അമേരിക്ക അതിന്റെ രാഷ്ട്രീയ ചരിത്രത്തിലെ, പ്രത്യേകിച്ച് രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള രാഷ്ട്രീയചരിത്രത്തിലെ, ഏറ്റവും വലിയ യു ടേണ്‍ എടുക്കുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ആഗോള മുതലാളിത്തരാഷ്ട്രീയത്തിന്റേയും അത് ഉദാത്തമെന്ന് കരുതി പറഞ്ഞുപോരാറുള്ള ലിബറല്‍-ജനാധിപത്യമൂല്യങ്ങളുടെ സമ്പന്ന പശ്ചാത്യഭാഷ്യത്തിന്റെയും നേതാവ് എന്ന പച്ചവേഷവും അതിന്റെ കിരീടവും അമേരിക്ക അഴിച്ചുവെക്കുന്നു. പകരം ലോകമാകമാനം അലയടിക്കുന്ന വലതുപക്ഷ ദേശവാദ രാഷ്ട്രീയക്കാറ്റിന്റെ ചുഴലിക്കണ്ണായി അമേരിക്ക മാറുന്നതായിട്ടാണ് നമുക്കനുഭവപ്പെടുന്നത്. അമേരിക്കയ്ക്ക് എന്നും അമേരിക്കയായിരുന്നു വലുത്. ഇപ്പോള്‍ 'എന്തിനും മീതേ അമേരിക്ക' (America First ) എന്നത് ഡൊണാള്‍ഡ് ട്രംപ് ഒരു നയമാക്കുമ്പോള്‍ അത് കയ്യൊഴിയുന്നത് രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്കയെ നിതാന്തബന്ധുവായി കരുതി ജീവിച്ചുപോന്ന പടിഞ്ഞാറന്‍ യൂറോപ്പിനേയും ഇംഗ്ലണ്ടിനേയുമാണ്. അതുണ്ടാക്കുന്ന ആഗോളസാഹചര്യമാണ് അമേരിക്കയുടെ യു ടേണ്‍ കൊണ്ട് അനാച്ഛാദിതമാകുന്ന ആദ്യപരിണിതി. ആ പരിണിതിയാകട്ടേ, ലോകത്തെയാകമാനം ബാധിക്കുന്നതുമാണ്.

To advertise here,

അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെ വകതിരിവാണ് ബെണി സാന്‍ഡേഴ്സ് (Bernie Sanders). ആ ശബ്ദം അമേരിക്ക പതിറ്റാണ്ടുകളായി കേട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ അത് അമേരിക്ക പ്രതിനിധാനം ചെയ്യുന്ന ലോകാധികാരത്തിന്റെ ശബ്ദമായി ആളുകള്‍ ഒരിക്കലും തെറ്റിദ്ധരിക്കുന്നുമില്ല. തെറ്റുവരുമ്പോള്‍ തിരുത്താന്‍ അദ്ധ്യാപകനെ നോക്കുന്ന കുട്ടിയെപ്പോലെ അമേരിക്കന്‍ പൊതുരാഷ്ട്രീയ മണ്ഡലം സാന്‍ഡേഴ്സിന്റെ പ്രതികരണത്തിനായി കാതോര്‍ത്തുവരുന്നു. പൂന്താനം പണ്ട് മലയാളത്തില്‍ എഴുതിയ വരികളില്ലേ,  'സത്തുകള്‍ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍ ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലര്‍' എന്ന്. ട്രംപിന്റെ കത്തിവേഷത്തിലെ ക്രോധത്തിന്റെ ചരിത്രാതീത സാധുതയെക്കുറിച്ചാണ് കവി പതിനേഴാം നൂറ്റാണ്ടില്‍ കീഴാറ്റൂരെ പൂന്താനം ഇല്ലത്തിരുന്ന് പാടിയത്.

യു.എസ്. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജനപ്രതിനിധിസഭയില്‍ സ്വതന്ത്രനായി തുടരുന്ന പുരോഗമനരാഷ്ട്രീയവക്താവായ ബെണി സാന്‍ഡേഴ്സ് ഫെബ്രുവരി പത്തൊന്‍പതാം തീയതി എഴുതി: 'വാഷിങ്ടണ്‍ ചുറ്റുവഴികളിലെ രാഷ്ട്രീയക്കാരെക്കൊണ്ടല്ല ട്രംപിസം പരാജയപ്പെടാന്‍ പോകുന്നത്. ദശലക്ഷക്കണക്കിനു വരുന്ന അമേരിക്കക്കാരാണ് അതിനെ പരാജയപ്പെടുത്താന്‍ പോകുന്നത്. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും അത് സംഭവിക്കും. താഴെക്കിടയില്‍ നിന്നും ശക്തമായ ഒരു ജനമുന്നേറ്റം ഉയര്‍ന്നുവരും, ഏകാധിപത്യത്തിനെതിരെ, പ്രഭുത്വത്തിനെതിരെ, പൊതുമുതല്‍ മോഷ്ടാക്കള്‍ക്കെതിരേ, സാമൂഹ്യപദ്ധതികള്‍ക്കുള്ള പണം വെട്ടിക്കുറയ്ക്കുന്നതിനെതിരേ, അതിസമ്പന്നര്‍ക്കുള്ള നികുതിയാനുകൂല്യങ്ങള്‍ക്കെതിരെ. അതാണ് വരും നാളുകളില്‍ അമേരിക്ക കാണാനിരിക്കുന്നത്'.

placeholder
ബേർണി സാൻഡേഴ്സ്
ബെണി സാൻഡേഴ്സ്

ബെണി സാന്‍ഡേഴ്സിനെക്കുറിച്ച് നാം പറഞ്ഞുകൊണ്ടിരിക്കേണ്ട ഒരു കാലമാണിത്. ഹിന്ദി കവിയായിരുന്ന മുക്തിബോധ് എഴുതിയ ഒരു വരിയുണ്ട്, 

जो नहीं हो सके पूर्ण–काम
मैं उनको करता हूँ प्रणाम ।
(പാതിവഴി മുടങ്ങിപ്പോയവര്‍ക്കാണ് എന്റെ പ്രണാമം)

ബെണി സാന്‍ഡേഴ്സിന്റെ ബന്ധുക്കളില്‍ പലരും ജര്‍മ്മന്‍ അധിനിവേശ പോളണ്ടിലെ തടങ്കല്‍ പാളയങ്ങളില്‍ 1940 കളില്‍ കൊല്ലപ്പെട്ടവരാണ്. ശാന്തിയും സമാധാനവും സര്‍വോപരി ജീവന്‍ തന്നെയുമാഗ്രഹിച്ച് അമേരിക്കന്‍ വന്‍കരയിലേക്ക് കുടിയേറിയ ജൂതകുടുംബത്തിലെ അംഗമാണ് ഇപ്പോള്‍ 83 വയസ്സുള്ള  സാന്‍ഡേഴ്സ്. കുടിയേറ്റക്കാര്‍ക്കെതിരേ പുതിയരാഷ്ട്രീയം അമേരിക്കയില്‍ തിളയ്ക്കുമ്പോള്‍ അദ്ദേഹം എഴുതി:
ഈ രാജ്യം കുടിയേറ്റക്കാരുടെ രാജ്യമാണ്. തദ്ദേശീയരായ അമേരിക്കക്കാരെ (ഇപ്പോള്‍ 'അമേരിന്ത്യക്കാര്‍' എന്നാരും പറയാറില്ല, Native Americans എന്നേ പറയാറുള്ളൂ) മാറ്റിനിര്‍ത്തിയാല്‍ അമേരിക്കയിലെ എല്ലാവരും മറ്റെവിടെനിന്നോ വന്നവരാണ്. ചിലര്‍ ജീവിക്കുവാന്‍ സമ്പത്തും മറ്റിടങ്ങളുമുണ്ടായിട്ടും ഇങ്ങോട്ടേയ്ക്കു വന്നവര്‍, മറ്റുചിലര്‍ ഗത്യന്തരമില്ലാതെ, മറ്റു ചിലര്‍ ചങ്ങലകളിലാണ് വന്നത്. ഇവരെല്ലാവരും കൂടി ഉണ്ടാക്കിയതാണ് അമേരിക്ക.' ബെണി സാന്‍ഡേഴ്സ് ഒരിക്കലും അമേരിക്കന്‍ മുഖ്യധാരയുടെ ശബ്ദമാകില്ല. 2003 ല്‍ അമേരിക്ക ഇറാഖിനെ ആക്രമിച്ചപ്പോള്‍ സാന്‍ഡേഴ്സ് അതിശക്തമായി എതിര്‍ത്തു. 1985 ല്‍ ബെര്‍ലിങ്ടണ്‍ നഗരത്തിലെ ടൗണ്‍ ഹാളില്‍ സാന്‍ഡേഴ്സ് ദാര്‍ശനികന്‍ നോം ചോംസ്‌കിയെ പ്രസംഗിക്കാന്‍ കൊണ്ടുവന്നു, ചോംസ്‌കിയെക്കുറിച്ച് സാന്‍ഡേഴ്സ് പറഞ്ഞു, 'അമേരിക്കന്‍ ധൈഷണിക മരുഭൂമിയിലെ സുപ്രധാന ശബ്ദം'. മുക്തിബോധ് എഴുതിയതുപോലെ പാതിവഴിയില്‍ മുടങ്ങിപ്പോയ നന്മകളാണ് മനുഷ്യചരിത്രത്തെ മുന്നോട്ടുകൊണ്ടുപോയത്, ഏകാധിപതികളുടെ ഛത്രവും ചാമരവുമല്ല. അമേരിക്കയിലെ അറുപതു ശതമാനം ജനങ്ങള്‍ കിട്ടുന്ന പണം കൊണ്ട് കഷ്ടിച്ചു ജീവിക്കുന്നവരാണ്. അവര്‍ക്ക് സമ്പാദ്യമൊന്നുമില്ല. അമേരിക്കന്‍ ഇംഗ്‌ളീഷില്‍ ആ ജീവിതത്തെ 'Paycheck to paycheck' ജീവിതമെന്നു പറയും. ജീവിക്കാന്‍ ഉതകുന്ന വരുമാനമില്ലാത്തവരും ഒട്ടനവധിയാണ്. 85 ദശലക്ഷം ആളുകളും ജീവിതത്തിന് യാതൊരു ഇന്‍ഷുറന്‍സ് പരിരക്ഷയുമില്ലാത്തവരാണ്. ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികള്‍ ഏറ്റവും കൂടുതലുള്ള ബൃഹദ് രാജ്യം അമേരിക്കയാണ്. ഇത്തരമൊരു രാജ്യത്തെയാണ് സമ്പത്തും വംശീയതയും ഉന്മത്തമാക്കിയ ഒരാള്‍ ഏകാധിപത്യത്തിലേക്ക് നയിക്കുന്നതും 'അമേരിക്ക' എന്ന ദേശാഭിമാന മുദ്രാവാക്യത്തില്‍ ആളെ മയക്കിക്കൊണ്ടിരിക്കുന്നതും.

placeholder
ഫോട്ടോ: എ.പി
ലോകത്തിലെ ഏറ്റവും സമ്പന്നര്‍ ഇപ്പോള്‍ മാധ്യമരാജാക്കന്മാരാണ് എന്നത് നമ്മുടെ വര്‍ത്തമാനകാലത്തില്‍ പടര്‍ത്തുന്നത് ഇരട്ടി ഇരുട്ടാണ്. ബെണി സാന്‍ഡേഴ്സിന്റെ വാക്കുകള്‍ ഞാന്‍ ഇവിടെ ഉദ്ധരിക്കാം: 'എലോണ്‍ മസ്‌ക്, മാര്‍ക് സക്കര്‍ബര്‍ഗ്, ജെഫ് ബെസോസ് (വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഉടമ) എന്നീ സമ്പന്നരുടെ സ്വത്ത് 905 ബില്ല്യണ്‍ ഡോളറാണ്. അമേരിക്കന്‍ സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവരുടെ, പതിനേഴു കോടിയോളം വരുന്ന ജനങ്ങളുടെ മൊത്തം സ്വത്തിനേക്കാള്‍ മേലെയാണിത്. ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം ഈ മൂന്നുപേരുടേയും ആസ്തി  217 ബില്ല്യണ്‍  കണ്ട് വര്‍ദ്ധിച്ചിരിക്കുന്നു എന്നതുമോര്‍ക്കുക.' എന്ന മാദ്ധ്യമരാജാവും വ്യവസായിയുമാണ് ഇപ്പോള്‍ അമേരിക്ക ഭരിക്കുന്നത് എന്ന സാന്‍ഡേഴ്സിന്റെ വാക്കുകളാണ് ഈ ലക്കം ആഴ്ചപ്പാടുകളില്‍ Bernie Sanders ഒരു വിഷയമാകാന്‍ കാരണമായത്. The Department of Government Efficiency (DOGE) എന്ന താല്‍ക്കാലിക ഭരണസംവിധാനമാണ് ട്രംപിനെ ഇപ്പോള്‍ ഉപദേശിച്ചുകൊണ്ടിരിക്കുന്നത്. ടെസ്ല, Space -X , Twitter (ഇപ്പോള്‍ X ) എന്നിവയുടെ മുതലാളിയായ ഇലോണ്‍ മസ്‌ക് ആണ് DOGE ന്റെ തലവന്‍. CNN ടെലിവിഷന് ഫെബ്രുവരി ഇരുപതാം തീയതി ബെണി സാന്‍ഡേഴ്സ് നല്‍കിയ അഭിമുഖം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ആദ്യവാചകങ്ങള്‍ തന്നെ പ്രശ്‌നത്തിന്റെ ഗൗരവം ലോകത്തോട് വിളിച്ചുപറയുന്നുണ്ട്: 'ലോകത്തിലെ ഏറ്റവും സമ്പന്നനായ മനുഷ്യനാണ് അമേരിക്കന്‍ പ്രസിഡണ്ടിനെ ഉപദേശിക്കുന്നത്. രാജ്യതാല്പര്യത്തിന് നിരവധി വിരുദ്ധതാല്പര്യങ്ങളുള്ള ഒരാളാണ് അദ്ദേഹം. മാത്രമല്ല,  ലോകത്തിലെ നിരവധി തീവ്രവലതുപക്ഷ താല്‍പര്യങ്ങള്‍ക്ക് ധനസഹായം ചെയ്തുകൊണ്ടിരിക്കുന്ന ആള്‍ കൂടിയാണ് ഇലോണ്‍ മസ്‌ക്. പുതിയ സര്‍ക്കാരില്‍ നിന്നും ഭീമമായ നികുതിയിളവുകള്‍ പ്രതീക്ഷിക്കുന്ന ഒരാള്‍. അയാളാണ് ഇപ്പോള്‍ അമേരിക്കയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഞാന്‍ ചിരിച്ചുകൊണ്ടല്ല ഇത് പറയുന്നത്. ഇത് വളരെ അപകടകരമായ ഒരു നിമിഷമാണ്. ട്രംപിന്റെ കീഴില്‍ അമേരിക്കന്‍ സമൂഹം ഒരു സ്വേച്ഛാധിപത്യത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഏകാധിപതിയായിരുന്ന ഇംഗ്ലണ്ട് രാജാവിനോട് പടപൊരുതി 1770 കളില്‍ പുതിയ അമേരിക്ക വിഭാവനം ചെയ്തപ്പോള്‍, ആ പ്രപിതാമഹര്‍ അത്തരം സ്വേച്ഛാധിപത്യപ്രവണതകള്‍ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാരിന് മൂന്ന് വികേന്ദ്രീകൃതശാഖകള്‍ രൂപകല്‍പന ചെയ്തത്. അതിനെ റദ്ദാക്കുകയാണ് ട്രംപ് ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഇത് തികച്ചും അപകടം പിടിച്ച ഒരു ദുര്‍മുഹൂര്‍ത്തമാണെന്ന്.' ഇലോണ്‍ മസ്‌കിനെപ്പോലെയുള്ള ഒരാളെ ഇങ്ങനെ കെട്ടഴിച്ചുവിടാന്‍ അമേരിക്കന്‍ ജുഡീഷ്യല്‍ വ്യവസ്ഥ എങ്ങനെ അനുവദിക്കുന്നു? ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടാത്ത ഒരാള്‍ക്ക് ഇത്രമാത്രം അധികാരം ലഭിക്കാന്‍ കോടതി എങ്ങനെ അനുവദിച്ചു എന്നുള്ളതൊക്കെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. സുപ്രധാന വിഷയങ്ങളില്‍ പരമോന്നത ഇന്ത്യന്‍ കോടതി എടുത്ത തീരുമാനങ്ങള്‍ വിമര്‍ശനപരമായി ചര്‍ച്ചചെയ്യപ്പെടുന്ന ഈ നാട്ടില്‍ അമേരിക്കന്‍ കോടതികളുടെ ദൗര്‍ബല്യങ്ങളെക്കുറിച്ച് കൂടുതല്‍ വിശദമാക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. X മാദ്ധ്യമം നിരന്തരമായി നിരീക്ഷിക്കുന്നവര്‍ക്ക് ഇക്കാലത്ത് മനസ്സിലാകുന്ന ഒരു കാര്യമുണ്ട്, അമേരിക്കയില്‍ അധികാരകേന്ദ്രം ഭരണഘടനാവിരുദ്ധമായ ഒരിടത്തേയ്ക്ക് മാറിക്കഴിഞ്ഞിരിക്കുന്നു എന്ന്. എന്തുകൊണ്ട് അമേരിക്കന്‍ കോടതി ഇതിനനുവദിച്ചു എന്ന് CNN അഭിമുഖകാരി കെയ്റ്റ്‌ലന്‍ കോളിന്‍സ് ചോദിച്ചപ്പോള്‍ ബെണി സാന്‍ഡേഴ്സ് പറഞ്ഞ മറുപടിയിലാണ് ആ എണ്‍പത്തിമൂന്നുകാരന്റെ രാഷ്ട്രീയധിഷണ ശുദ്ധജലം പോലെ തെളിഞ്ഞുകാണുന്നത്. അദ്ദേഹം പറഞ്ഞു: Oligarchy എന്നാല്‍ സമ്പന്നരായ കുറച്ചുപേര്‍ നിയന്ത്രിക്കുന്ന ഭരണമെന്നാണ്. അരിസ്റ്റോട്ടിലാണ് പ്രഭുത്വഭരണത്തെ Oligarchy എന്ന് ആദ്യം വിളിച്ചത്. കുറച്ചുപേര്‍ കൂടി ഭരിക്കുക എന്നര്‍ത്ഥം വരുന്ന oligarkhía എന്ന പ്രാചീന ഗ്രീക്ക് പദത്തില്‍ നിന്നാണ് ആ വാക്കുവന്നത്. എന്തുകൊണ്ടാണ് അമേരിക്കന്‍ സമൂഹത്തില്‍ ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്ന Oligarchy യെ പേരുചൊല്ലി വിമര്‍ശിക്കുവാന്‍ അവിടുത്തെ അച്ചടിമാദ്ധ്യമങ്ങളിലെ പത്രങ്ങള്‍ തയ്യാറാകാത്തത് എന്നത് അത്ഭുതകരമാണ്. ഇലോണ്‍ മസ്‌ക് എന്നയാള്‍ ഭരണഘടനാനുസൃതമല്ലാത്ത രീതിയില്‍ ഭരണകര്‍ത്താവാകുന്ന അവസ്ഥ ലോകമാകമാനമുള്ള സമ്പന്നര്‍ക്ക് രാഷ്ട്രീയാഗ്രഹങ്ങള്‍ ഉണ്ടാക്കിക്കൂടാ എന്നില്ല, ഇന്ത്യയിലും. അധികാരത്തില്‍ വരാതെ അധികാരം അനുഭവിക്കുന്ന പ്രഭുത്വം! ലോകജനാധിപത്യത്തില്‍ ഇങ്ങനേയും ഒരു കാലമുണ്ടാകുമെന്ന് ഒരു പത്തുവര്‍ഷങ്ങള്‍ക്കുമുന്‍പ് നാം പ്രതീക്ഷിച്ചിരുന്നതാണോ?  ബെണി സാന്‍ഡേഴ്സ് പറയുന്നു: 'ഇതൊന്നും പുതുതായി ഉണ്ടായതല്ല. എന്നും ഭരണവര്‍ഗം ചെയ്തുപോന്ന കാര്യമാണിത്. 'കൂടുതല്‍ അധികാരം, കൂടുതല്‍ നിയന്ത്രണം, കൂടുതല്‍ സ്വത്ത്' എന്നതാണ് അവരുടെ ആപ്തവാക്യം. അവര്‍ക്ക് സാധാരണക്കാര്‍, അതായത്, നമ്മളൊക്കെ, അവരുടെ വഴിയില്‍ നില്‍ക്കുന്നത് ഇഷ്ടമല്ല. ഇലോണ്‍ മസ്‌കിന്റെയും സുഹൃത്തുക്കളുടേയും വിചാരം സര്‍ക്കാര്‍ എന്നത് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഏജന്‍സി ആണെന്നാണ്. ഇംഗ്ലണ്ടിലെ ചക്രവര്‍ത്തി പണ്ട് കരുതിയിരുന്നത് അദ്ദേഹത്തിന് ജനങ്ങളുടെമേല്‍ ദൈവികാധികാരം ഉണ്ടെന്നാണ്. ദൈവത്തിന്റെ ഏജന്റ് ആണെന്നാണ് കരുതിയിരുന്നത്, അതിനാല്‍ സാധാരണക്കാര്‍ക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ലായിരുന്നു. കാലം മാറി. എന്നാല്‍ പുതിയ ഒളിഗാര്‍ക്കുകള്‍, പ്രഭുത്വവര്‍ഗ്ഗം, കരുതുന്നത് പുത്തന്‍ സാങ്കേതികവിദ്യയില്‍ അവര്‍ക്കുള്ള മേധാവിത്തം ചോദ്യം ചെയ്യാനാകാത്ത അധികാരം അവര്‍ക്ക് നല്‍കിയിട്ടുണ്ട് എന്നാണ്. ഇലോണ്‍ മസ്‌ക് അങ്ങനെയാണ് ധരിച്ചിരിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആധുനികകാല പ്രഭുക്കന്മാര്‍ നമ്മുടെ രാജാക്കന്മാര്‍ ആയിരിക്കുന്നു എന്നവര്‍ ധരിക്കുകയാണ്. 402 ബില്യണ്‍ ഡോളറാണ് ഇലോണ്‍ മസ്‌കിന്റെ ആസ്തി. സക്കര്‍ബെര്‍ഗിന്റെത് 252 ബില്യണ്‍ ഡോളറാണ്. ഒളിഗാര്‍ക്കുകള്‍ ഭയപ്പെടുന്നത് എപ്പോഴും ഒരൊറ്റ കാര്യമാണ്. വംശീയവും മതപരവും ലൈംഗികവുമായ വൈജാത്യങ്ങള്‍ മറന്ന് സാധാരണജനങ്ങള്‍ ഒന്നിച്ചുനില്‍ക്കുന്നത്. ആ ഒരുമയാണ് ഈ സുപ്രധാന ചരിത്ര സന്ദര്‍ഭത്തില്‍ അമേരിക്ക ഇന്നാട്ടിലെ പാവപ്പെട്ടവരോടും സാധാരണക്കാരോടും ആവശ്യപ്പെടുന്നത്.'

placeholder
കൺസർവേറ്റീവ് ആക്ഷൻ കോൺഫറൻസിൽ അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെ നൽകിയ ഈർച്ചവാളുമായി ഇലോൺ മസ്ക്ക്
കൺസർവേറ്റീവ് ആക്ഷൻ കോൺഫറൻസിൽ അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെ നൽകിയ ഈർച്ചവാളുമായി ഇലോൺ മസ്ക്ക്

1987 ല്‍ ബെണി സാന്‍ഡേഴ്സ് ഒരു സംഗീത ആല്‍ബം പുറത്തിറക്കി, We Shall Overcome, നമ്മള്‍ അതിജീവിക്കും. ഓരോ സംഗീതഖണ്ഡത്തിനും വികാരതീവ്രമായി ആമുഖവാചകങ്ങള്‍ പറഞ്ഞത് അദ്ദേഹമാണ്. അത് കേള്‍ക്കുവാനുള്ള ലിങ്ക് നല്‍കിക്കൊണ്ട് ഈ ലക്കം ആഴ്ചപ്പാടുകള്‍ അവസാനിക്കുന്നു.