ചിത്രലേഖയുടെ ആത്മകഥ ഒരു ദളിത് ഓട്ടോ ഡ്രൈവറുടെ ജീവിതം തുടരുന്നു.
പൈസ തീരെ ഇല്ലാത്തിടത്തുനിന്ന് പത്ത് രൂപ സ്വരൂപിക്കാനും സമ്പാദിക്കാനും തുടങ്ങി. പിന്നെയാണ് പി.എം.ആര്‍.വൈ (പ്രധാനമന്ത്രിയുടെ സ്വയം തൊഴില്‍ പദ്ധതി) വഴി ലോണ്‍ എടുത്ത് ഒരു പുതിയ ഓട്ടോറിക്ഷ വാങ്ങിക്കുന്നത്. പക്ഷെ വണ്ടിയുടെ പണിയെടുത്ത് ബ്രേക്ക് എടുത്തു നിരത്തിലിറക്കണമെങ്കില്‍ പിന്നെയും പൈസ വേണമായിരുന്നു. അമ്മമ്മയോടു സഹായം ചോദിച്ചു. 'മോളെ, എനിക്ക് ബാങ്കിലേക്കൊന്നും നടക്കാന്‍ വയ്യ' എന്ന് പറഞ്ഞു വീടും പറമ്പും എന്റെ പേരില്‍ എഴുതിത്തന്നു. ആധാരം പണയം വെച്ചു നാല്‍പതിനായിരം രൂപയുമെടുത്ത് വണ്ടിയുടെ പണി പൂര്‍ത്തിയാക്കി. രണ്ടായിരത്തി നാല് സെപ്റ്റംബറില്‍ വണ്ടി ബ്രേക്ക് എടുത്തു ഇറങ്ങി. ഞങ്ങള്‍ പഞ്ചായത്തില്‍ ആയതുകൊണ്ട് പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ ഓടാനുള്ള പാര്‍ക്കിംഗ് പെര്‍മിറ്റ് കിട്ടില്ലായിരുന്നു. അങ്ങനെ ഞങ്ങള്‍ എടാട്ട് തന്നെ വണ്ടി ഓടിക്കാന്‍ വേണ്ടി യൂണിയന്‍ പ്രസിഡന്റിനും സെക്രട്ടറിക്കും പാര്‍ക്കിംഗ് പെര്‍മിറ്റിനു വേണ്ടി അപേക്ഷ കൊടുത്തു. അപ്പോള്‍ അവര്‍ 'നോക്കട്ടെ' എന്ന് പറഞ്ഞു. ഞങ്ങളുടെ തന്നെ സമുദായത്തില്‍പെട്ട രണ്ടുപേരും അപേക്ഷ കൊടുത്തു കാത്തിരിക്കുന്നുണ്ടായിരുന്നു. അവര്‍ക്കും പുലയ സമുദായത്തില്‍ പെട്ടവരായത് കൊണ്ട് പെര്‍മിറ്റ് കൊടുത്തിരുന്നില്ല. ആ സമയത്താണ് ഞാനും പെര്‍മിറ്റിനു കൊടുക്കുന്നത്. യൂണിയന്‍കാര്‍ 'ഇന്നാകട്ടെ നാളെ ആകട്ടെ' എന്ന് പറഞ്ഞു രണ്ടുമാസം എന്നെ നടത്തിച്ചു. ഇവരെന്താണ് ഇങ്ങനെ ഉരുട്ടുന്നത് എന്ന കാര്യത്തില്‍ സംശയം തോന്നിയ ശ്രീഷ്‌കാന്ത് പ്രകാശനോടും ശശിയോടും ഇക്കാര്യം സംസാരിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞ കാര്യം ഞങ്ങളെ അത്ഭുതപ്പെടുത്തി. അവര്‍ മൂന്നാല് വര്‍ഷമായി വണ്ടി വാങ്ങിയിട്ട്. ഇതുവരെ വണ്ടി ഓടിക്കാന്‍ പെര്‍മിറ്റ് കിട്ടിയിട്ടില്ലത്രെ. അപ്പൊ ശ്രീഷ്‌കാന്ത്, 'എന്തായാലും നമ്പര്‍ വാങ്ങിച്ചെടുത്തിട്ടേ ബാക്കി കാര്യമുള്ളൂ, എനിക്ക് അവിടെത്തന്നെ ഓട്ടോ ഓടിക്കണം' എന്നും പറഞ്ഞു, പഞ്ചായത്ത് മെമ്പറും കൂടിയാണ് ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ്. അവസാനം ഞാന്‍ അയാളെ കണ്ട് 'ലോണെടുത്ത വണ്ടിയാണ്, നിങ്ങള്‍ നമ്പര്‍ തന്നിട്ടില്ലെങ്കിലും ഞാന്‍ എടാട്ട് ഓട്ടോ ഓടിക്കും' എന്നു പറഞ്ഞു. മൂന്നുമാസമായി എന്റെ ലോണ്‍ പെന്‍ഡിങ്ങും ആയിരുന്നു. അങ്ങനെ നൂറു രൂപ കൊടുത്തു ശ്രീഷ്‌കാന്തിന്റെ പേരില്‍ ഇ.ടി. നാല്‍പത്തി നാല് എന്ന നമ്പര്‍ കിട്ടി.
Also Read
ശ്രീഷ്‌കാന്തിന്റെ പേരില്‍ നമ്പര്‍ കിട്ടിയത് കൊണ്ട് ഞാന്‍ പുള്ളിയോട് ഓടിച്ചോളാന്‍ പറഞ്ഞു. അവിടെ ഭൂരിഭാഗവും ഫോണില്‍ വിളിച്ചുകിട്ടുന്ന ട്രിപ്പുകളാണ് ഉണ്ടാവുക. പക്ഷെ ഓട്ടോസ്റ്റാന്‍ഡില്‍ വരുന്ന ഫോണ്‍ ട്രിപ്പുകള്‍ ശ്രീഷ്‌കാന്തിനു കൊടുക്കില്ല. കോളേജില്‍ പോകുന്ന കുട്ടികള്‍ വിളിച്ചാലുള്ള ട്രിപ്പുകള്‍, പിന്നെ ആരെങ്കിലും വിളിച്ചാലുള്ള ട്രിപ്പുകള്‍ മാത്രമേ കിട്ടാറുള്ളൂ.
എടാട്ട് ഓട്ടോ സ്റ്റാന്‍ഡില്‍ യൂണിയന്റെ ഗുണ്ടകളായ ചിലരുണ്ടായിരുന്നു. ഒരിക്കല്‍ അവര്‍ ശ്രീഷ്‌കാന്തിനെ ബിവറേജിലേക്ക് കള്ള് വാങ്ങിക്കാന്‍ ട്രിപ്പിനു വിളിച്ചു. ശ്രീഷ്‌കാന്ത് തനിക്ക് പറ്റില്ല എന്നു പറഞ്ഞു. അവര്‍ കള്ള് വാങ്ങുന്നതുവരെയും കുടിച്ചു തീരുന്നത് വരെയും അവിടെ കുത്തിയിരിക്കേണ്ടി വരും. പിന്നെ ശ്രീഷ്‌കാന്തിനു പണിയെടുക്കാന്‍ പറ്റില്ല. അവര്‍ ഓട്ടോ തൊഴിലാളികളുടെ സുഹൃത്തുക്കളാണ്. പാര്‍ട്ടിക്കു വേണ്ടി അടിക്കാന്‍ പോക്കാണ് അവരുടെ മെയിന്‍ പരിപാടി. അന്ന് വൈകുന്നേരം ശ്രീഷ്‌കാന്തിനെ വേറെ ഒരാളെക്കൊണ്ട് ട്രിപ്പ് വിളിച്ചു കൊണ്ടുപോയി വേറെ ഒരിടത്തെത്തിയപ്പോള്‍ പ്രശ്‌നമുണ്ടാക്കി. അവിടെ വെച്ച് അടി ആയി. വണ്ടിയുടെ ഗ്ലാസ് പൊട്ടിച്ചുകളഞ്ഞു. ശ്രീഷ്‌കാന്തും നല്ലത് കൊടുത്തു. പിന്നെ ശ്രീഷ്‌കാന്ത് തനിക്ക് എടാട്ട് ഓട്ടോ ഓടിക്കാന്‍ പറ്റില്ല എന്നും എന്നോടു തന്നെ ഓടിേച്ചാളാനും പറഞ്ഞു. എടാട്ട് വണ്ടിയുടെ റിപ്പയറിംഗ് പണി എടുക്കുന്ന ഒരു രാജീവേട്ടന്‍ പെരുമ്പയിലെ ഷൗക്കത്തലി എന്ന മനുഷ്യനെ ശ്രീഷ്‌കാന്തിനു പരിചയപ്പെടുത്തിക്കൊടുത്തു. ഷൗക്കത്തലി ശ്രീഷ്‌കാന്തിനു പെരുമ്പയില്‍ ഓടിക്കാന്‍ ഒരു വണ്ടി കൊടുത്തു. അങ്ങനെ ഞാന്‍ എടാട്ട് നിന്നും ശ്രീഷ്‌കാന്ത് പെരുമ്പയില്‍ നിന്നും ഓടാന്‍ തുടങ്ങി.
എടാട്ട് സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിച്ചുതുടങ്ങിയ ആദ്യത്തെ ദിവസം തന്നെ ഞാന്‍ കേട്ടത് 'പൊലച്ചി ഓടിക്കാന്‍ വണ്ടിയും കൊണ്ട് വന്നല്ലോ' എന്നായിരുന്നു. ഞാന്‍ അത് അത്ര വലിയ കാര്യമൊന്നുമാക്കിയില്ല. പോയ ഉടനെ ഒരു പ്രശ്‌നം ആക്കേണ്ട എന്നുകരുതി ഞാന്‍ ക്യൂവില്‍ വെച്ച് വണ്ടി ഓടിച്ചു. അങ്ങനെ കുറെ ദിവസങ്ങള്‍ പോയപ്പോള്‍ ഓരോരുത്തര്‍ പലതും പറയാന്‍ തുടങ്ങി. വേണ്ടാത്ത വര്‍ത്തമാനങ്ങള്‍, അസഭ്യങ്ങള്‍ എല്ലാമാണ് പറയുക. പക്ഷെ ഞാന്‍ അതൊക്കെ പോട്ടെ എന്നു കരുതി അങ്ങ് വിട്ടു. ഞങ്ങളുടെ ജീവിതം തന്നെ ക്ഷമയുടെ മുകളിലാണ് പോകുന്നത്. ജീവിതമാണല്ലോ പ്രധാനം. അതുകൊണ്ടുതന്നെ ഇത്തരം വാക്കുകള്‍ കൊണ്ടുള്ള ആക്രമണങ്ങള്‍ക്കൊന്നും ഞാന്‍ പ്രതികരിക്കാന്‍ പോയില്ല. അരിക്കാശുണ്ടാക്കാനുള്ള തത്രപ്പാടില്‍ ഇതൊന്നും ശ്രമിച്ചില്ല. പക്ഷെ കുത്തി കുത്തി കിള്ളിക്കൊണ്ടിരുന്നാല്‍ പ്രതികരിക്കാത്തവരായി ആരും ഉണ്ടാകില്ലല്ലോ.
അവിടെ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ ഉണ്ട്. മണിയാണി സമുദായത്തില്‍പെട്ട ആളാണ്. അവന്റെ അമ്മാവനും അവിടെ വണ്ടി ഓടിക്കുന്നുണ്ട്. രണ്ടായിരത്തി നാല് ഒക്ടോബര്‍ പതിനൊന്ന്. നവമി പൂജയുടെ സമയം. വണ്ടികള്‍ ഓടുന്നത് ക്യൂ സിസ്റ്റത്തിലൂടെ ആണ്. മുന്നിലുള്ളവര്‍ മുന്നിലുള്ളവര്‍ ട്രിപ്പുമായി പോകും. ഞാന്‍ ആ ലൈനില്‍ മുന്നിലെത്തിയാല്‍ ഇവര്‍ അവരുടെ വണ്ടിമുന്നില്‍ കേറ്റി വെക്കും. പക്ഷെ ഞാന്‍ മുന്നിലെത്തിയാല്‍ 'നിന്നോടാരാണ് വണ്ടി മുന്നില്‍ കേറ്റിവെക്കാന്‍ പറഞ്ഞത്?' എന്നൊക്കെ ചോദിക്കും. 'ഞാനെന്താ നിങ്ങളുടെ വേലക്കാരത്തിയോ? ഞാന്‍ മുന്നിലെത്തിയാല്‍ ഞാന്‍ ഓടും' എന്നു തന്നെ ഞാനും പറയും. അവര്‍ പിന്നിലാണെങ്കിലും അവര്‍ എന്റെ മുന്നില്‍ വണ്ടി കയറ്റിവെക്കും. അപ്പോള്‍ 'അതെങ്ങനെയാ നടക്കുക? എല്ലാവരും ലൈനില്‍ പോകുന്നതല്ലേ?' എന്ന് ഞാന്‍ ചോദിക്കും. എല്ലാവര്‍ക്കും നിയമം ഒരുപോലെ ബാധകമാണല്ലോ. പക്ഷെ ഞാന്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ എല്ലാ പരിപാടികള്‍ക്കും സഹകരിക്കുമായിരുന്നു. അവിടെ ഓട്ടോറിക്ഷ യൂണിയന്‍ സെക്രട്ടറി എന്ന ആള്‍ക്ക് ഒരിക്കല്‍ പാസഞ്ചറുടെ കൈയില്‍ നിന്ന് നല്ല അടി കിട്ടി. അമിതമായി കൂലി ചോദിച്ചതിനാണ് അടി കിട്ടിയതെന്നാണ് അറിവ്. എന്നാലും അതിനുശേഷമുള്ള പണിമുടക്കില്‍ ഞാന്‍ പങ്കെടുത്തു. നവമി പൂജക്ക് ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ തോരണം കെട്ടുമ്പോള്‍ ഒരാള്‍ 'ഓരോന്നിനെ സ്റ്റാന്‍ഡില്‍ കേറ്റിയതും അശുദ്ധമായി, ഇതിനെയൊന്നും കേറ്റാന്‍ പാടില്ലായിരുന്നു' എന്നു പറഞ്ഞു. അതിനു ഞാന്‍ 'സ്റ്റാന്റ് നിന്റെ തറവാട്ടു സ്വത്തൊന്നുമല്ലല്ലോ?' എന്ന മറുപടി ആണ് കൊടുത്തത്. എന്റെയും ശ്രീഷ്‌കാന്തിന്റെയും വണ്ടി പൂജിക്കാന്‍ താക്കോല്‍ കൊടുത്തു. ഞാന്‍ പിറ്റേന്ന് കണ്ട കാഴ്ച എന്റെ വണ്ടി കീറി അതേ വണ്ടിയില്‍ ഒരാള്‍ കിടന്നുറങ്ങുന്നതാണ്.
ഞാന്‍ എന്താണ് സംഭവം എന്ന് ചോദിച്ചപ്പോള്‍ 'ഇതു പോലെ നിന്നെയും കീറും' എന്നു പറഞ്ഞ് അവന്‍ വണ്ടിയില്‍ നിന്നും ഇറങ്ങി ഒറ്റ പോക്കായിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ പോലീസില്‍, പരാതികൊടുത്തു. ഞാന്‍ ആ റെക്‌സിന്‍ തുന്നിക്കൂട്ടി. ആകെ നൂറ്റമ്പത് രൂപയുടെ പ്രശ്‌നം മാത്രമേ ഉള്ളൂ. പോലീസ് അവനെ വിളിച്ചു താക്കീതും ചെയ്തു വിട്ടു. പിറ്റേ ദിവസം എന്റെ വണ്ടി മുന്നിലുണ്ടായിരുന്നിട്ടും അയാള്‍ പുറകില്‍ നിന്നും ആളെയും കേറ്റി പോയി. അപ്പോള്‍ ഞാന്‍ 'ഇതെന്താണ് സംഭവം?' എന്ന് ചോദിച്ചു. എന്നിട്ടും അവന്‍ മൈന്‍ഡ് ചെയ്യാതെ ആളെയും കൊണ്ടുപോയി. പിന്നെ ഇവര്‍ എന്റെ വണ്ടിയില്‍ ആളുകള്‍ കയറുമ്പോള്‍ അവരുടെ വണ്ടിയില്‍ വിളിച്ചു കേറ്റലായി. എന്റെ ട്രിപ്പ് മുടക്കലായി. അവരെല്ലാം മണിയാണി സമുദായവും തീയ സമുദായവും ആയതു കൊണ്ടുതന്നെ കൂടെ നില്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. അവര്‍ പാര്‍ട്ടിയും സമുദായവും എല്ലാം ഒന്നായിരുന്നു. അവിടെ മറ്റൊരു യൂണിയന്റെ ആള്‍ക്കാര്‍ ഉണ്ടെങ്കിലും അവര്‍ക്ക് പ്രതികരിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. അവര്‍ പ്രതികരിച്ചാലും തല്ലു കിട്ടുന്ന അവസ്ഥയാണ്. ഞാന്‍ പ്രതികരിച്ചതോടെ എനിക്കെതിരെയുള്ള അക്രമങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു...
പിറ്റേദിവസം ഞാന്‍ ഓട്ടോസ്റ്റാന്‍ഡില്‍ പോയപ്പോള്‍ എന്നോടു ചോദിച്ചത്, 'നീ ആരോടു ചോദിച്ചിട്ടാണ് കേസ് കൊടുത്തത്?' എന്നായിരുന്നു.
'എന്റെ വണ്ടി നശിപ്പിച്ചാല്‍ കേസ് കൊടുക്കുകയല്ലാതെ ഞാന്‍ പിന്നെ എന്താണ് ചെയ്യേണ്ടത്? നിങ്ങളുടെ യൂണിയനില്‍ പരാതി കൊടുത്തിട്ടും ഒന്നും ചെയ്തിട്ടില്ലല്ലോ. പിന്നെ ഞാനെന്റെ വഴി നോക്കി, അത്രയേയുള്ളൂ' എന്ന് ഞാന്‍ മറുപടി പറഞ്ഞു.
'എന്നാല്‍ നീ ഇവിടെ വണ്ടി ഓടിക്കണ്ട' എന്നുപറഞ്ഞു മൂന്നുപേര്‍ കൂടി എന്നെ വണ്ടിയില്‍ നിന്ന് വലിച്ചു താഴെയിട്ടു. ഞാന്‍ അവിടെ നിന്നും എഴുന്നേറ്റു. എന്നെ ഓടിക്കാന്‍ വിട്ടില്ലെങ്കില്‍ ഒരൊറ്റ വണ്ടി പിന്നെ ഇവിടെ നിന്നും ഓടില്ല എന്ന് ഞാന്‍ പറഞ്ഞു. ഒരാള്‍ അയാളുടെ വണ്ടി എടുത്തപ്പോള്‍ ഞാന്‍ ആ വണ്ടിയുടെ മുന്നില്‍ കയറിനിന്നു. ഞാന്‍ എന്റെ സാരി എല്ലാം കൂട്ടിപ്പിടിച്ചാണ് വണ്ടിയുടെ മുന്നില്‍ നിന്നത്. എന്റെ കാലിന്റെ മുകളിലൂടെ വണ്ടി എടുത്തു. എന്റെ സാരിയെല്ലാം അഴിഞ്ഞുപോയി. അപ്പോള്‍ ശ്രീഷ്‌കാന്ത് ആ വഴിയിലൂടെ വരുന്നുണ്ടായിരുന്നു. ശ്രീഷ്‌കാന്തിന്റെ കൂടെ അപ്പോള്‍ തന്നെ പോലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുത്തു. പോലീസുകാര്‍ പറഞ്ഞതിന്‍ പ്രകാരം ഞാന്‍ നേരെ ആശുപ്രതിയില്‍ പോയി അഡ്മിറ്റും ആയി. ശ്രീഷ്‌കാന്തിനോട് പോലീസുകാര്‍ ആളെ കാണിച്ചു കൊടുക്കാന്‍ പറഞ്ഞു. ശ്രീഷ്‌കാന്ത് ആളെ കാണിച്ചു കൊടുത്തു. അയാളെ അപ്പോള്‍ തന്നെ കൈയ്യോടെ കൊങ്ങയ്ക്കു പിടിച്ചു പോലീസുകാര്‍ തൂക്കിയെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. പക്ഷെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടുകൂടി അയാള്‍ ബോധം കെട്ട് വീഴുകയായിരുന്നു.
ഞാന്‍ നഴ്‌സിംഗ് കഴിഞ്ഞ് ആ ജോലിക്കു പോകാതിരിക്കാനുള്ള കാരണം നൈറ്റ് ഷിഫ്റ്റ് ആയിരുന്നു. നൈറ്റ് ഷിഫ്റ്റ് ചെയ്താല്‍ രാവിലെ വന്നു കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനുമുമ്പേ അവര്‍ക്ക് രാവിലത്തെ ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നതിനു ബുദ്ധിമുട്ടാണ്. അത് കൊണ്ടാണ് നഴ്‌സിംഗ് ജോലി ഉപേക്ഷിച്ച് ഓട്ടോ ഓടിക്കാന്‍ തുടങ്ങിയത്. ജീവിക്കാന്‍, ജീവിതം കൂട്ടിമുട്ടിക്കാനാണ് ഓട്ടോ ഓടിക്കാന്‍ പോയത്. അങ്ങനെ ഉള്ള എന്റെ നേര്‍ക്കാണ് അതിക്രൂരമായ അതിക്രമങ്ങള്‍ കാട്ടിയത്.
ഞാന്‍ ആ സമയത്ത് ആശുപത്രിയില്‍ അഡ്മിറ്റ് ആയി. ശ്രീഷ്‌കാന്ത് ആണ് പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. മൂപ്പരാണ് പോയി ആള്‍ക്കാരെ കാണിച്ചു കൊടുത്തത്. അതിനുശേഷം ശ്രീഷ്‌കാന്തിനു നേരെയും ഭീഷണി ഉണ്ടായി. 'നീ നാട്ടിലിറങ്ങിയാല്‍ കാണിച്ച് തരാം' ഓട്ടോ തൊഴിലാളികള്‍ മുഴുവന്‍ ജാഥ ആയി പോലീസ് സ്റ്റേഷനിലെത്തി. അന്ന് അവര്‍ ഓട്ടോറിക്ഷ ഓടിക്കാതെ പണിമുടക്കും നടത്തി. ഒരു ദളിത് സ്ത്രീ ആയ എന്നെ ഉപ്രദവിച്ചതിന് അവര്‍ക്ക് ഒന്നും പറയാനില്ലായിരുന്നു. പക്ഷെ എന്നെ ആക്രമിച്ചയാള്‍ക്കു വേണ്ടി അവര്‍ ഒരു ദിവസം പണിമുടക്ക് നടത്തി. ഞാന്‍ കള്ളക്കേസ് കൊടുത്തു എന്നായിരുന്നു അവരുടെ ആരോപണം. പോലീസുകാര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ ബോധം കെട്ടുവീണ അയാളെ പോലീസുകാര്‍ തന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. എന്നെ അഡ്മിറ്റ് ചെയ്ത അതേ ആശുപത്രിയിലേക്ക് തന്നെ ആയിരുന്നു അയാളെയും കൊണ്ടുവന്നത്. അവിടെ ആള്‍ക്കൂട്ടം കണ്ടു. ശ്രീഷ്‌കാന്ത് വന്നു കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ് എനിക്ക് കാര്യങ്ങള്‍ മനസ്സിലായത്. പോലീസ് ഉടനെ തന്നെ വന്നു ഞങ്ങളുടെ മൊഴി എടുത്തു.
പട്ടികജാതി അതിക്രമ നിരോധന നിയമ പ്രകാരം ആയിരുന്നു പോലീസ് കേസെടുത്തത്. ലോക്കപ്പ് മര്‍ദനം നടത്തിയെന്ന് കേസ് കൊടുക്കാന്‍ സാധ്യത ഉള്ളതുകൊണ്ട് മാത്രമാണ് പോലീസുകാര്‍ മേല്പറഞ്ഞ നിയമപ്രകാരം കേസെടുക്കാന്‍ നിര്‍ബന്ധിതരായത്. ഞങ്ങളുടെ മൊഴിയെടുത്ത് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തുവെങ്കിലും പോലീസുകാര്‍ ഈ കേസിന്റെ തെളിവുകളൊന്നും ശേഖരിച്ചു വെച്ചിട്ടില്ലായിരുന്നു. രാഷ്ട്രീയമായ ഇടപെടലുകള്‍ അതിന്റെ ഇടയില്‍ നടന്നതുകൊണ്ടാണ് പോലീസുകാര്‍ തെളിവുകള്‍ ശേഖരിക്കാന്‍ തയ്യാറാകാതിരുന്നത്.
അയാള്‍ ഒന്നര മാസത്തോളം ആശുപത്രിയില്‍ കിടന്നു. ഒരു രോഗവുമില്ലാതെയാണ് അയാള്‍ അത്രയുംകാലം ആശുപ്രതിയില്‍ കിടന്നത്. പട്ടികജാതി അതിക്രമ നിരോധന നിയമ പ്രകാരമുള്ള കേസായതുകൊണ്ട് തൊണ്ണൂറു ദിവസം കഴിഞ്ഞാല്‍ മാത്രമേ ജാമ്യം കിട്ടുമായിരുന്നുള്ളു. അതുകൊണ്ട് ഒന്നര മാസം സുഖമില്ല എന്ന് പറഞ്ഞുകൊണ്ടു തന്നെ അയാള്‍ ഹോസ്പിറ്റലില്‍ കിടന്നു. ഡോക്ടര്‍മാരും അതിനു കൂട്ടുനിന്നു. കഴുത്തിന് കുത്തിപ്പിടിച്ചതുകൊണ്ട് വെള്ളമിറക്കാന്‍ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞാണ് അത്രയും കാലം ആശുപത്രിയില്‍ കിടന്നത്. ഒന്നര മാസം കഴിഞ്ഞപ്പോഴേക്കും ആശുപ്രതിയില്‍ നിന്ന് തന്നെ അയാള്‍ ജാമ്യത്തിലിറങ്ങി. ആ കേസില്‍ മറ്റുള്ളവരെയൊന്നും അറസ്റ്റ് ചെയ്യുകപോലുമുണ്ടായില്ല. എന്നെ ഉപദ്രവിച്ച മൂന്നുപേര്‍ ഈ കേസില്‍ ഒളിവില്‍ പോയി. അഞ്ചു ദിവസത്തെ ആശുപ്രതിവാസം കഴിഞ്ഞ് വീട്ടിലെത്തി വസ്ത്രം മാറി നേരെ ഓട്ടോ ഓടിക്കാനായി ഞാന്‍ പോയി. മഹിള അസോസിയേഷന്റെ ഒരു നേതാവ് വന്ന് എന്നോട് നീയെങ്ങനെയാണ് പ്രശ്‌നം തീരാതെ വണ്ടി ഓടിക്കുക എന്ന് ചോദിച്ചു.
'ഞാന്‍ വണ്ടി ഓടിക്കുന്നില്ല. എന്റെ വീട്ടില്‍ അരിയും പച്ചക്കറിയും വാങ്ങണം. അത് നിങ്ങള്‍ വാങ്ങിത്തരുവോ?' അത് കേട്ടതോടുകൂടി അവര്‍ തലയും കുനിച്ചു അവരുടെ പാട്ടിനു പോയി.
ഞാന്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങിയതോടെ വിവിധ തരത്തിലുള്ള ഉപ്രദവങ്ങളായി. എന്റെ വണ്ടിയെ അവര്‍ ഒറ്റപ്പെടുത്തും. വണ്ടി മുന്നിലാണെങ്കില്‍ ഇവരുടെ വണ്ടി പിന്നില്‍ വെക്കില്ല. വണ്ടി മുന്നോട്ടു പോകാന്‍ പറ്റാത്ത വിധത്തില്‍ വണ്ടി കൊണ്ടുവന്നു തടസ്സം വെക്കും. എന്റെ വണ്ടിയില്‍ കയറാന്‍ വരുന്ന ആളുകളെ വിളിച്ച് അവരുടെ വണ്ടിയില്‍ കയറ്റും. എന്റെ വണ്ടിയില്‍ കയറാന്‍ വരുന്നവരോട് എന്നെക്കുറിച്ച് മോശമായി പറയും. ഞാന്‍ ചീത്തസ്ത്രീ ആണ്, അതുകൊണ്ടാണ് ഞാന്‍ കള്ളേക്കസ് കൊടുത്തത്. എന്റെ വണ്ടിയില്‍ കയറിയാല്‍ കയറുന്നവര്‍ക്കും മോശമായിരിക്കും എന്നൊക്കെയാണ് പറയുക. എന്റെ യാത്രക്കാര്‍ കോളേജ് കുട്ടികളും പിന്നെ പറമ്പത്തേക്ക് പോകുന്ന പുലയരും ആയി ചുരുങ്ങി. എനിക്ക് യാത്രക്കാരെ കിട്ടാത്ത അവസ്ഥയായി. ഫോണ്‍ ട്രിപ്പ് കിട്ടാതെ ആയി. ഞാന്‍ ഒരു മുന്നൂറ്റിയൊമ്പത് രൂപ ചിലവാക്കി ടാറ്റയുടെ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങിച്ചു. അതോടെ ഞാന്‍ മുമ്പ് പണിക്ക് പോയിരുന്ന മുസ്ലീം സമുദായത്തില്‍പ്പെട്ട വീട്ടിലെ ആള്‍ക്കാര്‍ എന്നെ ട്രിപ്പിനു വിളിക്കാന്‍ തുടങ്ങി. അതില്‍ ചിലത് ലോങ്ങ് ട്രിപ്പുകളും ആയിരുന്നു. ഓട്ടോസ്റ്റാന്റില്‍ ടെലിഫോണ്‍ ബൂത്ത് ഉണ്ടെങ്കിലും അവര്‍ എന്റെ മൊബൈല്‍ ഫോണിലേക്ക് ട്രിപ്പിനു വിളിക്കും.
ഹോസ്പിറ്റലില്‍ നിന്നു വന്നതിനുശേഷം ഒരു രണ്ടുമാസം കൂടി ഇതുപോലെ തള്ളി നീക്കി. പക്ഷെ ഇവരുടെ ഉപദ്രവം കാരണം തീരെ ഓട്ടം കുറഞ്ഞു. വണ്ടിക്കു പെട്രോള്‍ അടിക്കണം, വീട്ടിലേക്ക് സാധനം വാങ്ങിക്കണം. എല്ലാം കൂടി ഒത്തുപോകാത്ത അവസ്ഥയായി. അതിന്റെ ഇടയില്‍ ശ്രീഷ്‌കാന്തിന്റെ വണ്ടി മൊതലാളി തിരിച്ചെടുത്തു. തന്റെ വണ്ടിയും അക്രമിക്കപ്പെടും എന്ന പേടിയിലായിരുന്നു അയാള്‍ വണ്ടി, തിരിച്ചുവാങ്ങിയത്. കേസിന്റെ കാര്യങ്ങളുമായി പോകേണ്ടതുകൊണ്ട് രണ്ടുപേര്‍ക്കും ബുദ്ധിമുട്ടുകളായി. അപ്പോഴൊന്നും ആരും ഞങ്ങളെ സഹായിക്കാനില്ലായിരുന്നു. ഒരു പൊതുപ്രവര്‍ത്തകരും ഞങ്ങളുടെ വിഷയത്തിനുവേണ്ടി ഇടപെട്ടിരുന്നില്ല. പിന്നെ ഞാന്‍ വണ്ടി വീട്ടില്‍ വെച്ചിട്ട് തേങ്ങാപ്പണിക്കും കൂലിപ്പണിക്കും മീന്‍ പിടിക്കാനുമൊക്കെ പോയിത്തുടങ്ങി.
രണ്ടായിരത്തിയഞ്ച് ഡിസംബര്‍ 31. എന്റെ അനിയന്‍ അന്ന് രാത്രി സെക്കന്റ് ഷോ സിനിമ കണ്ടു വീട്ടിലേക്ക് തിരിച്ചു വരികയായിരുന്നു. രാത്രി വയലില്‍ കൂടി ആയിരുന്നു അനിയന്‍ വന്നത്. അപ്പോള്‍ വയലിന്റെ അവിടെ മൂന്നു നാലു പേര്‍ നില്‍ക്കുന്നത് കണ്ടു. രാത്രി ഏകദേശം ഒരു പന്ത്രണ്ടു മണി കഴിഞ്ഞിട്ടുണ്ടാകും. അവന്‍ എന്റെ വീട്ടിലേക്ക് വരാനായിരുന്നു വിചാരിച്ചത്. ഞാന്‍ അമ്മമ്മയുടെ കൂടെയാണല്ലോ താമസിക്കുന്നത്. പക്ഷെ അങ്ങോട്ടുവരാതെ അവന്‍ അമ്മയുടെ വീട്ടിലേക്കുപോയി. അമ്മയുടെ വീട് കുറച്ചകലെ മുന്നോട്ടു പോകണം. അവിടെ നിന്നവര്‍ പാര്‍ട്ടിക്കാരായിരുന്നു. അവര്‍ പാര്‍ട്ടിക്കാരായതുകൊണ്ട് ഒന്നും ചോദിക്കുകയും പറയുകയും ചെയ്യാതെ അനിയന്‍ നേരെ വീട്ടിലേക്കുപോയി. അനിയന്‍ കുറച്ചു കാലം എടാട്ട് അവന്റെ പോക്കറ്റ് മണിക്ക് വേണ്ടി എന്റെ വണ്ടി ഓടിച്ചിരുന്നു. അവന്‍ അന്ന് ആ പാര്‍ട്ടിയിലെ യൂണിറ്റ് സെക്രട്ടറി ആയതുകൊണ്ട് ഓട്ടോ ഓടിക്കുന്നതിനു വലിയ പ്രശ്‌നമുണ്ടായിരുന്നില്ല. അതുകൊണ്ട് അവരെ അനിയനു നന്നായി അറിയാമായിരുന്നു. ആ ദിവസം രാത്രി ഞാന്‍ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റ സമയത്ത് ഒരു വലിയ വെടി പൊട്ടുന്ന പോലുള്ള ശബ്ദം കേട്ടു.
(തുടരും)
Content Highlights: Autobiography od Chithralekha Oru Dalit Auto Drivarude jeevitham
Published: 04 Aug 2025, 06:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented