
പിറ്റേ ദിവസം കക്കോടി എന്ന സ്ഥലത്തേക്കായിരുന്നു കച്ചവടത്തിന് പോയത്. കക്കോടി ചെറിയ പഞ്ചായത്ത് ടൗണായിരുന്നു. കക്കോടിയില്‍ ഇന്നും വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. പഴയ ഓടിട്ട കെട്ടിടങ്ങള്‍ തന്നെയാണ് മിക്കതും. കക്കോടിയില്‍നിന്ന് നൂറ്റിഇരുപത്തിയഞ്ചുരൂപ യുടെ കച്ചവടം കിട്ടി. കുറച്ചുകൂടി വെറൈറ്റി സാധനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ നല്ല കച്ചവടം കിട്ടിയേനെ.
കുറച്ച് വെറൈറ്റി സാധനങ്ങള്‍ വാങ്ങിച്ചുതരാന്‍ ഞാന്‍ ലക്ഷ്മണേട്ടനോട് ആവശ്യപ്പെട്ടപ്പോള്‍, തല്‍ക്കാലം ഉള്ളത് വെച്ച് കച്ചവടം ചെയ്യ്, സാധനങ്ങള്‍ പിന്നീട് വരുത്തിത്തരാമെന്ന് പറഞ്ഞു.
Also Read
പിറ്റേദിവസം ബാലുശ്ശേരി എന്ന സ്ഥലത്തേക്കാണ് കച്ചവടത്തിന് പോയത്. ഉച്ചക്ക് രണ്ടുമണിയായപ്പോള്‍ ഇടിയോടുകൂടിയ മഴയുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് മഴ മാറിയെങ്കിലും അങ്ങാടിയില്‍ ആള്‍ത്തിരക്കൊന്നും ഉണ്ടായില്ല. ഞാന്‍ സാധനങ്ങളൊക്കെ എടുത്ത് കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ വെച്ച് തിരികെ കോഴിക്കോട്ടെത്തി. ബാലുശ്ശേരിയില്‍ എഴുപതുരൂപയുടെ കച്ചവടമാണ് നടന്നത്. പിറ്റേദിവസം വീണ്ടും കൊണ്ടോട്ടിക്കുപോയി. വൈകുന്നേരം മൂന്നുമണി യായപ്പോഴേക്കും മഴ പെയ്യാന്‍ തുടങ്ങി. മഴ മാറുന്നുണ്ടോ എന്ന് കുറച്ചുസമയം കാത്തുനിന്നു. തൊട്ടടുത്ത് ഉന്തുവണ്ടിയില്‍ കടല വിറ്റുകൊണ്ടിരുന്ന ഇക്ക സങ്കടത്തോടെ പറഞ്ഞു: ''ഈ മഴ ഇപ്പം നില്‍ക്കുമെന്ന് തോന്നുന്നില്ല. നിനക്ക് കച്ചവടം നിര്‍ത്തി പോകേണ്ടിവരുമല്ലോ.'' ഞാന്‍ കുറച്ചു സമയം അവിടെത്തന്നെ നിന്ന് മഴമാറുന്നുണ്ടോ എന്ന് നോക്കി. മഴ മാറാത്തതുകൊണ്ട് കച്ചവടം മതിയാക്കി. ആ മാസം എല്ലാ ദിവസവും ഉച്ച കഴിഞ്ഞിട്ടാണ് മഴ പെയ്തിരുന്നത്.
കൊണ്ടോട്ടിയില്‍ അമ്പതുരൂപയുടെ കച്ചവടമേ നടന്നുള്ളൂ. പുതിയ സാധനങ്ങള്‍ ഒന്നും തന്നെ ലക്ഷ്മണേട്ടന്‍ വാങ്ങിത്തരാന്‍ സാധ്യതയില്ലെന്നു തോന്നി. കൈയിലുള്ള സാധനങ്ങള്‍ എന്നെക്കൊണ്ട് എങ്ങനെയെങ്കിലും വിറ്റു തീര്‍ക്കാനാണ് ലക്ഷ്മണേട്ടന്‍ നോക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കി.
വൈകിട്ടാണ് അങ്ങാടിയില്‍ ജനത്തിരക്ക് ഉണ്ടാവാറുള്ളത്. ആ സമയത്തായിരുന്നു നല്ല കച്ചവടം കിട്ടിയിരുന്നത്. ആ കച്ചവടമൊക്കെ മഴ കൊണ്ടുപോയിരുന്നു. പിറ്റേദിവസം താമരശ്ശേരിയിലാണ് കച്ചവടത്തിന് പോയത്. രാവിലെ പത്ത് മണിക്ക് തുടങ്ങിയ മഴ ഉച്ചക്ക് ഒരുമണിയായിട്ടും കുറയുന്നില്ല. ആ മഴയോടുകൂടി മുടിയില്‍ വെക്കുന്ന മൊട്ടുകളുടെ കച്ചവടം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
അന്ന് ആകെ മുപ്പതു രൂപയുടെ കച്ചവടമേ നടന്നുള്ളൂ. അന്നത്തെ ചെലവു കിഴിച്ച് ബാലന്‍സ് എട്ടു രൂപയേ എന്റെ കയ്യിലുണ്ടായിരുന്നുള്ളൂ. ആ പണം കൊടുത്തപ്പോള്‍ അത് നീ തന്നെ വെച്ചോ എന്ന് ലക്ഷ്മണേട്ടന്‍ പറഞ്ഞു. ഇനി കച്ചവടത്തിന് പോകുന്നില്ല ഏട്ടാ എന്നു പറഞ്ഞപ്പോള്‍, നാളെ ചിലപ്പോള്‍ മഴ മാറിയേക്കും. ഒരാഴ്ചകൂടി കച്ചവടം ചെയ്തു നോക്കൂ എന്ന് ലക്ഷ്മണേട്ടന്‍ പറഞ്ഞു. വില്‍പനസാധ്യതയുള്ള സാധനങ്ങളൊന്നും ഇല്ല ഏട്ടാ. ഈ സാധനങ്ങളുമായി കച്ചവടത്തിന് പോയിട്ട് കാര്യമില്ല എന്ന് പറഞ്ഞിട്ട് ഞാന്‍ മുകളിലേക്ക് കയറി എന്റെ ബെഞ്ചില്‍ ചെന്നിരുന്നു. ലക്ഷ്മണേട്ടന്‍ തന്ന എട്ടുരൂപയേ എന്റെ കയ്യിലുള്ളൂ. അഞ്ചുരൂപ ബെഞ്ചിന് വാടകകൊടുക്കണം. അതുംകൂടി കിഴിച്ചാല്‍ ബാക്കി മൂന്നു രൂപയേ കൈയ്യില്‍ ഉണ്ടാവുകയുള്ളു.
ഇന്നത്തെ അത്താഴത്തിനും നാളെ രാവിലത്തെ ചായക്കും ഉള്ള കാശിന് ഞാനെന്തു ചെയ്യും? എന്റെ കൈയിലുണ്ടായിരുന്ന 50 രൂപ പുതിയാപ്പയിലെ ചേച്ചി കാണാതെ ഞാന്‍ ബാഗില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. എല്ലാ ദിവസവം രാത്രി ആ പണം ഉണ്ടോ എന്ന് ബാഗ് തുറന്ന് ഞാന്‍ പരിശോധിക്കുമായിരുന്നു.
എന്നാലും അതെന്റെ പണമല്ലല്ലോ...
അതെങ്ങിനെ ഞാന്‍ ചെലവിന് എടുക്കും?
വൈകുന്നേരം നാലര മണിയായപ്പോള്‍ താഴെ ഇറങ്ങി ലോഡ്ജിന്റെ റിസപ്ഷനിലെത്തി. മഴ മാറിയിരുന്നു. നൗഷാദും ലത്തീഫും ലോഡ്ജിന്റെ വാതില്‍ക്കല്‍ എന്തോ സംസാരിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. ലോഡ്ജിന് താഴെ വലതുഭാഗത്ത് ഡല്‍ഹി ദര്‍ബാര്‍ എന്ന ഹോട്ടല്‍ ഉണ്ടായിരുന്നു. കോയക്കായുടെ ഹോട്ടലാണെങ്കിലും വേറൊരാള്‍ക്ക് വാടകക്ക് കൊടുത്തിരിക്കുകയാണ്. ലോഡ്ജിന്റെ ഓഫീസ് മുറിയില്‍ മുതലാളി കോയക്ക ഇരിക്കുകയായിരുന്നു. ഞാന്‍ മാനേജര്‍ ലത്തീഫിന്റെ അടുത്തുചെന്നു. ''മഴ കാരണം ഇന്നത്തെ കച്ചവടം മുടങ്ങിയെന്നും ഇന്നത്തെ വാടക അഞ്ചുരൂപ പിന്നെ തന്നാല്‍ മതിയോ എന്ന് മുതലാളിയോട് ഒന്ന് ചോദിക്കുമോ?''എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ലത്തീഫ് എന്നെയും കൂട്ടി മുതലാളിയുടെ അടുത്തുചെന്നു.
കോയക്കായോട് ലത്തീഫ്ക്ക കാര്യങ്ങള്‍ പറഞ്ഞു. ''മഴയ്താനൈ വേലയില്ല, അപ്പടിയാ- ശരി ശരി - ഇന്ന് നീ വാടക തരേണ്ട'' എന്ന് തമിഴ് കലര്‍ന്ന മലയാളം അദ്ദേഹം പേശിയപ്പോള്‍ എനിക്ക് ചിരി വന്നു. ഞാനും ലത്തീഫും ഓഫീസ്മുറിയില്‍നിന്നു പുറത്തേക്ക് വന്നു.
മഴ മാറിയെങ്കിലും നല്ല തണുപ്പ് ഉണ്ടായിരുന്നു. ആ തണുപ്പില്‍ ഒരു ചൂടുചായ കുടിച്ചാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. അവിടുന്ന് നോക്കിയപ്പോള്‍ ഡല്‍ഹി ദര്‍ബാര്‍ ഹോട്ടലിന്റെ അലമാരയില്‍ സുഖിയന്‍ ഉണ്ടായിരുന്നു. തമിഴ്നാട്ടില്‍ കടല പരിപ്പ്, തേങ്ങ, ശര്‍ക്കര, ഏലക്ക, അരച്ചാണ് സുഖിയന്‍ ഉണ്ടാക്കുക. ഇവിടെ ചെറുപയര്‍, തേങ്ങ, ചക്കര എന്നിവ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്.
തമിഴ്‌നാട്ടിലെ മിക്ക വീടുകളിലും ദീപാവലിക്ക് സുഖിയന്‍, വട, മുറുക്ക് എന്നീ പലഹാരങ്ങള്‍ ഉറപ്പായിട്ടും ഉണ്ടാക്കും. കയ്യിലുള്ള പണമെടുത്ത് ചായയും സുഖിയനും കഴിക്കാന്‍ മനസ്സുവന്നില്ല. നാളെ കഴിഞ്ഞാല്‍ ദീപാവലിയാണ്. ദീപാവലി ആയിട്ട് ഒരു സുഖിയന്‍ കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ, പണത്തിന് എന്ത് ചെയ്യും? പെട്ടെന്നൊരു ഐഡിയാ തോന്നി. എന്റെ അടുത്തുനില്‍ക്കുന്ന ലത്തീഫ്ക്കയോട് ''ഈ ഹോട്ടലില്‍ എനിക്കൊരു ജോലി കിട്ടുമോ?'' എന്നുചോദിച്ചു. ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തുനിന്നു നോക്കുമ്പോള്‍ ഹോട്ടലിന്റെ മുതലാളിയെ കാണാമായിരുന്നു.
ലത്തീഫ്ക്ക, ഉടനെ തിരിഞ്ഞ് ''ഏട്ടാ... ക്ലീനിംഗിന് ഒരു പയ്യനെ ആവശ്യമുണ്ടെന്ന് പറഞ്ഞല്ലോ, ഇവന്‍ മതിയോ?'' എന്ന് എന്നെ കാണിച്ച് ചോദിച്ചു.
ഹോട്ടല്‍ മുതലാളി എന്നെ അങ്ങോട്ടുവിളിച്ചു.
ഞാന്‍ അടുത്തുചെന്നപ്പോള്‍ ഹോട്ടല്‍ പണിയൊക്കെ അറിയാമോ എന്നു ചോദിച്ചു.
''അറിയാം, ചങ്ങരംകുളത്ത് ജോലി എടുത്തിട്ടുണ്ടെന്ന്' പറഞ്ഞപ്പോള്‍ ''നാളെ രാവിലെ പണിക്ക് കേറിക്കോ'' എന്നായി അദ്ദേഹം. ഞാന്‍ ഉടനെ ചാടിക്കയറി പറഞ്ഞു. ''ഞാനിപ്പോള്‍ത്തന്നെ ജോലിക്ക് കയറിക്കോളാം.'' ''ശരി... കേറിക്കോ'' എന്ന് മുതലാളിയും പറഞ്ഞു. ലത്തീഫ്ക്കയെ നോക്കി ചിരിച്ചിട്ട് ഹോട്ടലിലേക്ക് കയറി ഞാന്‍ പണി തുടങ്ങി.
ഭക്ഷണം കഴിച്ചതിനുശേഷം മേശയിലുണ്ടായിരുന്ന പ്ലേറ്റുകളൊക്കെ എടുത്ത് മേശയൊക്കെ തുടച്ച് വൃത്തിയാക്കിയതിനുശേഷം നേരെ അടുക്കളഭാഗത്ത് ചെന്ന് പാത്രങ്ങളൊക്കെ കഴുകിവെച്ചു. ജോലിക്ക് കയറി പതിനഞ്ചാമത്തെ നിമിഷം മുതലാളിയുടെ അടുത്തുചെന്നു. മുതലാളീ- ഒരു ചായയും ഒരു സുഴിയനും (സുഖിയന്‍) എടുത്ത് സാപ്പിടവാ'' എന്നു ഞാന്‍ ചോദിച്ചു.
മുതലാളി എടുത്തുകഴിച്ചോളാന്‍ പറഞ്ഞു. നാളത്തേക്ക് ജോലിക്ക് കയറാന്‍ പറഞ്ഞിട്ടും ഞാനപ്പോള്‍ത്തന്നെ ജോലിക്ക് കയറിക്കോളാം എന്നും പറഞ്ഞ് ഞാന്‍ ജോലിക്ക് കയറിയതിന്റെ തന്ത്രങ്ങള്‍ മനസ്സിലായോ?
അപ്പോള്‍ത്തന്നെ പണിക്ക് കയറിയാല്‍ ഫ്രീ ആയിട്ട് ചായയും സുഖിയനും കഴിക്കാം. രാത്രി ചോറും കഴിക്കാം. എന്റെ കയ്യിലുള്ള എട്ടുരൂപ ഭ്രദമായിത്തന്നെ കയ്യിലുണ്ടാവും. നിങ്ങളുടെ കയ്യില്‍ ഭക്ഷണം കഴിക്കാന്‍ പണമില്ലെങ്കില്‍ ആ നിമിഷം തന്നെ ഹോട്ടല്‍ പണിക്ക് കയറുകയാണെങ്കില്‍ പട്ടിണിയില്ലാതെ ജീവിച്ചുപോകാം.
ചായയും സുഖിയനും കഴിച്ചിട്ട് വീണ്ടും പണി തുടങ്ങി. രാത്രി എട്ടുമണിയായിട്ടും അവിടെ രണ്ട് സുഖിയന്‍ അലമാരയില്‍ ബാക്കി ഉണ്ടായിരുന്നു. എണ്ണക്കടി വെക്കുന്ന പാത്രം കഴുകിയതിനുശേഷം അലമാരയിലെ താഴത്തെ തട്ടിലാണ് വെക്കേണ്ടത്. അത് വെച്ചതിനുശേഷം മുതലാളി കാണാതെ ഒരു സുഖിയനെടുത്ത് മുഴുവനായും വായിലിട്ട അമര്‍ത്തി, ആരും കാണാതെ വേഗത്തില്‍ തിന്നുതീര്‍ത്തു.
രാത്രി ഒമ്പതുമണിയായപ്പോള്‍ ഹോട്ടലിന്റെ ഷട്ടര്‍ അടച്ചു. അപ്പോഴും ഒരു സുഖിയന്‍ വില്പനയാവാതെ അലമാരയില്‍ത്തന്നെ ഉണ്ടായിരുന്നു. അപ്പോള്‍ സുഖിയന്‍ കഴിക്കാനുള്ള കൊതിയൊന്നും ഉണ്ടായിരുന്നില്ലാട്ടോ, എങ്കിലും അത് അവിടെ വെച്ചാല്‍ കേടായിപ്പോവുമല്ലോ, ഭക്ഷണം വേസ്റ്റാക്കരുതല്ലോ. ആ ഒറ്റക്കാരണംകൊണ്ട് ഞാന്‍ അതെടുത്തു കഴിച്ചു. അല്ലാതെ സുഖിയനോടുള്ള ഇഷ്ടംകൊണ്ടൊന്നുമല്ലായിരുന്നു.
പിറ്റേദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് റെഡിയായി ആറരമണിയായപ്പോള്‍ ലോഡ്ജിന്റെ താഴെയുള്ള ഡല്‍ഹി ദര്‍ബാര്‍ ഹോട്ടലില്‍ പണിക്കുകയറി. തലേദിവസം ചെയ്ത ജോലികള്‍ തന്നെയായിരുന്നു അന്നും ചെയ്യേണ്ടിയിരുന്നത്. അന്നത്തെ ദിവസം രാത്രി ഹോട്ടലില്‍ നല്ല തിരക്കുണ്ടായിരുന്നു. ജോലിയൊക്കെ കഴിഞ്ഞ് ചോറുകഴിച്ചപ്പോള്‍ രാത്രി പത്തുമണി കഴിഞ്ഞിരുന്നു.
അതിനുശേഷം ലോഡ്ജില്‍ ചെന്ന് മേലൊക്കെ കഴുകി കിടന്നുറങ്ങി. അയനിച്ചോട്ടിലെ ചായക്കട മുതലാളിക്ക് എന്റെ പ്രായത്തിലുള്ള ഒരു മകന്‍ ഉണ്ടായിരുന്നതുപോലെ ഡല്‍ഹി ദര്‍ബാര്‍ ഹോട്ടലിലെ മുതലാളിക്കും ഒരു മകന്‍ ഉണ്ടായിരുന്നു. രാവിലെ എട്ടുമണി കഴിഞ്ഞിട്ടും ഞാന്‍ ജോലിക്ക് ചെല്ലാത്തതുകൊണ്ട് മുതലാളിയുടെ മകന്‍ എന്റെ ബെഞ്ചിനടുത്ത് ഓടി വന്നു. ഞാനപ്പോള്‍ പല്ല് തേയ്ക്കുകയായിരുന്നു. അച്ഛന്‍ നിങ്ങളോട് ജോലിക്ക് വരാന്‍ പറഞ്ഞു, എന്ന് പറഞ്ഞു.
''അയ്യോ ഞാന്‍ രാത്രി സൊല്ല മറന്നു. ഇന്ന് ദീപാവലിയാ, ഞാന്‍ ലീവെന്ന് അപ്പാക്കിട്ടേ സൊല്ലീട തമ്പീ.'' എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ ലീവോ? എന്ന് ചോദിച്ചുകൊണ്ട് പോയി.
ഞാന്‍ കുളികഴിഞ്ഞ് എട്ടുമണിയായപ്പോള്‍ ഡല്‍ഹി ദര്‍ബാര്‍ ഹോട്ടലിലേക്ക് ചെന്നു. എന്നെ കണ്ടപാടെ ജോലിക്ക് കയറുന്നില്ലെ എന്ന് മുതലാളി ചോദിച്ചു. ''ഇന്ന് ദീപാവലി ചേട്ടാ - ഞാന്‍ ലീവ്'' എന്നു പറഞ്ഞു.
നാളെ ജോലിക്ക് വരുമോ എന്ന് മുതലാളി ചോദിച്ചു. ''ഈ ക്ലീനിംഗ് ബോയ് ജോലി എനിക്ക് പുടിക്കലെ (ഇഷ്ടമല്ല)...'' എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ''എന്നാല്‍ നീ സപ്ലൈയര്‍ പണിക്കു കയറിക്കോ...'' എന്നു മുതലാളി പറഞ്ഞു. ഒറ്റ ദിവസം കൊണ്ടുതന്നെ മുതലാളിക്ക് എന്നെ ഏറെ ഇഷ്ടമായി. അതുകൊണ്ടുതന്നെ മുതലാളി എന്നെ ഒരുപാട് നിര്‍ബന്ധിച്ചു.
''എനിക്ക് ഹോട്ടല്‍ വേലയേ വേണ്ട ചേട്ടാ.'' ഇന്നലത്തെ ശമ്പളം തരൂ ചേട്ടാ എന്നു ഞാന്‍ ചോദിച്ച് നിര്‍ബന്ധിച്ചപ്പോള്‍ മുതലാളി ക്യാഷ്‌ബോക്‌സ് തുറന്ന് 25 രൂപ എടുത്തുതന്നു. നന്ദി ചേട്ടാ എന്ന് മലയാളത്തില്‍ പറഞ്ഞിട്ട് ഞാന്‍ ഹോട്ടലില്‍നിന്ന് പുറത്തിറങ്ങി.
ദൈവമേ.... ഇനി ഞാന്‍ ഹോട്ടല്‍ പണി ചെയ്യേണ്ടിവരരുതേ എന്ന് പ്രാര്‍ത്ഥിച്ചു. കേരളത്തില്‍ എത്രയോ പേര്‍ ഹോട്ടല്‍ പണി എടുത്ത് ജീവിക്കുന്നുണ്ട്. അവര്‍ക്കൊന്നും അത് ബുദ്ധിമുട്ടുള്ള ജോലിയല്ല. പക്ഷെ, എനിക്ക് ആ ജോലി ഭയങ്കര കഷ്ടപ്പാടുള്ളതാണ് എന്ന് തോന്നാറുണ്ട്. കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ കഴിയില്ല എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ വിഷമമുള്ള കാര്യമാണ്.
അതുകൊണ്ടാണ് അങ്ങനെ പ്രാര്‍ത്ഥിച്ചത്. അല്ലാതെ ഹോട്ടല്‍ തൊഴില്‍ അത്രക്ക് മോശം തൊഴിലൊന്നുമല്ല. ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ല. ഒരു ഹോട്ടലില്‍കൂടി ഒരവസരം ബാക്കി വെച്ചിട്ടുണ്ടായിരുന്നു.
ഞാന്‍ ഫ്രാന്‍സിസ് റോഡില്‍നിന്ന് പാളയം ബസ്സ്റ്റാന്‍ഡിലേക്ക് നടന്നു. ദീപാവലി ആയിട്ട് രണ്ടുമൂന്നു സിനിമയെങ്കിലും കാണണ്ടെ. പണത്തിനെന്തു ചെയ്യും?
കയ്യില്‍ മുപ്പത്തിമൂന്ന് രൂപയുണ്ട്. ആ പണം കൊണ്ട് ഒരു കച്ചവടം തുടങ്ങാന്‍ തീരുമാനിച്ചു. ഞാന്‍ പാളയം പച്ചക്കറി മാര്‍ക്കറ്റിനു മുമ്പിലുള്ള ഒരു മിഠായി കടയിലേക്ക് ചെന്നു. അവിടെ പ്രൈസ്‌ബോര്‍ഡ് ഉണ്ടോ എന്ന് ചോദിച്ചു. ആ ചേട്ടന് പ്രൈസ് ബോര്‍ഡ് എന്താണെന്ന് പോലും അറിഞ്ഞിരുന്നില്ല. തൊട്ടടുത്തുള്ള മിഠായി കടയില്‍ ചെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ 'മോന്‍ തമിള്‍നാടാ...?''' ആ കടക്കാരന്‍ അണ്ണന്‍ എന്നോട് ചോദിച്ചു.
''ആമാ... നാന്‍ തഞ്ചാവൂര്‍'' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ''അന്ത എതിര്‍ത്താപ്പിലൈ (ഓപ്പോസിറ്റ) ഇരിക്കിറെ കടയിലെ പ്രൈസ് ബോര്‍ഡ് ഇര്‍ക്ക്'' എന്നു പറഞ്ഞതുകേട്ടപ്പോള്‍ എനിക്ക് വലിയ ആശ്വാസമായി. ഓപ്പോസിറ്റുള്ള ആ മിഠായി കടയിലും ഒരു തമിഴ്നാട്ടുകാരനാണ് കടയില്‍ ഉണ്ടായിരുന്നത്. ''അണ്ണാ പ്രൈസ് ബോര്‍ഡ് ഇര്‍ക്കാ...?'' ഞാന്‍ ചോദിച്ചു.
''ഇര്‍ക്ക്'' എന്ന് ആ അണ്ണന്‍ പറഞ്ഞു.
'എവ്വളവു(എത്രയാ)?'
ഇരുപത്തഞ്ചു രൂപയെന്ന് ആ അണ്ണന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഇരുപത്തഞ്ചു രൂപ എടുത്തു കൊടുത്തു. അപ്പോള്‍ ആ അണ്ണന്‍ ഒരു പ്രൈസ് ബോര്‍ഡ് എടുത്ത് എനിക്ക് തന്നു. ഞാന്‍ ആ പ്രൈസ് ബോര്‍ഡും കൈയ്യില്‍ പിടിച്ച് പാളയം ജംഗ്ഷനിലൂടെ വസന്തവിഹാര്‍ ഹോട്ടലിലേക്ക് ചെന്നു.
തിരുനെല്‍വേലിക്കാരനായ മുത്തുരാജ് എന്നയാള്‍ നടത്തുന്ന ഹോട്ടലായിരുന്നു അത്. ദീപാവലി ആയിട്ട് സ്വീറ്റ്‌സ് കഴിച്ചില്ലെങ്കില്‍ രാത്രി സ്വപ്നത്തില്‍ നരകാസുരന്‍ വന്ന് പേടിപ്പിച്ചാലോ...അതുകൊണ്ട് ഒരു മില്‍ക്ക് ഹല്‍വ വാങ്ങി കഴിച്ചു.
പിന്നെ ഇഡ്ഡലിയും വടയും വാങ്ങിക്കഴിച്ചു. കൈയ്യിലുണ്ടായിരുന്ന അഞ്ചുരൂപ ഭക്ഷണത്തിന് ചെലവായി. ബാക്കിയുള്ള മൂന്നു രൂപയുമായി ഞാന്‍ ലോഡ്ജിലേക്ക് നടന്നു. ഞാന്‍ കിടന്നുറങ്ങുന്ന ബെഞ്ചില്‍ ആ പ്രൈസ് ബോര്‍ഡ് വിരിച്ചിട്ടു. ഈ പ്രൈസ് ബോര്‍ഡ് ഞാന്‍ ആദ്യമായി കാണുന്നത് നാട്ടിലെ എന്റെ കടയിലായിരുന്നു.
മുത്തുപ്പേട്ടൈയില്‍ നിന്ന് എന്റെ കടയിലേക്ക് ഒരു അണ്ണന്‍ സൈക്കിളില്‍ ബേക്കറി സാധനങ്ങള്‍ കൊണ്ടുവരുമായിരുന്നു. അദ്ദേഹം ഒരു ശനിയാഴ്ചദിവസം രാവിലെ സൈക്കിളില്‍ കടയിലെത്തി. കടയിലേക്ക് ആവശ്യമായ മിഠായി പാക്കറ്റുകളോടൊപ്പം ഒരു പ്രൈസ് ബോര്‍ഡും എടുത്തുവെച്ചു. ഞാന്‍ അതെടുത്ത് വിരിച്ച് കൗതുകത്തോടെ നോക്കി.
പ്രൈസ്‌ബോര്‍ഡിന്റെ താഴെ സിനിമാ നടന്റെ ഫോട്ടോ ഉള്ള സ്റ്റിക്കര്‍ ഒട്ടിച്ചുവെച്ചിട്ടുണ്ടായിരുന്നു. മേലെ നൂറുരൂപ, അമ്പതുരൂപ, ഇരുപത്, പത്ത്, അഞ്ച്, രണ്ടുരൂപ, ഒരു രൂപ, നോട്ടുകളുടെ ചിത്രങ്ങളും. ആ ചിത്രങ്ങളുടെ മേലെ നാലക്ക നമ്പറുകളും എഴുതി വെച്ചിട്ടുണ്ട്.
കീഴെയുള്ള സ്റ്റിക്കര്‍ ഇരുപത്തിയഞ്ച് പൈസ കൊടുത്തിട്ട് ആ സ്റ്റിക്കര്‍ കീറിയെടുക്കാം. ആ സ്റ്റിക്കറിനുള്ളില്‍ ഒരു ചെറിയ പേപ്പര്‍ കഷ്ണം ഉണ്ടാവും. ആ പേപ്പറില്‍ എന്തെങ്കിലും നമ്പര്‍ ഉണ്ടെങ്കില്‍ ആ നമ്പറിലുള്ള പണം ഇരുപത്തിയഞ്ച് പൈസ കൊടുത്ത്, ആ സ്റ്റിക്കര്‍ കീറിയ ആള്‍ക്കുള്ളതാണ്. നമ്പറിനു പകരം ജോക്കറാണ് ഉള്ളതെങ്കില്‍ ആ ഇരുപത്തഞ്ച് പൈസ കടക്കാര്‍ക്ക് ഉള്ളതാണ്.
ആ മിഠായി കൊണ്ടുവന്ന് തന്ന അണ്ണന്‍ ഇതൊക്കെ എനിക്ക് പറഞ്ഞു തന്നു. ''ഈ പ്രൈസ് ബോര്‍ഡില്‍ വേറൊരു രഹസ്യം കൂടിയുണ്ട്. അത് ഞാന്‍ ഒരു റൗണ്ട് പോയിട്ട് ഉച്ചക്ക് തിരിച്ചുവരുമ്പോള്‍ അപ്പാവിനോട് (അച്ഛനോട്) പറഞ്ഞു കൊടുക്കാം എന്നു പറഞ്ഞു.''
അദ്ദേഹം സൈക്കിളുമെടുത്ത് പോയി.
ഞാന്‍ ആ പ്രൈസ് ബോര്‍ഡ് കടയിലെ ഒരു ഭാഗത്ത് തൂക്കിയിട്ടു. ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ സിന്നമ്മയുടെ (ഇളയമ്മ) മകന്‍ മഹേഷ് കടയിലേക്ക് വന്നു.
ഇളങ്കോ അണ്ണന്റെ അനിയനാണ് മഹേഷ്. അവന്‍ മിഠായി വാങ്ങാനാണ് വന്നത്. പ്രൈസ് ബോര്‍ഡ് കണ്ടപ്പോള്‍ അവന് ആകാംക്ഷയായി. ഇതിനെത്ര കാശുണ്ടെന്ന് ചോദിച്ചു. ഞാന്‍ ഇരുപത്തിയഞ്ച് കാശ് എന്നു പറഞ്ഞു. അവന്‍ 25 കാശ് എടുത്തു തന്നു. ഞാനൊരു സ്റ്റിക്കര്‍ കീറട്ടെ എന്നും പറഞ്ഞ് അവന്‍ സ്റ്റിക്കറിലേക്ക് പരതി.
എല്ലാ സ്റ്റിക്കറിലെയും ഫോട്ടോയിലുണ്ടായിരുന്നത് നടന്‍ വിജയ്കാന്തിന്റെയായിരുന്നു. ഏറ്റവും മേലെ ഒരു മൂലക്ക് ഒരു സ്റ്റിക്കര്‍ മാത്രം രജനീകാന്തിന്റെ ഫോട്ടോയായിരുന്നു.
അവന്‍ രജനീകാന്തിനെ കണ്ടപ്പോള്‍ ആ സ്റ്റിക്കര്‍ കീറിയെടുത്തു. അത് തുറന്നു നോക്കിയപ്പോള്‍ ഒരു നമ്പര്‍ ഉണ്ടായിരുന്നു. ഞാന്‍ ആ നമ്പര്‍ പ്രൈസ് ബോര്‍ഡിനുമേലെ പരിശോധിച്ചപ്പോള്‍ ഒന്നാം സമ്മാനമായ നൂറുരൂപയുടേതായിരുന്നു. ഞാന്‍ സന്തോഷം കൊണ്ട് ''ഡേയ്... തമ്പി.. ഉനക്ക് നൂറുരൂപ പ്രൈസ് അടിച്ചിരിക്ക് ' എന്നു പറഞ്ഞപ്പോള്‍ മഹേഷ് തുള്ളിച്ചാടി.
കടയിലിപ്പോള്‍ നൂറുരൂപ കാശ് ഇല്ല. വൈകീട്ട് നീ വാ. അപ്പോഴേക്കും അപ്പാ വന്നേക്കും. നിനക്ക് കാശ് വാങ്ങി പോകാം എന്നും പറഞ്ഞ് അവനെ വീട്ടിലേക്ക് പറഞ്ഞയച്ചു. ഉച്ചയായപ്പോഴേക്കും അപ്പ കടയിലെത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ ആ പ്രൈസ് ബോര്‍ഡ് തന്ന അണ്ണന്‍ വന്നു. ആ അണ്ണനോട് സിന്നമ്മയുടെ മകന്‍ നൂറുരൂപ പ്രൈസ് അടിച്ചകാര്യം പറഞ്ഞപ്പോള്‍ ആ അണ്ണന്‍ എന്നെ വഴക്കുപറഞ്ഞു.
ആ നൂറുരൂപ കമ്പനിക്കുള്ളതാണ്. അത് പുറത്തുകൊടുത്തു കഴിഞ്ഞാല്‍ കമ്പനിക്ക് ലാഭമുണ്ടാവില്ല. അതെടുത്ത് കീറിക്കളഞ്ഞേക്കണം എന്നുകൂടി ആ അണ്ണന്‍ പറഞ്ഞുതന്നു. വൈകീട്ട് തമ്പി മഹേഷും അവന്റെ ആത്താ (മുത്തശ്ശി)യെയും കൂട്ടി വന്ന് എന്റെ അപ്പായുടെ കയ്യില്‍നിന്നും നൂറുരൂപ വാങ്ങിപ്പോയി.
നൂറുരൂപ കൊണ്ടുപോയത് ഇളയമ്മയുടെ മകനാണെങ്കിലും ഞാന്‍ കാരണം അപ്പായ്ക്ക് നൂറുരൂപ നഷ്ടം ഉണ്ടാക്കിയല്ലോ എന്ന് ആലോചിച്ചപ്പോള്‍ എനിക്ക് വിഷമമായി. അതിനുശേഷം പ്രൈസ് ബോര്‍ഡ് എന്നുകൊണ്ടുവെച്ചാലും ഞാന്‍ ആദ്യം തന്നെ ആ നൂറുരുപയുടെ പ്രൈസുള്ള സ്റ്റിക്കര്‍ കീറിയെടുക്കുമായിരുന്നു.
കോഴിക്കോട്ടുനിന്ന് ഞാന്‍ വാങ്ങിയ പ്രൈസ് ബോര്‍ഡില്‍ ഒരു സ്റ്റിക്കര്‍ കീറിയെടുക്കുന്നതിന് അമ്പത് കാശാണ്. സ്റ്റിക്കറിലാകെ നടന്‍ പ്രഭുവിന്റെ ഫോട്ടോ ആണുള്ളത്. പ്രൈസ് ബോര്‍ഡിന്റെ ഏറ്റവും മുകളില്‍ ഒരു സ്റ്റിക്കര്‍ മാത്രം നടന്‍ സത്യരാജിന്റെ ഫോട്ടോയുള്ള സ്റ്റിക്കര്‍ ഉണ്ടായിരുന്നു. അത് കീറി നോക്കിയപ്പോള്‍ അതിനുള്ളില്‍ ഒന്നാം സമ്മാനമായ ഇരുനൂറു രൂപയുടെ നമ്പര്‍ ഉണ്ടായിരുന്നു. അതെടുത്ത് ഞാന്‍ കീറിക്കളഞ്ഞു.
എന്റെ കൈയ്യിലാകെ മൂന്നുരൂപയേ ഉള്ളൂ. ഒരു പക്ഷെ, രണ്ടാം സമ്മാനം നൂറുരൂപ അടിച്ചാല്‍ കൊടുക്കാന്‍ എന്റെ കൈയ്യില്‍ കാശില്ലല്ലോ. ആലോചിച്ചപ്പോള്‍ ഒരു ഐഡിയ തോന്നി. ലോഡ്ജിനു താഴെ ഡല്‍ഹി ദര്‍ബാര്‍ ഹോട്ടലിനടുത്തായി ചിത്രേട്ടന്‍ എന്ന ആളുടെ പെട്ടിക്കട ഉണ്ടായിരുന്നു. അവിടെ ഓടിച്ചെന്ന് ഒരു സേഫ്റ്റിപിന്‍ വാങ്ങിവന്നു.
ഓരോ സ്റ്റിക്കറിനുള്ളിലും സേഫ്റ്റി പിന്നുകൊണ്ട് രണ്ടാം സമ്മാനമായ നൂറുരൂപയുടെ നമ്പര്‍ ഉണ്ടോ എന്ന് ഞാന്‍ പരിശോധിച്ചു. രാവിലെ പത്തുമണിയായപ്പോള്‍ ആ രണ്ടാം സമ്മാന കാര്‍ഡ് ഞാന്‍ കണ്ടെത്തി. ആ സ്റ്റിക്കറെടുത്ത് കീറിക്കളഞ്ഞപ്പോള്‍ എനിക്ക് സമാധാനമായി. ഈ പ്രൈസ് ബോര്‍ഡ് ഞാന്‍ എവിടെ തൂക്കിയിട്ട് കച്ചവടം ചെയ്യുമെന്ന് ആലോചിച്ചപ്പോള്‍ എന്റെ സ്വപ്നനായിക ഖുശ്ബു എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
(തുടരും)
Content Highlights: elenko odai malayalathamizhan autobiography
Published: 05 May 2025, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented