ഫൊക്കാന കോൺഫറൻസിന്റെ തീം സോങ്ങായി ഒ.എൻ.വി കുറുപ്പുസാർ എഴുതി അയച്ചുതന്ന ഗാനത്തിന്റെ ആദ്യത്തെ രണ്ടു വരികൾ... 'പൊൻമല നാടിനു നിങ്ങളെന്നും പൊന്നോമനകൾ' എന്ന് അദ്ദേഹം ഞങ്ങളെ ആശ്വസിപ്പിക്കുന്നു. അവിടെ വോട്ടില്ലാത്ത, ഭൂമിയില്ലാത്ത, കണ്ണിയറ്റുപോകാനായ ബന്ധങ്ങളും അതിദൃഢമായ ഓർമകളും സ്വപ്നങ്ങളും മാത്രമുള്ള മലയാളനാടിന് ഞങ്ങൾ പ്രവാസികൾ മലയാളനാടിന്റെ ഓമനകളാണ് എന്ന് അദ്ദേഹം എഴുതിയല്ലോ. പ്രവാസികളോട് ഒരുതരം അസൂയ കലർന്ന പുച്ഛം പരസ്യമായിത്തന്നെ പ്രകടിപ്പിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. അവരിൽ നിന്നും തീതുപ്പുന്ന വാക്കുകൾ കേട്ട് പൊള്ളിയിട്ടുമുണ്ട്. അവർക്ക് നമ്മൾ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് അറിയണം, പക്ഷേ യാഥാർഥ്യം മികച്ചതാണെങ്കിൽ അവർക്ക് വിശ്വസിക്കാൻ കുറച്ച് പ്രയാസമാണുതാനും. അന്യനാട്ടിൽപ്പോയിട്ട് അടിമകളെപ്പോലെ കഴിയുകയല്ലേ എന്നു പറയാൻ അവർക്ക് മടിയില്ല. അമേരിക്കയിൽ നിന്നും നാട്ടിൽ വന്ന നാളുകളിൽ എന്നെ കാണുന്നപക്ഷം അമേരിക്കയെ വാതോരാതെ കുറ്റം പറഞ്ഞുകൊണ്ടിരുന്ന ഒരു കുടുംബത്തെ എനിക്കറിയാം.

To advertise here,

നഴ്സുമാർക്കാണ് നാട്ടിലെത്തിയാൽ ഒരു രക്ഷയുമില്ലാതിരുന്നത്. ഇപ്പോൾ ആ മനോഭാവത്തിന് ഏറെക്കുറേ മാറ്റം വന്നിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്. നമ്മളോട് അമേരിക്കയുടെ സംസ്‌കാരവും ചരിത്രവും രാഷ്ട്രീയവുമൊക്കെ നിരന്തരം കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ ഇക്കൂട്ടർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്-'അപ്പഴേ അവിടെ എങ്ങനെയാണ് വിദ്യാഭ്യാസമൊക്കെ?' അവിടെ സ്ഥിരം താമസിക്കാനൊന്നും സമ്മതിക്കേല. പക്ഷേ, കുട്ടികളെ പഠിക്കാൻ വിടണമെന്നുണ്ട്. പഠനം കഴിഞ്ഞപാടേ തിരിച്ചിങ്ങ് വരാല്ലോ. അവരുടെ അഭ്യർഥനയും ആവർത്തിയും കൂടിക്കൂടിവരുമ്പോൾ ഞങ്ങൾതന്നെ മുൻകൈയെടുത്ത് (ആ കഷ്ടപ്പാടുകൾ വേറെയാണ്) മികച്ച യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ തരമാക്കിക്കൊടുക്കും. അത്തരത്തിൽ ഒരുപാടു കുട്ടികൾ എന്റെയടുക്കൽ വന്ന് താമസിച്ചിട്ടുണ്ട്. പഠനം കഴിഞ്ഞാൽ രക്ഷിതാക്കളുടെ അടുത്ത അന്വേഷണത്തിന് സമയമായി-പഠനം കഴിഞ്ഞ സ്ഥിതിക്ക് ഒന്നുരണ്ട് വർഷം അവിടെത്തന്നെ പ്രാക്ടീസിന് കിട്ടിയാൽ കൊള്ളാമെന്നുണ്ട്. എക്സ്പീരിയൻസ് ആയാൽ ഇങ്ങ് തിരികെ വന്നേമതിയാകൂ. അങ്ങനെ എക്സ്പീരിയൻസിനായി ഞങ്ങൾ സ്ഥാപനങ്ങൾ അന്വേഷിക്കുകയും വേണ്ടത് ചെയ്തുകൊടുക്കുകയും ചെയ്യും. അതിനിടയിൽ മിടുക്കരായ കുട്ടികൾ നല്ല കമ്പനികളൊക്കെ കണ്ടെത്തിയിട്ടുണ്ടാവും. അപ്പോഴേക്കും രക്ഷിതാക്കളുടെ അടുത്ത കോളിന് സമയമായിട്ടുണ്ടാവും-കുട്ടി അവിടെത്തന്നെ നിൽക്കുകയാണത്രേ. നാട്ടിലേക്കില്ലെന്ന്. എന്നാൽപ്പിന്നെ പറ്റിയ ആലോചന വല്ലതും നോക്കാൻ കഴിഞ്ഞാൽ... അവിടെത്തന്നെ സെറ്റിലായ ആരെങ്കിലും മതി. ഞങ്ങൾക്ക് വലിയ താൽപര്യമൊന്നുമില്ല, പക്ഷേ ഇതല്ലേ സ്ഥിതി! അപ്പോഴും നമ്മൾ യാതൊരു മടുപ്പുമില്ലാതെ വരനെയോ വധുവിനെയോ അന്വേഷിച്ച് ഇറങ്ങുകയായി. കല്യാണവും നടത്തിക്കൊടുക്കേണ്ടിവരും.

ഇതെല്ലാം കഴിഞ്ഞ് നമ്മൾ വീണ്ടും നാട്ടിലെത്തിയാൽ സായ്പ്പിന്റെ കീഴിൽ പണിയെടുത്തുന്ന ജീവിക്കുന്നവരോടുള്ള പുച്ഛം ബാക്കിതന്നെ! നമുക്ക് ചെറിയൊരു പതനം വരാൻ കാത്തിരിക്കുകയാണ് ഇവരെന്ന് തോന്നിപ്പോയ ഒരു സന്ദർഭമുണ്ട്. സെപ്തംബർ 11ലെ സംഭവം അമേരിക്കയെ ആകെ പിടിച്ചുലച്ച ഒന്നായിരുന്നല്ലോ. വേൾഡ് ട്രേഡ് സെന്ററിനു നേരെയുള്ള ആക്രമണം കഴിഞ്ഞുള്ള ഒരു അവധിക്കാലത്താണ് ഞാൻ നാട്ടിലെത്തിയത്. എന്നെ കണ്ടയുടനെ ഒരു ബന്ധു ചോദിച്ചു. ഇനിയിപ്പോൾ എല്ലാം വാരിക്കെട്ടി നാട്ടിലേക്കിങ്ങുവരുമായിരിക്കുമല്ലേ? ഞാൻ മറുപടിയൊന്നും പറയാൻ പോയില്ല. മനുഷ്യരുടെ ഓരോ പ്രത്യേകതകളാണ് ഇതെല്ലാം. മറുപടി അർഹിക്കാത്ത കമന്റുകളാണ് പലപ്പോഴും നമുക്ക് നേരിടേണ്ടി വരിക. അപ്പോഴൊക്കെ കുറുപ്പുസാറിന്റെ ആ വരികളാണ് എന്നെ സമാധാനിപ്പിച്ചത്.

ഇത്രയും കാലത്തെ അമേരിക്കൻ ജീവിതത്തിനിടയിൽ പലപ്പോഴായി കേരളത്തിലെ സിനിമാ-സാഹിത്യ- രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലുള്ളവരെയൊക്കെ അതിഥികളായി സ്വീകരിച്ച് വീട്ടിൽ താമസിപ്പിച്ചിട്ടുണ്ട്. എന്റെ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയുമൊക്കെ കെയറോഫിൽ അമേരിക്ക സന്ദർശിക്കാൻ വന്ന ധാരാളം മലയാളികളെ കാപിറ്റോൾ കാണാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തിട്ടുമുണ്ട്. സെനറ്റിലെ ജോലിത്തിരക്കിനിടയിൽ നാട്ടിൽനിന്നും വരുന്ന അതിഥികൾക്കായി അധികം സമയം കണ്ടെത്തിക്കൊണ്ടും സെനറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ എനിക്ക് കിട്ടുന്ന ഇളവുകൾ ഉപയോഗപ്പെടുത്തിക്കൊണ്ടും അതിഥികളെ ഇന്നേവരെ നിരാശരാക്കിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം. പ്രായം കൊണ്ടും മുതിർന്ന എഴുത്തുകാരായിരുന്നു വന്നത്. കേരളത്തിൽ നിന്നും അമേരിക്ക സന്ദർശിക്കാൻ വരുന്ന ഏതൊരാളും നേരിടുന്ന വലിയൊരു പ്രതിസന്ധി ആ തവണ കുറച്ച് കൂടുതലായിരുന്നു-ഭക്ഷണം. കുറച്ച് കഞ്ഞിയും ലേശം പയറും ഒരു പപ്പടവും മാത്രം മതി വത്സലേ, ആർഭാടമൊന്നും വേണ്ട. ലാളിത്യം കൊണ്ടാണ് കഞ്ഞിയെങ്കിലും മതിയെന്ന് പറയുന്നത്. പക്ഷേ ഇവിടെ ഏറ്റവും ക്ഷാമവും കഞ്ഞിക്കായിരുന്നു. അക്കാലത്ത് അരി കിട്ടുന്ന കട കിലോമീറ്ററുകൾക്ക് അപ്പുറത്താണ്. പയർ കിട്ടുമായിരിക്കും. പക്ഷേ, പപ്പടത്തിന്റെ കാര്യം ചിന്തിക്കുക കൂടി വേണ്ട. പക്ഷേ, പ്രായമുള്ള മനുഷ്യരല്ലേ, മനസ്സിനുപിടിക്കാത്ത ഭക്ഷണവും കഴിച്ച് എത്രനേരം പിടിച്ചുനിൽക്കും. അങ്ങനെ ശേഖറും ഞാനും കൂടി വണ്ടിയെടുത്ത് അരി വാങ്ങാൻ കടയിൽ പോയി. അവിടെ പച്ചരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉള്ളത് വാങ്ങിക്കൊണ്ടുവന്ന് കഞ്ഞിവെച്ചു. അച്ചാറും പപ്പടത്തിനു പകരം ഉരുളക്കിഴങ്ങ് ചിപ്സും കൊടുത്ത് സമാധാനമുണ്ടാക്കി. അവർക്ക് വളരെയധികം സന്തോഷമായി. കഞ്ഞികുടിച്ച് നിവർന്നുനിന്ന ആ മഹാരഥന്മാരായ എഴുത്തുകാരെ ഞാൻ എപ്പോഴും ഓർക്കാറുണ്ട്.

സാനുമാഷായിരുന്നു വിരുന്നുകാരിൽ പരമസാത്വികൻ. വളരെ പതുക്കെയേ സംസാരിക്കുകയുള്ളൂ. അച്ഛൻ വിരുന്നുവന്ന ഒരു അനുഭവം ഞാൻ തൊട്ടറിഞ്ഞത് സാനുമാഷ് ഞങ്ങൾക്കൊപ്പം താമസിച്ചപ്പോഴാണ്. മാഷിന്റെ ലോകം വളരെ വ്യത്യസ്തമായിരുന്നു. വളരെക്കാലം അദ്ദേഹവുമായി ഞങ്ങൾ കത്തിലൂടെയും ഫോണിലൂടെയും ബന്ധം തുടർന്നു. അദ്ദേഹം അന്തരിച്ചു എന്നറിഞ്ഞപ്പോൾ എന്റെ ജീവിതത്തിലെ വളരെ വേണ്ടപ്പെട്ട ഒരു വ്യക്തിയാണ് വിടപറഞ്ഞത് എന്ന് മനസ്സിലായത് മനസ്സിൽ നിറഞ്ഞ ആ ശൂന്യത അനുഭവിച്ചപ്പോഴായിരുന്നു. സാനുമാഷ് നല്ല വൃത്തിയിലും വെടിപ്പിലും നടക്കാൻ ഇഷ്ടപ്പെട്ടിരുന്നയാളായിരുന്നു. ഒരു ദിവസം അദ്ദേഹം കുളി കഴിഞ്ഞുവരുമ്പോൾ കൈയിൽ മുഷിഞ്ഞ വസ്ത്രങ്ങൾ ചുരുട്ടിപ്പിടിച്ചിരുന്നു. 'വത്സലേ, വീട്ടുജോലിക്ക് ആളുവരുമ്പോൾ ഇത് അലക്കിയിടുവിക്കാമോ?' അമേരിക്കയിൽ തുണിയലക്കാൻ ആരുവരാനാണ്? നാട്ടിലുള്ളതുപോലെ വീടുപണിക്ക് ആളുകൾ വരുമെന്നാണ് അദ്ദേഹത്തിന്റെ ധാരണ. വളരെ ധനികരായവർ മാത്രമേ ഇവിടെ വീട്ടുജോലിക്കാരെ വെക്കുകയുള്ളൂ. ഞാൻ വേഗം തന്നെ തുണികൾ വാങ്ങി 'ശരി' എന്നു പറഞ്ഞു. ഓഫീസിൽ പോകുന്നതിനുമുമ്പ് ഞാനദ്ദേഹത്തിന്റെ തുണികൾ അലക്കിയിടുകയും ചെയ്തു. രണ്ടുദിവസം സെനറ്റും ലൈബ്രറി ഓഫ് കോൺഗ്രസ്സുമൊക്കെ കണ്ട് അദ്ദേഹം സന്തോഷവാനായി.

സാനു മാഷ് വന്ന സമയത്ത് വാർത്താപ്രാധാന്യമുള്ള വലിയൊരു സംഭവം നടക്കുന്നുണ്ടായിരുന്നു. ഒരമ്മ രണ്ടുകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്ന ദിവസമായിരുന്നു. ഒരു കറുത്തമനുഷ്യൻ കാറ് തടഞ്ഞ് തന്നെ വലിച്ചുപുറത്തിട്ടശേഷം കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നായിരുന്നു അവരുടെ വാദം. എന്തെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്താൽ കറുത്തവരുടെ തലയ്ക്കിടുന്നത് ഇവിടെ പതിവാണ്. പക്ഷേ, പോലീസ് കേസ് വിശദമായി അന്വേഷിച്ചു. ആ സ്ത്രീ തന്നെ കുട്ടികളെ കാറിലിരുത്തി കാറോടുകൂടി പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് കുറ്റം തെളിഞ്ഞ് അവർക്ക് കാപിറ്റൽ പണിഷ്മെന്റ് വിധിക്കപ്പെട്ടു. വളരെ സെൻസേഷണൽ ആയ കേസായതുകൊണ്ട് പത്രമാധ്യമങ്ങളിലെല്ലാം ദിവസവും വാർത്തകൾ വന്നിരുന്നു. സാനുമാഷ് ഈ വാർത്ത മുഴുവനായും വായിച്ചറിഞ്ഞശേഷം വളരെയധികം നേരം വധശിക്ഷയെക്കുറിച്ച് സംസാരിച്ചു. വധശിക്ഷയ്ക്ക് ഞാൻ എതിരായിരുന്നുവെങ്കിലും ആ സ്ത്രീക്ക് വധശിക്ഷ കൊടുക്കുന്നതിൽ എനിക്ക് വിരോധം തോന്നിയില്ല. സ്വന്തം കുട്ടികളെ കാറിലിരുത്തി പുഴയിലേക്ക് തള്ളിയിട്ടുകൊല്ലാൻ മാത്രം അവരെ പ്രകോപിപ്പിച്ചത് ഏതു ജീവിതസാഹചര്യമാണെന്നറിഞ്ഞുകൂടാ. അവർ തന്റെ സ്വയംബോധം വീണ്ടെടുക്കുന്ന കാലത്ത് ഈ കൃത്യത്തെച്ചൊല്ലി എത്രമാത്രം വിലപിക്കുന്നുണ്ടാവും. അതിലും ഭേദം വധശിക്ഷ തന്നെയാണ്. പക്ഷേ, സാനുമാഷ് വധശിക്ഷയ്ക്ക് എതിരായിരുന്നു. തിരികെ കേരളത്തിൽ എത്തിയശേഷം മാഷ് ഇതേക്കുറിച്ച് പത്രത്തിൽ ലേഖനം എഴുതിയിരുന്നു. ഞാൻ നാട്ടിലെത്തുമ്പോഴൊക്കെ അദ്ദേഹത്തെ പോയി കാണുമായിരുന്നു. സാനുമാഷിനെപ്പോലുള്ള വ്യക്തിത്വത്തെ ഇനി ഞാൻ കണ്ടുമുട്ടുമോ? അറിയില്ല.

നാൽപതുകളുടെ അവസാനകാലത്ത് തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജിന്റെ മുമ്പിൽ യു.എസ് ഇൻഫർമേഷൻ സിസ്റ്റം ഓഫീസ് പ്രവർത്തിച്ചിരുന്നു. വലിയൊരു ഓഫീസായിരുന്നു അത്. ഇപ്പോൾ ആ കെട്ടിടം വലിയൊരു ഹോട്ടലായി മാറി. ശീതസമരം നടക്കുന്ന കാലത്ത് ഇന്ത്യയുടെ പിന്തുണ റഷ്യയോടായിരുന്നല്ലോ. റഷ്യൻ ഇൻഫർമേഷൻ സർവീസസ് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. ആ നടപടിയിൽ പ്രകോപിതരായ യു.എസ് തങ്ങളുടെ ഇൻഫർമേഷൻ ഓഫീസിനെ നേരെ ഡൽഹിയിലേക്കി മാറ്റി സ്ഥാപിച്ചു. യു.എസ് ഇൻഫർമേഷൻ സിസ്റ്റത്തിൽ വിശാലമായൊരു ലൈബ്രറി ഉണ്ടായിരുന്നു. അവിടെ ജോലി ചെയ്തിരുന്ന ലൈബ്രേറിനായിരുന്നു തങ്കം അയ്യർ. തിരുവനന്തപുരത്തുനിന്നും ഓഫീസ് മാറ്റിയപ്പോൾ യു.എസ് ഗവൺമെന്റ് തങ്കം അയ്യർക്ക് വിസ കൊടുത്ത് നേരെ ഇങ്ങുകൊണ്ടുവന്നു ലൈബ്രറി ഓഫ് കോൺഗ്രസ്സിലെ ഓറിയന്റൽ ബുക്‌സ് വിഭാഗത്തിൽ ലൈബ്രേറിയനാക്കി നിയമിച്ചു. ഇന്ത്യൻ, ചൈനീസ്, ജാപ്പനീസ്, തുടങ്ങിയ പൗരസ്ത്യഭാഷകളിലെ പുസ്തകമാണ് ഓറിയന്റൽ വിഭാഗത്തിലുണ്ടാവുക. തങ്കം അയ്യരെ ഞാൻ പരിചയപ്പെടുന്നത് അങ്ങനെയാണ്.

ചൈനയിൽ സാംസ്‌കാരിക വിപ്ലവം കൊടുമ്പിരിക്കൊണ്ടിരുന്ന വേളയിൽ പുസ്തകങ്ങൾ കൂട്ടിയിട്ട് കത്തിച്ചിരുന്നല്ലോ. അവിടെയുണ്ടായിരുന്ന പണ്ഡിതർ തങ്ങളുടെ വിലപ്പെട്ട പുസ്തകങ്ങൾ സംരക്ഷിക്കാനായി ഇവിടേക്ക് ഒളിച്ചുകടത്തിക്കൊണ്ടുവന്നിരുന്നു. ലോകത്തെവിടെയുമില്ലാത്ത അപൂർവ്വങ്ങളിൽ അപൂർവ്വമായ പുസ്തകങ്ങളുടെ വലിയ ശേഖരം തന്നെ ലൈബ്രറി ഓഫ് കോൺഗ്രസ്സിന് ലഭിക്കുന്നത് അങ്ങനെയാണ്. വിപ്ലവമെല്ലാം കഴിഞ്ഞ് തങ്ങൾക്കുണ്ടായ വലിയ സാംസ്‌കാരികനഷ്ടം തിരിച്ചറിഞ്ഞ ചൈന ഗ്രന്ഥങ്ങൾ തിരികെ ചോദിച്ചു. കുറേയൊക്കെ തിരിച്ചുകൊടുത്തു. കുറേയൊന്നും കൊടുത്തതുമില്ല. ഞാൻ സെനറ്റ് ഓഫീസിൽ ജോലി ചെയ്യുന്ന കാലത്തും ഗ്രന്ഥങ്ങൾക്കായി ചൈന അമേരിക്കയോട് പേശിക്കൊണ്ടിക്കുന്നുണ്ടായിരുന്നു. അന്നത്തെ ആവേശത്തിൽ കത്തിച്ചാമ്പലാക്കിയ പുസ്തകങ്ങളുടെ മൂല്യം പിന്നീടാണവർ തിരിച്ചറിഞ്ഞത്.

തങ്കം എന്റെ നല്ല സുഹൃത്തായിരുന്നു. എഴുത്തുകാർ വരുമ്പോൾ ഞാൻ തങ്കത്തെയായിരുന്നു ഏൽപിച്ചുകൊടുക്കുക. എന്റെ ജോലിക്കിടയിലൂടെയാണ് അതിഥികളെയും കൊണ്ട് ഇവിടെയെത്തുക. സുരക്ഷാചുമതലയുള്ള കാപിറ്റോൾ പോലീസും സഹായങ്ങൾ ചെയ്തുതരുമായിരുന്നു. ജോലിക്കാർക്കു മാത്രം പോകാനായി സജ്ജമാക്കിയിട്ടുള്ള അണ്ടർഗ്രൗണ്ട് ട്രെയിനിൽക്കൂടി അതിഥികളെയും കൂട്ടി ഞാൻ ലൈബ്രറി ഓഫ് കോൺഗ്രസ്സിനടുത്തേക്ക് പോലീസിനോട് പല ഒഴികഴിവുകളും പറഞ്ഞ് പോകുമ്പോൾ അവരെന്നെ കളിയാക്കിക്കൊണ്ട് പറയും: 'അതാ വരുന്നു ഇന്ത്യൻ അംബാസിഡർ'. കാരണം സന്ദർശകരെയും കൊണ്ട് ഞാൻ അവരുടെ മുമ്പിലെത്തുന്നത് പതിവായിരുന്നു.

നമ്മുടെ എഴുത്തുകാരെ തങ്കത്തെ ഏൽപിച്ചുകൊടുത്താൽ പിന്നെ സമാധാനമായി. അവർ എല്ലാവരെയും അകത്തേക്കുകൊണ്ടുപോയി എഴുത്തുകാരുടെ പുസ്തകങ്ങൾ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഷെൽഫ് കാണിച്ചുകൊടുക്കുമായിരുന്നു. അഞ്ചുവർഷം കഴിഞ്ഞപ്പോൾ തങ്കം അയ്യർ റിട്ടയർ ചെയ്തു. അവരുടെ ബന്ധുക്കൾ കുറച്ചുപേർ അമേരിക്കയിൽ ഉണ്ടായിരുന്നു. പിന്നെ കുറച്ചുകാലം കഴിഞ്ഞ് നാട്ടിലേക്ക് തിരികെ പോയി എന്നറിഞ്ഞു. അവിവാഹിതയായിരുന്നു തങ്കം അയ്യർ. വളരെ ഊർജ്ജസ്വലയായ ഒരു വ്യക്തിത്വമായിരുന്നു. നാട്ടിൽ വരുമ്പോഴെല്ലാം തങ്കം അയ്യരെക്കുറിച്ച് അന്വേഷിക്കണമെന്ന് കരുതും. പക്ഷേ പലപല തിരക്കുകളിൽ പെട്ട് നടക്കാറില്ലായിരുന്നു. ഇതെഴുതുന്ന വേളയിലാണ് തങ്കം അയ്യരെക്കുറിച്ച് അവരുടെ ഒരു ബന്ധുവിനോട് അന്വേഷിച്ചത്. അവർ ഓർമയായിട്ട് 20 വർഷം കഴിഞ്ഞിരിക്കുന്നു! ചുണ്ടിൽ എപ്പോഴുമൊരു പുഞ്ചിരിയുമായി വളരേ സൗമ്യതയാർന്ന മുഖവുമായി അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസ്സിൽ ഇന്ത്യൻ സാരിയുമുടുത്ത് നെറ്റിയിൽ വലിയൊരു പൊട്ടുകുത്തി പ്രൗഢഗംഭീരയായി ഇരിക്കുന്ന തങ്കം അയ്യരുടെ തേജസ്സുറ്റ മുഖം ഓർമ വരികയാണ്. അവരിലൂടെ എത്രയെത്ര എഴുത്തുകാരെയാണ് ഞാൻ ലൈബ്രറി ഓഫ് കോൺഗ്രസ്സെന്ന മഹാവിസ്മയം അനുഭവവേദ്യമാക്കിയിരിക്കുന്നത്. നോക്കൂ, കേരളത്തിന്റെ ഏറ്റവുമറ്റത്ത് യാതൊരു അല്ലലുമില്ലാതെ ജോലി ചെയ്തിരുന്ന ഒരു സ്ത്രീ ലോകത്തെ രണ്ടു പ്രബലശക്തികളായ അമേരിക്കയും റഷ്യയും രണ്ടാം ലോകമഹായുദ്ധാനന്തരം തമ്മിലുണ്ടായ ശീതസമരത്തിന്റെ പരിണിതഫലമനുഭവിക്കേണ്ടി വന്നത്! തങ്ങളുടെ ജീവനക്കാരിയെ അമേരിക്ക നേരെയങ്ങ് സ്വന്തം രാജ്യത്തേക്ക് കൂട്ടിക്കൊണ്ടുപോയി ജോലിയും ജീവിതവും ഭദ്രമാക്കി. ലൈബ്രറി ഓഫ് കോൺഗ്രസ്സിലെ പുസ്തകങ്ങൾക്കിടയിൽ സുസ്മേരവദനയായി തന്റെ നാട്ടിൽനിന്നും വരുന്ന എഴുത്തുകാരെ ഹൃദ്യമായി സ്വീകരിച്ചുകൊണ്ട്് അവർ കാലം കടന്നു. അവർ ജീവിതാവസാനംവരെ ഏകയായി ജീവിച്ചു. ഏകയായിരിക്കില്ല, ലോകസമൂഹം തന്നെ പുസ്തകങ്ങളായി അവർക്കു ചുറ്റുമുണ്ടായിരുന്നല്ലോ.

 

വാഷിങ്ടണിൽ ആദ്യമായി ഒരു മലയാളിയുടെ റസ്റ്റോറന്റ്് യാഥാർഥ്യമാക്കിയത് സുകു നായരായിരുന്നു. കളിനറി ഡിഗ്രിയുള്ളയാളായിരുന്നു സുകു നായർ. കേരളാ അസോസിയേഷന്റെ പരിപാടികളുടെ ഭക്ഷണച്ചുമതല സുകുവിനെ ഏൽപിച്ചതോടെയാണ് ഞങ്ങൾ സ്ത്രീകൾ കുറച്ചൊക്കെ ഫ്രീയായി പരിപാടികൾ ആസ്വദിക്കാൻ തുടങ്ങിയത്. അതുവരെ ഓരോ വീട്ടിൽ നിന്നും മൂന്നും നാലും ഐറ്റങ്ങൾ പാകംചെയ്തു കൊണ്ടുവന്ന് വിളമ്പുകയായിരുന്നല്ലോ. റസ്റ്റോറന്റിൽ മലയാളി പാചകക്കാരെയൊക്കെ അദ്ദേഹം നിയമിച്ചു. റസ്റ്റോറന്റിൽ കേരളാഫുഡ് മാത്രമല്ലായിരുന്നു, അമേരിക്കൻ ഭക്ഷണവും നൽകിയിരുന്നു. സുകു നായർ ഒരിക്കൽ എന്നെ വിളിച്ചു. കേരളത്തിലെ പ്രമുഖനായ രാഷ്ട്രീയനേതാവും ഭാര്യയും വന്നിട്ടുണ്ട്. അവർക്ക് കാപിറ്റോൾ കാണണം. അന്ന് അദ്ദേഹം എം.പിയാണ്. ഞാൻ സന്തോഷത്തോടെ അദ്ദേഹത്തെയും ഭാര്യയെയും കൂട്ടിക്കൊണ്ടുപോയി സെനറ്റിലെത്തി. അപ്പോഴാണ് മിന്നസോട്ടയിലെ സെനറ്ററായ വെൽസ്റ്റൺ എന്നെ കാണുന്നത്. തൊഴിലാളി ക്ഷേമത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ദീർഘകാലം നിലകൊണ്ട വളരെ ജനപ്രിയനായ സെനറ്ററായിരുന്നു അദ്ദേഹം. ഒരു വിമാനാപകടത്തിലായിരുന്നു അദ്ദേഹം മരണപ്പെട്ടത്. ഇന്ത്യയിൽ നിന്നുള്ള എംപിയും ഭാര്യയുമാണ് ഇതെന്നും അവരെ ഇവിടമെല്ലാം കാണിക്കാൻ കൊണ്ടുവന്നതാണെന്നും ഞാൻ പറഞ്ഞു. എം.പിയാണെന്നറിഞ്ഞപ്പോൾ അവർ വലിയ താല്പര്യത്തോടെ ഒരു സ്റ്റാഫിനെ നേതാവിനും ഭാര്യയ്ക്കുമൊപ്പം വിട്ട് എല്ലായിടവും കൊണ്ടുപോയി കാണിച്ചുകൊടുത്തു. ഞാൻ കാണിക്കുന്നതിലും വിവരിക്കുന്നതിലും കൂടുതലായി സെനറ്റ് മുഴുവനായും അവർ നടന്നുകണ്ടു. ആ സംഭവം എനിക്ക് മറ്റൊരു പാഠമായിരുന്നു പകർന്നുതന്നത്. മനുഷ്യർ എല്ലാവരും ഒരുപോലെയല്ല. സാനുമാഷും എം.ടിയും സുഗതച്ചേച്ചിയും തോപ്പിൽഭാസിയുമൊക്കെ മനുഷ്യബന്ധത്തിൽ ആത്മാർഥത പുലർത്തിയവരായിരുന്നു. അവർക്ക് ഞാനും എന്നെപ്പോലുള്ള പ്രവാസികളും അവരുടെ ജീവിതത്തിലെ മനുഷ്യർക്കൊപ്പം കൂട്ടിയിരുന്നു. അവർ വിശേഷങ്ങൾ ചോദിക്കാനും പരിചയം പുതുക്കാനും മറന്നില്ല. പക്ഷേ ചില മനുഷ്യർ അങ്ങനെയല്ലല്ലോ. അവർക്ക് നമ്മൾ വെറും ഫെസിലിറ്റേറ്റർ മാത്രമാണ്. ഈ നേതാവ് അത്തരത്തിലൊരാളായിരുന്നു. നാട്ടിൽവെച്ച് ഇദ്ദേഹത്തെ ഞാൻ കാണാനിടയായി. പക്ഷേ അദ്ദേഹത്തിന് എന്നെ കണ്ട ഓർമപോലുമില്ലായിരുന്നു.

 

കേരളത്തിൽ നിന്നും അതിഥികൾ വരുമ്പോൾ ഞങ്ങൾ അവരെ മികച്ചരീതിയിൽ സ്വീകരിക്കാനും വേണ്ടതെല്ലാം ഒരുക്കിക്കൊടുക്കാനും ശ്രമിക്കാറുണ്ട്. അതിഥികളുടെ, പ്രത്യേകിച്ചും എഴുത്തുകാരുടെ നിലയും വിലയും അനുസരിച്ചുള്ള ബഹുമാനം ഭക്ഷണത്തിലും കിടക്കാൻ ഒരുക്കിയിട്ടുള്ള മുറിയിലും നൽകാൻ പാടുപെടാറുമുണ്ട്. അതിനിടയിൽ ഞങ്ങൾക്ക് ജോലിക്ക് പോകണം, കുട്ടികളെ സ്‌കൂളിൽ അയയ്ക്കണം, അവർക്കുള്ള ഭക്ഷണമുണ്ടാക്കണം, അതിഥികൾക്കുള്ള പുട്ടും കടലയും ലാളിത്യത്തിന്റെ കഞ്ഞിയും പയറും പപ്പടവും തേടിപ്പിടിക്കണം. ആഴ്ചയിൽ നാൽപതുമണിക്കൂറാണ് ജോലി. പല ഓഫീസിലും വരുന്നതും പോകുന്നതും ഇടയിൽ ബ്രേക്കെടുക്കുന്നതുമായ സമയം വരെ രേഖപ്പെടുത്തിയിരിക്കണം എന്ന നിബന്ധനയുമുണ്ട്. കറികൾ ഒന്നിച്ച് പാചകം ചെയ്ത് ഫ്രിഡ്ജിൽ വെക്കുന്ന ഭക്ഷണം മൈക്രോവേവ് അവനിൽ ആവശ്യത്തിനെടുത്ത് ചൂടാക്കിക്കഴിക്കുന്നത് പതിവാണ്. ചോറ് മാത്രമാണ് ദിവസവും വെക്കുക. ഭക്ഷണകാര്യത്തിൽ ചില അതിഥികൾ മനസ്സിന് വല്ലാതെ വിഷമമുണ്ടാക്കിയിട്ടുമുണ്ട്. ചോറ് ചൂടാക്കിവെച്ചിട്ട് അതിഥികളെ കാത്തിരിക്കണം. അവർ കഥയും കാര്യവും പറഞ്ഞ് സമയം പോകുന്നതിനിടയിൽ ചോറ് തണുക്കും. പിന്നെയും ചൂടാക്കും. ഇത് മൂന്നാലാവർത്തി സംഭവിക്കും. രാത്രി ഒരു മണിവരെയൊക്കെ അത്താഴം കഴിക്കാനായി പ്രമുഖരെ കാത്തിരുന്നിട്ടുണ്ട്. പിറ്റേദിവസം വീട്ടുകാർക്ക് ജോലിക്ക് പോകേണ്ടതാണ്. അതിഥികളോട് അതൊന്നും പറയാൻ പറ്റില്ലല്ലോ. അത്തരത്തിൽ ഒരതിഥി നാട്ടിൽ തിരികെ എത്തിയശേഷം തന്റെ യാത്രാവിവരണത്തിൽ അമേരിക്കൻ മലയാളി സ്ത്രീകളുടെ സത്ക്കാരത്തെ പുച്ഛിച്ച് എഴുതിയതും വായിച്ചിട്ടുണ്ട്. രാവിലെ എഴുന്നേറ്റ് പാന്റും ഷർട്ടും മേക്കപ്പുമിട്ട് ഓഫീസിൽ പോകും, രാത്രിയിൽ വന്നാൽ ആഴ്ചകളോളം ഫ്രിഡ്ജിൽ വെച്ചിരിക്കുന്ന ഭക്ഷണം ഓവനിൽ വെച്ചു ചൂടാക്കും, പിറ്റേന്നും ചൂടാക്കും... എന്ന മട്ടിൽ. നഴ്‌സുമാരുടെയൊക്കെ ജോലിഭാരം ഓർത്താൽ അവരോട് ഒരു ഗ്ലാസ് വെള്ളം ചൂടാക്കിത്തരാമോ എന്ന് ആർക്കും ചോദിക്കാൻ മനസ്സുവരില്ല. അവർ നാട്ടിലെ ഭക്ഷണരീതിയും അപ്പപ്പോൾ വിറകടുപ്പിൽ നിന്നും ചൂടോടെ വേവിച്ചെടുത്തത് വിളമ്പണമെന്നും വാശിപിടിക്കരുതല്ലോ. ഫ്രിഡ്ജിൽ നിന്നും കറികൾ എടുത്ത് ചൂടാക്കുന്നത് അവർ കാണുമ്പോൾ കരുതുന്നത് തലേന്നത്തെ ഭക്ഷണം വിളമ്പിത്തന്നു എന്ന രീതിയിലാണ്. അക്കാലത്ത് നാട്ടിലെ റഫ്രിജറേറ്ററിൽ ഭക്ഷണം വെച്ചാൽ ആരുമങ്ങനെ കഴിക്കില്ലായിരുന്നു. ഇടയ്ക്കിടെ കറണ്ട് പോകുന്നതുകാരണം അകത്തെ ഭക്ഷണം ചീത്തയാവുന്നതും സ്വാഭാവികമായിരുന്നു. ഫ്രീസറിൽ വെച്ച ഭക്ഷണമെടുത്ത് അതിഥികൾക്ക് ചൂടാക്കിക്കൊടുത്തു എന്ന വലിയ അപരാധം ചെയ്തതുപോലെയായിരുന്നു ആ എഴുത്ത്.

 

ഒരിക്കൽ എനിക്ക് വലിയൊരു പ്രതിസന്ധി നേരിടേണ്ടി വന്നു. ഞാൻ വീടിന്റെ മുകൾനിലയിലായിരുന്നു അതിഥികൾക്ക് മുറിയൊരുക്കിയിരുന്നത്. ഒരു ദിവസം വെള്ളം താഴത്തെ നിലയിലേക്ക് കിനിഞ്ഞിറങ്ങാൻ തുടങ്ങി. തണുപ്പിനെ പ്രതിരോധിക്കാനായി ഇവിടെ റൂഫും നിലവുമെല്ലാം മരത്തടിയിലാണ് പണിതിരുന്നത്. ചൂട് നിലനിർത്താനായി തണുപ്പ് രാജ്യങ്ങളിൽ ചുവരും മുറികളുമെല്ലാം മരത്തടിയിലാണ് പണിയുക. നാട്ടിലെ കുളിമുറിയിലേതുപോലെ ബക്കറ്റും കപ്പുമൊന്നുമില്ല. വെള്ളം കോരിയൊഴിച്ച് കുളിക്കുന്ന ശീലമില്ല. ബാത്ടബ്ബിലാണ് കുളിക്കുക. അതിഥികളിൽ ഒരാൾ ബാത്ടബ്ബിൽ വെള്ളം നിറച്ച് പുറത്തിറങ്ങി കോരിയൊഴിച്ചുകുളിച്ചു. മരത്തടിയിലുള്ള നിലമാകെ നനഞ്ഞുകുതിർന്നു. ഗ്യാപ്പുകളിലൂടെ വെളളം താഴത്തെ നിലയിലേക്ക് ഒഴുകിക്കൊണ്ടേയിരിക്കുകയാണ്. ആ വെള്ളം മറ്റുമുറികളിലേക്കും വ്യാപിച്ചു. ഇലക്ട്രിക് സംവിധാനത്തെയും തകരാറിലാക്കി. ചുരുക്കിപ്പറഞ്ഞാൽ വീടിന്റെ ചോർച്ച മാറ്റാനായി മറ്റൊരു ലോൺ എടുക്കേണ്ടി വന്നു. എൺപതുകളിൽ കേരളത്തിൽ ബാത്ടബ്ബ് സംവിധാനമില്ലല്ലോ. ജാഗ്രതക്കുറവ് എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഞങ്ങളത് അതിഥികൾക്ക് മുൻകൂട്ടി പറഞ്ഞുകൊടുക്കേണ്ടതായിരുന്നു.

(തുടരും)