നാഗ്പുർ: ഒരാളെ മതംമാറാൻ നിർബന്ധിക്കുന്നത് ഏതെങ്കിലും വിഭാഗത്തിന്റെ മതവിശ്വാസത്തെ അവഹേളിക്കുന്നതിനു തുല്യമല്ലെന്ന് ബോംബെ ഹൈക്കോടതി. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ദമ്പതിമാരെ നിർബന്ധിച്ചതിന് അമരാവതി നിവാസികളായ ജോസഫ് ഖുദാവന്ത്, മകൻ വിക്ടോറിയ ഖുദാവന്ത്, മരുമകൾ എൽവിന ഖുദാവന്ത്, അനന്ത് മങ്കർ എന്നിവരുടെപേരിൽ പോലീസ് രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. റദ്ദാക്കിയാണ് നാഗ്പുർ ബെഞ്ചിന്റെ വിധി.

To advertise here,

പ്രതികൾ അവരുടെ മതത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അതിനർഥം ഏതെങ്കിലും ഒരു മതത്തിന്റെ വികാരങ്ങളെ പ്രകോപിപ്പിക്കുക എന്നതല്ലെന്ന് ജസ്റ്റിസ് എം.ഡബ്ല്യു. ചന്ദ്വാനി അഭിപ്രായപ്പെട്ടു.

ഹിന്ദുമതത്തിൽനിന്ന് ക്രിസ്തുമതത്തിലേക്ക് മാറിയാൽ പരാതിക്കാരനും ഭാര്യക്കും എല്ലാമാസവും പണം നൽകാമെന്നും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകൾ വഹിക്കാമെന്നും അവർക്ക് വീട് നിർമിച്ചുനൽകാമെന്നും പ്രതികൾ പറഞ്ഞതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ, ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്തുക എന്ന ദുരുദ്ദേശ്യമൊന്നും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ഒരു മതത്തെയും അപമാനിച്ചിട്ടില്ലെന്നും പ്രതികളും അവകാശപ്പെട്ടു.

സംസ്ഥാനത്ത് മതപരിവർത്തനം നിരോധിക്കുന്ന ഒരു നിയമവും ഇല്ലാതിരുന്ന 2025-ലാണ് സംഭവം നടന്നതെന്ന് കോടതി പറഞ്ഞു. നിർബന്ധിച്ചുള്ള മതപരിവർത്തനം തടയാൻ മഹാരാഷ്ട്ര പാസാക്കിയ നിയമം 2026 ഓഗസ്റ്റ് 28-നാണ് പ്രാബല്യത്തിൽവന്നതെന്നും ചൂണ്ടിക്കാട്ടി.