ബ്രജഭൂമിയെന്നാല്‍ യമുനയുടെ ഇരുവശങ്ങളാണ്. ആധുനിക രാഷ്ട്രീയ ഇന്ത്യ നിശ്ചയിച്ച സംസ്ഥാനാതിര്‍ത്തികളല്ല ഈ ജനപദത്തെ നിര്‍ണ്ണയിക്കുന്നത്. മറ്റ് സാംസ്‌കാരികഘടകങ്ങളാണ്. സാധാരണജീവിതങ്ങള്‍ നിറംചേര്‍ത്ത ചായത്തളികയില്‍ നിന്നാണ് ഹോളിയുടെ ധൂളി ഇവിടങ്ങളില്‍ പടരുന്നത്.  ഉത്തര്‍പ്രദേശിലെ മഥുര-വൃന്ദാവന്‍ പ്രദേശത്തെ കേന്ദ്രബിന്ദുവാക്കി ഒരു വൃത്തം വരച്ചിട്ട്, അതിന്റെ ചുറ്റളവില്‍ ഹരിയാനയിലെയും രാജസ്ഥാനിലേയും മധ്യപ്രദേശിലേയും  പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഭൂമിയാണ് ബ്രിജഭൂമി. ധീരസമീരേ യമുനാ തീരത്തില്‍ ശ്യാമമുരാരി ഗോപികമാരുമായി ഹോളി കളിച്ചത് ഓര്‍ത്തുകൊണ്ട് ഈ പ്രദേശത്തെ ജനങ്ങള്‍ ഒരു ദിവസം ആഘോഷിക്കുകയാണ് നൃത്തത്താല്‍, പാട്ടുകളാല്‍, നിറങ്ങളാല്‍, ഭാംഗില്‍ അലിഞ്ഞ ഉന്മാദത്താല്‍.   

To advertise here,

ബനാറസ്സില്‍ നിന്നുള്ള കിരാന ഘരാന ഗായകനായ പണ്ഡിറ്റ് ചന്നുലാല്‍ മിശ്ര പാടാറുള്ള ഒരു ഹോളി ഗാനമുണ്ട്. ഹോളി ഗാനങ്ങളെ 'ഹോരി' എന്നാണ് ഉത്തരേന്ത്യന്‍ സംഗീതത്തില്‍ വിളിച്ചുപോരാറുള്ളത്. ചന്നുലാല്‍ മിശ്ര പാടുന്ന ഹോരിയില്‍ പ്രണയാതുരനായ കൃഷ്ണനോ വിരഹികളായ ഗോപിമാരോ ഇല്ല, മറിച്ചുള്ളത് നഗ്‌നശിവനാണ്. 

'ശ്മശാനത്തില്‍ ദിഗംബരന്‍ ഹോളി കളിക്കുകയാണ് 
ചിതാഭസ്മത്തില്‍ കുളിച്ച് 
ഭൂതപ്രേതപിശാചുക്കളോടൊപ്പം 
ശിവന്‍ ഹോളി കളിക്കുകയാണ്.
ഗോപിമാരില്ല, ശ്യാമകൃഷ്ണനോ രാധയോ ഇല്ല, അവിടെ' 

ഈ ഹോളിദിനത്തില്‍ പറയാന്‍ പോകുന്നത് ഒരു പ്രത്യേക സംഗീതസമ്പ്രദായത്തെക്കുറിച്ചാണ്, ഹോരിയെക്കുറിച്ച്. ഭക്തിയല്ല ഈ ശൃംഗാര-വിരഹിണികളായ ഗാനങ്ങളിലെ ആന്തരശ്രുതി. രാധയുടേയും കൃഷ്ണന്റേയും ലീലകളാണ് ഈ ഗാനങ്ങളിലൂടെ പടര്‍ന്നുകയറുന്ന വിലാസലതികകള്‍. മുറിവേറ്റ മനസ്സിന്റെ ശബ്ദനാളിയുണ്ടായിരുന്ന ബേഗം അഖ്തര്‍ പാടിയിരുന്ന ഒരു ഹോരിയുണ്ട്, കാഫി രാഗത്തില്‍.  "कौन तरह से तुम खेलत होरी रे"  എന്ന പാരമ്പര്യഗാനം. രാധാ-കൃഷ്ണലീലയുടെ വര്‍ണ്ണനയാണിത്. 

'എങ്ങനെ നാം ഹോളി കളിക്കേണ്ടൂ...'
ഈ ശ്യാമകൃഷ്ണന്‍ എവിടെനിന്നു വരുന്നു 
ഈ മഹാശ്വേതാരാധ എവിടെനിന്നു വരുന്നു...
കൃഷ്ണന്റെ കയ്യില്‍ സുവര്‍ണ്ണമായ പീച്ചാങ്കുഴല്‍ 
രാധയുടെ ശിരസ്സില്‍ കുടവും...
രണ്ടില്‍ നിന്നുമുതിരുന്ന കുങ്കുമവര്‍ണത്താല്‍ 
ഈ ആകാശം വര്‍ണാഭം...
എന്നിങ്ങനെ പോകുന്നൂ ഈ വരികളുടെ അര്‍ത്ഥം. 

https://www.youtube.com/watch?v=jrRbhBIhbBI

പ്രിയനേ, ഈ ബ്രിജഭൂമിയില്‍, ഇന്ന് ഹോളിയല്ലേ? എന്നുതുടങ്ങുന്ന പ്രശസ്ത ഹോരിയെ കൂടുതല്‍ പ്രശസ്തമാക്കിയ ഗായിക ശോഭ ഗുര്‍തുവിന്റെ ജന്മശതാബ്ദിയാണ് 2025. ബ്രിജഭൂമിയിലെ നാടോടിസംഗീതത്തിന്റെ ആത്മാവും ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതത്തിന്റെ തലച്ചോറുമുള്ള സംഗീതമായിരുന്നു ശോഭ ഗുര്‍തുവിന്റേത്. ജയ്പൂര്‍- അത്രോളി ഘരാനയിലെ മഹാഗായകന്‍ ഉസ്താദ് അല്ലാദിയ ഖാന്റെ മകന്‍ ഉസ്താദ് ഭുര്‍ജി ഖാന്‍ ആയിരുന്നു അവരുടെ ഗുരു. എന്നാല്‍, ശോഭ ഗുര്‍തു പ്രാഗല്‍ഭ്യം തെളിയിച്ചത് പ്രധാനമായും ഠുമ്രികളിലായിരുന്നു. ഠുമ്രിയുടെ ഹോളിഭേദമാണ്  ഹോരി. ഹിന്ദുസ്ഥാനി സംഗീതത്തിലെ പേരുകേട്ട ആണ്‍ സംഗീതജ്ഞരെല്ലാം ഠുമ്രികള്‍ പാടിയിട്ടുണ്ടെങ്കിലും; ഇപ്പോഴും പാടുന്നുമുണ്ടെങ്കിലും ആ സംഗീതശാഖയിലെ കലാതിശായികളായ മുദ്രകള്‍ പതിപ്പിച്ചവര്‍ ഒട്ടുമുക്കാലും സ്ത്രീഗായകരാണ് എന്നുകാണാം. പ്രമുഖ ഠുമ്രി ഗായികയും ഗ്രന്ഥകാരിയുമായ വിദ്യ റാവു (നൈനദേവിയുടെ ശിഷ്യ) എഴുതി:

'ഠുമ്രി ഇന്ത്യന്‍ സംഗീതത്തിലെ ഏറെ പഴക്കമുള്ള ഒരു ശാഖയാണ്. പൂരബ് (കിഴക്കന്‍ ഉത്തര്‍പ്രദേശ് , ബീഹാര്‍) പ്രദേശത്തെ നാടോടിയീണങ്ങളിലാണ് (ദേശി സമ്പ്രദായി) ഇവ പ്രാഥമികമായും ഉണ്ടായത്. എന്നാല്‍, പത്തൊന്‍പതാം നൂറ്റാണ്ടില്‍ മാത്രമാണ് ഠുമ്രി / ഹോരി സംഗീതത്തിന് ശാസ്ത്രീയ സംഗീതലോകത്ത് (മാര്‍ഗി സമ്പ്രദായി) പ്രവേശനം കിട്ടുന്നത്. ഈ മാറ്റത്തിന് ഏറ്റവും പ്രധാനമായ പങ്കുവഹിച്ചത് വാജിദ് അലി ഷായായിരുന്നു എന്ന് പൊതുവേ കരുതപ്പെടുന്നു. (മിര്‍സാ വാജിദ് ഷാ - 1822 -1887 അവധിലെ അവസാനത്തെ രാജാവായിരുന്നു). കവിയും ഗായകനും നര്‍ത്തകനുമായിരുന്ന അദ്ദേഹം എഴുതിയ ഠുമ്രികളില്‍ 'അഖ്തര്‍ പിയ' എന്ന നാമമുദ്ര ചേര്‍ത്തിരുന്നു.' (Thumri as feminine voice, Vidya Rao, 1990)   

ഹോരിയുടെ ആത്മാവ് സജീവമായ കവിതകളാണ് മലയാളത്തില്‍ സുഗതകുമാരി എഴുതിയ കൃഷ്ണഗീതികള്‍. എന്തുകൊണ്ട് പാലക്കാട് കെ.വി. നാരായണസ്വാമിയോ (നളിനമിഴി ശ്രീ പത്മനാഭന്‍ ഇഹ വന്നില്ലല്ലോ, അളിവേണി എന്തുചെയ്‌വൂ ഹന്ത ഞാനിനി മാനിനി), നെയ്യാറ്റിന്‍കര വാസുദേവനോ ശ്രീവത്സന്‍ ജെ. മേനോനോ ആ കവിതകളിലെ എട്ടു വരികള്‍ കച്ചേരികളില്‍ അവതരിപ്പിച്ചില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, ഉദാഹരണത്തിന് ഈ വരികള്‍:

'ശ്യാമരാധയായ് വന്നൊരെന്‍ വൈശാഖ 
യാമിനി, നിന്നെ നോക്കിനില്‍ക്കുന്നു ഞാന്‍.
ചിഞ്ചിലം കൊഞ്ചി നാണിച്ചടങ്ങുമീ 
നിന്റെ വെള്ളിച്ചിലമ്പിന്‍ മണികളെ 
ചുറ്റി നീലയലകളുലാവുമാ 
പ്പാട്ടുപാവാട തന്റെ ഞൊറികളെ 
നിന്റെ മാറിലെച്ചമ്പകമാലയെ 
നിന്‍കരത്തിലെ പ്പൈoപാല്‍ക്കുടത്തിനെ,
കുണ്ഡലങ്ങളായ് ചാര്‍ത്തിയൊരാമ്പലിന്‍ 
പുഞ്ചിരികളെ, നിന്റെ കിനാക്കളെ....'

ഹോരി ഗാനങ്ങളെ ഏറ്റവും ജനപ്രിയമാക്കിയതില്‍ വലിയ പങ്കുവഹിച്ച ഗായികയായിരുന്നു ബനാറസ് ഘരാനയിലെ വിദുഷി ഗിരിജാദേവി. 
कैसी धूम मचाई होरी എന്നുതുടങ്ങുന്ന ഹോരി കേള്‍ക്കുവാനുള്ള ലിങ്ക് ഇവിടെ നല്‍കുന്നുണ്ട്. ഠുമ്രിയുടെ രാജ്ഞിയായി അവര്‍ അവരോധിക്കപ്പെട്ടതെന്തുകൊണ്ട് എന്നറിയാന്‍ ഹോളികാലത്ത് അവര്‍ പാടിയ ഹോരികള്‍ കേട്ടാല്‍ മതിയാകും .

https://www.youtube.com/watch?v=pyL08gxqQQ4 

രാധയും കൃഷ്ണനും തമ്മിലുള്ള ബന്ധത്തിന്റെ അയാഥാസ്ഥിതിക പ്രഭാവത്തിന്റെ ആകര്‍ഷണീയതയാണ് ഈ ഗാനങ്ങള്‍ക്ക് ഇത്രമാത്രം ജനപ്രിയത വരുവാനുള്ള കാരണം. ഭക്തിയുടെ, മതാത്മകമായ പാവനവസ്ത്രം രാധാ-കൃഷ്ണ സങ്കല്‍പ്പത്തിന് വൈദിക യാന്ത്രികതയില്‍ കല്‍പിക്കുന്നുവെങ്കിലും ഈ ഗാനങ്ങളിലുള്ള ശൃംഗാര-വിരഹ-കാമനകളുടെ മനുഷ്യസ്പര്‍ശമാണ് അവയെ വ്യത്യസ്തമാക്കുന്നത്, ജയദേവന്റെ ഗീതഗോവിന്ദം എന്നപോലെ.

'മേഘൈര്‍മേദുരം അംബരം, വനഭുവ ശ്യാമാഃ തമാലദ്രുമൈഃ, നക്തം ഭീരുഃ അയം, ത്വമേവ തദിമം രാധേ ഗൃഹം പ്രാപയ', എന്ന മനോഹരവരികളില്‍ ജയദേവകവി പറയുന്നതെന്താണ്?, ഇരുണ്ട മേഘങ്ങള്‍ ആകാശത്ത് നിറഞ്ഞിരിക്കുന്നു, വനമാകെയും ഇരുണ്ടിരിക്കുന്നു, രാധേ, നിനക്കു മാത്രമേ ഭയചകിതനായ ശ്യാമകൃഷ്ണനെ വീട്ടിലെത്തിക്കുവാന്‍ കഴിയൂ' എന്നാണ് ജയദേവന്‍ പാടിത്തുടങ്ങിയത്. ഗീതഗോവിന്ദത്തിലെ പ്രണയാതുരതയുടെ, ശരീരകേന്ദ്രമായ മോഹങ്ങളുടെ, വിരഹത്തിന്റെ, പ്രണയസാഫല്യങ്ങളുടെ, ഗുപ്തകാമനകളുടെ, അസാധാരണ ഭാഷാപ്രകാശനത്തിന്റെ ബ്രിജ - അവധി - ഭോജ്പുരി ഭാഷയിലുള്ള രൂപാന്തരങ്ങളാണ് ഹോരികള്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. 

ഹോരി ഗാനങ്ങളില്‍ കൃഷ്ണസാന്നിദ്ധ്യത്തേക്കാള്‍ കൂടുതല്‍ ദീപ്തം രാധാസാമീപ്യമാണ്. അയ്യപ്പപ്പണിക്കര്‍ 'ഗോപികാദണ്ഡക'ത്തില്‍ എഴുതിയതുപോലെ 

'അറിയുന്നു ഞാനിതും കൂടി,
മനുഷ്യന്റെ കണ്ണില്ലയെങ്കില്‍ 
മഴവില്ലിനെന്താണു ഭംഗി?, ഹേ ഗോപികേ 
മനുഷ്യന്റെ മനമില്ലയെങ്കില്‍ 
കണ്ണുകള്‍ക്കെന്താണു കാന്തി?, 
ഹേ ഗോപികേ
നീയില്ലയെങ്കില്‍ നിന്‍ വ്രത
ഭക്തിയില്ലെങ്കില്‍ 
ഈ ശ്യാമകൃഷ്ണന്‍ വെറും കരിക്കട്ടയെന്നറിയുന്നു ഞാന്‍. 
വീണ്ടുമറിയുന്നു ഞാന്‍'. 

placeholder
അയ്യപ്പപ്പണിക്കര്‍

അഠാണ രാഗത്തില്‍ വീണ സഹസ്രബുദ്ധേ പാടിയ 'ഹോരി ഹോരി ഹോരി ഖേലത് നന്ദലാല്‍' എന്ന അതിമനോഹരമായ ഒരു ഗാനമുണ്ട്. നാടോടിയീണത്തില്‍ നിന്നു വിടുതല്‍ പ്രാപിച്ച മാര്‍ഗിഗീതം എന്ന് പ്രത്യക്ഷത്തില്‍ തോന്നിപ്പിക്കുമെങ്കിലും അപാരമായ ആവേഗവും ഊര്‍ജ്ജവും തഞ്ചുന്ന ദേശികേളീയന്തരീക്ഷം ഈ ആലാപനത്തില്‍ ഗായിക നിറയ്ക്കുന്നുണ്ട്.

कन्हैया घर चलो गुईया  എന്ന് ഗോപിക കൃഷ്ണനെ സ്വന്തം വീട്ടിലേക്ക് വിളിക്കുകയാണ്. ഗോപികയ്ക്ക് ഒരു പക്ഷേ മറ്റൊരാള്‍ ഭര്‍ത്താവായി ഉണ്ടായിരിക്കാം. ശുഭ മുദ്ഗല്‍ ഈ ഹോരി അതിസുന്ദരമായി പാടിയിട്ടുണ്ട്. 'ഇന്ന് ഹോളിയല്ലേ, വരൂ എന്റെ വീട്ടില്‍ പോയി നമുക്ക് ഹോളി കളിയ്ക്കാം' എന്നു പറയുന്നു. അങ്ങനെ കൃഷ്ണനെ വീട്ടിലേക്ക് വിളിക്കാന്‍ കഴിയാത്ത ഒരു രാധയെക്കുറിച്ച് സുഗതകുമാരി എഴുതിയ വരികളൊക്കെ നമുക്ക് കാണാപ്പാഠമാണല്ലോ.

'കാടിന്റെ ഹൃത്തില്‍ 
കടമ്പിന്റെ ചോട്ടില്‍ നീ 
ഓടക്കുഴല്‍ വിളിയ്ക്കുമ്പോള്‍ 
അണിയല്‍ മുഴുമിക്കാതെ 
പൊങ്ങിത്തിളച്ചു പാ -
ലൊഴുകിമറിയുന്നതോര്‍ക്കാതെ 
വിടുവേല തീര്‍ക്കാതെ,
യുടുചേലകിഴിവതും,
മുടിയഴിവതും കണ്ടിടാതെ 
കരയുന്ന പൈതലെ,
പുരികം ചുളിക്കുന്ന 
കണവനെ, ക്കണ്ണിലെറിയാതെ 
എല്ലാം മറന്നോടി 
യെത്തിയിട്ടില്ല ഞാന്‍ 
വല്ലവികളോടൊത്തു നിന്‍ ചാരെ!
കൃഷ്ണ നീയെന്നെയറിയില്ല'

placeholder
സുഗതകുമാരി

ഈ വേദന നിറയുന്ന ഭാവലോകം ശുഭ മുദ്ഗലിന്റെ ആലാപനത്തില്‍ നമുക്കറിയാന്‍ കഴിയും.

ഈ ലേഖനത്തിന്റെ അവസാനമായി പറയാന്‍ പോകുന്നത് 1921-ലെ വസന്തകാലത്ത് ബംഗാളിലെ വസന്തോത്സവത്തില്‍ ടാഗോര്‍ എഴുതിയ ഹോരിയെകുറിച്ചാണ്.  

ആരാണ് ഈ വനത്തെയാകെ നിറങ്ങളാല്‍ നിറച്ചിരിക്കുന്നത് എന്നു ചോദിച്ചുകൊണ്ട് തുടങ്ങുന്ന ഗാനം...

'രംഗ് ലഗാലെ ബൊനേ ബൊനേ'. ടാഗോര്‍ ബ്രിജഭൂമിയിലെ ഗോപികയെ ശാന്തിനികേതനില്‍ കൊണ്ടുപോയി, കേരളത്തില്‍നിന്നു ഉണ്ണായിയുടെ നളനെ കൊണ്ടുപോയി, രാജസ്ഥാനിലെ ചുവര്‍ചിത്രനായികയെ കൊണ്ടുപോയി, മഹാബലിപുരത്തെ പല്ലവപ്രൗഢിയെ കൊണ്ടുപോയി...

ഇന്ന് 2025-ല്‍ ഡല്‍ഹിയിലിരുന്ന്, ചുറ്റിലും ആലോലമാലോലമിലാകുന്ന നിറചാമരങ്ങള്‍ക്കിടയില്‍ ഹോരി ഗീതങ്ങള്‍ കേള്‍ക്കുമ്പോള്‍ ദേശീയഗാനമായ ഹോരി വരികള്‍ ഉള്ളില്‍ അല്‍ഹയ്യ ബിലാവല്‍ ആകുന്നു, ശങ്കരാഭരണമാകുന്നു:

'പഞ്ചാബ്- സിന്ധു-ഗുജറാത്ത്-മറാഠാ
ദ്രാവിഡ-ഉത്കല-ബംഗാ,
വിന്ധ്യ-ഹിമാചല-യമുനാ-ഗംഗാ,
ഉച്ഛല- ജലധി-തരംഗാ,
തവ ശുഭ നാമേ ജാഗേ,
തവ ശുഭ ആശീഷ മാഗേ,
ഗാഹേ തവജയ ഗാഥാ'

ടാഗോര്‍ ഒരിക്കലും പ്രതീക്ഷിച്ചിരിക്കാനിടയില്ല ഉത്തര്‍പ്രദേശിലെ സംഭലില്‍ 2025- ലെ ഹോളിയില്‍ സര്‍ക്കാര്‍ പത്തു മസ്ജിദുകളെ പര്‍ദ്ദയാല്‍ മൂടുമെന്ന്. വെള്ളിയാഴ്ച റമദാന്‍ ജുമുഅയും ഹോളിയും ഒരുമിച്ചു വരുന്നതിലെ സംഘര്‍ഷം ഒഴിവാക്കാനാണത്രേ ഇത്. ഇതേ ഉത്തര്‍ പ്രദേശിലിരുന്നാണ് ബേഗം അഖ്തര്‍ ഹോളി കളിക്കുവാന്‍ കൃഷ്ണനെ വിളിക്കുന്ന ഗോപികയ്ക്കായി പാടിയത്. ആരാണ് ബ്രിജഭൂമിയെ ഇങ്ങനെയാക്കിത്തീര്‍ത്തത്? രാധാകൃഷ്ണ മനുഷ്യലീലയില്‍ വിഭജനത്തിന്റെ നിറമൊഴിച്ചത്? ഏറ്റവും കൂടുതല്‍ ഹോരികള്‍ എഴുതിയ ആളിന്റെ പേര് മിര്‍സ വാജിദ് അലി ഷാ എന്നായിരുന്നു എന്ന് എന്തേ പള്ളിയെ ഹിജാബ് അണിയിച്ച ഭരണകൂടം മറന്നുപോയത്?