
ജോര്‍ജ് അറയ്ക്കല്‍ (റിട്ട എസ്.പി ) എഴുതുന്ന സര്‍വീസ് സ്‌റ്റോറി ഓപ്പണ്‍ ഫയല്‍
ഞാന്‍ ബി.എസ്.സി പഠനം പൂര്‍ത്തിയാക്കിയ ശേഷം ആറുമാസക്കാലം ബോംബെയ്ക്കടുത്തുള്ള രത്‌നഗിരിയില്‍ ജോലി ചെയ്തിരുന്നു. അവിടുത്തെ താമസത്തിനിടയില്‍ ഹിന്ദി സംസാരിക്കാന്‍ പഠിക്കുകയുണ്ടായി. ആ ബലത്തില്‍ ധൈര്യപൂര്‍വ്വം ഞാന്‍ ഡല്‍ഹിയിലേക്ക് ട്രെയിന്‍ കയറി. അവിടെത്തെ പോലീസ് സെക്യൂരിറ്റി വിങ്ങ് കെട്ടിടത്തില്‍ ഒരു വലിയ മുറിയില്‍ കേരളത്തില്‍ നിന്നുള്ള ആറു ഉദ്യോഗസ്ഥര്‍ താമസിക്കുന്നുണ്ടായിരുന്നു. അവരില്‍ ഒരാളെ റിലീവ് ചെയ്യാനാണ് ഞാന്‍ നിയമിതനായത്. ഞാന്‍ റിപ്പോര്‍ട്ട് ചെയ്ത ഉടനെ കോഴിക്കോട് നിന്നുള്ള സബ് ഇന്‍സ്‌പെക്ടര്‍ ബാബുവിനെ റിലീവ് ചെയ്തു. പിറ്റേ ദിവസം പാര്‍ലമെന്റ് ഹൗസില്‍ ഡ്യൂട്ടിക്ക് ചെന്നപ്പോഴാണ് രസകരമായ ഒരു സംഭവമുണ്ടായത്. അവിടെ ഒരു കെട്ടിടത്തിന്റെ അരികില്‍ പുറത്ത് ഒരു വലിയ മുഴയുള്ള ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഒരു കസേരയില്‍ ഇരുന്ന് ഓരോ എസ്.ഐ മാരുടേയും പേരു വിളിക്കുന്നു. കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ആ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ മുന്നില്‍ അറ്റന്‍ഷന്‍ ആയി 'പ്രസന്റ് സര്‍' എന്ന് പറയുന്നു. ഇത് കേള്‍ക്കുകയും കാണുകയും ചെയ്ത എനിക്ക് ആ പ്രവൃത്തി ഒട്ടും ഇഷ്ടമായില്ല. കാരണം സബ് ഇന്‍സ്‌പെക്ടര്‍മാര്‍ രണ്ടു സ്റ്റാര്‍ ധരിക്കുന്നവരും അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഒരു സ്റ്റാര്‍ ധരിക്കുന്നവരുമാണ്. നിയമം അനുസരിച്ച് ഒരു സബ് ഇന്‍സ്‌പെക്ടര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ മുന്നില്‍ അറ്റന്‍ഷന്‍ ആവുകയോ സാര്‍ എന്ന് സംബോധന ചെയ്യുകയോ പാടില്ലാത്തതാണ്. ഇങ്ങിനെയുള്ള കാര്യങ്ങളില്‍ ഞാന്‍ വളരെ കര്‍ശനക്കാരനായതിനാല്‍ തന്നെ ഞാന്‍ ആ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറോട് പറഞ്ഞു- ഇന്നുമുതല്‍ കേരളത്തില്‍ നിന്നുള്ള സബ് ഇന്‍സ്‌പെക്ടര്‍മാര്‍ താങ്കളുടെ മുന്നില്‍ വന്ന് അറ്റന്‍ഷന്‍ ആവുകയോ, പ്രസന്റ് സാര്‍ എന്ന് പറയുകയോ ചെയ്യില്ല. താങ്കള്‍ക്ക് അവിടെ ഒരു ബുക്ക് സൂക്ഷിക്കാം. അതില്‍ ഞങ്ങള്‍ ഓരോരുത്തരും ഞങ്ങളുടെ പേരെഴുതി ഒപ്പ് വെക്കുന്നതാണ്.
അത്യാവശ്യം ഹിന്ദി സംസാരിക്കാന്‍ അറിയാവുന്നതുകൊണ്ട് ഹിന്ദിയിലാണ് ഞാന്‍ ആ എ.എസ്.ഐ യോട് സംസാരിച്ചത്. ഞാന്‍ ഹിന്ദി സംസാരിക്കുന്ന, കാര്യങ്ങള്‍ മനസിലാക്കിയ, ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരും ഞാന്‍ പറഞ്ഞതിനോട് യോജിച്ചു. പിറ്റേ ദിവസം മുതല്‍ എ.എസ്.ഐയുടെ അറ്റന്‍ഡന്‍സ് വിളി നില്‍ക്കുകയും ചെയ്തു.
പാര്‍ലമെന്റ് ഹൗസില്‍ ചിലപ്പോഴെല്ലാം ഹൗസിനുള്ളിലും പുറത്ത് ഗാര്‍ഡനിലും പ്രധാനമന്ത്രിയും പ്രമുഖരും വരുന്ന കോറിഡോറുകളിലും മറ്റും പലയിടങ്ങളിലായി ജോലി ചെയ്യണം. ഉച്ചയ്ക്ക് പാര്‍ലമെന്റ് കാന്റീനില്‍ നിന്നായിരുന്നു പലപ്പോഴും ഭക്ഷണം. ഇതിനിടയില്‍ ഞങ്ങള്‍ താമസിക്കുന്ന സെക്യൂരിറ്റി വിങ്ങില്‍ പോലീസ് സൂപ്രണ്ട് ഇന്‍സ്‌പെക്ഷന് വരുന്നുണ്ടെന്നറിഞ്ഞു. ഞങ്ങള്‍ ആറുപേരും കൂടി മുറിയൊക്കെ വൃത്തിയാക്കി അവിടെ ഉണ്ടായിരുന്ന ഒരു കാലിപ്പെട്ടി മറിച്ചിട്ട് അതില്‍ ഒരു വെളുത്ത വിരി വിരിച്ചു. ഞങ്ങളുടെ ആറുപേരുടേയും പേരും സ്ഥലവും എഴുതിയ ഒരു ലിസ്റ്റ് വാതിലില്‍ പതിക്കുകയും ചെയ്തു. കൂടാതെ ചെറിയ ഒരു ഗ്ലാസ്സില്‍ മണ്ണ് നിറച്ച് അതില്‍ കുറച്ച് ചന്ദനത്തിരികള്‍ കത്തിച്ചുവെച്ചു. ഇന്‍സ്‌പെക്ഷനു വന്ന പോലീസ് സൂപ്രണ്ടിന് ഇതെല്ലാം കണ്ടിട്ട് ഞങ്ങളെപ്പറ്റി വളരെ വലിയ മതിപ്പ് ഉണ്ടാവുകയും 'കേരളക്കാരെ കണ്ട് പഠിക്ക്' എന്ന് പറഞ്ഞുകൊണ്ട് മറ്റു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ എല്ലാവരേയും അവിടേക്ക് വിളിച്ചുവരുത്തി ഞങ്ങളെ അഭിനന്ദിച്ചു.
ഇതിനിടയില്‍ എന്റെ സഹോദരിയുടെ കല്യാണം നടക്കുന്നതിനാല്‍ എനിക്ക് ലീവെടുത്ത് നാട്ടിലേക്ക് പോരേണ്ടി വന്നു. എന്റെ ബാച്ചുകാരനായ സദാശിവന്‍ ആറുമാസത്തെ ഡ്യൂട്ടി പൂര്‍ത്തിയാക്കിയശേഷം തിരിച്ചുപോരുന്നതിനാല്‍ ഞാന്‍ അയാളോടൊപ്പം അവധിക്ക് കെ.കെ എക്‌സ്പ്രസ്സിലാണ് നാട്ടിലേക്ക് വരുന്നത്. അതിനിടയില്‍ ജ്വല്ലാര്‍പേട്ട എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് കോച്ച് മാറിയിരിക്കേണ്ടി വന്നു. പുതിയ കമ്പാര്‍ട്ട്‌മെന്റില്‍ ചെന്നപ്പോള്‍ ഒരു ചൈനാക്കാരന്‍ ഞങ്ങളുടെ സമീപം ഇരുന്ന് യാത്ര ചെയ്തിരുന്നു. രാത്രിയായപ്പോള്‍ ഞങ്ങള്‍ എല്ലാവരും ഉറങ്ങാന്‍ കിടന്നു. ഞങ്ങളുടെ സീറ്റിന്റെ എതിര്‍ ഭാഗത്തുണ്ടായിരുന്ന ഒരു മിലിറ്ററിക്കാരന്‍ വന്ന് പരിചയപ്പെട്ടു. ഞങ്ങള്‍ കേരളത്തില്‍ നിന്നുള്ള പോലീസുകാരാണെന്ന് പറഞ്ഞുകൊണ്ട് വിശേഷങ്ങള്‍ പങ്കിടുകയും ചെയ്തു. ഈ സമയത്തെല്ലാം ചൈനക്കാരന്‍ ഞങ്ങളെ വളരെ ഗൗരവത്തില്‍ നോക്കുന്നുണ്ടായിരുന്നു.
ഞാന്‍ ഏറ്റവും മുകളിലെ ബര്‍ത്തിലും സദാശിവന്‍ രണ്ടാമത്തെ ബര്‍ത്തിലും ചൈനക്കാരന്‍ താഴെ മൂന്നാമത്തെ ബര്‍ത്തിലും കിടന്നു. രാത്രി ഞങ്ങള്‍ക്ക് ഉറക്കം പിടിക്കുന്നതിന് മുമ്പായി മിലിട്ടറിക്കാരന്‍ ചൈനക്കാരനെ ചീത്ത പറയുന്നത് കേട്ട് ഞാന്‍ നോക്കി. അപ്പോള്‍ മിലിട്ടറിക്കാരന്‍ കാര്യം വിശദീകരിച്ചു. ചൈനാക്കാരന്‍ ഒരുവാളം സ്ലീപ്പിംങ്ങ് പില്‍സ് കഴിക്കാന്‍ തുടങ്ങുന്നത് കണ്ട് അയാള്‍ അത് തട്ടിതെറിപ്പിച്ചുകളയുകയായിരുന്നു. ഇതുകേട്ട് ഞാനും ചൈനക്കാരനെ ചീത്തപറയുകയും കിടന്നുറങ്ങാന്‍ പറയുകയും ചെയ്തു. ഇതിനിടയില്‍ സദാശിവന്‍ ഉറക്കം പിടിച്ചിരുന്നു. ചൈനക്കാരന്‍ ആവട്ടെ ഡല്‍ഹിയില്‍ ഏതോ ഹോട്ടലില്‍ ജോലി ചെയ്തിരുന്നിടത്തുനിന്നും അടിയും ബഹളവും ഉണ്ടാക്കി സ്ഥലം വിട്ട് ഈ ട്രെയിനില്‍ വന്ന് കയറിയതാണത്രെ. അയാളെ പിന്‍തുടര്‍ന്ന് പിടികൂടാനാണ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ഞങ്ങള്‍ രണ്ടു പേരും എത്തിയിരിക്കുന്നതെന്ന ചിന്തയില്‍ ആത്മഹത്യ ചെയ്യാനാണ് അയാള്‍ ഒരുവാളം സ്ലീപ്പിംങ്ങ് പില്‍സ് കഴിക്കാനൊരുങ്ങിയത്.
പെട്ടെന്നാണ് ചൈനക്കാരന്‍ അയാളുടെ കൈവശമുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് സദാശിവന്റെ തല ലക്ഷ്യമാക്കി വെട്ടിയത്. വെട്ടുകൊണ്ടത് താടിയിലായിരുന്നു. ആഴത്തിലുള്ള മുറിവായിരുന്നു. ശബ്ദം കേട്ട് മുകളിലെ ബര്‍ത്തില്‍ കിടന്നിരുന്ന ഞാന്‍ എന്റെ വലതുകൈകൊണ്ട് ചൈനക്കാരന്റെ തലയ്ക്ക് ഒരടി കൊടുത്തു. അയാള്‍ പ്രകോപിതനായി എനിക്കുനേരെ തിരിഞ്ഞു. അയാളെ ഉറക്കഗുളിക കഴിക്കാന്‍ സമ്മതിക്കാത്ത ഞങ്ങളോടുള്ള വൈരാഗ്യത്തില്‍ കത്തികൊണ്ട് എന്റെ നേരെ പാഞ്ഞടുത്ത് കൈയില്‍ വെട്ടി. ഇടതുകൈയുടെ ചെറുവിരലിനാണ് വെട്ടുകൊണ്ടത്. ഞാന്‍ ട്രെയിനിന്റെ അപായച്ചങ്ങല വലിച്ചു. ട്രെയിന്‍ സ്പീഡ് കുറച്ച് പോത്തന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തി. റെയില്‍വേ സ്റ്റേഷനിലേക്ക് എടുത്തുചാടിയ ചൈനക്കാരനെ രക്ഷപ്പെടാന്‍ സമ്മതിക്കാതെ പിടികൂടി അവിടുത്തെ പോലീസിനെ ഏല്പിച്ചു. ട്രെയിന്‍ വീണ്ടും പുറപ്പെട്ട് പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെത്തി.
അവിടെ ഇറങ്ങിയ ഞാനും സദാശിവനും പാലക്കാട് ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റായി. സദാശിവന്റെ വീട്ടുകാരെ വിവരം ധരിപ്പിച്ചതനുസരിച്ച് സദാശിവനെ ചികിത്സക്കായി അവരുടെ നാട്ടിലേക്ക് കൊണ്ടുപോയി. ഞാന്‍ സഹോദരിയുടെ കല്ല്യാണം ആയതിനാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് പോന്നു. കൈവിരലിന് ഒരു ബാന്റേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പത്രത്തില്‍ ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ വന്നതിനാലും എന്റെ കൈയില്‍ ബാന്റേജ് ഉള്ളതിനാലും വിവാഹത്തിന് വന്നവരോടെല്ലാം ട്രെയിനില്‍ നടന്ന സംഭവം വിശദീകരിക്കേണ്ടി വന്നു. അവധി തീര്‍ന്നശേഷം ഞാന്‍ വീണ്ടും ഡല്‍ഹിയിലേക്ക് തിരിച്ചുപോയി. ആറുമാസമായിരുന്നു ഡല്‍ഹി ഡ്യൂട്ടി. അത് തികച്ചതിനുശേഷം തിരികെ കോഴിക്കോട് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ മുന്നില്‍ ഹാജരായി. കുന്നമംഗലം പോലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറായിട്ടായിരുന്നു നിയമനം.
കുന്ദമംഗലം പോലീസ് സ്‌റ്റേഷനില്‍ എന്റെതായ രീതിയില്‍ സബ് ഇന്‍സ്‌പെക്ടറുടെ ഉത്തരവാദിത്തം ചാര്‍ജ് എടുത്ത ദിവസം മുതല്‍ ചെയ്തുതുടങ്ങി. രാത്രി പട്രോളിങ്ങും കള്ളന്മാരെ പിടികൂടലും നിരന്തരം ഞാന്‍ ചെയ്യുമായിരുന്നു. അങ്ങനെ 1978 സെപ്റ്റംബര്‍ രണ്ടാം തീയതി രാത്രി പട്രോളിന് പോയ സമയത്ത് ചെത്തുകടവ് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഒരു തേങ്ങാ ചേവിന് തീ പിടിക്കുന്നത് കണ്ട് ഞാനും പോലീസുകാരും ജീപ്പില്‍ നിന്ന് ഓടിയിറങ്ങി. കൈയില്‍ കിട്ടിയ പാത്രങ്ങളെല്ലാം എടുത്ത് പുഴയില്‍ നിന്നും വെള്ളം കൊണ്ടുവന്ന് ചേവിലെ തീ കെടുത്തി. സമയോചിതമായ ഈ ഇടപെടലിന് കോഴിക്കോട് ജില്ലാപോലീസ് സൂപ്രണ്ടിന്റെ D.O 78/78 D dated 30.11.78 ഉത്തരവ് പ്രകാരം പാരിതോഷികമായി മുപ്പത് രൂപ തന്ന് അഭിനന്ദിച്ചു.
ഇതിനിടയില്‍ പാലക്കാട് ജില്ലയിലേക്ക് ട്രാന്‍സ്ഫര്‍ പോകുവാന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരുടെ സന്നദ്ധത അന്വേഷിച്ചെങ്കിലും ഞാന്‍ Not Willing എന്നാണ് എഴുതിക്കൊടുത്തത്. പക്ഷെ അധികം വൈകാതെ എനിക്ക് പാലക്കാട് ജില്ലയിലേക്ക് തന്നെ ട്രാന്‍സ്ഫര്‍ കിട്ടി. മണ്ണാര്‍ക്കാട് സര്‍ക്കിളില്‍പെട്ട നാട്ടുകല്‍ പോലീസ് സ്റ്റേഷനിലായിരുന്നു നിയമനം. നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍ മണ്ണാര്‍ക്കാട് നിന്നും പെരിന്തൽമണ്ണയിലേക്ക് പോകുന്ന റൂട്ടില്‍ മലപ്പുറം ജില്ലയുടെ അതിര്‍ത്തിയോട് അടുത്തായിരുന്നു. സ്റ്റേഷനില്‍ കാര്യമായി ജോലി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മിക്കവാറും സ്റ്റേഷന്റെ മുന്നില്‍ തന്നെ ഇറങ്ങിനിന്ന് വാഹനങ്ങള്‍ പരിശോധിക്കലും മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ പിടികൂടുകയുമൊക്കെയായിരുന്നു പണി. അതിനിടയില്‍ മണ്ണാര്‍ക്കാട് സര്‍ക്കിള്‍ പരിധിയില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട കേസുകളിലെല്ലാം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഒപ്പം പോവുകയും അത്തരം കേസുകളുടെ അന്വേഷണത്തിന് സഹായിക്കുകയും ചെയ്യുന്നതും പതിവായിരുന്നു.
ഒരിക്കല്‍ റോഡില്‍ നിന്ന് വാഹനങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കെ അന്നത്തെ പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന ജെ. അന്‍സാരി ഐ.പി.എസ് കോഴിക്കോട് ഡി.ഐ.ജി ഓഫീസില്‍ കോണ്‍ഫറന്‍സ് കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ എന്നെ കണ്ട് കാര്‍ നിര്‍ത്തി. ഞാന്‍ അടുത്ത് ചെന്ന് സല്യൂട്ട് ചെയ്തു. അദ്ദേഹം കാറില്‍ നിന്നും ഇറങ്ങി വന്ന് എന്നോട് ചോദിച്ചു Why are you here? sir you have posted me here- ഞാന്‍ മറുപടി പറഞ്ഞു. അദ്ദേഹം ഉടന്‍ പറയുകയാണ് No, I want you in town. അടുത്ത ദിവസം തന്നെ ടൗണ്‍ സര്‍ക്കിളില്‍ പെട്ട ഹേമാംബിക നഗറിലേക്ക് എനിക്ക് ട്രാന്‍സ്ഫര്‍ ഓര്‍ഡറായി. ഈ ട്രാന്‍സ്ഫര്‍ എന്റെ ഔദ്യോഗിക ജീവിതത്തിലെ തന്നെ നല്ല ഒരു വലിയൊരു വഴിത്തിരിവായിരുന്നു. പിന്നീട് അന്‍സാരി സാര്‍ പാലക്കാട് നിന്ന് ട്രാന്‍സ്ഫറായി സതേണ്‍ റേഞ്ചിലേക്ക് പോകുകയും വളരെ ചെറുപ്പത്തില്‍ത്തന്നെ തന്നെ ഹൃദയാഘാതം മൂലം മരണപ്പെടുകയും ചെയ്തു.
ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷനില്‍, ഒട്ടും താമസിയാതെ തന്നെ, അതായത് 1979 ജനുവരി മാസം ചാര്‍ജെടുത്തു. അവിടുത്തെ ഏറ്റവും വലിയ പ്രശ്‌നം റെയില്‍വേ കോളനിയില്‍ തുടരെത്തുടരെ നടന്നുകൊണ്ടിരുന്ന മോഷണകേസുകളായിരുന്നു. റെയില്‍വേയിലെ ജോലിക്കാര്‍ അവരുടെ ക്വാര്‍ട്ടേഴ്‌സ് പൂട്ടി ജോലിക്കുപോയി തിരിച്ചുവരുമ്പോള്‍ അവരുടെ വീട് കുത്തിത്തുറന്ന് അവരുടെ വിലപ്പെട്ട വസ്തുക്കള്‍ മോഷ്ടിക്കുന്നത് പതിവായി. ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ മുതല്‍ പോലീസുകാര്‍വരെയുള്ള എല്ലാവരേയും വെള്ളിയാഴ്ച പരേഡ് ദിവസം വിളിച്ചുകൂട്ടി. 'നാം കുട്ടികളായിരിക്കുമ്പോള്‍ കള്ളനും പോലീസും കളിക്കുകയും കള്ളനെ പിടിക്കുകയും ചെയ്യാറുണ്ട്. അതുപോലെ പോലീസില്‍ ജോലി കിട്ടിയശേഷവും നമുക്ക് ആ കളി തുടരണം. ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷനിലെ ഓരോ പോലീസുകാരനും ഈ മാസം അവസാനിക്കുന്നതിന് മുമ്പായി ഒരു കള്ളനെയെങ്കിലും പിടിച്ചിരിക്കണം. കള്ളനെ പിടിക്കുന്നവര്‍ക്ക് റിവാര്‍ഡും പിടിക്കാത്തവര്‍ക്ക് ഇവിടെ നിന്നും ട്രാന്‍സ്ഫറും ഉണ്ടാവും' എന്ന് പറഞ്ഞു. ഞാനും നിങ്ങളില്‍ ചിലരോടൊപ്പം കള്ളനെ പിടിക്കാന്‍ റെയില്‍വെ കോളനിയില്‍ റോന്ത് ചുറ്റുന്നുണ്ടാവും. അങ്ങനെ കൂട്ടായ ശ്രമം തുടങ്ങി ഒന്നോ രണ്ടോ ദിവസം കഴിഞ്ഞപ്പോള്‍ തന്നെ തമിഴ്‌നാട്ടുകാരായ മൂന്നുനാലു പേരെ പിടികൂടി. അവര്‍ ബാംഗ്ലൂരില്‍ കൊണ്ടുപോയി വില്‍പ്പന നടത്തിയ ട്രാന്‍സിസ്റ്റര്‍, റേഡിയോ, ടേപ്പ് റെക്കോഡര്‍ എന്നിവ കണ്ടെടുക്കുകയും ചെയ്തു. അവരെ ചോദ്യം ചെയ്തതില്‍ നിന്നും പകല്‍ സമയങ്ങളില്‍ കുപ്പി, പാട്ട, പേപ്പര്‍ എന്നിവ റെയില്‍വെ കോളനിയിലുള്ള വീടുകളില്‍ ചുറ്റിനടന്ന് ശേഖരിക്കുകയും രാത്രി ഡ്യൂട്ടിക്ക് പോകുന്നവരുടെ വീടുകള്‍ നോക്കി മനസ്സിലാക്കി അവിടെ നിന്ന് കളവ് ചെയ്യുകയുമായിരുന്നു അവരുടെ രീതി എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇവര്‍ റെയില്‍വെ ജീവനക്കാരെപോലെ തന്നെ കാക്കി നിറത്തിലുള്ള സ്ലാക്ക് ഷര്‍ട്ടും പാന്റും ധരിച്ച് സൈക്കിളില്‍ സഞ്ചരിച്ചാണ് മോഷണത്തിന് പറ്റിയ വീടുകള്‍ കണ്ടുപിടിക്കുന്നതും മോഷണം നടത്തിയിരുന്നതും. അതുകൊണ്ട് തന്നെ പോലീസുകാര്‍ ഇവരെ കണ്ടാല്‍പോലും തിരിച്ചറിയുമായിരുന്നില്ല. ഞാനും പോലീസുകാരും കൂട്ടമായി നടത്തിയ ഈ റെയ്ഡിനോടു കൂടി റെയില്‍വെ കോളനിയിലെ കളവുകേസുകള്‍ ഇല്ലാതായി.
ഒരു സംഭവം കൂടി ഹേമാംബിക നഗര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ആയി ജോലി ചെയ്തിരുന്ന കാലഘട്ടത്തില്‍ ഉണ്ടായി. ധോണിയില്‍ തന്നെയുള്ള ഒരു പാര്‍ട്ടി നേതാവ് അവിടെ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടറെ മര്‍ദ്ദിച്ചു. സംഭവം നടക്കുമ്പോള്‍ ഞാന്‍ ജില്ലാ പോലീസ് ഓഫീസില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. തങ്ങളിലൊരാളെ മര്‍ദ്ദിച്ചതിന്റെ പാലക്കാടുള്ള എല്ലാം ബസ് തൊഴിലാളികളും സമരത്തിലിറങ്ങി. വിവരം കിട്ടിയ പോലീസ് സൂപ്രണ്ട് എന്നോട് ഉടന്‍ തന്നെ ധോണിയില്‍ പോയി ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ പറഞ്ഞു. അതനുസരിച്ച് ഞാന്‍ പോലീസുകാരേയും കൂടി ധോണിയിലേക്ക് ചെന്നു. കണ്ടക്ടറെ മര്‍ദ്ദിച്ച നേതാവ് അവിടെ ഉണ്ടായിരുന്നു. ഞാന്‍ അയാളെ അറസ്റ്റ് ചെയ്യാനായി പിടിക്കാന്‍ തുടങ്ങിയ നിമിഷത്തില്‍ അയാള്‍ തന്റെ വീട്ടിലേക്ക് ഓടി. പിന്നാലെ ഞാനും ഓടി. പക്ഷെ സ്ത്രീകളും കുട്ടികളും ഉള്ള വീട്ടിലേക്ക് ഓടിക്കയറിയ പാര്‍ട്ടി നേതാവിനെ പിടിക്കാന്‍ ഞാന്‍ വീട്ടിനകത്തേക്ക് കയറിയില്ല. അയാളുടെ പേരില്‍ കേസെടുക്കുകയും കേസ് ചാര്‍ജ്ജാക്കുകയും ചെയ്തു. പിടികൂടാനായി ഞാന്‍ ഓടിച്ചതും അയാള്‍ക്ക് അകത്ത് കയറി ഒളിക്കേണ്ടി വന്നതും പാര്‍ട്ടി നേതാവിന് വളരെ ആക്ഷേപകരമായി തീര്‍ന്നു. ഈ വിഷമം തീര്‍ക്കാനായി എന്നെ സസ്‌പെന്റ് ചെയ്യണമെന്ന് ശഠിച്ചുകൊണ്ട് അയാള്‍ ഹോം മിനിസ്റ്ററെ ബന്ധപ്പെട്ടു. ഹോം മിനിസ്റ്റര്‍ ഡി.ജി.പിയെ വിളിച്ച് എന്നെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സസ്‌പെന്റ് ചെയ്യാന്‍ പറ്റില്ലായെന്നും എന്നെ ഡി.ജി.പി ക്ക് നേരിട്ട് അറിയാമെന്നും പറഞ്ഞുകൊണ്ട് ആഭ്യന്തരമന്ത്രിയുടെ ആവശ്യം തള്ളിക്കളയുകയായിരുന്നു.
ഇതിനിടയില്‍ എനിക്ക് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫറായി. ഒറ്റപ്പാലം കൂടുതല്‍ ജോലിത്തിരക്കുള്ള ഒരു സ്റ്റേഷനാണ്. ഞാന്‍ ഒറ്റപ്പാലം സ്റ്റേഷനില്‍ റിലീവ് ചെയ്തത് എന്റെ ബാച്ചില്‍ തന്നെയുണ്ടായിരുന്ന ആന്റണിയെ ആയിരുന്നു. ആന്റണിക്ക് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാന്‍ സാധിക്കാത്തതായിട്ടുള്ളതെന്ന് ഞാന്‍ ചോദിച്ചു. മറുപടി വളരെ ഇന്ററസ്റ്റിങ് ആയിരുന്നു. പോലീസ് സ്റ്റേഷനിലേക്കുള്ള പരാതികള്‍ എഴുതിക്കൊടുക്കുന്ന ഒരാള്‍ ഒറ്റപ്പാലം ബസ്സ്റ്റാന്റിന് അടുത്തുള്ള ഗ്രീന്‍ലാന്റ് ഹോട്ടലിനടുത്ത് ഇരിക്കുന്നുണ്ട്. എഴുതി കൊടുക്കുന്ന പരാതികള്‍ക്കെല്ലാം ഗ്രീന്‍ലാന്റ് ഹോട്ടലിന്റെ ഉടമസ്ഥനായ കുഞ്ഞാപ്പു എന്നയാള്‍ പരാതിക്കാരോടെല്ലാം കേസ് അന്വേഷിക്കുന്ന ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ക്കാണെന്ന് പറഞ്ഞുകൊണ്ട് പണം വാങ്ങാറുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. ആ പരിപാടി വൈകുന്നേരത്തിനുള്ളില്‍ അവസാനിപ്പിക്കും എന്ന് ആന്റണിക്ക് വാക്കുകൊടുത്തു. അന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഒറ്റപ്പാലം അങ്ങാടിയില്‍ ജോലിക്കാരും മറ്റെല്ലാവരും ബസ് കാത്തുനില്‍ക്കുന്ന സമയത്ത് ഞാന്‍ പോലീസ് ജീപ്പില്‍ അവിടെയെത്തി. ഗ്രീന്‍ലാന്റ് കുഞ്ഞാപ്പു ഇങ്ങ് ഇറങ്ങിവാ എന്ന് പറഞ്ഞതും കുഞ്ഞാപ്പു ഹോട്ടലില്‍ നിന്നും പിന്നിലൂടെ ഓടിക്കളഞ്ഞു. പിറ്റേ ദിവസം ഒറ്റപ്പാലം അങ്ങാടിയിലുള്ളവരെല്ലാം പറഞ്ഞ് പരത്തിയത് ഇങ്ങനെയാണ്; പുതിയ എസ്.ഐ ജോര്‍ജ്ജ് സാര്‍ കുഞ്ഞാപ്പുവിന് നല്ല പെട കൊടുത്തു. അയാള്‍ ഓടി രക്ഷപ്പെട്ടു. ഈ പ്രചരണം എന്റെ ജോലി കൂടുതല്‍ എളുപ്പമാക്കി.
ഒറ്റപ്പാലം എസ് ഐ ആയിരിക്കുമ്പോള്‍ എന്നെ വളരെയധികം ഞെട്ടിക്കുകയും വേദനിപ്പിക്കുകയും സങ്കടത്തിലാഴ്ത്തുകയും ചെയ്ത ഒരു സംഭവമു ണ്ടായി. ഒരു വെടിക്കെട്ട് ശാലയ്ക്ക് തീ പിടിച്ചതായിരുന്നു. ഒരു ദിവസം രാവിലെ പോലീസ് സ്റ്റേഷന്റെ ഒന്നാം നിലയിലുളള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ ചെന്ന് അദ്ദേഹവുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിഭയാനകമായ ഒരു സ്‌ഫോടന ശബ്ദം കേട്ടു. ശബ്ദം കേട്ട സ്ഥലത്ത് ഉടന്‍ തന്നെ പോയിനോക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടു. ജീപ്പ് നിറയെ പോലീസുകാരുമായി അവിടെക്ക് പുറപ്പെട്ടു. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറു മാറിയുള്ള സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന പടക്കശാലയുടെ കിഴക്കുഭാഗത്തായി ഏകദേശം നൂറുമീറ്റര്‍ മാറി ഒരാളുടെ കൈയുടേയും തുടയുടേയും മാംസം ഉള്‍പ്പെടെയുള്ള ശരീരഭാഗം ചിതറി തെറിച്ചു കിടക്കുന്നു. അവിടെ രണ്ടു പോലീസുകാരെ ഇറക്കി നിര്‍ത്തി. നേരെ പടക്കശാലയിലേക്ക് ചെന്നപ്പോള്‍ അവിടെ അരകല്ലുകൊണ്ട് വെടിമരുന്ന് അരച്ചിരുന്ന ഒരു സ്ത്രീയുടെ മൃതദേഹം അതേ നിലയില്‍ വെന്തുനില്‍ക്കുന്നു.
ഈ സ്ത്രീയും ശരീരഭാഗങ്ങള്‍ സ്‌ഫോടനത്തില്‍ ചിന്നിച്ചിതറി തെറിച്ചുപോയ പുരുഷനും മാത്രമേ അന്ന് രാവിലെ പടക്കശാലയില്‍ ജോലിക്ക് എത്തിയിരുന്നുള്ളൂ എന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായി. മരണപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ശവശരീരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ഒറ്റപ്പാലം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു. തുടര്‍ന്ന് മദ്രാസിലുള്ള എക്‌സപ്ലോസീവ് കണ്‍ട്രോളര്‍ക്ക് സന്ദേശം അയച്ചു. അദ്ദേഹം സ്ഥലത്ത് വന്ന് പരിശോധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് എടുത്തിരുന്ന വേലായുധന്‍ എന്നയാളുടെ പേരില്‍ എക്‌സ്‌പ്ലോസീവ് നിയമത്തിലെ പ്രസക്ത വകുപ്പുകളും ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ വകുപ്പുകളും ചേര്‍ത്ത് കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ചു. അനേകം വര്‍ഷങ്ങള്‍ കടന്ന് പോയെങ്കിലും ഇന്നും പടക്കശാലയിലെ അമ്മിക്കല്ലിനെടുത്ത് വെന്തുമരിച്ച ആ സഹോദരിയുടെ pugilistic attitude (അല്ലെങ്കില്‍ boxer like attitude) ഇന്നും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. അതുപോലെ തന്നെ ശരീരത്തില്‍ നിന്നും വേര്‍പെട്ട് തെറിച്ച് ദൂരെ കിടന്നിരുന്ന ആ കൈയും കാലും.
ഒറ്റപ്പാലം സ്റ്റേഷന്‍ അതിര്‍ത്തിയില്‍ എല്ലാവര്‍ഷവും നടന്നിരുന്ന ഉത്സവമാണ് ചിനക്കത്തൂര്‍ പൂരം. അനേകം ആനകളും ധാരാളം ആളുകളും തടിച്ചുകൂടുന്ന ഒരു ഉത്സവം. ഉത്സവകാലത്ത് മുച്ചീട്ടുകളിയും മറ്റും നടത്തിരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ യൂണിഫോം ധരിക്കാത്ത പോലീസുകാരുടെ ഒരു സംഘമുണ്ടാക്കി പൂരപ്പറമ്പില്‍ ചുറ്റി സഞ്ചരിക്കാന്‍ വിട്ടു. മുച്ചീട്ടുകളിക്കാരെയും പിടിച്ചുപറിക്കാരെയും പിടികൂടാനായിരുന്നു ഇങ്ങനെ ചെയ്തത്. സ്ത്രീകളുടെ മാല പറിച്ച് ഓടുന്ന വിരുതന്മാരെ പിടികൂടാനും നിര്‍ദ്ദേശം കൊടുത്തു. മുന്‍കാലങ്ങളില്‍ ഇത്തരം കേസുകളില്‍ ശിക്ഷ ലഭിച്ചവരേയും ഒപ്പം കൂട്ടിയാണ് പോലീസുകാരെ സിവില്‍വേഷത്തില്‍ വിട്ടത്. ഈ ഓപ്പറേഷന്‍ വളരെ വിജയകരമായിരുന്നു. കള്ളന്മാരെ കളളന്മാരുടെ സഹായത്തോടു കൂടി കണ്ടുപിടിക്കാന്‍ നടത്തിയ ശ്രമം വളരെ വിജയകരമായി തീര്‍ന്നു. ആ വര്‍ഷം ഒരു മാല പൊട്ടിക്കല്‍ കേസുപോലും ഉണ്ടായില്ല. അവര്‍ പൂരപ്പറമ്പില്‍ എത്തുന്ന നിമിഷം തന്നെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തതു കൊണ്ടാണ് ഇത് സാധ്യമായത്. ചിനക്കത്തൂര്‍ പൂരമെല്ലാം കഴിഞ്ഞുസമാധാനമായല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് പിറ്റേദിവസം തന്നെ തന്റെ സഹോദരിയുടെ അമ്മായിഅമ്മയെ കഴുത്തു മുറിച്ച് കൊലപ്പെടുത്തിയ ഒരാള്‍ രക്തം ഒലിക്കുന്ന കത്തിയുമായി സ്റ്റേഷനിലേക്ക് കയറി വന്നത്.
(തുടരും)
Content Highlights: george arakkal service story open file kerala police service and murders
Published: 20 Nov 2024, 12:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented