റിട്ട. പോലീസ് സൂപ്രണ്ട് ജോര്‍ജ് അറയ്ക്കല്‍ എഴുതുന്ന പംക്തി ഓപ്പണ്‍ ഫയല്‍. 

To advertise here,

1983- കാലത്ത് പാലക്കാട് ടൗണിന്റെ പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന കൊടുന്തരപ്പിള്ളി എന്ന സ്ഥലത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്ത ഒരു കൊലക്കേസുണ്ട്. മുഖത്തും തലയ്ക്കും കഴുത്തിനും തുരുതുരാ വെട്ടേറ്റ് രുഗ്മിണി എന്ന മദ്ധ്യവയസ്‌ക സ്വന്തം വീടിനുള്ളില്‍ കൊല്ലപ്പെട്ടു. ഭര്‍ത്താവ് നേരത്തേ മരണപ്പെട്ടതിനാല്‍ അവരുടെ ഏക മകള്‍ പാഞ്ചാലിയും രുഗ്മിണിയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതകം നടന്ന ദിവസം പാഞ്ചാലി അവരുടെ ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു.

കൊലപാതകം നടന്നത് ഏകദേശം ഉച്ചസമയത്തായിരുന്നു. കൊല നടന്ന വിവരമറിയാതെ അടുത്ത വീട്ടുകാരില്‍ ഒരാള്‍ രുഗ്മിണിയെ അന്വേഷിച്ച് വീട്ടില്‍ ചെന്നപ്പോഴാണ് വെട്ടേറ്റു മരിച്ചുകിടക്കുന്നത് കണ്ടതും കൊലപാതകം നടന്ന വിവരം പുറംലോകം അറിയുന്നതും. കൊലപാതകം നടന്ന വിവരം സ്ഥലത്തെ കൗണ്‍സിലര്‍ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്ത് അറിയിക്കുകയും ഉടന്‍ തന്നെ ഒരു പോലീസ് ടീമിനെ സ്ഥലത്തേക്ക് അയക്കുകയും ചെയ്തു.

തുടര്‍ന്ന് മേലുദ്യോഗസ്ഥന്മാരെയെല്ലാം ഫോണ്‍ മുഖേന ഞാന്‍ ബന്ധപ്പെട്ട് കൊലപാതകവിവരം അറിയിച്ചു. ഫിംഗര്‍ പ്രിന്റ് എക്‌സ്‌പെര്‍ട്ടിനേയും, ഡിപ്പാര്‍ട്ട്‌മെന്റ് ഫോട്ടോഗ്രാഫറേയും സംഭവസ്ഥലത്തേക്ക് എത്തിക്കുന്നതിനായി ഏര്‍പ്പാട് ചെയ്തു. പോലീസ്‌നായയെ സംഭവസ്ഥലത്തേക്ക് കൊണ്ടുവരുന്നതിന് ഡോഗ് സ്‌ക്വോഡില്‍ വിളിച്ച് ഏര്‍പ്പാട് ചെയ്യുകയും ചെയ്ത ശേഷം ഞാന്‍ കൊലപാതകം നടന്ന വീട്ടിലേക്ക് പോയി. പാലക്കാട് ടൗണില്‍ നിന്നും സുമാര്‍ 15 മിനിറ്റ് കൊണ്ട് എത്താനാവുന്ന ഒരു ഉള്‍നാടന്‍ ഗ്രാമമാണ് കൊടുന്തരപ്പിള്ളി എന്ന സ്ഥലം. ജീപ്പ് റോഡില്‍ നിര്‍ത്തിയിട്ട് ഞാനും കൂടെയുള്ള ഉദ്യോഗസ്ഥനും കൊലപാതകം നടന്ന വീട്ടിലേക്ക്, ഒരു തോടിന്റെ അരികിലൂടെ തെക്ക് ഭാഗത്തേക്ക് നടന്നു. പടിഞ്ഞാറ് ഭാഗത്ത് വയലും കിഴക്ക് ഭാഗത്ത് അവിടത്തുകാര്‍ താമസിക്കുന്ന ചെറിയ വീടുകളും കാണാമായിരുന്നു. അഞ്ചെട്ട് മിനിറ്റുകള്‍ നടന്നപ്പോള്‍ തന്നെ കൊലപാതകം നടന്ന വീടിന് അടുത്തെത്തി.

മുന്‍വശം വരാന്ത അടച്ചുകെട്ടി കട്ടിള വെച്ചിട്ടുള്ള വീടിന്റെ അകത്തേക്ക് കടക്കുമ്പോള്‍ തന്നെ മുഖത്തും തലക്കും തുരുതുരാ വെട്ടേറ്റ് പല്ലുകള്‍ വരെ തകര്‍ന്ന് ചിതറികിടക്കുന്ന രംഗം ആരെയും പേടിപ്പെടുത്തുന്നതും മാനസികമായി തളര്‍ത്തുന്നതും ദുഃഖവും മനോവേദനയും ജനിപ്പിക്കുന്നതുമായിരുന്നു. പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണല്ലോ. ഇത്തരം വിചാരവികാരങ്ങള്‍ ഒന്നും തന്നെ കീഴടക്കാന്‍ പാടില്ല എന്നുചിന്തിച്ച് കൊണ്ട് ഗൗരവം നടിച്ച് പോലീസ്‌നായയെ കൊണ്ടുവന്ന ഡോഗ് ഹാന്റ്‌ലര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. അയാള്‍ നായയെ മൃതദേഹം മണപ്പിച്ച് കൊലയാളി വന്ന വഴികള്‍ ട്രാക്ക് ചെയ്യാന്‍ തുടങ്ങി. 

 ഫിംഗര്‍ പ്രിന്റ് എക്‌സ്‌പേര്‍ട്ട് സ്ഥലത്ത് എത്തി വീടിനകത്തെ അലമാരകളിലും മറ്റും കൊലയാളിയുടെ വിരലടയാളം ഉണ്ടോ എന്ന് പരിശോധിച്ചെങ്കിലും അവിടെ നിന്നൊന്നും വിരലടയാളങ്ങള്‍ ലഭിച്ചില്ല. മരണപ്പെട്ട രുഗ്മിണിയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തുടങ്ങിയപ്പോഴാണ് രുഗ്മിണിയുടെ വലത് കൈപ്പിടിയില്‍ ഒരു പറ്റം മുടിയിഴകള്‍ മുറുക്കി പിടിച്ചിരിക്കുന്നതായി എന്റെ ശ്രദ്ധയില്‍ പെട്ടത്. ആ മുടിയിഴകള്‍ എല്ലാം വളരെ ശ്രദ്ധാപൂര്‍വ്വം രുഗ്മിണിയുടെ കൈപ്പിടിയില്‍ നിന്നും എടുത്ത് എണ്ണി ശേഖരിക്കുകയും ആ വിവരം വിശദമായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ രുഗ്മിണി ധരിച്ചിരുന്ന ആഭരണങ്ങള്‍ എന്തൊക്കെയാണെന്നും എന്തെങ്കിലും നഷ്ടപ്പെട്ടിടുണ്ടോ എന്നും മറ്റും അന്വേഷിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അമ്മ കൊല്ലപ്പെട്ട സങ്കടം സഹിക്കവയ്യാതെ മകള്‍ പാഞ്ചാലി പൊട്ടിക്കരയുകയായിരുന്നു.

ഇതിനിടയില്‍ പോലീസ് ഡോഗ് ട്രാക്ക് ചെയ്ത റൂട്ട് പരിശോധിച്ചതില്‍ മരണപ്പെട്ട രുഗ്മിണിയുടെ വീടിന്റെ കിഴക്കുഭാഗം അതിര്‍ത്തിയിലെ വേലി ഒരാള്‍ക്ക് കടന്നുപോകാന്‍ പാകത്തിന് വിടവ് ഉണ്ടാക്കിയതായും വേലിയുടെ പത്തല്‍ മരങ്ങള്‍ ചെരിഞ്ഞു കിടക്കുന്നതായും കാണപ്പെട്ടു. ഈ കാര്യം സംഭവസ്ഥല മഹസ്സറില്‍ രേഖപ്പെടുത്തുന്നതിന് ഞാന്‍ കീഴ് ഉദ്യോഗസ്ഥന് ഉടന്‍ തന്നെ നിര്‍ദ്ദേശം നല്‍കി. ഈ ഒരു സൂചന മാത്രമേ പോലീസ് ഡോഗിന്റെ ട്രാക്കിംഗില്‍ ലഭിച്ചിരുന്നുള്ളൂ.

 പിന്നീട് പാഞ്ചാലിയുടെ സഹായത്തോടുകൂടി വീടിനകത്തെ മരത്തിന്റെ പെട്ടികളും ചുമര്‍ അലമാരകളും എല്ലാം പരിശോധിച്ചതില്‍ നിന്നും പത്തുപവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയിട്ടുണ്ടെന്ന് വ്യക്തമായി. മോഷണം നടത്തുന്നതിന് വേണ്ടിയാണ് രുഗ്മിണിയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായതോടെ അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാദ്ധ്യതയുള്ള Modus Operandi Criminasl-ന്റെ പാലക്കാട് ജില്ലയിലെ ലിസ്റ്റ് ലഭിക്കുന്നതിനായി District Crime Record Bureau യിലേക്ക് സന്ദേശം അയക്കുകയും ലിസ്റ്റ് ലഭിച്ചപ്പോള്‍ അവര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കാന്‍ സാദ്ധ്യത ഉണ്ടോ എന്നുള്ള അന്വേഷണം സമാന്തരമായി നടത്താന്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു.

പക്ഷേ കൊടുന്തരപ്പിള്ളിയിലെ വിശ്വസ്തരായ നാട്ടുകാരോട് അന്വേഷണം നടത്തിയതില്‍ കൊടുന്തരപ്പിള്ളി പ്രദേശത്ത് ഇത്തരം ഹീനമായ യാതൊരു വിധത്തിലുള്ള കുറ്റകൃത്യങ്ങളും നടന്നിട്ടില്ലായെന്നും ഈ പ്രദേശം സമാധാനം നിറഞ്ഞുനിന്നിരുന്ന സ്ഥലമാണെന്നും മറ്റും പറഞ്ഞപ്പോള്‍ എനിക്കും അതു ബോധ്യമായി. കാരണം 13.07.1981 മുതല്‍ പാലക്കാട് നോര്‍ത്ത് സ്റ്റേഷനില്‍ സബ്ബ് ഇന്‍സ്‌പെക്ടറായി ചാര്‍ജെടുക്കുകയും തുടര്‍ന്ന് 08.04.1983 തീയതി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി പ്രമോട്ട് ചെയ്ത് ടൗണ്‍ സര്‍ക്കിളില്‍ തന്നെ പോസ്റ്റിംഗ് കിട്ടിയശേഷവും ഈ കൊലപാതകക്കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതുവരെ കൊടുന്തരപ്പിള്ളിയില്‍ ഹീനമായ കുറ്റകൃത്യങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ലല്ലോ എന്ന ചിന്ത എന്റെ മനസ്സിലും ഉദിച്ചു.

അതുകൊണ്ടുതന്നെ പോലീസ് ഡോഗ് ട്രാക്ക് ചെയ്തതും കൊല്ലപ്പെട്ട രുഗ്മിണിയുടെ വീട്ടുവളപ്പിന്റെ കിഴക്ക് ഭാഗം വേലിയില്‍ കാണപ്പെട്ട വിടവ് വഴി അപ്പുറത്തെ വീട്ടിലേക്ക് പോകാനാവും എന്ന ചിന്ത മനസ്സില്‍ സൂക്ഷിച്ചുകൊണ്ടുള്ള ഒരന്വേഷണം നടത്തണമെന്ന് ആദ്യ ദിവസം തന്നെ ഞാന്‍ എന്റെ മനസ്സില്‍ കുറിച്ചിട്ടു.

ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം രുഗ്മിണിയുടെ ശവശരീരം കീറി പരിശോധനക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോലീസ് അകമ്പടിയോടെ അയക്കുകയും അതിനുശേഷം ശവശരീരം മറവ് ചെയ്യുന്നതിന് ബന്ധുകള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടം നടത്തിയ മെഡിക്കല്‍ ഓഫീസറെ കണ്ട് മൊഴി രേഖപ്പെടുത്തിയതില്‍ മൂര്‍ച്ചയുള്ള വലിയ കത്തികൊണ്ട് വെട്ടിയാല്‍ പറ്റുന്ന മുറിവുകളാണ് രുഗ്മിണിയുടെ മുഖത്തും കഴുത്തിലും തലയിലും ഏറ്റിരിക്കുന്നതെന്നും മുറിവുകള്‍ വളരെ ആഴത്തിലുള്ളവയാണെന്നും മുറിവുകളേറ്റ ഉടന്‍ തന്നെ മരണം സംഭവിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ മൊഴി നല്‍കുകയുണ്ടായി.

 സംഭവം നടന്നതിന്റെ പിറ്റേ ദിവസവും ഞാന്‍ കൊല്ലപ്പെട്ട രുഗ്മിണിയുടെ വീട്ടില്‍ പോകുകയും രുഗ്മിണിയുടെ മകള്‍ പാഞ്ചാലിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുകയും ചെയ്തു. സ്വന്തം അമ്മ കൊല്ലപ്പെട്ടതിന്റെ സങ്കടം ഒതുക്കിപ്പിടിച്ചുകൊണ്ട് പാഞ്ചാലി പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഞാന്‍ ശ്രദ്ധാപൂര്‍വ്വം എഴുതിയെടുത്തു. എന്നിരുന്നാലും ഇടക്കിടയ്ക്ക് വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ടാണ് പാഞ്ചാലി എന്നോട് സംസാരിച്ചിരുന്നത്. പാഞ്ചാലിയില്‍ നിന്നും ലഭിച്ച പ്രധാനപ്പെട്ട വിവരങ്ങള്‍ ഇപ്രകാരമായിരുന്നു. അവരുടെ വീടിന്റെ തൊട്ട് കിഴക്ക് ഭാഗത്ത് താമസിക്കുന്ന കാര്‍ത്ത്യായനി എന്ന സ്ത്രീ രുഗ്മിണിയോട് പണം കടം ചോദിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായെന്നും അമ്മയുടെ കയ്യില്‍ പണം ഇല്ലാത്തതിനാല്‍ കൊടുക്കാന്‍ സാധിച്ചിരുന്നുമില്ല. കാര്‍ത്ത്യായനിയുടെ മകളെ വിവാഹം ചെയ്തു കൊടുത്തിട്ട് അവര്‍ ആവശ്യപ്പെട്ട സ്ത്രീധനം കൊടുക്കാത്തതിനാല്‍ അവളെ വീട്ടില്‍ തിരിച്ചുകൊണ്ടുവിട്ടിരിക്കുകയാണെന്നും സ്ത്രീധനം ഉടന്‍ തന്നെ കൊടുത്തില്ലെങ്കില്‍ വിവാഹമോചനം നടത്തുമെന്ന് പറഞ്ഞ് അവര്‍ ഭീഷണി മുഴക്കിയിരിക്കുകയാണെന്നും പാഞ്ചാലിയില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. പണയം വെയ്ക്കാന്‍ അമ്മയുടെ സ്വര്‍ണ്ണാഭരണങ്ങളെങ്കിലും കൊടുക്കണമെന്നും കാര്‍ത്ത്യായനി ആവശ്യപ്പെട്ടതായും പാഞ്ചാലി വെളിപ്പെടുത്തി.

    കൂടാതെ പോലീസ് ഡോഗ് ട്രാക്ക് ചെയ്ത വേലിയുടെ വിടവ് കാണിച്ചുകൊടുത്ത് ചോദ്യം ചെയ്തപ്പോള്‍ പാഞ്ചാലി ഞെട്ടിത്തരിച്ചുപോയി. വേലിയുടെ അപ്പുറത്ത് കാണുന്ന വീടാണ് കാര്‍ത്ത്യായനിയുടേത്. 'സാറെ... എനിക്ക് പേടിയാവുന്നു.. കാര്‍ത്ത്യായിനി ഏട്ടത്തിയെങ്ങാനും പണത്തിന് വേണ്ടി അമ്മയെ ആക്രമിച്ച് കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടുപോയതായിരിക്കുമോ? എന്റെ സാറെ എനിക്ക് പേടിയാകുന്നു, ഞാന്‍ ഈ വീട്ടില്‍ ഇനിയെങ്ങിനെ തുടര്‍ന്ന് ജീവിക്കും...' എന്നിങ്ങനെയൊക്കെ പറഞ്ഞുകൊണ്ട് പാഞ്ചാലി വാവിട്ട് കരഞ്ഞു. ഞാന്‍ പാഞ്ചാലിയുടെ അടുത്ത ബന്ധുക്കളെ വിളിച്ചുവരുത്തി തല്‍ക്കാലം അവരുടെ കൂടെ താമസിപ്പിക്കുവാനും കൊലപാതകം നടന്ന വീട് പൂട്ടിയിടുവാനും നിര്‍ദ്ദേശം കൊടുത്തു. അവര്‍ അപ്രകാരം ചെയ്യാമെന്ന് ഏറ്റ്  പാഞ്ചാലിയേയും കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു.

കാര്‍ത്ത്യായനിക്ക് രുഗ്മിണിയുടെ കൊലപാതകവുമായി ബന്ധമുണ്ടാവാന്‍ സാധ്യത ഉണ്ടെന്നുള്ള സൂചന ലഭിച്ചതോടുകൂടി കാര്‍ത്ത്യായനിയുടെ ചെയ്തികളും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാനും വിവരങ്ങള്‍ ശേഖരിക്കുവാനുമായി ക്രൈം സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും അവര്‍ സിവില്‍ വേഷത്തില്‍ കൊടുന്തരപ്പിള്ളിയിലും പരിസരങ്ങളിലും കാര്‍ത്ത്യായനിയുടെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും മറ്റും കറങ്ങിനടന്ന് വിവര ശേഖരണം നടത്തി. അതില്‍നിന്നും വളരെ പ്രധാനപ്പെട്ട ചില വിവരങ്ങള്‍ ലഭിച്ചു.  

അതില്‍ പ്രധാനപ്പെട്ട വിവരം ഇതായിരുന്നു- സ്ത്രീധനം കൊടുക്കാതിരുന്നതിന് മകളെ വീട്ടിലേക്ക് തിരിച്ചുകൊണ്ടാക്കിയിരുന്ന ഭര്‍തൃവീട്ടുകാര്‍ക്ക്  ആവശ്യമായ പണം കാര്‍ത്യായനി കൊടുക്കുകയും മകളുടെ പ്രശ്‌നം രമ്യമായി അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രുഗ്മിണി കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം വരെയും രുഗ്മിണിയോട് പണമോ, പണയം വെയ്ക്കാന്‍ സ്വര്‍ണ്ണാഭരണങ്ങളോ ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്‍ത്ത്യായനി രുഗ്മിണിയുടെ കൊലപാതകത്തിന്റെ പിറ്റേ ദിവസം തന്നെ മകളുടെ ഭര്‍ത്തൃവീട്ടുകാര്‍ക്ക് കൊടുക്കാനുള്ള പണം കൊടുത്ത് പ്രശ്‌നം തീര്‍ത്തു എന്നുപറയുന്ന കാര്യവും വേലിയില്‍ കാണപ്പെട്ട വിടവിന്റെ കാര്യവും മറ്റും ഒന്നായി ചേര്‍ത്തുവായിക്കുമ്പോള്‍ ഈ കേസുമായി കാര്‍ത്ത്യായനിക്ക് ബന്ധം ഉണ്ടാവാനുള്ള സാധ്യതയെക്കുറിച്ചുള്ള സംശയം ബലപ്പെടുത്തുന്ന ഒന്നാണ്. Profesional Criminals ഈ കേസുമായി ബന്ധപ്പെടാന്‍ യാതൊരു സാധ്യതയും ഇല്ലെന്നതും വളരെ വ്യക്തമായ നിലയ്ക്ക് കാര്‍ത്ത്യായനിയെ ഈ കേസിലേക്ക് ചോദ്യം ചെയ്യേണ്ടതായിട്ടുണ്ട് എന്ന നിഗമനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു.

 ഇതിനിടയില്‍ തലമുടിയുടെ പരിശോധനാ രീതികളെക്കുറിച്ച്  ഞാന്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ എക്‌സ്‌പേര്‍ട്ടുമായി സംസാരിച്ചതില്‍ നിന്നും രണ്ടു വ്യക്തികളുടെ മുടിയിഴകള്‍ പരിശോധനയ്ക്കായി അയച്ചുകൊടുത്താല്‍ അവ ഡിസ്സിമിലര്‍ ആണെന്ന റിപ്പോര്‍ട്ട് ലഭിക്കുമെന്നും ഒരാളുടെ തന്നെ മുടിയിഴകളാണെന്ന് പരിശോനയ്ക്ക് അയ്ക്കുന്നതെങ്കില്‍ അവ സിമിലര്‍ ആണെന്ന റിപ്പോര്‍ട്ട് ലഭിക്കുമെന്നും എക്‌സ്പര്‍ട്ട് വിവരം നല്‍കി. 

രുഗ്മിണിയുടെ കൊലപാതകത്തിന്റെ കാര്യത്തില്‍ കാര്‍ത്ത്യായനിയുടെ മേല്‍ സംശയത്തിന്റെ നിഴല്‍ പതിക്കുന്നതായി എനിക്ക് ബോധ്യമായതിനാല്‍ സംശയിക്കപ്പെടുന്നയാള്‍ എന്ന നിലയില്‍ കാര്‍ത്ത്യായനിയുടെ മുടിയും കൊല്ലപ്പെട്ട രുഗ്മിണിയുടെ കൈപ്പിടിയില്‍ നിന്ന് ലഭിച്ച മുടിയിഴകളും രുഗ്മിണിയുടെ മകള്‍ പാഞ്ചാലിയുടെ മുടിയിഴകളും ബഹുമാനപ്പെട്ട കോടതി മുഖേന പരിശോധനയ്ക്കായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി യിലേക്ക്  ഫോര്‍വാഡിങ് നോട്ടുകൂടി തയ്യാറാക്കി അയച്ചു കൊടുത്തു. 

വളരെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കേസാണെന്നും അധികം താമസിയാതെ തന്നെ പരിശോധനാ റിപ്പോര്‍ട്ട് അയച്ചു തരണമെന്നും ഫോറന്‍സിക് സയന്‍സ് ലബോറട്ടറി  ഡയറക്ടറോട് ഞാന്‍ റിക്വസ്റ്റ് ചെയ്തിരുന്നത് കൊണ്ട് അദ്ദേഹം ഈ മുടിയിഴകളുടെ പരിശോധനയ്ക്ക് മുന്‍ഗണന കൊടുത്തു കൊണ്ട് ഈ മുടിയിഴകളുടെ പരിശോധന നടത്തി. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പരിശോധനാഫലത്തിന്റെ ഒറിജിനല്‍ കോടതിയിലേയ്ക്കും കോപ്പികള്‍ അന്വേഷണ ഉദ്യോഗസ്ഥനായ എനിക്കും അയച്ചുതന്നു.

    മുടിയിഴകളുടെ പരിശോധനാഫലം എന്റെ നിഗമനത്തെ ശരിവെക്കുന്നതായിരുന്നു. ആ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗം ഇങ്ങനെയായിരുന്നു. 'The Comparison of the hairs recovered from the hand of deceased Rugmini with that of the hairs of suspect Karthitayani are similar.'

    കൊല്ലപ്പെട്ട രുഗ്മിണിയുടെ കയ്യില്‍ പിടിച്ചിരുന്ന മുടിയിഴകളും കാര്‍ത്ത്യായിനിയുടെ മുടിയിഴകളും ഒരാളുടേത് മാത്രമാണെന്നാണ് എക്‌സ്‌പേര്‍ട്ട് റിപ്പോര്‍ട്ട് വ്യക്തമാകുന്നത്. 

എക്‌സ്‌പേര്‍ട്ട് ഒപ്പീനിയന്‍ കിട്ടിയ മാത്രയില്‍ കാര്‍ത്ത്യായനിയുടെ പേര് കേസിന്റെ പ്രതിസ്ഥാനത്ത് ചേര്‍ക്കുന്നതിന് കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുകയും വനിതാ പോലീസിന്റെ സഹായത്തോടു കൂടി കാര്‍ത്ത്യായനിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. സത്യം കണ്ടുപിടിച്ചു കഴിഞ്ഞുവെന്നതും തന്നെ ജയിലില്‍ അടയ്ക്കുമല്ലോ എന്ന ഭീതിയും കാര്‍ത്ത്യായനിയെ തളര്‍ത്തിക്കളഞ്ഞു. വനിതാ പോലീസുകാരും ഞാനും ഒരുമിച്ചിരുന്ന് എന്റെ ഓഫീസ് മുറിയില്‍ വെച്ച് കാര്‍ത്ത്യായനിയെ ചോദ്യം ചെയ്തുകൊണ്ടിരുന്ന അവസരത്തില്‍ അവര്‍ ബോധരഹിതയായി. ഉടന്‍ തന്നെ ചോദ്യം ചെയ്യല്‍ ഇടയ്ക്ക് നിര്‍ത്തിവെച്ച് അവരെ വിശ്രമിക്കാന്‍ അനുവദിച്ചു. 

ഇതിനിടയില്‍ മേലുദ്യോഗസ്ഥന്മാരുടെ നിര്‍ദ്ദേശപ്രകാരം ക്രൈം ഡിറ്റാച്ചമെന്റിലെ ഇന്‍സ്‌പെക്ടര്‍ കൂടി എന്നോടൊപ്പം കേസന്വേഷണത്തില്‍ പങ്കു ചേര്‍ന്നിരുന്നു. കാര്‍ത്ത്യായനിയെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് വിധേയമാക്കി.     ഒടുവില്‍ കാര്‍ത്ത്യായനി കുറ്റം ഏറ്റുപറഞ്ഞു. മോഷണമുതലായ പത്തുപവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ പാലക്കാട് ടൗണിലുള്ള ബാങ്കില്‍ പണയം വെച്ചിട്ടുണ്ടെന്നും പണയത്തുക മകള്‍ക്ക് സ്ത്രീധനമായി കൊടുക്കുവാനുണ്ടായിരുന്ന തുകയായി മകളുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് കൊടുത്തതായും മൊഴി നല്‍കി. 

തുടര്‍ന്ന് കാര്‍ത്ത്യായനിയേയും കൂട്ടി ബാങ്കില്‍ പോയി. അവിടെ പണയം വെച്ചിരുന്ന പത്ത് പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ Seizure മഹസ്സര്‍ തയ്യാറാക്കി ബന്തവസ്സിലെടുത്ത് കോടതിയില്‍ ഹാജരാക്കി. കാര്‍ത്ത്യായനിയെ റിമാന്റ് റിപ്പോര്‍ട്ട് സഹിതം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതി അവരെ റിമാന്റ് ചെയ്തു.

    അധികം താമസിയാതെ തന്നെ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കുകയും പ്രതി കാര്‍ത്ത്യായനിയുടെ പേരില്‍ IPC 449,302,392 എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. സെഷന്‍സ് കേസ് നമ്പര്‍. 58/1987 നമ്പറായി വിചാരണക്ക് വന്ന ഈ കേസിന്റെ വിധി 1988 ജൂണ്‍ മാസം 6-ാം തീയതി പാലക്കാട് സെഷന്‍സ് കോടതി പ്രഖ്യാപിച്ചു. കേസിന്റെ സാക്ഷി വിചാരണകള്‍ എല്ലാം പൂര്‍ത്തിയായശേഷം പ്രതി കാര്‍ത്ത്യായനിക്ക് ബഹുമാനപ്പെട്ട കോടതി ജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്. 

(തുടരും)