
മറ്റൊരു ജാനകിയെയാണ് ഓർമ്മ വരുന്നത്. ഭൂമിപിളർന്ന് അമ്മയെ പുണർന്ന ജനകപുത്രിയെയല്ല, മറിച്ച് കുറച്ചു വർഷങ്ങൾക്കുമുൻപ് മെഡിക്കൽ വിദ്യാർഥികളായിരുന്ന ജാനകി ഓംകുമാറും നവീൻ കെ . റസാക്കും കൂടി ചടുലമായ ചുവടുകളോടെ ഒരാശുപത്രി ഇടനാഴിയെ ആഹ്ളാദോന്മത്തമാക്കിയതാണ് ഓർമ്മയിലെത്തുന്നത്. ജീവിതം എത്രസുന്ദരമാണ് എന്ന് വെറും മുപ്പതു സെക്കൻഡുകൾ കൊണ്ട് മലയാളികളോട് പറഞ്ഞ അവരെ റദ്ദാക്കുകയാണ് സെൻസർ ബോർഡിന്റെ ജാനകീബോധവും സൂംബാ നൃത്തത്തെക്കുറിച്ചുള്ള മതവികാരികളുടെ വൃണബോധവും. രോഗത്തിൻ്റെ പൂക്കൾ വിരിയുന്ന ആവണിയിൽ മലയാളി ഏത് പൂവിറുത്ത് ഇത്തവണ പൂക്കളം തീർക്കും?
ബോണി എം എന്ന സംഗീതസംഘത്തെ നിരാകരിച്ച് ആധുനികമനുഷ്യന്റെ ലാവണ്യബോധത്തിന് മുന്നോട്ടുപോകാൻ കഴിയുമോ? താളമാണ് അവരുടെ റാസ്‌പുട്ടിൻ ഗാനത്തിന്റെ ആത്മാവ്. അതിനെയാണ് ജാനകിയും നവീനും ശരീരത്തിലും മനസ്സിലും കൊണ്ടാടിയത്. ഗാനത്തിന്റെ വരികളുടെ മലയാള അർത്ഥം ചുവടേ നൽകുന്നു.
'വളരെക്കാലം മുൻപേ റഷ്യയിൽ ഒരാൾ ജീവിച്ചിരുന്നു .
ശക്തൻ . വലുപ്പമുള്ളവൻ.
അവൻ്റെ കണ്ണുകളിൽ ഒരു തിളക്കമുണ്ടായിരുന്നു .
ആളുകൾ ഭയത്തോടും ഭീതിയോടും അയാളെ നോക്കി .
എന്നാൽ മോസ്‌കോ കുഞ്ഞുങ്ങൾക്ക്
അയാൾ വളരെ സുന്ദരനും പ്രീയപ്പെട്ടവനുമായിരുന്നു.
ഒരു സുവിശേഷകനെപ്പോലെ അയാൾക്ക്
ബൈബിൾ പഠിപ്പിക്കാനറിയാമായിരുന്നു.
തീയും പരമാനന്ദവും .
എന്നാൽ അയാൾ ഒരു പ്രത്യേകതരം സുവിശേഷകനായിരുന്നു,
സ്ത്രീകൾക്ക് ഇഷ്ടപ്പെട്ടവൻ'
1978 ഓഗസ്റ്റിൽ പുറത്തിറങ്ങിയ 'റാസ്പുട്ടിൻ' എന്ന ബോണി എം ഗാനം കേരളത്തിലെ യുവാക്കളെ ഹരം കൊള്ളിക്കുവാൻ പതിറ്റാണ്ടുകൾക്കു ശേഷം രണ്ടു മെഡിക്കൽ വിദ്യാർഥികൾ ആശുപത്രിവസ്ത്രത്തിൽ ആതുരാലയത്തിൻ്റെ ഇടനാഴിയിൽ നൃത്തമാടേണ്ടിവന്നു. ആ നൃത്തം ആഭാസമെന്നുപറയുന്ന സുവിശേഷകരെയെല്ലാം, നവോത്ഥനപ്രചോദിതമെന്നൊക്കെ ഞെളിയുന്ന കേരള പൊതുമണ്ഡലത്തിലെ റാസ്പുട്ടിൻമാരെയെല്ലാം തള്ളിപ്പറഞ്ഞ് കുട്ടികൾ തെരുവുകളിൽ നൃത്തം ചവുട്ടിയാൽ മാത്രമേ കേരളാ മോഡൽ എന്ന് ചിലരെങ്കിലും അഹങ്കരിക്കുന്ന മാതൃകയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടാൻ കഴിയൂ. ഗ്രിഗറി റാസ്പുട്ടിൻ വിശ്വാസരോഗശാന്തിക്കാരനും റഷ്യയിലെ നിക്കോളാസ് രണ്ടാമൻ ചക്രവർത്തിയുടെ ഉപദേശകനും അധികാരത്തിന്റെ മഹാദല്ലാളുമായിരുന്നു. കേരളത്തിലെ സാമൂഹ്യരംഗത്ത് ഇപ്പോൾ സർവ്വമതങ്ങളിൽ നിന്നും ഇത്തരം ഉപദല്ലാളുമാർ അവതരിച്ചിരിക്കുകയാണ്. മറ്റെന്തിനേക്കാളും അധികാരമെന്നത് പ്രാഥമികപരിഗണനയായ രാഷ്ട്രീയപാർട്ടികൾക്ക് ഈ റാസ്‌പുട്ടിൻമാരെ ഭയമാണ്. ഒരടവുനയം എന്ന രീതിയിൽ രാഷ്ട്രീയക്കാർ ഒന്നടങ്കം മലയാളികളെ ചതിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യൻ ഓർത്തോഡോക്സ് പള്ളിയുടെ ഒരുതരത്തിലുള്ള ഔദ്യോഗിക പദവികളും ഇല്ലാതിരുന്നിട്ടും റാസ്‌പുട്ടിൻ മോസ്ക്കോയിലെ കൊട്ടാരത്തിന്റെ അകത്തളത്തിൽ മതത്തിന്റെ പ്രതിധ്വനിയായി. കേരളത്തിലും അങ്ങനെയൊന്നാണ് സംഭവിക്കുന്നത്, ഭരിക്കുന്ന പാർട്ടിയിലാണെങ്കിലും വിഭരിക്കുന്ന പാർട്ടിയിലാണെങ്കിലും.
ബോണി -എമ്മിന്റെ ഗാനത്തിലെ അടുത്ത വരികൾ നമുക്കൊന്നുനോക്കാം.
Ra-Ra-Rasputin, lover of the Russian Queen
There was a cat that really was gone
Ra-Ra-Rasputin, Russia's greatest love machine
It was a shame how he carried on
റാ -റാ റാസ്പുട്ടിൻ, റഷ്യൻ രാജ്ഞിയുടെ കാമുകൻ
ഒരു പൂച്ചയെപ്പോലെ കടന്നു
റാ -റാ റാസ്പുട്ടിൻ, റഷ്യയിലെ ഏറ്റവും വലിയ പ്രണയയന്ത്രം
എത്ര നാണംകെട്ട രീതിയിലാണ് അയാൾ
കാര്യങ്ങൾ കൊണ്ടുനടന്നത്
മലയാളി സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. കേരളത്തിലെ വാർത്താമുറികളിൽ അന്തിചർച്ചകളിൽ ഹിന്ദു - ക്രിസ്ത്യൻ -മുസ്‌ലിം -കമ്മ്യൂണിസ്റ്റ്-കോൺഗ്രസ്സ് മതക്കാരുടെ പ്രതിനിധികളായി സ്വയം അവരോധിച്ച്, ഹാജരായി, യുക്തിഹീനതയെ ദൈവഭദ്രതപോലെ അവതരിപ്പിക്കുന്നതു കേട്ടുകൊണ്ടിരിക്കുമ്പോൾ അവരോട് ഏതെങ്കിലും ഘട്ടത്തിൽ താദാത്മ്യം പ്രാപിക്കുന്ന ഒരു മാനസികാവസ്ഥ നമ്മളിൽ ഉണ്ടോ എന്ന ചോദ്യമാണ് മലയാളി സ്വയം ചോദിക്കേണ്ടത്. 'ഇയാൾ പറയുന്നതിൽ വസ്തുതയുണ്ടല്ലോ' എന്ന സംശയം തോന്നാറുണ്ടോ എന്നാണ് ഞാൻ ചോദിക്കുന്നത്. റാസ്‌പുട്ടിൻ അങ്ങനെയാണ് നിക്കോളാസ് രണ്ടാമന്റെ കൊട്ടാരത്തിൽ ഇരയെപ്പിടിക്കുന്ന ചിലന്തിവല നെയ്തത്.
തകഴി ശിവശങ്കരപ്പിള്ളയുടെ കൊച്ചനന്തരാവളായ ഇംഗ്ളീഷ് എഴുത്തുകാരി ജയശ്രീ മിശ്രയുടെ ആദ്യ നോവലായ Ancient Promises ലെ നായിക ജാനകിയാണ്. ഡൽഹിയിൽ പഠിച്ച ആലപ്പുഴക്കാരിയാണ് ജാനകി. ഡൽഹിയിൽ വെച്ച് അവൾക്കുണ്ടാകുന്ന കാമുകന്റെ പേര് അർജുൻ എന്നാണ്. ഇന്നത്തെ ഇന്ത്യയിലെ സെൻസർ ബോർഡ് ഇപ്പോൾ ചോദിക്കാം 'അതെങ്ങനെയാണ് ത്രേതായുഗത്തിലെ ശ്രീരാമന്റെ ധർമ്മപത്നി ജാനകി ദ്വാപരയുഗത്തിലെ പ്രേമസ്വരൂപനെ തേരാളിയാക്കിയ അർജുനനെ പ്രേമിക്കുന്നതെന്ന്'. ഇതാണ് സെൻസർ ബോർഡുകളിൽ റാസ്‌പുട്ടിൻ ചെയ്യുന്ന ദുർമന്ത്രവാദം. തകഴി പണ്ട് 'കന്യാസ്ത്രീ' എന്ന ഒരു ചെറുകഥ എഴുതിയിട്ടുണ്ട്. പള്ളിവികാരിയുടെ മേടയിൽ കാമുകിയായ കന്യാസ്ത്രീ മണവാട്ടിയുടെ വേഷത്തിൽ രാത്രി കയറിച്ചെല്ലുന്നതും ആ രാത്രി അവൾ ആത്മഹത്യ ചെയ്യുന്നതും. ഇക്കാലത്ത് തകഴിയ്ക്ക് അത്തരത്തിൽ ഒരു കഥ മലയാളത്തിൽ എഴുതാൻ കഴിയുമോ? ഇതാണ് കുട്ടനാട്ടിലെ ഇന്നത്തെ എഴുത്തുമുറിയിൽ റാസ്‌പുട്ടിൻ ചെയ്യുന്ന ദുർമന്ത്രവാദം. വിഷ്ണു നരസിംഹരൂപത്തിൽ തൂണുപിളർന്നു പുറത്തുവരുമോ? മരിച്ചുപോയ ഒരാൾക്ക് മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കാൻ കഴിയുമോ, ചിറകുകളുള്ള കുതിരപ്പുറത്തുകയറി ഒരാൾക്ക് ഏഴുസ്വർഗ്ഗങ്ങളും കണ്ട് ആദാമിനോടും മോസസ്സിനോടും ജീസസ്സിനോടും സംസാരിച്ചിട്ടു തിരികെ വരാൻ കഴിയുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാനുള്ള സ്വാതന്ത്ര്യവും അത്തരം വിശ്വാസങ്ങൾ കൊണ്ടുനടക്കാനുള്ള സ്വാതന്ത്ര്യം പോലെ ഉണ്ടാകണമെന്നു പറഞ്ഞാൽ പുതിയ റാസ്പുട്ടിൻമാർക്ക് ഇഷ്ടപ്പെടില്ല.
ഒരുക്കണക്കിനു നോക്കിയാൽ ജാനകീവിരോധവും സൂംബാനൃത്തവിവാദവുമൊക്കെ ആത്മപരിശോധന നടത്താനാഗ്രഹിക്കുന്ന ഒരു സമൂഹത്തിന് നല്ലതാണ്. കേരളത്തിന്റെ ചെമ്പുപുറത്തുവരുന്നത് നല്ലതാണ്. നാം അണിയുന്ന പുരോഗമനത്തിന്റെ മേലങ്കിക്കു താഴെ നൂറ്റാണ്ടുകൾ പഴക്കമുള്ള മന്ത്രവാദത്തിൻ്റെ ചരടുകൾ ഉണ്ടെന്നത് അങ്ങനെ വെളിപ്പെടട്ടെ. വീട്ടിനുള്ളിൽ റാസ്പുട്ടിൻ എന്ന മാന്ത്രികപൂച്ചയെ വളർത്തിയിട്ട് പുറത്ത് പുരോഗാമികളാകുന്നതിലെ ആത്മവഞ്ചന പുറത്തുവരട്ടെ. ആദ്യമഴയിൽ തന്നെ പൂശിയ പൊന്നൊഴുകി ചെമ്പുപുറത്തുവരുന്ന മുദ്രാമോതിരമണിഞ്ഞതാണ് മലയാളി മെമ്മോറിയൽ മലയാളി തിരിച്ചറിയട്ടെ.
ആൾക്കൂട്ടത്തിൽ നൃത്തം ചെയ്യാൻ മടിയുള്ളവരാണ് മലയാളി ആണുങ്ങൾ. കേരളത്തിൽ തായമ്പകയും പഞ്ചവാദ്യവും താളഗോപുരങ്ങളും ഉണ്ടായിട്ടും കേരളത്തിലെ ആണുങ്ങൾ ആൾക്കൂട്ടത്തിൽ മതിമറന്ന് നൃത്തം ചെയ്യുന്നവരല്ല. വിമനസ്സായി നൃത്തം ചെയ്യുന്ന ഒരു മമ്മൂട്ടി കേരളത്തിലെ ഓരോ ആണിനകത്തും കുടിയിരിക്കുന്നുണ്ടായിരുന്നു അടുത്തകാലം വരെ. വടക്കേയിന്ത്യയിലെ വിവാഹച്ചടങ്ങുകളിൽ ആണും പെണ്ണും ആഹ്ളാദത്തിന്റെ തിരപ്പുറത്ത് നൃത്തം ചെയ്യുമ്പോൾ അവിടെ സന്നിഹിതരായിരിക്കുന്ന മലയാളികൾ അപകടം മണത്ത ആമ ഇന്ദ്രിയങ്ങൾ പിൻവലിക്കുന്നതുപോലെ പിൻവലിയുന്നതുകാണാം. (അല്ലെങ്കിൽത്തന്നെ ആവശ്യത്തിൽ കൂടുതൽ ഗൗരവത്തിലാണ് മലയാളിയുടെ വിവാഹച്ചടങ്ങുകൾ. ഏതോ ഭയങ്കരമാന ഗൗരവമാണ് ആ ചടങ്ങുകൾക്ക് മതഭേദമന്യേ. വൈദികമായ ഒരു വിഷാദാത്മകതയാണ് കേരളത്തിലെ വിവാഹച്ചടങ്ങുകളിലെ ഏറ്റവും വലിയ ബോറടി).
ഹിന്ദിയിൽ 1959 ൽ 'ജീന ഇസി കി നാം ഹേ' എന്നുപാടി രാജ് കപൂർ സ്വതസിദ്ധതാളത്തിൽ നൃത്തം ചെയ്യുമ്പോൾ അതേ വർഷത്തിൽ പുറത്തിറങ്ങിയ മലയാള സിനിമയിൽ അതിവേഗതാളത്തിലുള്ള 'കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം' എന്ന ഗാനം കേട്ടിട്ട് നായര് പുലിവാലുപിടിച്ചപോലെ സത്യൻ വെറുതെ തലയാട്ടിയിരിക്കുന്നത് നമ്മൾ കണ്ടു. വളരെ പിൽക്കാലത്താണ് അതിവേഗചടുലതാളങ്ങളിൽ നന്നായി നൃത്തം ചെയ്യാവുന്ന നടൻമാർ, കുഞ്ചാക്കോ ബോബനെപ്പോലെയുള്ളവർ' മലയാള സിനിമയിൽ വന്നത്.
ആൾക്കൂട്ടനൃത്തത്തിനുള്ള ഈ കഴിവുകേടും കൂടിയാകണം സൂംബാ നൃത്തത്തോടുള്ള ഒരു വിഭാഗത്തിന്റെ വിപ്രതിപത്തിയുടെ അബോധധാരാകാരണമെന്നും തോന്നുന്നു. ആണുങ്ങളായുള്ള അദ്ധ്യാപകരും രക്ഷിതാക്കളും വിമനസ്സായി സൂംബയോട് മുഖം തിരിച്ചുനിൽക്കാൻ സാധ്യത കാണുന്നുണ്ട്. സൂംബ ഒരു ആഗോള ആരോഗ്യനൃത്ത സാമ്രാജ്യമാണിപ്പോൾ. അതിൻ്റെ സ്ഥാപകനായ ബെറ്റോ പെരെസ് (Beto Perez) ജീവചരിത്രപരമായ ഒരഭിമുഖത്തിൽ പറഞ്ഞത്, മൈക്കിൾ ജാക്സണാണ്, ആ മഹാഗായക നർത്തകന്റെ താളവും ചുവടുകളുമാണ് ഇത്തരത്തിലുള്ള ഒരു കായികനൃത്തം വികസിപ്പിക്കുവാൻ തനിക്ക് പ്രേരണയായതെന്നാണ്. കുമാരനാശാൻ എഴുതിയതുപോലെ 'വൈരാഗ്യമേറിയ വൈദികനാട്ടെ, ഏറ്റ വൈരിക്കു മുൻപുഴറിയോടിയ ഭീരുവാട്ടെ, നേരെ വിടർന്നു വിലസീടിന' മൈക്കിൾ ജാക്സണെ ആരാകിലെന്ത് മിഴിയുള്ളവർ നോക്കിനിൽക്കില്ലേ?
കേരളത്തിലെ സൂംബ നൃത്തസംബന്ധിയായി ചർച്ചകളിൽ അപകടകരമായ വാദങ്ങൾ മുന്നോട്ടുവെയ്ക്കുന്നവരെ ഇപ്പോൾ മധുരത്തിൽ പൊതിഞ്ഞ ഒരു പേര് വിളിക്കുന്നുണ്ട്, 'ലിബറൽ കൺസർവേറ്റിവുകൾ' എന്നാണത്. തുറന്നമനസ്സുള്ള യാഥാസ്ഥിതികർ എന്നാണർത്ഥം. വെളിച്ചമേ, നിനക്ക് ഇരുട്ടിൽ കുഞ്ഞുങ്ങളുണ്ടാകുമോ ? പണ്ട് സുകുമാർ അഴീക്കോട് നടത്തിയ ഒരു പ്രസംഗമാണ് ഓർമ്മ വരുന്നത്. മഹാത്മാഗാന്ധി സർവകലാശാല പ്രവർത്തനം തുടങ്ങിയ കാലം. കെട്ടിടങ്ങൾ semi -permanent buildings ആണെന്ന് അധികൃതർ പറഞ്ഞതിനുള്ള പ്രതികരണമായിട്ടാണ് അഴീക്കോട് അതുപറഞ്ഞത് . ഒന്നുകിൽ permanent, അല്ലെങ്കിൽ temporary. ഈ സെമി-പെർമനെന്റ് എന്നുവെച്ചാൽ എന്താണ്? Liberal Conservatives എന്നാൽ അങ്ങനെയൊന്നാണ്. ഹിന്ദുക്കളിലും മുസ്ലീങ്ങളിലും ക്രിസ്ത്യാനികളിലും തികച്ചും യാഥാസ്ഥിതികമായ വാദങ്ങൾ പുലർത്തുന്ന ആളുകളെല്ലാം കേരളത്തിൽ ഇപ്പോൾ തണൽ തേടുന്ന കുടയാണ് liberal conservatism. തൽസ്ഥിതി, യഥാസ്ഥിതി, നിലനിൽക്കാൻ ആഗ്രഹിക്കുന്നവരാണ് യാഥാസ്ഥിതികർ എന്ന് ഭാഷാനിഘണ്ടു പറയുന്നു. റാസ്പുട്ടിൻ മന്ത്രവാദിയുടെ വിവിധ രൂപങ്ങളായി അവർ മതസഭകളേയും രാഷ്ട്രീയപാർട്ടികളേയും മതത്തിൽ കുടുങ്ങിയ പാവങ്ങളേയും സ്വാധീനിക്കുകയാണ്. ഈ റാസ്പുട്ടിൻ സംഘം കേരളത്തിൽ നന്നേ ചെറിയ, ഒരു ന്യൂനപക്ഷമാണ്. അവർക്ക് ചെവികൊടുക്കുന്നവരല്ല കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മതവിശ്വാസികളും. എന്നാൽ ഇക്കൂട്ടർക്ക് ആവശ്യത്തിലധികം സാമൂഹ്യയിടം അനുവദിച്ചുകൊടുക്കുന്നത് വാർത്താമുറികളും രാഷ്ട്രീയക്കാരുമാണ്.
സൂഫി ആത്മീയാചാര്യനും കവിയുമായിരുന്ന ബുള്ളെ ഷാ ദൈവാനുഭവത്തിൽ ആനന്ദനൃത്തം ചെയ്യുമായിരുന്നു. അനുഭൂതിയിൽ ശ്രീരാമകൃഷ്ണപരമഹംസനും നൃത്തം ചെയ്യുമായിരുന്നു. നാരായണഗുരു പാമ്പിനോട് പറഞ്ഞത് 'ആനന്ദക്കൂത്തുകണ്ടാടുപാമ്പേ' എന്നാണ്. കേരളത്തിൽ പല പുത്തൻ ക്രിസ്തീയസഭകളിലും ദൈവാനുഭവം നൃത്തരൂപത്തിലല്ലേ? പള്ളിയിലാകാവുന്നത് പള്ളിക്കൂടത്തിലായാൽ എന്തേ കുഴപ്പം?. പ്രപഞ്ചം തന്നെ അർദ്ധനാരീശ്വരന്റെ ചിദംബരനടനം എന്നാണെങ്കിൽ എന്തിന് സ്‌കൂളുകളിലെ സൂംബ നൃത്തത്തെ എതിർക്കണം? കേരളത്തിലെ സർവ്വമതവ്യാപികളായ ലിബറൽ കൺസെർവേറ്റിവുകൾ വായിക്കുവാനായി ഒരു കവിതാഭാഗം ഉദ്ധരിക്കാം. സച്ചിദാനന്ദൻ എഴുതിയ 'നൃത്തം' എന്ന കവിതയിലെ അവസാനഭാഗമാണിത്:
'ഭാഷയ്ക്ക് നിറത്തിലുണ്ടായവളേ,
എൻ്റെ വാക്കുകൾ
നിന്റെ ക്യാൻവാസ്
നിന്റെ മൗനം
എൻ്റെ കടലാസ് .
ഒഴിഞ്ഞ ചഷകങ്ങൾ
പിന്നെയും നിറയ്‌ക്കൂ
വരകളെ നൃത്തം ചെയ്യിക്കൂ
നിറങ്ങളിൽ
ദൈവത്തെ നിറയ്‌ക്കൂ
ആവാഹിക്കൂ.
ആണും പെണ്ണുമല്ലാത്തതിനെ.
മതവും വംശവുമില്ലാത്തതിനെ,
പ്രപഞ്ചം ഉടലായതിനെ,
അമൂർത്തത്തിൽ
മൂർത്തമായതിനെ.
നിറയ്‌ക്കൂ
നിറയൂ
നൃത്തം ചെയ്യൂ
നിറത്തിൽ ഭൂമിയിൽ ആകാശത്തിൽ
ജലത്തിൽ കാറ്റിൽ
അഗ്നിയിൽ
കാലത്തിൽ
കാലാതീതത്തിൽ'
ഒരു ബോണി എം ഗാനത്തെ ആശുപത്രിയിൽ നൃത്തമായവതരിപ്പിച്ച ജാനകിയിൽ നിന്നും തമിഴ് ഭക്തിപ്രസ്ഥാനത്തിലെ ഒരേയൊരു സ്ത്രീകവിയായിരുന്ന ആണ്ടാളിന്റെ അനുഭൂതികളെ അസാധാരണ നൃത്താനുഭവമാക്കിയ നർത്തകി ജാനകി രംഗരാജൻ്റെ നടനം ഒന്നുകൂടി കാണാനായി ഈ ലക്കം ആഴ്ചപ്പാടുകളിൽ നിന്നും പിൻവാങ്ങുന്നു.
Content Highlights: Examining the Socio-Religious Undercurrents of the Kerala Zumba Controversy
Published: 03 Jul 2025, 01:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented