ഫെയറി ടെ‌യിൽ കഥകളിലെ ഗ്ലാസ് സ്ലിപ്പറുകളും നീണ്ട നേരത്തെ കാത്തിരിപ്പും ഒക്കെ ഇന്നത്തെ കാലത്ത് ഔട്ട്‌ഡേറ്റഡ് ആണ്. വെളുത്ത കുതിരപ്പുറത്ത് വന്ന് രക്ഷിക്കാൻ രാജകുമാരനെ കാത്തിരിക്കുന്ന പഴയകാല കാസ്റ്റിങ് കോളിനോട് ഇന്നത്തെ പെൺകുട്ടികൾ പറയുന്ന ഒരൊറ്റ മറുപടിയേ ഉള്ളൂ- "ഞാൻ തന്നെയാണെന്റെ നായിക...!" കിരീടമോ സിംഹാസനമോ ഇല്ലാതെ തന്നെ സ്വന്തം റൂൾസിൽ ജീവിക്കുന്ന 'പ്രിൻസസ് വൈബ്' പല പെൺക്കുട്ടികളുടെ ജീവിതത്തെ സന്തോഷകരമായി മാറ്റുന്നു.

To advertise here,

സ്വന്തം ജീവിതത്തിന്റെ തിരക്കഥ രചിക്കാനും, അരങ്ങിൽ നിറഞ്ഞുനിൽക്കാനും ഓരോരുത്തർക്കും അവകാശമുണ്ട്. ആത്മവിശ്വാസത്തോടെ സ്വന്തം ജീവിതത്തെ നയിക്കാനുള്ള ശക്തമായ തിരിച്ചറിവാണ് ഇതിലൂടെ ലഭിക്കുന്നത്. ഇത് മറ്റുള്ളവരെ അവഗണിക്കുന്നതോ അഹങ്കാരം കാണിക്കുന്നതോ ആയ ടോക്സിക് സ്വഭാവമായി മാറാതെ നിലനിന്ന് പോകേണ്ടതും അത്യാവശ്യമാണ്.

സെൽഫ് ഓതർഷിപ്പ്: സ്വന്തം സ്റ്റോറിയുടെ ബോസ്

മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ആലോചിച്ച് ജീവിച്ച് മടുത്തോ? സെൽഫ് ഓതർഷിപ്പ് എന്നുവെച്ചാൽ വേറെയൊന്നുമല്ല, നിങ്ങളുടെ സ്റ്റോറിയുടെ ബോസ് നിങ്ങളാണെന്ന് തിരിച്ചറിയുക. സ്വന്തം ജീവിതത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുക എന്നതാണ് കാതൽ. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് അമിതപ്രാധാന്യം നൽകാതെ സ്വന്തം തീരുമാനങ്ങളിൽ വിശ്വസിക്കുക. ഇതിന്റെ ഭാഗമായി ചുറ്റുപാടുകളെയും ശീലങ്ങളെയും മാറ്റിയെഴുതേണ്ടതുണ്ട്. മനസ്സിന് ഊർജം പകരുന്ന നല്ല പാട്ടുകൾ മാത്രം പ്ലേലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് മുതൽ, മാനസികാരോഗ്യത്തിന് ഹാനികരമായ ടോക്സിക് സൗഹൃദങ്ങളിൽനിന്ന് മാറ്റിനിൽക്കുന്നതുവരെ ഇതിൽ ഉൾപ്പെടുന്നു. സ്വന്തം സന്തോഷത്തിനും സമാധാനത്തിനും മുൻഗണന നൽകാൻ തുടങ്ങുമ്പോഴാണ് യഥാർത്ഥത്തിൽ ആത്മവിശ്വാസം വളരുന്നത്. 

കീപ് ബൗണ്ടറീസ്: 'നോ' പറയാൻ പഠിച്ച പെൺകുട്ടികൾ

താൽപ്പര്യത്തിനു പിന്നാലെ പോയി ശക്തമായ തീരുമാനങ്ങൾ എടുക്കുമ്പോൾ അടുപ്പമുള്ളവരിൽനിന്ന് ‘അയ്യോ അതൊക്കെ ശരിയാവുമോ?’ എന്ന ചോദ്യം വരുന്നത് സ്വാഭാവികമാണ്. നാട്ടുകാരുടെ കൺപുരികം ഉയർത്തലുകൾ കണ്ട് പേടിച്ച് പിന്നോട്ട് പോവരുത്‌. സമൂഹത്തിൻ്റെ അനാവശ്യ ഉപദേശങ്ങളെയും ചോദ്യങ്ങളെയും കുറ്റബോധമില്ലാതെ തള്ളിക്കളയാൻ ഇന്നത്തെ യുവജനങ്ങൾ പഠിച്ചുകഴിഞ്ഞു. തങ്ങളുടെ വ്യക്തിപരമായ അതിരുകളെ (Personal boundaries) മാനിക്കാത്ത കാര്യങ്ങളിൽ യാതൊരു മടിയുമില്ലാതെ 'ഇല്ല' എന്ന് പറയാൻ അവർക്ക് സാധിക്കുന്നു. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം സ്വന്തം സന്തോഷം മാറ്റിവെക്കുന്ന പഴയ രീതികൾ ഇവർ പൂർണ്ണമായി ഒഴിവാക്കുകയാണ്.

ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ബന്ധുക്കളുടെയോ ചുറ്റുമുള്ളവരുടെയോ ഭാഗത്തുനിന്ന് വിമർശനങ്ങൾ ഉയർന്നേക്കാം. എന്നാൽ, കരിയറിൽ വലിയൊരു വഴിതിരിവ് ഉണ്ടാക്കാനോ ഇഷ്ടപ്പെട്ട മേഖല തിരഞ്ഞെടുക്കാനോ മറ്റുള്ളവരുടെ കൺപുരികം ഉയർത്തലുകളെ ഭയന്ന് പിന്നോട്ട് പോകരുത്. ലക്ഷ്യങ്ങളിൽ ഉറച്ചുനിൽക്കുക എന്നതാണ് പ്രധാനം. മറ്റുള്ളവരുടെ അംഗീകാരത്തിന് കാത്തുനിൽക്കാതെ സ്വന്തം കഴിവുകളിൽ വിശ്വസിച്ച് മുന്നോട്ട് പോകുമ്പോഴാണ് വിജയം തേടിയെത്തുന്നത്.

പെൺകുട്ടികൾ അനുസരണയുള്ളവരായിരിക്കണം എന്ന പഴയകാല ഡയലോഗിനെ ഇപ്പോൾ ആരും വകവെക്കുന്നില്ല. ബന്ധങ്ങളിലും കരിയറിലും എവിടെയാണ് പരിധി എന്ന് വ്യക്തമായി അറിയാം. ഇഷ്ടമില്ലാത്ത കാര്യങ്ങൾക്ക് യാതൊരു കുറ്റബോധവും ഇല്ലാതെ 'നോ' പറയാനുള്ള ആത്മവിശ്വാസമാണ്‌ ഇന്നത്തെ പെൺകുട്ടികളുടെ യഥാർത്ഥ സൂപ്പർ പവർ.

സാമ്പത്തിക സ്വാതന്ത്ര്യവും സ്വന്തം തീരുമാനങ്ങളും

രക്ഷിക്കാൻ പ്രിൻസ് ചാർമിനെ കാത്തിരിക്കുന്ന, പഴയപോലെ കൊട്ടാരത്തിൽ ഇരിക്കലല്ല, മറിച്ച് സ്വന്തം കഷ്ടപ്പാടിൽ കിട്ടുന്ന കാശുകൊണ്ട് ആരുടെയും മുന്നിൽ കൈനീട്ടാതെ, സ്വന്തം ബലത്തിൽ ജീവിക്കുന്ന ആ സ്വാതന്ത്ര്യം വേറെ ലെവൽ ആണ്. സാമ്പത്തികമായി സ്വതന്ത്രരാകുമ്പോൾ മുതൽ എടുക്കുന്ന തീരുമാനങ്ങളിൽ മറ്റുള്ളവരുടെ അനുവാദം കാത്തിരിക്കേണ്ടി വരുന്നില്ല. സ്വന്തം കാര്യങ്ങൾ നോക്കാൻ കപ്പാസിറ്റിയുള്ള ഒരു പെൺകുട്ടിക്ക് മുന്നിൽ ലൈഫ് ഈസ്‌ ക്രിസ്റ്റൽ ക്ലിയർ.

ചെറിയ കാര്യങ്ങളിലെ വലിയ മാറ്റങ്ങൾ

രാവിലെ എഴുന്നേൽക്കുന്നത് മുതൽ മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നത് വരെയുള്ള കാര്യങ്ങളിൽ ഒരു ചിട്ട കൊണ്ടുവരിക. ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക, സെൽഫ് ലൗ വൈബ് കൊണ്ടുവരിക. സ്വന്തം കമ്പനി ആസ്വദിക്കാനും ചെറിയ വിജയങ്ങളെ പോലും ആഘോഷിക്കാൻ പഠിക്കുക. Gen-Z വൈബിനൊപ്പം പവറുള്ള സെൽഫ് ബിലീഫ് മെസ്സേജ് നൽകുകയാണ് ഇന്ന് ജെൻസി ക്വീൻസ്.

സ്വന്തം ലൈഫ്, സ്വന്തം സ്ക്രിപ്റ്റ്

"അടുത്ത വീട്ടിലെ ചേച്ചി എന്ത് പറയും?" "സമൂഹം എന്ത് വിചാരിക്കും?" തുടങ്ങിയ അനാവശ്യ ചോദ്യങ്ങൾക്കൊന്നും ഇന്നത്തെ യുവത്വം വില കൊടുക്കുന്നില്ല പരമ്പരാഗതമായ അടിച്ചേൽപ്പിക്കലുകളെയും സദാചാര ബോധങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് പുതിയൊരു പാത വെട്ടിത്തുറക്കുകയാണ് പെൺകുട്ടികൾ. മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾക്കനുസരിച്ച് ജീവിക്കുന്നതിന് പകരം സ്വന്തം ജീവിതത്തിൻ്റെ കഥ സ്വയം രചിക്കുകയാണ് അവർ. ഈ കാഴ്ചപ്പാട് പഴയകാല ഫെയറിടെയ്ൽ സങ്കൽപ്പങ്ങളെ പൂർണ്ണമായും ഉടച്ചുകളയുകയും ഇന്നത്തെ സ്വതന്ത്രചിന്തയുള്ള യുവത്വത്തിൻ്റെ മാനസികാവസ്ഥയോട് നീതി പുലർത്തുകയും ചെയ്യുന്നു.

മറ്റുള്ളവരുടെ പ്രതീക്ഷകൾക്ക്‌ അനുസരിച്ച് ജീവിക്കാൻ ഇവിടെ ആർക്കും സമയമില്ല. ട്രെൻഡുകളെ ഫോളോ ചെയ്യുന്നതിന് പകരം ട്രെൻഡ് സെറ്റ് ചെയ്യുന്ന സ്വന്തം ജീവിതത്തിൻ്റെ യഥാർത്ഥ ഹീറോയിൻ ആകാനാണ് ഇവർക്കിഷ്ടം. ഈ പ്രിൻസസ് ഡേയിൽ മറ്റുള്ളവരുടെ തിരക്കഥയിൽ അഭിനയിക്കുന്നത് നിർത്തി, നിങ്ങളുടെ സ്വന്തം സിനിമയിലെ നായികയാവൂ. കാരണം, ഈ കഥയിലെ യഥാർത്ഥ പ്രധാന കഥാപാത്രം നിങ്ങൾ മാത്രമാണ്!