'മേരി, കേറി വാ...' ജേക്കബ് അച്ചൻ ഓഫീസ് മുറിയിൽനിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അച്ചന്റെ ഉച്ചത്തിലുള്ള പറച്ചിൽ എന്റെ ആകുലത കൂട്ടിയതേ ഉള്ളൂ. ഗൗരവക്കാരനായ ആ വികാരിയച്ചനോട് ഞാൻ ഒരിക്കലും സംസാരിച്ചിട്ടില്ല. അമ്മയും അമ്മയുടെ പിറകെ ഞാനും വികാരിയച്ചന്റെ മുറിയിലേക്ക് കയറി. വാതിലിനു മുന്നിലെ രണ്ട് നടകളിലും ഇട്ടിരുന്ന ചകിരിക്കയറ്റിയിൽ കാൽ നന്നായി ഉരച്ച് അച്ചന്റെ മുറിക്കകത്തേക്ക് മുറ്റത്തെ ചെളി കയറ്റുന്നില്ലന്ന് ഞങ്ങൾ ഉറപ്പ് വരുത്തി.
''ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ...'
അമ്മ കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു. അമ്മക്കുപിന്നിൽനിന്ന ഞാൻ കൈകൾ കൂപ്പിയെങ്കിലും മിണ്ടാതെത്തന്നെ നിന്നു.
''മേരി ഇരിക്ക്.'' മുന്നിൽക്കിടന്ന പ്ലാസ്റ്റിക് നെയ്ത കസേരകളിലേക്ക് ചൂണ്ടിക്കൊണ്ട് അച്ചൻ പറഞ്ഞു. 
''വേണ്ടച്ചാ. ഞാൻ നിന്നോളം.'' 
അമ്മ സാരിയുടെ തുമ്പ് വലിച്ചു തോളത്തേക്കിട്ടുകൊണ്ട് പറഞ്ഞു.
''ഇരിക്ക് മേരി...'' ജേക്കബ് അച്ചൻ സ്വരം അല്പം കടുപ്പിച്ചു പറഞ്ഞപ്പോൾ അമ്മ ഇരുന്നു. അമ്മയിരുന്ന കസേരയുടെ ഇരുമ്പ് കൈപ്പിടിയിൽ ചാരി ഞാൻ വികാരിയച്ചനെ ഒളിക്കണ്ണിട്ടു നോക്കി. അപ്പനുമായാണോ അച്ചൻ മടങ്ങി വന്നത് എന്ന എന്റെ ആകുലതക്ക് അപ്പോഴും ഉത്തരം കിട്ടിയിരുന്നില്ല. 
''നീയും ഇരുന്നോടാ...'' അതു പറയുമ്പോൾ അച്ചന്റെ മുഖത്തു പതിവില്ലാത്ത ഒരു പുഞ്ചിരി ഞാൻ കണ്ടു. എന്റെ പ്രാർത്ഥനകൾ ഒന്നുപോലും കേൾക്കാത്ത കന്യാമതാവിന്റെ രൂപത്തിലേക്ക് അന്ന് കുർബാന മധ്യേ ഞാൻ ഒന്ന് നോക്കുക പോലും ചെയ്തിരുന്നില്ല.
മേശ വലിപ്പ് തുറന്ന്, പച്ചവർണ്ണ കടലാസ്സിൽ പൊതിഞ്ഞ ഒരു പ്യാരി മിഠായി എടുത്ത് എന്റെ നേരെ നീട്ടിക്കൊണ്ട് അച്ചൻ പറഞ്ഞു. അപ്പോൾ ആ മുഖത്ത് ഒരു പുഞ്ചിരിപോലും ഉണ്ടായിരുന്നില്ല. കുത്തിവച്ച നിക്കറിന്റെ പോക്കറ്റിലേക്ക് മിഠായി ഇട്ടതിനു ശേഷം അമ്മയിരുന്ന കസേരയോട് ചേർന്നുകിടന്ന കസേരയിൽ ഞാൻ ഇരിപ്പുറപ്പിച്ചു. ജേക്കബ് അച്ചൻ എന്താണ് പറയാൻ പോകുന്നത് എന്നോർത്തു എന്റെ ചങ്ക് പടപടാ ഇടിച്ചു. ഒരാഴ്ച്ച മുഴുവൻ ചൊല്ലിത്തീർത്ത ജപമാല ഫലമൊന്നും കണ്ടില്ലേ എന്ന ഭയം എന്നെ വിഴുങ്ങാൻ തുടങ്ങിയിരുന്നു.
''കൊച്ച് തിരിച്ചു വന്നാൽ മേരി അയാളെ സ്വീകരിക്കുമോ...''
ആമുഖമൊന്നും ഇല്ലാതെ വികാരിയച്ചൻ ചോദിച്ചപ്പോൾ 'സ്വീകരിക്കില്ല' എന്ന് അമ്മ പറയണേ എന്ന് ഞാൻ യൗസേപ്പിതാവിനോട് പ്രാർഥിച്ചു. ഒരാഴ്ച മുഴുവൻ മാതാവിനോട് പ്രാർഥിച്ചു ഫലമൊന്നും ഇല്ലല്ലോ എന്ന നിരാശയിൽനിന്നാണ് ഞാൻ അടുത്ത വിശുദ്ധനെത്തേടിപ്പോയത്.
''സ്വീകരിക്കും അച്ചോ. അയാൾ എന്റെ കെട്ട്യോനല്ലേ...? എന്റെ നാലു പിള്ളേരുടേം തന്തയല്ലേ..? ഞാൻ കൊച്ചിനെ സ്വീകരിക്കും അച്ചോ...'' സാരിത്തുമ്പ് വലിച്ച് നെറ്റി തുടച്ചുകൊണ്ട് അമ്മ പറഞ്ഞു.
''ഞാൻ ഇക്കഴിഞ്ഞ ഒരാഴ്ച മേരീടെ കെട്ട്യോന്റെ കൂടെ താമസിച്ചിട്ടാ വന്നിരിക്കുന്നത്. ഞാൻ വികാരിയച്ചനാണ് എന്നൊന്നും കൊച്ചിനോട് പറഞ്ഞില്ല. സുൽത്താൻ ബത്തേരിയിൽ ഒരു പണി തേടി വന്നതാണന്ന് പറഞ്ഞ്, അഞ്ച് ദിവസം ഞാൻ അയാളുടെയും കൂട്ടുകാരുടെയും കൂടെയാ താമസിച്ചത്. ഇന്നലെ പോരുന്നതിനു മുൻപ് ഞാൻ ളോഹ ഇട്ടപ്പളാ അയാൾക്ക് ഞാൻ നിങ്ങടെ വികാരിയച്ചനാണ് എന്ന് മനസ്സിലായത്. ''അച്ചൻ പറഞ്ഞു നിർത്തിയിട്ടും അമ്മ മറുപടിയൊന്നും പറഞ്ഞില്ല.
''അപ്പൻ അച്ചന്റെ കൂടെപ്പോന്നോ?''
എനിക്ക് പിന്നേയും പിടിച്ചു നിൽക്കാനുള്ള ക്ഷമ ഉണ്ടായിരുന്നില്ല. മിണ്ടാതിരിക്കാനുള്ള ഒരു സിഗ്‌നൽ എന്ന പോലെ അമ്മ തല തിരിച്ച് എന്നെ രൂക്ഷമായൊന്ന് നോക്കി. 
''കൊച്ച് പോന്നില്ല. അയാൾക്ക് ഭാര്യയെയും മക്കളേയുമൊന്നും നോക്കാനുള്ള താല്പര്യമൊന്നും ഇല്ല. അയാൾക്ക് അയാളുടെ സുഖം, അയാളുടെ ജീവിതം...''
അച്ചൻ അതു പറയുമ്പോൾ ആ വാക്കുകളിൽ ഒരു നിസ്സഹായത ഉണ്ടായിരുന്നു. അപ്പനെ വീട്ടിലും നാട്ടിലും കൊച്ച് എന്നാണ് വിളിച്ചിരുന്നത്. അമ്മ മറുപടിയൊന്നും പറഞ്ഞില്ല. അച്ചന്റെ കസേരക്ക് പിറകിലെ കബോർഡ് ഭിത്തിയിൽ തുക്കിയിരുന്ന ക്രൂശിത രൂപത്തിലേക്ക് കണ്ണും നട്ട് അമ്മ മൗനം തുടർന്നു. 
''മേരീടെ അമ്മായിയപ്പന്റെ ചേട്ടന്റെ മകൻ എന്റെ കൂടെ പോന്നു..... അയാൾക്ക് ജീവിക്കണമെന്നുണ്ട്...'
''കൊച്ച് മടങ്ങി വരണമെന്ന് എനിക്ക് നിർബന്ധമൊന്നുമില്ല. എന്റെ മക്കളെ ഓർത്താണ്. അവർ തന്ത ഇല്ലാത്തവരായി ജീവിക്കുമ്പോൾ നാട്ടുകാരും വീട്ടുകാരും അവരെ അവഹേളിക്കുന്നത് മാത്രമാണ് എന്റെ ദുഃഖം. എന്നെ ആര് എന്ത് പറഞ്ഞാലും എനിക്ക് ഒരു കുഴപ്പവുമില്ല അച്ചോ...'' അമ്മ അതു പറഞ്ഞുകൊണ്ട് കസേരയിൽനിന്ന് എഴുന്നേറ്റു. ഒപ്പം ഞാനും. 
''മേരി പോകാൻ വരട്ടെ. അവിടെ ഇരിക്ക്.'' ഒന്ന് നിർത്തിയിട്ട് അച്ചൻ തുടർന്നു.
''മേരി വിഷമിക്കേണ്ട. ആരെന്തു പറഞ്ഞാലും എനിക്ക് നിങ്ങളെ മനസ്സിലാകും. നിങ്ങളുടെ ഭർത്താവിനെ ഞാൻ നന്നായി മനസ്സിലാക്കിയിട്ടാണ് വരുന്നത്. ഇനി നീ കെട്ടിയോൻ ഇല്ലാതെ ജീവിച്ചാൽ മതി. ആരെന്തു പറഞ്ഞാലും കൂസാത്ത നിന്റെ മനോഭാവം എനിക്ക് ബോധിച്ചു. നിന്റെ മക്കളേം വളർത്തി ജീവിക്ക്...''
ജേക്കബ് അച്ചന്റെ വാക്കുകളിൽ സാധാരണയുള്ള കാഠിന്യം ഉണ്ടായിരുന്നില്ല. ആ സ്വരം എപ്പോളോ ഇടറിയിരുന്നു.
''നിങ്ങളുടെ വീട് ചോർന്നൊലിക്കുന്നുണ്ടന്ന് ഞാൻ രണ്ടാഴ്ച മുൻപ് വീട് വെഞ്ചിരിക്കാൻ വന്നപ്പോൾ കണ്ടു. അടുത്ത മഴക്ക് മുന്നേ പൊളിച്ചു പണിതില്ലങ്കിൽ നിങ്ങളുടെ വീട് ഇടിഞ്ഞു വീഴും.'' ജേക്കബ് അച്ചൻ പറഞ്ഞു നിർത്തി.
''കട്ടിളക്കും, ഉത്തരത്തിനും കോടിക്കുമുള്ള തടി ഞാൻ കണ്ട് വച്ചിട്ടുണ്ട്. എന്നാലും ഇനിയും പൈസ വേണമെച്ചോ...'' അമ്മ ആത്മവിശ്വാസത്തോടെ പറഞ്ഞു.
''ഞാൻ ഈ ആഴ്ച മെത്രാന് ഒരു അപേക്ഷ കൊടുക്കാം. എന്തെങ്കിലും സഹായം കിട്ടിയാലോ...''
''ഒത്തിരി നന്ദി അച്ചോ. എന്റെ സാഹചര്യം മനസ്സിലാക്കാൻ അച്ചനേലും കഴിഞ്ഞല്ലോ...'' അതു പറഞ്ഞു അച്ചന് നേരെ കൈ കൂപ്പി അമ്മ മുറിക്ക് പുറത്തേക്കിറങ്ങി. ജേക്കബ് അച്ചൻ ഞങ്ങളുടെ പിന്നാലെ പള്ളിമുറ്റത്തിന്റെ അവസാനം വരെ വന്നു. കുന്നിന് താഴെ കുരിശടിക്ക് അരികിലുള്ള വഴിയിലേക്ക് എന്റെ കൈ പിടിച്ച് നടക്കുമ്പോൾ അച്ചൻ അമ്മയെ ഉറക്കെ വിളിച്ചു....
 ''മേരി ഇനി നിനക്ക് ഭർത്താവ് വേണ്ട. പിള്ളേർക്ക് അപ്പനും അമ്മയുമൊക്കെ നീ ആയാൽ മതി... നാട്ടുകാരും വീട്ടുകാരും പറയുന്നതൊന്നും നീ കാര്യമാക്കണ്ട. അവന്മാരോടൊക്കെ പോയി പണി നോക്കാൻ പറ...''
ഒന്ന് തിരിഞ്ഞുനോക്കി ചിരിച്ചിട്ട് എന്റെ കയ്യും പിടിച്ചു അമ്മ വീട്ടിലേക്ക് നടന്നു. കുഞ്ചിരക്കാട്ട് പാറയിലൂടെ ഒഴുകിയിരുന്ന തെള്ളിത്തോട് മുറിച്ചു കടന്ന് വേഗത്തിൽ നടക്കുമ്പോൾ നനയാത്ത ഒരു വീട് പണിയാനുള്ള സ്വപ്നങ്ങൾ അമ്മ കാണാൻ തുടങ്ങി. 

To advertise here,

അക്കാലത്ത് ഞങ്ങളുടെ പന്നിക്കൂടിന്റെ കല്ലുകെട്ടിൽ ഒരു പ്ലാത്തിമാവുണ്ടായിരുന്നു. വീട്ടിൽനിന്ന് കുറച്ചു മാറി, ഒരിക്കലും കായ്ക്കാത്ത ഒരു കുടംപുളിയുടെ താഴെയുണ്ടായിരുന്ന ഉണ്ടപ്പാറ പൊട്ടിച്ചെടുത്ത കല്ലുകൊണ്ടാണ്, പണ്ടെങ്ങോ പണിത ഞങ്ങളുടെ പുൽവീടിന്റെ തറ കെട്ടിയത്. പൊട്ടിച്ചു മാറ്റിയ പാറയുടെ വശം ഒരു വലിയ ഭിത്തിതന്നെ പന്നിക്കൂടിനു തീർത്തു. ബാക്കി വരുന്ന മൂന്നു വശവും കല്ലുകൊണ്ട് കെട്ടിത്തിരിച്ച പന്നിക്കൂട്ടിൽ ഉച്ചവെയിലിൽ കാളിപ്പന്നി തലങ്ങും വിലങ്ങും ഓടും. ഇരുവശത്തുനിന്നും കല്ലു പാകിയെത്തിയ പന്നിവേലി ആ പ്ലാത്തിമാവിലാണ് ചെന്നെത്തുക. വർഷംതോറും നിറയെ കായ്ച്ച ആ മാവിലെ മാങ്ങയൊന്നും മൂത്തില്ല, പഴുത്തില്ല. പാതി മൂപ്പിൽ വിണ്ടുകീറിപ്പോയ മാങ്ങ പന്നിക്കൂട്ടിലും പുറത്തും വീണ്, പുഴുനിറഞ്ഞു ചീഞ്ഞു. മാവിൽവെച്ചുതന്നെ ആ മാങ്ങകളിൽ പുഴു നിറഞ്ഞു. കാളിപ്പന്നിക്കുപോലും ആ പ്ലാത്തിമാങ്ങ ഇഷ്ടമായിരുന്നില്ല. എന്നിട്ടും ആ മാവു വിറകിനുവേണ്ടിയെങ്കിലും വെട്ടിയുണങ്ങാതിരുന്നതെന്തേ എന്ന് ഞാൻ പലവട്ടം എന്നോടു ചോദിച്ചു.... ആർക്കും വേണ്ടാത്ത, ഫലം നൽകിയ ആ പ്ലാത്തിമാവ് ഒരു വേനൽമഴ കഴിഞ്ഞുവന്ന വെയിലിൽ ഉണങ്ങി ഒടിഞ്ഞു വീണു. അത് നിന്നിരുന്ന പന്നിക്കൂടിന്റെ കൽവേലിയിൽ പിന്നീടങ്ങോട്ട് ആ മാവിന്റെ വലിപ്പത്തിൽ ഒരു വലിയ വിടവുണ്ടായി... ചെറിയ കല്ലുകൾ പെറുക്കിവച്ചു ഞങ്ങൾ കുട്ടികൾ ആ വിടവടച്ചാലും കാളിപ്പന്നി ആ ചെറുകല്ലുകളെ കുത്തിക്കളഞ്ഞു ആ വിടവ് വീണ്ടെടുക്കും... അകാലത്തിൽ കരിഞ്ഞുപോയ, ആർക്കും വേണ്ടാത്ത മാങ്ങ മാത്രം നൽകിയ ആ പ്ലാത്തിമാവിനെ മറക്കാൻ കാളിപ്പന്നിക്കും വിഷമമായിരുന്നോ? കാലം മറതീർത്ത ഓർമകളിൽ ചിലതൊക്കെ ഭൂതകാലത്തിന്റെ ഭാരവും പേറിയാണ് വരിക. കഥ പറയാനോ കഥയിലെ പൊരുൾ തേടാനോ ഒന്നുമല്ല ഓർമകൾ ഒച്ചവയ്ക്കുന്നത്. 

ഞങ്ങളുടെ കൊച്ചു പുൽവീടിന് അടുക്കളയും തിണ്ണയും ഒരു മുറിയുമാണ് ഉണ്ടായിരുന്നത്. ചാണകം മെഴുകിയ തറയിലിരുന്നാണ് ഞങ്ങൾ ഭക്ഷണം കഴിക്കുക. ആരെങ്കിലും വീട്ടിൽ വന്നാൽ ഇരിക്കാനായി ഒരു തടിസ്റ്റൂൾ തിണ്ണയിൽ എപ്പോഴുമുണ്ട്. അതിഥികളൊന്നും വരാത്ത ഞങ്ങളുടെ വീട്ടിൽ ആ സ്റ്റൂളിന് പ്രത്യേക റോളൊന്നും ഇല്ലെന്നായി. എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാൻ ഒരുങ്ങി നിന്ന ഞങ്ങളുടെ മേച്ചിൽ പുല്ല് മേഞ്ഞ വീട് ഒരോ മഴക്കും ചോർന്നൊലിച്ചു. പഴകി ദ്രവിച്ച ഇല്ലി വാരിയുടെ കൈക്കോലുകൾ കുശുത്ത് ദ്രവിച്ചു. അതുകൊണ്ട് തന്നെ, ആ വർഷം മേൽക്കൂര മേഞ്ഞില്ല. കൂര ഇടിഞ്ഞു വീഴുമെന്ന ഭയത്താൽ വീടിനു മുകളിൽ കയറാൻ ആരും തയ്യാറല്ലായിരുന്നു. ജേക്കബ് അച്ചൻ എല്ലാ ഞായറാഴ്ചയും കുർബാനക്ക് ശേഷം അമ്മയെ കണ്ട് രൂപതാ കേന്ദ്രത്തിൽ സമർപ്പിച്ച അപേക്ഷക്ക് മറുപടിയൊന്നും ആയിട്ടില്ല എന്നറിയിച്ചു.

''അടുത്ത മഴക്കാലം ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി അച്ചാ. പിന്നെ എനിക്ക് ആരുടെയും സഹായം വേണ്ട ഞാൻ തന്നെ ഒരു കൊച്ചു വീട് പണിയാനുള്ള സാമഗ്രികൾ അടിപ്പിക്കും...'' പലപ്പോഴും അമ്മയുടെ മറുപടി ഇങ്ങനെ ആയിരുന്നു.
ഞായറാഴ്ച കുർബാനക്ക് ശേഷം അമ്മയോട് ചെറുപ്പക്കാരനായ വികാരിയച്ചൻ സംസാരിക്കുന്നതും അമ്മയുടെ 'വഴിവിട്ട' ജീവിതത്തെക്കുറിച്ചും തന്റേടത്തേക്കുറിച്ചും വാതോരാതെ വിവരിക്കാൻ ചെല്ലുന്ന കുടുംബക്കരെയും പള്ളി പ്രമാണിമാരെയും ജേക്കബ് അച്ചൻ സ്വീകരിക്കാതിരുന്നതും ഇടവകയിലും നാട്ടിലും പുതിയ ഭൂതങ്ങൾക്ക് ജന്മം നൽകി.
''അല്ലെങ്കിലും ഈ അച്ചൻ എന്തിനാ ആ കെട്ടവളോട് സംസാരിക്കുന്നത്?''
കുർബാനക്കുശേഷം പള്ളിയുടെ മുൻപിലെ മോന്തളത്തിൽ കൂടിനിന്ന് വല്യമ്മയും ബന്ധുക്കളും അടക്കം പറഞ്ഞു. 
ഒരു ദിവസം വൈകുന്നേരം കുഞ്ഞൂഞ്ഞമ്മ ചേടത്തിയുടെ കൂടെ തടി ചുമട് കഴിഞ്ഞു വന്ന്, ചാക്കോച്ചേട്ടന്റെ വീട്ടിലെ നെല്ല് കമ്പിളികണ്ടത്തെ മില്ലിൽ കൊണ്ടുപോയി കുത്തിക്കുവാൻ പോകുമ്പോഴാണ്, പള്ളിക്കൂടത്തിലെ ക്ലാർക്ക് ഉദ്യോഗം കഴിഞ്ഞ് വല്യപ്പാപ്പൻ മടങ്ങിവരുന്നത്. വെന്തിക്കോസ് വളവിന് അടുത്തുള്ള മൈൽ കുറ്റിയുടെ അടുത്തെത്തിയപ്പോൾ തന്നെ അമ്മ വല്യപ്പാപ്പൻ ദൂരെ നിന്ന് വരുന്നത് കണ്ടു. കുട്ടിച്ചാക്കുകളിൽ നെല്ലും ചുമന്ന് വന്ന ലാലിക്കും എനിക്കും അമ്മയുടെ ഒപ്പം എത്താൻ കഴിഞ്ഞില്ല. വളവിലെ കലുങ്കിന് അടുത്തെത്തിയപ്പോൾ വല്യപ്പാപ്പൻ അമ്മയുടെ മുന്നിൽ വന്നു വഴി തടഞ്ഞു നിന്നു. 
''നീ ഇപ്പോൾ പള്ളീലച്ചമ്മാരുടെ കൂടേം പൊറുക്കും അല്ലേടി...'' കമ്പിളികണ്ടത്തു നിന്നു ആവശ്യത്തിലേറെ മദ്യപിച്ചു വന്ന വല്യപ്പാപ്പൻ ആ ലഹരിയിൽ അമ്മയെ അസഭ്യവർഷം ചൊരിഞ്ഞു. 
അമ്മയുടെ മുന്നിൽ വന്നു നിന്നുകൊണ്ട് വല്യപ്പാപ്പൻ അതു പറയുമ്പോൾ ആ മുഖത്ത് വല്ലാത്തൊരു ഭാവമായിരുന്നു. ഭയന്നു പിന്മാറാൻ മനസ്സില്ല എന്ന് സ്വയം തീരുമാനം എടുത്തിരുന്ന അമ്മ ആദ്യം സൗമ്യമായാണ് സംസാരിച്ചത്. എങ്കിലും ആ മുഖത്ത് പകയുടെ തീയുണ്ടായിരുന്നു.
''നീ എന്നെ വെറുതെ വിട്ടേരെ. വഴീന്ന് മാറി നിൽക്കെടാ.....'' അമ്മ അതു പറയുമ്പോഴേക്കും ലാലിയും ഞാനും പെന്തക്കൊസ്ത് വളവിലെ കലുങ്കിനടുത്തെത്തി.
''നീ എല്ലാർക്കും കൊടുക്കുമെങ്കിൽ എന്താ എനിക്കുകൂടി തന്നാൽ. ഞാൻ വീട്ടിലേക്ക് വരാം...''
വല്യപ്പാപ്പൻ അത് പറഞ്ഞതും അമ്മ തലയിലിരുന്ന നെല്ല് ചാക്ക് കലുങ്കിന് മുകളിലേക്കിട്ടു. തിരിഞ്ഞ് വല്യപ്പാപ്പന്റെ ഷർട്ടിന്റെ കോളർ ചേർത്ത് പിടിച്ച് ഒരു ഭ്രാന്തിയെപ്പോലെ അലറി.
''എനിക്ക് ഇഷ്ടമുള്ളവരുടെ കൂടെ ഞാൻ കെടക്കും... ഇഷ്ടമുള്ളവർക്ക് ഞാൻ കൊടുക്കും. നീ ആരാടാ എന്റെ കിടപ്പിന് കണക്കെടുക്കാൻ? പിന്നെ, എനിക്ക് നിന്റെ കൂടെ കിടക്കാൻ താത്പര്യമില്ല. അതും പറഞ്ഞു നീ എന്റെ പറമ്പിൽ കയറിയാൽ നിന്റെ തല ഞാൻ അരിയും...''
വല്യപ്പാപ്പനെ ഒന്നുകൂടി ഉലച്ചിട്ട് അമ്മ പിടിവിട്ടു. അപ്പോഴേക്കും ഞാനും ലാലിയും അമ്മയുടെ അടുക്കൽ എത്തി. 
''നീ എന്റെ അമ്മയെ എന്ത് ചെയ്യുമെടാ...' എന്ന് അലറിക്കൊണ്ട് ഞാൻ കലുങ്കിനോട് ചേർന്ന് വളർന്നു നിന്ന ചീമക്കൊന്നയുടെ ശിഖരങ്ങളിൽ ഒന്ന് ഓടിച്ചെടുത്തു. കലിപൂണ്ട ലാലി ഒരു കമ്പൊടിച്ചു വല്യപ്പാപ്പൻ നേരെ ഓങ്ങി. എന്നെയും ലാലിയെയും അമ്മ പിടിച്ചു മാറ്റി. കയ്യിലിരുന്ന കല്ലുകൊണ്ട് തല്ലി അയാളെ പെന്തകോസ്ത് വളവിലെ കലുങ്കിന് താഴേക്ക് തള്ളിയിടാനുള്ള ആവേശത്തിലായിരുന്നു ആ പതിനൊന്നു വയസുകാരൻ.
''അവനെ കൈകാര്യം ചെയ്യാൻ ഞാൻ മതി. നിങ്ങള് തല്ലാനും കൊല്ലാനുമൊന്നും പോകണ്ട. കളയെടാ വടി...''
അമ്മ പറഞ്ഞതും ലാലിയും ഞാനും കൊന്നക്കമ്പ് കലിങ്കിന് താഴേക്ക് വലിച്ചെറിഞ്ഞു. ഉണ്ടായിരുന്ന മദ്യലഹരി നഷ്ടമായ വിഷമത്തിൽ വല്യപ്പാപ്പൻ തെള്ളിത്തോട്ടിലെ ചായക്കടയിലേക്ക് വച്ചു പിടിച്ചു. അവിടെനിന്നും കോട്ടോടിയും ചാരായവുമൊക്കെ മതിയാവോളം മോന്തി അമ്മയെ തെറി വിളിച്ചുകൊണ്ട് കടയ്ക്ക് മുന്നിൽ നിന്നു. ഞങ്ങൾ നെല്ല് കുത്തി മടങ്ങി വരുമ്പോഴും വല്യപ്പാപ്പന്റെ തെറി വിളികൾ കുര്യാക്കോ ചേട്ടന്റെ വീടിന് അപ്പുറത്ത് നിന്നേ കേൾക്കാമായിരുന്നു. മേക്കാട്ടു കടയുടെ മുന്നിൽ ഞങ്ങൾ എത്തിയപ്പോൾ അമ്മ രൂക്ഷമായി ഒന്ന് നോക്കിയതോടെ വല്യപ്പാപ്പൻ തെറിപ്പാട്ട് നിർത്തി കടയ്ക്ക് അകത്തേക്ക് വലിഞ്ഞു. കുത്തിച്ചെടുത്ത അരിയും കുടുമി കെട്ടി അതിനു മുകളിൽ കൂട്ടിയ തവിടുംചുമന്ന് ഞങ്ങൾ ചാക്കോച്ചേട്ടന്റെ വീട്ടിൽ എത്തുന്നതിനു മുന്നേ മഴ പെയ്തു തുടങ്ങി.

ഞങ്ങളുടെ വീടിന്റെ ഒറ്റ മുറിയിൽ രണ്ട് കട്ടിലുകളാണ് ഉണ്ടായിരുന്നത്. ഒരു കട്ടിലിൽ അമ്മയോടൊപ്പം ജെസ്സി ആയിരുന്നു എല്ലാ ദിവസവും ഉറങ്ങിയിരുന്നത്. രാത്രിയിൽ കിടക്കുമ്പോൾ ഞങ്ങൾ ഇളയവർ മൂന്നാളും അനങ്ങും എന്ന കാരണത്താൽ അമ്മയോടൊപ്പം കിടക്കുവാനുള്ള അവകാശം ജെസ്സിക്ക് മാത്രമായിരുന്നു. രണ്ടാമത്തെ കട്ടിൽ വീടിന്റെ പിറകു വശത്തെ ഭിത്തിയോട് ചേർത്താണ് ഇട്ടിരുന്നത്. ലാലിയും ബിന്ദുവും ഞാനുമാണ് ആ കട്ടിലിൽ കിടക്കുക. രാത്രിയിൽ കണ്ട ഏതെങ്കിലും സ്വപ്നത്തിന്റെ പേര് പറഞ്ഞ് പലപ്പോഴും ബിന്ദുവും അമ്മയോടൊപ്പമായിരുന്നു ഉറക്കം. ജേക്കബ് അച്ചൻ അപ്പനെ തേടി വയനാടിന് പോയി മടങ്ങിവന്ന് രണ്ടാഴ്ചയോളം കഴിഞ്ഞിട്ടുണ്ടാവണം. അന്ന് രാത്രി പതിവില്ലാതെ ഇടിയോടുകൂടി മഴ പെയ്തു. ഉണങ്ങി കുശുത്ത മേച്ചിൽപ്പുല്ലിനിടയിലൂടെ മഴവെള്ളം വീട്ടിനുള്ളിക്ക് ഒഴുകിയിറങ്ങി. മുറിക്കകത്ത് പല ഇടങ്ങളിലായി ചോർച്ച ഉള്ള ഭാഗങ്ങളിൽ ചരുവങ്ങളും കലങ്ങളും എന്തിന് മൺ ചട്ടികൾപ്പോലും നിരത്തി വച്ച് ഞങ്ങൾ നനയാത്ത ഇടങ്ങളിൽ തേടി കട്ടിലുകൾ വലിച്ച് മാറ്റിയിട്ടു. രാത്രി ഏറെ വൈകിയാണ് ഞങ്ങളന്ന് ഉറങ്ങിയത്. 

ഒന്നടങ്ങിയ മഴ രാത്രി എപ്പോഴോ പുനരാരംഭിച്ചു. മേൽക്കൂരയിൽനിന്ന് ചോർന്നിറങ്ങിയ മഴവെള്ളം മുറിയിലാകെയായി. പാതി ഉറക്കത്തിലും കീറിയ കരിമ്പടം വലിച്ചു തലമൂടി നനയാതിരിക്കാൻ ലാലിയും ഞാനും മത്സരിച്ചു. അതിനൊക്കെ മുന്നേ ബിന്ദു അമ്മയുടെ കട്ടിലിലേക്ക് പോയിരുന്നു. ഒരു കാലൊടിഞ്ഞ ഞങ്ങളുടെ കട്ടിലിന്റെ ഒരു മൂലയിൽ വച്ചിരുന്ന മൺ ഇഷ്ടികകൾ കുതിർന്നു പോയി. കാലൊടിഞ്ഞ ഭാഗം മൂഞ്ഞികുത്തി വീണ കുട്ടിയെപ്പോലെ ഭിത്തിയിലേക്ക് ഞങ്ങളെ രണ്ടിനെയും കൂടുതൽ ചേർത്തു.  ഇടിയോടു കൂടി ആർത്തു പെയ്ത മഴക്കൊപ്പം പറമ്പിന്റെ മുകൾ ഭാഗത്തു നിന്ന് ഒഴുകിയെത്തിയ മലവെള്ളം വീടിനു പിന്നിലെ മൺതിട്ട ഇടിച്ചു വീഴ്ത്തി. ആ മണ്ണും വെള്ളവുമൊക്കെയായി വീടിന്റെ ഭിത്തിയിലേക്കമർന്നു. നനഞ്ഞിട്ടും ഉറങ്ങാൻ തുടങ്ങിയ ലാലിയുടെയും എന്റെയും മുകളിലേക്കു വീടിന്റെ പിറകുവശത്തെ ഭിത്തി ഇടിഞ്ഞുവീണു. മൺകട്ടകൾക്കടിയിൽ ശ്വാസം കിട്ടാതെ വെമ്പൽ കൊണ്ടപ്പോഴും ഞാൻ ലാലിയെ ഉറക്കെ വിളിച്ചു. പക്ഷേ എന്റെ സ്വരം പുറത്തുവന്നില്ല. മലവെള്ളവും മണ്ണും മണ്ണിഷ്ടികകളുമെല്ലാം ഞങ്ങളെ മൂടിയിരുന്നു. ആ മരണ വെപ്രാളത്തിലും ലാലിയെ ഓർത്തു എന്റെ മനസ്സ് പിടഞ്ഞു. ആർത്തലച്ചു പെയ്ത മഴ തൊട്ടടുത്ത തൊടിയിലെ മലവെള്ളമെല്ലാം ഞങ്ങളുടെ മുകളിലേക്ക് ഒഴുക്കി എത്തിച്ചു. മരണം തൊട്ടടുത്തുതന്നെ അശ്രദ്ധനായ കാവൽക്കാരനെപ്പോലെ നിന്നു.