
അതിനിടയില്‍ മോളെ തല്ലിയ കേസില്‍ നഷ്ടപരിഹാരമായി പട്ടികജാതി വകുപ്പില്‍ നിന്നു കുറച്ചു പൈസ കിട്ടിയിരുന്നു. ആ പൈസ കൊണ്ട് മോന് ഒരു ഓട്ടോ വാങ്ങി. അങ്ങനെ മനുവും ഓട്ടോറിക്ഷ ഓടിക്കാന്‍ തുടങ്ങി. മോള് അപ്പോഴേക്കും എസ്.എസ്.എല്‍.സി. കഴിഞ്ഞു തിരുവനന്തപുരത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ കമ്പ്യൂട്ടര്‍ ഡിപ്ലോമ കോഴ്സിനുചേര്‍ന്നു. പക്ഷെ കുറേനാള്‍ വീട്ടില്‍ നിന്നുമാറി നിന്നതുകൊണ്ട് ഇനി താന്‍ അവിടെ പഠിക്കുന്നില്ല എന്നവള്‍ പറഞ്ഞു. രാജന് റോബര്‍ട്ട് എന്ന ഒരാളുടെ കൂടെയായിരുന്നു അന്നവള്‍ താമസിച്ചത്. അദ്ദേഹമായിരുന്നു തിരുവനന്തപുരത്ത് വേണ്ട സഹായങ്ങള്‍ ചെയ്തുതന്നത്. അവള് ടി.സി വാങ്ങി പയ്യന്നൂരിലേക്ക് വന്നു. ആ ഒരു വര്‍ഷം അവള് പഠിക്കാന്‍ പോയില്ല. അടുത്തവര്‍ഷം അവളെ പ്ലസ് വണ്ണില്‍ പയ്യന്നൂരില്‍ ചേര്‍ത്തു. അവള് പ്ലസ് വണ്ണും പ്ലസ് ടുവും പഠിച്ചത് പയ്യന്നൂര്‍ ഗേള്‍സ് സ്കൂളിലായിരുന്നു.
ശ്രീഷ്കാന്ത് ആ കാലങ്ങളില്‍ വണ്ടി ഓടിക്കുകയായിരുന്നു. പക്ഷെ ഓട്ടോസ്റ്റാന്‍ഡിലെ ശല്യം സഹിക്കാന്‍ വയ്യാത്തതായിരുന്നു. ശ്രീഷ്കാന്ത് ഓട്ടോ ഓടിക്കുമ്പോള്‍ പാട്ട് പാടുക, കമന്റ് പറയുക, അങ്ങനെ ഓരോരോ കാര്യങ്ങള്‍ ചെയ്തു നിരന്തരം പ്രകോപിപ്പിക്കാന്‍ നോക്കി. ഒരിക്കല്‍ ശ്രീഷ്കാന്തിന്റെ നിയന്ത്രണം വിട്ടു. ഒരു പ്രാവശ്യം ബാബു എന്ന ഒരാള്‍ എന്നെ ചേര്‍ത്ത് അശ്ലീലപ്പാട്ട് പാടിയപ്പോള്‍ ശ്രീഷ്കാന്തിന് നിയന്ത്രിക്കാനായില്ല. അങ്ങനെ ഓട്ടോ സ്റ്റാന്‍ഡില്‍ അടിയുണ്ടായി. കുറെ നാളുകള്‍ കളിയാക്കലുകള്‍ തുടര്‍ന്നതിനുശേഷമാണ് ശ്രീഷ്കാന്ത് പ്രതികരിച്ചത്. അവസാനം എല്ലാവരും കൂടിച്ചേര്‍ന്ന് ശ്രീഷ്കാന്തിനെ അടിച്ചു. പക്ഷെ കേസ് വന്നത് ശ്രീഷ്കാന്തിനു നേരെയും. ബാബു എന്നയാള്‍ പ്രായമുള്ള മനുഷ്യനാണെന്നും പറഞ്ഞ് ആശുപത്രിയില്‍ പോയി അഡ്മിറ്റ് ചെയ്തു. ശ്രീഷ്കാന്തിന്റെ ഫോണും പോയി കേസും വന്നു.
Also Read
ശ്രീഷ്കാന്തിനു പണിക്കുപോകാന്‍ തീരെ താല്പര്യമില്ലാതെയായി. ഒരിക്കല്‍ ഞാനും മോളും ശ്രീഷ്കാന്തും പീടികയില്‍ പോയി സാധനം വാങ്ങിച്ചു വരുമ്പോള്‍ ഓട്ടോ തടഞ്ഞു മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിച്ചു. അവരുടെ വീടിന്റെ മുന്നില്‍ നിന്നായിരുന്നു സംഭവം. പ്രശ്നങ്ങള്‍ വീണ്ടും കൂടാന്‍ തുടങ്ങി. ഇടയ്ക്കു പണിക്കു പോകും, ഇടയ്ക്കു പോകില്ല എന്ന അവസ്ഥയിലേക്ക് എത്തി. ആരും ഞങ്ങളോട് മിണ്ടാത്ത അവസ്ഥയായി. മോന് കണ്ണങ്ങാട്ട് ബസ് സ്റ്റോപ്പില്‍ വെച്ച് ഓട്ടോ ഓടിക്കും. പക്ഷെ അവനു വലിയ പണിയൊന്നും കിട്ടില്ല. ജീവിതം വീണ്ടും കഷ്ടപ്പാടായി.
ഞങ്ങള്‍ ഒറ്റപ്പെട്ടുപോയ ഒരു കാലഘട്ടമായിരുന്നു. വീട്ടിലെ തേങ്ങ പറിച്ചു കടയില്‍ കൊണ്ടുപോയി വില്ക്കാന് ശ്രമിക്കുമ്പോള്‍ കടക്കാരോട് ഞങ്ങള്‍ തേങ്ങ കട്ടു വില്‍ക്കുന്നതാണ് അത് വാങ്ങിക്കരുത് എന്ന് പറഞ്ഞുകൊടുത്തു. പിന്നെ റേഷന്‍ കടയില്‍ അരി വാങ്ങാന്‍ പോയാല്‍ ഞങ്ങള്‍ക്ക് മാത്രം അരി സ്റ്റോക്ക് ഇല്ല എന്ന് നിരന്തരം പല്ലവി കേള്‍ക്കാന്‍ തുടങ്ങി. അവസാനം പോലീസ് സ്റ്റേഷനില്‍ പോയി കംപ്ലെയിന്റ് കൊടുത്തതിനു ശേഷം ഞങ്ങളുടെ റേഷന്‍ കാര്‍ഡ് പോലീസ് പരിശോധിച്ചു. അരി കിട്ടുന്നില്ല എന്ന് മനസ്സിലായ ശേഷം പോലീസ് വന്നു താക്കീത് നല്കി. അതിനുശേഷമാണ് അരി കിട്ടാന്‍ തുടങ്ങിയത്.
പച്ചക്കറി കൃഷി മുഴുവന്‍ അപ്പുറത്തെ ആട് വന്നു തിന്നാന്‍ തുടങ്ങി. ഓരോ ദിവസവും ആട് വന്ന് കൃഷി തിന്നും. ഇത് സഹിക്കാന്‍ വയ്യാതെ ഒരു ദിവസം ഞാന്‍ ആടിനെ പിടിച്ചു കെട്ടിയിട്ടു. അവിടെ സ്ഥലം നോക്കാനുണ്ടായിരുന്ന നേപ്പാളിയായ ഒരു ഗൂര്‍ഖ ആടിനെ അഴിക്കാന്‍ വന്നപ്പോള്‍ എന്റെ കൃഷി നശിപ്പിച്ചതിനു മറുപടി പറഞ്ഞിട്ട് ആടിനെ കൊണ്ടു പോയാല്‍ മതിയെന്നു ഞാന്‍ പറഞ്ഞു. മുതലാളി വന്നാല്‍ മാത്രമേ ഞാന്‍ ആടിനെ തരൂ എന്നു പറഞ്ഞു. മൂന്നുപേര്‍ വന്ന് വണ്ടിയെല്ലാം അടിച്ചു പൊളിച്ച് ആടിനെയും അഴിച്ചു കൊണ്ടുപോയി.
തേന്മൊഴി ഡോക്യുമെന്ററി ചെയ്യാന്‍ വന്നിരുന്നു. ആ സമയത്ത് അവരുടെ ഭര്‍ത്താവ് എന്റെ സുരക്ഷയ്ക്കുവേണ്ടി ഒരു പെപ്പര്‍ സ്പ്രേ തന്നിരുന്നു. അവര്‍ വീട്ടിലേക്ക് കേറി അടിക്കാന്‍ വന്നപ്പോള്‍ ഞാന്‍ പെപ്പര്‍ സ്പ്രേ അടിച്ചു കൊടുത്തു. ഈ സംഭവം നടക്കുന്നത് വൈകുന്നേരം മൂന്നേ മുക്കാലിനാണ്. അതിന്റെ ഇടയില്‍ തന്നെ അവര്‍ ആ നേപ്പാളിയെക്കൊണ്ട് പരാതി കൊടുത്തു രണ്ടു മണിക്കുള്ളില്‍ ഞങ്ങള്‍ക്കെതിരെ എഫ്.ഐ.ആര് തയ്യാറാക്കിയിരുന്നു. അതിനുശേഷമാണു ഞങ്ങളെ ഇവര്‍ ആക്രമിക്കാന്‍ വരുന്നത്. നേപ്പാളിയെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചു. ഒഴിഞ്ഞു മാറിയില്ലെങ്കില്‍ താന്‍ മരണപ്പെട്ടേനെ എന്നു പറഞ്ഞായിരുന്നു ആ പരാതി. മുന്നൂറ്റി എട്ടു വകുപ്പ് പ്രകാരമായിരുന്നു കേസ്. ആ സമയത്ത് അയ്യപ്പന് മാഷ് അവിടെ ഉണ്ടായിരുന്നു. ഇവര്‍ അഞ്ചു മിനിട്ട് മുമ്പ് വീട്ടില്‍ വന്നു പ്രശ്നമുണ്ടാക്കി പോയതാണ്. പിന്നെ എങ്ങനെ ആണ് ചിത്രലേഖയുടെ പേരില്‍ കേസ് എന്നുചോദിച്ചു. ശ്രീഷ്കാന്തിന്റെ പേരില്‍ കേസൊന്നും എടുത്തില്ല എന്നാണ് മറുപടിയായി പോലീസുകാര്‍ പറഞ്ഞത്.
പക്ഷേ പിറ്റേദിവസം രാവിലെ ഒരു ഏഴു മണിക്ക് പോലീസുകാര്‍ വീട്ടിലെത്തി ശ്രീഷ്കാന്തിനെ അറസ്റ്റ് ചെയ്തു. മൊഴിയെടുക്കാനാണ്, ഇപ്പോള്‍ തന്നെ വിടും എന്ന് പറഞ്ഞാണ് ശ്രീഷ്കാന്തിനെ കൊണ്ടുപോയത്. രാവിലെ ആയതുകൊണ്ട് വക്കീലും ഇല്ലായിരുന്നു. ഞാന്‍ പോലീസ് സ്റ്റേഷനില്‍ പോയി ഏതൊക്കെ വകുപ്പുകളാണ് ചാര്‍ജ് ചെയ്തത് എന്നു ചോദിച്ചു. ക്രിമിനലുകള്‍ക്ക് കൊടുക്കുന്ന എല്ലാ വകുപ്പുകളും ചേര്‍ത്ത് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു. മുന്നൂറ്റി എട്ടു വകുപ്പ് ഇട്ടതു കൊണ്ട് തൊണ്ണൂറു ദിവസം കഴിഞ്ഞേ ജാമ്യം കിട്ടുകയുള്ളു എന്നു പറഞ്ഞു. അല്ലെങ്കില്‍ ഹൈക്കോടതിയില്‍ പോകണം. കൈയില്‍ ഹൈക്കോടതിയില്‍ പോകാനുള്ള പൈസ ഇല്ലായിരുന്നു. ഫസ്റ്റ് ക്ലാസിലും സെഷന്‍സ് കോടതിയിലും ജാമ്യം കൊടുത്തെങ്കിലും അതൊക്കെ തള്ളി. അപ്പോഴേക്കും മൂന്നു റിമാന്‍ഡ് കഴിഞ്ഞിരുന്നു. മുപ്പത്തി മൂന്നു ദിവസം ശ്രീഷ്കാന്ത് ജയിലില്‍ കഴിഞ്ഞു. മുപ്പതിനായിരം ഉറുപ്പിക വക്കീല്‍ ഫീസുമായി. വേറെ ഒന്നിനും പൈസ ഇല്ല. എനിക്ക് മുന്‍കൂര്‍ ജാമ്യത്തിനും അപേക്ഷ കൊടുത്തിരുന്നു.
നേപ്പാളിയെ ആക്രമിച്ചു എന്ന കേസിനായിരുന്നു ആദ്യം ഒന്നാം പ്രതിയായി ഉണ്ടായിരുന്നത്. പിന്നീട് ആ കേസില്‍ ശ്രീഷ്കാന്തിനെ ഒന്നാം പ്രതിയാക്കുകയായിരുന്നു. ഗുണ്ട ലിസ്റ്റില്‍പെടുത്തി ഗുണ്ട ആക്റ്റ് പ്രകാരമാണ് ശ്രീഷ്കാന്തിനെ അറസ്റ്റ് ചെയ്തത്. അവസാനം ഹൈക്കോടതിയില്‍ നിന്നാണ് ശ്രീഷ്കാന്തിന് ആ കേസില്‍ ജാമ്യം കിട്ടിയത്. ഈ പൈസയും സഹായിച്ചത് ജെനിയേച്ചിയായിരുന്നു. വേറെ ഒരു മാര്‍ഗവും ഞങ്ങള്‍ക്കില്ലായിരുന്നു. അതിന്റെ ഇടയില്‍ എന്നെ അന്വേഷിച്ചു വനിതാപോലീസ് വരും. ഞാന്‍ അപ്പോള്‍ മാറി നില്ക്കും. കാരണം ഞാന്‍ കൂടി അറസ്റ്റിലായാല്‍ പിന്നെ ശ്രീഷ്കാന്തിനെ ജാമ്യത്തിലിറക്കാന്‍ ആരുമുണ്ടാകില്ല. വീട്ടിലെ കാര്യങ്ങളും അവതാളത്തിലാകും. പോലീസുകാര്‍ വീട്ടിലെത്തിയാല്‍ ഞാന്‍ എവിടെയെങ്കിലും ഒളിച്ചിരിക്കും. പോലീസുകാര്‍ വീട്ടില്‍ കേറി പരിശോധിച്ചില്ലായിരുന്നു. അതു കഴിഞ്ഞു ഞങ്ങള്‍ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും കലക്ടര്‍ക്കും ഇല്ലാത്ത പരാതിക്ക് കേസെടുത്തു എന്നുപറഞ്ഞു പരാതി കൊടുത്തു.
അതിന്റെ ഇടയില്‍ മോന് ഓട്ടോറിക്ഷ ഓടിക്കുമ്പോള്‍ സീബ്ര ലൈനില്‍ ബ്രേക്ക് ചവുട്ടിയില്ല എന്ന് പറഞ്ഞു പിടിച്ചുകൊണ്ടുപോയിരുന്നു. ആ സമയത്ത് പട്ടികജാതി വകുപ്പില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു കക്കൂസ് പാസ്സായിരുന്നു. ഞങ്ങളുടെ കക്കൂസിന് മേല്‍ക്കൂര ഉണ്ടായിരുന്നില്ല. ഒരു ഷീറ്റ് വലിച്ചു കെട്ടിയാണ് മേല്‍ക്കൂര ഉണ്ടാക്കിയത്. എസ്.സി പ്രൊമോട്ടര്‍ വന്നു നോക്കിയിട്ടാണ് ഞങ്ങള്‍ക്ക് ടോയ്ലെറ്റിന് ഇരുപത്തി അയ്യായിരം രൂപ തരാമെന്നു പറഞ്ഞത്. അതിന്റെ ആദ്യ ഗഡു പന്ത്രണ്ടായിരം രൂപ തന്നിരുന്നു. അതിനു സെപ്റ്റിക് ടാങ്ക് പൂര്‍ത്തിയാക്കി ഓടുവെച്ചു ടൈല്‍ ഒക്കെ വെച്ചു വൃത്തിയാക്കി രണ്ടാമത്തെ ഗഡുവിനു പോയപ്പോള്‍ രണ്ടാമത്തെ ഗഡു തരാന്‍ പറ്റില്ല എന്നാണു പറഞ്ഞത്. ബ്ലോക്ക് പട്ടികജാതി ഓഫീസര്‍ ആണിത് പറഞ്ഞത്. അത് സെപ്റ്റിക് ടാങ്ക് അല്ല അതുകൊണ്ട് പൈസ തരാന്‍ പറ്റില്ല എന്നാണ് പറഞ്ഞത്. അവിടെ നിന്ന് ഞാന്‍ പൈസ അനുവദിക്കാന്‍ പറ്റില്ലെങ്കില്‍ കാരണം എഴുതിത്തരണം എന്ന് പറഞ്ഞു. അപ്പോള്‍ അയാള്‍ കാരണമൊന്നും എഴുതിത്തരാന്‍ പറ്റില്ലെന്ന് പറഞ്ഞു. അതോടെ ഞാന്‍ അയാളുടെ ഓഫീസില്‍ കുത്തിയിരുന്നു. ഞാനും ശ്രീഷ്കാന്തും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി, ഫയല്‍ എടുത്തെറിഞ്ഞ് അയാളെ ചീത്ത വിളിച്ചു' എന്നൊക്കെ പറഞ്ഞ് അയാള്‍ പരാതി കൊടുത്തു. ഞാന്‍ അവിടെപ്പോയി കുത്തിയിരുന്നതേയുള്ളൂ.
അതേസമയം മോന്റെ വണ്ടി പോലീസ് പിടിച്ച് സ്റ്റേഷനില്‍ കൊണ്ടുപോയി. ഫ്ളൈയിംഗ് സ്ക്വാഡ് ആണ് പിടിച്ചത്. അവനു ലൈസന്‍സ് ഉണ്ടെങ്കിലും വണ്ടി ഓടിക്കാനുള്ള ബാഡ്ജ് കിട്ടിയിരുന്നില്ല. ഞങ്ങള്‍ ബാഡ്ജ് ഇല്ലാത്തതിന് നൂറു രൂപ ഫൈന്‍ അടയ്ക്കാന്‍ പോയിരുന്നു. ആ സമയത്ത് അവനെ വിട്ടു ഞങ്ങളോട് അവിടെ ഇരിക്കാന്‍ പറഞ്ഞു. അതിനിടയില്‍ മുകളിലെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്ന കേസില്‍ പ്രതികളെ കാണാനില്ല എന്നുപറഞ്ഞു പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പോലീസുകാര്‍ എഫ്.ഐ.ആര്. ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്ക് സമന്‍സ് കിട്ടിയിട്ടില്ല. ഞങ്ങളെ രണ്ടുപേരെയും അന്നുരാത്രി പയ്യന്നൂരില്‍ ജഡ്ജ് ഇല്ലാത്തത് കൊണ്ട് തളിപ്പറമ്പിലെ ജഡ്ജിന്റെ മുന്നിലേക്കു കൊണ്ടു പോയി. എന്റെ കൈയില്‍ നിന്നും അടിവാങ്ങിയ വനിതാ പോലീസ് കൂടെ ഉണ്ടായിരുന്നു. അതിന്റെ പക പോലീസുകാര്‍ തീര്‍ക്കുകയായിരുന്നു. രാത്രി ഒരു മണിയാകുമ്പോഴേക്കാണ് ഇവര്‍ ഞങ്ങളെ ജയിലിലെത്തിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വനിതാ വാര്‍ഡില്‍ ഞാന്‍, അപ്പുറത്ത് ശ്രീഷ്കാന്ത്. പിറ്റേദിവസം മൂന്നു മണിയാകുമ്പോഴേക്കും ഞങ്ങള്‍ക്ക് ജാമ്യം കിട്ടി. റിമാന്റിലായിരുന്ന ഞാനും ശ്രീഷ്കാന്തും പിറ്റേദിവസം ജാമ്യത്തിലറങ്ങി, പോലീസ് സ്റ്റേഷനിലെത്തി എന്റെ വണ്ടിയുടെ താക്കോല്‍ ചോദിച്ചപ്പോള്‍, 'നിങ്ങള്‍ ഇത്ര വേഗം പുറത്തിറങ്ങിയോ നിങ്ങള്‍ വലിയ പുള്ളികളാണല്ലോ?' എന്നായിരുന്നു എ.എസ്.ഐയുടെ പ്രതികരണം.
എല്ലാതരത്തിലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ആയതോടെ ഞങ്ങള്‍ കലക്ടറേറ്റിനു മുന്നില്‍ സമരം ചെയ്യാന്‍ തീരുമാനിച്ചു. എല്ലാ കാര്യങ്ങളും അന്വേഷിക്കാമെന്നും ഒരാഴ്ച സമയം വേണമെന്നും കലക്ടര്‍ പറഞ്ഞു. കലക്ടര്‍ പക്ഷെ ഒരു നടപടിയുമെടുത്തില്ല. കളക്ടര്‍ക്കും എസ്.പിക്കും പരാതി കൊടുത്തിരുന്നു. കലക്ടര്‍ ബാലകിരണും എസ്.പി. ഉണ്ണിരാജയും ആയിരുന്നു. ഒരു നടപടിയുമില്ലാത്തതുകൊണ്ട് ഞങ്ങള്‍ കലക്ടറേറ്റിനു മുന്നില്‍ സമരമിരിക്കാന്‍ തുടങ്ങി.
(തുടരും)
ഒരു ദളിത് ഓട്ടോഡ്രൈവറുടെ ജീവിതം ഇതുവരെയുള്ള അധ്യായങ്ങള്‍ വായിക്കാം
Content Highlights: Chithralekha Autobiogrphy Oru Dalit Autodrivarude Jeevitham by VN Ansal
Published: 03 Sept 2025, 05:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented