ഇന്നലെയായിരുന്നു ഹോളി. വസന്തത്തിന്റെ ക്ഷിപ്രപ്രസാദമേ ഡൽഹിക്ക് വിധിച്ചിട്ടുള്ളൂ. ഞാനെപ്പോഴും ഓർക്കാറുണ്ട്, വെറും രണ്ടാഴ്ചകൾ മാത്രം നീണ്ടുനിൽക്കുന്ന വസന്തകാലമുള്ള ഈ നഗരത്തെ എന്തുകൊണ്ടാണ് സാമ്രാജ്യപതികൾ ആഗ്രഹിച്ചത് എന്ന്. ഈ നഗരത്തിലെ അധികാരപ്രൗഢിയ്ക്കുവേണ്ടി എത്ര യുദ്ധങ്ങളാണ് ചരിത്രത്തിൽ ഉണ്ടായത് !
ഇന്നലെയായിരുന്നു ഹോളി.

To advertise here,

ഹോളിയുടെ തലേന്ന് ഞാൻ ബ്രജഭൂമിയിൽ പോയിരുന്നു. അവിടെയായിരുന്നു ഗോപികമാരുമായി ദ്വാപരയുഗത്തിലെ പ്രേമസ്വരൂപൻ ഹോളിരാസലീലകൾ ആടിയിരുന്നത്. ഇത്തവണത്തെ ഹോളിയുടെ തലേന്ന് അവിടുത്തെ കേശവദേവ ക്ഷേത്രത്തിൽ പാവപ്പെട്ട സ്ത്രീകൾ ദുരിതങ്ങളാൽ മുഴിഞ്ഞ ചേലചുറ്റി തലതല്ലി, വിതുമ്പി പ്രാർഥിക്കുന്നത് കണ്ടപ്പോൾ, അകത്ത് രാധാസമേതനായി വെണ്ണക്കല്ലിലെ കൃഷ്ണൻ അവർക്കു നേരെ പുഞ്ചിരിതൂകുന്നത് കണ്ടപ്പോൾ എനിക്കു മനസ്സിലാകാത്ത ഭാഷയും വ്യാകരണവുമാണ് ഭക്തിയുടെ രീതിശാസ്ത്രത്തിനെന്ന് വീണ്ടും തിരിച്ചറിഞ്ഞു. എന്നുവേണമെങ്കിലും വ്രജഭൂമിയിലെ ശാന്തി തകരാം എന്ന സൂചനയുമായി പ്രാർഥനകൾ മുദ്രാവാക്യം പോലെ വിളിക്കുന്ന ആൾക്കൂട്ടം അവിടേക്കുവരുന്നുണ്ടായിരുന്നു.

കൃഷ്ണൻ ജനിച്ച കാരാഗൃഹമെന്ന് കരുതപ്പെടുന്ന ഗർഭഗൃഹ കെട്ടിടത്തിന്റെ മതിൽ ചേർന്ന് ഷാഹി ഈദ് ഗാഹ് പള്ളി നിൽക്കുന്നുണ്ട്. എൻ്റെ കൂടെയുണ്ടായിരുന്ന പെൺകുട്ടി ചോദിച്ചു, 1670 ൽ അറംഗസേബ് ഉണ്ടാക്കിയ ഈ പള്ളിയെച്ചൊല്ലി ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എന്തിനാണ് ഈ തർക്കങ്ങളെന്ന്. ഞാൻ പറഞ്ഞു, ഇക്കാലത്തിൽ ജീവിക്കുമ്പോഴും ഭൂതകാലത്തിലാണ് ജീവപ്രേരണകൾ നിക്ഷേപിക്കപ്പെട്ടിരിക്കുന്നതെങ്കിൽ വർത്തമാന-ഭാവി കാലങ്ങൾ ഭൂതാവിഷ്ടമായിരിക്കുമെന്ന്. ഓർത്തുപോയി എത്ര കൃത്യമായിട്ടാണ് എൻ.കെ. ദാമോദരൻ ദസ്തയേവ്‌സ്കിയുടെ Possessed എന്ന നോവലിനെ 'ഭൂതാവിഷ്ടർ' എന്ന് വിവർത്തനം ചെയ്തതെന്ന്. ഓരോരുത്തരും ഓരോ വിധത്തിലാണ് ഭൂതാവിഷ്ടരാകുന്നത്.

ഇന്നലെ ഹോളിയായിരുന്നു,
നിറങ്ങളിൽ ആടിത്തിമിർക്കുമ്പോൾ ഭൂത-വർത്തമാന-ഭാവികാലങ്ങളുടെ ആശങ്കകളെ മറന്ന് ഒരുത്സവത്തിൻ്റെ നിമിഷജീവനിലേക്ക് ജനങ്ങൾ ഉത്സാഹഭരിതരായി ഘനീഭവിക്കുന്നതായി തോന്നി. കടമ്മനിട്ട എഴുതിയില്ലേ, 'വിസ്മയം പോലെ ലഭിക്കും നിമിഷത്തിനർത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം' എന്ന്. എനിക്കേറെയിഷ്ടം ഈ നിറയാട്ടമല്ല. ഉച്ചവരെ നിറങ്ങളിൽ കുളിച്ചിറങ്ങിയിട്ട് ഉത്തരേന്ത്യർ വൃത്തിയായി കുളിച്ചുശുദ്ധരാകും. നിറങ്ങളെ അവർ കഴുകിക്കളയുന്ന പ്രക്രിയയെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ഉത്സവത്തിനുശേഷം കഴുകി വൃത്തിയാക്കുന്ന ക്ഷേത്രമാണ് അപ്പോൾ ആ ശരീരം.

1996-ൽ ഡൽഹിയിലെ രോഹിണിയിൽ ഞാൻ ഹോളി കളിച്ചപ്പോൾ വെളുത്ത ചൂരൽ കുത്തി നടന്നിരുന്ന ഒരാൾ നിറങ്ങളുടെ ഉത്സവത്തിൽ പങ്കുചേരുന്നത് കണ്ടു. അന്ധനായ ഒരാൾ എങ്ങനെയാണ് നിറങ്ങളുടെ ഉത്സവത്തിൽ പങ്കുചേരുന്നത്?, ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു, നിങ്ങൾ കാണുന്ന ചുവപ്പല്ല യഥാർഥ ചുവപ്പ്, ഞാൻ ഊഹിക്കുന്നതാണ്. നിങ്ങൾ കണ്ട എവറസ്റ്റല്ല യഥാർഥ കൊടുമുടി, ഞാൻ സങ്കൽപ്പിക്കുന്ന കൊടുമുടിയാണ്'. ആ ഹോളിയിൽ അദ്ദേഹം എനിക്കു നൽകിയ ഞെട്ടൽ വേറൊരു ദാർശനികനും എനിക്കിന്നേവരെ നൽകിയിട്ടില്ല. ആ ഉത്തരത്തിൻ്റെ തിരത്തള്ളലിൽ വാൻഗോഗിന്റെ സൂര്യകാന്തികളും മഞ്ജിത് ബാവയുടെ മഞ്ഞഗണപതിയും ഒലിച്ചുപോയി.

ഇന്നലെ ഹോളിയായിരുന്നു.
എന്നും കളിച്ചാർത്തു നടക്കുന്ന അയൽപക്കത്തെ എട്ടുവയസ്സുകാരിയെ താഴെ പാർക്കിൽ കണ്ടില്ല. വൈകീട്ട് ലിഫ്റ്റിൽ അവളെ കണ്ടപ്പോൾ ഞാൻ ചോദിച്ചു, 'ഹോളി കളിയ്ക്കാൻ മാളവികയെ കണ്ടില്ലല്ലോ'. അവൾ അച്ഛന്റെ മൊബൈൽ വാങ്ങിയിട്ട് അതിൽ നിന്നും ഒരു ചിത്രം കാണിച്ചു, തെക്കൻ ഇറാനിലെ മിനാബിൽ അമേരിക്കൻ ബോംബിങ്ങിൽ ഹോളിത്തലേന്ന് തകർന്ന സ്‌കൂളിൽ കൊല്ലപ്പെട്ട 160 പെൺകുട്ടികളുടെ ശവക്കുഴികൾ ഒരുക്കിയിരിക്കുന്നതിന്റെ ചിത്രമായിരുന്നു അത്. ആ ചിത്രം കറുപ്പിലും വെളുപ്പിലുമായിരുന്നു. ഇത്തവണ മാളവികയുടെ ഹോളിയ്ക്ക് നിറമില്ലായിരുന്നു. എൻ്റെ ഉള്ളിൽ മലയാളമറിയാത്ത അവൾക്കായി എൻ.വി. കൃഷ്ണവാരിയർ ആറുവരികൾ ഉരുവിട്ടു:
‘‘എങ്ങു മനുഷ്യനു ചങ്ങല കൈകളി-
ലങ്ങെൻ കൈയുകൾ നൊന്തിടുകയാ-
ണെങ്ങോ മർദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു.
എങ്ങെഴുന്നേല്പാൻ പിടയും മാനുഷ-
നവിടെ ജീവിച്ചീടുന്നു ഞാൻ"

ഇന്നലെ ഹോളിയായിരുന്നു.
രാവിലേ ഉണർന്നതുതന്നെ താഴെ ഉച്ചഭാഷിണിയിൽ നിന്നും അമിതാഭ് ബച്ചൻ 'രംഗ് ബർസെ' പാടുന്നതു കേട്ടാണ്. കഴിഞ്ഞ മുപ്പത്തിയഞ്ചു കൊല്ലങ്ങളായി ഡൽഹിയിൽ ജീവിക്കുന്ന ഞാൻ ഈ പാട്ടുകേൾക്കാതെ ഹോളി ദിനത്തിലേക്ക് കടന്നിട്ടില്ല. 1981 ൽ ഇറങ്ങിയ ഒരു ചലച്ചിത്രഗാനം എങ്ങനെയാണ് ആ സിനിമയുടെ പ്രമേയാതിർത്തികൾ ഉല്ലംഘിച്ച് ഏതോ ചിരപുരാതനയുത്സവഗാനത്തിന്റെ നാടോടിഗരിമ കൈവരിച്ചതെന്നോർത്ത് ഞാൻ എല്ലാ ഹോളിയിലും അത്ഭുതപ്പെടാറുണ്ട്. അമിതാഭ് ബച്ചന്റെ എല്ലാ സിനിമകളും മറക്കപ്പെട്ടാലും ഹോളി എന്ന ഉത്സവമുള്ളിടത്തോളം കാലം ഈ ഗാനം ആളുകൾ കേട്ടുകൊണ്ടേയിരിക്കും . ഹോളിദിനത്തിൽ അമിതാഭ് ബച്ചൻ ഒരു നടനല്ല , ഒരു ഗാനമാണ്, രാഗരംഗ് ആണ്.

ഇന്നലെ ഹോളിയായിരുന്നു.
അതിൻ്റെ തലേന്ന് ഞാൻ ഡൽഹിയിലെ മനോഹരമായ വാസ്തുശില്പം, India Habitat Centre ൽ പോയിരുന്നു. ആധുനിക അമേരിക്കൻ വാസ്തുശില്പി ജോസഫ് സ്റ്റെയിൻ (Joseph Stein) വിഭാവനം ചെയ്ത കെട്ടിട സമുച്ചയം. അവിടെ ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പറഞ്ഞ ഒരു വാചകം കല്ലിൽ കൊത്തിവെച്ചിട്ടുണ്ട്.

'അസുന്ദരമായതൊന്നും നിങ്ങൾ അനുവദിച്ചുകൊടുക്കരുത്, സഹിയ്ക്കയുമരുത്, നിങ്ങളുടെ ജീവിതത്തിലും പ്രവൃത്തികളിലും നിങ്ങളുടെ കെട്ടിടങ്ങളിലും'.

ആ ശിലാഫലകത്തിനു മുന്നിൽ ഞാൻ കൈകൂപ്പി നിന്നു. അമേരിക്കക്കാരനായ സ്റ്റെയിൻ സായ്‌വ് മനോഹരമായ ഒരു കെട്ടിടം ഉണ്ടാക്കിക്കഴിഞ്ഞപ്പോൾ അതിൻ്റെ മുന്നിൽ എഴുതിവെയ്ക്കാൻ തീരുമാനിച്ച വാചകം വൃത്തിയും വെടിപ്പുമായി രാഷ്ട്രീയത്തിൽ പുലർന്ന നിത്യകാല്പനികനായ നെഹ്രുവിന്റെ വാചകങ്ങളായിരുന്നു.

ഇന്നലെ ഹോളിയായിരുന്നു.
നിറങ്ങളിൽ നിന്നും പുറത്തുവന്ന് വെളുത്ത വസ്ത്രമണിഞ്ഞ് ഹോളിയുടെ മധുരവുമായി എൻ്റെ വീട്ടിൽ വൈകീട്ടുവന്ന ആറാം ക്ലാസ്സുകാരൻ നിയോഗിന് ഞാൻ പണ്ഡിറ്റ് നെഹ്രുവിന്റെ വാചകങ്ങൾ മടക്കസമ്മാനമായി നൽകി.

ഇന്നലെ ഹോളിയായിരുന്നു .
എല്ലാം കഴിഞ്ഞ് ഈ മഹാനഗരത്തിലെ വൻവഴികളിലൊന്നിൽ നടക്കാനിറങ്ങിയപ്പോൾ രണ്ടുപേർ തലകുനിച്ചു നടന്നുപോകുന്നുണ്ടായിരുന്നു. പകൽ ഹോളി കളിച്ചതായി അവരുടെ മുഴിഞ്ഞ ശരീരവും ജീവിതവും എന്നോട് പറഞ്ഞില്ല . ഫാൽഗുനിമാസത്തിലെ ചാന്ദ്രപൂർണിമയിലാണ് ഹോളി എന്ന വസന്തോത്സവം കൊണ്ടാടാറുള്ളത് . ആധുനിക ഹിന്ദി കവികളിൽ പ്രമുഖനായിരുന്ന നാംവർ സിങ്ങ് ഫാൽഗുനിമാസം എന്ന ഒരു കവിത എഴുതിയിട്ടുണ്ട് . അതിൻ്റെ അവസാനവരികൾ ഇങ്ങനെയാണ്:
'വീടില്ലാത്തവർ, അജ്ഞാതർ,
രണ്ട് യാത്രക്കാർ
തല കുനിച്ച്, ആരേയും നോക്കുകയോ ഒന്നും ചോദിക്കുകയോ ചെയ്യാതെ.
സാൽ മരങ്ങൾ നിറഞ്ഞ ഇടുങ്ങിയ വഴിയിൽ,
അലഞ്ഞുതിരിയുന്നു, അലഞ്ഞുതിരിയുന്നു, അലഞ്ഞുതിരിയുന്നു'.
ഇന്നലെ ഹോളിയായിരുന്നു .