമയത്ത് ബാലിക ആയതിനാല്‍ 12.09.1986-ല്‍ ബഹുമാനപ്പെട്ട സി.ജെ.എം കോടതിയുടെ ഉത്തരവ് പ്രകാരം കോഴിക്കോട് ഗവണ്‍മെന്റ് ചിൽഡ്രൻസ് ഹോം ആന്റ് സ്‌പെഷൽ സ്‌കൂളിലേക്ക് അഞ്ചു വർഷം നല്ലനടപ്പിനു വേണ്ടി അയക്കാന്‍ ബഹുമാനപ്പെട്ട സി.ജെ.എം ഉത്തരവിടുകയുണ്ടായി.
ഈ കേസില്‍ കോടതിയില്‍ മെറ്റീരിയൽ ഒബ്ജക്റ്റ് നമ്പർ 6 ആയി ഹാജരാക്കിയിരുന്നത് ഷീജയുടെ സ്വര്‍ണ്ണ റിങ്ങുകളായിരുന്നു. അത് ഷീജയുടെ അച്ഛന് കൊടുക്കാനാണ് കോടതി ഉത്തരവില്‍ പറഞ്ഞിരുന്നത്. അത് എറ്റുവാങ്ങിയ ശേഷം ഷീജയുടെ അച്ഛന്‍ എന്നെ കാണാനായി ഓഫീസിലേക്ക് വരുകയും ''ഇത് ഞാന്‍ സാറിന് നല്‍കാന്‍ വന്നതാണ്'' എന്ന് പറഞ്ഞുകൊണ്ട് ഷീജയുടെ സ്വര്‍ണ്ണറിങ്ങുകള്‍ എന്റെ മേശപ്പുറത്ത് വെച്ചുകൊണ്ടു പൊട്ടിക്കരയുകയും ചെയ്തു. ആ വൃദ്ധപിതാവിനെ ഞാനും സഹപ്രവര്‍ത്തകരും കൂടി സമാധാനിപ്പിക്കുകയും പോലീസ് ജീപ്പില്‍ വീട്ടിലാക്കുകയായിരുന്നു.
ആ സംഭവത്തെക്കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിടാനോ അന്വേഷണം കഴിഞ്ഞ് വിശ്രമിക്കാനോ നേരമുണ്ടായിരുന്നില്ല. പാലക്കാട് നഗരഹൃദയത്തില്‍ സ്ഥിതി ചെയ്തിരുന്ന ഒരു വ്യാപാര സ്ഥാപനത്തിലെ വാച്ച്മാനെ അജ്ഞാതന്‍ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചുകൊന്നു എന്ന വാര്‍ത്ത പിന്നാലെ വന്നുകഴിഞ്ഞിരുന്നു.
(തുടരും)
Content Highlights: open file column by george arakkal service story
Published: 11 Dec 2024, 02:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented