ഞാന്‍ ജനിച്ചത് 1976 ഫെബ്രുവരി പതിനഞ്ചിനാണ്. പയ്യന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ആയിരുന്നു ജനനം. മൂന്നു നാല് വയസ്സ് മുതലുള്ള കാര്യങ്ങള്‍ ഓര്‍മ്മയിലുണ്ട്. അച്ഛനെ കണ്ട ഓര്‍മ ഇല്ല. മൂന്ന് വയസ്സ് മുതല്‍തന്നെ അമ്മയുടെയും അമ്മമ്മയുടെയും കൂടെ അവര്‍ പണിക്ക് പോകുന്ന വയലിലേക്ക് ഞാന്‍ പോകുമായിരുന്നു. അമ്മമ്മ വെയില്‍ കൊള്ളാതെ, മഴ കൊള്ളാതെ ഏതെങ്കിലും തെങ്ങിന്റെ ചുവട്ടില്‍ നില്‍ക്കാന്‍ എന്നോട് പറയും. മൂന്നു വയസ്സില്‍ തന്നെ ഞാറെടുത്ത് നടാനുള്ള ശ്രമങ്ങളൊക്കെ നടത്തും. ഞാറു നടുന്നതൊക്കെ കണ്ടുപഠിക്കാനുള്ള ഒരു സ്വഭാവം അന്നേ ഉണ്ടായിരുന്നു. അതുപോലെ ചളിയിലും വെള്ളത്തിലുമൊക്കെ ഉള്ള കളി പതിവാണ്. മഴയും കൊടിയ വെയിലുമൊക്കെ ഉണ്ടാകുമ്പോള്‍ വയലില്‍നിന്ന് ദൂരെയുള്ള തെങ്ങിന്‍ചുവട്ടില്‍ കയറി നില്‍ക്കും. ഞാന്‍ കുരുത്തക്കേട് കളിക്കുമെന്നും കണ്ടത്തില്‍ നട്ടതിന്റെ മുകളില്‍ കേറി ഓടും എന്നൊക്കെ അമ്മമ്മ പിന്നീട് പറഞ്ഞിട്ടുണ്ട്. അതിനിടയില്‍ അമ്മമ്മയുടെ കൈയില്‍നിന്നു തല്ലു കിട്ടും. രാവിലെ വീട്ടില്‍ ഭക്ഷണം ഒന്നുമുണ്ടാകില്ല. അതുകൊണ്ട് വരമ്പത്ത് ക്ഷീണത്തോടെ ഇരിക്കും. അപ്പൊ അമ്മമ്മ ഇങ്ങനെയാണ് പറയുക. 'എന്തൊരു ഇരിപ്പാണ്, നനഞ്ഞ കൊച്ച (കൊക്ക്) ഇരിക്കുന്നത് പോലെ.'

To advertise here,

വയലില്‍നിന്നു തന്നെയാണ് ഭക്ഷണം കഴിക്കുക. പതിനൊന്നു മണിക്ക് ചക്കപ്പുഴുക്ക് ഉണ്ടാകും. പത്ത് പതിനഞ്ചു പണിക്കാര്‍ ഉണ്ടാകുമ്പോള്‍ അതില്‍ എല്ലാവര്‍ക്കും തികയില്ല. അതുകൊണ്ടുതന്നെ നന്നായിട്ട് വിശക്കും. കഞ്ഞിവെള്ളമൊക്കെ കുടിച്ചു വിശപ്പടക്കും. അഞ്ചു വയസ്സില്‍ എന്നെ സ്‌കൂളില്‍ ചേര്‍ത്തു. അത് വരെ അമ്മമ്മയുടെ കൂടെ പണിക്കു പോയി.. അമ്മമ്മയും അമ്മയും രണ്ടു ഭാഗങ്ങളിലേക്കാണ് പണിക്ക് പോവുക. ഞാന്‍ അമ്മമ്മയുടെ കൂടെയാണ് പോവുക. അമ്മമ്മ തല്ലും തല്ലും എന്ന് പറയുമെങ്കിലും തല്ലുമായിരുന്നില്ല, പക്ഷെ, അമ്മ ഞാന്‍ കുരുത്തക്കേട് കളിച്ചാല്‍ നന്നായി തല്ലുമായിരുന്നു. വെള്ളത്തില്‍ കളിച്ചാല്‍ അമ്മ നല്ല അടി വെച്ചുതരും. അമ്മയുടെ കൂടെ പോയാല്‍ ഒരു ഫ്രീഡം ഇല്ലാതെ ഇങ്ങനെ ഇരിക്കേണ്ടി വരുമായിരുന്നു. അമ്മ എന്നെ പേടിപ്പിച്ചിരുത്തും. കുട്ടികളല്ലേ എന്നു കരുതി അമ്മമ്മ  ഫ്രീ ആയി വിടും.

ഏകദേശം അഞ്ചു വയസ്സാകുമ്പോഴേക്കും ഞാന്‍ കണ്ടത്തിലെ പണിയെല്ലാം പഠിച്ചിരുന്നു എന്നാണ് അമ്മമ്മ പറഞ്ഞത്. പച്ചക്കറി സീസണ്‍ കഴിഞ്ഞാല്‍ പിന്നീട് മഴക്കാലത്ത് ഞാറുനടല്‍, അതിനു മുന്നേയുള്ള വേനലില്‍ കട്ട പൊളിക്കുന്ന പരിപാടി എന്നിവയുണ്ട്. കട്ടപൊളി, ഞാറുനടല്‍ എല്ലാം ഞാന്‍ ചെയ്യുമായിരുന്നു. ഇതൊക്കെ അമ്മമ്മയുടെ കൂടെ പോയാലെ നടക്കുമായിരുന്നുള്ളൂ. വയലില്‍ പണിയെടുക്കുന്ന മറ്റു പുലയരുടെ കുട്ടികളും ഉണ്ടാകും. അവരൊക്കെ കളിക്കുമ്പോള്‍ എന്റെ മനസ്സില്‍ ആ സമയത്തേ ഈ പണികള്‍ പഠിച്ചെടുക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. ഉറക്കം വന്നാല്‍ ഉയരത്തിലുള്ള തെങ്ങിന്റെ ചുവട്ടില്‍ ഓലയെടുത്തിട്ടു കിടന്നുറങ്ങിക്കൊള്ളാന്‍ അമ്മമ്മ പറയും. അതിന്റെ ഇടയില്‍ ഉറുമ്പും തവളയും ഒക്കെ ഉണ്ടാകും. തവളയെ എനിക്ക് പേടിയായിരുന്നു. തവളയുടെ തൊണ്ട വീര്‍ത്ത് വന്നു 'പോക്രോം പോക്രോം' ശബ്ദം ഉണ്ടാക്കുന്നത് കാണുന്നത് വലിയ പേടിയാണ്. എന്നാല്‍. അത് മഴയത്ത് കരയുന്നതാണെന്ന അമ്മമ്മ പറഞ്ഞുതന്നു.

ഞങ്ങളുടേത് ഓലപ്പുരയായിരുന്നു. പാറ്റകള്‍ (കൂറ എന്ന് ഞങ്ങള്‍ വിളിക്കും) ഇഷ്ടം പോലെ ഉണ്ടാകും. ഒരു ദിവസം ഉറങ്ങാന്‍ കിടക്കുമ്പോള്‍ പാറ്റയുടെ മീശ മുഖത്ത് കൊണ്ടു. പാറ്റ എന്നെ തിന്നാന്‍ വരികയാണെന്ന് കരുതി പേടിച്ചു അലറിവിളിച്ചു. എനിക്ക് പാറ്റകളെ അന്നും പേടിയാണ് ഇന്നും പേടിയാണ്. അമ്മമ്മ പറയും 'നിനക്ക് മനുഷ്യന്മാരെയും പേടിയില്ല, പാമ്പിനെയും പേടിയില്ല, എന്നാല്‍ പാറ്റകളെ പേടിയാണ്'. പാമ്പുകളൊക്കെ വയലിലെ വെള്ളത്തില്‍ ഇപ്പോഴും ഉണ്ടാകും. വെള്ളപ്പൊക്കത്തില്‍ നീര്‍ക്കോലികള്‍ ഒഴുകുമ്പോള്‍ അതിനു വിഷമുണ്ടാകില്ല. ചില സമയങ്ങളില്‍ നീര്‍ക്കോലികള്‍ക്ക് വിഷം ഉണ്ടാകും. ആ സമയത്ത് മാത്രം പേടിച്ചാല്‍ മതിയാകും. ഇതൊക്കെ പറഞ്ഞുതരുന്നത് അമ്മമ്മയാണ്. അതുകൊണ്ട് വെള്ളത്തില്‍ കളിക്കാന്‍ ഒരു പേടിയുമില്ല. പക്ഷെ, അന്നും ഇന്നും എനിക്ക് നീന്താന്‍ അറിയില്ല.

അമ്മമ്മ പുഴയില്‍ മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ ചെളി വാരി എറിയും. അത് അവരുടെ മുന്നില്‍ പെടുന്ന മീനിനെ ഓടിക്കാനുള്ള തമാശക്കളി ആയിരുന്നു. അമ്മമ്മയുടെ കൂടെപ്പോയി വെള്ളത്തില്‍ കളിച്ചുകളിച്ചാണ് മീന്‍ പിടിക്കാന്‍ പഠിച്ചത്. അങ്ങനെ പോകുമ്പോള്‍ 'പിള്ളരെക്കൊണ്ട് ശല്യായല്ലോ, മുമ്പിലെ മീനിനെ പായിക്കുന്നു' എന്ന് പറഞ്ഞു ഞങ്ങളെ വലിയവര്‍ വെള്ളത്തില്‍ പിടിച്ചു മുക്കും. ഞങ്ങള്‍ കുട്ടികള്‍ കുഞ്ഞിക്കുരിയയിലാണ് മീന്‍ പിടിക്കുക. അങ്ങനെയാണ് മീന്‍ പിടിക്കാന്‍ പഠിച്ചത്. ഞങ്ങളുടെ ആകെയുള്ള ഒരു ഉടുപ്പ് പെറ്റിക്കോട്ട് ആയിരുന്നു. ഈ പെറ്റിക്കോട്ടിട്ടാണ് വെള്ളത്തില്‍ കളിക്കുക. വൈകുന്നേരം അത് അലക്കിയിട്ട് വെറും ജെട്ടി മാത്രം ഇട്ടു തണുത്തുവിറച്ചാണ് രാത്രി കിടന്നുറങ്ങുക.

അമ്മമ്മ അഞ്ചാമത്തെ വയസ്സില്‍തന്നെ പായ മെടയാന്‍ പഠിപ്പിച്ചിരുന്നു. പല കഥകളും പറയുമായിരുന്നു. പാട്ടുകള്‍ പാടുമായിരുന്നു. ഒതേനന്റെ പാട്ട്, ഉണ്ണിയാര്‍ച്ചയുടെ പാട്ട്, ഞാറ്റുപാട്ട് എന്നിവയൊക്കെ പാടും. ഉണ്ണിയാര്‍ച്ചയുടെ പാട്ട് എനിക്ക് ഓര്‍മയുള്ള രണ്ടു വരികള്‍ ഇതാണ്: പുത്തൂരം വീട്ടില്‍ ജനിച്ചോരെല്ലാം അങ്കം ജയിച്ചവരായിരുന്നു...

പണ്ട് ജന്മികള്‍ പുലയരുടെ വാഴ വെട്ടിക്കൊണ്ടു പോയ കഥകളൊക്കെ അമ്മമ്മ പറഞ്ഞു തരും. പുലയരുടെ പറമ്പത്ത് വാഴ നട്ട് വാഴ കൊലച്ചപ്പോള്‍ നല്ല കറിയും കൂട്ടി ചോറ് തിന്നാന്‍ ആഗ്രഹിച്ചപ്പോള്‍ ജന്മികള്‍ ഒരു ഉളുപ്പുമില്ലാതെ വാഴ വെട്ടിക്കൊണ്ടു പോയ കഥയാണ് അമ്മമ്മ പറഞ്ഞുതരിക. അമ്മമ്മയുടെ ജീവിതത്തില്‍ ഉണ്ടായ സംഭവങ്ങളും പറഞ്ഞുതരുമായിരുന്നു. ഈ കഥകളിലൂടെയാണ് ഞങ്ങള്‍ പുലയരുടെ തലമുറകളായുള്ള ജീവിതങ്ങള്‍ അറിയാന്‍ കഴിയുന്നതുതന്നെ. ആ അനുഭവങ്ങളില്‍നിന്നു വ്യത്യസ്തമായല്ല നമുക്കും ഉണ്ടായത്. 

അമ്മയ്ക്കും അമ്മമ്മക്കും കൂലി ആയി കിട്ടുന്നത് നെല്ലായിരിക്കും. നെല്ല് ഉരലിലിട്ടു കുത്തി അരിയാക്കി അത് കഞ്ഞിയാക്കിയാണ് രാത്രി ഭക്ഷണം. കഞ്ഞികുടിച്ചാല്‍ ഉറങ്ങിക്കോളണം. ഞാന്‍ അഞ്ചാം ക്ലാസില്‍ എത്തിയപ്പോഴാണ് റേഷനരി തിന്നാന്‍ തുടങ്ങിയതുതന്നെ. അമ്മമ്മയാണ് റേഷന്‍ കാര്‍ഡ് ആക്കിയത്. അഞ്ച് വയസ്സുമുതല്‍ ഞാന്‍ സ്‌കൂളില്‍ പോയി തുടങ്ങി. ആ സമയത്തൊക്കെ പശുവിനു പുല്ലരിയാന്‍ പോകും. പശുവിനെ കെട്ടിയ പറമ്പില്‍ ചാണകം ഉണ്ടാകും. വളമുണ്ടാക്കാന്‍ ചാണകം കോരി ഞങ്ങളുടെ കുഞ്ഞുകുട്ടയില്‍ ഇടും. അത് വളമാക്കിയാല്‍ മഴക്കാലത്ത് രണ്ടു രൂപ, മൂന്ന് രൂപ വരെ കിട്ടും. 

placeholder
ചിത്രലേഖ

ഓണത്തിനു പൂ പറിക്കാന്‍ പോകും. പൂ പറിക്കാന്‍ പോകുമ്പോള്‍ പരസ്പരം പൂക്കള്‍ തട്ടിപ്പറിക്കുന്നത് രസകരമായിരുന്നു. കൂടുതല്‍ പൂ പറിച്ചവരുടേതൊക്കെ അങ്ങോട്ടുമിങ്ങോട്ടും തട്ടിപ്പറിക്കും. എല്ലാ കൂട്ടുകാരും പുലയ സമുദായത്തില്‍തന്നെ ഉള്ളവര്‍ ആയിരുന്നു. ഓണത്തിനു പുതിയ ഉടുപ്പൊന്നുമുണ്ടാകില്ല. ചെറിയ ഒരു സദ്യ ഉണ്ടാകും. ഒരു പച്ചക്കറി, ഒരു മീന്‍ കറി, ഇതാണ് വിഭവങ്ങള്‍! ഇറച്ചിക്കറി ഞാന്‍ ആദ്യമായി കഴിക്കുന്നത് എഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. ഒരു മീന്‍ കറി, ഒരു പച്ചക്കറി, ഒരു തോരന്‍ ഇവയായിരിക്കും ഓണസദ്യ. ഒന്നോ രണ്ടോ അല്ലെങ്കില്‍ മൂന്നോ കറികള്‍ അത്രമാത്രം. പച്ചക്കറി എന്നു പറഞ്ഞാല്‍ പുളിങ്കറി അല്ലെങ്കില്‍ ചേമ്പിന്റെ തണ്ട് കൊണ്ടുള്ള കറി. പശുക്കള്‍ ചത്തുകഴിഞ്ഞാല്‍ പുലയരാണ് എടുത്ത് കുഴിച്ചിടുന്നത്. അത് മുതിര്‍ന്നവര്‍ ഇറച്ചിക്കറിയാക്കും. ചത്ത പശുവായതു കൊണ്ടും കഴിച്ചാല്‍ എന്തെങ്കിലും രോഗം വരും എന്നുള്ളതുകൊണ്ടും ഞങ്ങള്‍ കുട്ടികള്‍ക്ക് കിട്ടിയിരുന്നില്ല. പിന്നെ ഒണക്കമീന്‍ ഉണ്ടാകും. അമ്മമ്മ രണ്ടു ഈര്‍ക്കില്‍ വെച്ചു 'കൂയ് കൂയ്' എന്ന് പറഞ്ഞു ചൂട്ടാച്ചി എന്ന മീനിനെ പിടിക്കും. അമ്മമ്മ 'കൂയ് കൂയ്' എന്ന് പറയുമ്പോള്‍ ചൂട്ടാച്ചി കേള്‍ക്കുവോ എന്നാലോചിച്ച് ചിരിച്ചിട്ടുണ്ട്. പിന്നീട് ഞാനും ചൂട്ടാച്ചിയെ ചൂണ്ടയിട്ടു പിടിക്കാന്‍ പോകും.

ഞങ്ങളുടെ സമുദായത്തില്‍പെട്ട കുട്ടികള്‍ ഒരുമിച്ചാണ് കളിക്കുക. ഒളിച്ചു കളിക്കുക, സഞ്ചിയും തുണിയും ഒക്കെ കൂട്ടി പന്ത് പോലെ ഉണ്ടാക്കി 'പൂത്തേറു' എന്നീ കളികള്‍ കളിക്കും. കൃഷി ഇല്ലാത്ത വിശാലമായ കൃഷിയിടത്തു പോയാണ് കളിക്കുക. പന്ത് കൊണ്ട് പരസ്പരം ദേഹത്ത് എറിഞ്ഞാണ് കളി. അപ്പൊ വേദനയെടുത്തു കരയും. കാലൊക്കെ വീണു പൊട്ടും. ദേഷ്യം പിടിക്കും. അവസാനം അടിയാകും. കരഞ്ഞോണ്ട് വീട്ടില്‍ പോകും. ചില്ലറ കാര്യങ്ങള്‍ക്കാകും കരയുക. 'ഓളെന്നെ തട്ടിയിട്ടു, ഓനെന്നെ അടിച്ചു' എന്നൊക്കെ പറഞ്ഞുകരയും. അവസാനം അമ്മമ്മ വന്നു കുരുത്തക്കേട് കാട്ടാതെ കളിക്കണം എന്നൊക്കെ ഉപദേശിക്കും. സതീശന്‍ എന്ന ഒരു വികൃതി ഉണ്ട്. അവനാണ് കുരുത്തക്കേടിന്റെ ആശാന്‍. അവന്‍ ഇടങ്കാലു കൊണ്ട് എന്നെ വീഴ്ത്തിയിട്ട് എന്റെ കൈയില്‍നിന്ന് അടി വാങ്ങിക്കും. അവന്‍ എന്നെയും തല്ലും. രണ്ടാളുടെയും കുരുത്തക്കേടു തീര്‍ക്കാനേ സമയമുണ്ടാകുള്ളു. ഞങ്ങള്‍ നല്ല കൂട്ടായിരുന്നു. വല്യമ്മയുടെ മോനാണ്. പക്ഷെ, അതേ സതീശനായിരുന്നു പിന്നീട് വലുതായപ്പോള്‍ ഞങ്ങളെ വീട്ടില്‍ കേറി വെട്ടാന്‍ വന്നത്. 

മധുരക്കിഴങ്ങ് കൃഷി ചെയ്യുമ്പോള്‍ കിളച്ചെടുക്കുന്ന നേരത്ത് ഞങ്ങള്‍ കുട്ടികള്‍ക്ക് തരില്ല. രണ്ടു ദിവസം കഴിയുമ്പോള്‍ ചിലപ്പോള്‍ അതിനു ചെറിയ മുള വരും. ചിലപ്പോള്‍ അതില്‍നിന്നു ചെറുതും വലുതുമായ കിഴങ്ങുകള്‍ കിട്ടും. അതുകിട്ടിയാല്‍ അപ്പോള്‍തന്നെ മണ്ണ് തട്ടിക്കളഞ്ഞ്  തോല് കളഞ്ഞു കടിച്ചുതിന്നും. പരസ്പരം തട്ടിപ്പറിക്കും. അവിടെയും അടി ആകും. 

വലിയ പശുവിന്റെ അടുത്തുപോകാന്‍ വിടില്ല. കുഞ്ഞിപ്പശുവിനെക്കൊണ്ട് പുല്ലരിഞ്ഞു തീറ്റിക്കുന്നത് ഞങ്ങളാണ്. വീട്ടിലെ പശുവിനെ തീറ്റിക്കുന്നത് ഞാനാണ്. അനിയത്തിയെ ഒക്കത്ത് എടുത്താണ് പശുവിനെ പുല്ലു തീറ്റിക്കുന്നത്. അപ്പോഴേക്കും എനിക്ക് ഏഴു വയസ്സായിരുന്നു. സ്‌കൂള്‍ കഴിഞ്ഞിട്ടാണ് പുല്ലരിയാന്‍ പോക്കും പശുവിനെ തീറ്റിക്കലും. പുല്ലരിയാന്‍ പോകുമ്പോള്‍ ആരുടെ കൊട്ടയിലാണോ അധികം ഉണ്ടാവുക അവരില്‍നിന്നു മറ്റുള്ളവര്‍ പുല്ലു തട്ടിപ്പറിക്കുകയും ചെയ്യും. ഞാനാണ് അപ്പൊ പോലീസുകാരി ആവുക. ആരാണ് പുല്ലു കട്ടത് എന്ന് ഞാന്‍ നോക്കും. കള്ളന്മാരെ പിടിച്ചുവെന്നും ഞാന്‍ പറയും. അതിനും അടിയുണ്ടാക്കും.

ആ സമയങ്ങളില്‍തന്നെ പായ മെടയാനും ഓല മെടയാനും ഞാന്‍ പഠിച്ചിരുന്നു. ഞങ്ങളുടെ ഓലപ്പുരക്ക് മുന്നില്‍ തോടുണ്ട്. അമ്മമ്മ ഓല കെട്ടുകളാക്കി പൊതിര്‍ത്ത് വെള്ളത്തില്‍ ചീയാന്‍ ഇടും. സന്ധ്യക്ക് വിളക്ക് വെയ്ക്കുന്ന സമയത്ത് ചോറിന്റെ പണി നോക്കുമ്പോള്‍ ഈ ഓല എടുത്തു മെടയാന്‍ പഠിപ്പിക്കും. ഓലയുടെ നാലാമത്തെ ഈര്‍ക്കിലി ഒടിച്ചുവേണം മെടയാന്‍ തുടങ്ങാന്‍ എന്ന് പറഞ്ഞുതന്നത് അമ്മമ്മയാണ്. പിന്നെ രണ്ടാമത്തെ ഓല മടക്കിയിട്ടും അതിന്റെ അടുത്തത് നിവര്‍ത്തിയിട്ടും മെടയണം എന്ന് പറഞ്ഞുതരും. ചില സ്ഥലങ്ങളില്‍ ഇതിനു ചെറിയ വ്യത്യാസങ്ങളുമുണ്ടാകും. പായ മെടയലിന്റെ കാര്യത്തില്‍ ആദ്യമൊന്നും തുടക്കങ്ങള്‍ പഠിപ്പിച്ചിരുന്നില്ല. പായയുടെ നടുഭാഗം മെടയുന്നതാണ് പഠിപ്പിച്ചുതന്നത്. പിന്നീട് ഒറ്റക്ക് തന്നെ മെടയാന്‍ പഠിച്ചു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ പായ മെടയലിനു സമ്മാനവും കിട്ടിയിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ ഒരു കുട്ടിപ്പായ മെടഞ്ഞാണ് ഞാന്‍ സമ്മാനം നേടിയത്.

എന്റെ സഹോദരങ്ങള്‍ വേറെ അച്ഛന്റെ മക്കളാണ് എന്ന ചിന്ത എന്നെ അലട്ടിയിരുന്നില്ല. എനിക്ക് അച്ഛന്‍ ഇല്ല, അവര്‍ എന്റെ അമ്മയുടെ മക്കളാണെന്നേ കരുതിയുള്ളൂ. ഞങ്ങളുടെ അമ്മ ഒന്നാണെന്നാണ് ഞാന്‍ ചിന്തിച്ചത്. എനിക്കെന്റെ അച്ഛനെ കണ്ട ഓര്‍മ്മയില്ല. എന്റെ നാലാം വയസ്സിലാണ് അനിയത്തി മായ ജനിക്കുന്നത്. അനിയന്റെ പേര്‍ മഹേഷ് എന്നാണ്. അനിയത്തിക്ക് നാല് വയസ്സ് പ്രായമുള്ളപ്പോള്‍ മുതല്‍ അമ്മ പണിക്കു പോയിത്തുടങ്ങി. അന്നേരം ഞാന്‍ തന്നെ ആണ് അവരുടെ കാര്യങ്ങള്‍ നോക്കിയത്. പിന്നെ അനിയത്തിക്ക് ഒരു സ്വഭാവമുണ്ട്. അമ്മ എവിടെക്കെങ്കിലും പോകുമ്പോള്‍ 'ആ...' എന്ന് നിലവിളിച്ചുകൊണ്ടേ ഇരിക്കും. ഒറ്റ കരച്ചിലാണ്. ഇത് രാവിലെ തുടങ്ങിയാല്‍ വൈകുന്നേരം വരെ കരഞ്ഞോണ്ടിരിക്കും. അതിന്റെ ഇടയില്‍ അതിനെ ഒന്ന് ചിരിപ്പിക്കാന്‍ വലിയ കഷ്ടപ്പാടാണ്. അമ്മ വരുമ്പോള്‍ പിന്നെയും കരച്ചിലുണ്ടാകും.

ആങ്ങളയെക്കൊണ്ട് എനിക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ല. അവന്‍ എന്റെ പെറ്റിക്കോട്ടും പവാടയുമെല്ലാം ഉടുത്ത് ഒറ്റക്കറക്കമാണ്. സിനിമയിലൊക്കെ നായികമാര്‍ വലിയ ഡ്രസ്സ് ഉടുത്തു കറങ്ങുന്നതുപോലെ അവന്‍ കറങ്ങും. എന്റെ ഏത് ഡ്രസ്സ് കണ്ടാലും അവനു വേണം. സ്‌കൂളില്‍ പോയിത്തുടങ്ങി നാലാം ക്ലാസ് വരെയും അവന്‍ അങ്ങനെയാണ് നടക്കുക. എല്ലാ കാര്യത്തിലും അവന്‍ കട്ടയ്ക്ക് എന്റെ കൂടെ നില്‍ക്കും. അനിയത്തി അങ്ങനെയല്ല. അവള്‍ നല്ല മടിച്ചിയാണ്. അനിയത്തിയെ എപ്പോഴും എടുത്തുനടക്കണം. അവള്‍ തടിച്ചിട്ടും ഞാന്‍ മെലിഞ്ഞിട്ടുമാണ്. എടുക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാലും അവളെയെടുത്ത് ഒക്കത്ത് വെച്ചു നടക്കും. അപ്പോള്‍ അനിയന്‍ പറയും, അവനെയും എടുക്കണമെന്ന്. രണ്ടുപേരോടും എന്റെ കൈയും പിടിച്ചു നടന്നോളാന്‍ പറയും. ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അനിയത്തിയെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്നത്. സ്‌കൂളില്‍ പോകുമ്പോള്‍ റോഡ് മുറിച്ചു കടക്കണം. ഒരു ദിവസം അവള്‍ എന്റെ കൈ വിടുവിച്ചു റോഡിലൂടെ ഒറ്റ ഓട്ടമായിരുന്നു. അവള്‍ ഒരു കാറിന്റെ മുന്നിലൂടെയാണ് ഓടിയത്. ഞാന്‍ പേടിച്ചു കരഞ്ഞു വീട്ടില്‍ പോയി. അമ്മയോടു പറഞ്ഞപ്പോള്‍ അമ്മയുടെ കൈയില്‍നിന്നു പൊതിരെ തല്ലു കിട്ടിയത് എനിക്കാണ്. ഞാന്‍ ഇവളെ നോക്കിയില്ല എന്നു പറഞ്ഞായിരുന്നു തല്ലു കിട്ടിയത്. പിന്നെ ഒരു മൂന്നാല് കൊല്ലം അവളെ സ്‌കൂളില്‍ വിട്ടില്ല. അതിനു ശേഷം അവള്‍ വീണ്ടും സ്‌കൂളില്‍ പോയി തുടങ്ങിയപ്പോള്‍ അമ്മ തന്നെയായിരുന്നു അവളെ കൊണ്ടുവിടലും കൂട്ടിക്കൊണ്ട് വരലും. 

അവരുടെ അച്ഛന്‍ രാവിലെ പണിക്കുപോയി രാത്രിയാണ് വരിക. അവര്‍ വരുമ്പോഴേക്കും ഞങ്ങള്‍ കുട്ടികള്‍ ഉറങ്ങും. അദ്ദേഹം അയാളുടെ മക്കള്‍ക്ക് തുണിയും എല്ലാം വാങ്ങിച്ചു കൊടുക്കുമായിരുന്നു. പക്ഷെ, എനിക്കൊന്നും കിട്ടിയില്ലായിരുന്നു. അതൊന്നും ഞാന്‍ ചോദിക്കാന്‍ നിന്നിട്ടില്ല. ചിലപ്പോള്‍ പുള്ളിക്ക് സിഗരറ്റ് വാങ്ങിക്കാന്‍ പോകുമ്പോള്‍ നാരങ്ങമുട്ടായി വാങ്ങിക്കാന്‍ പത്ത് പൈസയോ ഇരുപതു പൈസയോ തരും. മുട്ടായിക്കൊതി കൊണ്ട് സിഗരറ്റ് വാങ്ങിച്ചു കൊടുക്കും. എന്നോടു വിവേചനം കാണിച്ചെങ്കിലും അങ്ങോട്ട് സ്‌നേഹക്കുറവില്‍ പെരുമാറിയിട്ടില്ല. ഇതൊക്കെ വേര്‍തിരിവാണ് എന്നത് പിന്നീടാണ് മനസ്സിലാക്കിയത്. അയാള്‍ അമ്മയെ ഉപേക്ഷിച്ചുപോയതിനു ശേഷമാണ് ഇതൊക്കെ ഞാന്‍ ചിന്തിച്ചത്. പിന്നീട് അതൊന്നും അമ്മയോട് ഞാന്‍ സംസാരിച്ചില്ല. അമ്മയോട് എനിക്ക് വല്യ കൂട്ടൊന്നുമുണ്ടായിരുന്നില്ല. അമ്മമ്മയോടായിരുന്നു എന്റെ കൂട്ട്. അമ്മയും അനിയനും അനിയത്തിയും അവരുടെ അച്ഛനും സിനിമക്കും ബസാറിലും പോകുമ്പോള്‍ എന്നെ കൂട്ടില്ല. ഞാന്‍ അമ്മമ്മയുടെ കൂടെയിരിക്കും. അമ്മമ്മയുടെ കൂടെ കൂടുമ്പോള്‍ ഒരു വിഷമവും ഉണ്ടാകില്ല. 

ക്രിസ്ത്യാനിയായ രാജന്‍ എന്ന ഒരു മാമന്‍ ആണ് എന്നെ ആദ്യമായി സ്‌കൂളില്‍ കൊണ്ടുപോയത്. ജോസഫ് എന്നോ മറ്റോ ആണ് പുള്ളിയുടെ ക്രിസ്ത്യന്‍ പേര്. മാമന്റെ സൈക്കിളിലാണ് ഞാനാദ്യം സ്‌കൂളില്‍ പോയത്. എടനാട്ട് എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസില്‍ ആദ്യത്തെ ദിവസം എനിക്ക് ഇരിക്കാന്‍ പറ്റിയില്ല. മാമന്റെ കൂടെ സൈക്കിളില്‍ മുന്നിലിരുന്നു പോകുമ്പോള്‍, കാലു സൈക്കിളിന്റെ റിമ്മില്‍ കുടുങ്ങി എല്ല് തിരിഞ്ഞുപോയി. അതുപിന്നെ വൈദ്യരുടെ അടുത്ത് പോയി തടവേണ്ടി വന്നു. പിറ്റേദിവസം മാമന്‍ തന്നെ എന്നെ സൈക്കിളില്‍ കൊണ്ടു ചെന്നാക്കി. സ്‌കൂളില്‍ പിന്‍ബെഞ്ചിലാണ് ഇരുന്നതെങ്കിലും അത്ര വലിയ വിഷമം ഒന്നും ഉണ്ടായിരുന്നില്ല. അപ്പോള്‍ പിന്‍ബെഞ്ച്  എന്നതൊരു വിവേചനമാണെന്നാന്നും ചിന്തിക്കുന്നില്ലല്ലോ.

'തറ പറ' എന്നൊക്കെ എഴുതാനായിരുന്നു ആദ്യം പഠിപ്പിച്ചത്. അത് സ്ലേറ്റില്‍ എഴുതിക്കും. വീട്ടില്‍ പോയി സ്ലേറ്റില്‍ മുഴുവനും അത് എഴുതിക്കൊണ്ടു വരാന്‍ പറഞ്ഞു. രാവിലെ സ്‌കൂളില്‍ പോകുന്നതിനുമുമ്പേ ഭക്ഷണം ഒന്നുമുണ്ടാകില്ല. ചായയോ കാപ്പിയോ ഒരു ഗ്ലാസ് ഉണ്ടാകും. കടി ഒന്നും ഉണ്ടാകില്ല. മൂന്നാം ക്ലാസ് മുതല്‍ ആണ് ഉപ്പുമാവ് കിട്ടാന്‍ തുടങ്ങിയത്. ഉപ്പുമാവ് വാങ്ങിക്കാന്‍ പാത്രം ഒന്നും ഉണ്ടാകില്ല. ജാതിമരത്തിന്റെ ഇല പറിച്ചാണ് ഉപ്പുമാവ് വാങ്ങിക്കുക. ഇല പറിക്കാന്‍ പോകുമ്പോള്‍ മണിയാണി പിള്ളേര്‍ 'തൊടല്ലേ തൊടല്ലേ' എന്നു പറഞ്ഞു പുലയപിള്ളേരെ മാറ്റി നിര്‍ത്തും. അവര്‍ പറിച്ചുകഴിഞ്ഞു മാത്രമേ ഞങ്ങള്‍ക്ക് ഇല പറിക്കാന്‍ പറ്റൂ. ഇന്റര്‍വെല്ലിന്റെ സമയത്ത് കളിക്കാന്‍ പോകുമ്പോള്‍ വേഗം മൂത്രംമൊഴിച്ചു വന്നു തൊട്ടുകളിക്കും. തൊട്ടുകളിക്കുമ്പോള്‍ ഒന്നാം ക്ലാസ്സില്‍ വെച്ചുപോലും ഞങ്ങളെ കൂട്ടില്ല. ഞങ്ങള്‍ അടിയാര്‍ ആണെന്ന ബോധം അന്നുതന്നെ ആ കുട്ടികള്‍ക്കുണ്ടായിരുന്നു. 'ഒരു വട്ടം കൂടി ഓര്‍മ്മകള്‍ മേയുന്ന' കേരളത്തിലെ സ്‌കൂളുകളില്‍ എന്നെപ്പോലുള്ള അടിയാളരുടെ ഓര്‍മ്മകള്‍ ഇങ്ങനെ കൂടിയാണ്. 

(തുടരും)