കഴിഞ്ഞയാഴ്ച മൈക്രോസോഫ്റ്റിന്റെയടക്കം ഓൺലൈൻ സേവനങ്ങളിലുണ്ടായ ലോകവ്യാപക തടസം 70- ഓളം രാജ്യങ്ങളിലെ സർക്കാർ ഏജൻസികളെയടക്കം ബാധിച്ചിരുന്നു. മൈക്രോസോഫ്റ്റ് സേവനങ്ങൾക്ക് പുറമെ അമേരിക്കയിലെ ഓൺലൈൻ ബാങ്കിങ് സംവിധാനങ്ങൾ മുതൽ ആപ്പിളിന്റെ വിവിധ സേവനങ്ങൾവരെ വ്യാപകമായി തടസപ്പെട്ടു. ഇതിന്റെയൊന്നും പിന്നിൽ സൈബർ ആക്രമണങ്ങളല്ല എന്നാണ് വിവിധ കമ്പനികളും ഭരണകൂടങ്ങളും ആവർത്തിച്ച് പറയുന്നത്.

To advertise here,

സാങ്കേതിക തകരാറുകൾ പരിഹരിച്ച് എല്ലാം സാധാരണ നിലയിലാക്കാൻ യുഎസിലെ വൻ കമ്പനികളടക്കം ശ്രമം നടത്തുന്നതിനിടെ ഈ തകരാറുകൾക്ക് പുറമേ കാണുന്നതിനേക്കാൾ വലിയ കാരണങ്ങളുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധരടക്കം ചൂണ്ടിക്കാട്ടുന്നു എന്നത് ശ്രദ്ധേയമാണ്.

വ്യത്യസ്ത നിലപാടുമായി സൈബർ സുരക്ഷാ വിദഗ്ധർ

ഈ വിഷയത്തിൽ ന്യൂയോർക്ക് ടൈംസിലെ മുൻ സൈബർ സുരക്ഷാ റിപ്പോർട്ടറും 'ദിസ് ഈസ് ഹൗ ദേ ടെൽ മി ദി വേൾഡ് എൻഡ്‌സ്: ദി സൈബർവെപ്പൺസ് ആംസ് റേസ്' എന്ന ബെസ്റ്റ് സെല്ലർ ഗ്രന്ഥത്തിന്റെ രചയിതാവുമായ നിക്കോൾ പേൾറോത്ത് എക്‌സിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. ടെക് കമ്പനികളും സർക്കാർ ഏജൻസികളും പറയുന്നതിൽനിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് അവർ മുന്നോട്ടുവെക്കുന്നത്.

വിവിധ മേഖലകളിൽ നിർമിതബുദ്ധി (എഐ) ഉപയോഗത്തിലുണ്ടായ അതിവേഗ മുന്നേറ്റമാണ് സമീപകാല സൈബർ തകരാറുകൾക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്ന് ആഗോള സൈബർ സുരക്ഷാ രംഗത്തെ പ്രമുഖ ശബ്ദങ്ങളിലൊരാളായ പേൾറോത്ത് പറയുന്നു.

എന്താണ് vulnpocalypse?

'ഗുരുതരമായ സൈബർ സുരക്ഷാ വീഴ്ചകൾ കണ്ടെത്തുന്നതിൽ എഐയുടെ വരവോടെ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നിരട്ടി വേഗത്തിലാണ് എഐ ഉപയോഗിച്ച് പുതിയ സുരക്ഷാ വീഴ്ചകൾ കണ്ടെത്തുന്നത്. ഈ പ്രതിഭാസത്തെ 'വൽനഗെഡൺ' (vulnageddon) അല്ലെങ്കിൽ 'വൽനപോക്കലിപ്‌സ്' (the vulnpocalypse) എന്നാണ് വിശേഷിപ്പിക്കുന്നതെന്നും അവർ പറയുന്നു.

ഈ സുരക്ഷാ വീഴ്ചകൾ ചൂഷണം ചെയ്യാൻ എടുക്കുന്ന സമയം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. സോഫ്റ്റ്‌വെയർ നിർമ്മാതാക്കൾ സുരക്ഷാ പഴുതുകൾ അടയ്ക്കുന്നതിനേക്കാൾ വളരെ വേഗത്തിൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്താനും ചൂഷണം ചെയ്യാനും ആക്രമണകാരികളെ എഐ സഹായിക്കുന്നു. ഈ സാഹചര്യം സോഫ്റ്റ്‌വെയർ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള സമയം കുറയ്ക്കുന്നതിനും സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ വേഗത്തിലാക്കുന്നതിനും വലിയ സമ്മർദ്ദം കമ്പനികൾക്കുമേൽ സൃഷ്ടിക്കുന്നു. ഇത് പ്രതീക്ഷിക്കാത്ത വിധത്തിൽ കൂടുതൽ തകരാറുകൾക്ക് കാരണമാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

എല്ലാ കാര്യങ്ങളിലും എഐ ഉൾപ്പെടുത്തണമെന്ന നിർബന്ധം അപകടകരമാണ്. താങ്ങാൻ കഴിയാത്ത ദുർബലമായ അടിസ്ഥാന സൗകര്യങ്ങൾക്ക് മുകളിലാണ് നമ്മൾ എഐ സംവിധാനങ്ങൾ വ്യാപകമാക്കുന്നത്. 'നാം സമാനതകളില്ലാത്ത സാങ്കേതിക അസ്ഥിരതയുടെ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.ആക്രമണകാരികളോ, മോശം അപ്ഡേറ്റുകളോ, അല്ലെങ്കിൽ നമ്മുടെ സ്വന്തം വീഴ്ചകളോ മൂലം ഒന്നിനുപുറകെ ഒന്നായി തകർച്ചകൾ ഉണ്ടാകുന്ന ഒരു കാലഘട്ടത്തിലേക്കാണ് നമ്മൾ പോകുന്നത്. ഖേദകരമെന്നു പറയട്ടെ, ഇത് വെറുമൊരു തുടക്കം മാത്രമാണ്.' - അവർ പറയുന്നു.