
ജനതകളുടെ ചരിത്രബോധം കാലസർപ്പമാണ്. അത് പടം പൊഴിയ്ക്കും, അങ്ങനെ നവോന്മേഷിയാകും. സമകാലത്തിലൂടെ ഇഴയുന്ന ചരിത്രബോധങ്ങൾക്ക് അത് പണ്ട് പൊഴിച്ചുകളഞ്ഞ ചർമ്മങ്ങളുമായി മമതാബന്ധങ്ങൾ ഉണ്ടായിരിക്കില്ല. അതിനാൽ സമകാലചരിത്രബോധവും ചരിത്രവും തമ്മിൽ വ്യത്യാസമുണ്ട്. ചരിത്രത്തിൽ പടം പൊഴിയ്ക്കുന്ന കാലസർപ്പങ്ങളില്ല. അത് പടം പൊഴിയ്ക്കാത്ത ഇഴജന്തുവാണ്.
ഒരു ജനതയുടെ ചരിത്രബോധം അതാതുകാലങ്ങളിലെ സാമൂഹ്യ-രാഷ്ട്രീയസാഹചര്യങ്ങളുടെ പൊന്തകളിലാണ് പിറക്കുന്നതും ഇഴഞ്ഞുതുടങ്ങുന്നതും ഇര പിടിയ്ക്കുന്നതും ഇണചേരുന്നതും പടം കൊഴിയ്ക്കുന്നതും അങ്ങനെ വളരുന്നതും. അധികാരബന്ധങ്ങൾ മാറുമ്പോൾ ചരിത്രബോധവും പുതിയ ചർമ്മം ധരിക്കും. ചിലരെ ദേശീയ നായകന്മാരാക്കും; ചിലരെ വിസ്മൃതിയുടെ ഇരുട്ടിലേക്ക് തള്ളിവിടും. എന്നാൽ, പടം പൊഴിയ്ക്കാത്ത ചരിത്രം അത്ര എളുപ്പത്തിൽ വഴങ്ങുന്നില്ല. അധികാരത്തിന്റെ മായ്ച്ചുകളയലുകളെ അതിജീവിച്ച്, ഉപേക്ഷിക്കപ്പെട്ട ഒരു പാമ്പിൻപടം പോലെ ചരിത്രം കിടക്കുന്നില്ല; മണ്ണിനടിയിൽ ഉറങ്ങുന്ന വിത്തുപോലെ അത് ആദ്യമഴയെ കാത്തിരിക്കും.
മുഹമ്മദ് ബർകത്തുള്ളയുടെ ജീവിതം അത്തരമൊരു വിത്താണ്. ഇന്ത്യ ഒരു രാജ്യമാണെന്ന് സ്വയം ബോധ്യപ്പെടുന്നതിനും മുന്നേ, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ ലോകവേദിയിലേക്ക് കൊണ്ടുപോയ മനുഷ്യനായിരുന്നു മുഹമ്മദ് ബർകത്തുള്ള. ഒന്നാം ലോകമഹായുദ്ധത്തിന്റെ കൊടുങ്കാറ്റിനിടയിൽ കാബൂളിൽ രൂപംകൊണ്ട ഇന്ത്യയുടെ ആദ്യ പ്രവാസസർക്കാരിന്റെ പ്രധാനമന്ത്രിയും. സാമ്രാജ്യത്വത്തിനെതിരെ ഹിന്ദുവും മുസ്ലിമും സിഖും വിപ്ലവകാരികളും ഒരുമിച്ച് സൃഷ്ടിച്ച ഒരു സ്വപ്നത്തിന്റെ കേന്ദ്രത്തിൽ അദ്ദേഹം ഉണ്ടായിരുന്നു.
എന്നാൽ, ഇന്നത്തെ ഇന്ത്യയുടെ ചരിത്രബോധത്തിൽ ബർകത്തുള്ളയ്ക്ക് ഇടമില്ല. കാരണം അദ്ദേഹത്തെ മറക്കേണ്ടത്, ആ പടം ഉപേക്ഷിക്കേണ്ടത്, ഇന്നത്തെ പ്രബല രാഷ്ട്രീയചിന്തയ്ക്ക് അത്യന്താപേക്ഷിതമാണ്. കാരണം ആ പടം ഉപേക്ഷിക്കാതെ ഇന്നത്തെ പ്രബല രാഷ്ട്രീയചിന്തയ്ക്ക് മുന്നോട്ടുപോകാനാവില്ല. ബർകത്തുള്ളയെ മറക്കുന്നത് ഒരാളെ വിസ്മരിക്കലല്ല; ഇന്ത്യൻ ദേശീയതയുടെ ആത്മാവും ശരീരവുമായിരുന്ന ബഹുസ്വരവും അന്തർദേശീയവുമായ ഒരു ആശയലോകത്തെ മറക്കലാണ്. സ്വാതന്ത്ര്യം മതത്തിന്റെ പേരിലല്ല, കൊളോണിയൽ അധിനിവേശത്തിനെതിരായ പൊതുപോരാട്ടത്തിലൂടെയാണ് സാധ്യമാകുകയെന്ന് വിശ്വസിച്ച ഒരു തലമുറയുടെ പ്രതിനിധിയായിരുന്നു അദ്ദേഹം.
അതുകൊണ്ട് ബർകത്തുള്ളയെ ഓർക്കുന്നത് ഭൂതകാലത്തെ വിനോദസഞ്ചാരകേന്ദ്രമാക്കി ഇക്കാലത്ത് പ്രചുരപ്രചാരം നേടിയിരിക്കുന്ന ഒരു തീർത്ഥയാത്രയല്ല. ചരിത്രബോധം അടുത്തകാലത്ത് ഉപേക്ഷിച്ച ചർമ്മം വീണ്ടും എടുത്തണിയലുമല്ല. മറിച്ച്, ചരിത്രത്തിന്റെ ശരീരത്തിൽ ഇന്നും ജീവിച്ചിരിക്കുന്ന ഒരു കോശത്തെ സ്പർശിക്കുകയാണ്. അധികാരങ്ങൾ എത്ര തവണ ചരിത്രബോധത്തെ പുതുക്കിയെഴുതിയാലും, ചരിത്രത്തിന് സ്വന്തം ഓർമ്മയുണ്ടെന്ന തിരിച്ചറിയലാണ് അത്.
ചരിത്രബോധം എങ്ങനെ പടം പൊഴിയ്ക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ദൃശ്യം ഭോപ്പാലിലാണ് അരങ്ങേറുന്നത്. 1970-ൽ സ്ഥാപിതമായ ഭോപ്പാൽ സർവകലാശാലയ്ക്ക് 1988-ലാണ് പുതിയ പേര് ലഭിച്ചത്. അർജുൻ സിങ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അതിനെ ബർകത്തുള്ള സർവകലാശാല എന്ന് നാമകരണം ചെയ്തു. ഇപ്പോൾ സർവകലാശാലയുടെ ഭരണസമിതി ഏകകണ്ഠമായി മറ്റൊരു തീരുമാനമെടുത്തിരിക്കുന്നു: പേര് വാഗ്ദേവി ഭോജ്‌പാൽ യൂണിവേഴ്സിറ്റി എന്നാക്കി മാറ്റണം. ബർകത്തുള്ള എന്ന പേര് ഏതെങ്കിലും മതത്തെ പ്രീണിപ്പെടുത്താനുള്ള രാഷ്ട്രീയചിഹ്നമായിരുന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ബഹുസ്വരവും മതാതീതവും അന്തർദേശീയവുമായ ആശയപ്രപഞ്ചത്തിന്റെ മധുരോദാരമായ ഒരോർമ്മയായിരുന്നു അത്. ആ ചരിത്രത്തെക്കുറിച്ചുള്ള ഏറ്റവും അടിസ്ഥാനപരമായ അറിവുപോലും ഈ വസ്തുത വെളിപ്പെടുത്തും.
1859 ജൂലായ് ഏഴാം തീയതിയാണ് പഴയ ഭോപ്പാലിലെ ഇട്വാര പ്രദേശത്ത് ഒരു മൺകുടിലിൽ ബർകത്തുള്ള ജനിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ ഇന്ത്യയ്ക്കനുകൂലമായ ലോകാഭിപ്രായം രൂപപ്പെടുത്താൻ നാല്പതോളം വർഷം ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലുമായി അദ്ദേഹം സഞ്ചരിച്ചു; വിപ്ലവകാരികളുമായും ഭരണാധികാരികളുമായും ദേശീയ പ്രസ്ഥാനങ്ങളുമായും സഖ്യങ്ങളുണ്ടാക്കി. 1915-ലെ കാബൂളിലെ തണുത്തുറഞ്ഞ ഡിസംബറിലാണ് രാജാ മഹേന്ദ്ര പ്രതാപും ബർകത്തുള്ളയും ചേർന്ന് ആദ്യത്തെ പ്രവാസ ഇന്ത്യൻ സർക്കാർ രൂപീകരിച്ചത്. രാജാ മഹേന്ദ്ര പ്രതാപ് സിങ്ങ് പ്രസിഡണ്ടും ബർകത്തുള്ള പ്രധാനമന്ത്രിയുമായി. ബർകത്തുള്ളയുടേതുപോലെതന്നെ ത്യാഗോജ്ജ്വലമായ ജീവിതത്തിനുടമയായിരുന്നു മഹേന്ദ പ്രതാപ് സിങ്ങും. അദ്ദേഹത്തിൻ്റെ വീരസ്മരണകൾ ഓർത്തിരിയ്ക്കുവാനായി 2021-ൽ ഇന്ത്യൻ പ്രധാനമന്ത്രി അലിഗഢിൽ രാജാ മഹേന്ദ്ര പ്രതാപ് സിങ്ങ് സർവകലാശാലയ്ക്ക് തറക്കല്ലിട്ടു. അത് സ്വാഗതാർഹമായ നടപടിയായിരുന്നു. എന്നാൽ, അതേ പ്രവാസസർക്കാരിന്റെ പ്രസിഡണ്ടിന്റെ പേരിൽ ഒരു സർവകലാശാല സ്ഥാപിക്കുകയും അതിന്റെ പ്രധാനമന്ത്രിയുടെ പേര് മറ്റൊരു സർവകലാശാലയിൽനിന്ന് മായ്ക്കാൻ തീരുമാനിക്കുകയും ചെയ്യുന്നത് ചരിത്രത്തോടുള്ള ആദരവിന്റെ യുക്തിയല്ല; പടം പൊഴിയ്ക്കുന്ന സമകാലരാഷ്ട്രീയ ചരിത്രബോധസർപ്പം നിർമിച്ചെടുക്കുന്ന വിസ്മൃതിയാണ്.
1915-ൽ കാബൂളിൽ പ്രവാസ ഇന്ത്യൻ സർക്കാർ രൂപീകരിച്ച ബർകത്തുള്ള നാലു വർഷങ്ങൾക്കുശേഷം മോസ്‌കോയിലെത്തി വ്ലാദിമിർ ലെനിനെ കണ്ടു. ഒക്ടോബർ വിപ്ലവം നടന്നിട്ട് രണ്ടുവർഷം മാത്രം കഴിഞ്ഞിരുന്ന കാലം. ലെനിൻ ബർകത്തുള്ളയോട് ചോദിച്ചു: ‘താങ്കൾ കമ്മ്യൂണിസ്റ്റ് ആണോ?’ അദ്ദേഹത്തിന്റെ മറുപടി ലളിതമായിരുന്നു: ‘ബ്രിട്ടീഷുകാരെ പുറത്താക്കുക എന്നതു മാത്രമാണ് എന്റെ പ്രത്യയശാസ്ത്രം.’ എം.എൻ. റോയിയും അബനി മുഖർജിയും ലെനിനെ കാണുന്നത് അതിനു ശേഷമാണെന്നതും ഓർക്കണം.
1943 ഒക്ടോബർ ഇരുപത്തിയൊന്നിന് നേതാജി സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂരിൽ Arzi Hukumat-e-Azad Hind എന്ന പ്രവാസ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചു. അതിന് ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾക്കുമുമ്പുതന്നെ ബർകത്തുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യവാഞ്ഛയുമായി ജപ്പാനും ഇംഗ്ലണ്ടും അമേരിക്കയും ജർമനിയും റഷ്യയും അഫ്ഗാനിസ്ഥാനും സ്വിറ്റ്സർലൻഡും ഫ്രാൻസും സഞ്ചരിച്ച് അന്തർദേശീയ പിന്തുണ തേടുകയായിരുന്നു. സ്വാമി വിവേകാനന്ദൻ അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തിരഞ്ഞെടുത്ത സ്വാമി അഭേദാനന്ദയോടൊപ്പമാണ് ബർകത്തുള്ള അവിടെ പ്രവർത്തിച്ചതും.
1913-ൽ ഇന്ത്യയിൽ പ്രവേശിക്കരുതെന്ന് ബ്രിട്ടീഷ് ഭരണകൂടം ബർകത്തുള്ളയോട് ആവശ്യപ്പെട്ടു. 1914-ൽ അദ്ദേഹം തന്റെ പ്രവർത്തനകേന്ദ്രം സാൻഫ്രാൻസിസ്കോയിലേക്ക് മാറ്റി. ബ്രിട്ടീഷ് ആധിപത്യം ഇന്ത്യയിൽ അവസാനിപ്പിക്കാനുള്ള പ്രവാസ ഇന്ത്യക്കാരുടെ ഏറ്റവും ത്യാഗനിർഭരമായ രാഷ്ട്രീയസംരംഭമായ ഗദ്ദർ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. ബാബ സോഹൻ സിങ് ഭാക്നയായിരുന്നു പാർട്ടിയുടെ ആദ്യ പ്രസിഡന്റ്. പിന്നീട് ഭാക്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിച്ചു. ഭഗത് സിങ്ങിന്റെ രാഷ്ട്രീയബോധത്തെ രൂപപ്പെടുത്തിയ പ്രധാന പ്രചോദനങ്ങളിൽ ഗദ്ദർ പ്രസ്ഥാനത്തിനും അതിന്റെ നേതാക്കൾക്കും നിർണായക സ്ഥാനമുണ്ടായിരുന്നുവെന്നത് ചരിത്രമാണ്.
ഇന്ത്യയിൽ പ്രവേശനമില്ലാതിരുന്ന ബർകത്തുള്ള മരിച്ചത് 1927-ൽ സാൻഫ്രാൻസിസ്കോയിലാണ്. അവിടുത്തെ വിക്ടോറിയൻ സെമിത്തേരിയായ Sacramento Historic City Cemetery യിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയതിനുശേഷം മാത്രമേ തൻ്റെ ഭൗതികശിഷ്ടങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാവൂ എന്നദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ മരണത്തിന്റെ ശതാബ്ദി അടുത്ത കൊല്ലമാണ്. ഇന്നും അദ്ദേഹം സാൻഫ്രാൻസിസ്കോയിലെ സാക്രമെന്റോ സെമിത്തേരിയിലാണ്. മരണശേഷമെങ്കിലും ആ ധീരധിഷണ സമാധാനമായി ഉറങ്ങട്ടെ.
മുഹമ്മദ് ബർകത്തുള്ളയുടെ പേരിനെ വിസ്മൃതിയിലേക്ക് തള്ളാൻ ശ്രമിക്കുന്നത് അദ്ദേഹം ജനിച്ച മതത്തിന്റെ പേരുകൊണ്ടല്ലെങ്കിൽ പിന്നെന്തുകൊണ്ടാണെന്ന് പറയാനുള്ള ആർജവം ബർകത്തുള്ള സർവകലാശാലയുടെ നിർവാഹക സമിതി കാണിക്കേണ്ടതുണ്ട്. ചരിത്രത്തിന്റെ പുനരെഴുത്ത് അധാർമ്മികതയുടെ മഷിയിൽ വിദ്വേഷത്തിന്റെ പേന മുക്കിയാകരുത്.
മലയാളത്തിൽ നമ്മൾ പറയാറില്ലേ, ഒരു കാര്യം ചെയ്യുമ്പോൾ ഒരു വർക്കത്ത് വേണമെന്ന്. ബർക്കത്ത് എന്ന അറബി വാക്കിൽനിന്നാണ് ആ പ്രയോഗം വന്നത്—അനുഗ്രഹം, സമൃദ്ധി, ഗുരുത്വം, സ്ഥായിയായ സാന്നിധ്യം എന്നിങ്ങനെ പല അർത്ഥങ്ങളുമായി. ഭാഷകളും മതിലുകൾ പണിയുന്നില്ല; പാലങ്ങളാണ് പണിയുന്നത്. ചരിത്രവും അങ്ങനെ തന്നെയായിരിക്കണം. നമ്മളെങ്കിലും ആ ബർക്കത്ത് മറക്കാതിരിക്കുന്നത് കാലാതീതമായ ഔചിത്യമാണ്.
Content Highlights: The executive council's move to rename Bhopal's Barkatullah University reflects a troubling contemporary political trend that systematically erases the pluralistic legacy of prominent anti-colonial figures like Muhammad Barkatullah from India's national consciousness.
Published: 17 Jun 2026, 02:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented