അനാഥാലയത്തില്‍നിന്ന് മടങ്ങിവന്നുകഴിഞ്ഞ്, 1984 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നു മാസക്കാലമാണ് ഞാന്‍ പാറത്തോട്ടിലെ എല്‍.പി സ്‌കൂളില്‍ പഠിച്ചത്. പള്ളിക്കൂടം തുറന്ന് തൊട്ടടുത്ത ദിവസങ്ങളില്‍ പാപ്പച്ചന്‍ സാര്‍ എന്നോട് പകര്‍ത്തും രചനയും എഴുതാനുള്ള ബുക്കുകളും രണ്ടു നോട്ടുബുക്കുകളും തോമസുചേട്ടന്റെ കടയില്‍പ്പോയി വാങ്ങിക്കോളാന്‍ പറഞ്ഞു. പള്ളിക്കൂടത്തില്‍ത്തന്നെ പഠിപ്പിച്ചിരുന്ന ലീലാമ്മ ടീച്ചറിന്റെ ഭര്‍ത്താവിന്റെ കടയായിരുന്നു അത്. ഞാന്‍ ചെന്നപ്പോള്‍ ലീലാമ്മ ടീച്ചറും കടയിലുണ്ടായിരുന്നു. ഉച്ചസമയമായതിനാല്‍ പല കുട്ടികളും കടയില്‍ വന്നുപോയ്‌ക്കൊണ്ടിരുന്നു. അതിനാല്‍ത്തന്നെ പള്ളിക്കൂടത്തില്‍ ഒന്നാം മണി അടിക്കുന്നതുവരെ ഞാന്‍ ഒരരികില്‍ മാറിനിന്നു. ചില്ലലമാരകള്‍ക്ക് മുകളില്‍ നിരത്തിവച്ചിരിക്കുന്ന ചില്ലുഭരണികളിലെ പ്യാരി, കാരാമില്‍ക്ക്, നാരങ്ങാ മിഠായി ഇവയെല്ലാം എന്റെ വായില്‍ വെള്ളം നിറച്ചു. അന്നു കുട്ടികള്‍ക്കിടയില്‍ ഏറെ പ്രചാരമുണ്ടായിരുന്ന കടല കട്ടിങ് മൂന്നു ഭരണികളില്‍ അടുത്തടുത്താണ് ഇരുന്നത്. കുട്ടികളൊന്നും ഇല്ലെന്നായപ്പോള്‍, ഞാന്‍ പലതരം മിഠായി ഭരണികള്‍ക്ക് പിന്നിലിരിക്കുന്ന തോമസ് ചേട്ടന്റെ അടുക്കലെത്തി. 
'ആ എന്താ വേണ്ടത്..?'
തോമസ് ചേട്ടന് കൊടുക്കേണ്ട മറുപടി തേടി ഞാന്‍ വിഷമിച്ചുനില്‍ക്കുമ്പോള്‍ ലീലാമ്മ ടീച്ചറെത്തി.
''ഹെഡ്മാസ്റ്ററ് പറഞ്ഞിട്ട് വന്നതാ...'
മടിച്ചുമടിച്ചാണ് ഞാന്‍ പറഞ്ഞത്. ചുറ്റും ആരുമില്ലെന്ന് പലവട്ടം ഉറപ്പിച്ചെങ്കിലും, അത് പറഞ്ഞതിനുശേഷവും ഞാന്‍ ചുറ്റും ഒന്നുകൂടി കണ്ണോടിച്ചു.
''അവനുള്ള നോട്ടുബുക്കുകള്‍ക്കാ. പാപ്പച്ചന്‍ സാറ് കാശ് തന്നോളും...' 
ലീലാമ്മ ടീച്ചര്‍ എനിക്ക് വേണ്ട നോട്ടുബുക്കുകള്‍ എടുത്തടുക്കി മുന്‍പിലുള്ള ചില്ലുമേശയില്‍ വെച്ചു. രചന ബുക്കുകളും ബ്രൗണ്‍ പേപ്പറും ഞാന്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത പടങ്ങളുള്ള നെയിംസ്ലിപ്പുകളും ടീച്ചര്‍ ആക്കൂട്ടത്തില്‍ എടുത്തുവച്ചു. പുറകോട്ട് തിരിഞ്ഞ് നീലയും വെള്ളയും നിറത്തിലുള്ള ഒരു റെയ്‌നോള്‍ഡ്‌സ് പേനയും കൂട്ടത്തില്‍ വച്ചിട്ട് ടീച്ചര്‍ എന്നെ നോക്കി ചിരിച്ചു.
'ഇത് പാപ്പച്ചന്‍ സാറിന്റെ വക. ബാക്കി എന്റെ വകയും...' 
നോട്ടുബുക്കുകള്‍ ആദ്യം തന്നിട്ട് പൊതിയാനുള്ള ബ്രൗണ്‍ പേപ്പറും നെയിംസ്ലിപ്പുകളും പേനയും തന്നുകൊണ്ട് അവര്‍ പറഞ്ഞത് ഇന്നും ഞാന്‍ മറന്നിട്ടില്ല. ഉച്ചയൂണിനുശേഷമുള്ള ഇന്റര്‍വെല്‍ കഴിഞ്ഞുള്ള രണ്ടാം മണി അടിക്കുന്നതിനുമുന്നേ ക്ലാസ്സില്‍ ഓടിക്കയറുമ്പോള്‍ എന്റെ മനസ്സില്‍ വല്ലാത്ത സന്തോഷമോ അഭിമാനമോ ഒക്കെ ആയിരുന്നു. 

To advertise here,

പിന്നീടുള്ള മൂന്നു മാസത്തെ എന്റെ നാലാം ക്ലാസ് ജീവിതം അഭിമാനത്തോടെയാണ് കടന്നുപോയത്. പൊതുവേ ദേഷ്യക്കാരനായും പഠിക്കാതെ വരുന്നവര്‍ക്കും വികൃതി കാണിക്കുന്നവര്‍ക്കും അടികൊടുക്കുന്നയാളായും ഞങ്ങള്‍ കുട്ടികളുടെ ഇടയില്‍ അറിയപ്പെട്ടിരുന്ന പാപ്പച്ചന്‍സാര്‍ എന്നെ ഒരിക്കലും അടിച്ചിട്ടില്ല. നാലാം ക്ലാസ്സിലെ പഠനം തീര്‍ന്ന് പള്ളിക്കൂടം അടയ്ക്കുന്നതിന്റെ തലേ ആഴ്ച്ച പാപ്പച്ചന്‍ സാര്‍ ഞങ്ങള്‍ കുട്ടികളോട് ഓരോരുത്തര്‍ക്കും ഭാവിയില്‍ ആരാകാനാണ് ആഗ്രഹം എന്ന് ചോദിച്ചു. ഏറ്റവും പിന്‍നിരയില്‍ നിന്നാണ് ചോദിച്ചു തുടങ്ങിയത്. പലരും ഡ്രൈവറാകാനും കട നടത്താനും ഒക്കെ ജീവിതലക്ഷ്യമുണ്ടന്ന് പറഞ്ഞത് ഞങ്ങളുടെ നാടിന്റെ അന്നത്തെ സാഹചര്യത്തില്‍ കാണാന്‍ പറ്റുന്ന സ്വപ്നങ്ങളുടെ അതിര്‍വരമ്പുകള്‍ ഏറെ ആഴത്തില്‍ അവരുടെ മനസ്സില്‍ പതിഞ്ഞതുകൊണ്ടാകുമെന്ന് ഇന്നു ഞാന്‍ ചിന്തിക്കാറുണ്ട്. ഡോക്ടര്‍ ആകാനും എഞ്ചിനീയര്‍ ആകാനും ടീച്ചറാകാനും നഴ്‌സാകാനുമൊക്കെ സ്വപ്നം കണ്ടവര്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. എന്റെ അടുത്തെത്തിയപ്പോള്‍, സാറിനോട് എന്ത് മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു. പ്രത്യേകിച്ചൊന്നും പറയാനില്ലാതെ പള്ളിക്കൂടത്തിന്റെ മേല്‍ക്കൂരയുടെ പട്ടികകളെണ്ണി സമയം കൊന്ന എന്നെ അദ്ദേഹം വഴക്ക് പറഞ്ഞില്ല. അന്നു ക്ലാസ്സ് കഴിഞ്ഞിറങ്ങിയപ്പോള്‍ അദ്ദേഹം എന്നോട് ഓഫീസിലേക്ക് ചെല്ലാന്‍ പറഞ്ഞു. സാറ് ചോദിച്ചതിന് മറുപടി പറയാത്തതിന് അടി തരാനാണതെന്ന് അന്നു കൂട്ടുകാരൊക്കെ പറഞ്ഞിരുന്നു.

'നിനക്ക് ഒന്‍പത് വയസ്സല്ലേ ഒള്ളു. അപ്പോ, എന്ത് പഠിക്കണം, വലുതാകുമ്പോള്‍ എന്ത് ജോലി ചെയ്യണം, എന്നൊന്നും അറിയാത്തത് വലിയ കുറ്റമൊന്നുമല്ല. നിന്റെ പ്രായത്തില്‍ എനിക്കും അതൊന്നും അറിയത്തില്ലാരുന്നു. നീ ഇനി വലിയ ക്ലാസ്സിലേക്ക് പോകുവല്ലേ. നന്നായി പഠിക്കണം. നിന്റെ വീട്ടിലെ അവസ്ഥ നിനക്കറിയാവുന്നപോലെ വേറെ ആര്‍ക്കും അറിയില്ല. അതുകൊണ്ട് നന്നായി പഠിച്ചു മിടുക്കനാകണം. നിന്റെ അമ്മയ്ക്കും പെങ്ങമ്മാര്‍ക്കും നീ മാത്രമേ ഉള്ളൂ എന്നത് മറക്കരുത്. ഈ കഷ്ടപ്പാടെല്ലാം മാറുന്ന ഒരു ദിവസം വരും. നീ മിടുക്കനാകും. എനിക്കുറപ്പാ...'

എന്റെ ഭാവിയെക്കുറിച്ച് ഉറപ്പ് ഉണ്ടായിട്ടൊന്നും ആയിരിക്കില്ല അന്ന് പാപ്പച്ചന്‍ സാര്‍ അങ്ങനെയൊക്കെ പറഞ്ഞത്. പക്ഷേ ഒരു കാര്യം എനിക്കുറപ്പാണ്, എന്നിലെ ഒന്‍പതു വയസ്സുകാരന്റെ അപകര്‍ഷതയും പ്രത്യാശാരാഹിത്യവും ഒന്ന് ശമിപ്പിച്ച ആദ്യ മനുഷ്യനാണ് അദ്ദേഹം. ഭാവിയില്‍ എന്താകും എന്നറിയാത്ത എനിക്ക്, എല്ലാം ആകാനുള്ള സാധ്യത എല്ലാവരെയുംപോലെ തന്നെ ഉണ്ടെന്ന് പറഞ്ഞ ആ അധ്യാപകന്‍ എന്നില്‍ അന്നു നിറച്ച പ്രതീക്ഷയുടെ ഊര്‍ജം ഇന്നും സജീവമാണ്. അതൊരു ഉച്ചകഴിഞ്ഞുള്ള ഇന്റര്‍വെല്‍ സമയമായിരുന്നു. നാല് എയിലെ ഒരു കുട്ടി വാങ്ങിക്കൊണ്ടുവന്ന ചായ ഊതിക്കുടിക്കുമ്പോള്‍ കൂടെക്കൊണ്ടുവന്ന പലഹാരം അദ്ദേഹം എന്റെ നേരെ നീട്ടി. 
'വേണ്ട സാറെ...' 
ഞാന്‍ മടിച്ചു മാറിനിന്നു.
''കഴിച്ചോടാ'' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഒരറ്റം വിടര്‍ന്നു ചിരിക്കുന്ന ബോണ്ട എന്റെ കയ്യില്‍ വച്ചുതന്നു. തൊട്ടടുത്തുള്ള യുപി സ്‌കൂളിലേക്ക് മാറിയതിനു ശേഷവും പാപ്പച്ചന്‍സാര്‍ ഒരിക്കലും അധികം സംസാരിക്കുന്നതോ ചിരിക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല. 

വേനലവധി തുടങ്ങിയതേ അമ്മവീട്ടില്‍ പോകാന്‍ ഞങ്ങള്‍ കുട്ടികള്‍ ധൃതി കൂട്ടി. അവിടെയാകുമ്പോള്‍ കപ്പയായും ചക്കയായും ചോറായുമൊക്കെ മൂന്നുന്നേരം ഭക്ഷണം കിട്ടും എന്നത് തന്നെ ആയിരുന്നു കാരണം. പള്ളിക്കൂടം അടച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടുണ്ടാകണം, ഒരു വൈകുന്നേരം കൊച്ചമ്മാവന്‍ വീട്ടില്‍ വന്നു. കുഞ്ഞൂഞ്ഞമ്മച്ചേടത്തി ഉടമ്പടി എടുത്തു ചെയ്തിരുന്ന കല്ലുചുമടിനും മെറ്റലടിക്കും മണല്‍ വാരലിനുമൊക്കെ അമ്മ കൂലിക്കാരിയായി പോകുന്നത് കൂടാതെ, തെള്ളിത്തോട്ടിലെയും കമ്പിളിക്കണ്ടത്തെയുമൊക്കെ സമ്പന്ന കുടുംബങ്ങളിലെ നെല്ലുകുത്തിക്കാനായി കമ്പിളിക്കണ്ടത്തെ മില്ലില്‍ പോകുന്നതും അരി പാറ്റി കൊടുക്കുന്നതുമൊക്കെ അമ്മ അഞ്ചുമണി കഴിഞ്ഞുവന്നും ഞായറാഴ്ചകളില്‍ ഉച്ചകഴിഞ്ഞും ചെയ്തു. ചാക്കോച്ചന്‍ ചേട്ടന്റെ വീട്ടിലെ നെല്ലുകുത്തിക്കാന്‍ പോയിരുന്ന അമ്മ, കൊച്ചമ്മാവന്‍ വന്നിട്ടും തിരികെയെത്തിയിരുന്നില്ല.

അന്നു ഞങ്ങളുടെ വീട്ടില്‍ ആരെങ്കിലും വന്നാല്‍ ഇരിക്കാന്‍ ഒരു പഴയ സ്റ്റൂള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചാണകം മെഴുകിയ തിണ്ണയില്‍ കയറാതെ സ്റ്റൂള്‍ എടുത്ത് മുറ്റത്തിട്ട്, അതിലിരുന്നുകൊണ്ട് കൊച്ചമ്മാവന്‍ എന്തൊക്കയോ പിറുപിറുത്തുകൊണ്ടിരുന്നു. മുറ്റത്തുനിന്ന ഗന്ധരാജന്‍ പതിവുപോലെ നിറയെ പൂത്തിരുന്നു. അതില്‍ പടര്‍ന്നുകയറിയ മുല്ലവള്ളി അന്നും പൂവിട്ടിരുന്നില്ല. ജെസ്സി കൊടുത്ത കടുംചായ ഊതിക്കുടിച്ച് ഗ്ലാസ്സ് മടക്കി നല്‍കുമ്പോഴും കൊച്ചമ്മാവന്‍ അസ്വസ്ഥനായിരുന്നു. അമ്മ മടങ്ങി വന്നപ്പോഴേക്കും സന്ധ്യ മയങ്ങി. തിണ്ണയിലിരുന്ന ഓട്ടുവിളക്ക് കാറ്റത്തണഞ്ഞില്ല. തൊഴുത്തിനോട് ചേര്‍ന്നുനിന്ന കടപ്ലാവില്‍നിന്ന് ഉണങ്ങിയ ഇലകളും വാടിപ്പഴുത്ത കടച്ചക്കയും പുല്‍ക്കൂരയിലേക്ക് ഇടയ്ക്കിടെ വീണു.
'നിനക്ക് നേരം ഇരുളുന്നതിനുമുന്‍പ് വീട്ടില്‍ വന്നാലെന്നാ...?'
കാത്തിരുന്നു മടുത്തത്തിന്റെ നീരസം പ്രകടിപ്പിച്ചുകൊണ്ടാണ് കൊച്ചമ്മാവന്‍ സംസാരത്തിന് തുടക്കമിട്ടത്.
'അഞ്ചുമണിവരെ ചങ്ങാംതടത്തിന്റെ പറമ്പില്‍ കല്ലുചുമട് കഴിഞ്ഞ്, മൂക്കടത്തുനിന്ന് നടന്നു വരണ്ടേ? അതുകഴിഞ്ഞു ചാക്കോച്ചന്‍ ചേട്ടന്റെ വീട്ടില്‍നിന്നും നെല്ല് കമ്പിളികണ്ടത്ത് കൊണ്ടുപോയി കുത്തിച്ചു കൊണ്ടുവരാനുള്ള സമയമല്ലേ ഞാനെടുത്തുള്ളൂ...?'
ചാണകം മെഴുകിയ തിണ്ണയിലിരുന്ന്, ജെസ്സി  കൊടുത്ത കടുംചായ കുടിച്ചുകൊണ്ട് അമ്മ പറഞ്ഞു. 
'നേരമിരുട്ടിക്കഴിഞ്ഞു വീട്ടീവരുന്ന ഈ രീതി കുടുംബത്തീ പെറന്നോര്‍ക്ക് അത്ര ചേരത്തില്ല.'
 അമ്മ മറുപടിയൊന്നും പറഞ്ഞില്ല . 
'നീയെന്തിനാ മിറ്റത്തിരിക്കുന്നേ...?'
വീട്ടിലേക്ക് കയറാതെ, പുറത്തുതന്നെ ഇരുന്ന കൊച്ചമ്മാവനോട് അമ്മ ചോദിച്ചു.
'എന്തിനാ കേറുന്നേ. ഞാന്‍ വന്നത് നിന്നോടിവിടെ വിശേഷം പറഞ്ഞിരിക്കാനല്ല. ചെല കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാനാ...എന്നിട്ട് എനിക്കെന്റെ വീട്ടീപ്പോണം.'

അമ്മാവന്‍ പറയുന്നതും കേട്ടുകൊണ്ട് അമ്മയിരുന്നു. ചാക്കോച്ചന്‍ ചേട്ടന്റെ വീട്ടില്‍നിന്നും നെല്ലുകുത്തിച്ച് കൊണ്ടുവന്നതിനു കൂലിയായി, അമ്മ തോര്‍ത്തില്‍ കെട്ടിക്കൊണ്ടുവന്ന അരിയുമെടുത്ത് ലാലി അകത്തേക്ക് പോയി. ചകിരിയില്‍ തീ കൊളുത്തി ജെസ്സി കഞ്ഞിക്കു വെള്ളം വെച്ച് വിറകില്‍ കത്തിപിടിപ്പിക്കാന്‍ ഈറ്റക്കുഴല്‍കൊണ്ട് ഊതുന്ന ഒച്ച മുറ്റത്ത് കേള്‍ക്കാം. ബിന്ദുവും ഞാനും ചിരട്ടകളില്‍ മണ്ണുനിറച്ചു മുറ്റത്ത് ചുട്ടുകൂട്ടിയ അപ്പത്തിന് കറിയായി, ഗന്ധരാജന്‍ പൂക്കളും തൊടിയുടെ താഴെ കുര്യക്കോച്ചേട്ടന്റെ പറമ്പില്‍നിന്ന അമ്മകറുമ്പി മോളുവെളുമ്പിയുടെ ഇലകളും അരിഞ്ഞിളക്കി കണ്ണന്‍ച്ചിരട്ടയില്‍ കറിയൊരുക്കുന്ന തിരക്കിലായിരുന്നു. മുറ്റത്തിന് മുകളില്‍നിന്ന, കുരുമുളക് ചെടി കരിഞ്ഞുപോയ മുരിക്ക് വെട്ടി, ബിന്ദുവിനായി ഞാനുണ്ടാക്കിയ നാലുചക്രം വണ്ടി തൊഴുത്തിനരികില്‍ അനാഥനായിക്കിടന്നു.
'നീ ഇന്നലെ പാറത്തോട്ടില്‍ പണിയാന്‍ വന്നോ?'
കുറച്ച് സ്വരമുയര്‍ത്തിയാണ് കൊച്ചമ്മാവന്‍ അമ്മയോട് ചോദിച്ചത്.
'വന്നാരുന്നു. കുഞ്ഞൂഞ്ഞമ്മച്ചേടത്തി, ശവരിക്കുട്ടിച്ചേട്ടന്റെ പറമ്പില്‍ മിറ്റിലടിക്കാനുള്ള പണി എടുത്തിരുന്നു. അവരുടെ പണിക്കാരിയായ എനിക്ക് അവര് പറയുന്നിടത്തുപോയി പണി ചെയ്യേണ്ടേ?'
അമ്മയുടെ മറുപടിയില്‍ ദേഷ്യവും അസംതൃപ്തിയുമെല്ലാം മുഴച്ചുനിന്നു. 
'നീ ആരുടെകൂടെ പണിക്കു പോകുന്നു എന്നത് എനിക്ക് പ്രശ്‌നമല്ല. പക്ഷേ, പറത്തോട്ടില്‍ ഞാനും സഹോദരങ്ങളും കടേല്‍ വരുന്നതാ. നീ അവിടെ വന്നു കൂലിപ്പണി ചെയ്യുന്നത് ഞങ്ങക്ക് നാണക്കേടാ. അതുകൊണ്ട് മേലില്‍ പാറത്തോട്ടില്‍ നീ പണിക്കു വരാന്‍ പാടില്ല. അത് നിന്നോട് പറയാനാ ഞാന്‍ വന്നത്.'
കൊച്ചമ്മാവന്‍ തന്റെ വരവിന്റെ ഉദ്ദേശം സ്വരമുയര്‍ത്തി പറയുമ്പോള്‍ അക്കരെ താമസിക്കുന്ന ലില്ലിച്ചേടത്തി ഒന്നുറക്കെ ചുമച്ചു.
'ആരാ മേരിച്ചേടത്തി ഈ സന്ധ്യക്ക് നിങ്ങടെ വീട്ടില്‍?'
സമപ്രായക്കാരായ അയല്‍ക്കാരി ലില്ലിച്ചേടത്തിയും അമ്മയും എനിക്കിന്നും അറിയാത്ത കാരണങ്ങളാല്‍ പരസ്പരം 'ചേടത്തി' എന്നാണ് വിളിച്ചിരുന്നത്.
'എന്റെ ആങ്ങള പൂതാളീന്ന് വന്നതാ ലില്ലിച്ചേടത്തി.'
ഉറക്കെ വിളിച്ചു പറഞ്ഞ്, അസമയത്തു തന്റെ വീട്ടില്‍നിന്ന് കേട്ട പുരുഷ സ്വരത്തിന് കാരണം കാണിച്ച്, അമ്മ സാധുത നേടി.
'ഞാന്‍ എപ്പോള്‍ എവിടെ പോകും, എപ്പോള്‍ വീട്ടില്‍ വരും, എവിടെപ്പോയി പണിയെടുക്കും എന്നൊക്കെ ഞാന്‍ തന്നെയാ തീരുമാനിക്കുന്നത്. എന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല. അത് നിങ്ങള്‍ സഹോദരങ്ങള്‍ക്കും ബാധകമാണ്...' 
അമ്മ തിണ്ണയില്‍നിന്ന് എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി. ബിന്ദുവും ഞാനും കഷ്ടപ്പെട്ടുണ്ടാക്കിയ മണ്ണപ്പത്തിനുള്ള കറി നിറച്ച കണ്ണന്‍ച്ചിരട്ടയെടുത്തു മുറ്റത്തിന്റെ പടിഞ്ഞാറെക്കോണില്‍നിന്ന കടലാസ് റോസായുടെ അടുക്കലേക്കു മാറ്റി വച്ചിട്ട് അമ്മ കൊച്ചമ്മാവന്റെ അടുക്കലേക്കു വന്നു. കാലുകള്‍ അമര്‍ത്തിയുള്ള ആ നടത്തം കൊച്ചമ്മാവനോടും ഈ ലോകത്തോട് തന്നെയുമുള്ള അമ്മയുടെ രോഷം പേറിയിരുന്നു.
'നിങ്ങള്‍ കുടുംബക്കാര്‍ക്ക് ഞാന്‍ കൂലിപ്പണി ചെയ്യുന്നത് നാണക്കേടാണെങ്കില്‍ ഞാന്‍ കൂലിപ്പണിക്ക് പോകുന്നതങ്ങ് നിര്‍ത്താം. നിങ്ങള്‍ ആങ്ങളമാര്‍ എനിക്ക് പത്തു കിലോ അരിയും കൂട്ടാന്‍ വയ്ക്കാനുള്ള കുറച്ചു പലചരക്കു സാധനങ്ങളും ഒരോ ആഴ്ചയും വാങ്ങിത്തന്നാല്‍ മതി. ഞാന്‍ വീട്ടില്‍നിന്നും പുറത്തിറങ്ങാതെ ജീവിക്കാം. അങ്ങനാകുമ്പോള്‍ നിങ്ങള്‍ക്കൊന്നും അഭിമാനം നഷ്ടപ്പെടില്ല. എന്ത് പറയുന്നു?'
അമ്മ മുണ്ട് അല്‍പ്പം കയറ്റിയുടുത്ത് കൊച്ചമ്മാവന്റെ കണ്ണിലേക്കു നോക്കിപ്പറയുമ്പോള്‍ ആ മുഖത്തു നോക്കാന്‍പോലും പേടിയാകുമായിരുന്നു.
'എനിക്ക് ഇപ്പഴേ ആവശ്യത്തിലധികം ഉത്തരവാദിത്വങ്ങളുണ്ട്. ഇനി നിനക്കും പിള്ളേര്‍ക്കുംകൂടി ചെലവിനു തരാന്‍ എനിക്ക് പറ്റത്തില്ല.'
അമ്മയുടെ മുഖത്ത് നോക്കാതെ കൊച്ചമ്മാവന്‍ അത് പറയുമ്പോള്‍ ജെസ്സിയും ലാലിയും തിണ്ണയിലേക്ക് വന്നു. അമ്മയുടെ മുഖത്ത് പരിഹാസം നിറഞ്ഞ ഒരു ചിരി പടര്‍ന്നു. 
'എനിക്കും പിള്ളേര്‍ക്കും ചെലവിന് തരാന്‍ ഞാന്‍ നിന്നോടോ കുടുംബക്കാരോടോ ഇതുവരെ പറഞ്ഞിട്ടില്ല. പിന്നെ, ഞാന്‍ പണിക്കു പോകുന്നത് നിനക്കോ, കുടുംബക്കാര്‍ക്കോ, നാട്ടുകാര്‍ക്കോ ഒക്കെ നാണക്കേടാണെല്‍ എനിക്ക് അതിനൊന്നും ചെയ്യാന്‍ പറ്റത്തില്ല. അതുകൊണ്ട് ഞാന്‍ കൂലിപ്പണിക്കു പോകും. എനിക്ക് എന്റെ പിള്ളേരെ വളര്‍ത്തണം. ഞാന്‍ പകലും രാത്രിയുമൊക്കെ എന്റെ സൗകര്യംപോലെ പുറത്തിറങ്ങി നടക്കും. നീ രാത്രിയായാല്‍ പുറത്തിറങ്ങാറില്ലേ? ആ നിയമമൊക്കെയേ എനിക്കുമുള്ളൂ. നിങ്ങളാരും എന്റെ കാര്യങ്ങള്‍ അന്വേഷിക്കേണ്ട.'
ഒന്ന് നിര്‍ത്തിയിട്ടു അമ്മ തുടര്‍ന്നു.
'ഞാന്‍ പാറത്തോട്ടില്‍ വന്നു കൂലിപ്പണി ചെയ്യുന്നത് നിനക്ക് കൊറച്ചില്‍ ആണേല്‍ നിങ്ങളാരും ഇനി പാറത്തോടിനു കടയില്‍ വരണ്ട. നിങ്ങള്‍ കൊന്നത്തടിക്കോ പണിക്കന്‍കുടിക്കോ പൊയ്‌ക്കോ. ഞാന്‍ അവിടെ പണിക്കു വരുമ്പോള്‍ നിങ്ങള്‍ അവിടേക്കും വരണ്ട.'
അമ്മ അത് പറഞ്ഞതും കൊച്ചമ്മാവന്‍ എഴുന്നേറ്റു.
'കഞ്ഞി അടുപ്പത്തുണ്ട്. കുറച്ചുകൂടി നിന്നാല്‍ കഴിച്ചേച്ച് പോകാം.'
വീടിന്റെ മുറ്റത്തിന് താഴെയുള്ള കശുമാവിന്റെ അരികിലൂടെയുള്ള നടവഴിയിറങ്ങി കൊച്ചമ്മാവന്‍ പോകുമ്പോള്‍ അമ്മ വിളിച്ചു പറഞ്ഞു.
'എനിക്ക് നിന്റെ പിച്ചക്കഞ്ഞി കുടിക്കേണ്ട ഗതികേടില്ലെടി. എനിക്ക് കഴിക്കാനുള്ളത് എന്റെ വീട്ടിലുണ്ട്....'
അത് പറഞ്ഞു അമ്മാവന്‍ നടത്തത്തിന്റെ വേഗത കൂട്ടി.
'എന്റെ മര്യാദ വെച്ചു പറഞ്ഞെന്നെ ഉള്ളു. നീ നിന്റെ വീട്ടില്‍ പോയി കഴിച്ചാല്‍ മതി.'

അമ്മയത് പറഞ്ഞ് വീടിന്റെ പിറകില്‍ ജെസ്സി തിളപ്പിച്ചുവച്ച വെള്ളവുമെടുത്തു തൊഴുത്തിനപ്പുറം പോയി കുളിച്ചു വന്നപ്പോഴേക്കും അത്താഴം കുത്തരിക്കഞ്ഞിയുടെയും മാങ്ങാച്ചമ്മന്തിയുടെയും രൂപത്തില്‍ തിണ്ണയില്‍ കഴിക്കാന്‍ റെഡിയായി.
പിന്നെയും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് ഞങ്ങള്‍ ഇളയവര്‍ മൂന്നാളും പൂതാളിയിലെ അമ്മവീട്ടില്‍ പോയത്. അപ്പന്‍ നാടുവിട്ടു പോയിക്കഴിഞ്ഞുള്ള വേനലവധിക്കാലങ്ങളെല്ലാം ഞങ്ങള്‍ അമ്മവീട്ടിലാണ് ചെലവഴിച്ചിരുന്നത്. ഞങ്ങളെ അമ്മ അനാഥാലയത്തില്‍ നിര്‍ത്തിയതിന്റെ തൊട്ടു മുന്‍വര്‍ഷം മാത്രമാണ് അമ്മവീട്ടിലെ ഞങ്ങളുടെ പതിവുള്ള അവധിക്കാലം ഇല്ലാതിരുന്നത്. 
അമ്മയുമായി പിണങ്ങിപ്പോന്ന കൊച്ചമ്മാവന്‍ ആ പിണക്കമൊന്നും ഞങ്ങള്‍ കുട്ടികളോട് കാണിച്ചില്ല. തൊട്ടടുത്ത ദിവസം അമ്മവീട്ടില്‍ കൊയ്ത്തായിരുന്നു. കുഞ്ഞമ്മയെ കെട്ടിച്ചയച്ചതിനെ തുടര്‍ന്നുവന്ന വര്‍ഷം പത്താം ക്ലാസ്സില്‍ തോറ്റ കൊച്ചാന്റി പഠനം മതിയാക്കി, വീട്ടുപണികളില്‍ മുഴുകി കല്യാണം കാത്തുനിന്നു. കൊച്ചമ്മാവന്റെ പാല്‍ വില്പനക്ക് കൂടുതല്‍ വരുമാനം നല്‍കാനായി ഉഷപ്പശുവും മിനിയും ഒരു മാസത്തിന്റെ ഇടവേളയില്‍ പ്രസവിച്ചു. കറവ വറ്റിയശേഷം, കശാപ്പ് ചെയ്യാനായി അമ്മയെ വിറ്റിട്ടും അമ്മവീടിന്റെ തൊടിയില്‍ കൂത്താടി നടന്ന ഓമനക്ക് വളര്‍ച്ചയെത്തിയ എരുമയുടെ അഴകും വലിപ്പവുമൊക്കെ അതിനോടകം വന്നു ചേര്‍ന്നിരുന്നു. 

പന്നിക്കൂടിന് അപ്പുറമുള്ള നാട്ടുമാവില്‍ കെട്ടിനിര്‍ത്തി അതിനും ഏതാനും മാസങ്ങള്‍ മുന്‍പാണ് ഓമനക്കു മൂക്ക് കയറിട്ടത്. തുടര്‍ന്നുവന്ന എല്ലാ മാസവും ഓമനയെ കീച്ചേരിക്കാരുടെ വീട്ടിലുള്ള പോത്തിന്റെ അടുക്കല്‍ ചവുട്ടിക്കാന്‍ കൊണ്ടുപോയെങ്കിലും  ഓമനയ്ക്ക് ചെന പിടിക്കാത്തത്തില്‍ കൊച്ചമ്മാവന്‍ നല്ല ദേഷ്യത്തിലായിരുന്നു. അതുകൊണ്ട് തന്നെ, കറവയുള്ള പശുക്കള്‍ക്ക് കടലപ്പിണ്ണാക്കിട്ട വെള്ളം കൊടുക്കുമ്പോള്‍ ഓമനക്ക് കാടിവെള്ളം മാത്രം കൊടുത്താല്‍ മതിയെന്ന് കൊച്ചമ്മാവന്‍ പറഞ്ഞിരുന്നു. കൊച്ചമ്മാവനോടൊപ്പം കുഞ്ഞമ്മാവനും തൊടിയില്‍ പണി ചെയ്തു. കൊച്ചാന്റി ചെത്തി കെട്ടിവയ്ക്കുന്ന പുല്ല് വീട്ടില്‍ ചുമന്നെത്തിക്കുന്ന ജോലിയും കുഞ്ഞമ്മാവനുണ്ടായിരുന്നു. ആ മാര്‍ച്ചില്‍ പത്താം ക്ലാസ്സ് പരീക്ഷ എഴുതിയ കുഞ്ഞാന്റി റിസള്‍ട്ട് കാത്തിരുന്നു. 

പിറ്റേന്ന് കൊയ്ത്തിന് അമ്മവീട്ടിലെ സ്ഥിരം പണിക്കാരായ മറിയത്തള്ളയും ഏലിയും അമ്മിണിയും മാത്തന്‍ കാര്‍ന്നോരും അന്നത്തള്ളയും അവരുടെ മക്കളായ റീത്തയും റോസിലിയുമൊക്കെ ഉണ്ടായിരുന്നു. കൊച്ചാന്റിയും കുഞ്ഞാന്റിയും കുഞ്ഞമ്മാവനും കൊയ്തുകെട്ടിയ കറ്റകള്‍ ലാലിയും ബിന്ദുവും ഞാനും ചേര്‍ന്ന് ചുമന്ന്, തോടിനോട് ചേര്‍ന്നുള്ള ഉണ്ടപ്പാറയില്‍ എത്തിച്ചടുക്കി. അന്നു രാത്രി പാറയില്‍ തന്നെ കറ്റമെതിയും നടന്നു. ഇടയ്ക്കിടെ എന്നെയും കൂട്ടി വീട്ടില്‍ പോയ കൊച്ചാന്റി കടുംകാപ്പി തിളപ്പിച്ചുകൊണ്ടുവന്ന് എല്ലാവര്‍ക്കും നല്‍കി.

തുടര്‍ന്നുള്ള ആഴ്ചകളില്‍ ഇഞ്ചി നടീലും കപ്പവാട്ടും ഒക്കെയായി അമ്മവീട്ടില്‍ വലിയൊരാഘോഷം പോലെയായിരുന്നു. അമ്മ വീടിന്റെ മുന്നില്‍നിന്നിരുന്ന പന ചെത്തി കിട്ടിയ വീതക്കള്ള് കൊച്ചമ്മാവനും കുഞ്ഞമ്മാവനും അരപ്ലെസില്‍ ഒന്നിച്ചിരുന്നു കുടിച്ചു. തൊട്ടടുത്ത ആഴ്ച കുഞ്ഞാന്റിയുടെ പത്താം ക്ലാസ്സിലെ റിസള്‍ട്ട് വന്നു. 'ജയിച്ചില്ല' എന്ന് മടിച്ചു മടിച്ചു പറഞ്ഞ കുഞ്ഞാന്റിയെ മുറ്റത്തിന് തൊട്ടു താഴെ തോട്ടിലേക്കുള്ള വഴിയോട് ചേര്‍ന്നു നിന്ന കാപ്പിയുടെ കമ്പൊടിച്ചു കൊച്ചമ്മാവന്‍ നന്നായി പെരുമാറി. ഒന്നുരണ്ട് വടി ഒടിഞ്ഞപ്പോള്‍ കൊച്ചമ്മാവന്‍ വിശ്രമിക്കാനായി വീടിന്റെ തിണ്ണയിലെ ചുവന്ന സിമന്റ് തേച്ച അരപ്ലെസില്‍ ഇരിക്കുമ്പോള്‍ ചെത്തുന്ന പനയുടെ മുന്നില്‍ കുഞ്ഞാന്റി മുട്ടിന്മേല്‍നിന്ന് കരഞ്ഞു. കുഞ്ഞാന്റിയുടെ കരച്ചിലിനും പതം പറച്ചിലിനും ആക്കം കൂടിയപ്പോള്‍ കൊച്ചമ്മാവന്‍ കാപ്പിവടി വീണ്ടുമൊടിച്ചു കുഞ്ഞാന്റിയെ തല്ലി. ഉറക്കെക്കരഞ്ഞ കുഞ്ഞാന്റിയോടൊപ്പം തൊഴുത്തില്‍നിന്ന ഉഷയും മിനിയും ഓമനയുമൊക്കെ അതിലേറെ ഉച്ചത്തില്‍ അമറി അവരുടെ വിശ്വസ്ഥത അറിയിച്ചു. തലേവര്‍ഷം പത്തില്‍ തോറ്റപ്പോള്‍ ഒരടി പോലും കിട്ടാതിരുന്ന കൊച്ചാന്റി, അടുക്കളയില്‍ ഇതൊന്നുമറിയാതെ അത്താഴമൊരുക്കി. ഇടവപ്പാതിയുടെ വരവറിയിച്ചോ കുഞ്ഞാന്റിയോടുള്ള സങ്കടം പേറിയോ അന്നു വൈകുന്നേരം മഴ തകര്‍ത്തു പെയ്തു. പൊട്ടന്‍പ്ലാവിന്റെ മുകളിലെ ചില്ലയില്‍ പഴുത്തു വിണ്ടുകീറിയ കൂഴച്ചക്ക പന്നിക്കൂട്ടില്‍ വീണ് നാലുപാടും ചിതറി. വീടിനുതാഴെ, ഉണ്ടമാവിനും നാരകത്തിനും അടുത്തുള്ള  കല്ലുകെട്ടിയ കൂട്ടില്‍ കാളിപ്പന്നി പേറിനൊരുങ്ങി.