സ്‌കോട്ട് ആഡംസ് (Scott Adams) ന്റെ പ്രശസ്ത കാർട്ടൂൺ കഥാപാത്രമായ Dilbert-ന് കണ്ണും മൂക്കും ചെവിയുമുണ്ടായിരുന്നു, വായ ഇല്ലായിരുന്നു. എന്നിട്ടും ആ കഥാപാത്രം കോടിക്കണക്കിനു വരുന്ന ലോകരോട് സംസാരിച്ചു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകം മുതൽ ഈ നൂറ്റാണ്ടിന്റെ ആദ്യ രണ്ടുദശകങ്ങൾ വരെ ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഒരു പക്ഷേ കാണുകയും ഇഷ്ടപ്പെടുകയും ചെയ്ത ആ കാർട്ടൂൺ കഥാപാത്രത്തിന്റെ സ്രഷ്ടാവ് ജനുവരി പതിമൂന്നാം തീയതി അറുപത്തിയെട്ടാം വയസ്സിൽ അന്തരിച്ചു. Prostate അർബുദമായിരുന്നു രോഗം.

To advertise here,

Dilbert-ന്റെ ജനപ്രിയതയെക്കുറിച്ച് പറയാൻ ഒരൊറ്റ വാചകം മതിയാകും. ഒരേ സമയം, ഒരേ ദിവസം എഴുപതു രാജ്യങ്ങളിൽ രണ്ടായിരം വാർത്താപത്രങ്ങളിൽ ആ കാർട്ടൂൺ പരമ്പര പ്രസിദ്ധീകരിച്ചു വന്നിരുന്നു. ലോകത്തിൽ മറ്റൊരു ബിസിനസ് കാർട്ടൂണിനും അങ്ങനെയൊരു ഭാഷാതീത-ദേശാതീത ജനസമ്മതി ലഭിച്ചിട്ടില്ല. അതിനുള്ള കാരണം സ്‌കോട്ട് ആഡംസ് തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്:  '(വെള്ളക്കോളർ) ജീവനക്കാർ നിരാശരായിരിക്കുകയും, എന്നാൽ ഉച്ചത്തിൽ അതേക്കുറിച്ച് എന്തെങ്കിലും പരാതിപ്പെട്ടുപോയാൽ ഉണ്ടാകാനിടയുള്ള അനന്തരഫലങ്ങളെ ഭയപ്പെടുകയും ചെയ്യുന്നിടത്തോളം കാലം 'ഡിൽബർട്ട്' ജനപ്രിയമായി തുടരുമെന്ന് ഞാൻ കരുതുന്നു. ജോലിസ്ഥലത്തെ അതൃപ്തിയുടെ നിയുക്ത ശബ്ദമാണ്, തൊഴിൽ പേരാണ് 'ഡിൽബർട്ട്'. ഞാൻ ഒരിക്കലും ആ കഥാപാത്രത്തെ അങ്ങനെ ആസൂത്രണം ചെയ്തതല്ല, അങ്ങനെ സംഭവിച്ചുപോയതാണ്'.

സ്‌കോട്ട് ആഡംസിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കാർട്ടൂണിസ്റ്റുകളിൽ ഒരാളായ ഇ.പി. ഉണ്ണി എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നുണ്ട്: '(വിരസവും മാനസികസമ്മർദ്ദം ഉണ്ടാക്കുന്നതുമായ) ദൈനംദിന കോർപ്പറേറ്റ് ജീവിതത്തെ ചിത്രീകരിക്കുന്നതിന് ഉതകുന്ന ധാരാളം ഉപകഥകൾ കണ്ടെത്തിയ സ്‌കോട്ട്, അതേസമയം ആ രംഗങ്ങളെ നാടകീയമാക്കാനായി ശ്രമിച്ചില്ല. അദ്ദേഹം തൊഴിലിടത്തെ പ്രവർത്തനക്ഷമമായ അടിച്ചമർത്തലിടമാക്കി ചിത്രീകരിച്ചു. ലോകർക്ക് നിത്യപരിചിതമായ ഓഫീസ് ഇടങ്ങൾ അദ്ദേഹത്തിന്റെ പാനലുകളിൽ പഴയ ഹോളിവുഡ് കാലഘട്ടത്തിലെ സിനിമാസെറ്റുപോലെ നിർജീവമായി അവതരിച്ചു. കാർഡ്‌ബോർഡ് കട്ട് ഔട്ടുകൾ പോലെ തോന്നിക്കുന്ന ക്യൂബിക്കിളുകളിൽ, അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പാവകളെപ്പോലെ സഞ്ചരിച്ചു. എന്നിരുന്നാലും, അവരെല്ലാവരും തന്നെ ഭയാനകമായ ഒരു ഭാവി കോർപ്പറേറ്റ് ഓഫീസിലെ പട്ടാളച്ചിട്ടയ്ക്ക് യോജിക്കുന്നവരായി തോന്നി'.

ആഗോളവത്കരണാനന്തര ലോകത്തിൽ വെള്ളക്കോളർ തൊഴിലിടങ്ങളുടെ സ്വഭാവത്തിലും ജീവനക്കാരെ ചൂഷണം ചെയ്യുന്ന രീതികളിലുമുള്ള സമാനതയാണ് Dilbert-ന്റെ സർവലോകസമ്മതിയ്ക്കുള്ള ഒരു കാരണം. 1848 ഫെബ്രുവരി ഇരുപത്തിയൊന്നാം തീയതിയായിരുന്നു മാർക്സും ഏംഗൽസും ലോകത്തെ തീ പിടിപ്പിച്ച മുദ്രാവാക്യം പ്രസിദ്ധീകരിച്ചത്, 'സർവ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ' എന്ന്. എന്നാൽ ആഗോളവത്കരണത്തിന്റെയും കോർപ്പറേറ്റ് സാമ്ര്യാജ്യങ്ങളുടേയും കാലത്ത് സ്‌കോട്ട് ആഡംസ് എന്ന മുൻ കോർപറേറ്റ് ജീവനക്കാരൻ Dilbert എന്ന കഥാപാത്രത്തിലൂടെ, തമാശയിലൂടെ, സർവ്വരാജ്യങ്ങളിലേയും വെള്ളക്കോളർ ജീവനക്കാരുടെ ഉദ്വേഗങ്ങളെയും നിരാശകളെയും ചിത്രീകരിക്കുക വഴി മറ്റൊരുതരം സംഘാടനത്തിന് നേതൃത്വം കൊടുത്തു. അത് ചങ്ങലകൾ പൊട്ടിച്ചെറിയാൻ പറഞ്ഞില്ല. മറിച്ച് ചങ്ങലകളിൽ കിടന്നുകൊണ്ട്, സ്വന്തം പരിതാപങ്ങളെ നോക്കി ചിരിച്ചാശ്വസിക്കാൻ പ്രേരിപ്പിച്ചു.

കാലിഫോർണിയയിലെ പ്രധാന ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയായ പസിഫിക് ബെല്ലിലെ കോർപ്പറേറ്റ് ജോലി രാജിവെച്ച് 1986-ലാണ് അദ്ദേഹം മുഴുവൻ സമയ കാർട്ടൂണിസ്റ്റാകുകയും Dilbert തുടങ്ങുകയും ചെയ്തത്. എന്നാൽ 2008-ൽ അദ്ദേഹം പറഞ്ഞു, തന്റെ കഥാപാത്രത്തെ തനിക്ക് ഇതുവരെ അത്ര നന്നായി പിടി കിട്ടിയിട്ടില്ലെന്ന്. അദ്ദേഹം പറഞ്ഞു: ' 1989 മുതൽ ഞാൻ Dilbert-നെ വരയ്ക്കുന്നു. എന്നാൽ, എനിക്കയാളെ നന്നായറിയില്ല. സമൂഹവുമായി ഇടപെടുമ്പോൾ Dilbert-നുള്ള കഴിവുകേടുകൾ എന്റെ വ്യക്തിസ്വഭാവത്തിന്റെ മാതൃകയിൽനിന്നു ഉരിത്തിരിഞ്ഞതാണ്. പ്രൊഫഷണലായ അയാളുടെ കഴിവുകൾ എന്റെ തൊഴിലിടത്തിൽ ഞാൻ പരിചയപ്പെട്ടവരിൽ നിന്നുമുണ്ടായതാണ്. ഈ കാർട്ടൂൺ പരമ്പരയിൽ വരുന്ന Dogbert എന്ന നായയാകട്ടെ എന്റെ കുടുംബത്തിലുള്ള, എന്നാൽ ഞാൻ വിളിച്ചാൽ ഒരു പരിചയവുമെന്നോട് നടിക്കാത്ത നായയിൽനിന്നു വന്നതാണ്.'

ഒരു കലാകാരന്റെ സൃഷ്ടികൾ അദ്ദേഹത്തിന്റെ പൊതുജീവിതവുമായി ബന്ധപ്പെടുത്തിയാണോ അതോ അദ്ദേഹത്തിൽനിന്നു സർവ്വതന്ത്രസ്വതന്ത്രമായ കലാരൂപങ്ങളായിട്ടാണോ കാണേണ്ടതെന്ന ചോദ്യത്തിന് കലാചരിത്രത്തോളം തന്നെ പഴക്കമുണ്ട്. വ്യക്തമായ ഉത്തരം അതിനുണ്ടോ എന്നറിയില്ല. ഏതായാലും സ്‌കോട്ട് ആഡംസിന്റെ സർഗ്ഗജീവിതത്തിന്റെ അവസാനകാലത്തിൽ ആ വിചാരണയ്ക്ക് അദ്ദേഹം വിധേയനാകുകയും പൊതുമണ്ഡലത്താൽ ശിക്ഷിക്കപ്പെടുകയും ചെയ്തു. തീവ്രവലതുപക്ഷ- വംശീയ നിലപാടുകൾ വ്യക്തിജീവിതത്തിൽ എടുക്കുകയും സ്ത്രീകൾക്കെതിരേയും കറുത്ത വർഗ്ഗക്കാർക്കെതിരേയും പരസ്യനിലപാടുകളെടുക്കുകയും ചെയ്തു. കറുത്തവർഗ്ഗക്കാരെ അവഹേളിക്കുന്ന സ്വരത്തിൽ 2023-ൽ സംസാരിച്ചതോടെ പൊടുന്നനെ ആയിരത്തോളം പത്രങ്ങൾ Dilbert പ്രസിദ്ധീകരിക്കുന്നത് നിർത്തിവെയ്ക്കുകയായിരുന്നു. എന്നാൽ, തീവ്ര വലതുപക്ഷ നിലപാടെടുക്കുകയും ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുകയും ചെയ്ത സ്‌കോട്ട് ആഡംസ് മാപ്പുപറയാൻ വിസമ്മതിച്ചു.

ആസന്നമരണനായ അദ്ദേഹം 2026-ലെ പുതുവർഷദിനത്തിൽ എഴുതി; 'പിൻവാങ്ങുന്നതിനുമുമ്പേ കുറച്ചു കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. എന്റെ തലച്ചോറ് തോൽക്കുന്നതിനുമുൻപേ എന്റെ ശരീരം തോറ്റിരിക്കുന്നു. 2026 ജനുവരി ഒന്നിന് ഞാനിതെഴുതുമ്പോൾ എന്റെ മനസ്സ് പഴയപോലെതന്നെ ആരോഗ്യവത്താണ്. ഞാൻ നേടിയതിനോടൊന്നും എനിക്ക് യാതൊരു ആസക്തിയുമില്ല. മനോഹരമായ ഒരു ജീവിതം ഞാൻ ജീവിച്ചു. എനിക്കുള്ളതെല്ലാം ഞാൻ ഈ ലോകത്തിന് നൽകി. ഒരു പക്ഷേ അതുകൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും പ്രയോജനങ്ങളുണ്ടായേക്കാം. ദയവായി ഒരു കാര്യമറിയുക. ജീവിതാവസാനം വരെ നിങ്ങളെയെല്ലാവരെയും ഞാൻ സ്‌നേഹിച്ചു.'

കലാകാരൻ എന്ന സാമൂഹ്യജീവി വിചാരണ ചെയ്യപ്പെടുമ്പോഴും അയാളുടെ കല അർത്ഥവത്താണെങ്കിൽ, അത് അതിജീവിക്കുമെങ്കിൽ, ഭൂമുഖത്ത് വെള്ളക്കോളർ ജോലികൾ ഉള്ളിടത്തോളം കാലം Dilbert നമ്മുടെ ഓഫീസ് ക്യൂബിക്കുകളിൽ മുകളിലേക്കുയർന്ന ചുവന്ന ടൈയുമായി നടക്കും, അതു തീർച്ചയാണ്.