Home is where our story begins.
(ഒരു പഴമൊഴി)

 
ഒരു കല്‍കൂമ്പാരം.... ചുറ്റികയുടെ ആഘാതത്തില്‍ ചുവരില്‍ നിന്ന് നിലംപറ്റിയ ചെങ്കല്ലുകള്‍... വിട്ടുമാറാത്ത ഓര്‍മ്മകള്‍ പോലെ അവ ചുറ്റും ചിതറിക്കിടന്നു. വര്‍ഷങ്ങളായി ഇവ കൊട്ടിലകവും, പടിഞ്ഞാറ്റയും അകത്തിറയവും വടക്കിനയും പേറ്റ്‌നോവ് അറിയുന്ന കോമ്പുരയുമായി മച്ചിലേക്ക് ഉയര്‍ന്നു നിന്നിരുന്നു.  ഇരൂള്‍ മരത്തിന്റെ  ബലിഷ്ഠമായ തടിയില്‍ തീര്‍ത്ത, കാലം ഒട്ടും ക്ഷതം ഏല്‍പ്പിക്കാത്ത ഒരു ഗോവണി. തറയില്‍ നിലംപറ്റി കിടക്കുമ്പോഴും; അത് കാലത്തിന്റെ കയറ്റിറക്കങ്ങളെ തെല്ലും ഗൗനിക്കുന്നില്ല എന്ന് തോന്നി. ആ ഗോവണി അവസാനിക്കുന്ന ഒന്നാം നിലയിലെ  വരാന്തയില്‍ ചായം തേക്കാത്ത  ഒരു പഴയ ഇരുമ്പുപെട്ടി ഉണ്ടായിരുന്നു. എഴുത്തുകാരന്റെ ബാല്യത്തിലെ ഏക സമ്പാദ്യമായിരുന്നു അത്. ആ പെട്ടിയിലായിരുന്നു ബാലനായിരിക്കെ അദ്ദേഹം തന്റെ  ആദ്യകഥ  സൂക്ഷിച്ചിരുന്നത്. പിന്നീട് ആ കഥക്ക് എന്ത് സംഭവിച്ചു....? അത് കഥാകാരനും വായനക്കാരനും മാത്രം അറിയുന്ന കണ്ണീര്‍ നനവുള്ള ഓര്‍മ്മ.... കോലായ. പണ്ട് ചാണകവും ചകിരിക്കരിയും ചേര്‍ത്ത് കൂടെ കൂടെ മെഴുകി മിനുക്കാറുള്ള ആ നിലത്തിരുന്ന്  പരദേശികള്‍ പറയുന്ന കഥകള്‍ കേട്ട് കൗതുകം പൂണ്ട ബാല്യം.. പല ദേശങ്ങളിലെ വിചിത്രങ്ങളായ സംഭവങളായിരുന്നു കഥകളാക്കി  അവര്‍  ആഖ്യാനം ചെയ്തിരുന്നത്. 'പരദേശി ഒരിക്കല്‍ പറഞ്ഞത് ഏതോ പാടവരമ്പത്തൂടെ കടന്നുപോകവേ വിളഞ്ഞു നിന്ന ഒരു വത്തക്ക  തന്നോട് സംസാരിച്ച കാര്യമാണ്. ആ വത്തക്ക ഏറെക്കാലം ഞാന്‍ മനസ്സില്‍ കൊണ്ടു നടന്നിരുന്നു.' തന്റെ ബാല്യകാല സമൃതികളുടെ പുസ്തകം 'പരല്‍മീന്‍ നീന്തുന്ന പാടം' എന്ന ആത്മകഥയില്‍  എഴുത്തുകാരന്‍ എഴുതി. 

To advertise here,

കോലായയില്‍ നിലം പൊത്താതെ അവശേഷിക്കുന്ന കല്‍തൂണില്‍ ചാരി ഒരോന്ന് ഓര്‍ത്ത് നില്‍ക്കുകയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സി വി ബാലകൃഷണന്‍. പൊളിച്ചു മാറ്റി തുടങ്ങിയ തന്റെ ജന്‍മഗൃഹമായ ചുവ്വാട്ട വടക്കേക്കര തറവാടിന്റെ വരാന്തയില്‍... ഉച്ചവെയില്‍  ഇളകുന്ന നിഴലുകള്‍ നിറഞ്ഞ, ഏകാന്തമായ തന്റെ ബാല്യ കൗമാരങ്ങള്‍ പിന്നിട്ടത് ഈ വീട്ടില്‍ വച്ചായിരുന്നു. വാക്കുകള്‍ കൂട്ടി വായിക്കാന്‍ പഠിച്ചതും, ആ വാക്കുകള്‍ കൊണ്ട്  മലയാളിയെ വിസ്മയിപ്പിച്ച  തന്റെ ആദ്യ നോവല്‍ 'ആയുസ്സിന്റെ പുസ്തകം' പിറന്നതും ഈ വീട്ടില്‍ തന്നെ. റഷ്യക്കാരനായ ദസ്‌തേയ്വ്‌സ്‌കിയെയും കുട്ടനാട്ടുകാരനായ തകഴിയെയും പൊന്നാനിക്കാരനായ ഉറൂബിനെയും തിരുവിതാംകൂര്‍കാരായ പാറപ്പുറത്തിനെയും പൊന്‍കുന്നം വര്‍ക്കിയെയുമൊക്കെ കണ്ടുമുട്ടുന്നത് ഈ വീടിന്റെ വെളിച്ചം മടിച്ച് മടിച്ച് മാത്രം കയറുന്ന നാലു ചുവരുകള്‍ക്കുള്ളിലിരുന്നാണ്. 

എഴുത്തുകാരന് എന്നും  പ്രധാനപ്പെട്ടതാണ് സ്വന്തം ദേശം. ഒരു വേള, ദേശത്തേക്കാള്‍, സ്വന്തം വീട്. ബാല്യകാലത്തിന്റെ ഗന്ധം. സപര്‍ശം. ഓര്‍മ്മകള്‍. എല്ലാം നിറഞ്ഞ വീടനുഭവങ്ങള്‍; മനുഷ്യ ബന്ധങ്ങള്‍. ഇവയെല്ലാം പില്‍ക്കാലത്ത് ഉറവ പൊട്ടാനിരിക്കുന്ന എഴുത്തിന് സര്‍ഗ്ഗലവണമായി മാറുന്നു. പത്തു വര്‍ഷം മുമ്പ് (2012ല്‍) പയ്യന്നൂരിലെ അന്നൂരില്‍ നോവലിസ്റ്റിന്റെ 'പരല്‍ മീന്‍ നീന്തുന്ന പാടം' എന്ന ആത്മകഥക്ക്  വേണ്ടി ചിത്രങ്ങള്‍ എടുക്കാന്‍ പോയത് ഓര്‍മ്മവരുന്നു. കഥാകാരന്റെ ബാല്യകാല സ്മൃതികള്‍ മാത്രം ഉള്ളടക്കമായ ആ കൃതി കേവലം ഒരു ആത്മകഥ മാത്രമാകുന്നില്ല. ഉത്തര മലബാറിന്റെ സ്വാതന്ത്രാനന്തര കാലഘട്ടത്തിന്റെ പല തലങ്ങളിലൂടെയുള്ള വാങ്ങ്മയ സഞ്ചാരം. ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ പ്രസീദ്ധീകരിച്ച ഓര്‍മ്മകുറിപ്പുകള്‍ മാതൃഭൂമി ബുക്‌സ്  പുസ്തകം ആക്കുമ്പോള്‍ ഫോട്ടോ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. എന്നെ സംബന്ധിച്ച് ആഹ്ലാദകരമായ ഒരു അനുഭവം. എന്റെ കൂടി ദേശമായ പയ്യന്നൂരിലേക്ക്, ചെറുപ്പം മുതല്‍  ആഴത്തില്‍ സ്വാധീനിച്ച എഴുത്തുകാരന്റെ കൂടെയുള്ള യാത്ര ആവേശകരവുമായിരുന്നു. ഒരു വേള, എന്റെ തലമുറയുടെ (മരുമക്കത്തായത്തിന്റെയും കൂട്ടുകുടുംബത്തിന്റെയും ഓര്‍മ്മകള്‍ ബാക്കിയുള്ള അവസാന തലമുറ) കൂടി കഥയായിരുന്നല്ലോ ഈ പുസ്തകം.

ഈയിടെ വീണ്ടും എഴുത്തുകാരന്റെ പൊളിച്ചു തുടങ്ങിയ വീട് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രികയും കൂടെ ഉണ്ടായിരുന്നു. അവരുടെ ജീവിതത്തിലെ ദുഖകരമായ ഒരു മുഹൂര്‍ത്തത്തിന് സാക്ഷിയാവുകയായിരുന്നു. വിവാഹം കഴിച്ച് സുമംഗലയായി കാലെടുത്ത് വച്ച ആ വലിയ വീട്, അവര്‍ അച്ഛനും അമ്മയുമായ വീട്... ഇനി വെറും ഓര്‍മ്മ. ഈ വര്‍ഷം ഏതാനും മാസം മുമ്പ് ആയിരുന്നു  ഗ്രന്ഥകാരന്റെ അമ്മ മരണപ്പെട്ടത്. എഴുപതിന്റെ നിറവില്‍ നില്‍ക്കുമ്പോഴും വ്യക്തിപരമായ നഷ്ടങ്ങളുടെ ഒരു വര്‍ഷം.

'ഒരു ദേശത്തിന്റെ ചരിത്രവും സംസ്‌കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു പഴയ വീടാണിത്. ഓരോ മുറിയിലും പണ്ടേ ജനിച്ചു മരിച്ചുപോയ പോയവരുടെ നിശ്വാസം കലര്‍ന്നിട്ടുണ്ട്. എന്റെ ജീവിതത്തില്‍ വലിയ കാലം ഞാന്‍ ജീവിച്ചത് ഇവിടെയാണ്. നാല്‍പത് വര്‍ഷത്തിലേറെ വര്‍ഷം. അതിനു ശേഷമാണ് ഇവിടെ നിന്നും താമസം മാറ്റിയത്. എന്നാലും ഈ വീട് എന്നും എന്റെ ഉള്ളിലുണ്ടായിരുന്നു. ഞാന്‍ പോകുമ്പോഴൊക്കെ മനസ്സില്‍ കൊണ്ട് നടക്കുകയും, തിരിച്ചുവരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന വലിയ സാന്നിധ്യമായി; എപ്പോഴും... അതിവിദൂരമായ വലിയ നഗരങ്ങളിലേക്ക് പോകുമ്പോഴും വീട് എന്നും മനസ്സില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആ വീട് ഇല്ലാതാകുമ്പോള്‍  വലിയ സങ്കടമുണ്ട്.. ' ഇങ്ങനെ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ഠമിടറിയിരുന്നു...