
ജീവിതം വീണ്ടും മുന്നോട്ടുപോയി. മോള്‍ എട്ടാം ക്ലാസിലെത്തി. അവളെ തിരുവനന്തപുരത്തെ ഒരു സ്‌കൂളിലേക്ക് മാറ്റിച്ചേര്‍ക്കാന്‍ ജെനി പറഞ്ഞു. അങ്ങനെ തിരുവനന്തപുരത്തെ സാക്ഷരത മിഷന്റെ ഭാഗമായി നടത്തുന്ന ഹോസ്റ്റലില്‍ താമസിപ്പിച്ച് പാലോട് മോഹന്‍ദാസ് സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ തീരുമാനിച്ചു. അതിനാവശ്യമായ ബുക്കും യൂണിഫോമും എല്ലാം സഹായിച്ചത് ജെനിയായിരുന്നു. ക്രിസ്റ്റിയേച്ചിയും സഹായിച്ചിരുന്നു. ജെനിയേച്ചിയും ക്രിസ്റ്റിയേച്ചിയും മോളുടെ ചിലവിനുള്ള രണ്ടായിരം രൂപ വീതം മാസം നാലായിരം രൂപ തരും. ആ പൈസ അവളുടെ കാര്യത്തിനു മാത്രം ഉപയോഗിച്ച് അവളുടെ പഠിത്തത്തിനുവേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുത്തു. അവള്‍ വെക്കേഷനുകളിലും കൊല്ലാവസാനവും വരും. അങ്ങനെ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ അവള്‍ വെക്കേഷനു വന്നു. ശ്രീഷ്‌കാന്ത് വണ്ടിയില്‍ പോയിത്തുടങ്ങി. ആരെങ്കിലും അതിക്രമിച്ചാലും പ്രതികരിക്കാത്ത രീതിയിലേക്ക് ശ്രീഷ്‌കാന്ത് മാറി. ജീവിക്കാനായി ശ്രീഷ്‌കാന്ത് ഓട്ടോ ഓടിക്കാന്‍ തുടങ്ങി. മക്കളെ പഠിപ്പിക്കേണ്ടതുകൊണ്ട് ആരോടും തല്ലുകൂടാനൊന്നും പോകേണ്ടെന്നു ശ്രീഷ്‌കാന്ത് തന്നെ തീരുമാനിച്ചു.
വെക്കേഷന് വീട്ടില്‍ വന്നപ്പോള്‍ മോള്‍ക്ക് നല്ല പനിയായിരുന്നു. അവളെ ആശുപത്രിയില്‍ കൊണ്ടുപോകണം. അന്ന് ഓട്ടോറിക്ഷ ഹര്‍ത്താല്‍ ആയിരുന്നു. പക്ഷെ ഹോസ്പിറ്റല്‍ കേസ് വരുമ്പോള്‍ ഓട്ടോ ഓടേണ്ടതാണ്. മോളെയും കൂട്ടി ഞങ്ങളുടെ ഓട്ടോറിക്ഷയില്‍ ആശുപ്രതിയിലേക്കുപോയി. ഒരു പാര്‍ട്ടിയുടെ യൂണിയന്‍കാര്‍ ഓട്ടോറിക്ഷ ഓടിച്ചുകൊണ്ടു തന്നെയാണ് ഓട്ടോറിക്ഷകള്‍ തടയുന്നതും. ഞങ്ങള്‍ പയ്യന്നൂരിലെ സബ ഹോസ്പിറ്റലിലേക്കാണ് പോയത്. ഞങ്ങള്‍ ഒരു തട്ടുകടയുടെ മുന്നില്‍ വണ്ടി നിര്‍ത്തിയിട്ട് ആശുപത്രിയിലേക്ക് പോയി. അപ്പോള്‍ കുറച്ചു കഴിഞ്ഞു ആ കടക്കാരന്‍ വിളിച്ചു. ഞങ്ങളുടെ വണ്ടിയുടെ കാറ്റ് അഴിച്ചു വിട്ടിട്ടുണ്ടെന്നു ഫോണില്‍ പറഞ്ഞു. ആ കാലത്ത് മോള്‍ക്ക് ഒരു ഫോണ്‍ വാങ്ങിച്ചു കൊടുത്തിരുന്നു. ഞാനും ഒരു ചെറിയ ഫോണ്‍ വാങ്ങിച്ചിരുന്നു. ഞങ്ങള്‍ വന്നുനോക്കുമ്പോള്‍ ഞങ്ങളുടെ ഓട്ടോറിക്ഷയുടെ മൂന്ന് ടയറുകളുടെയും കാറ്റഴിച്ചു വിട്ടിരിക്കുന്നു. അത് കണ്ട് ശ്രീഷ്‌കാന്ത് പറഞ്ഞു: 'ഏതായാലും നമുക്കിപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ല, മോളെ കാണിച്ചു തിരിച്ചു വരുമ്പോള്‍ വണ്ടി നന്നാക്കിയിട്ടു പോകാം.' മോളെ ആശുപ്രതിയിലേക്ക് കൊണ്ടുപോകാനൊരുങ്ങുമ്പോള്‍ ഒരു നേതാവിന്റെ നേതൃത്വത്തില്‍ ഞങ്ങളെ തടഞ്ഞു. അവര്‍ ശ്രീഷ്‌കാന്തിനെയും എന്നെയും പനിച്ചുനില്‍ക്കുന്ന മോളെയും ആക്രമിക്കുവാന്‍ തുടങ്ങി. 'പൊലച്ചി, നായിന്റെ മോളെ, ഹര്‍ത്താല്‍ ആണെന്നറിഞ്ഞു കൂടെ? നീയെല്ലാം എന്തിനാണ് വണ്ടി എടുത്തുവരാന്‍ നിക്കുന്നത്?' എന്ന് പറഞ്ഞാണ് അക്രമം. എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായതിനാല്‍ ഞാന്‍ അവരെയും തിരിച്ചു ചീത്ത വിളിച്ച് അവരുടെ വണ്ടിയുടെ കാറ്റും അഴിച്ചുവിട്ടു. അവര്‍ ശ്രീഷ്‌കാന്തിനെയും മോളെയും പൊതിരെ തല്ലുകയാണ്. അതിന്റെ ഇടയില്‍ ഞാന്‍ പോലീസിനെ വിളിച്ചു. പോലീസ് വന്നതോടെ ഇവരെല്ലാം ചിതറി ഓടാന്‍ തുടങ്ങി. രണ്ടു വണ്ടി പോലീസ് വന്നു. ഒരു വണ്ടി പോലീസ് ഇവരെ കൊണ്ട് പോയി. ഒരു ജീപ്പില്‍ പോലീസുകാര്‍ ഞങ്ങളെ ആശുപ്രതിയിലും ആക്കി. അങ്ങനെ ആശുപ്രതിയില്‍ പോയി മോളും ശ്രീഷ്‌കാന്തും അഡ്മിറ്റ് ആയി. ശ്രീഷ്‌കാന്തിനെയും മോളെയും സഹായിക്കാന്‍ ആരുമില്ലാത്തതുകൊണ്ട് ഞാന്‍ അഡ്മിറ്റ് ആയില്ല. മോളുടെ പേരില്‍ പോലീസിനു പരാതിയും കൊടുപ്പിച്ചു. അന്ന് മോള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. മോള്‍ക്കും ശ്രീഷ്‌കാന്തിനും നല്ല പരിക്കുണ്ടായിരുന്നു.
പോലീസുകാര്‍ തെളിവെടുപ്പിനു വന്നപ്പോള്‍ അവിടെ ഉള്ള കടക്കാര്‍ മുഴുവന്‍ യൂണിയന്‍ക്കാര്‍ക്കെതിരെ മൊഴികൊടുത്തു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, വെറുതെ ഇരിക്കുന്ന കടക്കാരെ വരെ ഇവര്‍ ഉപദ്രവിക്കാറുണ്ടെന്ന് മൊഴികൊടുത്തു. കാരണം അവിടെ കടയില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ വരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വരെ ഈ ഓട്ടോക്കാര്‍ സമ്മതിക്കില്ലായിരുന്നു. ചാര്‍ജ് ഷീറ്റ് കൊടുത്തു കേസ് തലശ്ശേരി സെഷന്‍സ് കോടതിയിലേക്കാണ് പോയത്. കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തത് കൊണ്ട് പയ്യന്നൂരിലെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഈ കേസ് തലശ്ശേരി സെഷന്‍സ് കോടതിയിലേക്ക് വിടണം എന്നു പറഞ്ഞു. ചാര്‍ജ് ഷീറ്റ് പോലും സ്വീകരിക്കാതെ കേസ് സെഷന്‍സ് കോടതിയിലേക്ക് വിട്ടു. സെഷന്‍സിലാണ് ചാര്‍ജ് ഷീറ്റ് സ്വീകരിച്ചത്. അതിന്റെ വിചാരണ തുടങ്ങുന്നതേയുളളൂ. ഏകദേശം പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ആ കേസിന്റെ വിചാരണ തുടങ്ങാന്‍ പോവുകയാണ്!
മോള്‍ വീട്ടിലേക്ക് തിരിച്ചുവന്നു. നല്ല പരിക്കുണ്ടായിരുന്നു. അവളുടെ ഉള്ളില്‍ ചതവുണ്ടായിരുന്നു. പക്ഷെ അവള്‍ എന്നെക്കാള്‍ ധൈര്യം ഉള്ളവളായിരുന്നു. അവളെ ആക്രമിക്കുന്ന സമയത്ത് അവരോടു നിവര്‍ന്നു നിന്ന് എതിര്‍ത്തു സംസാരിച്ചിരുന്നു. 'ഹര്‍ത്താല്‍ ഉള്ള സമയത്ത് ഒരാളെ ആശുപ്രതിയില്‍ പോലും പോകാന്‍ അനുവദിക്കാത്ത നിങ്ങള്‍ എന്ത് യൂണിയന്‍കാരാണ്?' എന്ന് അവരോടു കൈ ചൂണ്ടി ചോദിച്ചു ആ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി. ഞാനാണെങ്കില്‍ തെറി വിളിച്ചാണ് പറയുക.
അവള്‍ സ്‌കൂളിലേക്കു തിരിച്ചുപോയി. പിന്നെ വാര്‍ഷിക പരീക്ഷ കഴിഞ്ഞു മാര്‍ച്ചില്‍ തിരിച്ചുവന്നു. ആ സമയത്ത് വീട്ടിലേക്ക് വഴിവെട്ടുന്നുണ്ടായിരുന്നു. ഞങ്ങളുടെ വീടായിരുന്നു ഏറ്റവും അവസാനം. ബാക്കിയുള്ളവര്‍ക്കൊന്നും ഞങ്ങളുടെ വീട്ടിലേക്ക് വരേണ്ട ആവശ്യമില്ല. ഞങ്ങളുടെ വീട്ടിലേക്ക് വരേണ്ടവര്‍ മാത്രമാണ് ആ വഴിയിലൂടെ വരേണ്ടത്. പക്ഷെ ചിലര്‍ കരുതിക്കൂട്ടി ഞങ്ങളുടെ വീട്ടിന്റെ വഴിയിലൂടെ ഒരിക്കല്‍ വന്നു. ഒരു ദിവസം രാത്രിയായിരുന്നു അത്. കുറെ പേര്‍ ഞങ്ങളുടെ വീടിന്റെ മുറ്റത്തു വന്നു. ഞങ്ങള്‍ 'ആരാ...' എന്ന് ചോദിച്ചു.
'അതെന്തിനാ നീ അറിയുന്നത്?' എന്നായിരുന്നു മറുപടി.
'ഞങ്ങളുടെ വീട്ടിലേക്കു വരുന്ന ആള്‍ക്കാരെ ഞാന്‍ അറിയേണ്ടേ?' എന്ന് ഞാനും.
'ആരാണെന്ന് അറിഞ്ഞാലേ നിനക്ക് തൃപ്തിയാകുകയുള്ളൂ?' എന്ന് ചോദിച്ചു കൊണ്ട് കുറെ ആളുകള്‍ കല്ലും കട്ടയും ഒക്കെ എടുത്തു 'നായിന്റെ മോളെ ഇറങ്ങി വാ...' എന്ന് പറഞ്ഞുകൊണ്ട് വീട് വളഞ്ഞു.
ആളുകള്‍ വന്നു ഞങ്ങളുടെ വീട് വളഞ്ഞു. അതില്‍ ബന്ധുക്കളുമുണ്ട്. അപ്പോള്‍ രാത്രി എട്ടു മണി സമയമായിരുന്നു. എന്റെ വീടിനു ബംഗാളികള്‍ ചുവര്‍ തേയ്ക്കുന്നുണ്ടായിരുന്നു. ബംഗാളികള്‍ രാത്രി വന്നു രണ്ടും മൂന്നും മണിക്കൂര്‍ പണിയെടുത്താല്‍ അത്ര കുറച്ചു പൈസ കൊടുത്താല്‍ മതിയാകും. അപ്പോഴാണ് അവര്‍ വീടു വളഞ്ഞത്. പുറത്തെ ബഹളം കേട്ട് അനിയന്‍ മഹേഷ് ഇറങ്ങി ചെന്നു. അവര്‍ കൂട്ടമായി വന്നു മഹേഷിനെ പൊതിരെ തല്ലി. ഇത് കണ്ട് ഓടിച്ചെന്ന ശ്രീഷ്‌കാന്തും ആക്രമിക്കപ്പെട്ടു. പല സമുദായത്തില്‍ പെട്ടവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. കുറെ സമയം ചീത്ത വിളിക്കുകയും കല്ലെറിയുകയും വണ്ടിയുടെ ഗ്ലാസ് എറിഞ്ഞുപൊളിക്കുകയും ചെയ്തു. ഞങ്ങള്‍ക്ക് നല്ല അടി കിട്ടി. അടി ഇനിയും തുടരും എന്നു മനസ്സിലായപ്പോള്‍ ഞാന്‍ ശ്രീഷ്‌കാന്തിനെയും മഹേഷിനെയും പിടിച്ചുവച്ചു. അവര്‍ പത്തമ്പത് ആള്‍ക്കാരുണ്ടായിരുന്നു. എന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും അടി കിട്ടുന്നത് ശ്രീഷ്‌കാന്തിനാണ്. ഞാന്‍ ഡല്‍ഹിയിലുള്ള ജെനിയേച്ചിയെ ഫോണ്‍ ചെയ്തു. ജെനിയേച്ചി ഉടനെ തന്നെ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു. പോലീസ് അവിടെയെത്തി. അതോടെ അവര്‍ പല വഴിക്കും ചിതറി ഓടി, ഓരോരോ സ്ഥലങ്ങളില്‍ ഒളിച്ചു. പോലീസ് ഞങ്ങളോട് കാര്യങ്ങള്‍ അന്വേഷിച്ചു. പോലീസുകാര്‍ അവിടെ നിന്ന് പോലീസ് ജീപ്പില്‍ തിരിച്ചു പോകുന്നതുപോലെ അഭിനയിച്ചു. അപ്പോള്‍ ഒളിച്ചു നിന്നവരൊക്കെ തിരിച്ചുവന്നു. അതോടെ പോലീസുകാര്‍ അവരെ സെര്‍ച്ച് ലൈറ്റ് ഉപയോഗിച്ച് ഓടിച്ചിട്ടു പിടിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്തു ഞങ്ങളുടെ തകര്‍ന്ന രണ്ടു വണ്ടിയും പോലീസ് സ്റ്റേഷനില്‍ കൊണ്ടുവച്ചു. ആര്‍.ടി.ഒ എത്തിയിട്ട് വേണം നഷ്ടം തിട്ടപ്പെടുത്താന്‍. വണ്ടിയിലെ മ്യൂസിക് സിസ്റ്റം ആരോ അഴിച്ചെടുത്തു കൊണ്ടുപോയിരുന്നു. പോലീസുകാരോട് അന്വേഷിച്ചപ്പോള്‍ പോലീസ് സ്റ്റേഷന്റെ മുന്നില്‍നിന്നും സാധനങ്ങള്‍ കളവു പോകാറുണ്ട് എന്ന മറുപടിയാണ് കിട്ടിയത്. പോലീസ് സ്റ്റേഷനിലും കള്ളന്മാരുണ്ടെങ്കില്‍ കണക്കായി എന്ന് ഞാനും തിരിച്ചടിച്ചു. 'നിങ്ങള്‍ക്കിപ്പോ വണ്ടി വേണമെങ്കില്‍ എടുത്തിട്ടു പോയ്‌ക്കോ' എന്ന പോലീസിന്റെ ധാര്‍ഷ്ട്യമായിരുന്നു പിന്നെ കണ്ടത്. അതിന്റെ ഇടയില്‍ പാര്‍ട്ടിക്കാര്‍
ഈ വിഷയത്തില്‍ ഇടപെട്ടതോടെയാണ് പോലീസുകാര്‍ മറുകണ്ടം ചാടുന്നത്. കേസില്‍ നിന്ന് ഊരിപ്പോകാനാണ് പാര്‍ട്ടിക്കാര്‍ ഞങ്ങളുടെ സമുദായത്തില്‍ പെട്ടവരെക്കൊണ്ടുതന്നെ ഞങ്ങളെ ആക്രമിക്കുന്നത്. കാരണം അങ്ങനെയായാല്‍ പട്ടികജാതി സംരക്ഷണ നിയമപ്രകാരം ഞങ്ങള്‍ക്ക് കേസ് കൊടുക്കാന്‍ കഴിയില്ല.

എന്നെ ആക്രമിച്ച ഒരാളുടെ മകളുടെ കല്യാണത്തിനു ഞാനായിരുന്നു സഹായിച്ചത്. അയാള്‍ ടെലിഫോണ്‍സിലായിരുന്നു ജോലി ചെയ്തത്. ടെലിഫോണ്‍സിലാണെങ്കിലും അയാള്‍ക്ക് സമ്പാദ്യം ഒന്നുമില്ലായിരുന്നു. അയാള്‍ ഞങ്ങളുടെ വീട്ടില്‍ വന്ന് 'ചിത്രലേഖ, എന്റെ പെണ്ണിന് ഒരു ആലോചന വന്നിട്ടുണ്ട്. പക്ഷേ എന്റെ കൈയ്യില്‍ ഒന്നുമില്ല. ഞാന്‍ എന്താണ് ചെയ്യുക? ജോലിസ്ഥലത്തുനിന്നും എനിക്ക് ഒന്നും കിട്ടാനുള്ള വകുപ്പുമില്ല. കിട്ടേണ്ടതൊക്കെ ഞാന്‍ വാങ്ങി' എന്നൊക്കെ കരഞ്ഞു പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ അയാളുടെ സങ്കടം കണ്ട് ഒരു മുപ്പതിനായിരം രൂപ പേഴ്സണല്‍ ലോണ്‍ എടുത്ത് അയാളുടെ മകളുടെ കല്യാണത്തിനുവേണ്ടി കൊടുത്തു. കല്യാണം കഴിഞ്ഞു പിറ്റേദിവസം തരാമെന്നായിരുന്നു പറഞ്ഞത്. പക്ഷേ പിറ്റേദിവസം തന്നില്ല. ഒരാഴ്ച കഴിഞ്ഞു തരാമെന്നു പറഞ്ഞു. ഞങ്ങള്‍ കരുതി കല്യാണമൊക്കെ കഴിഞ്ഞതല്ലേ ഒരാഴ്ച കഴിഞ്ഞു പൈസ തരുമായിരിക്കും എന്ന്. അവരുടെ മനഃസമാധാനം കളയണ്ട എന്നും വിചാരിച്ചു.
അതിനിടയില്‍ ഞാനും ശ്രീഷ്‌കാന്തും തമ്മില്‍ ഒരു വാക്കുതര്‍ക്കമുണ്ടായി. ഞാന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. വലിയ വിഷയമൊന്നുമില്ല. വെറുതെ ഒന്ന് പേടിപ്പിക്കാന്‍ ചെയ്തതാണ്. ഞാന്‍ ചുമരിന്റെ മുകളില്‍ കയറി. ആദ്യത്തെ ഓടിട്ട വീടിന്റെ ചുമര്‍ വളരെ ചെറുതായിരുന്നു. അതിന്റെ മുകളിലാണ് കയറിയത്. ജനലില്‍ കയറിയാല്‍ ചുമരിന്റെ മുകളില്‍ കയറാന്‍ പറ്റും. മുകളില്‍ വിറക് എടുത്തുവയ്ക്കുന്നത് അങ്ങനെയാണ്. ഞാന്‍ കയറി ഒരു ഷോള്‍ കുരുക്കി കഴുത്തിലിട്ട് അവിടെ മുകളില്‍ പിടിച്ചിരുന്നു. ഓര്‍മിക്കാതെ കൈവിട്ട് ആഞ്ഞു മുന്നോട്ടുപോയി. അങ്ങനെ മൂന്നു ദിവസം ഐ.സി.യുവില്‍ ആയി. ആശുപത്രി ചിലവിനു വേണ്ടി ശ്രീഷ്‌കാന്ത് പോയി അയാളോടു ഞങ്ങള്‍ക്ക് കിട്ടാനുള്ള പൈസ ചോദിച്ചു.
'ചിത്രലേഖ അതിനു ഞങ്ങള്‍ക്ക് പൈസ തന്നിട്ടില്ലല്ലോ?'
അതായിരുന്നു അയാളുടെ മറുപടി.
'ചിത്രലേഖ ചത്തിട്ടൊന്നുമില്ല. ഐ.സി.യുവിലാണെന്നേ ഉള്ളൂ. അതുകൊണ്ട് അത് ഓള്‍ തന്നെ ചോദിച്ചോളും...'
ശ്രീഷ്‌കാന്ത് പറഞ്ഞു. അമ്മയുടെ മാല പണയം വെച്ചും കൂട്ടുകാരുടെ കൈയ്യില്‍ നിന്നു പൈസ വാങ്ങിയും എട്ടായിരം രൂപയുടെ ഹോസ്പിറ്റല്‍ ബില്‍ അടച്ചു. മൂന്നു ദിവസം കഴിഞ്ഞു ഞാന്‍ ഡിസ്ചാര്‍ജ് ആയി വന്നു. ഞാന്‍ തന്നെ പോയി അയാളോട് ചോദിച്ചു:
'നിങ്ങള്‍ക്ക് ഞാന്‍ പൈസ തന്നിട്ടില്ലേ?'
ആ ചോദ്യത്തിനു മുന്നില്‍ അയാള്‍ പതറി. ഞാന്‍ അങ്ങനെയല്ല പറഞ്ഞത് ഇപ്പോള്‍ തിരിച്ചു കൊടുക്കാന്‍ പൈസ ഇല്ല എന്നാണ് പറഞ്ഞത് എന്നൊക്കെ പറഞ്ഞ് അയാള്‍ ഉരുണ്ടു കളിച്ചു. എനിക്ക് അന്ന് വൈകുന്നേരം തന്നെ പൈസ കിട്ടണം എന്നു തറപ്പിച്ചു പറഞ്ഞു. ആ സമയത്തു തന്നെയാണ് ഞാന്‍ വണ്ടി വാങ്ങിക്കുന്നത്. വണ്ടി കത്തിക്കഴിഞ്ഞതിനു ശേഷമുള്ള സംഭവങ്ങളാണിത്. ഞാന്‍ ആ വണ്ടിക്കു കൊടുക്കാനാണ് ഈ മുപ്പതിനായിരം രൂപ പേഴ്സണല്‍ ലോണ്‍ എടുക്കാന്‍ തീരുമാനിച്ചത്. അയാള്‍ എന്നോട് ആ സമയത്ത് പൈസ ചോദിച്ചപ്പോള്‍ ആ മുപ്പതിനായിരം രൂപ അയാള്‍ക്ക് കൊടുക്കുകയായിരുന്നു. ഞാന്‍ കണ്ടുവച്ചത് ഒരു സെക്കന്‍ ഹാന്‍ഡ് ഓട്ടോ ആയിരുന്നു. വണ്ടിക്ക് വലിയ പൈസ ഇല്ല. പക്ഷെ പാര്‍ക്കിങ് പെര്‍മിറ്റിനാണ് പൈസ. ഞാന്‍ അഞ്ഞൂറ് രൂപ ടോക്കണും കൊടുത്തു വണ്ടി വീട്ടില്‍ കൊണ്ടുവന്നു. പക്ഷേ അന്ന് വൈകുന്നേരം അയാള്‍ എനിക്ക് വെറും അയ്യായിരം രൂപയാണ് കൊണ്ട് തരുന്നത്. പിന്നെ അവര്‍ അയ്യായിരം, നൂറ്, ആയിരം അങ്ങനെയായിട്ടാണ് ആ മുപ്പതിനായിരം രൂപ തിരിച്ചു തന്നത്. അവസാനം ഞാന്‍ ഇരട്ടി പൈസയ്ക്ക് ലോണ്‍ എടുത്താണ് വണ്ടി വാങ്ങിയത്. അതിന്റെ ഒരു ദേഷ്യവും എന്നെ ആക്രമിക്കുന്നതിന് പിന്നിലുണ്ടായിരുന്നു.
പോലീസ് സ്റ്റേഷനില്‍ നിന്നു വണ്ടി എടുത്തുകൊണ്ടുവന്ന് വീണ്ടും ഓടിക്കാന്‍ തുടങ്ങി. അതിനൊക്കെ ശേഷമാണു ഞങ്ങള്‍ തളിപ്പറമ്പിലേക്ക് മാറി താമസിക്കുന്നത്. അതിനിടയില്‍ ജെനിയേച്ചിക്ക് പി.എച്ച്ഡി.യുടെ സ്‌കോളര്‍ഷിപ്പ് കിട്ടിയപ്പോള്‍ അതില്‍ നിന്ന് ഇരുപത്തിമൂവായിരം രൂപ ഞങ്ങള്‍ക്ക് അയച്ചു തന്നു. ജെനിയേച്ചിയും ക്രിസ്റ്റിയും കൂടിയാണ് തന്നത്. ആ സമയം ഞങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ ഇല്ലായിരുന്നു. ആദ്യം അമ്മമ്മയ്ക്കു വൈദ്യുതി കണക്ഷന്‍ കിട്ടിയിരുന്നു. പക്ഷെ ആ സമയം അമ്മാവന് ചെറിയ മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നു. അതോടെ മാമന്‍ വീട്ടിലെ വയറിങ് എല്ലാം കുത്തിപ്പൊട്ടിച്ച് മീറ്റര്‍ ഈരിയെറിഞ്ഞു കളഞ്ഞു. അത് റീ കണക്ഷനു പോയപ്പോള്‍ ഏകദേശം അമ്പതിനായിരം രൂപ അടയ്ക്കണമെന്നുപറഞ്ഞു. അത് അടയ്ക്കാന്‍ കഴിയില്ലെന്നു പറഞ്ഞതോടെ കണക്ഷന്‍ കട്ട് ചെയ്തു. ആ വീട് എന്റെ പേരില്‍ അമ്മമ്മ എഴുതി വച്ചതോടെ നികുതി ശീട്ട് വച്ചു വൈദ്യുതി കണക്ഷന്‍ എടുത്തു. ജെനിയേച്ചി തന്ന പൈസയില്‍ നിന്ന് വൈദ്യുതി കണക്ഷനും എടുത്തു, ഒരു ടിവിയും വാങ്ങി. പുതിയ വയറിങ് ചെയ്ത് വൈദ്യുതി ഓഫീസില്‍ രണ്ടായിരത്തിയഞ്ഞൂറ് രൂപ അടച്ച് എന്റെ പേരില്‍ കണക്ഷന്‍ എടുക്കുകയാണ് ചെയ്തത്.
(തുടരും)
ഒരു ദളിത് ഓട്ടോഡ്രൈവറുടെ ജീവിതം ഇതുവരെയുള്ള അധ്യായങ്ങള്‍ വായിക്കാം
Content Highlights: Chithralekha's Autobiography Oru Dalit Autodrivarude Jeevitham
Published: 25 Aug 2025, 11:05 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented