"സാറേ ഒരു കാര്യമുണ്ട്. "തങ്കച്ചേച്ചി മുന്നിൽ വന്നു നിന്നു.ഞാൻ അറ്റൻഡൻസ് റെജിസ്റ്ററിൽ നിന്ന് തലപൊക്കി. എന്താണീ കാണുന്നത്? പുൽമേട്ടിലൊരു പവിഴമല്ലിമരം കുലുങ്ങിയതു പോലെ..ഓറഞ്ചുഞെട്ടും വെള്ളയിതളുമുള്ള പൂക്കളാണ് സാരി മുഴുവൻ ചിതറിക്കിടക്കുന്നത്!സ്ഥിരം വേഷമായ കോട്ടൺസാരികളുടെ നരച്ച പരുപരുപ്പിനെത്തള്ളി മാറ്റി ഒഴുകുകയാണ് ഒരു പുതിയ ഷിഫോൺപുഴ, ഈ പ്രഭാതത്തിൽ, എന്റെ മുന്നിൽ..

To advertise here,

ആകെ ഒന്നൊരുങ്ങിയിട്ടുണ്ട്. സാരിയുടെ ഞൊറികൾ കൃത്യമായെടുത്ത് പിന്നു കുത്തിയിരിക്കുന്നു. പതിവില്ലാത്ത ഒരു ചുവന്ന സ്റ്റിക്കർപ്പൊട്ട് നെറ്റിയിൽ. എല്ലാം പോട്ടെ, ഇന്നുവരെ ആ മുഖത്ത് പോയിട്ട് ഏരിയയിൽ പോലും കണ്ടിട്ടില്ലാത്ത ഒരപൂർവ്വഭാവം ആപാദചൂഡം.! നാണം!
ഞാനമ്പരന്നു പോയി. 
ഒപ്പിടാൻ ഓങ്ങിയ പേന വിരലുകളിൽത്തങ്ങി.
"എന്താണ്?"
 അതീവകൗതുകത്തോടെ ഞാൻ ചോദിച്ചു. എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. ശബ്ദം പുറത്തു വരുന്നില്ല. ഒറ്റ അലർച്ചയിൽ ക്യൂ തെറ്റിച്ച് ചിതറി നിൽക്കുന്ന രോഗികളെ കൃത്യവരിയാക്കുന്ന ആ മാരകശബ്ദത്തിനെന്തു സംഭവിച്ചു?

"കാര്യം പറ ചേച്ചി" ഞാൻ അക്ഷമയായി. തുടർന്ന് ടൈലടർന്ന
തറയിൽ പരമ്പരാഗതശൈലിയിൽ ഒരു കളം വരയ്ക്കപ്പെട്ടു കാണണം..
മുന്നിലേയ്ക്കു വീണു കിടന്ന ഒരു പാതിനരച്ച
മുടിയിഴ വിരലിൽക്കുരുക്കി നമ്രമുഖിയായി, വിക്കിവിക്കി എങ്ങനെയൊക്കെയോ ചേച്ചി പറഞ്ഞൊപ്പിച്ചു,
"ഒരു കാര്യം ഒത്തു വന്നിട്ടുണ്ട്."
എനിയ്ക്കു ബൾബു കത്തുമ്മുമ്പേ ഒന്നൂടി വിശദീകരിച്ചു. "കല്യാണം."

"അതെയോ, അങ്ങനെ വരട്ടെ " ചിരിയോടെ ഞാൻ റജിസ്റ്ററടച്ചു.എന്തൊക്കെയോ ചില അന്തർധാരകൾ നടക്കുന്നതായി വിവരം കിട്ടിയിരുന്നു. പക്ഷേ ഇത്ര പെട്ടെന്ന് നടപടിയാവുമെന്ന് കരുതിയതല്ല. അടുത്തമാസം പെൻഷനാവുകയാണ് ചേച്ചി.നല്ല പ്രായത്തിൽ ഒരു കല്യാണത്തിന് മുൻകൈയെടുക്കാൻ ആരുമുണ്ടായില്ല. കഴുത്തുറയ്ക്കുന്നതും കമിഴ്ന്നു വീഴുന്നതും പോലെ ഒരു പ്രായമെത്തിയാൽ സംഭവിക്കേണ്ട അനിവാര്യനാഴികക്കല്ലായി കരുതപ്പെടുന്നതാണല്ലോ മനുഷ്യജീവിയ്ക്കു വിവാഹം.സമയത്തു നടന്നില്ലെങ്കിൽ എന്തോ തകരാറുള്ള പോലെയാണ്.ചുറ്റുമുള്ള സ്ത്രീകൾ വെട്ടുകൊണ്ട പോലെ ഉച്ചിവരെ വാരിപ്പൊത്തിയ സിന്ദൂരം അവർക്ക് വിദൂരസ്വപ്നമായിരുന്നു തീരാമോഹവും.

ചിരിച്ചെങ്കിലും ഉള്ളിലൊരു ആധിയും തോന്നി.സർവ്വതന്ത്രസ്വതന്ത്രയായി ജീവിച്ചു ശീലിച്ച ഒരാൾക്ക്, ഈ പ്രായത്തിൽ എത്രകണ്ട് മെരുങ്ങാനാവും ഈ കഠിനസർക്കസ് വിദ്യയോട് .കുരുന്നിലേ വളച്ചെടുക്കുന്ന നട്ടെല്ലുകളോളം വഴങ്ങുമോ ,തനിയെ നിവർന്നുനിന്നു കടുപ്പം വെച്ച തണ്ടെല്ലുകൾ.

നക്ഷത്രത്തിന്റെ പട്ടടയായ തമോഗർത്തമാണു പലർക്കും കുടുംബം.വെളിച്ചമെല്ലാം കെട്ടടങ്ങിക്കഴിഞ്ഞ് പതിൻമടങ്ങു ശേഷിയിൽ പിടിച്ചുവലിച്ചുവിഴുങ്ങിക്കളയുന്ന നിഗൂഢ ഗഹ്വരം. മടുത്തോടാൻ തോന്നിയാലും അതിന്റെ മാരകമായ കാന്തികശേഷിയിൽ നിന്നു മിക്കവർക്കും വിടുതലില്ല.
മേഘരഹിതമായ ഇരുൾവാനത്തിൽ മിന്നിത്തിളങ്ങുന്ന പല നക്ഷത്രങ്ങളും എന്നോ അന്തരിച്ചവയാണ്. അതിവിദൂരസ്ഥമാകയാൽ നമുക്ക് അവയിന്നും പ്രഭാമയമയായിത്തോന്നുന്നു. പുറമെ നിന്നുള്ള സന്തുഷ്ടകുടുംബവീക്ഷണങ്ങളും പലപ്പൊഴും ഇതുപോലൊക്കെത്തന്നെ.

പക്ഷേ ചേച്ചിയുടെ സന്തോഷം എന്നെ സ്പർശിച്ചു.അറിയുകയും അനുഭവിക്കുകയും ചെയ്താലല്ലേ മോഹത്തെ വിലയിരുത്താനാവൂ. ചിലപ്പോൾ ലോട്ടറിയടിച്ചാലോ.
എന്നെക്കാൾ പ്രായക്കൂടുതലുണ്ടെങ്കിലും, മകളെപ്പോലെ തലയിൽ കൈ വെച്ച് അനുഗ്രഹിക്കാൻ തോന്നി.ഒറ്റപ്പെട്ടു പോയൊരു ജീവിതമാണ്. നല്ലതു മാത്രം വരട്ടെ.എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ.

പലതവണ പറഞ്ഞതെല്ലാം കൂട്ടിച്ചേർത്ത്, പൂർവ്വാശ്രമത്തെപ്പറ്റി ഒരുമാതിരി ധാരണയുണ്ട്. ആ സ്ഥിരം ക്ലീഷേ ത്യാഗകഥ തന്നെ.തുമ്പക്കുടം പൊട്ടിത്തെറിച്ചപോലെ മക്കളുള്ള ദരിദ്രകുടുംബം. ചേട്ടൻമാർ സ്വന്തം കാര്യം നോക്കിപ്പോയി. പെൺമക്കളും അമ്മയും ബാക്കിയായി.മൂത്ത പെൺകുട്ടി കുടുംബനാഥയായി അവരോഹിക്കപ്പെട്ടു. പിന്നെ കടം വീട്ടൽ,അനിയത്തിമാരുടെ കല്യാണം ,അവരുടെയെല്ലാം മക്കളെ വളർത്തൽ. ! ആർക്കോ വേണ്ടിത്തിരക്കിട്ടു ജീവിച്ചു തീർത്ത ജീവിതം!

ചെറിയ പ്രായത്തിലേ പലയിടങ്ങളിലും വീട്ടുവേലയ്ക്കു പോയി, കുഞ്ഞുങ്ങളെ നോക്കാൻ പോയി. തൊഴിലുറപ്പിനു പോയി.അതിനിടയിൽ തുല്യതാപരീക്ഷയെഴുതി പത്താംക്ലാസ്സ് പാസ്സായിട്ടുമുണ്ട്. താത്ക്കാലികമായി കിട്ടിയ ജോലി സ്ഥിരമായിമാറി ഈ വകുപ്പിൽ എത്തിയതാണ്. 
പുറമെ വെട്ടൊന്ന് കണ്ടം രണ്ടാണ് നയം. വഴക്കിട്ടു ജയിക്കാമെന്ന് കരുതുകയേ വേണ്ട. അറിയാത്തവർക്ക് ഒരു വിട്ടുവീഴ്ച്ചയുമില്ലാത്ത പരുഷപ്രകൃതമായിത്തോന്നും, ഉള്ളിൽപ്പക്ഷേ കരിമ്പിൻനീരാണ്. നിഷ്ക്കളങ്കമായ സ്നേഹത്തിന്റെ "രസ്ബന്തി".ശുദ്ധപാവമാണ്. വർഗ്ഗബോധവും, അവകാശബോധവുമുള്ള സഖാവുമാണ്.

"ആരാണ് പയ്യൻ?"
പയ്യൻ റിട്ടയേഡ് എസ്.ഐയാണ്. പത്രത്തിലെ പരസ്യം കണ്ട് വിളിച്ചതാണ്. ചേച്ചി പത്രത്തിൽ പരസ്യം കൊടുത്തത് അപ്പൊഴാണ് അറിഞ്ഞത്. 
"തെക്കൂന്നാ ..കൊല്ലം ജില്ലയിലെ , കൊട്ടിയം എന്ന സ്ഥലം."

കൊട്ടിയം! ഹാ! എൻ്റെ ഹൃദയം തുടിച്ചു. അതിൽ വാകമരങ്ങൾ പൂങ്കുലകളോടെ ഇറങ്ങി നടന്നു. പഴയ കോളേജ് ലൈബ്രറിയിലേയ്ക്കുള്ള വഴിയിൽ "ബട്ടർക്കപ്സ്" എന്നു പേരുള്ള വെണ്ണപ്പൂക്കൾ കാട്ടുപൊന്തകളിൽ നിന്ന് മേലേയ്ക്കു മുഖമുയർത്തി. കവിതയുടെ ആദ്യകാലപരിക്കുകളും, വെച്ചുകെട്ടുകളുമായി ദിവസവും ചെന്നെത്തിയ പൂർവ്വകാലപരിസരം.എന്റെ കോളേജ്. പ്രീഡിഗ്രിയ്ക്ക്പഠിച്ചത് കൊട്ടിയം NSS കോളേജിലാണ്. 

അപ്പോൾ സ്റ്റോക്റൂമിൽ നിന്ന് ഫാർമസിസ്റ്റിൻ്റെ ആത്മഗതമുയർന്നു.
" തെക്കൻമാരാ! നോക്കീം കണ്ടും വേണം. തെക്കനേം പാമ്പിനേം.. " വരെയെത്തിയ പഴഞ്ചൊല്ലിൻ്റെ ബാക്കിഭാഗം പെട്ടെന്നു എന്തോ ഓർത്ത് വിഴുങ്ങപ്പെട്ടു. ഒരു അരിഷ്ടക്കുപ്പി മറിഞ്ഞു വീണു. ഞാൻ ഒന്നുമറിയാത്ത പോലിരുന്നു.

തിരുവനന്തപുരത്ത് നിന്ന് ഇവിടെ വന്ന കാലം മുതൽ കേൾക്കുന്ന പഴഞ്ചൊല്ലാണ് ആ കേട്ടത്. പൂരിപ്പിക്കാത്ത ബാക്കിഭാഗം എനിക്കറിയാം." തെക്കനേം പാമ്പിനേം കണ്ടാൽ ആദ്യം തെക്കനെ അടിച്ചുകൊല്ലണം." പല കുടുംബസദസ്സുകളിലും തമാശരൂപേണ ഈ കുത്തു കൊണ്ടിട്ടുണ്ട്. മരിച്ചു കിടക്കുന്ന അമ്മയെ ദഹിപ്പിക്കും മുമ്പേ, കഴുത്തിലെ മാലയ്ക്കു തല്ലു കൂടിയ മനുഷ്യരെ, ചൂഷണം മാത്രം സ്വന്തമായുള്ള സ്വാർത്ഥമതികളെയൊക്കെ തെക്കുവടക്കുഭേദമില്ലാതെ എല്ലായിടത്തും കാണാം.
ഇത്ര കാലത്തെ ജീവിതത്തിൽ എല്ലാത്തരം മനുഷ്യരെയും എല്ലായിടത്തും ഞാൻ കണ്ടിട്ടുണ്ട്. സ്നേഹത്താൽ മന്ദബുദ്ധികളായവർ ദേശകാലഭേദമെന്യേ എല്ലായിടത്തും കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. 

" നല്ലതും ചീത്തേം എല്ലാടത്തുമുണ്ട്. നമ്മള് നല്ലോണം ഒന്ന് അന്വേഷിച്ചാൽ മതി."
ഫാർമസിസ്റ്റ് നയം മയപ്പെടുത്തി. സ്റ്റോക്റൂമിന്റെ കിളിവാതിലിലൂടെ ഒരു ചമ്മിയ ചിരി പ്രകാശിച്ചു.

ഇതു പോലെ വീട്ടുകാർ മുൻകൈയെടുക്കാത്തതു മൂലം വിവാഹം നടക്കാഞ്ഞ വേറൊരു ചേച്ചിയെ എനിക്കറിയാമായിരുന്നു. ജൻമനാ മടങ്ങിപ്പോയ കാൽപാദത്തെ തുണിയിൽപ്പൊതിഞ്ഞു ചെരിപ്പിനുള്ളിലാക്കി ഏന്തി വലിഞ്ഞ് അവർ നടന്നു..നാലുകാലുള്ള പോലെ ഓടി നടന്നു പണിയെടുക്കുമായിരുന്നു.
നല്ല പട്ടുസാരികളുടുത്താണ് വരിക. പക്ഷേ കോംപ്ലിമെന്റ് പാടില്ല. ഹായ് ഭംഗിയുണ്ടല്ലോ എന്നുപറഞ്ഞാൽ കഴിഞ്ഞു..പിന്നെ രക്ഷസ്സിനു നേർച്ച,കുട്ടിച്ചാത്തനു കോഴിയും കള്ളും.. കണ്ണു വെച്ചതിൽ നിന്നു രക്ഷപ്പെടാനാണ് . നല്ലൊരു വാക്കു കൂടി താങ്ങാൻ ശീലിച്ചിട്ടില്ലാത്ത ദുർബ്ബലഹൃദയങ്ങൾ ഒരുപാടുണ്ട്.നല്ലതിനെ നല്ലതെന്നു പറയുന്ന മനുഷ്യരെ ഞാൻ സ്നേഹിക്കുന്നു.അതിനു വലിയ ഹൃദയവിശാലത വേണം. അതു കേട്ടാനന്ദിക്കാനാവാത്ത സന്ദേഹികളെയോർത്ത് സഹതപിക്കുന്നു. സൗഭാഗ്യങ്ങൾ പോലും ഭയന്നനുഭവിക്കുന്ന പരിമിതബുദ്ധികൾ!

ഏതായാലും ശാരദയെപ്പോലെയല്ല,
അൽപ്പം വൈകിപ്പോയെന്നേയുള്ളു,റിട്ടയർ ആവുമ്പൊഴേയ്ക്കും ഒരു കുടുംബമായിരിക്കും എന്നാണ് തങ്കച്ചേച്ചിയുടെ തീരുമാനം. ആരും സഹായിച്ചില്ലെങ്കിൽ സ്വയം കണ്ടെത്തും.
"പരസ്യം കണ്ടു മൂപ്പര് വിളിച്ചന്വേഷിച്ചതാ. അങ്ങനെ നേരിട്ടു മിണ്ടി .മിണ്ടിയപ്പോൾ കുറച്ച് നീണ്ടു പോയി" ചേച്ചി വിശദാംശങ്ങൾ പറയുകയാണ്.

"ഉം, ഉം,വിളിയൊക്കെ തുടങ്ങിയിട്ട് കുറച്ചായി". കുറ്റിച്ചൂൽ നിലത്തിട്ട് ഒന്നു നിവർന്ന് സ്വീപ്പർ ബിന്ദു മുറ്റത്തു നിന്നുവിളിച്ചു പറഞ്ഞു. "ഓഹോ " ഞാൻ മൂളി. ചൂലെടുത്ത് ഏതോ പാറ്റയെയോ പഴുതാരയെയോ തലങ്ങും വിലങ്ങുമടിച്ച് അവർ തുടർന്നു.
." രണ്ടാഴ്ചയോളമായി മാഡം. ഇതു കേൾക്കണോ, തങ്കക്കുട്ടീന്നാ മൂപ്പര് വിളിക്കുന്നത്. ഹും! അതിനുമൊരു ഭാഗ്യം വേണം", ഒപ്പം ഒരു ചുടുനെടുവീർപ്പുയർന്നു.

ചേച്ചി നാണം കൊണ്ട് ചുളുങ്ങിപ്പോയി.
ക്യൂ നിൽക്കാത്തവരെയും, ഇടിച്ചു കയറുന്നവരെയും , അമിതസംശയക്കാരെയും അടിച്ചു നിലംപരിശാക്കുന്ന ശൗര്യം വാർന്നു പോയി.. പകരം ഇരുണ്ടകവിളുകൾ പുതിയൊരു സംവേദനം ഏറ്റെടുത്തിരിക്കുന്നു. അവയിൽ ഒരു പുതിയ നുണക്കുഴി ഉദയം ചെയ്തോ. അതോ എനിക്കു തോന്നുന്നതാവുമോ.ഏതായാലും ചേട്ടനിത്തിരി റൊമാന്റിക്കാണ്.നല്ല കാര്യം. ജീവിതത്തിൽ പൂ വിരിയിക്കേണ്ടിടത്തും മുൾച്ചെടി നട്ടുവളർത്തുന്ന മുരടൻമാർ ഒരുപാടുണ്ട്..പ്രകടമായ സ്നേഹവും പരിഗണനയും പൗരുഷവിരോധികളായി മനസ്സിലാക്കുന്ന അപകർഷഅലവലാതികൾ!

ചേട്ടന് 60 വയസ്സു കഴിഞ്ഞിട്ടേയുള്ളു. മാധവൻ എന്നാണ് പേര് .ഭാര്യ പക്ഷാഘാതം വന്ന് കിടപ്പിലായിരുന്നു. കുറച്ചുകാലം മുമ്പു മരിച്ചു.മക്കളെല്ലാം കല്യാണം കഴിഞ്ഞ് സെറ്റിലായി.
ഒത്തിരി ഭൂസ്വത്തൊക്കെയുണ്ട്.
അവസാനം ചേച്ചി കൂട്ടിച്ചേർത്തു,
" ആള് നല്ല സുന്ദരനാ."

"അതിന് ങ്ങള് കണ്ട്ക്ക്ണാ".മറ്റെയാളിൻ്റെ ഇടപെടൽ...
കണ്ടു കാണാൻ ഒരു സാദ്ധ്യതയുമില്ല.
തങ്കച്ചേച്ചി ഒരു സാദാഫോണാണ് ഉപയോഗിക്കുന്നത്. വാട്ട്സാപ്പും FBയുമൊന്നുമില്ല.ആ ഫോണിൽ കാൾ വന്നാൽ എടുക്കാനറിയാം. ആകെ അഞ്ചാറ് contacts മാത്രമേയുള്ളു. അവരെ വിളിക്കാനും അറിയാം. ചേട്ടന്റെ ഫോട്ടോയുമായി മേഘസന്ദേശത്തിലെപ്പോലെ മേഘം വരേണ്ടിവരും. അളകാപുരിയിൽ നിന്നു പണ്ടു കാളിദാസന്റെ യക്ഷനയച്ച പോലത്തെ മേഘം." കൊമ്പു "കുത്തിക്കളിക്കാനൊരുമ്പെടും കൊമ്പനാന പോൽ കാണാനഴകുമായ് ,താഴ്വരയെത്തഴുകി വന്നെത്തിടും കാർമുകിലിനെ " തന്റെ ഛായാചിത്രവുമായയയ്ക്കുമോ കാമുകൻ? ഫോട്ടോയൊന്നും വേണ്ട, അൽപ്പം കഴിഞ്ഞ് നേരിൽത്തന്നെ കാണാമെന്നാണ് പോലും ചേട്ടൻ പറഞ്ഞത്.

പോലീസെന്നു കേട്ടപ്പോൾ , ഉയരമുള്ള, കട്ടിമീശയുള്ള, അൽപ്പം നരയുള്ള ആരോഗ്യവാനായ ഒരു രൂപം മനസ്സിൽ വന്നു.ഇനിയിപ്പൊ ചേച്ചിയ്ക്ക് രാവെളുക്കെ പണ്ട് കള്ളൻമാരെ ഓടിച്ചിട്ടു പിടിച്ച കഥ കേൾക്കാമായിരിക്കും.
 തനിക്ക് നിറം കുറവാണെന്നും,പല്ലു പൊങ്ങിയിട്ടുണ്ടെന്നും ചേച്ചി പറഞ്ഞപ്പോൾ, കറുപ്പിനേഴഴകെന്ന് കാമുകൻ.സ്നേഹമുള്ള ഹൃദയമാണ് പ്രധാനം, അതു മതിയെന്ന്.

ചുരുക്കിപ്പറഞ്ഞാൽ, രണ്ടാഴ്ച്ചയോളമായി രണ്ടുപേരും പരിചയമായിട്ട്.തമ്മിൽ സംസാരിച്ചു പരിചയപ്പെട്ട് പൊരുത്തപ്പെട്ടാൽ മാത്രം മതി വീട്ടിലറിയിക്കലെന്ന് ചെക്കൻ അഭിപ്രായപ്പെട്ടു..എന്നും വൈകിട്ടു വിളിക്കും.അങ്ങനെ ഇപ്പൊ അവർ തമ്മിൽ തീരുമാനമായി. ഹൊ! ഗംഭീരം. ചേട്ടൻ ഭയങ്കര പുരോഗാമിയാണല്ലോ. 

"അദ്ദേഹം ഉടൻ വരുന്നുണ്ട്". ചേച്ചി ചുമരിലേയ്ക്കു ചാരി. ഷീലയോ ശാരദയോ ആരോ ഒരാൾ ചേച്ചിയെ ആവേശിച്ചു.കണ്ണുകൾ ഗൃഢമായൊരു നിർവൃതിയിൽ ചിമ്മിയടഞ്ഞു.കുടുമ്മക്കാരോട് അദ്ദേഹം നേരിട്ടുവിളിച്ചു പെണ്ണു ചോദിച്ചുകഴിഞ്ഞു.ശനിയാഴ്ച ചെക്കൻകൂട്ടര് പെണ്ണുകാണാൻ വരും.ഒരു ലീവ് വേണം. 

ഒരിക്കലും ലീവാവശ്യം വരാത്തയാളാണ്.
"ഒരു ലീവല്ല, ഒമ്പതു ലീവു തരാം. പെണ്ണുകാണലിന് സാരിയൊക്കെയെടുത്തോ?"

ചേച്ചി ഫാർമസിയിലേയ്ക്കു പോയി, കദീജാ ടെക്സ്റ്റൈയ്ൽസിൻ്റെ ഒരു കവറെടുത്തു വന്നു മേശപ്പുറത്തു വെച്ചു. ആ സാരി പുറത്തെടുത്തപ്പോൾ കണ്ണഞ്ചിപ്പോയി.സിന്ദൂരാഭമായ ആ പുടവ തുറന്നിട്ട ജനലിലൂടെയടിച്ച വെയിലിൽ തീക്കട്ട പോലെ മിന്നി. ഒരിത്തിരി തിളക്കം കൂടുതലാണെന്നു തോന്നി. സാരമില്ല. ഇതുവരെയുള്ള നരച്ചനിറങ്ങൾക്കുമേലിനി കടുംനിറങ്ങളുടെ ചായപ്പാട്ടകൾ കമിഴ്ന്നുവീഴട്ടെ.ജീവിതം കളറാവട്ടെ.
ഫാൻസിക്കടയിൽ നിന്നുവാങ്ങിയ ഒരു ജോടി ജിമിക്കികൾ, രക്തവർണ്ണക്കല്ലുകൾ മിന്നിച്ച് മേശപ്പുറത്തെ ഫയലുകൾക്കു മേൽ വിശ്രമിച്ചു.
പൂവേൽപ്പിച്ചിട്ടുണ്ട്.കുടമുല്ല. ചേച്ചിയുടെ കണ്ണുകളിൽ രണ്ടു മുല്ലപ്പൂക്കൾ വിടർന്നു , ഇമകളിൽ ശലഭങ്ങൾ ചിറകടിച്ചു.

അകാരണമായ വിഷാദം പലപ്പൊഴും വന്നു പൊതിയാറുണ്ട്. ഇപ്പോൾ അകാരണമായ സന്തോഷം മനസ്സിൽ വന്നു നിറയുന്നു. പ്രണയം അന്യരുടേതെങ്കിൽപ്പോലും കൗതുകമുള്ള തങ്കക്കുഞ്ഞാണ്. ഒടുവിലെങ്കിലും അതിനെ ഓമനിക്കാനാകുന്നവർ എത്ര ഭാഗ്യവാൻമാരാണ്.
വീട്ടിലെത്തിയപാടെ വളരെ ആവേശപൂർവ്വം ഈ കഥ ഞാൻ അവതരിപ്പിച്ചു. എല്ലാർക്കും തങ്കച്ചേച്ചിയെ അറിയാം. ഞാൻ ലീവായിരുന്ന പല അവസരങ്ങളിലും, ശമ്പളബില്ലുകൾ ഒപ്പിടീക്കാനും മറ്റും ചേച്ചി വീട്ടിൽ വന്നിട്ടുണ്ട്.

എത്ര പറഞ്ഞു കൊടുത്തിട്ടും, അന്ന് 3 വയസ്സു മാത്രമുള്ള എൻ്റെ ഇളയമോൾക്ക് ആ പേര് പറയാൻ നാക്കു തിരിയാറില്ല. ചേച്ചി കൊണ്ടുക്കൊടുക്കുന്ന മിട്ടായി വാങ്ങി പോക്കറ്റിലിട്ടിട്ട് അവൾ താങ്ക്സ് പറയും. പക്ഷേ തങ്ക എന്നു പറയുന്നത് അങ്കിയോ, കുങ്കിയോ ഒക്കെ ആയിപ്പോവും.

മൂത്തയാൾ സ്ക്കൂൾ വിട്ടു വന്നു. യൂണിഫോം പോലും മാറ്റും മുമ്പ് ,മറ്റാരെങ്കിലും ആദ്യം പറഞ്ഞാലോ എന്ന് വെപ്രാളപ്പെട്ട് ചെറുത് ഓടി അടുത്തേയ്ക്കു ചെന്നു." അങ്കിച്ചേച്ചി കണ്ണാണം,"അവൾ വിളിച്ചു പറഞ്ഞു. പലവട്ടം ആവർത്തിച്ചപ്പൊഴാണ് മൂത്തയാൾക്കു കാര്യം മനസ്സിലായത്."ആണോ?" മൂന്നാം ക്ലാസ്സുകാരി എന്നെ നോക്കി.
അതെ, ഞാൻ ചിരിച്ചു. അവൾക്ക് സന്തോഷമായി. തങ്കച്ചേച്ചിയെ ഇഷ്ടമാണ്.
മാധവൻചേട്ടൻ്റെ പ്രണയകഥ പലവട്ടം തലങ്ങുംവിലങ്ങും വീട്ടിൽ ചർച്ച ചെയ്യപ്പെട്ടു.

അങ്ങനെ ശനിയാഴ്ചയും പെണ്ണുകാണലും കഴിഞ്ഞു.ചെക്കനും, രണ്ടു ചങ്ങാതിമാരുമാണ് പോലും വന്നത്.ഒരു ചങ്ങാതി ഇവിടെത്തന്നെ രജിസ്റ്ററോഫീസിൽ നിന്ന് റിട്ടയറായ ആളാണ്. ചേച്ചിയ്ക്കും പരിചയമുള്ളയാൾ.
പയ്യന്റെ മക്കളെല്ലാം കല്യാണം കഴിഞ്ഞ് വേറെ വീട്ടിലാണ്.

വിവാഹശേഷം അദ്ദേഹത്തിന്റെ നാട്ടിലേയ്ക്കു പോവുന്നതിൽ ചേച്ചിയ്ക്ക് നേരിയ വിഷമമെല്ലാം ഉണ്ടായിരുന്നു. ഇതുവരെ നാടു വിട്ട് എങ്ങും പോയിട്ടില്ല. അവിടം വളരെ ദൂരത്താണ്. വയസ്സായ അമ്മയെ ഇനി അനിയത്തിമാരെ ഏൽപ്പിക്കേണ്ടിവരും." എന്നാലും പോയല്ലേ പറ്റൂ" ചേച്ചി ഒരു നെടുവീർപ്പോടെ പറഞ്ഞു. "ഇനീള്ള കാലം
ഒപ്പം തന്നെയുണ്ടാവണം,മാറി നിൽക്കാൻ വയ്യ.ഇടയ്ക്ക് ഇങ്ങോട്ടും വരാലോ.''

വരുമ്പൊഴെല്ലാം ഇവിടെ വന്ന് നിങ്ങളെയെല്ലാം കാണും. ചേച്ചി ഉറപ്പു പറഞ്ഞു. ജനിച്ചു വളർന്ന നാടാണ്. 55 വർഷം ജീവിച്ചയിടം. വലിച്ചാൽ പിഴുതുവരാത്ത കടവേരുകളുണ്ട്.
ചേച്ചിയുടെ സങ്കടം മാധവേട്ടന് മനസ്സിലായി..അദ്ദേഹം ഒരാശയം മുന്നോട്ടു വെച്ചു.
" തങ്കക്കുട്ടിയ്ക്ക് നാടു വിടുന്നത് സങ്കടമാണെങ്കിൽ വേണ്ട. കല്യാണം കഴിഞ്ഞാൽ നമുക്ക് ഇവിടെത്തന്നെ കൂടാം. ഇടയ്ക്കൊന്ന് നാട്ടിൽപ്പോയാൽ മതിയെനിക്ക്."
"എന്തൊരു മനുഷ്യൻ! "മാറാല തട്ടുന്നതിനിടെ ബിന്ദു ഗദ്ഗദകണ്ഠയായി.ഇത്രനാൾ കാത്തിരുന്നത് ഇയാൾക്കു വേണ്ടിയായിരിക്കും. അല്ലാതെ കണ്ട കള്ളുകുടിയനെയൊക്കെ നല്ല പ്രായത്തിൽ കെട്ടിയിട്ടെന്തു കാര്യം. കരിക്കലോം തേച്ച്, മക്കളേം ഒണ്ടാക്കി, ഇടീം തൊഴീം കൊണ്ട്...

പക്ഷേ ഇവിടെക്കൂടാമെന്ന മാധവേട്ടന്റെ ഹൃദയവിശാലത ചേച്ചിയുടെ കുടുമ്മക്കാർക്ക് തീരെ രസിച്ചില്ല.അപ്പോൾ മാത്രം പലർക്കും ഉത്തരവാദിത്തബോധം കലശലായി.
"ഈ കിഴവനെങ്ങാനും ഇവിടെക്കിടന്ന് വയ്യാതായാൽ, അവസാനം നമ്മളെ തലയിലാവും. നടക്കൂല." അവർ പ്രാക്റ്റിക്കലായി. "നിനക്ക് കിഴവൻമാരെ പരിചരിക്കണമെങ്കിൽ വല്ല വൃദ്ധസദനത്തിലും പോയി സഹായിച്ചാപ്പോരേ.കല്യാണം കഴിച്ച് വീട്ടിൽക്കൊണ്ടു വരണോ.?"
ചേച്ചി ആകെ വിഷമത്തിലായി.

എല്ലാവര്‍ക്കും അവകാശമുള്ള കുടുംബസ്വത്തിലാണ് ഹൗസിങ്ങ് ലോണെടുത്തു ജീവിതസ്വപ്നമായ വീടു കൊണ്ടുവെച്ചത്. ഷെയറില്‍ ചേച്ചിയ്ക്കായി തീരുമാനിക്കപ്പെട്ട ഭൂമിയാണ്. പക്ഷേ വാക്കാലുള്ള ഉറപ്പേയുള്ളു. സ്വന്തം പേരില്‍ എഴുതിക്കിട്ടിയിട്ടില്ല. ആഗ്രഹിച്ച പോലെ വെളളടൈലിട്ട്, മഞ്ഞപ്പെയിന്റടിച്ച് മതിലു കെട്ടി. വാടാമല്ലിയും സീനിയയും മുല്ലയുമുള്ള പൂന്തോട്ടം നനച്ചുണ്ടാക്കി മനോഹരമാക്കി. പൈസ മുഴുവന്‍ ചേച്ചി ലോണെടുത്തതാണെങ്കിലും ആധാരപ്രകാരം അവകാശികള്‍ എല്ലാരുമാണ്. എത്ര മധുരമായ സഹജീവിതം!

അമ്പത്തഞ്ചു വയസ്സു വരെ ഒറ്റയ്ക്കു കഴിഞ്ഞ ഒരാള്‍ക്ക്, ഇനി ഇഷ്ടപ്പെട്ടൊരു കൂട്ടു വേണമെന്നു തോന്നാന്‍ പാടില്ലേ? പാടില്ല എന്നാണ് കുടുംബം നിരീക്ഷിക്കുന്നത്. തെക്കു നിന്നു വന്ന പുതുമാരന്‍ ഫിറ്റല്ല. പക്ഷേ ഒരു ഭേദഗതി മുന്നോട്ടു വെച്ചിട്ടുണ്ട്. അത്യാവശ്യമാണെങ്കില്‍ നമുക്ക് ഇവിടന്ന് ആരെയെങ്കിലും ആലോചിക്കാം.

'സ്വത്ത് പോവോന്ന് പേടിച്ചിട്ടാണ് അവറ്റ മുടക്കം പറയുന്നത് 'ബിന്ദു അഭിപ്രായപ്പെട്ടു. കല്യാണം കഴിച്ചില്ലെങ്കില്‍ അവകാശികളില്ല. എല്ലാം അവര്‍ക്കെടുക്കാമല്ലോ.

ഒരു സാധുവിന്റെ ജീവിതപ്രശ്‌നമാണ്. ജോലിസമയം കഴിഞ്ഞ് ഞങ്ങള്‍ ഒന്നു കൂടിയാലോചിച്ചു.
വീട്ടുകാര്‍ ഇടഞ്ഞിട്ടാണ്. ഇനിയെന്തു ചെയ്യും.
'എന്താണ് ചേച്ചിയുടെ തീരുമാനം?'
'എനിക്കിതല്ലാതെ ഇനി വേറൊന്നില്ല.''
ചേച്ചി കട്ടായം പറഞ്ഞു. മഞ്ഞപ്പൂക്കളുള്ള
സാരിത്തുമ്പു കൊണ്ടു കണ്ണുതുടച്ചു.മാധവേട്ടനെ മറക്കാനാവില്ല.' 
കുളത്തില്‍ നിന്നു കേറി ബദാംചെടി തിന്നാന്‍ വന്ന പോത്തുകള്‍ വരാന്തയിലിരുന്ന ഞങ്ങളെ അദ്ഭുതത്തോടെ നോക്കി. ആരും അവരെ ഓടിക്കാന്‍ പാഞ്ഞു ചെന്നില്ല. ഇടംപിരിയില്‍ ആറ്റുനോറ്റുണ്ടായ ആദ്യത്തെ പൂങ്കുല, പലകപ്പല്ലുകള്‍ക്കിടയില്‍ ചതഞ്ഞരഞ്ഞു കുഴമ്പായി.
ഞങ്ങള്‍ ഈ കുഴഞ്ഞ പദപ്രശ്‌നത്തിന്റെ ചതുരക്കള്ളികളില്‍ ധ്യാനമഗ്‌നരായിരുന്നു. അന്നേരമാണ് പോത്തും പൂങ്കുലയും! പുറത്ത് ഉച്ചനേരത്തുള്ള സൂപ്പിബസ്സ് ഹോണടിച്ചു.

'ആവട്ടെ, മാധവന്‍ ചേട്ടന്‍ എന്തു പറഞ്ഞു.? ' ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു. അതാണറിയേണ്ടത്.

'ഒന്നും പേടിക്കണ്ട, വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കില്‍ രജിസ്റ്റര്‍ മാര്യേജ് കഴിക്കാന്‍ തയ്യാറാണെന്നു പറഞ്ഞു.' ആഹാ! അല്‍പ്പം കാത്തിരുന്നെങ്കിലും സംഭവഭരിതമായ ഒരു പ്രണയവിവാഹമാണ് ചേച്ചിയ്ക്ക് വിധിച്ചിരിക്കുന്നത്.
ഞങ്ങള്‍ ആവേശഭരിതരായി.. പിന്നെന്തു വേണം.! ധൈര്യവാനായ ഒരു പുരുഷന്റെ പ്രണയം, പാറയിലിറങ്ങിയ പേരാല്‍വേരു പോലെയാണ്. ഒരിക്കലും പിടിവിടുകയില്ല.
കമിതാക്കള്‍ ഉറച്ച തീരുമാനത്തിലായ സ്ഥിതിയ്ക്ക് ഈ പ്രണയം വിജയിക്കും. ആരെതിര്‍ത്താലും ഈ കല്യാണം നടക്കും. സാക്ഷികളായി ഒപ്പിടാന്‍ ഞങ്ങളെല്ലാമുണ്ട്.

ചേച്ചി മടിച്ചു മടിച്ച് പേഴ്‌സില്‍ നിന്ന് ഒരു ഫോട്ടോ പുറത്തെടുത്തു. പയ്യന്‍ വന്നപ്പോള്‍ കൊടുത്തുപോയ ഫോട്ടോയാണ്. ഞങ്ങളെല്ലാം ആകാംക്ഷയോടെ എത്തിനോക്കി. മാധവേട്ടന് തീരെ കലാബോധമില്ല. പേരിന്
ഒരു നര പോലും ബാക്കിവെക്കാതെയുള്ള അന്യായ മുടികറുപ്പിക്കല്‍. ഡൈ കലക്കിയ ബക്കറ്റില്‍ തല മുക്കിയ പോലെ. പല്ലു കാണിച്ചാണ് ചിരിക്കുന്നത്. മുകള്‍നിരയില്‍ അച്ചടക്കമുള്ള വെപ്പുപല്ലുകളുടെ മിന്നല്‍പ്രകാശം.. ക്ലീന്‍ ഷേവാണ്. മൂക്കിനു താഴത്തെ വിജനപ്രദേശം ചേട്ടന് ഒരു കലാമണ്ഡലം ലുക്ക് നല്‍കുന്നുണ്ട്. ചേച്ചിയെപ്പോലെ കരുത്തുള്ള ഇടിമുട്ടി ശരീരമല്ല, ഒരു ചീര്‍ത്തവണ്ണം, ഫോട്ടോയില്‍ വല്ലാതെ പ്രായം തോന്നിക്കുന്നുണ്ട്. ഫാര്‍മസിസ്റ്റും സ്വീപ്പറും മുഖത്തോടു മുഖം നോക്കി. നിശ്ശബ്ദമായ ഒരു നയനസംവേദനം നടന്നു.. ഞങ്ങള്‍ സങ്കല്‍പ്പിച്ച പോലീസുദ്യോഗസ്ഥന്റെ ദൃഢശരീരത്തെ അലസതയുടെ കൊഴുപ്പ് കീഴടക്കിയിരിക്കുന്നു. സ്വാഭാവികം, റിട്ടയറായിട്ട് കുറച്ചു കാലമായതല്ലേ.
പിന്നെ ഞങ്ങള്‍ മാധവേട്ടന്റെ പഴയ ക്ലാസ്സിക് ഡയലോഗ് മനസ്സാലുരുവിട്ട് ശാന്തരായി. 'ഹൃദയമാണ് പ്രധാനം, അത് മനോഹരമാണല്ലോ! ശില പോലുറപ്പും മലപോലെടുപ്പുമുള്ളത്. അത് മതി.'' ചേച്ചിയ്ക്ക് ഇതിലൊന്നും ഒരു വിഷയവുമില്ല. പിന്നെന്താ?

ആ ഫോട്ടോ ഞാന്‍ കടം വാങ്ങി വീട്ടില്‍ക്കൊണ്ടുപോയി. കണ്ടതും എന്റെ മൂത്തപുത്രി, 'ഈ അപ്പാപ്പനോ' എന്ന് ഞങ്ങളുടെ മനസ്സുകളെ നിര്‍ദ്ദയം ശബ്ദപ്പെടുത്തി.
സ്‌നേഹത്തിന് അങ്ങനെയൊന്നുമില്ല മോളേ. ഞാനവളെ സമാശ്വസിപ്പിച്ചു. അതിന് രൂപവുമായി ഒരു ബന്ധവുമില്ല. എന്നിട്ടും അവളുടെ മുഖം തെളിഞ്ഞില്ല.

കുറച്ചു ദിവസം കഴിഞ്ഞു ചേച്ചി പറഞ്ഞു, മാധവേട്ടന്‍ അടുത്ത തിങ്കളാഴ്ച വീണ്ടും വരും. കല്യാണസാരിയെടുക്കാനും മോതിരവും താലിമാലയും വാങ്ങാനും ഒപ്പം കൊണ്ടുപോവും' തങ്കക്കുട്ടിയുടെ കൂടി ഇഷ്ടം പോലാവട്ടെ, എല്ലാം' എന്നാണ് പറഞ്ഞത്. ഞങ്ങള്‍ക്കെല്ലാം സന്തോഷമായി. ചേച്ചി ഒന്നും പേടിക്കണ്ട, ഒപ്പിടാന്‍ ഞങ്ങള്‍ വരും. ഒരു നല്ല കാര്യത്തിന് അല്‍പ്പം റിസ്‌ക്കൊക്കെയെടുക്കാം. കുടുമ്മക്കാര്‍ ചീത്ത വിളിച്ചാലും സാരമില്ല. സാഹസികമായ ഒരു പ്രണയത്തിനായി പോരാടാന്‍ ഞങ്ങള്‍ തയ്യാറെടുത്തു.

താമസം ഒരു പ്രശ്‌നമാവില്ല. തല്‍ക്കാലം ഇവിടെയടുത്തു തന്നെ ഒരു വാടകവീടെടുക്കാം. ചേച്ചി റിട്ടയറാവാന്‍ ഇനി ഒരു മാസമല്ലേയുള്ളു. അത് കഴിഞ്ഞ് പുതുമോടികള്‍ക്കു സ്വതന്ത്രമായി ഏതു നാട്ടിലും പോയി താമസിക്കാമല്ലോ.

പക്ഷേ അവിടെയാണ് പ്രശ്‌നം. മാധവേട്ടന് വാടകവീട്ടില്‍ താമസിക്കാന്‍ താത്പര്യമില്ല. ചേച്ചിയുടെ ഭാഗം മേടിക്കണമെന്ന് നിര്‍ബന്ധിക്കുന്നു, വീട് നമ്മുടെ സ്വന്തം പേരില്‍ വേണം.. തങ്കമ്മയുടെ ഷെയര്‍ തരട്ടെ, എന്തിനാ നമ്മള്‍ കഷ്ടപ്പെടുന്നത് എന്നാണു ചോദ്യം. വാശിയോടെ അദ്ദേഹം പറഞ്ഞു, 'ഇത്രയും നാളത്തെ പോട്ടെ, ഇനി നിന്നെപ്പറ്റിക്കാന്‍ ഞാനാരെയും സമ്മതിക്കില്ല.'

കാര്യമൊക്കെ ശരിയാണ്. എന്നാലും എനിക്കതിഷ്ടപ്പെട്ടില്ല. അല്‍പ്പം ക്ഷമയൊക്കെയാവാം. ആദ്യം പ്രണയത്തില്‍ വിവാഹപാശം ബന്ധിച്ച് ഞങ്ങളുടെ ചേച്ചിയെ സുമംഗലിയാക്കൂ, ആഗ്രഹിച്ച സംരക്ഷണവും, സന്തോഷവും നല്‍കൂ. ബൈക്കിന്റെ പിന്നിലിരുത്തി വിരുന്നു കൊണ്ടു പോവൂ. കടലും പുഴയും കാണിക്കൂ .സ്വത്തും കേസും കൂട്ടവുമെല്ലാം അതിന്റെ ശേഷം നോക്കാം.

കുറച്ചു കൂടി കാര്യവിവരവും പക്വതയുമുള്ള ബിന്ദുവിന്റെ അഭിപ്രായം വേറെയായിരുന്നു. ശരിക്കും ചേച്ചിയ്ക്ക് അവകാശപ്പെട്ടത് എന്നായാലും കിട്ടേണ്ടതല്ലേ. ഇതിപ്പൊ ഒരു നല്ല കാര്യത്തിനല്ലേ. മാധവേട്ടന്‍ പറയുന്നതിലും കാര്യമുണ്ട്. സ്വന്തമായി വീടുള്ള അവരെന്തിനു വാടകവീട്ടില്‍ താമസിക്കണം.

അങ്ങനെ മാധവേട്ടന്റെ ഉപദേശപ്രകാരം പ്രണയധീരയായ ചേച്ചി മനസ്സില്ലാമനസ്സോടെ കുടുംബക്കാരോടു ഭാഗം ചോദിച്ചു. വലിയ പൊട്ടിത്തെറിയുണ്ടായി. ശാപവും ശകാരവും ഒരുമിച്ചു പുറപ്പെട്ടു. ഒരു കാരണവശാലും നടക്കില്ലെന്ന് അവര്‍ കട്ടായം പറഞ്ഞു. ചേച്ചി തകര്‍ന്നുപോയി.
ഞങ്ങള്‍ക്കും ദേഷ്യം വന്നു. ഒരു കല്യാണമാണ്. സ്‌നേഹിക്കുന്ന രണ്ടാള്‍ക്കാരാണ്. എന്നിട്ടും ചേച്ചിയ്ക്കുള്ളതു കൊടുക്കാതെ അതു മുടക്കാന്‍ നോക്കുന്നു. വല്ലാത്ത ബന്ധുക്കള്‍ തന്നെ!

ഞാനെങ്ങനെ മാധവേട്ടനോടു പറയും. ചേച്ചി സങ്കടപ്പെട്ടു. 'മൂപ്പര്‍ക്കു മനസ്സിലാവും, സ്‌നേഹമുള്ളയാളാണ്.' ബിന്ദു സമാധാനിപ്പിച്ചു. ഞാന്‍ സ്വതേ സര്‍വ്വതിലും സംശയാലുവാണ്, പക്ഷേ ബിന്ദു സ്‌നേഹത്തില്‍ വിശ്വാസമുള്ളയാളായിരുന്നു. സാറ് നോക്കിക്കോ, ചേട്ടന് ഇതൊന്നും വിഷയമാവില്ല. സ്‌നേഹമുള്ള ആണുങ്ങളെക്കിട്ടാന്‍ ഭാഗ്യം ചെയ്യണം.

ആ ഫോണ്‍വിളിയ്ക്കു ഞങ്ങള്‍ ദൃക്‌സാക്ഷികളാണ്. ആ നട്ടുച്ചനേരത്ത് ചേച്ചിയുടെ മുഖം തുടുക്കുന്നതും, ആശ്വാസത്താല്‍ തെളിയു.ന്നതും ഞങ്ങള്‍ പ്രതീക്ഷയോടെ നോക്കിനിന്നു. മാധവന്‍ചേട്ടന്‍ ഒരുപാട് സമാധാനിപ്പിക്കുകയാണുണ്ടായത്. 'സാരമില്ല, തങ്കക്കുട്ടി ഉറച്ചു നിന്നാല്‍ മതി. വേണ്ടിവന്നാല്‍ പോലീസ് സ്റ്റേഷനില്‍ നമ്മുടാള്‍ക്കാരുണ്ട്. എല്ലാം ശരിയാവും. സന്തോഷായിരിക്കൂ.' ബിന്ദു എന്നെ നോക്കി ഒരു വിജയച്ചിരി ചിരിച്ചു. ഞാന്‍ തോല്‍വി സമ്മതിച്ചു.

അങ്ങനെ തിങ്കളാഴ്ച കല്യാണസാരിയെടുക്കാന്‍ ലീവും കൊടുത്ത് പറഞ്ഞയച്ചു.
അടുത്തദിവസം ഞാന്‍ ചെല്ലുമ്പോള്‍, ലീവു പറഞ്ഞു പോയ ചേച്ചിയുണ്ട്, ബെഞ്ചില്‍ താടിക്കു കയ്യും കൊടുത്തിരിക്കുന്നു. ആകെ ശോകമൂകം. രോഗികള്‍ എത്തിത്തുടങ്ങിയിട്ടില്ല. ബഞ്ചിലിരുന്നു ചേച്ചി ഏങ്ങലടിച്ചു.

എന്തു പറ്റി.? സാരിയെടുക്കാന്‍ പോയില്ലേ?
ഇല്ല.
സഹോദരങ്ങള്‍, രഹസ്യനീക്കങ്ങള്‍ കണ്ടുപിടിച്ചോ, കാമുകനെ ഉപദ്രവിച്ചോ!'
തങ്കച്ചേച്ചി എന്നെ നോക്കി. ഒന്നും മിണ്ടിയില്ല. കണ്ണില്‍ ഒരു കരിങ്കടലിളകുന്നു.

ഫാര്‍മസിസ്റ്റ് ആണ് കാര്യങ്ങള്‍ പറഞ്ഞത്.
ചേച്ചി അതിരാവിലെ റെയ്ല്‍വേസ്റ്റേഷനില്‍ പോയി കാത്തിരുന്നു. ട്രെയിന്‍ വന്നു പോയി. മാധവേട്ടനെ കണ്ടില്ല. വിളിച്ചിട്ട് ഫോണെടുക്കുന്നില്ല. ആധി കേറി .

പല തവണ മാറിമാറി വിളിച്ചു. രക്ഷയില്ല. ഒടുക്കം ബൂത്തില്‍ നിന്ന് വിളിച്ചപ്പോള്‍ എടുത്തു. വീട് സ്വന്തം പേരിലാക്കണം, അത് വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കില്‍ കേസ് കൊടുത്തു വാങ്ങിക്കണം. നിയമസഹായമോ പോലീസ് സഹായമോ വേണമെങ്കില്‍ മൂപ്പര്‍ നല്‍കും. രണ്ടു ദിവസത്തിനകം തീരുമാനമറിയിക്കണം. എന്നിട്ടേ താലി വാങ്ങുന്നുള്ളു എന്നു തീര്‍ത്തു പറഞ്ഞു. ഫോണ്‍ വെച്ചു.

ആകെ ഷോക്കായിപ്പോയി. സമവായവുമായി ബിന്ദു രംഗത്തെത്തി. കേസ് കൊടുത്തു വാങ്ങാനല്ലേ പറഞ്ഞുള്ളു. നമ്മള്‍ക്ക് അങ്ങനെ നോക്കാം. ചേട്ടന്‍ പാവാടാ ലൈന്‍.
'എനിക്കിനി ജീവിക്കണ്ടാ' തങ്കച്ചേച്ചി പൊട്ടിക്കരഞ്ഞു. എല്ലായിടത്തു നിന്നും പുറന്തള്ളപ്പെട്ട ഒരു സാധുവിന്റെ കണ്ണീരാണത്. തടഞ്ഞില്ല. വരില്ലെങ്കില്‍ അയാള്‍ക്കതു മുന്നേ പറയാമായിരുന്നു.
അവരെയെങ്ങനെ സമാധാനിപ്പിക്കണമെന്നു മനസ്സിലായില്ല.

'ചേച്ചിയാ നമ്പറൊന്നു തന്നേ. '
ഉച്ച കഴിഞ്ഞ് തിരക്കൊഴിഞ്ഞപ്പോള്‍ ഞാനാവശ്യപ്പെട്ടു.
ഫാര്‍മസിസ്റ്റ് കണ്ണു കൊണ്ടു തടഞ്ഞു. കാര്യമൊന്നും ഇല്ലായിരിക്കും, എന്നാലും ഒരു ശ്രമം..' നമുക്കു സംസാരിക്കാം, ചെറിയ ഈഗോ പ്രശ്‌നം വല്ലതുമാവും.ശരിയാക്കാം '

ചേച്ചി തന്ന നമ്പര്‍ ഡയല്‍ ചെയ്തു. ഫോണുമായി ഞാന്‍ പുറത്തിറങ്ങി. വെള്ളം നിറഞ്ഞു കിടന്ന ചിറയ്ക്കരികിലെ ബദാമിന്റെ ചോട്ടില്‍ച്ചെന്നു നിന്നു. ചേച്ചി കേള്‍ക്കണ്ട സംസാരം.
അപ്പുറത്ത് റിങ്ങ്‌ടോണ്‍ മുഴങ്ങി, 'എന്റെയെല്ലാമെല്ലാമല്ലേ
എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ.'

രണ്ടു മൂന്നു വട്ടം പാട്ടു മുഴങ്ങിക്കഴിഞ്ഞ് 'അലോ' എന്ന് ഒരു വൃദ്ധശബ്ദം കേള്‍ക്കുമാറായി. നെഞ്ചിടിപ്പോടെ ഞാന്‍ സ്വയം പരിചയപ്പെടുത്തി. വലിയ ബഹുമാനത്തോടെയായിരുന്നു പ്രതികരണം.
'മേഡം പറയൂ.'
ഒരു പ്രതീക്ഷ തോന്നി. 'കാര്യങ്ങളെല്ലാമറിഞ്ഞു. വലിയ കഷ്ടമാണ്. നിങ്ങളങ്ങനെ പ്രതീക്ഷ കൊടുത്തിട്ട്.. '

ഞാന്‍ നിര്‍ത്തി.
അയാള്‍ നിര്‍ത്തിയതേയില്ല.
'തങ്കക്കുട്ടിയ്ക്ക് എന്നോട് പ്രേമം തോന്നിക്കാണും. എന്റെ രീതികള്‍ അങ്ങനെയാണ്. പൊതുവേ സ്ത്രീകള്‍ ഇഷ്ടപ്പെട്ടു പോവും.!
ഞങ്ങള്‍ കുറച്ച് അടുത്തിടപഴകിപ്പോയി.
വേറെ സ്ത്രീധനമൊന്നും ഞാന്‍ ചോദിച്ചില്ലല്ലോ. വാടകവീട്ടിലൊന്നും താമസിച്ച് ശീലമില്ല. എനിക്ക് വീടു വേണം. അതു മസ്റ്റാ.'

വീണ്ടുമെന്തെല്ലാമോ പറയണമെന്നുണ്ടായിരുന്നു. ചേച്ചി വല്ല കടുംെൈകയും ചെയ്താല്‍ അയാളാവും ഉത്തരവാദിയെന്നു മാത്രം പറഞ്ഞു. മറുപടി ഉഗ്രനായിരുന്നു.
'കാണാനങ്ങനെ ഭംഗിയുമൊന്നുമില്ല. റിട്ടയറാവാനായില്ലേ? ചെറിയോരു പെന്‍ഷന്‍ മാത്രേ കിട്ടു. അതൊക്കെപ്പോട്ടെ, വീടും കൂടില്ലെങ്കില്‍പ്പിന്നെ.. എനിക്കെന്താ മേഡം കാര്യം?''

ഒന്നു കൊടുക്കാനാണു തോന്നിയത്. വയസ്സാം കാലത്ത് മുറുക്കാനിടിച്ചു കൊടുക്കാന്‍ ഒരു പെണ്ണും, അതിനവള്‍ക്ക് അവസരം നല്‍കുന്നതിന് ഇങ്ങോട്ട് ഡിമാന്‍ഡും. കൂടുതല്‍ പറയുന്നതിലര്‍ത്ഥമില്ലെന്നു മനസ്സിലായി. അയാളിനി വന്നിട്ടും കാര്യമില്ല. ഫോണ്‍
വെയ്ക്കും മുമ്പ് അയാള്‍ പറഞ്ഞു,
'ഏതായാലും ഞാന്‍ രണ്ടുദിവസം കഴിഞ്ഞ് വിളിക്കാം. ഷീജാ മാഡത്തിന്റെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ട്. ഇടയ്ക്കു വേണ്ടി വന്നാല്‍ വിളിക്കാമല്ലോ.'

ഞാന്‍ ഫോണ്‍ കട്ടു ചെയ്തു. ചേച്ചി വരാന്തയില്‍ വന്നുനിന്ന് പ്രതീക്ഷയോടെ എന്നെ നോക്കുന്നു. തിരക്കിലാണ്, പിന്നെ വിളിക്കുമെന്ന് ഞാന്‍ സമാധാനിപ്പിച്ചു. എന്റെ കണ്ണില്‍ പ്രകടമായ സമാധാനക്കേടുണ്ടായിരുന്നു, നെഞ്ചില്‍ ഭാരവും.രണ്ടുദിവസം കഴിയട്ടെ. അയാള്‍ എന്തു തീരുമാനിക്കുന്നെന്നു നോക്കാം. എന്തു തീരുമാനിച്ചാലും അയാള്‍ വേണ്ടെന്നാണഭിപ്രായം.. പക്ഷേ അത് എങ്ങനെ പറയും. അലങ്കോലപ്പെട്ട മനസ്സോടെ അന്നു ഞങ്ങള്‍ പിരിഞ്ഞു.

പിറ്റേന്ന് അയാള്‍ക്കൊപ്പം പെണ്ണുകാണാന്‍ വന്ന നാട്ടുകാരന്‍ അപ്പുപ്പന്‍ ചേച്ചിയെ വഴിയില്‍ വെച്ചു കണ്ടു. കാര്യം പറഞ്ഞ് ചേച്ചി തേങ്ങിക്കരഞ്ഞു. അയാള്‍ സമാധാനിപ്പിച്ചു, 
'ആ മാധവന്‍ എന്നെക്കാള്‍ മൂത്തതാ. പത്തെഴുപത്തഞ്ച്
വയസ്സായി. പ്രമേഹോം പ്രഷറും ഹൃദ്രോഗോമുണ്ട്. പല്ലെല്ലാം വെപ്പാ. പോലീസില് കുറച്ച് കാലം താത്ക്കാലികത്തിന് ഡ്രൈവറായിരുന്നു. അവന്‍ വേറേം പലയിടത്തും പെണ്ണുകാണാന്‍ നടക്കുന്നുണ്ട്.
ഇവിടെക്കിടന്ന് വല്ലോം പറ്റിയാ നിങ്ങള് ഉത്തരം പറയണ്ടേ. സഹോദരിയെപ്പോലെ കണ്ട് പറയുവാ, അത് ങ്ങക്ക് നന്നാവൂല. പോയതു തന്നാ നല്ലത്.'

രാവിലെ സാറേ എന്നുറക്കെ വിളിച്ചു കൊണ്ടാണ് ചാറ്റല്‍മഴയത്ത് ചേച്ചി ഡിസ്‌പെന്‍സറിയിലേയ്ക്കു ഓടിക്കയറിയത്. ഞങ്ങളെല്ലാം ഇറങ്ങിച്ചെന്നു.

റജിസ്റ്ററോഫീസ് അപ്പൂപ്പന്‍ നല്‍കിയ വിവരങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്ത്, തിണ്ണയിലിരുന്നു. ഞാന്‍ ചേച്ചിയുടെ കൈകള്‍ കൂട്ടിപ്പിടിച്ചു. 'രക്ഷപ്പെട്ടെന്നു കരുതിയാല്‍ മതി.' 'അങ്ങനെ പറയല്ലേ, ചിലപ്പൊ മനസ്സു മാറി ഇനിയും വിളിക്കും, നമുക്കു നോക്കാം, ബിന്ദു മന്ത്രിച്ചു.

'ആ തെണ്ടിയെപ്പോവാന്‍ പറ.' സാരിത്തല വീശി ചേച്ചി സ്ഥാപനത്തിനുള്ളിലേയ്ക്കു കയറി. കണ്ണു നിറഞ്ഞൊഴുകിയത് ഞങ്ങള്‍ കണ്ടില്ലെന്നു നടിച്ചു.

ഒരുമാസക്കാലത്തെ പ്രണയം അതിന്റെ മുഖപടമഴിച്ച് ഇറങ്ങിപ്പോയപ്പോള്‍, പഴയ പരുഷയായ തങ്ക വീണ്ടും പ്രത്യക്ഷപ്പെട്ടു. സ്‌നേഹഭംഗത്തിന്റെ രോഗാണു അത്ര വേഗമൊന്നും കീഴ്‌പ്പെടുകയില്ല. ചിലതരം വൈറസുകളെപ്പോലെ അതു നമ്മളില്‍ ഒരു ജീവിതചക്രം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പല ഘട്ടങ്ങളിലൂടെ വിഭജിച്ചു വളരും. യാതനയുടെ ആ കൊടുംവ്യാധിക്കാലത്ത് കണ്ണുകള്‍ അകാരണമായി കവിഞ്ഞു കൊണ്ടിരിക്കും. രാവിലെ ഉണരുമ്പോള്‍ ഹൃദയത്തിന്റെ കനം താങ്ങാനാവില്ലെന്നു തോന്നും. പതിയെപ്പതിയെ വീര്യമടങ്ങി ദുര്‍ബ്ബലമാവും. രോഗലക്ഷണങ്ങള്‍ ശമിക്കും. രോഗി പ്രതിരോധം വീണ്ടെടുക്കും.
ഒരാള്‍ ഒറ്റയ്ക്കനുഭവിച്ചുതീര്‍ക്കേണ്ട നരകമാണത്! ഓര്‍മ്മകളുടെ കോര്‍മ്പല്ലുകള്‍ ഉറക്കത്തെ കടിച്ചു കുടയുന്ന ദുഷ്ടരാത്രികള്‍.

റിട്ടയര്‍മെന്റ് കഴിഞ്ഞ് നാലഞ്ചുമാസത്തിനു ശേഷം മക്കളും പേരക്കുട്ടികളുമുള്ള വിഭാര്യനായ മറ്റൊരു പയ്യന്‍ ചേച്ചിയെ വിവാഹം കഴിച്ചു. വീട്ടുകാര്‍ ആലോചിച്ചു നടത്തിയ കല്യാണം. ഞങ്ങള്‍ ആ കല്യാണത്തിനു പോയിരുന്നു. കണ്‍മഷിയെഴുതിയ കണ്ണുകളില്‍ തകര്‍ന്ന പ്രണയത്തിന്റെ മുറിപ്പാടുകള്‍ ഞാന്‍ കണ്ടു. ചതിയനായ ഒരു വയോവൃദ്ധന്‍ വെച്ചു നീട്ടിയ സ്‌നേഹലാളനകളുടെ സ്മരണകള്‍ ഇപ്പോഴും ചേച്ചിയെ അലട്ടുന്നുണ്ടോ?

വരന്‍ ഒരു നിര്‍വ്വികാരനായ കൃഷിക്കാരനായിരുന്നു. അന്തര്‍മുഖനായ കുടുംബസ്ഥന്‍. വയസ്സുകാലത്ത് നോക്കാന്‍ ഒരാള്‍ വേണമെന്ന് മക്കള്‍ക്കായിരുന്നു വാശി. അവര്‍ക്കു കഴിയില്ല.

മക്കളും മരുമക്കളും പേരക്കുട്ടികളുമുള്ള ഒരു വലിയ തറവാട്ടിലേയ്ക്കാണ് ചേച്ചി പുത്തന്‍പെണ്ണായി കടന്നു ചെന്നത്. പിഞ്ചുമക്കളെ പുത്തന്‍ അമ്മമ്മയെ ഏല്‍പ്പിച്ച് മരുമക്കള്‍ ടെക്‌സ്‌റ്റൈല്‍ കടയില്‍ ജോലിക്കു പോയി. പലര്‍ക്കും വേണ്ട വിധത്തില്‍ ഭക്ഷണമുണ്ടാക്കാന്‍ അവര്‍ ചേച്ചിയ്ക്കു ക്ലാസ്സെടുത്തു. പശുവിന് വെളളം കൊടുക്കണം, വിറകുമുട്ടി ചെറുതാക്കണം, അടുപ്പൂതിത്തന്നെ ചോറു വെക്കണം. പെന്‍ഷന്‍കാശ് ഭര്‍ത്താവിനെ ഏല്‍പ്പിക്കണം. കാല്‍പ്പനികസങ്കല്‍പ്പങ്ങള്‍ ഇളക്കിമറിച്ച് ചാണകപ്പൊടിയും എല്ലുപൊടിയും വിതറി വിവാഹം ചേച്ചിയെ പുതുജന്‍മമെടുക്കാന്‍ കുഴിച്ചിട്ടു. ചേച്ചി ആ മണ്ണില്‍ മുളയ്ക്കുന്ന വിത്തായിരുന്നില്ല. ആറുമാസം കൊണ്ട് ഭാര്യയും അമ്മയും അമ്മായിയമ്മയും അമ്മമ്മയുമായി ജീവിച്ച് കൊതിയും മതിയും തീര്‍ന്ന് ഡിവോഴ്സ് വാങ്ങി വീട്ടിലേയ്ക്കു തിരിച്ചെത്തി. ഇപ്പോള്‍ ശമം വന്ന സന്യാസിനിയായി സ്വന്തം പര്‍ണാശ്രമത്തില്‍ സ്വൈരമായി അധിവസിക്കുന്നു.