1986 കാലഘട്ടത്തില്‍ ഏതാനും മാസക്കാലം പാലക്കാട് ക്രൈം ഡിറ്റാച്ച്‌മെന്റ് യൂണിറ്റില്‍ ഇന്‍സ്‌പെക്ടറായിട്ടായിരുന്നു എനിക്ക് നിയമനം. പാലക്കാട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രമാദമായ കൊലക്കേസുകളും മറ്റും അന്വേഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ക്രൈം ഡിറ്റാച്ച്‌മെന്റിലെ ഉദ്യോഗസ്ഥര്‍ക്കായിരുന്നു. 1986 ജൂലൈ മാസത്തില്‍ വടക്കഞ്ചേരിക്കടുത്തുള്ള മംഗലം ഡാം എന്ന സ്ഥലത്ത് സണ്ണി എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. ആ കേസ്ഫയല്‍ ഞങ്ങള്‍ ഓപ്പണ്‍ ചെയ്തു. ലോക്കല്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ അന്വേഷണത്തിലുള്ള അപാകതകള്‍ ചൂണ്ടികാണിച്ചുകൊണ്ട് മേലുദ്യോഗസ്ഥര്‍ക്ക് സണ്ണിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ കൊലക്കേസ് എന്റെ മേശപ്പുറത്തെത്തുന്നത്.

To advertise here,

16.07.1986- ലാണ് ഈ കേസന്വേഷണത്തിന്റെ ചുമതല ഞാന്‍ ഏറ്റെടുക്കുന്നത്. അന്നത്തെ ഡി.വൈ.എസ്.പി ആയിരുന്ന അനിരുദ്ധന്‍ സാറിനായിരുന്നു കേസന്വേഷണത്തിന്റെ മേല്‍നോട്ടം. 

 വടക്കഞ്ചേരിയില്‍ നിന്നും അനേകം ഹെയര്‍പിന്‍ ബെന്റുകളുള്ള റോഡിലൂടെ വളരെ ദൂരം യാത്ര ചെയ്തുവേണമായിരുന്നു മംഗലം ഡാമിലെത്താന്‍.  വലിയ ശബ്ദത്തോടുകൂടി ആര്‍ത്തലച്ച് ഒഴുകുന്ന ചെറിയ അരുവികളും തോടുകളും മറ്റും നിറഞ്ഞ ഒരു മലമ്പ്രദേശത്തായിരുന്നു സണ്ണിയുടെ വീട്.  കരിങ്കയം വി.ആര്‍.ടി എസ്റ്റേറ്റിലെ ഈന്തനക്കുഴിയില്‍ തോമസ് എന്നയാളുടെ മകനായിരുന്നു 25 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സണ്ണി. കൊല്ലപ്പെടുമ്പോള്‍ സണ്ണി താമസിച്ചിരുന്നത് നാലഞ്ച് ഏക്കറോളം വിസ്തീര്‍ണ്ണം വരുന്ന ഒരു റബ്ബര്‍ എസ്റ്റേറ്റിന്റെ റോഡിനോട് ചേര്‍ന്നുള്ള ഭാഗത്തായിരുന്നു. ഈ സ്ഥലം സണ്ണി വിലയ്ക്ക് വാങ്ങിക്കുകയും അവിടെ റബ്ബര്‍ തൈകള്‍ വച്ച് പിടിപ്പിച്ച് ടാപ്പിങ്ങ് തുടങ്ങുകയും ചെയ്തിരുന്നു. സണ്ണിയുടെ വീട് ഓലയും പനമ്പും മുളയും കൊണ്ട് നിര്‍മ്മിച്ചതും 15 അടിയോളം നീളവും 10 അടിമാത്രം വീതിയുമുള്ളതുമായിരുന്നു. വീടിന്റെ തെക്കും വടക്കും ഭാഗങ്ങളില്‍ രണ്ടടി മാത്രം വീതിയും ആറടി ഉയരവുമുള്ള ഓരോ പ്രവേശന കവാടവും ഉണ്ടായിരുന്നു. ഈ കവാടങ്ങളില്‍ ഓരോന്നിലും അക്രമകാരികളായ രണ്ടു നായ്ക്കളെ പതിവായി കെട്ടിയിടുമായിരുന്നു. കള്ളന്മാരോ, മറ്റു സാമൂഹികവിരുദ്ധരോ അകത്ത് കടക്കാതിരിക്കാനാണ് സണ്ണി നായ്ക്കളെ കെട്ടിയിട്ടിരുന്നത്.

സണ്ണിയുടെ സഹോദരന്‍ തങ്കച്ചന്‍ ഒരു വിളിപ്പാട് അകലെയുള്ള വീട്ടില്‍ കുടുംബസമേതം താമസിച്ചിരുന്നു. സണ്ണി ഒരു കഠിനാധ്വാനിയായിരുന്നു.  ടാപ്പിങ്ങ് നടത്താന്‍ പാകത്തിനായി റബ്ബറുകള്‍ ഒരു വശത്ത്, നട്ടുനച്ചുവളര്‍ത്തിക്കൊണ്ടുവരുന്ന തൈകള്‍ മറ്റൊരു വശത്ത്... എസ്റ്റേറ്റില്‍ ഓടിനടന്ന് റബ്ബര്‍ ടാപ്പിങ്ങ് നടത്തുമായിരുന്നെന്ന് ഒരു അയല്‍വാസി അന്വേഷണവേളയില്‍ പറയുകയുണ്ടായി. സണ്ണിയുടെ ഊര്‍ജസ്വലത അയാള്‍ നോക്കിനില്‍ക്കുമായിരുന്നത്രേ!

വടക്കഞ്ചേരിയിലെ ഹോമിയോ ഡോക്ടറായ തോമസ് കാപ്പിലാന്‍ ഒരിക്കല്‍ കരിങ്കയത്തുള്ള ഒരു രോഗിയെ ചികിത്സിക്കാന്‍ പോവുന്നതിനിടയില്‍ സണ്ണിയെ കാണാനിടയായി. സ്വന്തം എസ്റ്റേറ്റില്‍ ഓടി നടന്ന് ടാപ്പ് ചെയ്യുന്നത് കണ്ട സണ്ണിയെ ഇഷ്ടപ്പെടുകയും ഡോക്ടറുടെ മകള്‍ മേരിക്ക് വരനായി ആലോചിക്കാന്‍ പറ്റിയ ചെറുപ്പക്കാരനാണ് സണ്ണിയെന്ന് ചിന്തിക്കുകയും ചെയ്ത ഡോക്ടര്‍ ഒരു ദല്ലാളിനെ സണ്ണിയുടെ സഹോദരന്റെ അടുത്തേക്ക് പറഞ്ഞയച്ചു. തോമസ് കാപ്പിലാന് തന്റെ മകളുടെ കല്ല്യാണം എത്രയും പെട്ടെന്ന് നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മേരിക്ക് ചില ആണ്‍സൗഹൃദങ്ങള്‍ ഉണ്ടെന്ന ഭയം കാപ്പിലാനെ അലട്ടിയിരുന്നു. 

ഡോ. തോമസ് കാപ്പിലാന്‍ തന്നെ മുന്‍കൈയെടുത്ത് സണ്ണിയുടെയും മേരിയുടെയും വിവാഹം അധികം താമസിയാതെ നടത്തി. സണ്ണിയും മേരിയും സണ്ണിയുടെ എസ്റ്റേറ്റില്‍ തന്നെയുള്ള ചെറിയ വീട്ടില്‍ താമസമാരംഭിച്ചു. രാവിലെ തന്നെ സണ്ണി എസ്റ്റേറ്റില്‍ മുഴുവന്‍ ഓടി നടന്ന് റബ്ബര്‍ ടാപ്പിങ്ങ് നടത്തുകയും മേരി തനിക്ക് ചെയ്യാനാവുന്ന ജോലികള്‍ ചെയ്തുകൊണ്ടു ജീവിച്ചുവരികയായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്നുനാലു മാസം കഴിഞ്ഞപ്പോള്‍ മേരി ഗര്‍ഭം ധരിക്കുകയും ഭര്‍തൃവീട്ടില്‍ തന്നെ താമസം തുടരുകയും ചെയ്തു.

 ഇതിനിടയില്‍ ഒരു ദിവസം മേരിയുടെ സുഹൃത്ത് ജോസുകുട്ടി എന്ന ചെറുപ്പക്കാരന്‍ സണ്ണിയുടെ വീട്ടില്‍ വരികയും മേരിയോടൊത്ത് വീട്ടില്‍ ഇരുന്ന് ഏറെനേരം സംസാരിച്ചിരിക്കുകയും ചെയ്തു. ടാപ്പിങ്ങ് നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ തന്റെ വീട്ടിലേക്ക് കയറി ചെന്നപ്പോള്‍ ആലിംഗനം ചെയ്തുകൊണ്ടിരുന്ന നിലയിലാണ് മേരിയേയും ജോസുകുട്ടിയെയും സണ്ണി കാണാനിടയായത്. ഇതുകണ്ട മാത്രയില്‍ സണ്ണി മേരിയേയും ജോസുകുട്ടിയെയും ചീത്ത പറയുകയും ജോസുകുട്ടിയെ വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു.

 ഈ സംഭവം നടന്നശേഷം മേരിയും സണ്ണിയും തമ്മില്‍ കുറ്റപ്പെടുത്തലുകള്‍ പതിവായി. സണ്ണി മേരിയെ ഏതാനും ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് പറഞ്ഞുവിടുമെന്നും ജോസുകുട്ടിയുടെയും മേരിയുടെയും പേരില്‍ പോലീസില്‍ പരാതി കൊടുക്കുമെന്നും മറ്റും പറഞ്ഞ് തമ്മില്‍ വഴക്കിടലും പതിവായിത്തീര്‍ന്നതായി കേസന്വേഷണ വേളയില്‍ എനിക്ക് രഹസ്യമായി വിവരം ലഭിച്ചു.

 സണ്ണി ഇങ്ങനെ തുടര്‍ന്നാല്‍ തനിക്ക് ഈ നാട്ടില്‍ മാനംമര്യാദയ്ക്ക് ജീവിക്കാന്‍ സാദ്ധ്യമല്ല എന്ന ചിന്ത മേരിയുടെ മനസ്സിനെ സംഘര്‍ഷഭരിതമാക്കിയിരുന്നു. ഈ ചിന്തയാണ് സണ്ണിയെ ഇല്ലാതാക്കണം എന്ന നിഗമനത്തില്‍ എത്തിച്ചേരുന്നതിന് മേരിയെ പ്രേരിപ്പിച്ചതെന്നുള്ള വ്യക്തമായ സൂചനകള്‍ അന്വേഷണത്തില്‍ ലഭിക്കുകയുണ്ടായി. സണ്ണിയോടൊത്തുള്ള ജീവിതം വെറും ബോറാണെന്നും റബ്ബര്‍ ടാപ്പിങ്ങ് നടത്തി വീടിന് ചുറ്റും നടന്ന് സമയം ചെലവഴിക്കുന്നതല്ലാതെ ഒരു സിനിമയ്ക്ക് പോകുവാനോ വിനോദത്തിനായി മലമ്പുഴ ഗാര്‍ഡനിലോ മറ്റെവിടെയെങ്കിലുമോ കൂടെ വരില്ലെന്നും കൂടാതെ മേരിയെ തനിച്ച് എവിടെയും പോകാന്‍ സമ്മതിക്കില്ലായെന്നും അയല്‍ക്കാരികളായ സ്ത്രീകളോട് മേരി പറഞ്ഞിരുന്നതായി രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ നിന്നും വ്യക്തമായി.

 സണ്ണിയുടെ കൊലപാതകം നടന്ന സംഭവത്തെപ്പറ്റി മേരി പോലീസിന് കൊടുത്ത മൊഴി ഇപ്രകാരമാണ്: സണ്ണിയും മേരിയും തങ്ങളുടെ വീട്ടിനകത്ത് വടക്കുഭാഗത്തായി ഇട്ടിരുന്ന കട്ടിലില്‍ ഒരുമിച്ച് കിടന്നുറങ്ങി. പതിവുപോലെ വളര്‍ത്തുപട്ടികളെ രണ്ടിനേയും വീടിന് പുറത്തേയ്ക്കുള്ള വാതിലിനടുത്തായി കെട്ടിയിരുന്നു. പാതിരാവില്‍ ഒരു കള്ളന്‍ വീടിനകത്ത് എങ്ങിനെയോ കടന്ന് കയറിവന്നു. ശബ്ദം കേട്ട് ഉണര്‍ന്ന് എഴുന്നേറ്റ സണ്ണി ആരാടാ എന്ന് ചോദിച്ചുകൊണ്ട് ടോര്‍ച്ച് അടിച്ചു നോക്കിയ ഉടനെ കള്ളന്റെ കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് സണ്ണിയെ കുത്തി. എഴുന്നേറ്റു നിന്നിരുന്ന സണ്ണി കട്ടിലിലേക്ക് തന്നെ മറിഞ്ഞു വീണു. ഉടന്‍തന്നെ കള്ളന്‍ മേരിയുടെ വലത് കാതില്‍ ധരിച്ചിരുന്ന സ്വര്‍ണ്ണകമ്മലിന്റെ ഫ്‌ളവര്‍ പോലെയുള്ള മുന്‍ഭാഗം പറിച്ചെടുത്തു കൊണ്ടു സ്ഥലം വിട്ടു. കള്ളനെ കണ്ട് പേടിച്ചതുകൊണ്ടും താന്‍ ഗര്‍ഭിണിയായതുകൊണ്ടും ബന്ധുക്കള്‍ എല്ലാവരും കൂടി തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സയ്ക്കും പരിശോധനയ്ക്കുമായി അഡ്മിറ്റ് ചെയ്തു.

 സണ്ണിയുടെ ശവശരീരം കീറി പരിശോധന നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്താന്‍  പോയപ്പോള്‍ ഡോക്ടറോട് ചോദിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കുറിച്ചെടുക്കുകയും ഡോക്ടറോട് അപ്രകാരം ചോദിക്കുകയും ചെയ്തു.

ചോദ്യം :സണ്ണിക്ക് നെഞ്ചില്‍ ഏറ്റിരിക്കുന്ന മുറിവ് സണ്ണി നില്‍ക്കുന്ന സമയത്തായിരുന്നോ അല്ലെങ്കില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നോ?

ഡോക്ടറുടെ ഉത്തരം: സണ്ണി മലര്‍ന്ന് കിടക്കുമ്പോള്‍ അയാളുടെ ഇടത് നെഞ്ചിലുള്ള വാരിയെല്ലുകള്‍ക്കിടയിലൂടെ നേരെ ഹൃദയത്തിലേക്ക് പതിക്കുന്ന രീതിയില്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് കുത്തുകയും ഹൃദയത്തിന് മുറിവുപറ്റി തല്‍ക്ഷണം മരിക്കുകയായിരുന്നു.

ചോദ്യം : കള്ളന്‍ വീടിനകത്ത് കയറിയത് മനസ്സിലാക്കി എഴുന്നേറ്റപ്പോഴാണ് സണ്ണിക്ക് കുത്തേറ്റതെന്ന് പറയുന്ന കാര്യം ശരിയാകുമോ?

ഉത്തരം : ഒരിക്കലും ശരിയല്ല. കട്ടിലില്‍ കിടക്കുന്ന നിലയില്‍ വളരെ മൂര്‍ച്ചയുള്ള കത്തി വാരിയെല്ലുകള്‍ക്കിടയിലൂടെ കൃത്യമായി കുത്തിയിറക്കിയാല്‍ മാത്രമേ സണ്ണിയുടെ ഹൃദയത്തിന് ഏറ്റിട്ടുള്ള മുറിവ് സംഭവിക്കുകയുള്ളൂ.

സണ്ണിയുടെ ശവശരീരം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ നല്‍കിയ ഉത്തരങ്ങളും മേരി പോലീസിന് നല്‍കിയ മൊഴിയും തമ്മില്‍ ഒത്തുനോക്കുമ്പോള്‍ മേരി പോലീസിനോട് പറഞ്ഞിരിക്കുന്ന മൊഴി പച്ചക്കള്ളമാണെന്ന് ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായി കണ്ടെത്താനാവും എന്ന് എനിക്ക് ഉറപ്പായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറെ കണ്ടുചോദിച്ച് മൊഴി എടുത്തശേഷം ഞാന്‍ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലേക്കാണ് പോയത്. അവിടെ ചെന്ന് ചികിത്സക്കായി അഡ്മിറ്റ് ചെയ്തിരുന്ന മേരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. മേരിക്ക് പറയാനുണ്ടായിരുന്നത് മുകളില്‍ സൂചിപ്പിച്ചത് പോലെ രാത്രി കള്ളന്‍ വീട്ടില്‍ കയറി വന്ന കാര്യവും സണ്ണി ചാടിയെഴുന്നേറ്റ് ടോര്‍ച്ച് അടിച്ച് നോക്കിയ കാര്യവും കള്ളന്‍ കത്തിയെടുത്തു കുത്തിയ കാര്യവും 
ഒക്കെത്തന്നെയായിരുന്നു. അവശത അഭിനയിച്ചു കൊണ്ട് ആശുപത്രി കിടക്കയില്‍ കിടന്നിരുന്ന മേരിയെ വിശദമായി ചോദ്യം ചെയ്യാനുള്ള അവസരം അല്ല ഇത് എന്ന ചിന്ത എന്റെ മനസ്സില്‍ ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ മേരിയോട് കൂടുതലായി ഒന്നും ചോദിക്കാന്‍ മുതിര്‍ന്നില്ല. പോരാത്തതിന് മേരി ഗര്‍ഭിണിയും ആയിരുന്നു. പക്ഷെ ഒരു ചോദ്യം ഞാന്‍ പ്രത്യേകം ചോദിച്ചു. അതിങ്ങനെയായിരുന്നു. 'മേരിയുടെ സ്വര്‍ണ്ണ കമ്മലിന്റെ മുന്‍ഭാഗം പൂവുപോലെയുള്ള ഭാഗം കള്ളന്‍ പറിച്ചെടുത്തു എന്നാണ് ലോക്കല്‍ പോലീസിന് കൊടുത്ത മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. അതു സത്യമാണെങ്കില്‍ മേരിയുടെ കാതില്‍ ഒരു പോറലെങ്കിലും ഏല്‍ക്കണ്ടെ? അങ്ങിനെ ഒരു പോറല്‍ പോലും ഇല്ലാത്തതിനാല്‍ മേരി പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്''. 

ഞാന്‍ അതു പറഞ്ഞപ്പോള്‍ താന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് മേരി വീണ്ടും ആണയിട്ടുപറഞ്ഞു. ഇക്കാര്യം ശാസ്ത്രീയമായി പരിശോധിക്കേണ്ട ഒന്നാണെന്ന് എന്റെ മനസ്സില്‍ അപ്പോള്‍ തന്നെ ഞാന്‍ കുറിച്ചിട്ടു. ഉടന്‍ തന്നെ മേരിയെ ചികിത്സിക്കുന്ന ഡോക്ടറെ കണ്ടു ചോദിക്കാനാണ് തീരുമാനിച്ചത്. ഡോക്ടര്‍ ആശുപത്രിയില്‍ വാര്‍ഡുകളില്‍ റൗണ്ട്‌സിന് പോയിരിക്കുകയായിരുന്നു. ഡോക്ടര്‍ തിരിച്ചുവന്നപ്പോള്‍ മേരിയുടെ Accident Register Cum Wound Certificate-ന്റെ കോപ്പി കാണിച്ചു കൊടുത്തു കൊണ്ട് ഞാന്‍ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. മേരിയുടെ ശരീരത്തില്‍ യാതൊരു മുറിവുകളും കാണപ്പെട്ടില്ല എന്ന് ഡോക്ടര്‍ മൊഴി നല്‍കി. ഞാന്‍ ഡോക്ടറോട് പ്രത്യേകം ചോദിച്ച ഒരു ചോദ്യം ഇതായിരുന്നു: മേരിയുടെ വലതുകാതില്‍ നിന്നും സ്വര്‍ണ്ണകമ്മലിന്റെ മുന്‍ഭാഗത്തെ 'ഫ്‌ളവര്‍ പോര്‍ഷന്‍' കള്ളന്‍ പറിച്ചെടുത്തതായി മേരി മൊഴി നല്‍കിയിട്ടുണ്ട്. അപ്രകാരം കമലിന്റെ മുന്‍ഭാഗം  പറിച്ചെടുക്കുമ്പോള്‍ കാതിന് മുറിവേല്‍ക്കില്ലേ? ഈ ചോദ്യത്തിന്  ഡോക്ടര്‍ പറഞ്ഞ മറുപടി ഇപ്രകാരമാണ് : സ്വര്‍ണ്ണകമലിന്റെ മുന്‍ഭാഗം മാത്രമായി പറിച്ചെടുക്കുക എന്ന് പറയുന്നതു ഒരിക്കലും നടക്കാത്ത കാര്യമാണ്. അങ്ങിനെ പിടിച്ചുവലിക്കുകയോ, പറിക്കുകയോ ചെയ്യുകയാമെങ്കില്‍ കാതിന്റെ അടിഭാഗത്തെ മാംസം കൂടി മുറിഞ്ഞുപോകും എന്ന കാര്യത്തിന് ഒട്ടും സംശയമില്ല. എന്തെങ്കിലും ആയുധം ഉപയോഗിച്ച് മുറിച്ചാല്‍ മാത്രമേ കാതിന് യാതൊരു മുറിവോ പോറലോ ഏല്‍ക്കാതെ കമ്മലിന്റെ ഫ്‌ളവര്‍ പോര്‍ഷന്‍ വേര്‍പെടുത്തിയെടുക്കാനാവുകയുള്ളൂ എന്നുകൂടി ഡോക്ടര്‍ വ്യക്തമാക്കി. 

ഡോക്ടറുടെ വിശദീകരണം കൂടി കേട്ടതോടെ മേരിയുടെ മൊഴി പൂര്‍ണ്ണമായി വിശ്വസിക്കാതെ സണ്ണിയുടെ കൊലപാതകവുമായി മേരിക്കുള്ള ബന്ധത്തില്‍ ഞാന്‍ ഉറച്ചുവിശ്വസിച്ചുകൊണ്ട് അന്വേഷണം ഊര്‍ജിതമാക്കി. മേരിയോട് ചോദിക്കുവാനുള്ള ആറു ചോദ്യങ്ങള്‍ ഞാന്‍ എഴുതി തയ്യാറാക്കി. പിറ്റേ ദിവസം തന്നെ മേരിയെ കണ്ട് ഈ ചോദ്യങ്ങള്‍ ചോദിക്കുകയും മേരി ആ ചോദ്യങ്ങള്‍ക്ക് ഉത്തരമായി നല്‍കിയ മറുപടികളും ഞാന്‍ കേസ് ഡയറിയില്‍ രേഖപ്പെടുത്തി. അവ താഴെ പറയും പ്രകാരമാണ്:

1.    ആക്രമണകാരികളായ രണ്ട് നായ്ക്കളെ നിങ്ങള്‍ കിടന്നിരുന്ന വീടിന്റെ ഇരുകവാടങ്ങളിലും കെട്ടിയിരുന്നുവല്ലോ? പിന്നെ എങ്ങിനെയാണ് പുറത്തു നിന്നും ഒരു കള്ളന്‍ അകത്ത് കടക്കുന്നത്? 
    മേരിക്ക് മറുപടി ഇല്ല. മൗനം മാത്രം 

2.    സണ്ണിയുടെ നെഞ്ചിലേറ്റ കുത്ത് കട്ടിലില്‍ കിടക്കുന്ന നിലയില്‍ ഏറ്റിട്ടുള്ളതാണെന്നും ആ ഒറ്റക്കുത്ത്  നേരെ ഹൃദയം പിളര്‍ത്തുന്ന കുത്തായിരുന്നു എന്നും പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയ ഡോക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേപ്പറ്റി മേരിക്ക് എന്താണ് പറയാനുള്ളത്? 
    മേരിക്ക് മറുപടി ഇല്ല. വീണ്ടും മൗനം മാത്രം 

3.    കള്ളനെ കണ്ടപ്പോള്‍ സണ്ണി ചാടി എഴുന്നേറ്റ് ടോര്‍ച്ച് അടിച്ചു എന്നും കള്ളന്‍ അപ്പോള്‍ കുത്തി എന്ന് പറയുന്നത് കളവല്ലേ? 
    മേരിക്ക് മൗനം. മറുപടി ഇല്ല

4.    മേരി ധരിച്ചിരുന്ന സ്വര്‍ണ്ണകമ്മലിന്റെ ഫ്‌ളവര്‍ പോലെയുള്ള മുന്‍ഭാഗം കള്ളന്‍ പറിച്ചെടുത്തു എന്നാണ് മേരി പറഞ്ഞതെങ്കിലും ചെവിക്ക് ഒരു പോറല്‍ പോലും ഏറ്റിട്ടില്ലായെന്നാണ് ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ എഴുതി വെച്ചിരിക്കുന്നത്. അതേപ്പറ്റി മേരിക്ക് എന്താ പറയുവാനുള്ളത്? 
    വീണ്ടും മേരിക്ക് മൗനം. മറുപടി ഇല്ല. 

5.    സണ്ണി പുതച്ചു കിടന്നിരുന്ന കമ്പിളിയില്‍ ഇടത് നെഞ്ചിന്റെ ഭാഗത്ത് കത്തികൊണ്ടുള്ള കീറല്‍ ഉണ്ട്. അതിന് ചുറ്റും രക്തക്കറയുമുണ്ട്. കമ്പിളി പുതച്ച് കിടന്നിരുന്ന സണ്ണിയെ അതേ നിലയില്‍ കത്തി കൊണ്ട് കുത്തിയത് കൊണ്ടല്ലേ കമ്പിളി കീറിയതും ആ കീറലിന് ചുറ്റും രക്തക്കറയും ആയത്? 
    മേരിക്ക് മറുപടി ഇല്ല. വീണ്ടും മൗനം മാത്രം 

6.    തന്റെ ഭര്‍ത്താവിനെ ഒരു കള്ളന്‍ കത്തി കൊണ്ട് കുത്തുന്നത് കണ്ടിട്ട് അയാളെ തടുക്കുവാനോ അല്ലെങ്കില്‍ ഒരു വിളിപ്പാടകലെ താമസിക്കുന്ന ജേഷ്ഠന്റെ വീട്ടിലേക്ക് ഓടിപ്പോകുവാനെങ്കിലും ശ്രമിക്കാതെ വീട്ടില്‍ത്തന്നെ നേരം പുലരുന്നതുവരെ ഇരിക്കാന്‍ എന്താ കാരണം? 
    മേരിക്ക് മറുപടി ഇല്ല! 

കള്ളന്‍ പറിച്ചെടുത്തു കൊണ്ടുപോയി എന്ന് പറഞ്ഞ കമ്മലിന്റെ ബാക്കിഭാഗം സീഷര്‍ മഹസ്സര്‍ തയ്യാറാക്കി ബന്തവസ്സിലെടുക്കുകയും കോടതിയിലേക്ക് അയക്കുകയും ചെയ്തു. കൂടാതെ അതു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും റിപ്പോര്‍ട്ട് നല്‍കുന്നതിനുമായി Forwarding Note തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കമ്മലിന്റെ ഫ്‌ളവര്‍ പോര്‍ഷന്‍ കള്ളന്‍ പറിച്ചെടുത്തതാണോ അല്ലെങ്കില്‍ മേരി ഉള്‍പ്പെടെ മറ്റാരെങ്കിലും മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചു മുറിച്ച് മാറ്റിയതാണോ എന്ന് കണ്ടുപിടിക്കാനാണ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചുകൊടുത്തത്. ഇതിനിടയില്‍ എന്റെ ചോദ്യശരങ്ങളും നിഗമനങ്ങളും മനസ്സിലാക്കിയ മേരിയുടെ അച്ഛനും സുഹൃത്തുക്കളും മറ്റും കൂടി സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് നല്‍കിക്കൊണ്ടു ഉത്തരവിടുകയും സണ്ണി കൊലക്കേസിന്റെ ഫയല്‍ എന്റെ അന്വേഷണ ഡയറികള്‍ക്കൊപ്പം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. 

തുടര്‍ന്ന് തിരുവനന്തപുരത്തുനിന്നുള്ള ഒരു സംഘം വടക്കഞ്ചേരിയില്‍ വന്ന് ക്യാമ്പ് ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഏകദേശം ഒരു മാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവില്‍ മേരിയുടെ സുഹൃത്തുക്കളായ നാല് ചെറുപ്പക്കാരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതായി അറിയാന്‍ കഴിഞ്ഞു. അവരെ സണ്ണിയുടെ കൊലക്കേസിലെ പ്രതികളാണെന്ന് സ്ഥാപിച്ച് തെളിവിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നതായി  എന്റെ സഹപ്രവര്‍ത്തകരായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വിവരം ലഭിച്ചു. അവര്‍ എന്നോട് പറഞ്ഞു: ''എടോ ജോര്‍ജ്ജേ, താന്‍ വലിയ സൂപ്പര്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ആയിട്ട് എന്താ ഈ കേസില്‍ ഇങ്ങിനെ സംഭവിച്ചത്?'' ആ ചോദ്യം എന്നെ പ്രകോപിപ്പിച്ചു. മേരിയല്ലാതെ മറ്റാരും അല്ല സണ്ണിയെ കൊലപ്പെടുത്തിയിരിക്കുന്നത് എന്ന് നൂറ് ശതമാനവും എനിക്ക് ഉറപ്പുണ്ടായിരുന്നതിനാല്‍ ഞാന്‍ നേരെ പാലക്കാട് ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടിനെ പോയി കണ്ടു. ഞാന്‍ മേരിയോടു ചോദിച്ചിട്ടുളള ആറു ചോദ്യങ്ങള്‍ക്കും മേരി സത്യസന്ധമായി മറുപടി നല്‍കാത്തിടത്തോളം കാലം മേരി മാത്രമാണ് ഈ കൊലപാതകം ചെയ്തിരിക്കുന്നത് എന്ന യാഥാര്‍ഥ്യം പ്രഥമ അന്വേഷകനായ എനിക്ക് ഉത്തമബോധ്യം ഉണ്ടെന്നും ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുള്ള നാലു ചെറുപ്പക്കാരും ഈ കേസുമായി ബന്ധപ്പെടാന്‍ ഒരു സാധ്യതയും ഇല്ലെന്നും അദ്ദേഹത്തിന് വിശദമാക്കിക്കൊടുത്തു. എന്റെ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്തിരുന്ന നാലു ചെറുപ്പക്കാരെയും മോചിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് നിര്‍ദ്ദേശം നല്‍കി. കേസന്വേഷണം സത്യസന്ധനും വളരെ സീനിയറുമായ ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ ഏല്പിക്കാനും ഉത്തരവായി. അദ്ദേഹം മേരിയെ വിശദമായി ചോദ്യം ചെയ്തു. മേരിയെ Polygraph Test അതായത് നുണപരിശോധനയ്ക്ക് വിധേയയാക്കി. മേരി തന്നെയാണ് ഉറങ്ങിക്കിടക്കുമ്പോള്‍ സണ്ണിയെ കുത്തിക്കൊലപ്പെടുത്തിയത് എന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമായി. വൈകാതെ തന്നെ മേരിയുടെ കൈകളില്‍ വിലങ്ങുകള്‍ വീണു.