ണം പോലെ മലയാളിയുടെ അസ്തിത്വത്തെ ഒരു 'മധുരോദാരവികാര'മായി ആവേശിക്കുകയും അതിന്റെ അനവധിയായ അടരുകള്‍ ഓരോന്നിനെയും തരിപ്പിച്ചുണര്‍ത്തുകയും ചെയ്യുന്ന മറ്റൊരാഘോഷമില്ല. വെറുതെയല്ല ഖസാക്കില്‍ ഒ വി വിജയന്‍ ഒരോണക്കാലത്തെ മുന്‍നിര്‍ത്തി ഇങ്ങനെയെഴുതിയത് - 'ഖസാക്കിന്റെ ആകാശം മേലോട്ടുയര്‍ന്നു പൊങ്ങി'. ഈ ഉയര്‍ന്നുപൊങ്ങലിന്റെ ലയവും ലഹരിയുമാണ് മലയാളിയുടെ ഓണക്കാലം. അതുവരെ കാണാത്ത പൂക്കള്‍ പൊന്തകളില്‍ നിന്നെത്തി നോക്കാന്‍ തുടങ്ങും അതോടെ. വെയിലിനു കൂടുതല്‍ ശോഭ കൈവരും. അതിന്റെ അരികുകളില്‍ കസവുണ്ടെന്നതുപോലെ പകലുകള്‍ കൂടുതല്‍ തിളങ്ങും. അപൂര്‍വ്വാതിഥികളെപ്പോലെ ഇന്നലെ വരെ കാണാത്ത ചില പൂമ്പാറ്റകളും പടി കടന്നുവരും. ചിറകുകള്‍ക്കിത്ര വലിപ്പവും നിറപ്പകിട്ടുമുള്ള ശലഭങ്ങളെ ഈയടുത്തൊന്നും കണ്ടിട്ടില്ലല്ലോയെന്ന് നമ്മിലെ ബാല്യവും അതോടൊപ്പം കണ്‍മിഴിക്കും. ഋതുപ്പകര്‍ച്ചയും മലയാളിയുടെ കാല്പനികമനസ്സും ചേര്‍ന്ന് നിറം പിടിപ്പിച്ച ഒരു സചേതനസ്വപ്നമായി മാറും അപ്പോള്‍ ഓണം. നമ്മുടെ കവികള്‍ക്കു മാത്രമല്ല ഇതില്‍ പങ്കുള്ളത്. ഒരു ജനതയുടെ മുഴുവന്‍ സ്വപ്നവും കവിതയുമാണ് ഓണം. അതിനു നടുവില്‍, പൂക്കളത്തിനു നടുവിലെന്നതുപോലെ, മലയാളിയുടേതു മാത്രമായ ഒരു മഹാബലിയെയും നമ്മള്‍ പ്രതിഷ്ഠിക്കുന്നു. മഹാബലി ചുരുങ്ങി 'മാവേലി'യാകും മലയാളിയുടെ നാവിലെത്തുമ്പോള്‍. അപ്പോഴാണല്ലോ ആ പുരാണപുരുഷന്റെ, ആദര്‍ശചക്രവര്‍ത്തിയുടെ നാമം, 'മലയാളി'യുടെ പേരുമായിച്ചേര്‍ന്ന് പൂര്‍ണ്ണമായി പ്രാസപ്പെടുക! ഈ മാവേലി മലയാളിയുടേതു മാത്രമാണ്. കാരണം മാവേലിക്കു ചുറ്റുമായി ഒരോണസങ്കല്പം പടുത്തുയര്‍ത്തിയതും അങ്ങനെ ആ കഥാപാത്രസങ്കല്പത്തോട് തങ്ങളുടെ രാഷ്ട്രീയാഭിലാഷങ്ങള്‍ കൂടി, കൂട്ടിച്ചേര്‍ത്തതും മലയാളിയാണ്.

To advertise here,

 ഒരു പുരാണപുരുഷന്‍ എന്നതിനേക്കാള്‍ ഒരു രാഷ്ട്രീയപുരുഷനാണ് മലയാളിയുടെ മഹാബലി; അഥവാ മലയാളി സ്വപ്നം കാണുന്ന മാതൃകാഭരണാധികാരിയുടെയും മാതൃകാഭരണകൂടത്തിന്റെയും മാതൃകാജീവിതാവസ്ഥയുടെയുടെയും ഒരു മൂര്‍ത്തരൂപവും രൂപകവും. മഹാബലിയെ ഓലക്കുട ചൂടിക്കുകയും കസവുത്തരീയമണിയിക്കുകയും മലയാളത്തിന്റെ മെതിയടി ചാര്‍ത്തിക്കുകയും മാത്രമല്ല മലയാളി ചെയ്തത്. ഒപ്പം മലയാളിയുടെ 'യുട്ടോപ്പിയ'യിലെ മന്നവനായി ആ മഹാബലവാനെ സ്ഥാപിക്കുകയും ചെയ്തു നമ്മള്‍ (മലയാളിയുടെ 'മുടിചൂടാമന്നന്‍' മഹാബലിയല്ലാതെ മറ്റാര്?). എന്തായിരുന്നു മഹാബലിയുടെ ബലം? അത് നീതിയുടെയും സമത്വബോധത്തിന്റെയും ബലമായിരുന്നു അഥവാ ബലിയുടെ ബലം.

കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളിലേയ്ക്ക് മലയാളിമനസ്സ് ആകര്‍ഷിക്കപ്പെട്ടതില്‍ ഒരു തരം 'കാവ്യനീതി' കൂടിയുണ്ടായിരുന്നു. കാരണം 'മാവേലി നാടുവാണീടും കാല'ത്തിന്റെ രൂപത്തില്‍ അവന്‍ ആ ക്ഷേമരാഷ്ട്രസങ്കല്പത്തെയും ആദര്‍ശാത്മകവ്യവസ്ഥിതിയേയും അത്രമേല്‍ ഗാഢമായി, മുന്‍പെന്നോ, പരിചയപ്പെട്ടിരുന്നു. മാര്‍ക്‌സിനും ലെനിനും മുന്‍പു തന്നെ അത് എന്നോ ഇവിടെ ഉണ്ടായിരുന്നതാണ് എന്നും അവനറിയാമായിരുന്നു. കമ്മ്യൂണിസത്തിന്റെ കേന്ദ്രത്തില്‍ തങ്ങളുടെ മഹാബലിയെ, ആ ചിരപരിചിതനെ, മലയാളി വീണ്ടും കണ്ടു. അങ്ങനെ നമ്മുടെ ഒരു മഹാകവി (വൈലോപ്പിള്ളി), 'ഹാ മഹാബലേ, ലെനിന്‍ 'എന്ന് ഒരിരട്ടസംബോധനയുടെ അനായാസതയോടെ അവരെ പരസ്പരമന്വയിച്ചു. മഹാബലികഥയില്‍ നിന്ന് ഇത്തരമൊരു രാഷ്ട്രീയാര്‍ത്ഥം നൂറ്റെടുക്കാനും ആ രാഷ്ട്രീയത്തിന് മഹാബലിയില്‍ ഒരു മുന്‍മാതൃക കണ്ടെത്താനും ഇന്ത്യയില്‍ മലയാളി മാത്രമേ മുതിര്‍ന്നിട്ടുള്ളൂ. മലയാളി, സ്വന്തം രാഷ്ട്രീയഭാവനയുടെ മണ്ണുകൊണ്ട് വാര്‍ത്തെടുത്തതാണ് അതിനാല്‍ ഈ മഹാബലിയെ. കേവലം സദ്യയും കോടിയും പൂക്കളവും മാത്രമല്ല മലയാളിയുടെ ഓണം. അതില്‍ ഒരാദര്‍ശഭരണകൂടത്തിനും ആദര്‍ശവ്യവസ്ഥിതിക്കുമായുള്ള മലയാളിയുടെ രാഷ്ട്രീയദാഹമത്രയുമുണ്ട്. ഞങ്ങള്‍ക്കു വേണ്ടത് മഹാബലിയെയാണ്, നിങ്ങളെയല്ല എന്ന് നിലവിലുള്ള ഭരണാധികാരികളോടും ഭരണകൂടത്തോടും നിശ്ശബ്ദമായി വിളിച്ചു പറയാനുള്ള സാംസ്‌കാരികതന്ത്രമാണ് അതിനാല്‍ മലയാളിയുടെ ഓരോ ഓണാഘോഷവും. ഒരു ജനതയുടെ മുഴുവന്‍ ഗറില്ലായുദ്ധമുറയാണത്. അതിന് അവര്‍ പൂക്കളെ ആയുധങ്ങളാക്കുന്നു!