
1989-ല്‍ പാലക്കാട് ടൗണ്‍ സര്‍ക്കിളിന്റെ ചാര്‍ജ്ജായിരുന്നു എനിക്ക്. പട്ടിക്കരയിലെ ഒരു മെറ്റല്‍ വ്യാപാരസ്ഥാപനത്തിലെ വാച്ച്മാനായിരുന്നു വേലായുധന്‍. അയാളുടെ വീട് സ്ഥാപനത്തിന് തെക്കുവശത്തുള്ള ഒരു വയല്‍ക്കരയിലായിരുന്നു. വീട്ടില്‍ നിന്നും നോക്കിയാല്‍ അയാളെ കാണാം. ദിവസവും വെളുപ്പിന് പ്രഭാത കൃത്യങ്ങള്‍ക്കായി വീട്ടില്‍ നിന്നും പുറത്തിറങ്ങുന്ന വേലായുധന്റെ ഭാര്യ വെള്ളയ്ക്ക് ഭര്‍ത്താവ് ജോലി ചെയ്യുന്ന കടയിലേക്ക് നോക്കിയാല്‍ കാണാം. ലൈറ്റ് തെളിഞ്ഞിരിപ്പുണ്ടാവും. 1989 നവംബര്‍ 11-ന് പക്ഷേ സാധാരണയായി തെളിഞ്ഞുകിടക്കാറുള്ള ട്യൂബ്‌ലൈറ്റുകള്‍ എല്ലാം അണഞ്ഞു കിടക്കുകയായിരുന്നു. കുറച്ചുദിവസം മുമ്പ് ആ കടയില്‍ ഒരു കള്ളന്‍ വന്ന് മോഷണശ്രമം നടത്തിയതിന്റെ ഓര്‍മ്മയുടെ നടുക്കത്തില്‍ വെള്ള മക്കളായ ലീലയേയും, ബാലനേയും വിളിച്ചുണര്‍ത്തി മൂവരും കൂടി കടയിലേക്ക് ഓടി. ചുറ്റുപാടും നടന്ന് വേലായുധനെ വിളിച്ചെങ്കിലും കണ്ടെത്താനായില്ല. ചായ കുടിക്കാനോ മറ്റോ പോയിട്ടുണ്ടാവും എന്നു വിചാരിച്ച് വെള്ള മക്കളെ ചായക്കടയില്‍ പോയി അന്വേഷിക്കാന്‍ പറഞ്ഞയച്ചു. പക്ഷേ വേലായുധനെ കണ്ടെത്താനായില്ല.
ചായക്കടയില്‍ ഇല്ലെന്ന് ബോധ്യമായതോടെ തുടര്‍ന്ന് അവര്‍ മൂന്നുപേരും കൂടി വീണ്ടും വോലായുധന്‍ കാവല്‍ നില്‍ക്കുന്ന കടയിലേക്ക് തന്നെ തിരിച്ചു പോയി അയാള്‍ കിടക്കാറുള്ള തിണ്ണയിലും ചുറ്റുപാടുമൊക്കെ വിശദമായി പരിശോധിച്ചു. കടയുടെ അടുത്തുതന്നെയുള്ള ശുചിമുറിയ്ക്കടുത്തെത്തിയപ്പോള്‍ അതിനകത്തു നിന്നും വളരെ നേരിയ സ്വരത്തിലുള്ള ഞരക്കം കേട്ടു. കക്കൂസിന്റെ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന വേലായുധനെയാണ് കണ്ടത്. അമ്മയും മക്കളും ആര്‍ത്തുകരഞ്ഞപ്പോള്‍ അയല്‍വാസികള്‍ ഓടിക്കൂടി. അബോധാവസ്ഥയിലായിരുന്ന വേലായുധനെ ഓട്ടോറിക്ഷയില്‍ കയറ്റി പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ മേരി ജേക്കബ്ബ് വേലായുധനെ പരിശോധിച്ച് അഡ്മിറ്റാക്കി.
1989 നവംബര്‍ 11-ന് വേലായുധന്‍ അതിക്രൂരമായി ആക്രമിക്കപ്പെടുകയായിരുന്നു. കടയുടെ പരിസരത്തുനിന്നും ഇരുമ്പുവടികൊണ്ട് തലയ്ക്കടിയേറ്റ് അവശനാക്കിയശേഷം അയാളെ വലിച്ചിഴച്ച് ശുചിമുറിയിലെത്തിച്ച കൊലയാളി അതിനകത്തിട്ട് പൂട്ടി കട കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു. വേലായുധന്റെ പ്രായം കൊണ്ടും ആരോഗ്യം കൊണ്ടും ചെറുത്തുനില്‍ക്കാന്‍ ശേഷിയില്ലാതിരുന്നതിനാല്‍ ആദ്യത്തെ അടിയില്‍ത്തന്നെ ബോധരഹിതനായി.
കൊലയാളി കടയിലെ സേഫ് കുത്തിത്തുറന്ന് പണം മോഷ്ടിക്കാനൊരുങ്ങുമ്പോള്‍ സേഫിന്റെ മുകള്‍ഭാഗത്ത് ചില്ലിട്ടുവെച്ച ഗണപതിയുടേയും സരസ്വതിയുടേയും ഫോട്ടോകള്‍ ഭക്തിപൂര്‍വ്വം തന്റെ രണ്ടു കൈകളും ഉപയോഗിച്ച് എടുത്ത് അവ സുരക്ഷിതമായി മേശപ്പുറത്ത് ഭദ്രമായി വെച്ചിട്ടാണ് ആള് പണികള്‍ തുടങ്ങിയത്.
പാലക്കാട് നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ജില്ലാ ആശുപത്രിയിലെത്തി വെള്ളയുടെ മൊഴിയെടുത്തു. പാലക്കാട് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 583/1989 Under section 457, 342, 392, 394 IPC എന്നീ വകുപ്പുകള്‍ പ്രകാരം ഒരു കേസ് രജിസ്റ്റര്‍ ചെയ്തശേഷം വിലപ്പെട്ട തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ സംഭവസ്ഥലം ഗാര്‍ഡ് ചെയ്യുന്നതിന് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചു. വളരെ ഗൗരവസ്വഭാവമുള്ള കേസായതിനാല്‍ നേരിട്ട് സംഭവസ്ഥലം സന്ദര്‍ശിച്ച് ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ ഉദ്യോസ്ഥര്‍ സ്ഥലത്തുവന്ന് പരിശോധന നടത്തുന്നതുവരെ തെളിവുകള്‍ നശിക്കാതിരിക്കുന്നതിനുള്ള മുന്‍ കരുതലുകളെടുത്തു.
ഫിംഗര്‍ പ്രിന്റ് എക്‌സ്‌പെര്‍ട്ടിന്റെ പരിശോധനയ്ക്കുശേഷം സംഭവസ്ഥലത്ത് നിന്ന് ലഭ്യമായ ഫിംഗര്‍ പ്രിന്റ് ഫോട്ടോഗ്രാഫ് ചെയ്തു. സംഭവസ്ഥലത്ത് കാണപ്പെട്ടതും അജ്ഞാതനായ കുറ്റവാളി വേലായുധനെ ആക്രമിക്കുന്നതിന് ഉപയോഗിച്ചിരിക്കാന്‍ സാധ്യതയുള്ളതുമായ (1) 2.12 മീറ്റര്‍ നീളമുള്ള മുളവടി (2) 60 സെ.മീറ്റര്‍ നീളമുള്ള മരത്തിന്റെ വടി (3) 67 സെ.മി നീളവും 10 സെ.മി വീതിയുള്ള പട്ടിക (4) 57 സെ.മി നീളമുള്ള ഇരുമ്പ് റോഡ് (5) ജനലിന്റെ ഗ്ലാസ് കഷണങ്ങള്‍ (6) സരസ്വതിയുടെ ഫോട്ടോ (7) ഗണപതിയുടെ ഫോട്ടോ (8) ഗ്രാനൈറ്റ് കഷണങ്ങള്‍ (9) ഗ്രാനൈറ്റ് കല്ല് (10) ലോക്ക് (11) ഗ്രീന്‍ കരയുള്ള മുണ്ട് (12) ഫുള്‍ കഫ് ഷര്‍ട്ട് (13) തോര്‍ത്ത് (14) ബ്ലാങ്കറ്റ് (15) പില്ലോ ക്ലോത്ത് പീസ് എന്നിവയൊക്കെ ബന്തവസിലെടുത്തു.
പോലീസ് ഡോഗ് നമ്പര്‍ 81 ടിന്റുവിന്റെ സഹായത്തോടുകൂടി സംഭവസ്ഥലത്തു പരിശോധന നടത്തിയെങ്കിലും കാര്യമായ സൂചനകള്‍ ഒന്നും തന്നെ ലഭ്യമായിരുന്നില്ല.
കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വേലായുധന്റെ മൊഴി രേഖപ്പെടുത്തുന്നതിന് സീനിയര്‍ സി.പി.ഒ കുമാരനെ നിയോഗിച്ചെങ്കിലും വേലായുധന്‍ അബോധാവസ്ഥയില്‍ ആയതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചില്ല.
ഇതിനിടയില്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വേലായുധന്‍ 15.11.1989ന് 12.10 മണിക്ക് മരണപ്പെട്ടു. ഈ കേസില്‍ 302 IPC വകുപ്പുകൂടി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ പി വി ഏലിയാസാണ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പോയി മരണപ്പെട്ട വേലായുധന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി, സ്ഥലത്തും നിന്നും കണ്ടെടുത്ത ആയുധങ്ങളുടെ ലിസ്റ്റ് തുടങ്ങിയ രേഖപ്പെടുത്തി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മറവ് ചെയ്യുന്നതിനായി ബോഡി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പാലക്കാട് ടൗണിന്റെ ഒത്ത നടുക്ക് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നുവെന്നത് ഡിപ്പാര്‍ട്ടമെന്റിന് ക്ഷീണമുണ്ടാക്കുന്ന സംഭവമായിരുന്നു. പ്രതിയെ പിടിക്കാന്‍ മുകളില്‍ നിന്നും സ്വാഭാവികമായും സമ്മര്‍ദ്ദമുണ്ടാവുമല്ലോ. പോലീസിന്റെ കൈയില്‍ ആകെയുള്ള തെളിവ് ഫിംഗര്‍പ്രിന്റ് മാത്രമാണ്. പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷിക്കാന്‍ തന്നെ തീരുമാനിച്ചു. അന്നൊക്കെ ദൂരസ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ മുന്‍കൂട്ടി ടി.എ വാങ്ങിക്കുമായിരുന്നു. സംഘത്തിലുണ്ടായിരുന്നവര്‍ കണ്ണൂരും കാസര്‍കോടും തിരുവനന്തപുരവുമൊക്കെ പോയെങ്കിലും നിരാശയായിരുന്നു ഫലം. പോലീസും കള്ളനും എന്നത് പഴകിദ്രവിച്ച ഒരു പ്രയോഗമാണെങ്കിലും പല കേസുകളിലും കള്ളന്മാര്‍ നിര്‍ണായകമായ തെളിവുകള്‍ തരാറുണ്ട്. അതുകൊണ്ടുതന്നെ പല ഉദ്യോഗസ്ഥരും കള്ളന്മാരുമായി അവര്‍ക്ക് പരിഗണന ലഭിക്കുന്ന തരത്തില്‍ ബന്ധം സൂക്ഷിക്കാറുണ്ട്. പാലക്കാടെ പ്രധാനകള്ളന്മാരെ ഞാന്‍ സ്വകാര്യമായി വിളിച്ച് വേലായുധന്റെ കൊലപാതകത്തെപ്പറ്റി പറഞ്ഞു. ഓരോ കള്ളന്റെയും രീതികള്‍ വ്യത്യസ്തമായിരിക്കും. കൊലപാതകം നടത്തി മോഷ്ടിക്കുന്ന അത്രയും ക്രൂരത ചെയ്യുന്നവരുടെ ലിസ്റ്റ് കിട്ടണമെങ്കില്‍ കള്ളന്മാര്‍ തന്നെ പറഞ്ഞുതരണം. പോരാത്തതിന് പുറത്തുനിന്ന് വന്ന് കളവ് ചെയ്ത് പോകുന്നവരെക്കുറിച്ചും ഇവര്‍ക്കേ അറിയാന്‍ കഴിയൂ. പല മോഷ്ടാക്കളോടും നയത്തില്‍ സംസാരിച്ചപ്പോള്‍ തമിഴ്‌നാട്ടുകാരനായ സെല്‍വരാജ് എന്ന മോഷ്ടാവിന്റെ രീതി മനസ്സിലാക്കാന്‍ കഴിഞ്ഞു. സെല്‍വരാജ് എന്ന പേരുമാത്രമേ കയ്യിലുള്ളൂ. ആള് തഞ്ചാവൂര്‍ക്കാരനാണെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു.
കൊലയാളിയെ കണ്ടെത്തണം. ഒരു സംഘം സഹപ്രവര്‍ത്തകര്‍ക്കൊപ്പം കേസന്വേഷണത്തിനായി തഞ്ചാവൂര്‍ക്ക് പുറപ്പെട്ടു. സിവില്‍ വേഷത്തില്‍ സെല്‍വരാജിന്റെ വീട്ടിലും പരിസരങ്ങളിലും കറങ്ങി നടന്ന് അന്വേഷണം നടത്തിയെങ്കിലും അയാളെ കണ്ടെത്താനായില്ല. വിശ്വസ്തരായ ചില ഗ്രാമവാസികളോട് അന്വേഷണം നടത്തിയപ്പോള്‍ അവര്‍ പറഞ്ഞത് ഇപ്രകാരമാണ്. ''സെല്‍വരാജ് മിക്കവാറും കേരളത്തില്‍ തന്നെയാണ് പലയിടത്തായി താമസിക്കുന്നത്. അവിടെ കളവ് നടത്തി കിട്ടുന്ന പണവുമായി വീട്ടില്‍ വന്ന് ഒന്നോ രണ്ടോ ദിവസം തങ്ങിയെങ്കിലായി. അതിനുശേഷം അവന്‍ കളവ് നടത്തുന്നതിനായി വീണ്ടും കേരളത്തിലേക്ക് തന്നെ പോകും.'' സെല്‍വരാജിന് അവിടെയൊരു സെലിബ്രിറ്റി പരിവേഷമുണ്ടായിരുന്നു. കളവ് നടത്തി തിരികെ നാട്ടിലെത്തി എല്ലാവര്‍ക്കും വേണ്ടതെല്ലാം പണംകൊടുത്ത് ചെയ്തുകൊടുക്കും. അയാള്‍ ആ ഗ്രാമത്തിന്റെ സംരക്ഷണത്തിലാണ് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.
സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ പോയി അവരുമായി സെല്‍വരാജിന്റെ പേരിലുള്ള ഗൗരവതരമായ കേസിന്റെ കാര്യം സംസാരിച്ചെങ്കിലും അവരില്‍ നിന്നും യാതൊരു സഹായവും ലഭിക്കില്ല എന്ന് മനസ്സിലായി. തഞ്ചാവൂരില്‍ നിന്ന് ഞങ്ങള്‍ തിരിച്ചുപോന്നു. പിന്നീട് പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനുവാദത്തോടെ സംഘടിപ്പിച്ച സ്‌ക്വാഡിന്റെ സഹായത്താല്‍ അന്വേഷണം തുടരാന്‍ തീരുമാനിച്ചു. എ.എസ്.ഐ ചന്ദ്രന്‍, സി.പി.ഒ മാരായ ബാവ, ഇസഹാക്ക്, നാരായണന്‍കുട്ടി, വര്‍ക്കി എന്നിവരായിരുന്നു സ്‌ക്വാഡിലെ അംഗങ്ങള്‍.
'മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക' എന്ന തത്വം മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് അന്വേഷണം തുടരാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പാലക്കാടും അതിന്റെ സമീപപ്രദേശത്തുമുള്ള കുപ്രസിദ്ധ കുറ്റവാളികളോട് സെല്‍വരാജിനെ അറിയുമോ, കണ്ടിട്ടുണ്ടോ, ഈയിടയെങ്ങാന്‍ പാലക്കാട് വന്നതായി അറിയുമോ എന്നെല്ലാം ചോദിച്ചറിയാന്‍ തീരുമാനിച്ചു. ഈ രീതിയില്‍ അന്വേഷണം തുടരവേ തമിഴ്‌നാട്ടുകാരനായ ഒരു കുപ്രസിദ്ധ കുറ്റവാളി രഹസ്യമായി ഒരു വിവരം തന്നു- സെല്‍വരാജിനെയും അവന്റെ കൂട്ടുകാരന്‍ രവിയെയും വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിയില്‍ വച്ച് കണ്ടുവത്രേ. അവിടെ ഒരു ലോഡ്ജില്‍ അവര്‍ താമസം തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി.
ഈ വിവരം കിട്ടിയ മാത്രയില്‍ പോലീസ് സൂപ്രണ്ടിന്റെ അനുവാദവും വാങ്ങി ഞാനും സ്‌ക്വാഡിലെ അംഗങ്ങളും ഒരു വാഹനത്തില്‍ നേരെ സുല്‍ത്താന്‍ ബത്തേരിയിലേയ്ക്ക് പോയി. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുല്‍ത്താന്‍ബത്തേരിയില്‍ ജോലി ചെയ്ത പരിചയം മുതലാക്കി അവിടെ എത്തിയ ഉടനെ എനിക്ക് പരിചയമുള്ള ലോഡ്ജുകള്‍ എല്ലാം കയറിയിറങ്ങി പരിശോധിച്ചു. തമിഴ്‌നാട്ടുകാരന്‍ കള്ളന്‍ നല്‍കിയ വിവരം സത്യമായിരുന്നെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. കാരണം സെല്‍വരാജിന്റെ കൂട്ടുകാരനായ രവിയെ അവിടെത്തെ ലോഡ്ജില്‍ നിന്നും പിടികൂടാനായി. പക്ഷേ സെല്‍വരാജ് സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും സ്ഥലം വിട്ടിരുന്നു.
സെല്‍വരാജിനെ കണ്ടുപിടിക്കുക എന്ന ദൗത്യം അതീവ സങ്കീര്‍ണ്ണവും ഏറെ കടമ്പകള്‍ കടക്കേണ്ട ഒരു പ്രശ്‌നവുമായി തീര്‍ന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ ക്രൈം സ്‌ക്വഡ് അംഗങ്ങള്‍ രണ്ടുപേര്‍ വീതം സഞ്ചരിച്ച് സെല്‍വരാജിനായി തിരച്ചില്‍ തുടര്‍ന്ന് കൊണ്ടിരുന്നു. ഇവരുടെ യാത്രചെലവിനുള്ള അഡ്വാന്‍സ് ടി.എ തന്ന് അന്നത്തെ പോലീസ് സുപ്രണ്ട് സഹായിച്ചുകൊണ്ടിരുന്നു. അങ്ങിനെ ഒരന്വേഷണ യാത്ര കഴിഞ്ഞ് ഷോര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സ്‌ക്വാഡ് അംഗങ്ങള്‍ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു. സര്‍, നാലു ദിവസമായി ഞങ്ങള്‍ പാലക്കാടുനിന്ന് പോന്നിട്ട്. തിരുവനന്തപുരം വരെ പോയിട്ടാണ് വരുന്നത്. സെല്‍വരാജിനെപ്പറ്റി ഒരു തുമ്പും കിട്ടിയിട്ടില്ല. ഞാന്‍ അവരോട് തിരിച്ച് പാലക്കാട്ടേയ്ക്ക് പോന്നോളാന്‍ പറഞ്ഞു. പക്ഷേ അതിന് മുമ്പ് ഷോര്‍ണൂര്‍ റെയില്‍വേ പോലീസ് സ്റ്റേഷനില്‍ കയറി ഒരന്വേഷണം നടത്തിയിട്ടേ വരാവൂ എന്ന നിര്‍ദ്ദേശം കൊടുത്തു.
ഷോര്‍ണൂര്‍ റെയില്‍വേ പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോഴാണ് അന്വേഷണത്തില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാവുന്നത്. അന്വേഷണസംഘത്തിന്റെ കൈയില്‍ കൊലയാളിയുടെ ഫിംഗര്‍ പ്രിന്റ് മാത്രമേയുള്ളൂ. റെയില്‍വേ പോലീസ് സ്‌റ്റേഷനില്‍ അവര്‍ അറസ്റ്റുചെയ്യുന്ന എല്ലാ കുറ്റവാളികളുടെയും ഫിംഗര്‍ പ്രിന്റ് സൂക്ഷിച്ചുവെച്ചിരുന്നു. സെല്‍വരാജിനെ മോഷണവുമായി ബന്ധപ്പെട്ട് കുറച്ചുനാള്‍ മുമ്പ് അറസ്റ്റുചെയ്തിരുന്നു. ഫിംഗര്‍ പ്രിന്റുമായി ഒത്തുനോക്കി ആള് ഇതുതന്നെ എന്നു സ്ഥിരീകരിച്ചു. ആരെ അറസ്റ്റ് ചെയ്താലും അയാളുടെ ഫോട്ടോ നിര്‍ബന്ധമായും എടുക്കണം എന്ന് സര്‍ക്കുലര്‍ റെയില്‍വേ പോലീസിന് ലഭിച്ചിരുന്നതിനാല്‍ സെല്‍വരാജിന്റെ ഫോട്ടോകൂടി അവിടെയുണ്ടായിരുന്നു. അങ്ങനെ സെല്‍വരാജിന്റെ മുഖം കണ്ടു എന്നത് തന്നെ അന്വേഷണത്തിലെ വലിയ ലീഡ് ആയിരുന്നു.
തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ സെല്‍വരാജിന്റെ ഫോട്ടോ പതിച്ച Authorisation letter കയ്യില്‍ വെച്ച് കൊണ്ടാണ് സ്‌ക്വാഡ് അംഗങ്ങള്‍ ഓരോരോ സ്ഥലത്തും കയറിയിറങ്ങിയത്.
വയനാട്ടില്‍ നിന്നും സെല്‍വരാജ് കറങ്ങിത്തിരിയാന്‍ സാധ്യതയുള്ള ജില്ലകളും സ്ഥലങ്ങളുമായിരുന്നു പോലീസിന്റെ പ്രധാന അന്വേഷണയിടങ്ങള്‍. സെല്‍വരാജിനെ അന്വേഷിച്ച് കണ്ണൂരിലും പരിസരങ്ങളിലും സഞ്ചരിച്ച് കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ എത്തിയ സി.പി.ഒ നാരായണന്‍കുട്ടിയും, വര്‍ക്കിയും കൂടി എന്നെ ഫോണ്‍ വിളിച്ച് പറഞ്ഞു. 'സര്‍ ഞങ്ങള്‍ മടങ്ങുകയാണ് ഒരു വിവരവും ഇതുവരെ കിട്ടിയില്ല.' അവരുടെ നിരാശ മനസ്സിലാക്കി അവരോട് തിരികെ വന്നുകൊള്ളാന്‍ മനസ്സില്ലാമനസ്സോടെ ഞാന്‍ പറഞ്ഞു.
അടുത്ത നിമിഷം തന്നെ നാരായണന്‍കുട്ടിയുടെ ഫോണ്‍ വന്നു: സര്‍, സെല്‍വരാജിനെ കിട്ടി! ഉടന്‍ തന്നെ പോലീസ് സൂപ്രണ്ടിന്റെ അനുവാദത്തോടുകൂടി 18.02.1990 തീയതി തന്നെ സ്‌ക്വാഡിലെ എ.എസ്.ഐ ചന്ദ്രനെയും മറ്റു പോലീസ് ഉദ്യോഗസ്ഥരേയും കണ്ണൂരേക്ക് അയച്ചു. അവര്‍ പ്രതിയേയും കൊണ്ട് കണ്ണൂരില്‍ നിന്നും പാലക്കാട് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ 19.02.1990 രാവിലെ 4.00 മണിക്ക് എത്തിച്ചേര്‍ന്നു.
19.02.1990 തീയതി ഞാന്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്തു. കടയില്‍ നിന്ന് എടുത്ത 1100/- രൂപ ചെലവായി പോയെന്നും അവിടെ നിന്ന് എടുത്ത താക്കോല്‍ കൂട്ടം അവിടെയുളള കിണറ്റില്‍ ഇട്ടിട്ടുണ്ടെന്നുമായിരുന്നു അയാളുടെ പ്രതികരണം.
കേരള പോലീസിന്റെ ചിട്ടയായ അന്വേഷണത്തോടെ, സംഘത്തിന്റെ ബുദ്ധിപരമായ നീക്കത്തോടെ കേസന്വേഷണം ഒട്ടും താമസമില്ലാതെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. സെല്‍വരാജിന്റെ പേരില്‍ കവര്‍ച്ചക്കും, കൊലകുറ്റത്തിനുമുള്ള കുറ്റപത്രം കോടതിയില്‍ ഹാജരാക്കി. സെഷന്‍സ് കേസ് നമ്പര്‍ 1/1991 നമ്പറായി പാലക്കാട് സെഷന്‍സ് കോടതിയില്‍ വിചാരണ നടത്തി കോടതി അയാളെ 14 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.
പീന്നീട് ഹൈക്കോടതിയില്‍ സെല്‍വരാജ് നല്‍കിയ ക്രിമിനല്‍ അപ്പീല്‍ വിചാരണയ്ക്ക് വരികയും സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി ശരിവയ്ക്കുകയും ചെയ്തു.
ഈ കൊലപാതകം തെളിയിക്കുന്നതിന് അടിസ്ഥാനതെളിവായി മാറിയത് സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വിരലടയാളം മാത്രമാണ്. യാതൊരു സാക്ഷിയും ഇല്ലാതിരുന്നിട്ടും ശാസ്ത്രീയമായ തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രം കുറ്റകൃത്യം തെളിയിക്കുകയും ഹൈക്കോടതി വരെ ശിക്ഷ ശരി വയ്ക്കുകയും ചെയ്ത ഈ കേസിന്റെ അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പോലീസ് സര്‍വീസിലെ അഭിമാനകരമായ ഒരു അധ്യായമായിരുന്നു അത്. 1996-ല്‍ ചന്ദ്രശേഖരന്‍ നായര്‍ മെമ്മോറിയല്‍ അവാര്‍ഡായി ഒരു പവന്‍ സ്വര്‍ണമെഡലും 5000 രൂപയും തിരുവനന്തപുരത്ത് വെച്ച് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരില്‍ നിന്നും ഏറ്റുവാങ്ങി. സമ്മാനം ഒറ്റയ്ക്കുവാങ്ങിയെങ്കിലും കേരള പോലീസിലെ മിടുക്കരായ ഒരു സംഘത്തിനുള്ള അംഗീകാരം അവര്‍ക്കായി ഏറ്റുവാങ്ങിയതാണ് ഞാന്‍ എന്നു പറയാനാണ് എനിക്കിഷ്ടം.
Content Highlights: open file column by george arakkal rtd sp of kerala police service story
Published: 08 Jan 2025, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented