ജമാല്‍ കൊച്ചങ്ങാടിയുടെ ഏറ്റവും പുതിയ നോവലായ സിനഗോഗ് ലെയ്ന്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു. ജമാല്‍ കൊച്ചങ്ങാടി എഴുതിയ നോവലനുഭവം വായിക്കാം. 

To advertise here,

1984-ല്‍ ആണ് 'ദാനിയേല്‍ കോച്ച' എന്ന ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്നത്. കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഞാനെഴുതിയ ആദ്യത്തെ ജൂതകഥ. തീവണ്ടിയാത്രയില്‍ അതു വായിച്ച് ചെന്നൈയിലെത്തിയ കഥകളുടെ നവാബായ പുനത്തില്‍ കുഞ്ഞബ്ദുള്ള പാംഗ്രോവ് ഹോട്ടലില്‍വെച്ച് ആദ്യമായെന്നെ പരിചയപ്പെട്ടപ്പോള്‍ ഒരാലിംഗനത്തിലൂടെയാണ് അഭിനന്ദനമറിയിച്ചത്. മരണംവരെ ആ സൗഹൃദം തുടര്‍ന്നു.

ജോര്‍ജ് ജോസഫ് കെ. ആ കഥ വായിച്ച് എഴുതിയ കത്ത് വളരെ നാള്‍ എന്റെ കൈയിലുണ്ടായിരുന്നു. എന്റെ ഈ നോവല്‍ പൂര്‍ത്തിയായിക്കാണാന്‍ ഏറ്റവുമധികം ആഗ്രഹം പ്രകടിപ്പിച്ച എഴുത്തുകാരനാണദ്ദേഹം.

'ദാനിയേല്‍ കോച്ച' അച്ചടിച്ചുവരുമ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്ന വി.ആര്‍. ഗോവിന്ദനുണ്ണി പിന്നീടെന്റെ ഉറ്റസുഹൃത്തായി മാറുകയായിരുന്നു. ഇന്ന് ഉണ്ണിയില്ല.

അവനവന്റെ ദേശത്തെ എഴുതുകയെന്നത് ഏതൊരു കഥാകാരന്റെയും മോഹമാണ്.

എന്റെ പിതാവ് പി.എ. സൈനുദ്ദീന്‍ നൈന (കോജുവാ നീന എന്നു നാട്ടുകാര്‍ വിളിച്ചു) പടുത്തുയര്‍ത്തിയ, ഇന്ന് ഇന്ത്യയാകെ പന്തലിച്ച കൊയര്‍ഫെഡ് എന്ന സഹകരണസ്ഥാപനം യൂദത്തെരുവിലായിരുന്നു. അവിടെയാണെന്റെ ജ്യേഷ്ഠന്‍ മുഹമ്മദ് മുസ്തഫ നാലു പതിറ്റാണ്ട് ജോലി ചെയ്തത്. എഴുപതുകളില്‍ ഞാന്‍ ഇംപ്രിന്റ് എന്ന ചെറിയൊരു പ്രസ്സ് നടത്തിയിരുന്നതും, സഹോദരീഭര്‍ത്താവായിരുന്ന മൊയ്തീന്‍ നൈന മലഞ്ചരക്കുകച്ചവടം നടത്തിയതും ഇവിടെത്തന്നെ. ഈ തെരുവിലൂടെയല്ലാതെ എറണാകുളത്തേക്കുള്ള യാത്രയില്‍ ബോട്ടുജെട്ടിയിലെത്താനാകുമായിരുന്നില്ല. അന്ന് കൊച്ചിയിലെ ഫെറി സര്‍വീസും ഇലക്ട്രിക്ക് കമ്പനിയുമെല്ലാം നടത്തിയിരുന്നത് ജൂതന്മാരായിരുന്നു. ഹലേഗ്വാ ഹൗസില്‍ വെളുത്ത ജുബ്ബയും പൈജാമയും ധരിച്ച് തൂങ്ങിപ്പിടിച്ചു നിന്നിരുന്ന, ഹിച്കോക്കിനെപ്പോലുള്ള വൃദ്ധജൂതനായിരുന്നു ദാനിയേല്‍ കോച്ചയ്ക്കു രൂപംനല്‍കുമ്പോള്‍ മനസ്സിലുണ്ടായിരുന്നത്.

ഏറ്റവുമൊടുവില്‍ പ്രസിദ്ധീകരിച്ച തീത്തുരുത്തിലെ സാറ എന്ന നോവലെറ്റും ഒരു യഹൂദ ലെജന്‍ഡാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ പുരുഷമേധാവിത്വത്തെ ചെറുത്തുതോല്‍പ്പിച്ച യഹൂദവിധവയുടെ കഥ. ഒരുപക്ഷേ, കേരളചരിത്രത്തിലെ ആദ്യ ഫെമിനിസ്റ്റ്.

ഈ തെരുവില്‍ പണ്ട് 'ജൂതഗാന്ധി' എന്നു വിളിക്കപ്പെട്ട അബ്രഹാം ബാറക്ക് സേലവും കുടുംബവും രണ്ടര നൂറ്റാണ്ടോളം പരദേശിജൂതന്മാരുടെ വര്‍ണ്ണവിവേചനത്തിനെതിരേ നടത്തിയ ചെറുത്തുനില്‍പ്പിന്റെ കഥ സിനഗോഗ് ലെയ്നിന്റെ ചരിത്രഭാഗമാണ്. അതില്‍ പ്രണയവും പോരാട്ടവും വയലന്‍സുമെല്ലാമുണ്ടായിരുന്നു.

എ.ബി. സേലത്തെ നാട്ടുകാര്‍ 'സേലം കോച്ച' എന്നു വിളിച്ചു. എല്ലാ ജൂതന്മാരും ഞങ്ങള്‍ക്ക് കോച്ചമാരായിരുന്നു. കൊടുങ്ങല്ലൂരിലോ ചേന്ദമംഗലത്തോ പറവൂരിലോ മാളയിലോ ജൂതന്മാര്‍ക്ക് ആ വിളിപ്പേരുണ്ടായിരുന്നില്ല. കോഹനാണ് കോച്ചയായതെന്ന് പോള്‍ മണലില്‍ പറയുന്നു (കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങള്‍). കോച്ചമാരുടെ അങ്ങാടിയാണ് കൊച്ചങ്ങാടിയായതത്രേ. ആര്‍ക്കറിയാം!

വെളുത്ത ജൂതനും കറുത്ത ജൂതനും തമ്മില്‍ അഞ്ചു നൂറ്റാണ്ടു നീണ്ടുനിന്ന വിവേചനത്തിന്റെ കഥ ചരിത്രത്തില്‍ വേണ്ടത്ര വിശദീകരിക്കപ്പെടാത്തതാണ്. സേലം കോച്ചയുടെ ഇളയപുത്രന്‍ ഗംലിയേലുമായി കുറച്ചൊക്കെ സംസാരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം ഈ നോവലില്‍ സാമുവല്‍ ശാലോമായി വരുന്നുണ്ട്. മിക്കവാറും പേരുകളൊക്കെ മാറ്റേണ്ടതായിവന്നു. ഫിക്ഷനലൈസ് ചെയ്യുമ്പോള്‍ അത് അനിവാര്യം. അമ്പതുകളിലെ ആലിയയില്‍ മിക്കവാറും ജൂതന്മാര്‍ ഇസ്രയേലിലേക്ക് പോയപ്പോഴും സേലം കോച്ചയും അഞ്ചു മക്കളും അവരുടെ കുടുംബവും ഇന്ത്യയില്‍ തുടര്‍ന്നു -ഒരാളൊഴികെ. അവരെല്ലാം കോച്ചയെ സ്നേഹിച്ചവരാണ്.

ഇസ്രയേലും പലസ്തീനും തമ്മിലുള്ള പോരാട്ടം ഇന്നും മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന ചോദ്യചിഹ്നമാണ്. ഹിറ്റ്ലറുടെയും മുസോളിനിയുടെയും കിരാതമായ പീഡനങ്ങളെ ഹോളോകോസ്റ്റിലൂടെ നേരിടേണ്ടിവന്ന യഹൂദര്‍ക്ക് എങ്ങനെയാണ് നിരപരാധികളായ പലസ്തീനികളെ പൈശാചികമായി വേട്ടയാടാന്‍ കഴിയുന്നത്?

ഇവിടെ ഈ ജൂതത്തെരുവില്‍ സാറാ കോഹന്‍ എന്ന യഹൂദവൃദ്ധയെ പതിറ്റാണ്ടുകള്‍ സംരക്ഷിച്ചത് താഹാ ഇബ്രാഹിം എന്ന മുസ്ലിം യുവാവായിരുന്നു. സാറയും താഹയും തമ്മിലുള്ള ബന്ധം രക്തബന്ധത്തെക്കാള്‍ കട്ടിയുള്ള മാനവികതയുടെ സാക്ഷ്യമായിരുന്നു. താഹയുമായി പല തവണയായി നടത്തിയ സംഭാഷണങ്ങള്‍ ഈ നോവലിന്റെ രചനയ്ക്കു ബലമായിത്തീര്‍ന്നു. അതുപോലെ എസ്.എസ്. കോഡറുടെ കമ്പനിയില്‍ മാനേജരായി വിരമിച്ച മേരി എന്ന ബേബിയും എഴുത്തുകാരനായ ഹസ്സന്‍നാസറും വളരെയേറെ പിന്തുണച്ചവരാണ്. താഹ അമീര്‍ ബാവയായും സാറാ ആന്റി റൂബി ആന്റിയായും മാറിയത് ഫിക്ഷന്റെ സര്‍ഗ്ഗാത്മകസ്വാതന്ത്ര്യം നിലനിര്‍ത്താന്‍ മാത്രം!

മാഞ്ഞാലി സ്വദേശിയായ നെഹേമിയയും എറണാകുളം സിനഗോഗിലെ ഏലിയാസ് ജോസഫ് ബാബുവും നോവല്‍രചനയുടെ വിവിധ ഘട്ടങ്ങളില്‍ സഹായിച്ച യഹൂദരാണ്.

യൂദമലയാളം പാട്ടുകളില്‍ വിദഗ്ദ്ധനായിരുന്ന ഡോ. സ്‌കറിയ സ്‌കറിയയും വിദേശത്ത് ബിസിനസ്സുകാരനായ റഷീദ് അറയ്ക്കലും പുസ്തകങ്ങളയച്ചുതന്ന് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നാടകകൃത്ത് ടി.എം. എബ്രഹാമിനോടും വടക്കന്‍ പറവൂരിലെ സാംസണ്‍, ആര്‍സി എന്ന യൂദദമ്പതികളോടും അവരെ പരിചയപ്പെടുത്തിത്തന്ന ഫോട്ടോഗ്രാഫറും തിരക്കഥാകൃത്തുമായ കെ.ആര്‍. സുനിലിനോടും കുടുംബസുഹൃത്തായ രാജ്കുമാര്‍ പറവൂരിനോടും അളവറ്റ നന്ദിയുണ്ട്. കൊച്ചിയുടെ കലിഗ്രാഫിസ്റ്റ് തൗഫീഖ് സക്കരിയയും വേഷം മാറി നോവലില്‍ വരുന്നുണ്ട്.

പന്ത്രണ്ടു കൊല്ലത്തെ നിരന്തരമായ ശ്രമത്തിനുശേഷം 2024 ഓഗസ്റ്റ് 15ന് സിനഗോഗ് ലെയ്ന്‍ എഴുതിത്തീര്‍ത്തു. യൂദമതാനുഷ്ഠാനങ്ങളും ജീവിതരീതിയും ഭാഷയും ഭക്ഷണവുമൊക്കെ ചോര്‍ന്നുപോകാതെ നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.