
ഗുരുവിനോടുള്ളത് മാത്രമല്ല ഗുരുവിലുള്ളതുമാണ് ഗുരുത്വം. ഈ രണ്ടു ഗുരുത്വവും വലുപ്പം എന്നര്‍ത്ഥമുള്ളൊരു ഗുരുത്വവും ആശാന്റെ വാക്കുകളില്‍ സദാ. ഗുരുത്വത്തെ ഗുരുത്വമാക്കിയുയര്‍ത്തുന്ന വേലയാണാശാന്റെ കാവ്യവേല. ആശാനുന്നയിച്ചതെല്ലാം അതിന്നുമുമ്പ് ഉന്നയിക്കപ്പെട്ടപ്പെട്ടപ്പോഴത്തേ ക്കാള്‍ മുതിര്‍ന്നു. മഹാഗുരുവായ കാലത്തിന്റെ സമ്മര്‍ദ്ദത്താലാവാം, പ്രത്യക്ഷ ദൈവതമായ ശീനാരായണ ഗുരുവിന്റെ പരോക്ഷമായ പ്രേരണയാലാവാം, ആത്മസുഖത്തിനായാചരിച്ചതുകൊണ്ടുമാവാം, ആശാനില്‍'ആശാന്‍ ' (ഗുരു) എന്നും സജീവമായിരുന്നു.'ത്വല്‍പാദ ചിന്തനകള്‍ ദേവയെനിക്ക് യോഗ -/ ശില്‍പ്പങ്ങളായ് വരിക, നിന്‍ചരിതാമൃതങ്ങള്‍/ കല്പങ്ങളായ് വരിക യെന്‍ കരണേന്ദ്രിയങ്ങള്‍/ പുഷ്പങ്ങളായ് വരിക നിന്‍ പദപൂജ ചെയ്വാന്‍' എന്നും ' ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍ നേരാം വഴി കാട്ടും ഗരുവല്ലോ പരദൈവം' ( ഗുരു) എന്നും ആശാന്‍ കാവ്യങ്ങളിലൂടെ പ്രാര്‍ത്ഥനാനിരതനായി. കെ എന്‍ കുമാരനെ പില്‍ക്കാലം ആശാനെന്ന് മാത്രം വിളിച്ചെങ്കില്‍ ദര്‍ശനത്തിലും കാവ്യകലയിലും ഉള്ള ആശാത്വം ഗുരുത്വം അത്രേ അതിന് കാരണം. ' ഒരുല്‍ബോധനം' ആശാന്റെ ഒരു കവിത മാത്രമല്ല, കാവ്യങ്ങള്‍ തോറും ആശാന്‍ പിന്തുടര്‍ന്ന ഒരു ഗുണത്തിന്റെ പേരുമാണ്. അദ്ധ്യാപകവൃത്തിയെക്കുറിച്ചാശാനെഴുതുന്നു. 'ജീവനും കാവ്യം താനുമെന്നല്ല ധരണിയില്‍, പാവനാത്മാക്കള്‍ വസിഷ്ഠാദ്യരാമൃഷിമാരും/ കേവലം കുലപരമ്പരയായ് കൈക്കൊണ്ടുള്ള,' ജീവനമദ്ധ്യാപനമുത്തമോത്തമമല്ലോ'. നോക്കൂ, പ്രാണനും കാവ്യവുമൊക്കെ വസിഷ്ഠാദികളെപ്പോലെ ഗുരുക്കന്മാര്‍, അദ്ധ്യാപനമേറ്റവുമുത്തമമായ ജീവനവും.
അറിയാത്തതിനെ അറിയാനും അറിയിക്കാനുമുള്ളമാര്‍ഗ്ഗം കൂടിയായി ആശാന്‍ കാവ്യവ്യത്തിയെക്കണ്ടു. 'കുട്ടിയും തള്ളയും ' എന്ന ലഘുകവിതയില്‍ സാധാരണമായിത്തീരാമായിരുന്ന ഒരു ഗൃഹസന്ദര്‍ഭം ഒരുപനിഷല്‍ സന്ദര്‍ഭമായി ഉയരുന്നു. ചെടിയിലെ പൂവില്‍ നിന്ന് പറന്നുയരുന്ന ശലഭത്തെ കുട്ടി കണ്ടത് പറന്നുയരുന്ന പൂക്കളായിട്ടാണ്. പൂവില്‍ പറന്നിരുന്ന, പൂവില്‍ നിന്ന് പറന്നുയരുന്ന, അതിജീവിക്കാന്‍ പൂവുമായി ഐക്യപ്പെട്ട പാറ്റയെ പറക്കുന്ന പൂവായിക്കണ്ട ഏതോ മനസ്സിലെ അത്ഭുതമാവുമല്ലോ അതിനെ പൂമ്പാറ്റ എന്ന് പണ്ട് പേരിട്ടതും. അമ്മയോട് അവനാ അത്ഭുതത്തോടെ ആരായുന്നു.'' ഈ വല്ലിയില്‍ നിന്നു ചെമ്മേ -പൂക്കള്‍ പോവുന്നിതാ പറന്നമ്മേ '. അവന്റെ അത്ഭുതത്തെ കാരുണ്യം കലര്‍ന്ന വാത്സല്യത്തോടെ വര്‍ദ്ധിപ്പിച്ചുകൊണ്ട് അമ്മ തിരുത്തുന്നു.' തെറ്റി! നിനക്കുണ്ണി ചൊല്ലാം - നല്‍പൂമ്പാറ്റകളല്ലേയിതെല്ലാം '. അടക്കാനാവാത്ത അതിശയത്തോടെ അവന്‍ ഇപ്പോഴാരായുന്നു. ' മേല്‍ക്കുമേലിങ്ങനെ പൊങ്ങീ- വിണ്ണില്‍ / നോക്കമ്മേയെന്തൊരു ഭംഗി!' പറക്കാനാവുന്നതിനോട് പറക്കാനാവാത്തവയ്ക്കുള്ള കുഞ്ഞസൂയയോടെ, നിരാശയോടെ മകന്‍ പറയുന്നു.'' അയ്യോ പോയ് കൂടിക്കളിപ്പാന്‍, അമ്മേ - വയ്യേയെനിക്ക് പറപ്പാന്‍. ' ആവുന്നതിലെ അത്ഭുതത്തെ കാണാതെ ആവാത്തതിലെ അത്ഭുതത്തെ കാണുന്ന കുഞ്ഞിനോട് അമ്മ വേദമോതുന്നു.'' പിച്ച നടന്നു കളിപ്പു നീ, യീ/പ്പിച്ചകമുണ്ടോ നടപ്പൂ'. നീ നടന്നുകൊണ്ട് അതിജീവിക്കുന്നു, എന്നാലീ പിച്ചകവള്ളി നിന്നിടത്തു നിന്നതിജീവിക്കുന്നു. ഒരേ പ്രകൃതി രണ്ട് കൈകള്‍ കൊണ്ട് രണ്ട് വിധത്തിലുണ്ണുന്നു. അമ്മട്ടില്‍ എന്തു കൊണ്ടായീ എന്നായി വര്‍ദ്ധിതോത്സുകനായ മകനിപ്പോള്‍, അത് പറഞ്ഞു തന്നാല്‍ അമ്മയ്‌ക്കൊരുമ്മ തരാമെന്നും. അതിലധികവുമായതിനും തന്നെ അര്‍ഹയാക്കിക്കൊണ്ട് ആ അമ്മ പറയുന്നു.'' നാമിങ്ങറിയുവതല്‍പ്പം - എല്ലാ മോമനേ, ദേവസങ്കല്‍പ്പം'. ആ ദേവസങ്കല്‍ പുത്തെപ്പറ്റി പാടുന്ന 'ഈശ്വരന്‍' എന്ന കവിതയുടെ ആരംഭം തന്നെ ഇങ്ങനെ.'' ഓമല്‍ പ്രഭാതരുചിയെങ്ങുമുയര്‍ന്ന നീല-/ വ്യോമസ്ഥലം സ്വയമെരിഞ്ഞെഴുമര്‍ക്ക ബിംബം/ ശ്രീമദ്ധരി ത്രിയിവയെപ്പണി ചെയ്ത കൈയിന്‍/ കേമത്തമോര്‍ത്തിവന്‍ നീര്‍ കവിയുന്നു കണ്ണില്‍/ അന്തിച്ചുവപ്പുമലയാഴിയുമങ്ങിരുട്ടി/ ലുന്തി സ്ഫുരിക്കുമുഡുരാശിയുമിന്ദു താനും / പന്തിക്കു തീര്‍ത്ത പൊരുളിന്റെ മനോവിലാസം/ ചി ന്തിച്ചെനിക്കകമലിഞ്ഞുടല്‍ ചീര്‍ത്തിടുന്നു'. അത്ഭുതത്തെ മരവിപ്പിച്ചു കൊണ്ടല്ല അത്ഭുതത്തെ അത്ഭുതത്തിന്റെ നെറുകയിലെത്തിച്ചു കൊണ്ടത്രേ ഈ അദ്ധ്യാപനം. മലയാളത്തിലേതെങ്കിലുമൊരു രചന ബാലപാഠപുസ്തകത്തിലേക്ക് നിരന്തരം, നിസ്സംശയം ശുപാര്‍ശ ചെയ്യാമെങ്കില്‍ അതീലഘുകാവ്യമായിരിക്കും.
ആരായിരുന്നോ ആശാന്റെ ആദര്‍ശപുരുഷന്‍, ആരുടെ കാലടിപ്പാടുകളാണോ ആശാന്‍ ആമോദത്തോടെ പിന്തുടര്‍ന്നത്, 'വെവ്വേറെയായ് മോക്ഷമാര്‍ജ്ജിപ്പിന്നൊന്നായ് ചേര്‍ന്നത് കാക്കുവിന്‍' എന്ന് ആശാന്‍ കഥാപാത്രങ്ങള്‍ കേട്ടതാരുടെ മൊഴിയാണോ, അതില്‍പ്പലരുടേയും തീരുമാനങ്ങളെ ആരാണോ തുണച്ചത് കാണപ്പെടാത്ത ദൈവത്തിന്റെ പ്രതിച്ഛായയായ ആ കാണപ്പെട്ട ദൈവത്തിന്റെ, തന്റെ ജീവിതത്തിലെ ആ മൂല മാതൃകയുടെ ഗഹനതയാണ് ആശാന്റെ വ്യത്യാസം. ശ്രീബുദ്ധന്‍ ആ ദൈവത്തിന്റെ പൂര്‍വജന്മമായിരിക്കാം. ടാഗോറും വിവേകാനന്ദനും തോമസ് ഗ്രേയും ഷെല്ലിയും കീറ്റ്‌സുമെല്ലാം അയാളുടെ വെളിവുള്ള ഭാഷയില്‍ സംസാരിച്ചിരിക്കാം. ഉപേക്ഷയാം തമോവൃതി നീങ്ങി 'സ്ഫുരിച്ച ആ കാലപുരുഷന്റെ സ്മരണകളാവാം ആശാന്റെ കൃതികള്‍. 'നാമിങ്ങറിയുവല്‍പ്പം' എന്ന വിവേകം അതൊരിക്കലും കൈവെടിഞ്ഞതുമില്ല.' മന്ദ മര്‍ത്ത്യാ നീ തടുക്കായ്കയീശേച്ഛാ സുന്ദരമാ മിസ്സമാഗമങ്ങള്‍''.
നവോത്ഥാനത്തിന്റെ ഉദ്‌ബോധനങ്ങള്‍ ആശാനില്‍ അതിന്റെ ഇതര വക്താക്കളിലേക്കാള്‍ ശക്തം. ക്ഷേത്രങ്ങളക്കോള്‍ വിദ്യാലയങ്ങള്‍ക്ക് പവിത്രതയും പ്രാധാന്യവും കല്‍പിച്ച ഗുരുവിന്റെ ശിഷ്യന്‍ പരിണാമങ്ങള്‍ക്കെല്ലാം അടിസ്ഥാനമായി വിദ്യയെക്കണ്ടു. മനുഷ്യന്‍ അത് വരെ പരിണമിച്ചത് കേവല ശരീരത്തിലാവാം ഭാഷാനന്തരം പരിണമിച്ചത് വിദ്യാശരീരത്തിലൂടെ. പൂര്‍വ്വാവസ്ഥയില്‍ നിന്നുള്ള മോചനത്തിന്റെ മാര്‍ഗ്ഗമായി വിദ്യയെ മിക്ക കൃതികളിലും ആശാന്‍ കാണുന്നു. ''അതിഗാഢക തമസ്സിനെത്തുര /ന്നെതിരെ രശ്മികള്‍ കാട്ടി ദൂരവേ/ ദ്യുതി കാട്ടുമുഡുക്കളെ പരം / നതി നിങ്ങള്‍ക്കതി മോഹനങ്ങളെ ' എന്നു സീത നമസ്‌ക്കരിക്കുന്നത് ആ നിത്യഭാസുരനഭശ്ചരങ്ങളില്‍ പ്രതിനിധാനം ചെയ്ത പ്രബുദ്ധരായ വഴികാട്ടികളെയാണല്ലോ. ആശാന്റെ പൂമൊട്ട് വിദ്യയഭ്യസിച്ചത് തെളിവാര്‍ന്ന താരാജാലങ്ങളോടാണ്. ഒരുമിച്ച് പഠിച്ചനാളുകളില്‍ ഒരു നോക്ക് കണ്ട ആ പ്രബുദ്ധലോകത്തിലേക്കുള്ള തീര്‍ത്ഥാടനമാണ് നളിനി പിന്നീട് നടത്തുന്നത്. അവളുടെ ഓര്‍മ്മയില്‍ തെളിവാര്‍ന്നു നില്‍ക്കുന്നത് അവന്റെ ദേഹകാന്തിയല്ല അവന്‍ ചൊല്ലിയ ബാലപാഠങ്ങളുടെ മനോഹാരിതയാണ്. ''ലോലനാര്യനുരുവിട്ട് കേട്ടൊരാ/ ബാലപാഠമഖിലം മനോഹരം!/ കാലമായധികമിന്നൊരക്ഷരം / പോലുമായതില്‍ മറപ്പതില്ല ഞാന്‍. 'പ്രബുദ്ധങ്ങളായ വാക്യങ്ങളാണ് നളിനിയ്ക്കും വാസവദത്തയ്ക്കും മോക്ഷ മാര്‍ഗ്ഗമാവുന്നത്. 'ശ്രദ്ധയാര്‍ന്ന് വിദ്യയിനി ശ്രവിക്കുക പവിത്രയായ്/ബുദ്ധ മാതാവെഴും പുണ്യലോകം പൂകുക' . ധനികനായ പിതാവിന്റെ നിലയില്‍ലഭ്യമായ വിചക്ഷണന്മാരാവാം ലഭ്യമായതില്‍ തൃപ്തി വരാതെ, വിന്ധ്യാടവീതരണം പോലെ സാഹസികമായ വഴിയിലേക്ക് തിരിയാന്‍ അവളെ പ്രേരിപ്പിച്ചത്.' കരുതുവതിഹ ചെയ്യ വയ്യ' എന്നും ' ചെയ്യാന്‍ വരുതി ലഭിച്ചതി' ല്‍ തൃപ്തരാവരുത് എന്നും ഉള്ള തിരിച്ചറിവുകളിലേക്ക് അവളെ നയിച്ചത് അവളാര്‍ജിച്ച വിദ്യ തന്നെ. (അറിവിന്റെ വൃക്ഷത്തിന്റെ കനി തിന്നപ്പോള്‍ ആദമിനും ഹവ്വയ്ക്കും ലജ്ജയാണണ്ടായത് അഥവാ അപര്യാപ്താബോധമാണുണ്ടായത്. ലജ്ജു എന്ന വാക്കിന് പകരം ചിലേടത്തെങ്കിലും മലയാളി കുറവ് എന്ന വാക്കുപയോഗിക്കുന്നു).
' നിര്‍ധനനെന്നാലുമെന്നെ വേള്‍ക്കുന്നവന്‍ വിദ്യാപരനായിരുന്നീടണം'' എന്നായിരുന്നു സാവിത്രിയുടെ മോഹം. നിരക്ഷരനും എന്നാല്‍ ശ്രദ്ധാലുവുമായ ചാത്തനെ പഠിപ്പിച്ചു കൊണ്ടത് സാക്ഷാത്ക്കരിക്കാമെന്നുമവളുറച്ചു. താളിലെ അക്ഷരങ്ങള്‍ മാത്രമല്ല ആകാശത്തിലെനക്ഷത്രാദികളെയും വായിക്കാവുന്ന ഒരു സാക്ഷരതയാണ്, അജേഞയമായതിന്റെ അക്ഷരമാലയാണ്, സാവിത്രി ചാത്തനില്‍ പകരാനിച്ചിക്കുന്നത്. അത് അവനിലുണ്ടാക്കാന്‍ പോവുന്ന പരിണാമഞ്ഞേക്കുറിച്ച് അവളിങ്ങനെ സങ്കല്‍പ്പിക്കുന്നു.' ഏറുമവന്റെ ഗുണഗണം വിദ്യയാല്‍ / മാറിപ്പോം ബാഹ്യ മലിനതകള്‍ / വേലയില്‍ സാമര്‍ത്ഥ്യം വര്‍ദ്ധിക്കും സമ്പത്തും/ ചാലേയവനുണ്ടാം മാന്യതയും, ഉല്‍പ്പത്തിനീചനുമക്ഷരയോഗത്താല്‍ / ക്ഷിപ്രം മഹിമതടവിടുന്നു / സിദ്ധരാസപ്രയോഗത്തിനാല്‍ ചെമ്പുതാനുത്തമകാഞ്ചനമാകുമ്പോലെ'. ഒരാല്‍ക്കെമിസ്റ്റാണ് ആശാന്റെ സങ്കല്‍പ്പത്തിലെ അദ്ധ്യാപകന്‍. എങ്കിലും താനവനെ സവര്‍ണ്ണനാക്കുകയെല്ല ചെയ്യുക. ബ്രാഹ്‌മണനാവാന്‍ കഴിയാത്തതില്‍ അധമ ബോധമനുഭവിക്കുന്ന ഒരബ്രാഹ്‌മണനാക്കുകയല്ല ചെയ്യുക. അവനില്‍ അഭിമാനബോധമുണ്ടാകുന്ന തരത്തില്‍ പാഠങ്ങളെ താന്‍ പൊളിച്ചെഴുതും ( Deconstruction). അവന്റെ സാധ്യതകളുടെ സാക്ഷാത്ക്കാരത്തിനവനെ തുണയ്ക്കും.'' പുലയര്‍ക്കുള്ളാ രാധനകളെ ഭംഗിയായ് പിന്നെ പരിഷ്‌കരിക്കും''. ഓരോന്നിനേയും അതതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കാനുള്ള മാധ്യമമാണാശാന് വിദ്യാഭ്യാസം. 'ദേവന്‍ വനമാലിക്കാനന്ദമേകാത്ത പൂവൊന്നുമില്ലെന്നുമോര്‍ത്തുകൊള്ളിന്‍,/ എല്ലാ സുമവുമവന്റെയിച്ഛക്കൊത്തു / മെല്ലെ വളര്‍ന്നു തന്‍ പൂര്‍ണതയില്‍, ചെല്ലാനുഴറുകയാണഗ്ഗതിയാരും / തല്ലിനിര്‍ത്താതെ സൂക്ഷിച്ചു കൊള്‍വിന്‍'. തുല്യമായ ഒരതുല്യതയില്‍ ഒരുമിച്ച് കഴിയാനായി ചാത്തനെ സാവിത്രി പഠിപ്പിക്കുന്നു. ചാത്തന്‍ ഇനിമേല്‍ അടിയനോ താന്‍ തമ്പ്രാട്ടിയോ അല്ല. ചാത്തന്‍ തന്നെ സാവിതിയെന്നോ താന്‍ ചാ ത്തനെ ചാത്തനെന്നോ മാത്രമേ വിളിക്കൂ . ലിംഗപരമോ ജാതിപരമോ ആയ ഒരു വിവേചനവും തങ്ങള്‍ക്കിടയിലുണ്ടാവില്ല. കാലങ്ങളെടുത്ത് സംഭവിക്കേണ്ട ഒന്ന് ഒരത്യാഹിതത്താലാണെങ്കിലും നൊടിയിടയില്‍ സംഭവിച്ചിരിക്കുന്നു. ആ അതി, അഹിതത്തില്‍ അവളാനന്ദിക്കുന്നു.'' എത്രയോ ജന്മം കൊണ്ടെത്തേണ്ടും ദിക്കു ഞാനെത്ര വേഗം വിട്ടിവിടെയെത്തി.' ചില സെന്‍ ബുദ്ധകഥകളില്‍ എന്ന പോലെ ഗത്യന്തരമില്ലായ്മ ഉന്നതമായ ഗതിയായി മാറുന്നു, ദുരവസ്ഥ സദ് അവസ്ഥയായി മാറുന്നു.' എന്നെ അധ:പതിപ്പിച്ച വിധേ നിന്റെയുന്നമിതെങ്കില്‍ ഞാന്‍ ധന്യയായി.'
തലമുറകളായി ജീവിച്ച് മടുത്ത ജീവിതത്തെ ഉപേക്ഷിക്കുന്നു നളിനിയും ലീലയും സീതയും സാവിത്രിയും മാതംഗിയും വാസവദത്തയും .' ജാതി ചോദിച്ചതില്ല ഞാന്‍ സോദരീ ' എന്ന ഒറ്റ വാക്യത്താല്‍ ബോധോദയം കൈവരികയും ജീവിച്ച് പോന്ന ജീവിതത്തില്‍ നിന്ന് വിമോചിതയാവുകയും ചെയ്യുന്നു മാതംഗി. അറിവിന്റെ കനി ഒന്നു രുചിച്ചതേയുള്ളൂ മാതംഗി അതുവരെ കഴിഞ്ഞ അവളുടെ ജീവിതമോര്‍ത്ത് ലജ്ജിച്ച് വാഗ്ദത്തം ചെയ്യപ്പെട്ട ജാത്യതീതമായ സാഹോദര്യം പുലരുന്ന ആ ബുദ്ധവിഹാരത്തിലെത്തി.
പിന്നിട്ടകാലത്തെ മുഴുവന്‍ പ്രാകൃതവും അപരിഷ്‌കൃതവുമാക്കി പാശ്ചാത്യാധുനികത. പിന്നിട്ട കാലത്തിന്റെ ചൈതന്യങ്ങള്‍ ബലങ്ങളാക്കി മാറ്റിയവര്‍ ആശാനില്‍ ആരാദ്ധ്യരായി.' ഇതിഹാസ പുരണസല്‍ക്കഥാ ശ്രുതിയാല്‍ ജീവിതഭൂനനച്ചിവര്‍/ ചിതമായരുളുന്നു ചേതനാലതയില്‍ പുഷ്പഫലങ്ങളാര്‍ക്കുമേ.' പാശ്ചാത്യാധുനികത വിധിവിലാസങ്ങളെന്ന് കരുതിയവയെ 'ഡീമിസ്റ്റിഫൈ' ചെയ്ത് യാദൃച്ഛികങ്ങളാക്കിയെങ്കില്‍ യാദൃച്ഛികതകളില്‍ ഏതോ മഹേച്ഛ (grand design) കണ്ടു ആശാന്‍. കേവലമായ യുക്തി പരതയില്‍ നിന്ന്, പരന്ന (flat) ശുഭാപ്തിവിശ്വാസത്തില്‍ നിന്ന്, മാനവികതാവാദത്തിന്റെ ' അഹ'ങ്കാരങ്ങളില്‍ നിന്ന് ഗുരുത്വം ആശാനെ മോചിപ്പിച്ചു. പാശ്ചാത്യാധുനികത 'No More Myths ' എന്ന് പ റഞ്ഞുവെങ്കില്‍ ആശാന്റെ ആധുനികത ' more more myths ' എന്ന് പറഞ്ഞു. 'അങ്ങനെ സംസ്‌കരിക്കും ഞാനവനില്‍ മങ്ങിയെഴുന്ന മതബോധങ്ങള്‍' എന്ന് സാവിത്രി. സാഹോദര്യം മനുഷ്യരിലെ അടിമയോളമേ എത്തിയുള്ളt ആധുനികതയില്‍, ആശാനിലത് പൂവിലും പുഴുവിലുമെത്തി. ' ഒന്നല്ലി നാമയി സഹോദരരല്ലി പൂവേ / ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം'. പാശ്ചാത്യാധുനികതയുടെ പുരോഗതി നിര്‍മ്മമമായിരുന്നെങ്കില്‍ ആശാനെസംബന്ധിച്ച് സര്‍വ്വാന്തര്യാമിയായ അത് മിത്രവുമാണ്.'' ഗുണമാണ് വിധിക്ക് ലാക്കതില്‍ ' എന്നും' ഗുണപരിണാമപരീക്ഷകന്‍ വിധി ' എന്നും ആശാന്‍.
ആശാന്റെ വിദ്യാര്‍ത്ഥികളോട്- ഏത് വായനക്കാരേയും വിദ്യാര്‍ത്ഥികള്‍ കൂടിയാക്കീ ആശാന്‍ - എന്തായിരുന്നു ഈ പാഠങ്ങളുടെ പൊരുള്‍, നിങ്ങളെന്താണിതില്‍ നിന്നാര്‍ജ്ജിച്ചതെന്ന് ചോദിച്ചാല്‍ അവര്‍ ഈ ഉത്തരമാണ് നല്‍കുക.'' ബോധവുമാര്‍ന്നു മോദവും.' ബോധമില്ലാത്ത മോദമോ മോദമില്ലാത്ത ബോധമോ അല്ല ആശാന്‍.
'മിന്നാമ്മിനുങ്ങി'നോട് ആശാന്‍ ചോദിച്ചത് തന്നെയാണ് ആശാന്റെ കാവൃശക്തിയോടും ചോദിക്കാവുന്നത്. എന്താണ് കവിയായ താങ്കളുടെ പൊരുള്‍ (substance)? 'സ്ഫുരിക്കുമീ നിന്നുടലിന്‍ പദാര്‍ത്ഥ -/ മെന്തുരയ്ക്ക മിന്നല്‍പ്പിണരിന്‍ സ്ഫുലിംഗമോ?' ആശാന്റെ മുന്നില്‍ മിന്നാമ്മിനുങ്ങ് ഒരു കടങ്കഥയുടെ ഉത്തരം പോലെയാണ് പ്രത്യക്ഷപ്പെട്ടത്. 'ചുടുന്നതില്ലിച്ചെറുതീയതൊന്നുമേ!/കെടുന്നുമില്ലീ മഴയത്തു പോലുമേ.' ഈ കടങ്കഥ സാദ്ധ്യമാക്കുന്ന മറ്റൊരുത്തരം കാവ്യകലയെന്നുമാവാം. കവിതയിലെ അവസാന വരികളില്‍ ആ സാമ്യം പ്രകടവുമാണ്.'' കനക്കുമുത്സാഹമൊടങ്ങുമിങ്ങും; തനിക്ക് തോന്നും പടി തന്നെയെങ്ങും; മിനുങ്ങി മങ്ങും പൊടിയാര്‍ന്ന /മിന്നാമ്മിനങ്ങുമുള്‍പ്പൂവുമുടപ്പിറപ്പോ. 'ഒളിച്ചിരിക്കാന്‍ കഴിയാത്ത ഈ വെളിച്ചത്തിന് മിത്തുകളുടെയും കഥകളുടേയും കടങ്കഥകളുടെയും രൂപത്തില്‍ ലോകത്തെങ്ങുനിന്നും ലഭിച്ച അഭിവാദ്യങ്ങളില്‍ ഗണ്യമായ ഒന്ന് ആശാന്റെ ഈ കവിതയുമാവാം.'' ഒളിച്ചിടാന്‍ കള്ള, നിനക്ക് വയ്യെടോ. 'പ്രത്യക്ഷപ്പെടാതിരിക്കാന്‍ വയ്യാത്ത ഒരു വെമ്പലിന്റെ സാക്ഷാത്ക്കാരമായി ആശാന്‍ മിന്നാമ്മിനുങ്ങിനെ കാണുന്നു. കുട്ടികള്‍ ചില്ലു പാത്രത്തിലിട്ട് അതിനെ ബള്‍ബാക്കുന്നു. പ്രാചീന ചീനയില്‍ കുപ്പിയിലടച്ച് അതിനെ പാനീസാക്കി കുറ്റാക്കൂരിരുട്ടില്‍ ഉപയോഗിച്ചിരുന്നുവത്രെ. ഒരു ദൈവികകണമെന്ന (devine spark) നിലയില്‍ അതിന് ആത്മീയ ജീവിതം നല്‍കിയവരും കുറവല്ല. ജീവശ്ശാസ്ത്രം പരസ്പരമാരായുന്ന ഇണകളുടെ ഉടല്‍ കാണുന്നു മിന്നാമ്മിനുങ്ങില്‍. ഉടല്‍ വെളിച്ചമാക്കി നീയെവിടെ എന്ന് ആരായുന്ന കാമുകനോട് ഞാനിതാ ഇവിടെ എന്ന് ഉടല്‍ തന്നെ വെളിച്ചമാക്കി പറയുന്ന കാമുകി. അമര്‍ത്തിവെക്കാനാവാത്ത പ്രണയത്തിന്റെ പ്രകാശമാണ് മിന്നാമ്മിനുങ്ങില്‍ കാണുന്നതത്രെ.'' നിറയും രതി, ലോകസംഗ്രഹം കുറിയാക്കാ സഖി കൂസലാര്‍ന്നിടാ'' എന്ന വരികളുടെ ധ്വനിപാഠം. കാവ്യലോകത്തിലെ രൂപങ്ങളുടെ ഒന്നാന്തരമൊരു പ്രതിരൂപം കാണുന്നു ആശാന്‍ മിന്നാമ്മിനുങ്ങില്‍. സചേതന വസ്തുക്കളെ സൃഷ്ടി ക്കാനുള്ള ആഗ്രഹം തന്നെയാവാം സൃഷ്ട്യൂന്മുഖത. അതിനുള്ള ' മോഡലും' അതാവാം. ദൈവം മാനിലോ മീനിലോ പൂവിലോ കനിഞ്ഞത്ര നമ്മളില്‍ കനിഞ്ഞില്ല. പക്ഷെ മനോഹാരിത അറിയാനും സൃഷ്ടിക്കാനുമുള്ള 'ഫയര്‍ ' നമുക്ക് തന്നെ. ഈ 'ഫയര്‍ ഫ്‌ളൈ' യില്‍ ആശാനത് അറിയുകയും ആവിഷ്‌ക്കരിക്കയും ചെയ്തിരിക്കുന്നു.
ഒരു സചേതന വസ്തുവും ഒറ്റ ഉള്ളടത്തിന്റെ വസ്തുവല്ല. ഏതുദ്ദേശവും മറ്റൊരുദ്ദേശത്തിന്റെ ഉദ്ദേശം. സ്രഷ്ടാവിന്റെ ഈ കൃതാര്‍ത്ഥത അതാതിന്റെ രൂപങ്ങളില്‍ പ്രകടം. ചിത്രകാരനെ മാത്രമല്ല കവികളേയും ഗായകരേയും നര്‍ത്തകരേയും ഇതാവേശിക്കുന്നു. പല തലങ്ങളുള്ള രൂപങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് അവര്‍ ദൈവികമായ ഈ നിയോഗത്തിലെത്തുന്നു. ആകാംക്ഷയ്ക് ദൈവം സൃഷ്ടിച്ച ഒരനശ്വരരൂപമായ മിന്നാ മ്മിനുങ്ങിനെ പിന്തുടര്‍ന്നുകൊണ്ട് ആശാന്‍ സാധിക്കുന്നത് കലാകാരന്റെ രൂപാഭിനിവേശത്തിന്റെ ഒരാവിഷ്‌ക്കാരം.
ഒറ്റ ഉള്ളടക്കമുള്ള ഒരു പ്രസ്താവത്തെ വൃത്തത്തിലാണെങ്കില്‍ നാം പദ്യമെന്നോ മുക്തവൃത്തത്തിലാണെങ്കില്‍ നാം ഗദ്യമെന്നോ പറയുന്നു. പറയപ്പെട്ടതിലൂടെ പറയാനാവാത്തത് പറയുന്നില്ലെങ്കില്‍, അഥവാ ഒന്നിലേറെ ഉള്ളടക്കങ്ങളുള്ള ഒരു രൂപമല്ലെങ്കില്‍ അത് കവിതയല്ല. രൂപമാണ് കവിത. ഈ രൂപമികവാണ് ആശാനെ മികച്ച കവിയാക്കുന്നത്. രൂപമികവാണ് മിന്നാമ്മിനങ്ങിലെന്നപോലെ ആശാന്റെ കാവ്യശരീരത്തിന്റെ ഉജ്ജ്വലതയും. അതിന്റെ വ്യാപകശേഷി കവിതയും ആഗ്രഹിക്കുന്നു.'' ഇരിക്കൊലാ പൊങ്ങുക, വിണ്ണിലോമനേ/ ചരിക്ക നീ മിന്നിമിനുങ്ങിയങ്ങനെ,/ വരിഷ്ടമാം തങ്കമുരച്ച രേഖ പോലിരുട്ട് കീറുന്നൊരു വജ്രസൂചി പോല്‍
.............................
പിലാവിലും തെങ്ങിലുമക്കവുങ്ങിലും, / വിലോലമായ് മാവിലുമങ്ങുമിങ്ങുമേ വിലങ്ങിടും നീ പ്രകൃതിക്ക് ചാര്‍ത്തുവാന്‍ /നിലാവു പൂമ്പട്ടിന് പാവു നെയ്കയോ
......................
മുറിക്കകത്താ യിതു! ഹാ പ്രകാശമേ,/ കരത്തില്‍ വാ, കേറുക പുസ്തകങ്ങളില്‍ ,/ ഉറക്കറയ്ക്കുള്ള കെടാവിളക്ക് പോലി-/ലിരിക്ക വന്നീയണി മേശമേലുമേ' എന്ന് അതിവര്‍ത്തിക്കുന്ന സൂചകത്തേയാണ് (Excessive signifier ) പ്രകാശം പരത്തുന്ന മിന്നാമ്മിനുങ്ങില്‍ ആശാന്‍ കണ്ടതും ആവിഷ്‌ക്കരിച്ചതും. മിന്നാമ്മിനുങ്ങില്‍ മിന്നുന്നത് രതിയാണെന്ന ജീവശ്ശാസ്ത്ര നിരീക്ഷണമാവട്ടെ കലാസൃഷ്ടിവൈഭവവും സൃഷ്ടി വൈഭവവും കണ്ടില്ലെന്നും കാട്ടുന്നു. മിന്നാമ്മിനുങ്ങും ഉള്‍പ്പൂവും (പ്രതിഭ) ഉടപ്പിറപ്പുകളാവുന്നു എന്ന് പറഞ്ഞാണ് കാവ്യം വിരമിക്കുന്നതും.
അഴക്, ശുദ്ധി, മൃദുത്വം, ആഭ, സാര ആഹീ ഇവയ്‌ക്കെല്ലാം പാരിലേതാണോ ഉപമ ആ പൂവിലൂടെ പറഞ്ഞാല്‍ ഏതേതിന്റെയെല്ലാം ഉ പമയാണോ അത്, അതിലൂടെ അവയെല്ലാം പറയപ്പെടും. പൂവിന്റെ അകാല ദുരന്തത്തിന്, 'ശ്രീ ഭൂവിലസ്ഥിര' എന്നും 'ഒന്നിന്നുമില്ല നില ' എന്നും വ്യഞ്ജിപ്പിക്കാനാവും. വീണ പൂവ് വീണപൂവിലൂടെ വ്യഞ്ജിക്കപ്പെടാവുന്നതിന്റെയെല്ലാം രൂപമായി. ഈ രൂപവഴി ആശാന്‍ കാവ്യങ്ങളിലെല്ലാം പിന്തുടര്‍ന്നു. സീതയുടെ വിചാരധാര ശുദ്രന്റേയും ദളിതന്റേയും സമാനമായ വിധി പങ്കിടുന്ന ആരുടെയും വിചാരധാരയായി. ലീല സമാനമായ വിധിയിലൂടെ കടന്നുപോവുന്ന എത്രയോ ലീലകളുടെ കഥയായി. നളിനി സ്വത്വമാരായുന്ന ഒരുവളുടെ പേരായി. വാസവദത്തയ്ക്ക് മോചനം നല്‍കിയ മാര്‍ഗ്ഗം ആര്‍ക്കും സ്ഥിരമായ അയോഗ്യത ഇല്ലെന്ന് പറയുന്ന സൂഷ്മരൂപമായി. മാതംഗി ' എത്രവെള്ളം കോരിയിട്ടും ആനന്ദന്‍ വന്നില്ല 'എന്ന ചിന്തയ്ക്ക് പ്രേരണയായി. കാവ്യപര്യന്തം അതു അതു മാത്രമല്ലാതാവുന്നതില്‍ പരാജയപ്പെട്ട ഒരാശാന്‍ കാവ്യം 'പ്രരോദന'മാണ്. അതുല്യങ്ങളായ ശ്‌ളോകങ്ങള്‍ പലതുണ്ടെങ്കിലും ഏ. ആറുമായി പ്രത്യക്ഷബന്ധം നിലനിര്‍ത്തിയ ശ്‌ളോകങ്ങളെല്ലാം അതിഭാവുകത്വമുള്ളവ. ശ്ളോകം പ്രതി അതിവര്‍ത്തിക്കുന്ന സൂചകങ്ങള്‍ സുലഭമെങ്കിലും കാവ്യം പ്രതി അത് അതു മാത്രമായിരിക്കുന്നു.
ഇങ്ങനെയല്ലാതെ പറയാനാവാത്തതിന്റെ രൂപമാണ് കാവ്യരൂപമെങ്കില്‍ ആശാനിലത് കാവ്യം പ്രതി, വാക്യം പ്രതി, പ്രയോഗം പ്രതി, പദം പ്രതി നമുക്ക് കാണാം. അതിനെ ഒരു മിന്നാമ്മിനുങ്ങായി കാണാമെങ്കില്‍ അത് ചെന്നിരിക്കാത്ത ചില്ലയില്ല. 'പുലര്‍കാലത്ത് തേനിച്ചയുറങ്ങാ സുദിനങ്ങളില്‍ ' എന്നത് പോലെ ഒരിടത്തുമുറച്ച് നില്‍ക്കാത്ത ഉന്മേഷങ്ങള്‍ നിരവധി. 'ചിറകില്ലാത്തതിലീര്‍ഷ്യവെപ്പു ഞാന്‍ എന്ന വാക്യാര്‍ദ്ധത്തിന്റെ പ്രവര്‍ത്ത നക്ഷമതയുടെ ഇടങ്ങളെത്രയാണ്?
വസന്തതിലകാദി വൃത്തങ്ങളിലാണ് ആശാന്‍ കവിതയെഴുതിയത്. ദ്വിതീയാക്ഷര പ്രാസവും ദീക്ഷിച്ചിട്ടുണ്ട്്. ഉപമയും രൂപകവും അര്‍ത്ഥാന്തരന്യാസവും അര്‍ത്ഥാപത്തിയും പോലുള്ള അലങ്കാരങ്ങളും ആശാനില്‍ സുലഭം. ഇതെല്ലാമാണ് ആശാന്റെ കാവ്യകലയുടെ ആസ്പദങ്ങള്‍ എന്ന് പക്ഷെ പറയാനാവില്ല. ഇതെല്ലാമുണ്ടായിട്ടും പദ്യങ്ങള്‍ രചിക്കാനേ ആശാന്റെ സമകാലികരില്‍ ഭൂരിപക്ഷത്തിനും കഴിഞ്ഞുള്ളു. കവിത കവിതയാക്കുന്നത് എന്തെന്ന് പ്രകടമായി ആശാന്‍ പറയുന്നില്ലെങ്കിലും അത് ഉണ്ടാക്കുന്ന ഫലമാണണതിന്റെ രഹസ്യമെന്ന് പറയുന്നുണ്ട്.'' ആര്‍ക്കും നിന്‍ വടിവറിയില്ല, യര്‍ഘ്യമാല്ല്യം,/ കോര്‍ക്കും നിന്‍ പ്രതിമകള്‍ നോക്കിയര്‍ച്ചകന്മാര്‍ / ഓര്‍ക്കും നിന്‍ പ്രതിമകളാരവര്‍ക്ക് രോമം / ചീര്‍ക്കുന്നുണ്ടതുമതിയംബ, വിശ്വസിപ്പാന്‍.' അനശ്വരമായ ഒരു സങ്കല്‍പ്പത്തെ ആവിഷ്‌ക്കരിക്കാന്‍ മാദ്ധ്യമമായി കരിങ്കല്ലിനെ ഉപയോഗിക്കുമ്പോള്‍ ശില്‍പ്പി അതിന്റെ ദാര്‍ഢ്യവും നിറവും ഈടും ഉപയോഗപ്പെടുത്തുന്നു. ക്ഷണികമായ ഒരു സങ്കല്‍പ്പത്തെ ആവിഷ്‌ക്കരിക്കാന്‍ ഉടയുന്ന ഒരു മാധ്യമമാവാം മികച്ചത്. പക്ഷെ മികച്ച കലാകാരന്റെ കയ്യിലേ മാധ്യമത്തിന്റെ സവിശേഷത ഗുണമായി പരിണമിക്കുന്നുള്ളൂ. ആശാന്‍ 'പ്രരോദന'ത്തിന്റെ ആമുഖത്തിലെഴുതുന്നു.'' പ്രരോദനത്തിന് ശാര്‍ദദൂലവിക്രീഡിതം അനുഗുണമായിരിക്കുമെന്ന് തോന്നാന്‍ ചില കാരണങ്ങളുണ്ട്. വര്‍ണനാപ്രചുരമായ കാവ്യങ്ങളില്‍ അതതുല്ലേഖങ്ങളോടു കൂടി അന്വയം അതത് പദ്യങ്ങളില്‍ത്തന്നെ അവസാനിക്കുന്നത് ' ശ്രോതാ'ക്കള്‍ക്കു അധികം സുഖകരമായിത്തോന്നുന്നതാണ്.' യാദൃച്ഛികമായല്ല ആശാന്‍ രചനകളില്‍ അതത് വൃത്തം പ്രത്യക്ഷപ്പെടുന്നത്. വായനക്കാരെക്കാള്‍ ശ്രോതാക്കളായിരുന്നു അന്നത്തെ അനുവാചകര്‍ എന്ന സൂചനയും ഈ ഉദ്ധരണിയില്‍ കാണാം. ആശാനില്‍ വൃത്താലങ്കാരങ്ങള്‍ കൂടുതല്‍ ഓചിത്യത്തോടെയാണ് പ്രത്യക്ഷപ്പെടുന്നത്. പക്ഷെ കൃതികളിലെ കാവ്യമേന്മയാണ് അവയെ ശ്രദ്ധേയമാക്കുന്നത്. മറിച്ചല്ല. തെളിവ്, ഇതേ ഉപായങ്ങള്‍ ഉപയോഗിച്ചവര്‍ അല്പം ചിലരൊഴിച്ചാല്‍ പദ്യരചനയില്‍ അവസാനിച്ചു എന്നത് തന്നെ. പദസ്വീകാരത്തില്‍ ഇതേ നിഷ്‌കര്‍ഷ ആശാന്‍ കാവ്യങ്ങളില്‍പ്പുലര്‍ത്തുന്നു.'' മര്‍ത്ത്യനേ മര്‍ത്ത്യനല്ലാതീഭയത്തില്‍ നിന്നുദ്ധരിപ്പാനൊരുത്തനുണ്ടായ് വരാ ' എന്ന ശ്രീബുദ്ധചരിതത്തിലെ പ്രബുദ്ധമായ വരിയില്‍ മര്‍ത്ത്യനെന്നല്ലാത്ത മനുഷ്യന്റെ ഒരു പര്യായ പദവും ചേരുകയില്ലെന്നോര്‍ക്കുക. അതിലെ ഔജ്ജല്ല്യം മര്‍ത്ത്യപദത്തെ ആശ്രയിച്ചിരിക്കുന്നു. പ്രതീകാത്മകതയാണ്, അതിവര്‍ത്തിക്കുന്ന സൂചകത്വമാണ്, ആശാന്റെ പദം മുതല്‍ കാവ്യം വരെയുള്ള ഘടനകളെ കവിതയാക്കുന്നത്.
'അവനവനാത്മസുഖത്തിനാചരിക്കുന്നവ / അപരന്ന് സുഖത്തിനായ് വരേണം' എന്ന വാക്യമാവാം ഗുരുവചനങ്ങളില്‍ ഏറ്റവും ജനകീയം. നവോത്ഥാനാശയങ്ങളുടെ പ്രചാരണത്തിനേറ്റവും ഉപയോഗിക്കപ്പെട്ട ഗുരുവചനവും ഇത് തന്നെ. പക്ഷെ, ഏതിന് ഗുരു അധികം പ്രാധാന്യം കല്‍പ്പിച്ചുവോ അതിനെ അവഗണിച്ച് അതിലെ അപരസുഖപക്ഷത്തിന്, ഉത്തരപക്ഷത്തിന്, അമിത പ്രാധാന്യം നല്‍കുകയാണ് കാല്‍പ്പനികരായ നവോത്ഥാന വാദികള്‍ ചെയ്തത്. അതോടെ ഗുരുവിന്റെ പേരില്‍ ആത്മാവില്ലാത്ത ഒരപരസ്‌നേഹം പ്രചരിപ്പിക്കപ്പെട്ടു. ആത്മസുഖത്തിനായ് നിങ്ങള്‍ ചെയ്യുന്നത് അപരന്നും ആത്മസുഖം നല്‍കുന്നതാകട്ടെ എന്നാണ് ഗുരു ഉല്‍ബോധിപ്പിച്ചത്. ആത്മസുഖം തരാത്തത് അപരനും സുഖം തരില്ല എന്ന്. അപരനെ അറിയാന്‍ നിനക്ക് നിന്നെ തന്നിരിക്കുന്നു ദൈവം. നീ നിന്റെ തൃപ്തിയ്ക്കായി ചെയ്യുന്നത്, ആത്യന്തികമായി നീയാണ് അവനും എന്നതിനാല്‍, അവനും ഹിതം ചെയ്യും. ആത്മോപദേശശതകത്തില്‍ ഗുരു പറയുന്നു,'' ഇരുളിലിരിപ്പവനാരു ചൊല്‍ക നീ' യെ/ ന്നൊരുവനുരപ്പത് കേട്ട് താനുമേവം/ അറിവതിനായവനോടു 'നീയുമാരെ' /ന്നരുളു മതിന്‍ പ്രതിവാക്യമേകമാകും''. നീയും ഞാനാകകൊണ്ടാണ് സംവാദം സാദ്ധ്യമാകുന്നത്. 'അവന്‍ ഞാനല്ലോ 'എന്ന് ചുരുക്കം. ആത്മസുഖത്തിനുമുതകുന്നതാവണം അപരസുഖത്തിനായി നീ ചെയ്യുന്നത്. നിന്റെ ആത്മീയമായ ആവശ്യമായി അപരസ്സുഖം മാറണം. അല്ലാത്തത് ആത്മവഞ്ചനയും പരവഞ്ചനയുമാണ്. അപരസ്സുഖത്തിന് അമിത പ്രാധാന്യം നല്‍കുന്ന നിലപാടിനെ ഡികണ്‍സ്ട്രക്റ്റ് ചെയ്യുകയാണ് ആശാന്‍ സ്വന്തം രചനകളില്‍.'' അവനവനാത്മസുഖത്തിന്നാചരിക്കുന്നവ/ യപരന്നു സുഖത്തിനായ് വരേണം ' എന്നത് കാവ്യപക്ഷത്ത് നിന്ന് കണ്ടാല്‍ ആശാനേറ്റവുമിണങ്ങുന്ന കവിതാനിര്‍വ്വചനവുമാവും. കാവ്യങ്ങളില്‍ 'വെവ്വേറെയായ് മോക്ഷമാര്‍ജിച്ചൊന്നൊന്നായ് ചേര്‍ന്നത് കാക്കുവിന്‍ ' എന്ന് ഗുരുവെ പിന്തുടര്‍ന്നു ആശാന്‍. വ്യക്തിയിലൂടയൊണ് ഗുരു സമൂഹത്തോട് സംസാരിച്ചത് , സമൂഹത്തിലൂടെ വ്യക്തിയോടല്ല. ഇവിടെ നിന്നങ്ങോട്ടല്ലാതെ അവിടെ നിന്നിങ്ങോട്ടൊരു പാലവും സാദ്ധ്യമല്ല. ആശാനില്‍ തുടര്‍ന്നതും ഈ വഴി.
അവനവനായിരുന്നു കൊണ്ടല്ലാതെ അപരനാവുക വയ്യ എന്നതിന് സമാന്തരമാണ് കവിതയ്ക്ക് കവിതയായിരുന്നു കൊണ്ടല്ലാതെ-സ്വാത്മധര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ടല്ലാതെ - ഇതരധര്‍മ്മങ്ങള്‍ നിര്‍വഹിക്കുവാനാവില്ല എന്നത്. രണ്ടും ഒന്നായിരിക്കുന്നു ആശാ ന്റെ കാവ്യകലയില്‍.
ഇതാണ് ആശാന്‍ എന്നു പറയാനല്ല, ഇതുമാണ് ആശാന്‍ എന്ന് പറയാനാണ് ഈ പംക്തിയിലൂടെ ശ്രമിച്ചത്.
(അവസാനിച്ചു)
Content Highlights: kalpetta narayanan adaradarayi asan kumaranasan sreenarayana guru
Published: 01 May 2024, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented