കോവിഡ് പത്തൊമ്പതിന് മുൻപ് ഷെറിൻ, ഡോൺ (ചലച്ചിത്ര സംവിധായകൻ) എന്നിവർ എന്നെ തമിൾനാടിൻ്റെ അതിർത്തിക്കരികിലുള്ളൊരു റിസോർറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ആഗ്രഹിച്ചിരുന്നു. ഷെറിൻ അന്നു പറഞ്ഞൊരു കാര്യം ഞാൻ ഓർക്കുന്നു: "ആ ഭാഗത്തു നിറയെ കാറ്റുമില്ലുകളാണ്." / സമയ-സൗകര്യ പ്രശ്നങ്ങൾ, പിന്നെ പകർച്ചവ്യാധി. ഞങ്ങളുടെ വിനോദയാത്ര മുടങ്ങി. പക്ഷേ കാറ്റുമില്ലുകൾ തുടരുന്നു.
ഇപ്പോൾ എൻ്റെ മനസ്സ് നിറയെ കാറ്റുമില്ലുകളാണ് — വെറും ബിംബങ്ങളായും, രൂപകങ്ങളായും, ചിലപ്പോൾ ഘടനകളായും. കാറ്റുമില്ലുകളെല്ലാം കുട്ടിക്കാലത്തെ കാറ്റാടികളിൽ തുടങ്ങുന്നു. കുട്ടിക്കാലത്ത് തുടങ്ങിയതെല്ലാം മസ്തിഷ്കത്തിൽ എവിടെയോ ചിതറിക്കിടക്കുന്നുണ്ടാവുമെന്നത് എൻ്റെ വ്യക്തിപരമായ അനുഭവം — ചിലത് ഭാവിക്കായുള്ള മറവികൾ (05); ചിലത് എൻ്റെ കീബോഡിലെ മിടിപ്പുകൾ. 1960കളിൽ എഴുതിയൊരു കവിത ഒരു മങ്ങലിലൂടെ ഞാൻ ഓർക്കുന്നു. അതിൽ അത്ര അവ്യക്തമല്ലാത്തൊരു ഭാഗം ഇങ്ങനെ പറയുന്നു,
"ഞാൻ ജനിച്ചത് ലാ മാൻചയിൽ അല്ല,
ഞാൻ ഇതേവരെ ഒരു കാറ്റുമില്ല് കണ്ടിട്ടില്ല."
വളരെ നൈരാശ്യമുണ്ട് ഈ വരികളിൽ. സ്പെയിനിലെ ല മാൻച പ്രദേശം കാറ്റുമില്ലുകൾ നിറഞ്ഞതാണ്. സെർബാന്തെസിൻ്റെ കാലത്ത് ഇവയുണ്ടായിരുന്നു. കാറ്റുമില്ലുകൾ എത്രത്തോളം സെർബാന്തെസിനെ പ്രോചോദിപ്പിച്ചെന്ന് എനിക്ക് ഊഹിക്കാനാവില്ല. പക്ഷേ, കാറ്റുമില്ലുകൾ ഇല്ലായിരുന്നെങ്കിൽ 'ഡോൺ കിഹോതെ' ഉണ്ടാവില്ലായിരുന്നെന്ന് എനിക്കുറപ്പുണ്ട്. വിഷയത്തിൻ്റെ പാർശ്വങ്ങളിലെങ്കിലും ഇതൊരു വ്യക്തിപരമായ പ്രസ്താവനയല്ല.
ഡോൺ കിഹോതെ പല തരം പോരുകളിൽ ഏർപ്പെടുന്നത് കാണാം. പക്ഷേ ലോകമനസ്സിൽ, 'ഐകാനിക്' പദവിയിൽ, ഈ കഥാപാത്രം ഉണർത്തുന്ന ദൃശ്യം കാറ്റുമില്ലുകളുടേതാണ്. വാസ്തവത്തിൽ, നെതർലൻഡ്സിലെ കാറ്റുമില്ലുകൾ ലാ മാൻചയിലെ കാറ്റുമില്ലുകളേക്കാൾ വലിയ ആശ്ചര്യങ്ങളാണ്. ആലക്തിക ഊർജ്ജ സംവിധാനങ്ങളെന്നതിനപ്പുറത്ത്, വെള്ളത്തിൽനിന്നും കരയെ വീണ്ടെടുത്തൊരു ജനതയുടെ അതിജീവനതന്ത്രം കൂടിയാണ് ഈ ഘടനകൾ. ഞാൻ കണ്ടിട്ടില്ല. എന്നിട്ടും എൻ്റെ മനസ്സിൽ തുടരുന്നത് 1960കളിലെ വരികളാണ്: "ഞാൻ ജനിച്ചത് ലാ മാൻചയിൽ അല്ല."
ലാ മാൻചയിലേക്ക് തിരിച്ചു പോകുക: എനിക്കൊരു ചോദ്യമുണ്ട്. പോരിൽ എതിരാളികളാകേണ്ടിയിരുന്ന രാക്ഷസന്മാരെല്ലാം ഏതോ മാന്ത്രികൻ്റെ വിദ്യയിൽ കാറ്റുമില്ലുകളായതാണെന്നറിഞ്ഞ് ഡോൺ കിഹോതെ തൻ്റെ ദൗത്യത്തിൽനിന്ന് പിൻവാങ്ങിയിരുന്നില്ലെങ്കിൽ, സെർബാന്തെസിൻ്റെ കഥയുടെ അവസാനം എന്താവുമായിരുന്നു? ഹാ, കഥാന്ത്യം!
അന്ത്യങ്ങൾ: കഥകൾക്കകത്തും, പുറത്തും
എഴുതുമ്പോൾ കഥാന്ത്യങ്ങളെ പേടിക്കുന്നു. എലാറ: കഥ വായിക്കുന്നവർ എങ്ങനെയാവും പ്രതികരിക്കുക! എങ്ങനെ ഞാൻ തുടരണം? (14). ക്ളിനിക്കൽ സാക്ഷരതയുള്ള നസീം ബീഗം ഈ ദുരവസ്ഥക്ക് ഒരു പേര് നൽകുന്നു: 'എലാറ സിൻഡ്രോം'. ഞാൻ ഇതിന് നിർദ്ദേശിച്ച പരിഹാരം വളരെ ഇഷ്ടപ്പെട്ടെന്ന് നസീം കൂട്ടിച്ചേർക്കുന്നു. ഞാൻ നിർദ്ദേശിച്ചത്: "അന്ത്യത്തിൽ തുടങ്ങുക; ഏറ്റവും ആഴത്തിൽനിന്ന്, മരണത്തിൽനിന്ന് തുടങ്ങുക."
ഇപ്പോൾ, അന്ത്യത്തിന് മുൻപ് അതിജീവനപ്പോരുള്ള തിരക്കഥകൾ എൻ്റെ ചിന്തകളുടെ മുൻനിരയിലാകുമ്പോൾ, സൺ ത്സൂയുടെ 'യുദ്ധകല' (The Art of War) എളുപ്പത്തിൽ സന്ദർഭത്തിലേക്ക് കടക്കുന്നു. എൻ്റെ ദൃഷ്ടിയിൽ ത്സൂയുടെ ഏറ്റവും നിശിതമായ ഉൾക്കാഴ്ച ഇതാണ്: ജേതാക്കളായ യോദ്ധാക്കൾ ആദ്യം ഒരു യുദ്ധം ജയിക്കുന്നത് മനസ്സിലാണ്; പിന്നീടാണ് ഇവർ ശരിക്കും യുദ്ധത്തിൽ ഏർപ്പെടുന്നത്. ഇവരുടെ യുദ്ധം കാറ്റുമില്ലുകളോടല്ല.
'എലാറ സിൻഡ്രോം' ഒരു യുദ്ധവിഷയമല്ല. പക്ഷേ മനസ്സിൽ ആദ്യം യുദ്ധം ജയിച്ചൊരാൾ യുദ്ധം മുഴുവനായും ഗ്രഹിച്ചിരിക്കണം എന്ന സൂചന എലാറക്ക് ഞാൻ നൽകുമായിരുന്ന നിർദ്ദേശത്തിന് സമാന്തരമാകുന്നില്ലേ? സത്യത്തിൽ, അന്ത്യം നിർണായകമാകുന്ന പല സന്ദർഭങ്ങളിലും ത്സൂയുടെ നിരീക്ഷണം ഒരു സമാന്തരമായെങ്കിലും പ്രസക്തമാവാം. 'കെയ് സെറ സെറ' എന്ന പംക്തിയിൽ വേറൊരു വിഷയത്തെക്കുറിച്ച് ദീർഘമായൊരു ലേഖനം എഴുതുമ്പോളാണ് ആദ്യം ഈ അഭിപ്രായമുണ്ടായത്.
വായുവിൽ ആത്മഹത്യ. ഓർമ്മയിൽ എ. അൽവാറെസിൻ്റെ പുസ്തകം — 'കിരാതദൈവം' (The Savage God). ആപൽക്കരമാണെന്ന ഉറപ്പോടെ ഓരോ ദിവസവും പാത മുറിച്ചു കടക്കാൻ ആഗ്രഹിക്കുന്നൊരു ഹൈസ്കൂൾക്കുട്ടിയും, ഉള്ളിൽ ആത്മഹത്യാ വാസന തിരിച്ചറിഞ്ഞ ചില ചെറുപ്പക്കാരികളും എൻ്റെ ആസന്ന ചിന്തകളിൽ. ഇവരെല്ലാം ഓൺലൈനിൽ എന്നെ സമീപിക്കുന്നു, മനസ്സ് തുറക്കുന്നു.
എൻ്റെ കയ്യിൽ ടോൾസ്റ്റോയുടെ 'അന്ന കരിനീന'. മൂന്നാം വായനയായതിനാൽ, അന്ന ഒരു തീവണ്ടിക്ക് മുന്നിൽ ചാടി മരിക്കുമെന്ന് എനിക്കറിയാം. പക്ഷേ, എന്നെ സമീപിച്ച വ്യക്തികൾ?
ഭാഗ്യവശാൽ, ചില സംവാദങ്ങൾക്കു ശേഷം, ആത്മഹത്യ ഒഴിവാക്കുമെന്ന് ഇവരിൽ മൂന്നു പേരെങ്കിലും എനിക്ക് വാക്ക് തന്നു. ഞാൻ ഇതെഴുതുമ്പോൾ ഈ മൂന്നു പേരും ജീവിച്ചിരിപ്പുണ്ട്. പക്ഷേ, ഇവരുമായുള്ള വിനിമയങ്ങൾക്കിടയിൽ ഞാൻ സ്വയം ചോദിച്ചിട്ടില്ലാത്തൊരു ചോദ്യം എലാറ- ത്സൂ സംയോജനത്തിൽ ഒരു വളവെടുത്ത് എന്നെ കടത്തിയോടുന്നു.
ഇതേവരെ ആത്മഹത്യ ചെയ്തവരെല്ലാം മനസ്സിൽ മരണത്തെ ജയിച്ചിരുന്നോ? ഇല്ല. ഇവരെല്ലാവരും മരണത്തെ മുഴുവനായും ഗ്രഹിച്ചിരുന്നോ? തീർച്ചയായും ഇല്ല. നമുക്കെല്ലാവർക്കും ഇതറിയാം. പക്ഷെ…
മൂന്ന് കാര്യങ്ങൾ: കുറ്റാന്വേഷകരുടെ പരിഗണന
നിങ്ങൾ വായിക്കുന്ന ഈ പംക്തിക്ക് ഞാൻ ആദ്യം കൊടുത്ത പേര് 'ഒടുക്കത്തെ കുറിപ്പുകൾ' എന്നായിരുന്നു. ഷബിത പറഞ്ഞു: 'അരുത്. ഇതൊരു അവസാനത്തെ കുറിയ്ക്കുന്നു. വായനക്കാരെ ഇത് വിഷമിപ്പിക്കും." / ഷബിതയുടെ ആവലാതി പരിഗണിച്ച് ഞാൻ പേര് മാറ്റി. പേര് മാറ്റിയാൽ ഈ കുറിപ്പുകൾ എൻ്റെ ഒടുക്കത്തെ കുറിപ്പുകൾ അല്ലാതാകുമോ! ഒരു പക്ഷേ 'ഭീഷണി' (എൻ്റെ എഴുത്ത്) അത്ര പെട്ടെന്ന് ഇല്ലാതാവില്ലെന്ന് ചിലർ വായിച്ചെടുക്കുമായിരിക്കും.
ആത്മഹത്യയെക്കുറിച്ച് ഞാൻ സ്ഥിരമായി ചിന്തിക്കാറുണ്ട്. ഇതിനെക്കുറിച്ച് ഒരു വ്യത്യസ്ത ശൈലിയിൽ ഞാൻ അന്വേഷിച്ചിട്ടുണ്ട് — എൻ്റെ ചിന്തയെയും എഴുത്തിനെയും തുല്യനിലയിൽ സ്വാധീനിച്ചൊരു രീതിയിൽ! കുറ്റാന്വേഷകരുടെ നടപടിക്രമമാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഒരു കൊലപാതകത്തെത്തുടർന്നുള്ള അന്വേഷണത്തിൽ ഇവർ പരിഗണിക്കുന്ന മൂന്നു കാര്യങ്ങളെ ആസ്പദിച്ച് ഞാൻ എൻ്റെ ആത്മഹത്യ പരിഗണിക്കുന്നു. പക്ഷേ, മനഃപൂർവ്വം ക്രമം തെറ്റിച്ചാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്.
ചിത്രീകരണം: കെ. ഷെരീഫ്
മൂന്ന്: 'ഓപ(ർ)ചൂനറ്റി' എന്ന അവസരം. ധാരാളം. ഉറക്കം (ഉണ്ടെങ്കിൽ) ആറു മണിക്കൂറുകളോളം. ബാക്കിയുള്ള സമയത്തിൽ പതിന്നാല് മണിക്കൂറെങ്കിലും ഞാൻ എൻ്റെ മുറിയിൽ ഒറ്റക്കായിരിക്കും. എൻ്റെ വിഭാവനത്തിലെ ശൈലിയിൽ ആത്മഹത്യക്ക് ഏതാനും മിനുറ്റുകൾ മതിയാവും.
ഒന്ന്: 'മോറ്റിവ്' എന്ന പ്രേരണ. ഫിനിഷിങ് ലൈനിൽ എത്താൻ മരണവും അന്ധതയും മത്സരിക്കുന്നൊരു പന്തയമാണ് എൻ്റെ ജീവിതം. ആവേശത്തോടെ ഞാൻ 'ചീയർ' ചെയ്യുന്നത് മരണത്തിനു വേണ്ടിയാണ്. പന്തയത്തിലെ അസമത്വം നിങ്ങൾക്ക് പെട്ടെന്നു കാണാം. മരണം ജയിച്ചാൽ അന്ധത പുറത്താകും. അന്ധത ജയിച്ചാൽ മരണത്തിന് പണി കിട്ടും, ഞാൻ വിളിക്കുമ്പോൾ എത്തേണ്ടിവരും. സാരം: ഞാൻ ആത്മഹത്യ ചെയ്യാൻ ആഗ്രഹിക്കുന്നു, ഉദ്ദേശിക്കുന്നു — സമയപ്പട്ടികയിൽ ഇടം പിടിച്ചിട്ടില്ലാത്തൊരു തീയതിയിൽ.
രണ്ട്: 'മീൻസ്' എന്ന ഉപാധികൾ. ആദ്യം ശാരീരികശേഷി. ആത്മഹത്യക്ക് അനുവദിക്കപ്പെട്ട സമയപരിധിയോളം ഇത് ഉറപ്പിക്കാം. അതിനകം എനിക്കൊരു ഊന്നുവടിയുടെ സഹായം പോലും ആവശ്യമുണ്ടാവില്ല. മാനസികശേഷി? ഞാൻ എന്നോ മനസ്സിൽ മരണത്തെ ജയിച്ചു കഴിഞ്ഞിരിക്കുന്നു. ഉപകരണം? ഒരു തോക്ക്. വേറൊരൊറ്റ ആത്മഹത്യാ ഉപാധിയിലും എനിക്ക് തീരെ വിശ്വാസമില്ല. പക്ഷേ എൻ്റെ കയ്യിൽ ഒരു തോക്കില്ല. എനിക്കാകെയുള്ളത് റോഡ്റിഗോയുടെ കഥയിലെ തോക്ക് (04) മാത്രമാണ്. ഹാ, അനർഹത! സ്പഷ്ടമായ ഉപാധികൾ ഇല്ലാത്തൊരാൾ കുറ്റാന്വേഷണത്തിൽ സംശയത്തിനു പുറത്താണ്!
സമഗ്രമായി ഞാൻ ആന്തരികമാക്കിയൊരു ക്രിയയാണെങ്കിലും, ഒരിക്കലും എഴുതപ്പെടാത്തൊരു കഥയായി ഓർമ്മകളിലൂടെ തുടരുന്നൊരു വിഭാവനമാണ് റോഡ്റിഗോയുടെ ആത്മഹത്യ. തോക്ക് സമ്മാനിച്ച മകൾ (ഫ്ളോസി) എഴുതി: "ആവശ്യമാണെന്ന് തോന്നുന്നെങ്കിൽ ഉപയോഗിക്കുക, ആവശ്യം ഇല്ലെങ്കിൽ ചുവരിൽ ഒരു അലങ്കാര വസ്തുവായി തൂക്കി വെക്കുക.” / ആദ്യത്തെ ആപ്ഷൻ റോഡ്റിഗോ അവഗണിക്കുന്നു (കാരണം ഒരിക്കൽ തോക്കൊരു ആവശ്യമാവും). രണ്ടാമത്തെ ആപ്ഷനോട് റോഡ്റിഗോ കയർക്കുന്നു (കാരണം താൻ ഒരിക്കലും ചുവരിൽ ഒരു ആണി തറയ്ക്കില്ല).
എനിക്കാവശ്യമായ തോക്ക്? മഞ്ജു ഉണ്ണികൃഷ്ണൻ (കവി, സ്നേഹിത) ഒരിക്കൽ പറഞ്ഞു, "തീർച്ചയായും മേതിലിന് ഞാനൊരു തോക്ക് വാങ്ങിത്തരില്ല." / ആരാണ് വാങ്ങിത്തരിക? എൻ്റെ കുട്ടികൾ? ഇല്ല. എൻ്റെ തീരുമാനത്തിലെ തോക്ക് ഒരു തിരക്കഥയിലെ 'പ്രോപ്' അല്ലെന്ന് അവർക്കറിയാം. എങ്കിലും…
എത്രയും പ്രഫഷനലായി ആസൂത്രണം ചെയ്യപ്പെട്ടൊരു അന്ത്യം ഇങ്ങനെ വെറുമൊരു പ്രഹസനമായി മാറുന്നു. സൺ ത്സൂയുടെ യുദ്ധമുറയിൽ എനിക്കിനി മനസ്സിൽ ജയിക്കേണ്ടത് ഈ പ്രഹസനത്തെയാണോ!
Content Highlights: maythil radhakrishnan athmakadha avathe njan column
Published: 29 Feb 2024, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented