
1988 മാര്‍ച്ച് മാസം. പാലക്കാട് ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ ഓഫീസിലാണ് എനിക്ക് ഡ്യൂട്ടി. അക്കാലത്ത് പോലീസ് ഡിപ്പാര്‍ട്‌മെന്റ് സ്‌പോര്‍ട്‌സ് ഈവന്റുകള്‍ക്ക് അമ്പയറായി നില്‍ക്കുകയും ഗൈഡന്‍സ് നല്‍കുകയുമൊക്കെ ചെയ്തിരുന്ന ഒരു കായികാധ്യാപകനുണ്ടായിരുന്നു. അദ്ദേഹത്തിന് ഞങ്ങളുടെ സ്‌റ്റേഷനില്‍ നല്ല സ്വാതന്ത്ര്യമായിരുന്നു. ഇടയ്ക്ക് വന്ന് വിശേഷങ്ങള്‍ പറഞ്ഞ് ഞങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാറുണ്ടായിരുന്നു അദ്ദേഹം. ഒരു ദിവസം അദ്ദേഹം എന്നെ കാണാനായി വന്നു. മുമ്പിലെ കസേര നീട്ടിക്കൊണ്ട് ഞാനദ്ദേഹത്തോട് ഇരിക്കാന്‍ പറഞ്ഞു. സുഖമായിരിക്കുന്നല്ലോ എന്നു ചോദിച്ച് ഞാന്‍ വിശേഷവര്‍ത്തമാനങ്ങള്‍ തുടങ്ങിവെച്ചു. ഉടന്‍ അദ്ദേഹം പറഞ്ഞു: സര്‍, കെ.ആര്‍ ബിസ്‌കറ്റ് കമ്പനിയുടമയുടെ മരുമകള്‍ ജയലക്ഷ്മി തൂങ്ങി മരിച്ചു. പാലക്കാട് ടൗണില്‍ ഭര്‍ത്താവിന്റെ വീട്ടിലാണ് തൂങ്ങിയത്. വേഗം വന്ന് തുടര്‍നടപടികള്‍ എടുത്താല്‍ നന്നായിരുന്നു.
വിവാഹം കഴിഞ്ഞിട്ട് എത്ര നാളായി?
ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.
ഒന്നുരണ്ടുമാസമായിട്ടേയുള്ളൂ.
അദ്ദേഹം പറഞ്ഞു.
ഞാന്‍ അപ്പോള്‍ തന്നെ സബ് ഇന്‍സ്‌പെക്ടര്‍ സേവ്യറെ വിളിച്ചു: സേവ്യര്‍, കെ.ആര്‍ ബിസ്‌കറ്റ് ബേക്കറി മുതലാളിയുടെ മരുമകള്‍ ആത്മഹത്യ ചെയ്തതായി ഇദ്ദേഹം പറയുന്നു. ഒന്നുരണ്ടുമാസമേ ആയിട്ടുള്ളൂ വിവാഹം കഴിഞ്ഞിട്ട്. അതുകൊണ്ട് മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കളുടെ ആരുടെയെങ്കിലും മൊഴി എടുത്ത് തുടര്‍ നടപടികള്‍ വേഗത്തിലാക്കണം. എക്‌സിക്യുട്ടീവ് മജസ്‌ട്രേറ്റിനെ കൊണ്ട് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിക്കണം. ബോഡി പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കണം. ഞാനും സംഭവം നടന്ന സ്ഥലത്ത് വന്ന് നോക്കാം.'
കായികാധ്യാപകന്‍ ഉടന്‍ തന്നെ പുറത്തേക്കിറങ്ങിപ്പോയി.
''ഒരു മര്യാദയും ഇല്ലാത്ത പോലീസ്. ഇവര്‍ക്ക് വേണ്ടിയാണല്ലോ സ്‌പോര്‍ട്‌സ് ദിനങ്ങളില്‍ ഞാന്‍ വെയില്‍ കൊണ്ട് ഉണങ്ങിയത്'' എന്നും മറ്റും പിറുപിറുത്ത് കൊണ്ടാണയാള്‍ പോയതെന്ന് പാറാവു ഡ്യൂട്ടിയില്‍ നിന്ന പോലീസുകാരന്‍ വന്ന് പറഞ്ഞു.
അത്തരം കമന്റുകള്‍ ഗൗനിക്കാന്‍ പോയാല്‍ അതിനേ നേരമുണ്ടാവൂ ഈ ജോലിയില്‍. എന്റെ നിര്‍ദ്ദേശാനുസരണം സബ്ബ് ഇന്‍സ്‌പെക്ടര്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കിയതനുസരിച്ച് അദ്ദേഹം മരണം സംഭവിച്ച വീട്ടില്‍ എത്തുകയും മരണപ്പെട്ട ജയലക്ഷ്മിയുടെ ശവശരീരം പരിശോധിച്ച് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. ശേഷം ശവശരീരം കീറി പരിശോധിക്കുന്നതിനായി തൃശ്ശൂര്‍ പോലീസ് സര്‍ജന് അയച്ചുകൊടുക്കുകയും ചെയ്തു.
മരണത്തിന്റെ ഗൗരവം കണക്കിലെടുത്തും കായികാധ്യാപകന്റെ ശുപാര്‍ശ മാനിച്ചും സംഭവം നടന്ന സ്ഥലവും വീടും ഞാന്‍ കാണാന്‍ ചെന്നു. വീട്ടുകാരോട് ജയലക്ഷ്മി എവിടെയാണ് തൂങ്ങിമരിച്ചതെന്ന് ചോദിച്ചപ്പോള്‍ മരത്തിന്റെ തട്ടിന്മേലുള്ള ഒരു വളയം കാണിച്ചുതന്നു. ആ വളയത്തിന്റെ അടിഭാഗത്തായി മരത്തിന്റെ ഒരു കട്ടില്‍ കിടപ്പുണ്ടായിരുന്നു. കൂടാതെ കൊതുകുവല കെട്ടുന്നതിനായി കട്ടിലിനു ഒരു ഫ്രെയിം പിടിപ്പിച്ചിരുന്നു. തൂങ്ങി മരിച്ചെന്നു പറഞ്ഞ മുറിയാകെ ഞാന്‍ നോക്കി. ഞാന്‍ എന്താണ് ചെയ്യുന്നതെന്നും നോക്കി വീട്ടുകാര്‍ നില്‍പുണ്ടായിരുന്നു.
ഇവിടെ എങ്ങിനെയാണ് തൂങ്ങുക?
മരവും വളയവും ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.
എന്റെ ചോദ്യത്തിന് തക്കതായ ഒരു മറുപടിയും ആരും പറഞ്ഞില്ല.
തൂങ്ങി മരിക്കാനുപയോഗിച്ച സാരി എവിടെ?
അതുകേട്ടയുടന്‍ ജയലക്ഷ്മിയുടെ ഭര്‍ത്താവിന്റെ അനുജന്‍ ചന്ദ്രശേഖരന്‍ അലമാരയില്‍ നിന്നും സാരി എടുത്തുതന്നു. ആ സാരിയാവട്ടെ രണ്ടായി മുറിച്ചിട്ടുണ്ടായിരുന്നു.
മരണപ്പെട്ട ജയലക്ഷ്മിയെ എവിടെയാണ് കിടത്തിയത് ?
മറുപടിയില്ല.
ആരെല്ലാം കൂടിയാണ് താഴെയിറക്കി കിടത്തിയത്?
മറുപടിയില്ല!
ബോഡി സോഫയിലാണ് കിടത്തിയത് എന്നുമാത്രം മറുപടി കിട്ടി.
ഈ കേസില്‍ ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടു കൂടിയുള്ള അന്വേഷണം ആവശ്യമാണെന്ന് എനിക്ക് ബോധ്യമായ ഉടനെ ആത്മഹത്യ നടന്നതായി പറയുന്ന വീടിന്റെ എല്ലാ വാതിലുകളും പൂട്ടി സീല്‍ ചെയ്ത് അവിടെ പോലീസ് ഗാര്‍ഡ് പോസ്റ്റ് ചെയ്യുകയാണ് ആദ്യം ചെയ്തത്. ഫോറന്‍സിക് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്കാര്‍ പിറ്റെ ദിവസം തന്നെ പരിശോധനക്കായി വന്നു. വീടിന്റെ അകത്ത് ജയലക്ഷ്മി തൂങ്ങിമരിക്കാന്‍ വേണ്ടി സാരി കോര്‍ത്ത് കെട്ടിയതായി കാണിച്ചുതന്ന വളയം പരിശോധിച്ചതില്‍ സാരിയുടെ ഫൈബറുകള്‍ ഒന്നുംപോലും വളയത്തില്‍ ഇല്ലായെന്നും ജയലക്ഷ്മിയുടെ കഴുത്തില്‍ നിന്നും സെല്ലോടേപ്പുകൊണ്ട് പരിശോധനയ്ക്കായി എടുത്തിരുന്നവയിലും സാരിയുടെ ഫൈബേഴ്‌സ് ഇല്ലായെന്നും പ്രാഥമിക പരിശോധനയില്‍ തന്നെ എഫ്.എസ്.എല്‍ എക്‌സ്‌പെര്‍ട്ട് വാക്കാല്‍ പറഞ്ഞു. രേഖാമൂലമുള്ള റിപ്പോര്‍ട്ട് ലാബില്‍ കൊണ്ടുപോയി പരിശോധിച്ച ശേഷം തരാമെന്നു പറഞ്ഞാണ് അദ്ദേഹം പോയത്.
അസ്വാഭാവിക മരണം നടന്ന വീടുകളില്‍ കൂടുതല്‍ തെളിവെടുപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി ചെല്ലുമ്പോള്‍ പലതരത്തിലുള്ള മനുഷ്യരെ പരിചയപ്പെടാറുണ്ട് ഞാന്‍. ഡ്രൈവര്‍ മുതല്‍ വേലക്കാര്‍ വരെയുള്ളവവര്‍ അന്വേഷണത്തില്‍ ഒഴിവാക്കാന്‍ പാടില്ലാത്തവരാണ്. അവരോട് മയത്തില്‍,സൗഹാര്‍ദ്ദപരമായി നിന്നാല്‍ നമുക്ക് കൂറേക്കൂടി വ്യക്തമായ വിവരങ്ങള്‍ ലഭിക്കും. ഈ വീട്ടിലേക്ക് ചെല്ലുമ്പോഴും ഞാനൊരാളെ നോട്ടമിട്ടിരുന്നു. അവിടത്തെ ജോലിക്കാരിയായിരുന്നു അത്. ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ അലക്കുകയായിരുന്നു. ഞാന്‍ തനിയേ അവരുടെയടുത്തി പതുക്കെ പറഞ്ഞു: സത്യം മാത്രം പറഞ്ഞാല്‍ മതി. അവര്‍ പഠിപ്പിച്ചുതന്നതൊന്നും എന്നോട് പറയണ്ട. കഴിഞ്ഞ ദിവസം ഇവിടെ എന്താണ് സംഭവിച്ചത്? അവര്‍ എന്നോട് തത്ത പറയുന്നതുപോലെ അവര്‍ കണ്ട കാര്യങ്ങള്‍ പറഞ്ഞു.
ജയലക്ഷ്മിയും ഭര്‍ത്താവ് ശാന്തകുമാറും ജയലക്ഷ്മി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട വീട്ടിലാണ് താമസിക്കുന്നത്. അത് പഴയൊരു വീടാണ്. ബേക്കറി മുതലാളിയുടെ ഇളയ മകന്‍ ചന്ദ്രശേഖര്‍ മാതാപിതാക്കളും ജ്യേഷ്ഠനും ഭാര്യയും പുതുതായി പണികഴിപ്പിച്ച വീട്ടിലാണ് താമസം. സംഭവ ദിവസം രാവിലെ ജയലക്ഷ്മി പുതിയ വീട്ടില്‍ നിന്നും അവര്‍ താമസിക്കുന്ന വീട്ടിലേക്ക് ഓടിപ്പോകുന്നതും ചന്ദ്രശേഖരന്‍ പിന്നാലെ ഓടുന്നതും താന്‍ കണ്ടു എന്ന് ജോലിക്കാരി പറഞ്ഞു. പഴയ വീട്ടിനകത്തുനിന്നും എന്തോ വീഴുന്ന വലിയ ശബ്ദം കേട്ടുവെന്നും പേടി കാരണം അങ്ങോട്ട് പോയില്ലെന്നും ജോലിക്കാരി അറിയിച്ചു. പിന്നീട് കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് ജയലക്ഷ്മി മരണപ്പെട്ട കാര്യവും മറ്റും അറിയുന്നത്. എങ്ങിനെയാണ് മരിച്ചതെന്ന് തനിക്ക് അറിയില്ല സാറെ എന്നു പറഞ്ഞ് അവര്‍ നിസ്സഹായയായി നിന്നു.
പക്ഷേ കൂടുതല്‍ മയത്തോടെ അവരോട് അടുപ്പം കാണിച്ചുെകാണ്ട് ചോദിച്ചപ്പോള്‍ കുറച്ചുകൂടി ആഴത്തിലുള്ള വിവരങ്ങള്‍ ലഭിക്കാനായി:'സംഭവം നടന്നശേഷം ജയലക്ഷ്മിയുടെ വീട്ടില്‍ കയറി ചെന്നപ്പോള്‍ അവിടെ ജയലക്ഷ്മിയുടെ ശവശരീരം സോഫയില്‍ എടുത്തുകിടത്തിയിരിക്കുന്നത് കണ്ടു. ജയലക്ഷ്മി സാരിയില്‍ കെട്ടി തൂങ്ങി മരിച്ചതാണെന്നാണ് എന്നോട് പറഞ്ഞത്. എന്നാല്‍ അവിടത്തെ മൂത്ത മരുമകളായ പത്മേടത്തി എന്നോട് പിന്നീട് രഹസ്യമായി പറഞ്ഞത് ചന്ദ്രശേഖരന്‍ ബലാത്ക്കാരത്തിന് ശ്രമിച്ചപ്പോള്‍ ജയലക്ഷമി അതിന് വഴങ്ങാത്തതു കൊണ്ടും അവളുടെ വീട്ടുകാരോടും പോലീസിനോടും പറയും എന്നൊക്കെ പറഞ്ഞതുകൊണ്ടും ചന്ദ്രശേഖരന്‍ അവന്റെ കയ്യിലുണ്ടായിരുന്ന തോര്‍ത്ത് കൊണ്ട് കഴുത്തില്‍ വരിഞ്ഞുമുറുക്കി ജയലക്ഷ്മിയെ കൊന്നതാണെന്നാണ്. '
ജോലിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവം നടന്ന മുറിയില്‍ കയറി സൂക്ഷ്മമായി പരിശോധിച്ചതില്‍ ജയലക്ഷ്മിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോര്‍ത്ത് ചുരുട്ടിയ നിലയില്‍ താഴെ കിടക്കുന്നത് കണ്ടു. അത് ഈ കേസിന്റെ തെളിവിലേക്കായി മഹസ്സര്‍ പ്രകാരം ബന്തവസ്സിലെടുത്തു. ആ തോര്‍ത്തില്‍ ജയലക്ഷ്മിയുടെ കഴുത്തിലെ രോമങ്ങള്‍ ഒട്ടിപിടിച്ചിരിക്കുന്നത് എന്റെ നഗ്നനേത്രങ്ങള്‍ കൊണ്ടുതന്നെ കാണാമായിരുന്നു. ആ മുറിയില്‍ തന്നെ ഉയരത്തില്‍ വെച്ചിരുന്ന ഒരു ടേബിള്‍ ഫാന്‍ നിലത്ത് വീണുകിടക്കുന്നതും കാണാമായിരുന്നു. ജയലക്ഷ്മിയെ കയറിപ്പിടിച്ച സമയത്ത് ചന്ദ്രശേഖരന്റെ കൈ തട്ടിയാണ് ഫാന്‍ വീണതെന്ന് പിന്നീട് അയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്ത വേളയില്‍ പറയുകയുണ്ടായി.
ഞങ്ങളുടെ ജോലി അവസാനിക്കുന്നില്ല. തൃശ്ശൂര്‍ പോയി ജയലക്ഷ്മിയുടെ ശവശരീരം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സര്‍ജനെ കണ്ടുചോദിച്ച് മൊഴികള്‍ രേഖപ്പെടുത്തി. ജയലക്ഷ്മിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത് എന്നാണ് ഡോക്ടര്‍ മൊഴി നല്‍കിയത്. തോര്‍ത്ത് ചുരുട്ടി പിടിച്ച് കഴുത്തില്‍ ചുറ്റി മുറുക്കിയാല്‍ ഇപ്രകാരം സംഭവിക്കാമെന്നും ഡോക്ടര്‍ മൊഴി നല്‍കി. Death by Strangulation എന്നാണ് ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിരുന്നത്. ഡോക്ടറുടെ കയ്യില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ലഭിച്ചതോടുകൂടി കേസില്‍ ഐ.പി.സി 302-ാം വകുപ്പ് കൂടി ചേര്‍ത്ത് കൊണ്ട് അന്വേഷണം നടത്തുന്ന കാര്യം കാണിച്ചുകൊണ്ട് വിശദമായ റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട കോടതിക്കും മേലുദ്യോഗസ്ഥന്മാര്‍ക്കും അയച്ചു കൊടുത്തു. അതോടു കൂടി തന്നെ ഈ കേസിന്റെ അന്വേഷണം പൂര്‍ണ്ണമായും ഞാന്‍ ഏറ്റെടുക്കുകയും ചെയ്തു.
തുടര്‍ന്ന് ചന്ദ്രശേഖരന്റെ അച്ഛന്‍, അമ്മ, ഏട്ടന്റെ ഭാര്യ പത്മ, ജയലക്ഷ്മിയുടെ ഭര്‍ത്താവ് ശാന്തകുമാര്‍, അയാളുടെ മൂത്തസഹോദരന്‍ എന്നിവരെ തുടര്‍ച്ചയായി മാറി മാറി ചോദ്യം ചെയ്തതില്‍ നിന്നും ജയലക്ഷ്മി കൊല്ലപ്പെടാനുണ്ടായ സാഹചര്യം അതിന്റെ യഥാര്‍ത്ഥ ചിത്രവും വ്യക്തമായി. ചന്ദ്രശേഖരന്റെ ജ്യേഷ്ഠന്‍ ജോലി സംബന്ധമായി എറണാകുളത്താണ് താമസിക്കുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ പാലക്കാടുള്ള വീട്ടില്‍ വരാറുള്ളൂ. സംഭവം നടന്ന ദിവസം രാവിലെ കാപ്പികുടിയെല്ലാം കഴിഞ്ഞ് ചന്ദ്രശേഖരന്റെ അച്ഛനും ജ്യേഷ്ഠന്‍ വസന്തകുമാറും ടൗണിലെ ബേക്കറിലേക്കു പോയി. അതിനുശേഷം ജയലക്ഷ്മിയും ഏടത്തി പത്മയും അമ്മയുടെ കൂടി കറിക്ക് അരിയാന്‍ വട്ടമിട്ടിരുന്നു. ആ സമയത്ത് ചന്ദ്രശേഖരന്‍ ജയലക്ഷ്മിയുടെ അടുത്ത വന്നിരുന്നുകൊണ്ട് പച്ചക്കായയുടെ അരിഞ്ഞ ഒരു കഷ്ണം എടുത്തു തിന്നുകയും എഴുന്നേറ്റ് പോകുന്ന സമയത്ത് ജയലക്ഷ്മിയുടെ നിതംബത്തില്‍ ഒരു അടി കൊടുക്കുകയും ചെയ്തു.
'എന്ത് വൃത്തികേടാണെടാ നീ ഈ ചെയ്തത്. നിന്റെ ഏട്ടന്റെ ഭാര്യയാണ് ഞാന്‍. എന്റെ ചന്തിക്ക് അടിക്കുന്നോടാ നീ' എന്ന് ചോദിച്ചുകൊണ്ട് ജയലക്ഷ്മി ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു. ഈ സമയത്ത് ജയലക്ഷ്മിയെ ആശ്വസിപ്പിക്കുന്നതിനും സാന്ത്വനപ്പെടുത്തുന്നതിനും പകരം അമ്മ പറഞ്ഞത് ഇപ്രകാരമായിരുന്നു: 'ഇതിപ്പോ വലിയകാര്യം ഒന്നും ആക്കേണ്ട. രണ്ടുപേര്‍ക്കും കൂടി ഉള്ള ആളാണ് നീ എന്ന് വിചാരിച്ചാല്‍ മതി.' ചന്ദ്രശേഖരന്റെ വൃത്തികെട്ട പെരുമാറ്റം കൂടാതെ അമ്മയുടെ ഈ വാക്കുകള്‍ കൂടി കേട്ടപ്പോള്‍ മാനസികമായി തകര്‍ന്ന് പോയ ജയലക്ഷ്മി അവിടെ നിന്നും പുറത്തേക്ക് ഓടി വീട്ടിലേക്ക് പോയി. പിന്നാലെ ചെന്ന ചന്ദ്രശേഖരന്‍ ജയലക്ഷ്മിയെ ബലമായി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ആ മുറിയിലുണ്ടായിരുന്ന ടേബിള്‍ ഫാന്‍ താഴെ വീഴുകയും തന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്ന ജയലക്ഷ്മിയെ ചന്ദ്രശേഖരന്‍ തന്റെ കൈവശം ഉണ്ടായിരുന്ന തോര്‍ത്ത് ചുരുട്ടി കഴുത്ത് മുറുക്കി നിമിഷനേരം കൊണ്ട് കൊലപ്പെടുത്തുകയയായിരുന്നു.
ഇത്രയും കാര്യങ്ങള്‍ വ്യക്തമായതോടു കൂടി ചന്ദ്രശേഖരനെ ഞാന്‍ അറസ്റ്റ് ചെയ്യുകയും വളരെ 'നല്ലനിലയില്‍' ത്തന്നെ ചോദ്യം ചെയ്തു. പല കഥകളും പറഞ്ഞ് കേസില്‍ നിന്ന് ഊരാന്‍ ശ്രമിച്ച ചന്ദ്രശേഖരന്‍ മണിക്കൂറുകള്‍ നീണ്ട എന്റെ ചോദ്യശരങ്ങള്‍ക്ക് മുമ്പില്‍ എല്ലാ കുറ്റങ്ങളും ഏറ്റു പറഞ്ഞ് കൊണ്ട് കൊലക്കുറ്റം സമ്മതിക്കുകയായിരുന്നു. സാരിയില്‍ കെട്ടിതൂങ്ങിയാണ് മരിച്ചതെന്ന് പറയുകയും അത് രണ്ടു കഷണങ്ങളാക്കി അലമാരയില്‍ വെയ്ക്കുകയും ചെയ്തത് ജ്യേഷ്ഠനോടും മറ്റു ചില ഉപദേഷ്ടാക്കളോടും ആലോചിച്ചിട്ടാണ് ചെയ്തതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. കൂടാതെ താഴെ മരത്തിന്റെ കട്ടിലും കൊതുക് വല കെട്ടുന്നതിനുള്ള ഫ്രെയിം പിടിപ്പിച്ചിരിക്കുന്നതുമായ കട്ടിലിന്റെ തൊട്ട് മുകളിലുള്ള ഹുക്കില്‍ തൂങ്ങിച്ചാവാന്‍ സാധ്യമല്ലായെന്നറിഞ്ഞിട്ടും അപ്രകാരം പറഞ്ഞതും ചില ഉപദേശികളുടെ അഭിപ്രായപ്രകാരമാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
മരണപ്പെട്ട ജയലക്ഷ്മിയുടെ അച്ഛന്‍ ധാരാളം ഭൂസ്വത്തുക്കള്‍ ഉള്ളയാളും ധനാഢ്യനുമായതിനാല്‍ എറണാകുളത്തെ ഒരു പ്രമുഖ വക്കീലിനെ തന്നെ സ്‌പെഷല്‍ പ്രൊസിക്യൂട്ടറായി നിയമനം വാങ്ങിച്ചു. പ്രൊസിക്യൂഷന്‍ നടപടികള്‍ അദ്ദേഹം വളരെ ശുഷ്‌കാന്തിയോടും കഴിവുറ്റ രീതിയില്‍ നടത്തുകയും ചന്ദ്രശേഖരനെ ബഹുമാനപ്പെട്ട പാലക്കാട് സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഏറെ വാര്‍ത്താപ്രാധാന്യത്തോടെയായിരുന്നു ഈ സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Content Highlights: george arakkal rtd sp service story open file murder case investigation
Published: 18 Feb 2025, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented