സുനിത വില്യംസ് ബഹിരാകാശത്തില്‍ ജീവിച്ച മാസങ്ങളിലെല്ലാം എന്റെ മനസ്സിന്റെ ഭ്രമണപഥം വഴി ഒരു പാട്ട് വലംചുറ്റിയിരുന്നു. അതിന്റെ ആദ്യവരികള്‍ ഇതാണ് , ' ഹേ പെണ്‍കുട്ടീ , നീ എവിടേയ്ക്കാണ് ഇങ്ങനെ ഒറ്റയ്ക്ക് പോകുന്നത് ? (जा'त कहाँ हो अकेली गोरी)' . 2012 മുതല്‍ ആ ഗാനം വോയേജര്‍ ബഹിരാകാശപേടകത്തില്‍ അജ്ഞാതയും എന്നാല്‍ സമാനഹൃദയയുമായ ഒരു കേള്‍വിക്കാരിയെ പ്രതീക്ഷിച്ച് അലയുന്നുണ്ട്. മഹാകവി രവീന്ദ്രനാഥ ടാഗോര്‍ 'സ്വരശ്രീ' എന്നു പേരുചൊല്ലി വിളിച്ച മഹാഗായിക കേസര്‍ബായി കേര്‍ക്കറുടെ ഗാനമാണിത്.

To advertise here,

അന്യഗ്രഹജീവികളോടൊപ്പം കല്‍പനാ സ്വപ്നാടനം ചെയ്ത പ്രഖ്യാത ജ്യോതിശാസ്ത്രജ്ഞന്‍ കാള്‍ സഗാന്‍ 1977-ല്‍ കുറേ ഗാനങ്ങള്‍ തിരഞ്ഞെടുത്തു. എന്നെങ്കിലും കാതുകളുള്ള ഏതെങ്കിലും ഭൗമേതരജീവികള്‍ ബാഹ്യാകാശ മാര്‍ഗേണ പോയാല്‍ മനുഷ്യനിര്‍മിത സംസ്‌കൃതിയുടെ മഹാഭാഗ്യമായ സംഗീതത്തിന്റെ അംശങ്ങള്‍ കേള്‍ക്കാനിട വരട്ടേ എന്നാണ് ആ ശാസ്ത്രജ്ഞന്‍ ആഗ്രഹിച്ചത്. കാതുള്ള വിചിത്രര്‍ അത് ഇതിനകം കേട്ടിട്ടുണ്ടോ എന്ന് ആര്‍ക്കറിയാം. അല്ലെങ്കില്‍ തന്നെ, ആര്‍ക്കെന്നും എന്തെന്നും ആര്‍ക്കറിയാം...!

ബെര്‍ക്കിലിയിലെ (Centre for World Music ) ന്റെ തലവനായിരുന്ന റോബെര്‍ട് ബ്രൗണ്‍ ആയിരുന്നു കാള്‍ സെഗാനോട് जा'त कहाँ हो अकेली गोरी എന്ന ഗാനത്തെക്കുറിച്ച് പറഞ്ഞത്. അങ്ങനെ ഒരിന്ത്യന്‍ ഭൈരവി ഇപ്പോള്‍ ബഹിരാകാശഗംഗയില്‍ പ്രവാഹമായുണ്ട്. 2012 മുതല്‍ ആ ഗാനം വോയേജര്‍ ബഹിരാകാശപേടകത്തില്‍ അജ്ഞാതമായും എന്നാല്‍ സമാനഹൃദയയുമായ ഒരു കേള്‍വിക്കാരിയെ പ്രതീക്ഷിച്ച് അലയുന്നുണ്ട്.

അമേരിക്കയുടെ ശാസ്ത്രാന്വേഷണ പരിപാടിയായിരുന്നു 1977-ലാരംഭിച്ച വോയേജര്‍ പ്രോഗ്രാം. രണ്ടു ഘട്ടങ്ങളിലായുള്ള ബഹിരാകാശ പര്യവേഷണ പരിപാടിയായിരുന്നു അത്. വോയേജര്‍ 1, വോയേജര്‍  2 . ഭൗമാന്തരീക്ഷത്തിന് പുറത്തുള്ള പ്രതിഭാസങ്ങളായിരുന്നു ഈ പരിപാടിയുടെ ഗ്രാഹ്യമേഖല. ഇവ രണ്ടിലും ഓരോ സംഗീതരേഖ വീതം നിക്ഷേപിച്ചിരുന്നു. സ്വനഗ്രാഹികള്‍ (Phonograph records ). അതില്‍ ഭൂമിയിലെ വിവിധ ശബ്ദങ്ങളടക്കം ചെയ്തിട്ടുണ്ട്. എങ്ങനെയാണ് ഈ റെക്കോര്‍ഡ്‌സില്‍നിന്നും ഈ ശബ്ദരേഖകള്‍ കേള്‍ക്കേണ്ടത് എന്നുള്ളതിനുള്ള മാര്‍ഗരേഖകളും പ്രതീകാത്മകമായി അവയില്‍ രേഖപ്പെടുത്തിയിരുന്നു. ഏതെങ്കിലും ഭൗമേതരജീവികള്‍ക്ക് അറിയാനായി ഭൂമിയെ ലൊക്കേറ്റ്  ചെയ്യാനുള്ള മാര്‍ഗങ്ങളും കൊടുത്തിരുന്നു. ഇതിനൊക്കെയൊപ്പമായിരുന്നു ഇന്ത്യന്‍ ഗായികയുടെ ഗാനവും അടക്കം ചെയ്തിരുന്നത്. ശാസ്ത്രലേഖകനായ തിമോത്തി ഫെറിസും കാള്‍ സഗാനുമടങ്ങിയ സമിതിയാണ് പേടകങ്ങളില്‍ എന്തൊക്കെ നിക്ഷേപിക്കണമെന്ന് തീരുമാനിച്ചത്. സഗാനാണ് സംഗീതഖണ്ഡങ്ങള്‍ തീരുമാനിച്ചത്. 

കേസര്‍ബായി കേര്‍ക്കര്‍ക്കൊപ്പം ഇടം പിടിച്ച മറ്റു സംഗീതജ്ഞര്‍ താഴെപറയുന്നരാണ്:

  • സെബാസ്റ്റ്യന്‍ ബാഹ് ( കനേഡിയന്‍ പിയാനോ വാദകന്‍ Glenn Herbert Gould വായിച്ചത് ) 
  • മൊസാര്‍ട്ട് (  Budapest String Quartet  അവതരിപ്പിച്ചത് )
  •  ബീഥോവന്‍ ( Budapest String Quartet അവതരിപ്പിച്ചത് )
  • ഐഗര്‍ ഫൈദോറോവിച്ച് സ്ട്രാവിന്‍സ്‌കി
  • ഗുവാന്‍ പിന്‍ഖു വായിച്ച ചൈനീസ് സിതാര്‍ 
  • അന്ധനും സുവിശേഷഗായകനുമായിരുന്ന വില്ലി ജോണ്‍സണ്‍ 
  • അമേരിക്കന്‍ ഗായകന്‍ ചക് ബെറി 
  •  ബള്‍ഗേറിയന്‍ നാടോടി ഗായിക വല്യ ബെല്‍കന്‍സ്‌ക 
  • അമേരിക്കന്‍ ഇലക്ട്രോണിക് കമ്പോസര്‍ ലാറി സ്പിഗേല്‍ 
  • അസര്‍ബൈജാനി നാടോടി ഗായകന്‍ കാമില്‍ ജൈലോവ് 

ഈ ഗാനങ്ങളോടൊപ്പം അന്യഗ്രഹജീവികള്‍ക്ക് കാണുവാന്‍ നഗ്‌നരായ ഒരു പുരുഷന്റെയും ഒരു സ്ത്രീയുടെയും ചിത്രങ്ങള്‍ കൂടി വെയ്ക്കണമെന്ന് കാള്‍ സഗാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും നാസ (NASA) അതിനനുവദിച്ചില്ല. നാണം മറയ്ക്കാന്‍ തുടങ്ങുന്നതിനു മുമ്പേ ആദമും ഹവ്വയും പാടിയിരുന്നില്ല എന്ന് നാസ കരുതുന്നുണ്ടാകണം. മനസ്സില്‍ വന്നത് 1970-ല്‍ കൊച്ചിക്കായലില്‍ പ്രേംനസീറിനേയും ശാരദയേയും വള്ളത്തില്‍ കയറ്റി വയലാര്‍ രാമവര്‍മ്മ പാടിച്ച പാട്ടിലെ മൗനശതാബ്ദങ്ങള്‍ക്കകലെയുള്ള മനുഷ്യരാണ്. അവര്‍ പാതിരാപ്പൂ ചൂടിയതിനെക്കുറിച്ചും പാട്ടുപാടിയതിനെക്കുറിച്ചും അദ്ദേഹം എഴുതി.

ഏഴു സമുദ്രത്തിന്നകലെ 
ഏഴാകാശത്തിന്നകലെ
ഏദന്‍ തോട്ടത്തിലൊരു നാളില്‍
ആദവും ഹവ്വയും ആദ്യം ചൂടിയ
പാതിരാ മലരിറുത്തു തരൂ 

മൗനശതാബ്ദങ്ങള്‍ക്കകലെ
മായാദ്വീപുകള്‍ക്കകലെ
സോളമന്‍ വാണൊരു യെറുശലേമില്‍
കാമുകഹൃദയങ്ങള്‍ ആദ്യം പാടിയ
പ്രേമഗാഥകള്‍ പകര്‍ന്നു തരൂ'

വെറുമൊരു രസത്തിന് ഇവിടെ സിനിമാപ്പാട്ടെഴുതിയതല്ല. മലയാളസിനിമയിലെ ഗ്രാമങ്ങളിലൂടെ നടന്ന കാമുകീകാമുകന്മാരെക്കൊണ്ട് അറുപതുകളിലും എഴുപതുകളിലും കാളിദാസനേയും ഭാസനേയും ഷെല്ലിയേയും ഷേക്സ്പിയറെയും ബൈബിളിലെ സോളമനെയും മലയാളത്തിന്റെ വസന്തതിലകമായ കുമാരനാശാനേയും പാടിച്ച വയലാര്‍ ബാഹ്യാകാശത്തുനിന്ന്  ഒരിക്കല്‍ മുറുക്കിത്തുപ്പിയല്ലോ. 

'നീരവനീലാകാശമണ്ഡലത്തിലെ ശുഷ്‌ക താരകേ
വിളറിയനിന്‍മുഖം കാണട്ടെ ഞാന്‍
നിന്റെ നാട്ടിലെ നീലത്തുളസ്സിക്കൊടിത്തോപ്പില്‍
നിന്നുനീ നുള്ളിക്കൂട്ടും പിഞ്ചുവെറ്റിലകളും
ചൊവ്വയില്‍ വിളയുന്ന ചെമ്പഴുക്കയും വാനില്‍
ചെങ്കനല്‍ ചൂളയ്ക്കുള്ളില്‍ നീറ്റിയ ചുണ്ണാമ്പുമായ്
അമ്പിളിത്താമ്പാലം നീട്ടിക്കൊണ്ടൊരു വെള്ളി
ത്തുമ്പിയെപ്പോലെ നിന്നു മാനത്തു നൃത്തംവെയ്‌ക്കേ
സ്വീകരിക്കാറുണ്ടെന്നും ഞാനവ തിരക്കിട്ടുപോകുമീ
പ്പോക്കില്‍ ചക്രവാളത്തില്‍ നീട്ടിത്തുപ്പും.'

ഏതായാലും നാസ നഗ്‌നമനുഷ്യരുടെ ചിത്രങ്ങള്‍ അന്യഗ്രഹജീവികള്‍ കാണേണ്ട എന്നു തീരുമാനിച്ചതിലെ ഭൗമലജ്ജയുടെ അര്‍ഥം മനഃശാസ്ത്രവിശാരദര്‍ പറഞ്ഞുതരട്ടെ. 

നമുക്ക് മഹാഗായിക കേസര്‍ ബായി കെര്‍ക്കറിലേക്ക് പോകാം. ലതാ മങ്കേഷ്‌കര്‍ വരുന്നതിനും മുന്‍പേ ഗോവയില്‍ നിന്നെത്തിയ ഗായികയായിരുന്നു അവര്‍. 1892-ല്‍ ഗോവയില്‍ ജനിച്ച കേസര്‍ മഹാരഥന്മാരായിരുന്ന ഗുരുക്കന്മാരുടെ കീഴിലാണ് സംഗീതം അഭ്യസിച്ചത്, രാമകൃഷ്ണബുവ വാസേ, ഉസ്താദ് അല്ലാദിയാ ഖാന്‍. കേസര്‍ബായിയുടെ സംഗീതരേഖ ബാഹ്യാകാശത്ത് അനശ്വരമായി ഭ്രമണം ചെയ്യുമ്പോള്‍ നാം മറന്നുപോകരുതാത്ത ഒരു കാര്യം, അവര്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് വിമുഖയായിരുന്നു എന്നതാണ്. 

ശബ്ദലേഖനത്തിന്റെ ചരിത്രത്തിലെ ആദ്യകാലങ്ങളിലെ സാങ്കേതികപരിമിതികള്‍ മൂലം തന്റെ ശുദ്ധസംഗീതത്തില്‍ ശബ്ദലേഖനത്തിനുവേണ്ടി ചെയ്യേണ്ടിവരുന്ന അനുരഞ്ജനങ്ങളോട് അവര്‍ക്കുണ്ടായിരുന്ന എതിര്‍പ്പ് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാലും ഇന്ന് ഓണ്‍ലൈന്‍ ആര്‍കൈവുകളില്‍ ലഭ്യമായ കേസര്‍ബായി കേര്‍ക്കര്‍ ശബ്ദലേഖനങ്ങളിലൂടെയാണല്ലോ അവര്‍ നമുക്കിടയില്‍ ഇപ്പോഴും വിസ്മയം തീര്‍ത്തുകൊണ്ടിരിക്കുന്നത്. പ്രശസ്ത സംഗീതപണ്ഡിതനും ഗ്രന്ഥകാരനുമായ പണ്ഡിറ്റ് കുമാര്‍ പ്രസാദ് മുഖര്‍ജി The Lost World of Hindustani Music എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട് : ' അവരുടെ 78 RPM records ഹിന്ദുസ്ഥാനി സ്ത്രീഗായകര്‍ക്കുള്ള നിത്യപാഠപുസ്തകങ്ങളാണ്'. 

1938-ല്‍ കേസര്‍ ബായിയ്ക്ക് നാല്പത്തിയാറുവയസ്സുണ്ടായിരുന്നു. ടാഗോറിനാകട്ടെ എഴുപത്തിയേഴും. ഗുരുദേവകവിയുടെ മുന്നില്‍ അക്കൊല്ലം കേസര്‍ബായി പാടി. കേട്ടുകഴിഞ്ഞപ്പോള്‍ കവി അപ്രമേയവിലാസലോലമായ ആനന്ദമനുഭവിച്ചത്രേ. അദ്ദേഹം അന്നുരാത്രി ഗായികയ്ക്ക് കത്തയച്ചപ്പോഴാണ് പില്‍ക്കാലത്ത് കേസര്‍ബായിയുടെ പേരിന്റെ പൂര്‍വാര്‍ധമായിമാറിയ സുര്‍ശ്രീ എന്ന ആദരം വന്നുചേര്‍ന്നത്. അങ്ങനെ അവര്‍  സുര്‍ശ്രീ കേസര്‍ബായി കേര്‍ക്കര്‍ എന്നറിയപ്പെട്ടു. ടാഗോര്‍ എഴുതി: ഈ ശബ്ദത്തിലെ മാന്ത്രികതയില്‍, ആ സ്വരസംക്രമണങ്ങളിലെ മാസ്മരികതയില്‍ മഹാപ്രതിഭ സുതാര്യമായി വെളിവാകുന്നു. പാട്ടിന്റെ സാങ്കേതികതയെപ്പുണരുന്ന സൂക്ഷ്മതകളുടെ പാണ്ഡിത്യ പ്രദര്‍ശനമല്ല ഈ പാട്ട്. ഈ അനാച്ഛാദനം ഒരു യഥാര്‍ഥപ്രതിഭയ്ക്കു മാത്രമേ സാധ്യമാകൂ. ഈ അനുപമാനുഭവത്തിനുള്ള അവസരം ഈ വൈകുന്നേരം അനുവദിച്ച കേസര്‍ബായിയ്ക്ക് എന്റെ നന്ദിയും ആശംസകളും.'

ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഭൈരവി ഒരു പ്രഭാതരാഗമാണ്. കേസര്‍ബായിയുടെ ഗാനം ഭ്രമണം ചെയ്യുന്ന ബഹിരാകാശപഥങ്ങളില്‍ എപ്പോഴും ഇരുട്ടാണോ? അല്ല എന്നാണ് ശാസ്ത്രം പറയുന്നത് . വിദൂരതാരങ്ങളുടെ രശ്മികള്‍, ആകാശഗംഗകളുടെ പ്രഭാവങ്ങള്‍, പ്രാപഞ്ചിക സൂക്ഷ്മതരംഗങ്ങളുടെ പശ്ചാത്തലപ്രഭ എന്നിവയോടൊപ്പം ,' ഹേ പെണ്‍കുട്ടീ , നീ ഏകാകിയായി എങ്ങോട്ടേക്കാണീ പോകുന്നത്' എന്ന ഗാനത്തിന്റെ ഭൈരവീപ്രഭാതവും ബഹിരാകാശത്തെ പ്രകാശപൂരിതമാക്കുന്നുണ്ട്.

അതിനാല്‍ ഈ ലക്കം 'ആഴ്ചപ്പാടുകള്‍' ആ ഗാനം സുനിത വില്യംസിനായി സമര്‍പ്പിക്കുന്നു