
മഴക്കാലം ഒരേസമയം സങ്കടവും സന്തോഷവുമാണ് എനിക്ക് സമ്മാനിച്ചിരുന്നത്. അകത്ത് സങ്കടം, പുറത്ത് സന്തോഷം. അകത്തും പുറത്തുമെന്നത് വീട്ടിനകത്തും പുറത്തുമെന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. ഓടിട്ട വീടിനു മീതെ തിമിർത്തുപെയ്യുന്ന മഴ എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. രാത്രിയിലാണെങ്കിൽ പേടി കൂടും. മുറിയുടെ മേൽക്കൂരയിലെ ഓടുകളിൽ ഒന്ന് ചില്ലോടായിരുന്നു. മിന്നലിന്റെ നിമിഷപ്രഭയും 'ഇടിയുടെ ഹുങ്കാരപ്രകമ്പനങ്ങളും എന്റെ ഇളം മനസ്സിൽ ഭയത്തിന്റെ വിദ്യുത് തരംഗങ്ങളാണുണർത്തുക. പടിഞ്ഞാറൻ കാറ്റിൽ ആടിയുലയുന്ന തെങ്ങിൻതലപ്പുകൾ കാണെക്കാണെ കൂർത്ത്, നട്ടെല്ലു വളച്ച് വീടിന്റെ മുകളിലേക്ക് പതിക്കാനെന്ന പോലെ വളഞ്ഞു വരും. ഞൊടിയിടയിൽ തിരിച്ചുപോകും. പ്രതികാരം ചെയ്യാനെന്ന പോലെ വീണ്ടും വരും. ഓടിന്റെ വിടവുകളിലൂടെ വികൃത ശബ്ദമുണ്ടാക്കി കാറ്റിന്റെ അലകൾ ഉൾഭയത്തിന് പശ്ചാത്തലസംഗീതമൊരുക്കും. മുറിയുടെ മൂലയിൽ വിറച്ചു കത്തുന്ന മണ്ണെണ്ണ വിളക്കിൽ നിന്നുമുയരുന്ന പുക ചുവരിൽ ഭീകരരൂപികളെ പെറ്റു കൂട്ടും. പേടിച്ചരണ്ട് കണ്ണുകളടച്ച് ഞാൻ ചുരുണ്ടുകൂടും. പതിറ്റാണ്ടുകൾ പഴക്കമുള്ള ഉയരംകൂടിയ കട്ടിലിന്റെ അടിഭാഗമായിരുന്നു ഞങ്ങൾക്ക് രക്ഷാകവചം തീർത്തിരു ന്നത്. രാമനാമം ജപിച്ചു കൊണ്ട് അമ്മ എന്നെ ചേർത്തുപിടിച്ചു കിടക്കും. കട്ടിലിനടിയിൽ ഈർപ്പത്തിന്റെയും തുണിയുടെയും പഴകിയ മരത്തിന്റെയും ഗന്ധമായി രുന്നു ഒപ്പം അമ്മയുടെ ഇമ്പമാർന്ന മണവും. ഇടിമിന്നലും മഴയും കാറ്റും തുടരും. ഉറങ്ങാതെ കിടക്കുന്ന അമ്മയുടെ ലാളനയിൽ ഞാനുറങ്ങും. നേരം വെളുക്കും.
ഞാനുണരുന്നതിന് എത്രയോ മുൻപേ അമ്മ എഴുന്നേറ്റ് പോയിട്ടുണ്ടാവും. ജനൽപാളികൾ തുറന്നിടും, വിളക്ക് കത്തിക്കും. അച്ഛൻ ഔദ്യോഗികയാത്ര കഴിഞ്ഞ് ചിലപ്പോൾ തിരിച്ചെത്തിയിട്ടുണ്ടാകും. അമ്മൂമ്മ തൊടിയിൽ നടക്കാനിറങ്ങും, പെങ്ങമ്മാർ കുളിച്ചൊരുങ്ങും. ജനലഴികളിലൂടെ വന്ന് കട്ടിലിന്റെ ഓരത്ത് തറച്ചുനിൽക്കുന്ന വെളിച്ചത്തിൽ അടുക്കളയിലെ വിറകടുപ്പിലെ പുക അലസമായി നീങ്ങും.അമ്മയുടെ താളത്തിലുള്ള ദീർഘനിശ്വാസം ഇരുമ്പുകുഴലിലൂടെ അടുപ്പിലെ കനലിനെ ജ്വലിപ്പിക്കും. ചട്ടിയിൽ വേവുന്ന അപ്പത്തിന്റെ മണം ഉണർന്നെണീക്കുവാൻ പ്രചോദനമേകും. നമ്പൂരിപ്പൊടി, (അതു തന്നെ, കെപി നമ്പൂതിരീസ് ദന്തധാവന ചൂർണ്ണം!) ഇല്ലെങ്കിൽ ഉമിക്കരിയും ഉപ്പും ചേർത്തു പല്ലുതേപ്പ്, കിണറ്റിൻകരയിൽ നിന്ന് തൊട്ടിയിൽ വെള്ളം കോരിയുള്ള കുളി. തലതോർത്തി നെറുകയിൽ രാസ്നാദി പൊടി തിരുമ്മി ട്രൗസറും ഷേർട്ടും ഉടുപ്പിച്ച്തന്ന് അമ്മ എന്നെ ഒരുക്കിനിർത്തും. ചായകുടിക്കുശേഷം ഏതോ ഒരു ടെക്സ്റ്റൈൽ കടയുടെ പ്ലാസ്റ്റിക് കവറിൽ പുസ്തകങ്ങളുമായി ഞാനിറങ്ങും. ഉമ്മറത്ത് കൈകൂപ്പി പ്രാർഥിച്ച് അമ്മ നിൽക്കും.
പടികളിറങ്ങിയാൽ പൂഴിമണ്ണ് നിറഞ്ഞ ഇടവഴി. പാതവക്കിലെ വേലിക്കെട്ടുകളിൽ പടർന്നിറങ്ങിയ പുല്ലിൽ ഇറ്റു വീഴാൻ മറന്നുപോയ ജലകണങ്ങൾ. പൂഴിമണ്ണിനെ അരിച്ച് നീങ്ങുന്ന നീർച്ചാലുകൾ. നിവരാനാവാത്തവിധം കാറ്റിൽ ചാഞ്ഞുപോയ വാഴയും കവുങ്ങും, എനിക്കൊപ്പമെത്താൻ കുതിച്ചു നീന്തുന്ന, നെറ്റിയിൽ പൊട്ടുതൊട്ട കുഞ്ഞുമീനുകൾ, വെള്ളം നിറഞ്ഞ മാളങ്ങളിൽ നിന്നും പാതിശരീരം പുറത്തേക്കുന്തി നിൽക്കുന്ന ചുവപ്പും ബ്രൗണും കൂടിച്ചേർന്ന നിറമുള്ള ഞണ്ടുകൾ, വഴിയിൽ നിന്നും എന്നോടൊപ്പം ചേരുന്ന എന്റെ കൂട്ടുകാർ.
റോഡിൽകയറി നൂറുമീറ്റർ നടന്നാൽ ഇലന്തപ്പഴമരം. പാതിപഴുത്തതും അല്ലാത്തതുമായ പഴങ്ങൾ എറിഞ്ഞു വീഴ്ത്തി തിന്നുകൊണ്ടാണ് സ്കൂളിൽ എത്തുക. ഒന്നുമുതൽ അഞ്ചാം ക്ലാസ് വരെയുള്ള സ്കൂളിന് ഓടുമേഞ്ഞ മൂന്ന് കെട്ടിടങ്ങളായിരുന്നു ഉണ്ടായിരുന്നത്. ദേവി ടീച്ചറും ദേവകിടീച്ചറും വേലായുധൻ മാഷും പുരുഷോത്തമൻ മാഷും പദ്‌മിനി ടീച്ചറും സുകുമാരി ടീച്ചറും സ്വർണലത ടീച്ചറും പൊന്നമ്മ ടീച്ചറും പ്രഭാകരൻ മാഷും പിന്നെ ഹെഡ്‌ടീച്ചർ ലീലാവതി ടീച്ചറും. ഇതായിരുന്നു അന്നത്തെ അധ്യാപകർ. ജാനുമ്മയായിരുന്നു ഉപ്പുമാവ് ഉണ്ടാക്കിത്തന്നിരുന്നത്. ആ ഉപ്പുമാവിന്റെ ചേരുവകൾ ഇന്നും എനിക്കന്യമാണ്. പലരീതിയിൽ ഞാനത് അന്വേഷിച്ചിരുന്നു. കണ്ടെത്താൻ പറ്റിയില്ല. 'ഗോതമ്പു നുറുക്കിന്റെ വലിയ തരികൾ കൊണ്ട് ഉണ്ടാക്കിയ പോലെയാണ് കാഴ്ചക്ക്.
വർഷങ്ങൾ ഓരോന്നായി കടന്നുപോയി. പഴയ സ്കൂളിലെ (GLPS Beypore) അവസാന വർഷമായ അഞ്ചാം തരത്തിൽ പഠിക്കുമ്പോഴാണ് ഇംഗ്ലീഷ് പദ്യംചൊല്ലലിന് എന്നെ സെലക്ട് ചെയ്തതത്. സ്റ്റാഫ് റൂമിൽ വച്ചായിരുന്നു സെലക്ഷൻ. എനിക്കു 'ഭയങ്കര 'അഭിമാനം തോന്നി. എന്നെ സബ് ജില്ലാ തലത്തിൽ മത്സരാർഥിയായി കൊണ്ടുപോകാം എന്ന നിലയിലെത്തി കാര്യങ്ങൾ. ആ പദ്യമല്ലാതെ ജീവിതത്തിൽ അന്നുവരെ മറ്റൊരു ഇംഗ്ലീഷ് പദ്യവും ഞാൻ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. എന്നാലും കൂട്ടുകാരുടെ ഇടയിൽ ഒരു ഗമയൊക്കെ നടിക്കാൻ തുടങ്ങി. വീട്ടിൽ വന്നാലും ആ പദ്യം അങ്ങനെ ചൊല്ലി നടക്കും. ‘സംഭവം തന്നെ’ എന്ന ലൈനിൽ.
അങ്ങനെ മത്സരദിവസം വന്നു. രാവിലെ ചേച്ചിമാർ ചേർന്നാണ് എന്നെ ഒരുക്കിയത്. ചുവന്ന നിറത്തിലുള്ള പതുപതുത്ത ഒരു കുപ്പായമായിരുന്നു ഞാൻ ധരിച്ചിരുന്നത്. ടീച്ചർമാരോടൊപ്പം മത്സരവേദിയായ മറ്റൊരു സ്കൂളിൽ എത്തി. ഇംഗ്ലീഷ് പദ്യം ചൊല്ലലിനുള്ള മത്സരാർഥികൾ സ്റ്റേജിന് സമീപം എത്തിച്ചേരാനുള്ള അറിയിപ്പ് വന്നു. ഞാനവിടെയെത്തി. എന്റെ ഇരുവശവും രണ്ടു പെൺകുട്ടികളാണ് ഉണ്ടായിരുന്നത്. അവർ തമ്മിൽ ഇംഗ്ലീഷിലാണ് സംസാരിച്ചത്. ആ ഒരു പദ്യം മാത്രം ഇംഗ്ലീഷിൽ പറയാനറിയുന്ന എന്റെ അവസ്ഥ..!! എന്റെ പിറകിലുണ്ടായിരുന്ന പെൺകുട്ടി എന്നോടും ഇംഗ്ലീഷിൽ എന്തൊക്കെയോ ചോദിച്ചു. ഞാൻ ചൈനീസ്ഭാഷ പോലെ മുക്കലും മൂളലുമായി ഒതുങ്ങി. അതിനെല്ലാം മനസ്സിലായി, എനിക്കെല്ലാം മറന്നും പോയി! അതുകൊണ്ടെന്ത്, പദ്യത്തിന്റെ പാതി വിഴുങ്ങി വേർഡ്‌സ് വർത്തിനോട് പകരം വീട്ടി ഞാൻ സ്റ്റേജിൽ നിന്നിറങ്ങി. അപമാനത്തിന്റെയും അജ്ഞതയുടെയും ഭാരത്താലാവണം, ഞാൻ കരഞ്ഞു. പക്ഷേ എന്റെ ടീച്ചർമാർ ഒരുതരത്തിലും എന്നെ വിഷമിപ്പിച്ചില്ല എന്നു മാത്രവുമല്ല ചേർത്ത് നിർത്തുകയും ചെയ്തു. നഗരത്തിലെ മുന്തിയ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്ക് ഇംഗ്ലീഷ് റെസിറ്റേഷൻ മത്സരങ്ങൾ എക്കാലവും അഭിമാനപ്രശ്നമാണ്. അത്രയും മുന്നൊരുക്കങ്ങളുമായി വരുന്ന മത്സരാർഥികൾക്കിടയിൽ തങ്ങളുടെ കുഞ്ഞിച്ചെക്കൻ അനുഭവിച്ചിരിക്കാനിടയുള്ള സ്വത്വപ്രതിസന്ധിയെക്കുറിച്ച് ബോധമുള്ളവരായിരുന്നിരിക്കണം അവർ.
രണ്ടുവർഷം കഴിഞ്ഞ് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സുകുമാരി ടീച്ചർ ഹൈസ്കൂളിലേക്ക് ട്രാൻസ്ഫറായി വന്നു. എന്നോട് വീണ്ടും സ്കൂളിൽ പദ്യം ചൊല്ലലിന് മത്സരിക്കാൻ പറഞ്ഞു. അന്നത്തെ ആ പെൺകുട്ടികളുടെ ഇംഗ്ലീഷിലുള്ള സംസാരം കാതിൽ വീണ്ടും മുഴങ്ങി; എന്റെ ചൈനീസും. വേണ്ട എന്ന് പറയാനും എനിക്ക് പറ്റില്ലായിരുന്നു. എന്റെ പേര് ചേർക്കപ്പെട്ടു. സ്റ്റാഫ് റൂമിൽ വെച്ചായിരുന്നു സ്കൂളിലെ മത്സരം നടത്തിയിരുന്നത്. പേര് കൊടുത്തിട്ടുള്ളവർ ആകെ മൂന്നു പേർ...! സന്തോഷമായി ഒരു സമ്മാനം ഉറപ്പ്. വീണ്ടും മറ്റൊരു കവിത പഠിക്കലായി, ടീച്ചറുടെ നിർദ്ദേശങ്ങളായി, തിരക്കായി. സ്റ്റാഫ് റൂമിൽ വച്ച് മത്സരം നടന്നു. വൈകുന്നേരം അനൗൺസ്‌മെന്റും വന്നു. ഓഫ് സ്റ്റേജ് ഇനമായ ഇംഗ്ലീഷ് പദ്യം ചൊല്ലൽ ഒന്നാം സമ്മാനം സിദ്ധാർത്ഥൻ എം, 7 ബി. സുഹൃത്തുക്കളോടൊപ്പം നിൽക്കുകയായിരുന്ന എന്റെ കണ്ണുകൾ അന്നും നിറഞ്ഞു.
സ്കൂളിലെ യൂത്ത് ഫെസ്റ്റിവലിന്റെ രണ്ടാം ദിനം. ടീച്ചറെന്നോട് പറഞ്ഞു ഇന്ന് മെയിൻ സ്റ്റേജിൽ ചൊല്ലണം.
എന്തൊക്കെയോ ഓർത്തു കൊണ്ട് ഞാൻ ചോദിച്ചു: ‘ടീച്ചറെ അത് കഴിഞ്ഞില്ലേ ??’
ടീച്ചർ ദാക്ഷിണ്യമില്ലാതെ പറഞ്ഞു: ‘ഓഫ് സ്റ്റേജ് ഇനമായ പദ്യം ചൊല്ലലിന് ഒന്നാം സമ്മാനം ലഭിച്ചവർ അത് മെയിൻ സ്റ്റേജിൽ അവതരിപ്പിക്കണം.’
ഉച്ചയോടെ നാടക മത്സരങ്ങളാണ് നടക്കുക. ഒരു നാടകം കഴിഞ്ഞുള്ള ഇടവേളയിലാണ് പദ്യം അവതരിപ്പിക്കേണ്ടത്. അതിനായി കാത്തിരുന്നു. ഒന്നാം നാടകം കഴിഞ്ഞു ഇടവേളയിൽ അനൗൺസ്മെൻറ് വന്നു. വേദിയിൽ ഉടൻ മധുവും സംഘവും അവതരിപ്പിക്കുന്ന ബ്രേക്ക് ഡാൻസ്. കുട്ടികൾ ആരവങ്ങളോടെ തിങ്ങിനിറഞ്ഞു. പക്ഷേ, സംഘത്തിലെ ഒരാൾ എന്തോ കാര്യത്തിന് പോയതിനാൽ അടുത്ത അനൗൺസ്‌മെന്റ് ഇങ്ങനെ. ‘വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്, ബ്രേക്ക് ഡാൻസിന് മുന്നേ ഓഫ് സ്റ്റേജിനമായ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ഒന്നാം സമ്മാനം ലഭിച്ച പദ്യവുമായി സിദ്ധാർത്ഥൻ എം അരങ്ങിൽ’.
ഞാൻ മൈക്കിന് മുന്നിലെത്തി കർട്ടൻ പൊങ്ങി. ബ്രേക്ക് ഡാൻസ് പ്രതീക്ഷിച്ച് തിങ്ങിനിറഞ്ഞ സദസ്സ്!
ഞാൻ തുടങ്ങി "respected chair, teachers and my dear friends let me recite the poem.... അപ്പോഴേക്കും കൂവൽ ഉച്ചസ്ഥായിയിലായിരുന്നു.
പക്ഷേ ഒന്നാം സമ്മാനത്തിന്റെ മൂല്യത്തിനും വിജയിയുടെ ആത്മവിശ്വാസത്തിനും മുന്നിൽ കൂവലിന് എന്തു വില! തുടർച്ചയായി മൂന്നു വര്ഷം ഞാൻ തന്നെയായിരുന്നു ഇംഗ്ലീഷ്പദ്യം ചൊല്ലലിൽ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവ്.
ഞാൻ എട്ടാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് അച്ഛന് അസുഖം കൂടുന്നത്. അച്ഛന്റെ ഹൃദയം നന്നേ ദുർബലമായി എന്ന് ഡോക്ടർമാർ പറഞ്ഞു. ജോലിക്കുപോവാൻ പറ്റാതായതോടെ വരുമാനം നിലച്ചു. അച്ഛന്റെ ബന്ധുക്കളും അളിയന്മാരും ഒക്കെ പല തരത്തിൽ സഹായിച്ചു. ജീവിതം മുന്നോട്ടു തന്നെ പോവുകയാണ്. ഒരു നവംബർ മാസം ആദ്യത്തിൽ അച്ഛനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അമ്മ അച്ഛനൊപ്പം ഹോസ്പിറ്റലിൽ കൂട്ടിരിക്കും. ഞാനും അമ്മുമ്മയും വീട്ടിൽ. നവംബർ 14 ശിശുദിനത്തിന് സ്കൂൾ അവധിയായിരുന്നു. ഞാൻ അച്ഛന് കഞ്ഞിവെക്കാനുള്ള അരി വാങ്ങിക്കുവാനായി സൈക്കിളിൽ റോഡിലേക്ക് പോവുകയായിരുന്നു. ഇടവഴിയിലെ രണ്ടാം വളവു തിരിഞ്ഞതും ഒരു കരിമ്പൂച്ച എന്നെ മുറിച്ചുകടന്ന് ഓടിപ്പോയി. കുറച്ചു മുന്നോട്ടെത്തിയപ്പോൾ ഒരു ബൈക്കും ഒരു ആംബുലൻസും എന്നെ കടന്നുപോയി. അരിവാങ്ങിക്കുന്ന കടയുടെ മുന്നിലെത്തിയ എന്നോട് അയൽവാസിയായ ചേട്ടൻ ചോദിച്ചു: “നീ എന്തിനാ വന്നത്?”
അച്ഛന് കഞ്ഞിക്കുള്ള അരി വാങ്ങുന്ന കാര്യം ഞാൻ പറഞ്ഞു. അത് കേൾക്കാത്ത മട്ടിൽ വീട്ടിലേക്ക് ചെല്ലാൻ അദ്ദേഹം നിർബന്ധിച്ചു. പാതിവഴിയിലെത്തിയപ്പോൾ എന്റെ കളിക്കൂട്ടുകാരൻ എതിരെ ഓടി വരുന്നു. എടാ നിന്റെ അച്ഛൻ... അപ്പോൾ മാത്രമാണ് ഞാനറിഞ്ഞത് ചേതനയറ്റ അച്ഛനെയും വഹിച്ചുകൊണ്ടാണ് ആ ആംബുലൻസ് എന്നെ കടന്നു പോയതെന്ന്.
പതിറ്റാണ്ടുകൾക്കിപ്പുറം എത്രയോ കരിമ്പൂച്ചകൾ എന്റെ വണ്ടിക്കു മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. ജീവിതത്തിൽ അന്നുണ്ടായതൊഴിച്ചാൽ മറ്റൊരു അനിഷ്ടസംഭവവും അതുകൊണ്ട് ഉണ്ടായിട്ടില്ലെങ്കിലും കരിമ്പൂച്ചയെ കാണുമ്പോഴൊക്കെ അന്നത്തെ ആംബുലൻസും അച്ഛന്റെ വിയോഗവും ഓർമ്മയിലേക്കെത്തും. സ്വന്തം തെറ്റു കൊണ്ടല്ലാതെ പഴി കേൾക്കുന്ന നിരപരാധിയായ ഒരു ജീവിയാണ്. എങ്കിലും അതിനെ കാണുമ്പോഴൊക്കെ അച്ഛനില്ലാതായ ആ ദിവസത്തിന്റെ ശൂന്യത മനസ്സിനെ അസ്വസ്ഥമാക്കാറുണ്ട്.
Content Highlights: A poignant journey through childhood memories, from the terrifying rainy nights in an old tiled house to the triumphant yet shaky moments of English recitation competitions and the indelible scar left by a father’s passing.
Published: 27 Apr 2026, 05:57 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented