പാര്‍ട്ടിയുടെ അക്രമവും എന്നില്‍ നിന്നും തുടങ്ങുന്നതൊന്നുമായിരുന്നില്ല. അമ്മയെ വീട്ടില്‍ കയറി കെട്ടിയിട്ട് ആക്രമിച്ചതും പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. ഇവര്‍ക്കെതിരെ പത്രമാധ്യമങ്ങളിലൊന്നും വലിയ വാര്‍ത്തകള്‍ ഒന്നുംതന്നെ ഉണ്ടായില്ല. 'ഗദ്ദിക' എന്ന ഒരു ചെറിയ പത്രത്തില്‍ ഒരു രണ്ടുകോളം വാര്‍ത്ത മാത്രമായിരുന്നു അമ്മയെ ആക്രമിച്ചതിനെക്കുറിച്ചു വന്നത്. അമ്മ മാത്രമല്ല മറ്റു പല സ്ത്രീകളും ആ കാലഘട്ടങ്ങളില്‍ ആക്രമിക്കപ്പെട്ടിരുന്നു. ഉത്തര മലബാറില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന, ആക്രമിക്കപ്പെടുന്ന ഏക സ്ത്രീയൊന്നുമല്ലായിരുന്നു ഞാന്‍. എന്നെപ്പോലെ പയ്യന്നൂരിനടുത്തുള്ള കവ്വായി എന്ന സ്ഥലത്തെ ഓട്ടോറിക്ഷ ഓടിക്കുന്ന സീത എന്ന സ്ത്രീയും ഇതുപോലെ ആക്രമിക്കപ്പെട്ടിരുന്നു. സീത എന്ന പുലയസ്ത്രീയുടെ ഓട്ടോറിക്ഷ കത്തിക്കുകയായിരുന്നു. ഇവരുടെ തുടരക്രമങ്ങള്‍ക്കും ഭീഷണിക്കും മേലെയുള്ള പേടി കാരണമായിരിക്കാം ഒരുപക്ഷേ, അവര്‍ ഒരു ഒത്തുതീര്‍പ്പിലേക്കെത്തിയത്. അവര്‍ക്ക് അവസാനം ഇന്‍ഷുറന്‍സ് കിട്ടി പുതിയ വണ്ടി വാങ്ങിച്ചു. അതേപോലെ പഴയങ്ങാടിയിലെ ദളിത് ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട എലിസബത്ത് എന്ന സ്ത്രീക്ക് മറ്റൊരു അനുഭവമാണ് ഉണ്ടായത്. അവരുടെ ഓട്ടോ മേല്‍ജാതിക്കാര്‍ ഓട്ടം വിളിച്ചു കൊണ്ടുപോവുകയും പകുതി വഴിക്കുവെച്ച് ശാരീരികോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. അവരെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. തീവണ്ടികളിലെ ടോയ്‌ലെറ്റുകളില്‍ അവരുടെ ഫോണ്‍ നമ്പര്‍ എഴുതിവെച്ചു. അവരെ ഒരു വേശ്യയായി ചിത്രീകരിച്ചു. അവര്‍ അവസാനം ഓട്ടോറിക്ഷപ്പണി നിര്‍ത്തുകയാണ് ചെയ്തത്. 

To advertise here,

ഉത്തര മലബാറിലെ ബലാത്സംഗങ്ങളുടെ ചരിത്രം ഇങ്ങനെയാണ്. കല്യാണം കഴിക്കാത്ത സ്ത്രീകളെ ജന്മികള്‍ക്കു കാഴ്ചവെയ്ക്കുന്ന സംവിധാനമാണ് പണ്ടുമുതലേ നിലനിന്നിരുന്നത്. പുലയരായ സ്ത്രീകള്‍ ജോലി കഴിഞ്ഞുവന്നാല്‍ ഇവര്‍ മേല്‍ജാതിക്കാരാല്‍ ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു. ഇത്തരം കൊടിയ അക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചാല്‍ അവര്‍ക്കു പിന്നെ ജോലിയുണ്ടാകില്ല. അതേസമയം ബലാത്സംഗങ്ങള്‍ക്കുശേഷം കുട്ടികള്‍ ജനിച്ചാല്‍ അവരുടെ പിതൃത്വം മേല്‍ജാതിക്കാരായ ബലാത്സംഗികള്‍ ഏറ്റെടുക്കില്ല. ഒന്നുകില്‍ ആ ജനിച്ച കുട്ടികളെ നശിപ്പിച്ചു കളയും. അല്ലെങ്കില്‍ അച്ഛനില്ലാത്ത കുട്ടിയായി വളരും. ജീവിതം കഷ്ടപ്പാടുകളിലേക്കു നീങ്ങുമ്പോള്‍, ജോലി ചെയ്യാനുള്ള സംവിധാനം കൂടി ഇല്ലാതാകുമ്പോള്‍ അവരുടെ അവസ്ഥ വളരെ ദുഷ്‌കരമായിരിക്കും. വിദ്യാഭ്യാസമില്ലാത്തതുകൊണ്ടും യാത്രാസൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടും ഈ ദളിത് സ്ത്രീകള്‍ക്ക് മറ്റിടങ്ങളിലേക്കു പോകാനും കഴിഞ്ഞിരുന്നില്ല. ഗള്‍ഫ് പ്രവാസത്തിന്റെ സാധ്യതകളൊന്നും ആ കാലഘട്ടത്തില്‍ പുലയര്‍ക്കില്ലായിരുന്നു. അമ്മമ്മയുടെ കാലഘട്ടത്തില്‍ പുലയസ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ സാധിച്ചിട്ടില്ലായിരുന്നു. പക്ഷേ, അമ്മമ്മയുടെ അനിയത്തിയുടെ മക്കളെല്ലാം വിദ്യാഭ്യാസം നേടുകയും അവരൊക്കെ വലിയ ഉദ്യോഗത്തില്‍ എത്തുകയും ചെയ്തു. അമ്മ പഠിക്കാന്‍ പോകുമ്പോള്‍ പയ്യന്നൂരിലെ സ്‌കൂളുകളില്‍ വിവേചനം ഉണ്ടായിരുന്നു. അമ്മയെപ്പോലുള്ള പുലയ പെണ്‍കുട്ടികള്‍ ക്ലാസുകളില്‍ പിന്നില്‍ ഇരിക്കണമായിരുന്നു. അങ്ങനെയുള്ള കാലത്തിലൂടെയാണ് അമ്മ അഞ്ചാം ക്ലാസ് വരെ വിദ്യാഭ്യാസം നേടിയത്.

ഇന്നും ഉത്തര മലബാറില്‍ കീഴാളര്‍ താമസിക്കുന്നത്, പുഴയോടു ചേര്‍ന്ന ചതുപ്പുനിലങ്ങളിലോ വെള്ളം കിട്ടാത്ത കുന്നിന്‍പുറങ്ങളിലോ ആണ്. ജന്മികളുടെ വയലില്‍ പണിയെടുക്കുമ്പോള്‍ പുഴയോടു ചേര്‍ന്നാണ് പുലയര്‍ ജീവിക്കുക. പുഴക്കരയില്‍ വയലില്‍ വലിയ തറ പോലുള്ള ബണ്ട് കെട്ടി അതിന്റെ മുകളില്‍ കൂര കെട്ടിയാണ് പുലയര്‍ താമസിക്കുന്നത്. അവിടെ വീടിന്റെ ഓരത്തുതന്നെ പുഴയായതുകൊണ്ട് ഉപ്പുവെള്ളം മാത്രമേ കിട്ടുമായിരുന്നുള്ളൂ. പുഴയും തോടും കണ്ടല്‍ക്കാടുകളുമുള്ള, പാരിസ്ഥിതികമായി ഗംഭീരമായ സ്ഥലമായിരുന്നെങ്കിലും ആഹാരം പാകംചെയ്യാനുള്ള വെള്ളം ഉണ്ടായിരുന്നില്ല. കുടിക്കാനുള്ള വെള്ളത്തിനായി ജന്മികളെ ആശ്രയിക്കണം. ജന്മികള്‍ പുഴയില്‍ നിന്നും വിട്ട് നല്ല വെള്ളം കിട്ടുന്ന ഇടങ്ങളിലായിരുന്നു ജീവിച്ചിരുന്നത്. അയിത്തം പ്രധാനമായും പ്രയോഗിക്കപ്പെട്ടതും ഈ ജന്മി വീടുകളില്‍ നിന്നുള്ള വെള്ളത്തിന്റെ വിതരണങ്ങളുമായി ബന്ധപ്പെട്ടാണ്.

തിരുവിതാംകൂറില്‍ മഹാത്മാ അയ്യങ്കാളി സമരം നടത്തിയും ജാഥ നടത്തിയും കര്‍ഷകസമരം നടത്തിയും വലിയ മുന്നേറ്റം സൃഷ്ടിച്ചിരുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയില്ലെങ്കില്‍ വയലില്‍ പണി എടുക്കില്ല എന്ന അവസ്ഥയിലേക്ക് എത്തിക്കാന്‍ അയ്യങ്കാളിക്ക് കഴിഞ്ഞു. പുലയനായ അയ്യങ്കാളിയാണ് ആദ്യത്തെ കര്‍ഷകസമരം നടത്തുന്നത് എന്നത് ചരിത്രയാഥാര്‍ഥ്യമാണ്. അതേസമയം ഉത്തര മലബാറില്‍ അത്തരം മുന്നേറ്റങ്ങളൊന്നുമില്ലാതെ, അയിത്തം പിന്‍തലമുറക്കാര്‍ ഏറ്റെടുത്തു നടപ്പിലാക്കുന്ന സമ്പ്രദായം പിന്‍തുടര്‍ന്നു. 'ഹരിജനോദ്ധാരണം' എന്നൊക്കെ പറഞ്ഞ് പലതും രൂപീകരിച്ചുവെങ്കിലും അവിടെയും കുട്ടികളെ പീഡിപ്പിക്കുന്ന അവസ്ഥ തന്നെയാണ് ഉണ്ടായിരുന്നത്. പിന്നീടു പുലയര്‍ ക്രിസ്ത്യന്‍ സമുദായത്തിലേക്ക് മതം മാറിയെങ്കിലും സ്ഥിതിഗതികള്‍ വ്യത്യസ്തമായിരുന്നില്ല. പഴകിദ്രവിച്ച ഓലക്കുടിലില്‍ നിന്നും പീഡനങ്ങളില്‍ നിന്നുമുള്ള മാറ്റം ആഗ്രഹിച്ചിട്ടായിരിക്കാം ക്രിസ്ത്യന്‍  സമുദായത്തിലേക്ക് പുലയര്‍ ചേക്കേറിയത്. എന്നാല്‍ അവര്‍ അവസാനം 'പുലയ ക്രിസ്ത്യാനികളായി' മാറി. അവര്‍ക്കു വേറെ അഡ്രസ്സും ഉണ്ടായിരുന്നില്ല. 

പഴയങ്ങാടി, പയ്യന്നൂര്‍, പിലാത്തറ, ഏഴോം, താവം, കോരന്‍ പീടിക, പരിയാരം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പുലയര്‍ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. എന്റെ അമ്മമ്മയുടെ ഭര്‍ത്താവ്, അച്ഛച്ഛന്‍ ദാമോദരന്‍ തുടങ്ങിയവര്‍ ക്രിസ്ത്യാനികളായി മാറിയിരുന്നു. മതം മാറുമ്പോള്‍ ഇവരുടെ പേരുമാറ്റവും രസമാണ്. ആദ്യത്തേത് അവരുടെ മാതാപിതാക്കള്‍ ഇട്ട പേരായിരിക്കും. പിന്നെ ജന്മികള്‍ നല്‍കുന്ന പേര്. അതും കഴിഞ്ഞു മതപരിവര്‍ത്തനം നടത്തുമ്പോള്‍ പുതിയ പേര്. അങ്ങനെ പര്യായപദങ്ങള്‍ പോലെ മൂന്ന് പേരുകള്‍ ഉണ്ടാകുന്നത് ഒരുപക്ഷേ, ലോകത്ത് ഉത്തര മലബാറിലെ ദളിത് ക്രിസ്ത്യാനികളില്‍ മാത്രമാകാം. ഉദാഹരണത്തിന് ഒരാള്‍ക്കുതന്നെ വാസു, വട്ടന്‍, ജോസഫ് എന്നിങ്ങനെ മൂന്നു പേരുകള്‍. ദളിത് ക്രിസ്ത്യാനികളുടെ അവസ്ഥ വളരെ വിചിത്രമാണ്. അവര്‍ക്ക് പറയാന്‍ ഒരു ജാതിയില്ല. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഇല്ല. ക്രിസ്ത്യന്‍ സമുദായത്തിലെ അധികാരഘടനയില്‍ യാതൊരു സ്വാധീനവും ഇല്ല. 

അമ്മമ്മയുടെയും അമ്മയുടെയും കാലഘട്ടങ്ങളില്‍ പുലയര്‍ പണിയെടുക്കാനായി കുടകിലേക്ക് പോകുമായിരുന്നു. പക്ഷേ, എവിടെ എന്തു ജോലിയാണ് എന്നത് അവര്‍ക്ക് അറിയില്ല. ചിലപ്പോള്‍ ജോലി അന്വേഷിച്ചു മലമ്പ്രദേശങ്ങളിലേക്കും പോകും. കുടകിലും മലമ്പ്രദേശങ്ങളിലേക്കും ജോലിക്കു പോയാല്‍ അവരെപ്പോഴാണ് തിരിച്ചുവരിക എന്നൊന്നും പറയാന്‍ കഴിയില്ല. ചിലപ്പോള്‍ മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞായിരിക്കും തിരിച്ചുവരിക. അമ്മമ്മയുടെ കുടുംബത്തിലൊക്കെ പുരുഷന്മാര്‍ മാത്രമാണ് കുടകിലേക്ക് ജോലിക്കുപോവുക. ഉരുളക്കിഴങ്ങ്, തക്കാളി, ഇഞ്ചി എന്നിവ കൃഷി ചെയ്യാനുള്ള പണിക്കാണ് കുടകിലേക്ക് ഇവിടെനിന്നും ആള്‍ക്കാര്‍ പോകുക പതിവ്. കുടകിലായാലും ഇവിടെയായാലും, പുരുഷന്മാരായാലും സ്ത്രീകളായാലും ജോലി എത്രയും സ്പീഡില്‍ മുന്നോട്ടു കൊണ്ടുപോകുവാനായി ഇവര്‍ക്ക് ജന്മികള്‍ മദ്യം നല്‍കും. കുറച്ചു സമയംകൊണ്ട് കൂടുതല്‍ ജോലി ചെയ്യാന്‍ വേണ്ടിയാണ് ഇവര്‍ക്ക് മദ്യം കൊടുക്കുന്നത്. ഇവരെ മദ്യപാനികളാക്കിയത് നമ്പ്യാന്മാരും നമ്പൂതിരിമാരുമായ ജന്മികള്‍ തന്നെയാണ്. നമ്പൂതിരിമാര്‍ക്ക് പുലയരെ കൊല്ലാനുള്ള അധികാരവും ഉണ്ടായിരുന്നു. അങ്ങനെ അവരെ കൊന്നു കെട്ടിത്തൂക്കുകയും ചെയ്തിട്ടുണ്ട്. പുലയര്‍ക്ക് ജോലി ചെയ്യാന്‍ വയ്യാത്ത അവസ്ഥ ഉണ്ടാക്കുന്നവരെയും എതിര്‍ക്കുന്നവരെയും കൊന്നുതള്ളി.

സൂപ്യാരത്ത് കുടുംബത്തിന്റെ വകയായിരുന്നു എടാട്ടെ മുസ്ലീംപള്ളി. ആ പള്ളിയുടെ സ്വത്തില്‍ നിന്നായിരുന്നു ഭൂപരിഷ്‌കരണ നിയമം വന്നപ്പോള്‍ അമ്മമ്മക്ക് പത്ത് സെന്റ് വീതിച്ചു നല്‍കിയത്. മുസ്ലീം കുടുംബങ്ങള്‍ പുലയര്‍ക്ക് വേണ്ട വസ്ത്രം, നെല്ല്, അരി എന്നിവ നല്‍കി. മുസ്ലീങ്ങളിലെ ദരിദ്രര്‍ പുലയക്കുടിലില്‍ വന്ന് അവില്‍ പൊങ്ങിച്ചത് കഴിക്കുമായിരുന്നു. അവര്‍ക്ക് പുലയരുടെ ഭക്ഷണം കഴിക്കുന്നതിലൊന്നും എതിര്‍പ്പില്ലായിരുന്നു. മുസ്ലീങ്ങളിലെ ദരിദ്രര്‍ ജാതിഭേദം ഇല്ലാതെ പുലയരോട് ഇടപെട്ടു. അവര്‍ അമ്മമ്മയുടെ കൂടെ പണിക്കുപോയി. ഓട്ടോറിക്ഷ കത്തിച്ചതിനുശേഷം എനിക്ക് ജോലിയില്ലാതായപ്പോഴും മുസ്ലീങ്ങളുടെ അടുത്താണ് ഞാന്‍ പണിക്കുപോയത്. സമുദായമോ പാര്‍ട്ടിയോ എന്നെ സഹായിച്ചിട്ടില്ല.

ഞങ്ങളുടെ കുടുംബങ്ങള്‍ ഒത്തുകൂടുന്നത് ഉത്സവങ്ങള്‍ക്കും പിന്നെ പെണ്‍കുട്ടികള്‍ ഋതുമതികള്‍ ആകുമ്പോഴുമാണ്. അതിനു 'തെരണ്ട് കല്യാണം' എന്നാണു പറയുക. ഋതുമതികളായാല്‍ പെണ്‍കുട്ടികളെ ഏഴു ദിവസം മുറിയില്‍ അടച്ചുപൂട്ടും. ഏഴാം ദിവസം ഒരു കുഞ്ഞു കല്യാണാഘോഷം പോലെ ഉണ്ടാകും. അമ്മമ്മയുടെ അമ്മയുടെ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ ഋതുമതികളായാല്‍ ജന്മിമാര്‍ക്കു കീഴ്‌പ്പെടണം എന്നാണ് ആചാരം. അമ്മമ്മയുടെ കാലഘട്ടത്തിലാണെങ്കില്‍ അത് കല്യാണം കഴിക്കുന്നതിനു മുന്നേ ജന്മിമാര്‍ക്ക് കിടന്നു കൊടുക്കണം എന്ന അവസ്ഥയിലേക്ക് എത്തി. ഞങ്ങളുടെ കൂടുംബത്തില്‍തന്നെ അത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഒരു പൊതുവാള്‍ സമുദായക്കാരന്‍ ഞങ്ങളുടെ കുടുംബത്തിലെ ഒരു യുവതിയെ ബലാത്സംഗം ചെയ്തപ്പോള്‍ അവര്‍ അയാളുടെ സ്വത്ത് എഴുതിവാങ്ങിച്ചു. പൊതുവാള്‍ മൂലം ഒരു കുട്ടി ഗര്‍ഭിണി ആയി. പുലയക്കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ പറ്റാത്തതുകൊണ്ട് പൊതുവാള്‍ സ്വത്ത് നല്‍കി തടി കയ്ച്ചിലാക്കി. അതേസമയം അമ്മമ്മയുടെ അച്ഛന്റെ പേരില്‍ ഉണ്ടായിരുന്ന സ്വത്ത് ജന്മികള്‍ മദ്യം നല്‍കി ചെറിയ വിലയ്ക്ക് അടിച്ചെടുത്തു. മണിയന്‍ കൊട്ടന്‍ എന്നായിരുന്നു അമ്മമ്മയുടെ അച്ഛന്റെ പേര്.

ഞങ്ങളുടെ കാലങ്ങളില്‍ ഒരുമിച്ചും ഒറ്റയ്ക്ക് രാത്രിയും അതിരാവിലെയുമാണ് വെളിക്കിരിക്കാന്‍ പോവുക. കുളിക്കാന്‍ ഓലകെട്ടിയ ഒരു മറയാണ് ഉണ്ടായിരുന്നത്. മറയ്ക്ക് മേല്‍ക്കൂര ഉണ്ടായിരുന്നില്ല. കള്ള് ചെത്താന്‍ വരുന്ന തീയന്മാരെ തണ്ടാന്മാര്‍ എന്നാണ് പറയുക. തണ്ടാന്മാര്‍ കള്ളുചെത്താന്‍ വരാത്ത സമയം നോക്കിവേണം കുളിക്കാന്‍. അല്ലെങ്കില്‍ അവര്‍ തെങ്ങിന്റെ മണ്ടയില്‍ ഇരുന്നു കുളി നോക്കി ആസ്വദിക്കും. 

ഉയര്‍ന്ന ജാതിയില്‍പെടുന്നവര്‍ എന്ന് അവകാശപ്പെടുന്നവര്‍ വരുമ്പോള്‍ അവര്‍ക്ക് കുട പിടിച്ചുകൊടുക്കാന്‍ മുമ്പില്‍ ആളുണ്ടാകും. കുട പിടിച്ചു മുമ്പില്‍ നടക്കുന്നവര്‍ ഒരു പ്രത്യേക രീതിയില്‍ ശബ്ദം ഉണ്ടാക്കും. ആ ശബ്ദം ഉണ്ടാക്കുമ്പോള്‍ പുലയര്‍ മാറി നില്‍ക്കും. അതേസമയം പുലയരാണ് പോകുന്നതെങ്കില്‍ 'ഹോയ് ഹോയ്' അല്ലെങ്കില്‍ 'ജയ ജയ' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടുപോകും. പകല്‍ അയിത്തം പ്രകടിപ്പിക്കുന്ന സവര്‍ണര്‍ രാത്രി കാലങ്ങളില്‍ പുലയക്കുടിലില്‍ കേറി സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യും. 

അമ്മമ്മയുടെ അമ്മയുടെ കാലങ്ങളില്‍ മേല്‍മുണ്ടോ കുപ്പായങ്ങളോ ഒന്നും ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. അമ്മമ്മയുടെ അമ്മയെ മേല്‍മുണ്ട് ധരിക്കാത്ത രീതിയില്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ മരിക്കുന്നതുവരെ കുപ്പായം ഇടാറില്ലായിരുന്നു. പുലയര്‍ കല്ലുമാല മാത്രമേ ധരിക്കാന്‍ പാടുള്ളൂ. ഒരു കാലത്ത് അതും ധരിക്കാന്‍ കഴിയില്ലായിരുന്നു. കല്ലുമാല ധരിച്ചാല്‍ പോലും അടികിട്ടും. അമ്മമ്മയുടെ കാലഘട്ടത്തില്‍ ലുങ്കിയും ഒരു ചട്ടയും മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ. പുലയരുടെ മുടി പുലയര്‍ തന്നെ വെട്ടണം. പ്രായമായ പുരുഷന്മാര്‍ മുടി വെട്ടാതെ നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവരോടു ചോദിക്കുമ്പോള്‍ അത് പണ്ടേയുള്ള ശീലമാണെന്നും അന്ന് മുടി വെട്ടാനുള്ള സമ്പ്രദായങ്ങളൊന്നുംതന്നെ ഇല്ലായിരുന്നുവെന്നുമാണ് അവര്‍ പറയുക.

പയ്യന്നൂരിലെ എടാട്ട് ഞങ്ങളുടെ ദേശത്ത് രണ്ടു പുഴകളുണ്ട്. വലിയ പുഴയും ചെറിയ പുഴയും. പുഴക്കരയില്‍ ജന്മികള്‍ പുലയരെ കൊന്നു കെട്ടിത്തൂക്കി ആത്മഹത്യകളാക്കുന്ന നിരവധി കഥകള്‍ കേട്ടിട്ടുണ്ട്. സ്വന്തം അടിമകളെ കൊല്ലാനുള്ള അവകാശവും ഈ ജന്മികള്‍ക്കായിരുന്നു. അന്നത്തെ പുലയര്‍ക്ക് നല്ല ഒത്തൊരുമ ഉണ്ടായിരുന്നു. അടുത്തടുത്തായിരുന്നു പുലയരുടെ താമസങ്ങളും. നക്സല്‍ പ്രസ്ഥാനങ്ങള്‍ക്ക് പുലയരുമായി ബന്ധങ്ങള്‍ ഉണ്ടായിരുന്നു. നക്സലുകളായാലും പാര്‍ട്ടിയായാലും സവര്‍ണരായ നേതാക്കളെ ഒളിവില്‍ താമസിപ്പിക്കേണ്ടുന്ന ബാധ്യത പുലയര്‍ക്കായിരുന്നു. അങ്ങനെ താമസിക്കുമ്പോള്‍ പുലയസ്ത്രീകള്‍ പീഡനങ്ങള്‍ക്കിരയായിരുന്നതായി അമ്മമ്മ പറയുന്നത് കേട്ടിട്ടുണ്ട്.

പുലയസ്ത്രീകള്‍ കൂട വെച്ചാണ് പുഴയില്‍ നിന്നും കരിമീന്‍ പിടിക്കുക. രാത്രി കൂട കൊണ്ടുവെക്കും. രാവിലെ കൂട എടുക്കുമ്പോള്‍ അതില്‍ മീന്‍ ഉണ്ടാകും. കുരിയ എന്ന് വിളിക്കുന്ന, വായില്‍ കടിച്ചു പിടിക്കുന്ന കൈതോല കൊണ്ട് മെടഞ്ഞ സഞ്ചിയിലാണ് സ്ത്രീകള്‍ ചെമ്മീന്‍ പിടിച്ചിടുക. ഓരോ ചെമ്മീനായി ഇങ്ങനെ കുരിയയില്‍ പിടിച്ചിടും. പായ ഉണ്ടാക്കുന്ന ഓല കൊണ്ടു തന്നെയാണ് കുരിയയും ഉണ്ടാക്കുക. ചെമ്മീന്‍ പിടിക്കുമ്പോള്‍ കുരിയ നിറയുന്നതുവരെ സ്ത്രീകള്‍ക്ക് ഉപ്പുവെള്ളത്തില്‍ നില്‍ക്കേണ്ടതായി വരും. വേനല്‍ക്കാലങ്ങളിലാണെങ്കില്‍ സൂര്യപകാശവും ദാഹവും ഒക്കെ സഹിച്ചാണ് ഉപ്പുവെള്ളത്തില്‍ മണിക്കൂറുകളോളം നിന്ന് മീന്‍ പിടിക്കുന്നത്. വെള്ളത്തില്‍ ചിലപ്പോള്‍ പാമ്പുകള്‍ ഉണ്ടാകും. ഏട്ട പോലുള്ള മീനുകള്‍ കുത്തിയാല്‍ അതിന്റെ വേദന സഹിക്കേണ്ടതായി വരും. എറിയന്‍ എന്ന മീന്‍ കൈയില്‍ കൊണ്ട് മുറിഞ്ഞാല്‍ ഓപ്പറേഷന് ശരീരം കീറിയത് പോലെയാകും. ഉപ്പുവെള്ളം ആയതിനാല്‍ കൊടിയ വേദനയും ആയിരിക്കും. ആ മുറിവുണങ്ങാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടതായും വരും. ഞണ്ട് പതുങ്ങി ഇരിക്കുകയാണെങ്കില്‍ ചളിയില്‍ അമര്‍ത്തിയിട്ടാണ് പിടിക്കുക. ഞണ്ട് ഇര പിടിക്കുന്ന കാലിന്മേല്‍ സ്ത്രീകള്‍ കൈ കൊണ്ട് പിടിച്ചു കുരിയയില്‍ ഇടുകയോ പൊട്ടിക്കുകയോ ചെയ്യും. അല്ലെങ്കില്‍ ഉടുത്ത തുണി കൊണ്ടുതന്നെ ഞണ്ടിനെ പൊത്തി പിടിക്കും. ഇങ്ങനെ മീന്‍ പിടിച്ചാല്‍ ഞങ്ങള്‍ക്ക് കറി വെക്കാനുള്ളതാകും അതുപോലെ അത്യാവശ്യം വില്‍ക്കാനുള്ളതും കിട്ടും.

പുഞ്ചക്കൃഷി ആണ് അധികവും ഉണ്ടാകുക. കന്നിക്കൊയ്ത്ത് കഴിഞ്ഞു പിന്നെ മകരക്കൊയ്ത്ത്. അതാണ് പുഞ്ചക്കൃഷി. കൈപ്പാട്ടിലും കൃഷി ഉണ്ടാകും. കൈപ്പാട് ശരിയാക്കിയെടുക്കാന്‍ കുറെ ദിവസങ്ങളെടുക്കും. നല്ല വെയിലുള്ളതുകൊണ്ട് കൈപ്പാട് കൃഷി അതിരാവിലെ തുടങ്ങും. പായ മെടയുക എന്നത് ഒരു ദിവസംകൊണ്ട് സാധിക്കുന്നതൊന്നുമല്ല. മുണ്ടയില്‍ നിന്നും ഓല മുറിച്ചു കൊണ്ടുവരും. അതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓല മുറിക്കുമ്പോള്‍ മുള്ളുകൊണ്ട് മുറിയും. ഓല ഉണക്കി നിവര്‍ത്തി ചക്രരൂപത്തില്‍ കെട്ടി വെച്ചു പിന്നീട് വീണ്ടും നിവര്‍ത്തി പായ നെയ്യും. ഓരോ പുലയവീട്ടിലും ഓരോ മുണ്ട ഉണ്ടാകും. ഇപ്പോള്‍ പായ മെടയുന്ന ജോലി കുറവാണ്. മുണ്ടയില്‍ കൈ കൊണ്ട് മുറിഞ്ഞാല്‍ പഴുക്കും. പിന്നെ ചെമ്മീന്‍ തേവാന്‍ പോകും. കൈപ്പാടില്‍ തോടുണ്ടാക്കി ഒരു തോട്ടില്‍ നിന്നും മറ്റൊരു തോട്ടിലേക്ക് വെള്ളം തേവി ചെമ്മീനെ ഒഴുക്കിക്കൊണ്ടുവന്നു പിടിക്കും. അവ ഉണക്കി വില്‍ക്കുകയും ചെയ്യും. കുന്നുംപുറത്ത് ജീവിക്കുന്ന പുലയരൊക്കെ റബ്ബര്‍ വെട്ടാനും കശുവണ്ടി പെറുക്കാനും പോകും. അതേസമയം വീട് മേയാന്‍ വേണ്ടിയുള്ള പാറപ്പുല്ലു വെട്ടി വില്‍ക്കും. പുരുഷന്മാര്‍ 'മലായില്' ജോലിക്ക് പോകും എന്ന് അമ്മമ്മ പറയും. ദൂരെ മലയില്‍ ജോലി ചെയ്യാന്‍ പുരുഷന്മാര്‍ പോകുന്നതിനെയാണ് 'മലായില്‍ പോവുക' എന്ന് പറയുക. പണ്ടുകാലങ്ങളില്‍ മലായില്‍ ജോലിക്ക് പോകുക എന്നാല്‍ ദുബായിലേക്ക് പോകുക എന്നാണ് കരുതിയിരുന്നത്. മലായിലേക്ക് ജോലിക്ക് പോയി, പൈസ വന്നിട്ടില്ല, ജോലിക്ക് പോയവര്‍ വന്നിട്ടില്ല എന്നൊക്കെ സ്ത്രീകള്‍ പറയുന്നതുകേള്‍ക്കാം.

(തുടരും)