മുംബൈ: നിർബന്ധിത മതപരിവർത്തനം തടയാനെന്ന പേരിൽ മഹാരാഷ്ട്ര സർക്കാർ കൊണ്ടുവന്ന 'മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം-2026' വെള്ളിയാഴ്ചമുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽവരുന്നതിന് മുന്നോടിയായി തയ്യാറെടുപ്പുമായി മുംബൈ മെട്രോപോളിറ്റൻ മേഖലയിലെ പള്ളികൾ. പ്രാർഥനായോഗങ്ങളിലേക്ക് അക്രമികൾ ഇരച്ചുകയറുന്നതും കള്ളക്കേസുകൾ ചുമത്തുന്നതും തടയാൻ വിശ്വാസികളിൽനിന്ന് സ്വന്തം ഇഷ്ടപ്രകാരമാണ് എത്തിയതെന്ന് വ്യക്തമാക്കുന്ന സമ്മതപത്രങ്ങൾ ശേഖരിക്കുകയാണ് പാസ്റ്റർമാർ.
പ്രലോഭനങ്ങളോ ഭീഷണിയോ വിവാഹവാഗ്ദാനമോ വഴിയുള്ള മതപരിവർത്തനം കുറ്റകരമാക്കുന്നതാണ് പുതിയ നിയമം. നിയമംവരുന്നതിന് മുൻപുതന്നെ മുംബൈ, താനെ, പാൽഘർ, മീരാ-ഭയന്ദർ, വസായ്-വിരാർ മേഖലകളിലെ പ്രാർഥനാ ഹാളുകളിൽ സംഘപരിവാർ സംഘടനകളുടെ അപ്രതീക്ഷിത പരിശോധനകളും അക്രമങ്ങളും നടന്നതാണ് വിശ്വാസികളെ ഇതിന് നിർബന്ധിതരാക്കുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഞായറാഴ്ച പ്രാർഥനകൾ തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒൻപത് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിൽ ഏഴെണ്ണവും പ്രാർഥന നടത്തിയവർക്കെതിരെയായിരുന്നു.
"ഞാൻ സ്വന്തം ഇഷ്ടപ്രകാരമാണ് ഈ പ്രാർഥനയിൽ പങ്കെടുക്കുന്നത്; ആരുടെയും ഭീഷണിയോ പ്രലോഭനമോ എനിക്കുമേലില്ല, " എന്ന് എഴുതിയ ഫോമിൽ ഫോട്ടോയും തിരിച്ചറിയൽ രേഖയും സാക്ഷികളുടെ ഒപ്പും ചേർത്താണ് സമ്മതപത്രം. പ്രാർത്ഥിക്കാൻ വരുന്നവർ സ്വന്തം ഇഷ്ടപ്രകാരം വരുന്നതാണ്, തങ്ങൾ നിർബന്ധിച്ച് കൊണ്ടുവന്നതല്ലെന്ന് പൊലീസിനും കോടതിക്കും മുന്നിൽ തെളിയിക്കാനുള്ള ഒരു മുൻകരുതൽ രേഖയാണിതെന്ന് ഒരു പാസ്റ്റർ പറഞ്ഞു.
സംസ്ഥാനത്ത് മതപരിവർത്തനത്തിന് കടുത്ത നിയന്ത്രണങ്ങളും ശിക്ഷകളും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. 2026 ജൂലൈ 31-ന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ച നിയമം ഓഗസ്റ്റ് 28 മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. ഭീഷണി, തെറ്റിദ്ധരിപ്പിക്കൽ, ബലപ്രയോഗം, പണവും വസ്തുക്കളും നൽകിയുള്ള പ്രലോഭനം, സ്വാധീനംചെലുത്തൽ, വിവാഹവാഗ്ദാനം എന്നിവ വഴിയുള്ള മതപരിവർത്തനം ജാമ്യമില്ലാ കുറ്റകൃത്യമാണ്.
മതപരിവർത്തനം നടന്നിട്ടുണ്ടെങ്കിൽ അത് യാതൊരു സമ്മർദ്ദവുമില്ലാതെ, സ്വന്തം ഇഷ്ടപ്രകാരമാണ് നടന്നതെന്ന് തെളിയിക്കേണ്ട ബാധ്യത പരിവർത്തനം നടത്തിയ വ്യക്തിക്കോ അതിന് നേതൃത്വം നൽകിയ പുരോഹിതർക്കോ ആയിരിക്കും. പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവരെ പരിവർത്തനം ചെയ്യാൻ ശ്രമിച്ചാൽ സാധാരണ കേസുകളേക്കാൾ ഉയർന്ന തടവുശിക്ഷയും പിഴയും ലഭിക്കും.
നിയമം പ്രാബല്യത്തിൽവരുന്നതിന് മുൻപുതന്നെ പൊലീസ് തിടുക്കപ്പെട്ട് കേസെടുത്ത സംഭവങ്ങളും സംസ്ഥാനത്തുണ്ടായി. ഓഗസ്റ്റ് അഞ്ചിനും ഒൻപതിനും പുണെ സിറ്റി പൊലീസ് രണ്ട് കേസുകളിൽ പുതിയ നിയമത്തിലെ വകുപ്പുകൾ ചുമത്തിയിരുന്നു. എന്നാൽ, നിയമം നിലവിൽവരുന്നത് ഓഗസ്റ്റ് 28-നാണെന്ന് ആഭ്യന്തര വകുപ്പ് വിജ്ഞാപനം ഇറക്കിയതോടെ, ഈ രണ്ട് കേസുകളിൽനിന്നും മതപരിവർത്തന നിരോധന വകുപ്പുകൾ പൊലീസ് പിന്നീട് ഒഴിവാക്കി.
ഭരണഘടനയുടെ അനുച്ഛേദം 25 മുതൽ 28 വരെ പൗരന്മാർക്ക് ഉറപ്പുനൽകുന്ന സ്വാതന്ത്രം പുതിയ നിയമത്തിന്റെ മറവിൽ ചോദ്യം ചെയ്യപ്പെടുമോ എന്ന ആശങ്കയിലാണ് ന്യൂനപക്ഷ കൂട്ടായ്മകൾ. പള്ളികളിലും പ്രാർത്ഥനാ ഹാളുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചും എത്തുന്നവരുടെ വിവരങ്ങൾ കൃത്യമായി സൂക്ഷിച്ചും സ്വയം പ്രതിരോധം തീർക്കുകയാണ് വിശ്വാസികൾ. പള്ളികൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്ന ഇടങ്ങളാണ്. സുരക്ഷ മുൻനിർത്തി വിശ്വാസികൾ ഇത്തരമൊരു മുൻകരുതൽ സ്വീകരിക്കുന്നത് സ്വാഭാവികമാണെന്നും ബോംബെ ആർച്ച്ഡയോസിസ് വക്താവ് ഫാ. നൈജൽ ബാരറ്റ് ചൂണ്ടിക്കാട്ടി.
സ്വന്തം സുരക്ഷ മുൻനിർത്തി വിശ്വാസികളിൽനിന്ന് പൂരിപ്പിച്ചുവാങ്ങുന്ന ഈ സമ്മതപത്രങ്ങൾ പള്ളി ഓഫീസുകളിൽ സൂക്ഷിക്കുമെന്നും സർക്കാരോ പൊലീസോ ആവശ്യപ്പെട്ടാൽ ഹാജരാക്കുമെന്നും വസായിൽനിന്നുള്ള പാസ്റ്റർ സാം മത്തായി പിടിഐയോട് പറഞ്ഞു. "യാതൊരു മുന്നറിയിപ്പുമില്ലാതെ വലതുപക്ഷ സംഘങ്ങൾ പ്രാർഥനാമുറികളിലേക്ക് ഇരച്ചുകയറുകയും ആളുകളെ മർദിക്കുകയും ചെയ്യുകയാണ്. ഇതോടെയാണ് പാസ്റ്റർമാരും സമുദായ നേതാക്കളും ചേർന്ന് ഇതിനൊരു പോംവഴി ആലോചിച്ചത്,” അദ്ദേഹം കൂട്ടിചേർത്തു.
മുംബൈ മെട്രോപൊളിറ്റൻ റീജിയണിൽ നാലായിരത്തിലധികം പള്ളികളാണുള്ളത്. ജന്മനാ ക്രിസ്തുമത വിശ്വാസികളല്ലാത്തവരിൽനിന്ന് മാത്രമാണ് ചില പള്ളികൾ ഇത്തരത്തിൽ സമ്മതപത്രം വാങ്ങുന്നത്. എന്നാൽ, സ്ഥിരമായി പ്രാർഥനയ്ക്കെത്തുന്ന വിശ്വാസികളോട് പോലും ഫോം പൂരിപ്പിച്ചുനൽകാൻ മറ്റുചില പള്ളികൾ ആവശ്യപ്പെടുന്നുണ്ടെന്നും സാം മത്തായി വ്യക്തമാക്കി.
Published: 25 Aug 2026, 02:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented