
ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി മേഖലയായ ബസ്തര്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംഘര്‍ഷഭരിതമാണ്. ഭാരതീയപുരാണങ്ങളില്‍ ദണ്ഡകാരണ്യമെന്നുപേരുള്ള ബസ്തര്‍ ഇന്ന് ഛത്തീസ്ഗഢിന്റെ ഭാഗമാണ്.ഐതിഹാസികമായും ഭൂമിശാസ്ത്രപരമായും നരവംശശാസ്ത്രപരമായുമൊക്കെ ഏറെ സവിശേഷതകളുണ്ട് ബസ്തറിന്. ഇന്ത്യന്‍ ഭൂപടത്തില്‍ ചോരച്ചുവപ്പിനാല്‍ കലാപഭൂമിയെന്ന നിലയില്‍ അടയാളപ്പെടുത്തപ്പെട്ട്, സുരക്ഷാ ക്യാമ്പുകളാല്‍ വലയം ചെയ്യപ്പെട്ട് ഈ പ്രദേശം എക്കാലവും വാര്‍ത്തകളില്‍ നിറയുന്നു.
അപരിചിതമായ ആ ഭൂപ്രദേശങ്ങളിലൂടെ അപരിചിതര്‍ക്കൊപ്പം നടത്തിയ അസാധാരണമായ യാത്രകളുടെ അനുഭവവിവരണമാണ് നന്ദിനി മേനോന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ആംചോ ബസ്തര്‍.' തന്റെ പുസ്തകവുമായി നന്ദിനി ബസ്തറിലെത്തിയപ്പോള്‍ അവിടെത്തെ അന്തരീക്ഷം വീണ്ടും കലുഷിതമായിരിക്കുകയാണ്. ബസ്തറിലെ അനുഭവം പങ്കുവെക്കുകയാണ് എഴുത്തുകാരി.
എല്ലാ വഴികളും ഒരേ ലക്ഷ്യത്തിലേക്കെത്തിക്കുന്നു. അല്ലെങ്കില്‍ ഒരേ ലക്ഷ്യത്തിലേക്കുള്ള എല്ലാ വഴികളും ഒന്നുതന്നെ എന്ന വലിയ പാഠം വീണ്ടും തുറന്നുവായിച്ചതിന്റെ ഉള്‍പുളകത്തില്‍ ഞാന്‍ എഴുതുകയാണ്. ഇത്തവണ ബസ്തറില്‍ പോയത് കുറച്ചു കൂട്ടുകാര്‍ക്ക് നേരിട്ട് 'ആംചൊ ബസ്തര്‍' പുസ്തകം കാണിച്ചുകൊടുക്കാനും ഒപ്പം നടന്ന വഴികള്‍ക്കും വെയിലിനും തണലിനും സ്‌നേഹം അറിയിക്കാനുമാണ്. വരുന്നുണ്ടെന്ന് പറഞ്ഞപ്പോഴേ ഷക്കീല്‍ ഭയ്യ ആദ്യം പറഞ്ഞത്, നമുക്ക് അബുജ്മാറിലേക്ക് പോകാമെന്നാണ്.
അബുജ്മാര്‍. അറിയാമലകളുടെ നാട്. മധ്യഇന്ത്യയില്‍ 'സ്വതന്ത്രമാക്കപ്പെട്ട ഭൂഭാഗം'. 1980 മുതല്‍ മറ്റു ഭാരതീയര്‍ക്ക് പ്രവേശനം നിഷേധിച്ച, (2006 മുതല്‍ പെര്‍മിറ്റോടെയും 2009 മുതല്‍ പെര്‍മിറ്റില്ലാതെയും) എന്നാല്‍, ഏതു കാലത്തും ഒരാളേയും ഇന്ദ്രാവതി കടന്ന് കാലെടുത്തു കുത്താന്‍ അനുവദിക്കാത്ത ബസ്തറിന്റെ ഹൃദയഭാഗം. 'ആംചൊ ബസ്തര്‍' പുസ്തകത്തില്‍ ഇതേക്കുറിച്ച് കൂടുതല്‍ വിശദമാക്കിയിട്ടുണ്ട്.
രണ്ടു വര്‍ഷം മുമ്പ് ബാര്‍സുര്‍ പാലം കടക്കാനാഞ്ഞ ഞങ്ങളോട് പാലത്തില്‍നിന്ന് ഫോട്ടോ എടുത്ത് തിരിച്ചുപോകാന്‍ സൈനികന്‍ കല്പിച്ചു. ഇനിയിപ്പോള്‍ പാലം കടന്നാലും അബുജ്മാറില്‍ റോഡോ വഴിയോ വെളിച്ചമോ ഒന്നുമില്ലാത്തതിനാല്‍ പോകാനും കഴിയില്ലായിരുന്നു. 'നിങ്ങള്‍ വേണമെങ്കില്‍ നടന്നൊന്നു പോയി നോക്കൂ' എന്നു തെല്ലുപരിഹാസത്തോടെ വെല്ലുവിളിച്ച PWG കമാന്‍ഡര്‍ (വിരമിച്ച?) എന്റെ മോഹം കൂട്ടിയതേയുള്ളു.

ഷക്കീല്‍ റിസ്‌വിയും സുരേഷ് പൊയ്യാമും കൂടെ ഉണ്ടായിരുന്നു. ഛോട്ടെ ഡോംഗര്‍, ഓര്‍ഝ വഴിയാണ് ഇത്തവണ അംബുജ്മാര്‍ യാത്ര. മൂന്നു പതിറ്റാണ്ടിലധികമായി കാംകേര്‍ ബിജാപുര്‍ ഒഴിച്ചുള്ള ബസ്തര്‍ ഡിവിഷനാകെ, ചാവിനും പേറിനും വിത്തിനും കുത്തിനും കാലിക്കും കൂലിക്കുമായി അലഞ്ഞുനടക്കുന്ന ഷക്കീല്‍, ഓര്‍ഝയിലേക്ക് കടന്നിട്ടു ഇരുപതു വര്‍ഷങ്ങളെങ്കിലുമായി. അതിന്റെ ഒരു ത്രില്ലും എനിക്കുണ്ട്.
'ഭയ്യാ...ഞാനാണ് നിങ്ങളെ അബുജ്മാറിലേക്ക് ആദ്യമായി കൊണ്ടുപോകുന്നത്...' എന്റെ നേതൃത്വം ശിരസാ വഹിച്ചുകൊണ്ട് ഷക്കീല്‍ പതിവു പുഞ്ചിരിയില്‍ നെട്ടനെ നിന്നു.
റോഡ് വളരെ നല്ലതൊന്നുമല്ലെങ്കിലും വലിയ മോശവുമല്ല. റോഡുവക്കത്തൊന്നും ഗ്രാമങ്ങളോ കൃഷിയിടങ്ങളോ അധികമില്ല. വേനലില്‍ പഴുത്തുകൊഴിഞ്ഞ കാടാണ്. ദൂരെ ആദ്യത്തെ സേനാക്യാമ്പ് കണ്ടു.
ചോദിച്ചാലെന്തു പറയണം?
യാത്രികര്‍, അത്ര തന്നെ!
സുരേഷ് പൊയ്യാം നമ്മുടെ വഴികാട്ടിയും.
ക്യാമ്പു കടന്നു. പൊരിവെയിലില്‍ പുറത്താരും ഇല്ല. ചോദ്യമില്ല, ഉത്തരങ്ങള്‍ ബാക്കി.
ഛോട്ടെ ഡോംഗര്‍ എത്തി. സ്വര്‍ണത്തിലും വില കൂടിയ വല്ലതും ഉരുക്കി ചരിത്രത്തില്‍ എഴുതേണ്ട നാമം. അബുജ്മാറില്‍ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട ഗ്രാമം, 2016-ല്‍! മുക്കാല്‍ നൂറ്റാണ്ടിന്റെ മുതുക്കന്‍ സ്വാതന്ത്ര്യമേ നിനക്കു നമസ്‌കാരം!
വീണ്ടും സേനാ ക്യാമ്പ്. ഞങ്ങള്‍ ചോദ്യങ്ങള്‍ ഒരുക്കി, ഉത്തരങ്ങള്‍ കൂര്‍പ്പിച്ചു. എല്ലാം ബാക്കിയായി... കല്ലുകെട്ടി തൂക്കിയിരിക്കുന്ന മുളവടി തലയില്‍ വന്നു വീഴാത്തതു ഭാഗ്യം.
പെട്ടെന്നാണ് വിജന റോഡരികുകള്‍ ശബ്ദമുഖരിതമായത്. ഇരുവശവും നിരനിരയായി ലോറികള്‍. നിര്‍ത്തിയിട്ടവ, നീങ്ങിക്കൊണ്ടിരിക്കുന്നവ, എതിരെ
വരുന്നവ. ഒരു പട്ടിക്കുറുക്കന്‍ പോലും കുറുകെ ഓടാതിരുന്ന യാത്രക്കിടയില്‍, തമ്പാക്കു കയ്യിലിട്ടു തിരുമ്മുന്ന ചെറുപ്പക്കാരായ ഡ്രൈവര്‍മാര്‍. അവര്‍ വലിച്ചെറിഞ്ഞ വെള്ളക്കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, പ്ലേറ്റുകള്‍, ഉപേക്ഷിച്ച തുണികള്‍...
ഇടതുവശത്തേക്ക് രാജവീഥി പോലൊരു മണ്‍പാത കയറിപ്പോകുന്നു. ചുവന്ന മണ്ണു പറത്തിക്കൊണ്ട് ലോറികള്‍ അതിലൂടെ വരിവരിയായി... ഞാന്‍ എണ്ണാന്‍ നോക്കി, നൂറുവരെയൊക്കെയേ എനിക്ക് കഷ്ടിച്ചറിയൂ... എണ്ണല്‍ നിര്‍ത്തി. ഓരോ വണ്ടിയിലും നാലും അഞ്ചും ആളുകള്‍. ഒരു പൂരത്തിന്റെ പൊലിമ. അതിനിടയില്‍ ഒരു കാറും അതിലെ നാലു മനുഷ്യരും. അവരൊട്ടും സ്വാഗതം ചെയ്യുന്നില്ലായെന്ന് കൃത്യമായി പറയുന്നുമുണ്ട് .
അബുജ്മാറിന്റെ പ്രവേശന കവാടമായ ഓര്‍ഝയില്‍ ഖനനം തുടങ്ങിയിട്ട് കാലങ്ങളായെന്ന് ആ പരിസരം വീക്ഷിച്ചാല്‍ അറിയാം. അടിമുടി ചുവന്ന ഇരുമ്പയിരില്‍ കുളിച്ച വനം. ഇപ്പോഴെടുക്കുന്നത് മേല്‍പ്പാളി ആണ്. യഥാര്‍ഥ നിധി വരാന്‍ പോകുന്നേയുള്ളു. ഇനി വരുന്ന അരനൂറ്റാണ്ടിലേക്കുള്ള അക്ഷയഖനി.

ചിലരുടെയൊക്കെ ദയാവായ്പുകൊണ്ട് ലോറികള്‍ക്കിടയില്‍ കുടുങ്ങാതെ ഖനിയിലേക്കു തിരിയുന്ന റോഡും മറികടന്ന് ഞങ്ങള്‍ നേരെ അംബുജ്മാറിലേക്കു വിട്ടു. വലിയൊരു പോലീസ് ക്യാമ്പ്. ആരോ വരാന്തയിലുണ്ട്. പക്ഷെ, ചോദ്യങ്ങളൊന്നുമില്ല. അബുജ്മാര്‍, ഏറെ തടഞ്ഞതും മടക്കിയതും പിന്തിരിപ്പിച്ചതും വെല്ലുവിളിച്ചതുമായ ഒരു പ്രദേശത്തിലേക്ക് ഇങ്ങനെ കടന്നുവരാമെന്ന് കരുതിയതേയില്ലല്ലോ.
റോഡിനു കുറുകെ രണ്ടു മരങ്ങള്‍ പുഴക്കിയിട്ടിരിക്കുന്നു. കുറച്ചപ്പുറത്ത് ഒരുപിടി പച്ചിലത്തൂപ്പും. രസ്താ ബന്ദ്. വഴി തടയല്‍. യാത്ര അവസാനിച്ചു. തൊട്ടപ്പുറത്ത് ഒരു ചെറിയ മണ്‍കുടില്‍. ചുവന്ന മണ്ണില്‍ കുഴിയാനകളെപ്പോലെ നഗ്‌നരായ രണ്ടു കുഞ്ഞുങ്ങള്‍, ചായ പോലുള്ള വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് കൂടുതല്‍ മുഷിഞ്ഞുപോയ തുണികള്‍ വേലിക്കല്‍ തൂക്കുന്ന ഒരു സ്ത്രീ.
ഒരു മനുഷ്യന് ഇരുകൈകള്‍കൊണ്ടും എടുത്തു മാറ്റിയിടേണ്ട വലുപ്പമേ റോഡിലിട്ട മരങ്ങള്‍ക്കുള്ളൂ. പക്ഷെ, അതൊരു അടയാളമാണ്. അതൊരു താക്കീതും ആണ്. രണ്ടു പേര്‍ റോഡു തൊടാതെ കാട്ടിലൂടെ കയറിയിറങ്ങി വരുന്നു. മരം മുറിച്ചിട്ടിട്ട് ഇത് മൂന്നാം ദിനമാണ്. തൊട്ടപ്പുറത്ത് ഒരു ജിയോ ടവറും കത്തിച്ചിട്ടുണ്ട്- അവര്‍ അറിയിച്ചു.
എത്ര സൗകര്യമുള്ള സ്ഥലത്താണ് രസ്താ ബന്ദ്! കൊണ്ടേഗാവില്‍നിന്ന് ലോറികള്‍ക്ക് എണ്‍പതിലധികം കിലോ മീറ്റര്‍ ഓടി ഇടതു തിരിഞ്ഞ്, ഉള്‍ക്കാട്ടിലെ ഖനിയിലേക്കു പോകാനുള്ള വഴിയിലൊന്നും ഒരു അലോസരവുമുണ്ടാക്കാതെ, ചിരട്ട കമിഴ്ത്തിയതു പോലുള്ള വീടുകള്‍ക്കിടയില്‍, അബുജ്മാറിലേക്കുള്ള കവാടമെത്തും മുമ്പേ നാലു പച്ചിലക്കൊമ്പൊടിച്ചിട്ട് ഒരു തീവെപ്പും നടത്തി ഖനനത്തിന് എതിരെ പ്രതിഷേധം! ഓര്‍ഝയിലേക്കു ഞങ്ങള്‍ വന്ന റോഡുണ്ടാക്കാനും മരങ്ങള്‍ മുറിച്ച് ഖനികള്‍ക്കരികിലേക്ക് റോഡു വെട്ടാനും രണ്ടു വര്‍ഷമെങ്കിലുമെടുത്തു കാണും. നൂറു കണക്കിന് ലോറികളും മണ്ണുമാന്തികളും ജോലിക്കാരും ഡ്രൈവര്‍മാരുമായി വലിയൊരു കൂട്ടം എത്രയോ മാസങ്ങളായി കാടു നിരങ്ങുന്നു. 'സ്വതന്ത്രമാക്കപ്പെട്ട ഭൂഭാഗ'ത്തിലൂടെ വര്‍ഷങ്ങളെടുത്ത ഈ പണി ആരംഭിക്കുമ്പോള്‍ ഇതൊന്നും അറിയാതെ പോയവരാണോ ഇപ്പോള്‍ ശീമക്കൊന്ന മുറിച്ചിട്ട് പ്രതിരോധവും പ്രതിഷേധവും സൃഷ്ടിച്ചത്, അതും ഖനികള്‍ക്കുള്ള റോഡിനും അപ്പുറത്ത്?
മൂന്നു സുരക്ഷാ ക്യാമ്പുകള്‍ ഞങ്ങള്‍ കടന്നു. തടസ്സപ്പെട്ട, വേറെ പിരിവുകള്‍ ഇല്ലാത്ത പാതയിലൂടെ എങ്ങോട്ടു പോകുന്നു എന്നാരും ചോദിച്ചില്ല. വഴി തടസമുണ്ട് എന്നുപറഞ്ഞാരും മടക്കി അയച്ചില്ല. മൂന്നു ദിവസമായി എന്ന് പരിസരവാസികള്‍ക്ക് അറിയാം. അധികാരപ്പെട്ടവര്‍ക്ക് അറിയില്ലായിരിക്കുമോ?
ആകാശ ബോംബിങ്, ഏരിയല്‍ അറ്റാക് എന്നൊക്കെ പലയിടത്തും വായിച്ചു. എന്തിന്? അവിടെ ഒരുവശത്ത് നിര്‍ബാധം ഖനനവും മറുവശത്ത് ആചാരപ്രകാരം പ്രതിഷേധവും നടക്കുന്നുണ്ടല്ലോ... ഇരുകൂട്ടരും തങ്ങളുടെ ജോലിയും കടമയും കൃത്യമായി നിര്‍വഹിക്കുന്നുണ്ടല്ലോ. പിന്നെന്തിന് വെറുതെ പാഴ്‌ച്ചെലവ്?
ചെലവൊന്നും പാഴല്ല. ബസ്തര്‍ കലാപഭൂമിയായി അടയാളപ്പെടേണ്ടത് ബസ്തര്‍വാസികള്‍ ഒഴിച്ച് മറ്റെല്ലാവരുടെയും ആവശ്യമാണ്. ഒരുവശത്ത് കൂടുതല്‍ ഫണ്ട്, കൂടുതല്‍ നീക്കിവെപ്പ്, കൂടുതല്‍ അലവന്‍സ്, കൂടുതല്‍ പ്രോജക്റ്റ്‌സ്, കൂടുതല്‍ ഉദ്യോഗസ്ഥര്‍. മറുവശത്തോ? കൂടുതല്‍ വിലപേശലുകള്‍, കൂടുതല്‍ സ്വാധീനങ്ങള്‍, കൂടുതല്‍ ഇടനിലങ്ങള്‍. നാടകങ്ങള്‍ അരങ്ങത്താണ് നടക്കുക. പുറത്തുകേള്‍ക്കുന്നത് എഴുതിത്തയ്യാറാക്കിയ ശബ്ദങ്ങള്‍ മാത്രമാണ്.
നാലു മണിക്കൂര്‍ യാത്ര വെറുതെയായല്ലോ, ഇത്തവണയും അബുജ്മാര്‍ പിടിതന്നില്ലല്ലോ എന്നൊക്കെ ആലോചിക്കുകയാണെങ്കില്‍... അങ്ങനെയല്ല എന്നും പറയാം. ഒരു യാത്രയും വെറുതെയാവുന്നില്ല. പ്രസ്ഥാനം ആവശ്യപ്പെട്ടതനുസരിച്ച് 'ഓപറേഷനില്‍' പങ്കെടുത്ത്, തിരിച്ചുവീട്ടിലേക്കു മടങ്ങിവരാനുള്ള അനുമതി കിട്ടാതെ കാട്ടില്‍ ചിതല്‍പ്പുറ്റുപോലിരിക്കുന്ന സുരേഷിനെ (പേര് അതാവണമെന്നില്ല) കണ്ടത് ഇതുപോലൊരു പാതിവഴി മടക്കത്തിലായിരുന്നു. NITയില്‍ പ്രവേശനം ലഭിച്ചിട്ടും അവിടെയെത്താന്‍ കഴിയാതെപോയ സോമേരു കവാസിയെ പരിചയപ്പെട്ടത് ഇതുപോലൊരു മടക്കയാത്രയിലായിരുന്നു.
ബല്ലാഡില പോലെ ഭാവിയില്‍ വമ്പനൊരു പാതാളക്കുഴിയായി മാറിയേക്കാവുന്ന ഓര്‍ഝ ഖനിയിലേക്കുണ്ടാക്കിയ രാജവീഥിയും വഴിയരികിലെ ആള്‍ക്കൂട്ടവും അവിടത്തെ ഉത്സാഹത്തിമിര്‍പ്പും അതിന്റെ ബാല്യാവസ്ഥയില്‍ തന്നെ കാണാനായില്ലേ! ഒപ്പം, കരടി മാന്തിയും പേറ്റുനോവെടുത്തും ചോര തൂറിയും വിഷം തീണ്ടിയും ആശുപത്രിയിലേക്ക് പല്ലക്കുകെട്ടി കാടു താണ്ടുന്നവരുടെ വഴിയില്‍ മുറിച്ചിട്ട കോലും തൂപ്പും കണ്ടല്ലോ! മാത്രമല്ല, പല വഴികള്‍ ചേര്‍ന്നെത്തുന്ന ഏകലക്ഷ്യത്തെക്കുറിച്ചുള്ള വലിയ പാഠവും ഒന്നോടിച്ചു വായിച്ചല്ലോ!
ഒരു സാധാരണ യാത്രികയ്ക്ക് ഇതൊക്കെത്തന്നെ അധികമല്ലേ; 2023 ഏപ്രില്‍ 16 ഉച്ചതിരിഞ്ഞ് രണ്ടിനും അഞ്ചിനുമിടയ്ക്കുള്ള കാഴ്ച്ചകളും ദൃശ്യങ്ങളും...
Content Highlights: Nandini Menon, Amcho Bastar, Bastar, Mathrubhumi
Published: 27 Apr 2023, 02:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented