വാഷിംഗ്ടൺ: എയർ ട്രാഫിക് കൺട്രോൾ സംവിധാനങ്ങളിലെ സാങ്കേതിക തടസ്സത്തെ തുടർന്ന് അമേരിക്കയിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) രാജ്യവ്യാപകമായി വിമാന സർവീസുകൾക്ക് ഗ്രൗണ്ട് സ്റ്റോപ്പ് (Ground Stop) ഏർപ്പെടുത്തി. മുൻകരുതൽ സുരക്ഷാ നടപടികളുടെ ഭാഗമായി യു.എസിലെ എയർപോർട്ടുകളിൽ നിന്നുള്ള വിമാനങ്ങളുടെ ടേക്ക് ഓഫ് പ്രാദേശിക സമയം രാത്രി 11:30 വരെ നിർത്തിവെക്കാൻ നിർദ്ദേശം നൽകി. രാജ്യവ്യാപകമായ ഈ തടസ്സം കാരണം തുടക്കത്തിൽ 7,000-ത്തിലധികം വിമാന സർവീസുകൾ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തു. തുടർന്ന് വൈകുന്നേരം 7:30 ഓടെ സർവീസ് വൈകിയ വിമാനങ്ങളുടെ എണ്ണം 10,079 ആയി ഉയരുകയും, 4,238 സർവീസുകൾ റദ്ദാക്കപ്പെടുകയും ചെയ്തു. കൂടാതെ 600-ലധികം വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നു. 2001 സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ശേഷം അമേരിക്കയിൽ വിമാന സർവീസുകൾ നിർത്തിവെച്ച ഏറ്റവും വലിയ സംഭവമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.

To advertise here,

സാങ്കേതിക തടസ്സത്തിന് പിന്നിൽ ഏതെങ്കിലും സോഫ്റ്റ്വെയർ അപ്ഡേറ്റ് ആണോ എന്ന് എഫ്.ബി.ഐ പരിശോധിച്ചു വരികയാണ്. എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തെ ബന്ധിപ്പിക്കുന്ന സ്വകാര്യ കമ്മ്യൂണിക്കേഷൻ ശൃംഖലയിൽ നടപ്പിലാക്കിയ സോഫ്റ്റ്വെയർ അപ്ഡേറ്റിനെ തുടർന്ന് നെറ്റ്വർക്ക് റീബൂട്ട് ആവുകയും ക്രാഷ് ആവുകയും ചെയ്തതെന്നാണ് വിവരങ്ങൾ. എന്നാൽ ഇതൊരു സൈബർ ആക്രമണമോ ക്രിമിനൽ പ്രവർത്തനമോ ആണെന്ന് കരുതുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിമാന സർവീസുകൾ നിർത്തിവെക്കാനിടയായ സാങ്കേതിക പ്രശ്‌നം സൈബർ ആക്രമണമോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മൂലമോ ഉണ്ടായതല്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

വിമാനങ്ങൾ തടസ്സപ്പെട്ടതിന് പിന്നിൽ സൈബർ ആക്രമണമാണോ എന്ന ഭയവും അനിശ്ചിതത്വവും പല യാത്രക്കാരിലും ഉണ്ടായിരുന്നു. യൂറോപ്പിൽ വ്യാപകമായ സൈബർ ആക്രമണം നടന്നതുമായി ബന്ധപ്പെടുത്തി വലിയതോതിൽ ആശങ്ക പ്രചരിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് അധികൃതർ സൈബർ ആക്രമണ സാധ്യത തള്ളിക്കളഞ്ഞത്. യുഎസ് ഹോംലാൻഡ് സെക്യൂരിറ്റിയും സൈബർ ആക്രമണ സാധ്യത തള്ളിക്കളഞ്ഞ് രംഗത്ത് വന്നിരുന്നു. രാജ്യവ്യാപകമായി സർവീസുകൾ നിശ്ചലമായ വിവരം പോലും കൃത്യമായി അറിയിക്കാത്തതിനാൽ വൻ ആശയക്കുഴപ്പം നിലനിന്നു. ഭക്ഷണശാലകളിലും റീബുക്കിംഗ് കൗണ്ടറുകളിലും വൻ തിരക്ക് അനുഭവപ്പെട്ടു. വിവരങ്ങൾ തേടിയും മറ്റും യാത്രക്കാർ ബഹളം വയ്ക്കുന്നുണ്ടായിരുന്നു. ഫ്‌ലൈറ്റുകൾക്കുള്ളിലെ ജീവനക്കാർക്കും എന്താണ് നടക്കുന്നതെന്ന് വ്യക്തതയില്ലായിരുന്നു. ഇതോടെ വലിയതോതിൽ അഭ്യൂഹങ്ങൾ പ്രചരിച്ചു. പലരും പരിഭ്രാന്തരായി. ഭയം മൂലം പലരും ഉദ്ദേശിച്ചിരുന്ന യാത്രപോലും വേണ്ടെന്ന് വെച്ചു. വിമാന സർവീസുകൾ മുടങ്ങിയതോടെ കാറുകൾ വാടകയ്ക്കെടുക്കുന്ന കേന്ദ്രങ്ങൾക്ക് മുന്നിൽ വലിയ ക്യൂ അനുഭവപ്പെട്ടു. അതിനിടെ വിമാന സർവീസുകൾ രാജ്യവ്യാപകമായി മുടങ്ങിയതിന് പിന്നിൽ എഐയുടെ ഇടപെടലാണെന്ന അഭ്യൂഹവും പ്രചരിച്ചു. ഇതും ആശങ്കകൾക്ക് കാരണമായി.

കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റിന്റെ സാങ്കേതിക തകരാറിനെ തുടർന്ന് 74 രാജ്യങ്ങളിൽ സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു. ലോകമെമ്പാടും സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളെ ഈ സാങ്കേതിക തടസ്സം ബാധിച്ചിരുന്നു. എന്നാൽ തങ്ങളുടെ സേവനങ്ങളുമായി ഈ സാങ്കേതിക തടസ്സത്തിന് ബന്ധമുള്ളതായി തെളിവുകളൊന്നുമില്ലെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

വിമാന സർവീസുകൾ നിശ്ചലമായതോടെ അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, ഡെൽറ്റ എയർ ലൈൻസ് എന്നിവയുടെ ഓഹരി മൂല്യം 1% മുതൽ 2% വരെയും ജെറ്റ്ബ്ലൂ ഓഹരികൾ 3% വരെയും ഇടിഞ്ഞു. എഫ്.എ.എയുടെ അഭ്യർത്ഥനയെ തുടർന്ന് 42 അംഗരാജ്യങ്ങളിൽ നിന്ന് യു.എസിലേക്കുള്ള വിമാനങ്ങളുടെ ടേക്ക് ഓഫുകളും നിർത്തിവെച്ചു.