
വളരെ പിറകിലേക്ക്, ഒരാളുടെ ഓര്‍മയിലെ ഏതെങ്കിലുമൊരു പ്രായത്തിലേക്ക് കഥകള്‍ക്ക് ഒരു സഞ്ചാരമുണ്ട്. പലപ്പോഴുമത് ഓര്‍മയിലെ ഒന്നിലധികം ജീവിതത്തെ സന്ദര്‍ശിക്കാനുമാണ്. കഥകളുടെ ആത്യന്തികമായ ഉപയോഗം മനുഷ്യവംശത്തിന്റെ ഒരു കണ്ണിയായി വായനക്കാരിയെ, നിര്‍ത്തിപോരുക മാത്രമാണ് എന്നും ചിലപ്പോള്‍ തോന്നും. എന്നാല്‍, ചിലസമയത്ത്, കഥകള്‍ അവളുടെ ജീവിതത്തിന്റെയും വായനയുടെയും മൂപ്പിനെ (Maturity) കൂടി പരിശോധിക്കുന്നു. ചിലപ്പോള്‍ അതൊരു കടന്നുകയറ്റം പോലുമാണ്. കൃതഹസ്തനായ കഥാകൃത്ത്, സക്കറിയയുടെ ഒരു ചെറുകഥയുടെ ഓര്‍മയിലേക്ക് ഈയിടെ ഞാനെത്തിയത് അങ്ങനെയാണ്.
തൃശ്ശൂരിലെ പട്ടണംവിട്ട് ഒരു നാട്ടുമ്പുറത്തേക്ക് യാത്ര പോവുകയായിരുന്നു ഞങ്ങള്‍. ചെറിയ ചെറിയ കുന്നുകളും വളവുതിരിവുകളുള്ള നിരത്തിലൂടെ, നിരത്തിന്റെ ഇരുവശത്തുമുള്ള വലിയ മരങ്ങളും, മരങ്ങള്‍ക്കിടയിലൂടെ താണും പൊന്തിയും തൂങ്ങി കിടക്കുന്ന വൈദ്യുതക്കമ്പികളും കണ്ട്, പകലിനെ മീട്ടുന്ന പക്ഷിയൊച്ചകളും കേട്ട്, ഞങ്ങള്‍ സഞ്ചരിച്ചിരുന്ന കാറ് ഒരു വളവുതിരിയുകയായിരുന്നു, അവിടെ ചെറിയൊരു കുന്നിനോടുചേര്‍ന്ന് ഒരു കുളം പെട്ടെന്ന് കണ്ണില്‍ പെട്ടു. ഒരു മിന്നല്‍ പോലെ, കുളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വെയിലില്‍ തിളങ്ങിനിന്ന വെള്ളപ്പരപ്പില്‍ പുറം തിരിഞ്ഞുനില്‍ക്കുന്ന ആരെയോ കണ്ടതുപോലെയും തോന്നി. തൊട്ടുമുമ്പേ വഴിയില്‍ കണ്ട വലിയൊരു ക്രിസ്ത്യന്‍ പള്ളി ഞാനോര്‍ത്തു. പള്ളിക്കുമുകളിലെ ആകാശവും കുരിശും കുരിശിലെ യേശുവിനെയും കണ്ടത് ഇപ്പോള്‍ ഒന്നുകൂടി കണ്ടു. ഞാന്‍ സക്കറിയയുടെ ഒരു ചെറുകഥ ഓര്‍ത്തു; 'അന്നമ്മ ടീച്ചര്‍: ഒരോര്‍മക്കുറിപ്പ്.' അച്ചടിത്താളുകളുയര്‍ത്തി ആരോ വീശി കാണിച്ചപോലെ. ഇപ്പോള്‍ എനിക്ക് ആ ചെറുകഥ മുഴുവനും ഓര്‍മിക്കാന്‍ പറ്റി.
ആ കഥയിലും ഒരു നാട്ടുമ്പ്രമുണ്ട്, പള്ളിയുണ്ട്, കുരിശാരോഹിതനായി മരിക്കുന്ന പ്രായത്തിലെ ചെറുപ്പക്കാരനായ യേശുവുണ്ട്. ആയിടെ മുപ്പത്തിമൂന്നു വയസ്സുകഴിഞ്ഞ അന്നമ്മ എന്നുപേരുള്ള അവിവാഹിതയായ യുവതിയുടെ ജീവിതത്തെ കുറിച്ചുള്ള ഓര്‍മയുമുണ്ട്. സക്കറിയയുടെ ഈ ചെറുകഥ വളരെ പ്രശസ്തമാണ്. നമ്മുടെ പുകള്‍പെറ്റ 'ആധുനികത'യുടെ ഒരു രീതിയെ, ഭാഷയുടെ അതി-ഉപയോഗത്തെ, ഹൃദ്യമായ ലാളിത്യംകൊണ്ട് ചെറുക്കുന്ന ഒരു രചനയുമാണ്, ഈ കഥ.
അന്നമ്മ, ഹൈസ്‌കൂള്‍ ടീച്ചറാണ്. അവളുടെ കുടുംബത്തിന്റെ 'കറവപ്പശു'വുമാണ്. നീര്‍ച്ചോലപോലെ ഉള്ളിലൊഴുകുന്ന സങ്കടത്തിന്റെ കരയിലാണ് അവളുടെ ജീവിതവും. അന്നമ്മയുടെ ഏക ആശ്വാസം യേശുവുമായുള്ള അവളുടെ ചങ്ങാത്തമാണ്. അവള്‍ പറയുന്നതൊക്കെ ശ്രദ്ധയോടെ കേള്‍ക്കുന്ന ഈശോ അവളെ എപ്പോഴും ജീവിതത്തിന്റെ സഹനപാഠങ്ങളിലേക്ക് നടത്തിക്കുന്നുമുണ്ട്. അന്യനുവേണ്ടി കുരിശുചുമക്കുന്ന തന്റെ ജീവചരിത്രം പോലെ തന്നെ. കരുണയോടെ വസിക്കുക എന്നുമാത്രം അവളും ഈശോയും ജീവിതത്തെ കരുതലില്‍ എടുത്തിരിക്കുന്നു. ഒരുപക്ഷെ, സക്കറിയ പിന്നീട് എഴുതുന്ന 'ബൈബിള്‍ കഥ'കളുടെ ഉപക്രമംപോലെയും ഈ കഥ ഇപ്പോള്‍ ഓര്‍മിക്കാന്‍ പറ്റുന്നു. സക്കറിയയുടെ പല കഥകളിലും പിന്നീട് പ്രത്യക്ഷപ്പെടുന്ന നിരുപാധികമായ ആത്മീയത ഈ കഥയിലുമുണ്ട്. ദൈവവചനങ്ങളില്‍നിന്നും ദൈവസാന്നിധ്യത്തില്‍നിന്നും അടരുന്നതരം ആത്മീയതയുടെ ലാളിത്യം, ഒരു പക്ഷെ, ഈ കഥയിലാണ് നമ്മള്‍ ആദ്യം കണ്ടുമുട്ടുന്നത്.
സക്കറിയ തന്റെ ചെറുകഥ തുടങ്ങുന്നത് ഇങ്ങനെയാണ്: 'മിസ് അന്നമ്മ മത്തായി എന്ന ഹൈസ്‌ക്കൂള്‍ ടീച്ചര്‍ ഒരു ദുഃഖവെള്ളിയാഴ്ച കുളക്കടവിന്റെ കരയിലെ പെരിങ്ങലക്കാടുകള്‍ക്കുള്ളില്‍ മരിച്ചുകിടന്നു. മരണത്തിലും അന്നമ്മ ചന്തമുള്ളവളായിരുന്നു. പുല്ലുകളില്‍, തോര്‍ത്തുടുത്ത്, ആരോ താങ്ങിക്കിടത്തിയതുപോലെ കാണപ്പെട്ട അന്നമ്മയുടെ ചുരുണ്ട മുടികൊണ്ടലങ്കരിച്ച, അങ്ങിങ്ങ് ഓരോ ചുവന്ന കുരുക്കള്‍ വിരിഞ്ഞുനിന്ന മുഖത്ത് സമാധാനം നിറഞ്ഞുനിന്നിരുന്നു. അവളുടെ കാല്‍വിരലുകളില്‍ വിശ്രമിച്ചിരുന്ന ഒരു തുമ്പിയും മുടിച്ചുരുളുകളില്‍ ഏതോ പരാഗങ്ങള്‍ തേടിയ ഒരു ചിത്രശലഭവുമാണ് വളരെ സമയം അവളുടെ ശരീരത്തിന് കൂട്ടിരുന്നത്. കാര്‍മേഘങ്ങളില്‍ നീന്തിനടന്ന ഒരു പരുന്ത് അവളെ പല തവണ അത്ഭുതത്തോടെ നോക്കി'.
വളരെ 'ലിറിക്കല്‍'ആയ ഒരു ഗദ്യം, അക്കാലത്തെ 'ആധുനികത'യുടെ പതിവിനു പരിചയമില്ലാത്ത ഒന്ന്, തന്റെ കഥകളില്‍ സക്കറിയ പരീക്ഷിച്ചുതുടങ്ങുന്ന സമയമാണത്. എന്നാല്‍, ഈ കഥ ശ്രദ്ധിക്കപ്പെടുന്നത് മറ്റൊരു വിധത്തിലാണ്. അന്നും ഇന്നും ഈ ചെറുകഥ 'ആണ്‍നോട്ട'ത്തിന്റെ(Male gaze) അകമഴിഞ്ഞ അവതരണമാണ്. സക്കറിയയുടെ കഥകളുടെ പ്രധാനപ്പെട്ട ഒരു ലാവണ്യധാരയും 'ആണിന്റെ ഉറ്റുനോട്ട'മാണ്. അക്കാലത്തും പിന്നീടും ഉണ്ടായ പ്രധാനപ്പെട്ട ആണ്‍-കഥാകൃത്തുക്കളുടെയെല്ലാം എഴുത്തിനെ ഓര്‍മിപ്പിക്കുന്നപോലെ തന്നെ.
കഥയിലെ ഇത്തരം ആണ്‍-പരിചരണത്തെ പിന്നീട് ഉപേക്ഷിക്കുന്നത് തൊണ്ണൂറുകളിലെ ഫെമിനിസ്റ്റ് എഴുത്തിന്റെ ഭാഗത്തുനിന്നായിരുന്നു. കേരളത്തിലെ സാമൂഹ്യമണ്ഡലത്തില്‍ 'ഫെമിനിസം' അതിന്റെ പുതിയ അറിവുകള്‍ക്കും ചേരികള്‍ക്കുമൊപ്പം പ്രത്യക്ഷപ്പെട്ട അതേ കാലത്ത്. എന്നാല്‍, അതിനുംമുമ്പേ കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ വേരൂന്നിയ 'പുരോഗമന സാഹിത്യ'ത്തിന്റെ 'ചീത്ത റിയലിസ'ത്തെ(Dirty realism) 'ആധുനികത'അതിന്റെ സമ്മിശ്രമായ ആലോചനകള്‍കൊണ്ട് നേരിട്ടപോലെ ഒന്ന് തൊണ്ണൂറുകളിലെ ഫെമിനിസ്റ്റ് സാഹിത്യത്തില്‍ - വിശേഷിച്ചും ചെറുകഥകളില്‍- കണ്ടെത്തുക പ്രയാസമായിരുന്നു. തൊണ്ണൂറുകളിലെ ഫെമിനിസ്റ്റ് കഥകള്‍ക്ക് ആ അര്‍ത്ഥത്തില്‍ 'ആധുനികത'യുടെ സര്‍ഗ്ഗാത്മകതയോടായിരുന്നില്ല ചാര്‍ച്ച. അതിനുംമുമ്പേ നിലവില്‍ വന്ന 'പുരോഗമന സാഹിത്യ'ത്തിന്റെ അതികൃത്യത (rigidity)യോടായിരുന്നു കൂടുതല്‍ അടുപ്പം. നമ്മുടെ 'പുതിയ' വായനാസമൂഹത്തിന്റെ തന്നെ സൃഷ്ടിയും പരിണാമവും ഇതേ പശ്ചാത്തലത്തില്‍ ഇന്ന് നമുക്ക് വിവരിക്കാനും കഴിയും. മലയാളത്തിലെ 'ചെറുകഥ'കളെ വായിച്ചുകൊണ്ടുതന്നെ.
1975-ല്‍ ചലച്ചിത്ര നിരൂപകയും ഫെമിനിസ്റ്റുമായ ലോറ മുള്‍വേ (Laura Mulvey) ആകണം 'Male gaze, 'പുരുഷ നോട്ടം' എന്ന പദം ഉപയോഗിച്ചത്. പുരുഷനായ കാഴ്ചക്കാരന്റെ സന്തോഷത്തിനായി സ്ത്രീകളെ ലൈംഗിക വസ്തുക്കളായി ദൃശ്യകലയിലും സാഹിത്യത്തിലും ചിത്രീകരിക്കുന്ന രീതിയെ ഇത് ഓര്‍മിപ്പിക്കുന്നു. ഒരുപക്ഷെ, ഇതിനും മൂന്നു വര്‍ഷം മുമ്പ്, പിന്നീട് പ്രശസ്തമായ തന്റെ ഒരു ടെലിവിഷന്‍ പരമ്പരയില്‍ കലാ നിരൂപകനായ ജോണ്‍ ബെര്‍ഗര്‍ പാശ്ചാത്യ യൂറോപ്യന്‍ കലയെ വിശകലനം ചെയ്യുമ്പോള്‍ സ്ത്രീ ശരീരത്തെ 'പ്രേക്ഷകന്‍' കാണുന്ന രീതിയെ കുറിച്ചു പറയുമ്പോഴും ഈ പദത്തിലേക്ക് എത്തുന്നു. പുരുഷന്മാരെ പ്രീതിപ്പെടുത്താന്‍ സ്ത്രീകളെ നിഷ്‌ക്രിയ വസ്തുക്കളായി ചിത്രീകരിക്കുന്നതിന് സാംസ്‌കാരികവും കലാപരവുമായ ഒരു നീണ്ട ചരിത്രമുണ്ടെന്ന് ബെര്‍ഗര്‍ വാദിച്ചു. എന്നാല്‍, ഈ ആശയത്തെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നത് ലോറ മുള്‍വേ ആണ്. പിന്നീട് കലയെയും സാഹിത്യത്തെയും സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ നിന്നും ഈ പദത്തെ - 'പുരുഷ നോട്ട'ത്തെ ഒഴിവാക്കുക വയ്യ എന്നായി; അങ്ങനെ ചെയ്യുന്നത് കുറ്റകരംപോലുമായി. പുരുഷന്റെ നോട്ടം സ്ത്രീകളെ ലൈംഗികമായി ചിത്രീകരിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ്. സ്ത്രീകളെ 'വസ്തുവല്‍ക്കരിക്കുന്നതിലൂടെ'യാണ് ഇത് സാധ്യമാകുന്നത്. പുരുഷ കാഴ്ചക്കാരുടെ ലൈംഗികാഭിലാഷങ്ങളിലൂടെ ഇത് പൂര്‍ത്തീകരിക്കുന്നു. സാഹിത്യത്തിലും സിനിമയിലും ദൃശ്യകലകളിലും ഇത് പ്രബലമാണ്. ഒരുപക്ഷെ നമ്മുടെ ഏറ്റവും പുതിയ തലമുറയിലെ കഥാകൃത്തുക്കളെ വരെ ഈ 'ഉറ്റുനോട്ടം' ബാധിച്ചു. മാത്രമല്ല, നമ്മുടെ ഭാഷയിലും സാഹിത്യത്തിലും ഈ ആശയംതന്നെ അടുത്ത കാലത്താണ് ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതുതന്നെ. അല്ലെങ്കില്‍ നോക്കൂ, സക്കറിയയുടെ ഈ കഥയുടെ കാലം 1980-കള്‍ ആവണം. അഥവാ, കലയിലും സാഹിത്യത്തിലും 'Male Gaze' ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതിനും സുമാര്‍ പത്തു വര്‍ഷമെങ്കിലും കഴിഞ്ഞ്.
എന്നാല്‍, സക്കറിയ, തന്റെ ആണ്‍നോട്ടത്തെ ഈ കഥയില്‍ തന്റെ കഥകൊണ്ടുതന്നെ നീതീകരിക്കുന്നു. 'അറിയാതെ തന്നെ' എന്നു വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. കാരണം, ലോകത്തെ ഏത് ആശയവും നമ്മുടെ സാഹിത്യത്തിലാണ് ആദ്യം എത്തുന്നതെങ്കിലും അങ്ങനെ സംഭവിക്കുന്നതും ഒരു ദശാബ്ദമെങ്കിലും കഴിഞ്ഞായിരിക്കും. സക്കറിയയുടെ നായിക, അന്നമ്മ, പക്ഷെ ഈ 'ആണ്‍നോട്ട'ത്തെ മാറ്റി പിടിച്ചിരിക്കുന്നു. ജോലിയും മാസപ്പടിയുമുള്ള ഒരു യുവതിയുടെ പുരുഷനിയന്ത്രിതമായ വീട്ടിലെ ജീവിതമാണ് കഥയുടെ പ്രമേയം. അല്ലെങ്കില്‍ അങ്ങനെ കഥയിലെ 'ആണ്‍ നോട്ട'ത്തെ മറച്ചുവെച്ചിരിക്കുന്നു. സക്കറിയ എഴുതുന്നു;'മരിക്കും മുമ്പ് അന്നമ്മ വീട്ടിലുള്ള നാല് പുരുഷന്മാരുടെയും മൂന്നു സ്ത്രീകളുടെയും ആറു കുട്ടികളുടെയും അഴുക്കുവസ്ത്രങ്ങളുടെ ഒരു വലിയ കെട്ട് അലക്കി, പിഴിഞ്ഞ്, ഉണങ്ങാന്‍ വിരിച്ചിരുന്നു. മരിക്കുംമുമ്പുതന്ന മൂന്ന് ആങ്ങളമാരുടെയും മൂന്ന് അനിയത്തിമാരുടെയും പഠിത്തവും കല്യാണവും നടത്തിക്കഴിഞ്ഞിരുന്നു.'ഇതെല്ലാം ആ 'കുടുംബ'ത്തില്‍ നടന്നത് 'ഹൈസ്‌ക്കൂളിലെ ടീച്ചറായ'അന്നമ്മയെ മുന്‍നിര്‍ത്തിയാണ്. അന്നമ്മയ്ക്ക് വന്ന കല്യാണാലോചനകളെ മുഴുവന്‍ ഒന്നിനുപിറകെ ഒന്നായി അവളുടെ അപ്പന്‍ വളരെ 'നൈസായി' ഒഴിവാക്കുന്നു. ഒരുവേള, അന്നമ്മയ്ക്ക് ഇഷ്ടംതോന്നിയ ജോര്‍ജ് സാറിന്റെ വരെ.
ഈ സങ്കടങ്ങളൊക്കെ അന്നമ്മയുടെ ജീവിതത്തെ അവളില്‍ നിന്നും മാറ്റി പിടിക്കുന്നില്ല. സഹിക്കാനാണ് അവളെ ഈശോയും ജീവിതവും പഠിപ്പിക്കുന്നത്. തന്റെ സഹനത്തിലൂടെ മറ്റുള്ളവര്‍ ഇനിയെങ്കിലും പാപം ചെയ്യാത്തവരാവട്ടെ എന്ന് ഈശോ ആഗ്രഹിച്ച പോലെ അന്നമ്മയും ആഗ്രഹിക്കുണ്ടാവും. അഥവാ, അതാണ് അവള്‍ ഈശോവില്‍ നിന്നും ഓരോ ദിവസവും പഠിക്കുന്നത്. അങ്ങനെ, ആരും അറിയാതെ, ഒരു ദുഃഖവെള്ളിയാഴ്ച്ച, ഒരു ചീത്തപ്പേരും ഉണ്ടാക്കാതെ, കുളക്കടവില്‍ മരിച്ചുകിടന്നുകൊണ്ട് തന്റെ അതുവരെയുമള്ള സഹനത്തെ സമാധാനപരമായ ഒരു വിടവാങ്ങലിലൂടെ അന്നമ്മ അവസാനിപ്പിക്കുന്നു. നല്ല കാലം;'പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ട മരണകാരണം ഹൃദയസ്തംഭനമായിരുന്നു. അന്നമ്മയുടെ കന്യകാത്വത്തിനാവട്ടെ യാതൊരു ഭംഗവും വന്നിട്ടുമില്ലായിരുന്നു. ഇതും പോസ്റ്റുമോര്‍ട്ടത്തിന്റെ തിളങ്ങുന്ന കത്തികളും ഉറയിട്ട വിരലുകളും കണ്ടുപിടിച്ച ഒരു സത്യമാണ്.' സക്കറിയ എഴുതുന്നു: 'അന്നമ്മ ടീച്ചര്‍ അങ്ങനെ മരണത്തിലെങ്കിലും പുരുഷന്റെ സ്പര്‍ശനം ഒരു കരുണയറ്റ പിളര്‍ക്കലായി അനുഭവിച്ചു.' സക്കറിയയുടെ കഥയിലെ ഈ വരികള്‍ കഥയ്ക്കും, അന്നമ്മയുടെ കുടുംബത്തിനും, 'വളരെ സമാധാനം നല്‍കുന്നു'വെന്നുതന്നെ മനസ്സിലാക്കണം.
ഈ കഥയില്‍ അന്നമ്മയുടെ അവസാനത്തെ ഒളിഞ്ഞുനോട്ടക്കാരന്‍, കഥയുടെ ഇതുവരെയുമുള്ള വായനക്കാരനുമൊപ്പം, അവള്‍ക്ക് എന്നും പ്രിയപ്പെട്ട യേശുവായിരുന്നു. അന്നമ്മ കുളത്തില്‍ കുളിച്ചുകൊണ്ടിരുന്നപ്പോളാണ് പെരിങ്ങലക്കാടുകളില്‍ ഒരനക്കം അവള്‍ ശ്രദ്ധിച്ചത്, അവള്‍ ദേഹത്ത് സോപ്പ് തേച്ചുകൊണ്ടിരിക്കുകയായിരുന്നു. പെണ്ണുങ്ങള്‍ കുളിക്കുന്നിടത്ത് ഒളിഞ്ഞുനോക്കുന്നോ എന്ന് പറഞ്ഞ് അവള്‍ അതേപോലെ അവിടേക്ക് ചെല്ലുന്നു. ഒളിഞ്ഞുനോട്ടക്കാരനെ കൈയ്യോടെ പിടിക്കുന്നു. അവള്‍ അത്ഭുതപ്പെടുന്നു.
''നീയോ?'' അന്നമ്മ മന്ത്രിച്ചു: 'നീയ് ഇങ്ങനെ ചെയ്യുമെന്നു ഞാന്‍ കരുതിയില്ല. ഇന്നു പ്രത്യേകിച്ച് നീ പാപം ചെയ്യാന്‍ പാടുണ്ടോ?'
''അവന്റെ തോളുകളില്‍ പിടിച്ചുകൊണ്ട് അന്നമ്മ ചോദിച്ചു: 'കുഞ്ഞനിയാ, നിനക്ക് ഈ തോട്ടുവക്കത്ത് വരണമായിരുന്നോ എന്നെ കാണാന്‍? ഇത്രയേയുള്ളൂ നിന്റെ ശക്തി?''
അല്ലെങ്കില്‍, അവളുടെ മുപ്പത്തിമൂന്നാം പിറന്നാള്‍ വരെയും, ഈശോ, അന്നമ്മയ്ക്ക് ഒരു കൂട്ടുകാരനായിരുന്നുവെങ്കില്‍ ഇപ്പോള്‍ അവന്‍ അന്നമ്മയ്ക്ക് അനുജനാണ്. കാരണം യേശു അവന്റെ മുപ്പത്തിമൂന്നാം വയസ്സിലേക്ക് എത്തുന്നതിനും മുമ്പേ കൊല്ലപ്പെട്ടിരുന്നു. അന്ന്, ദുഖവെള്ളിയാഴ്ചയില്‍, അന്നമ്മ ഓര്‍ത്തത് തന്നെക്കാള്‍ അവനെപ്പറ്റിയും ആയിരുന്നു. പള്ളിയിലെ ആളുകള്‍ക്കും കൂട്ടപ്രാര്‍ത്ഥനകള്‍ക്കും മീതെ അവന്റെ രക്തസ്‌നാതമായ മരണത്തിന്റെ ഓര്‍മയിലായിരുന്നു അന്നമ്മ. പിന്നെ അതീവമായ ഒരലിയലോടെ അവള്‍ ഇങ്ങനെ പറയുന്നുമുണ്ട്; നിനക്കൊന്നും നേടാന്‍ കഴിഞ്ഞില്ല. എല്ലാം വെറുതെ, വെറുതെ...
ഇപ്പോള്‍ ആര്‍ക്കുവേണ്ടിയാണ് അവള്‍ ദുഖിച്ചതും കരഞ്ഞതും എന്ന്, ഒരു വേള, നമുക്ക് തോന്നും, ഒരേസമയം അത് യേശുവിനും അവള്‍ക്കും വേണ്ടിയും ആണെന്നും തോന്നും. സഹനത്തിന്റെ കദനകഥയാണ് അത്. എന്നാല്‍, സക്കറിയ അവതരിപ്പിക്കുന്ന അവസാനത്തെ ഈ 'ഒളിഞ്ഞുനോട്ടക്കാരന്‍', അന്നമ്മയുടെ മുപ്പത്തിമൂന്നു വര്‍ഷം മാത്രമുള്ള ജീവിതത്തെ പിന്തുടര്‍ന്ന അവളുടെ പ്രിയന്‍, 'യേശു'വത്രെ. അവന് അവളുടെ ശരീരത്തിന്റെയും മനസ്സിന്റെയും വേദന അറിയാം.
'ഇന്ന് നീ എനിക്കുവണ്ടി എത്രയോ കരഞ്ഞു.' ചെറുപ്പക്കാരന്‍ പറഞ്ഞു: ''ഇന്ന് നിന്നെ ആശ്വസിപ്പിക്കാനായി ഞാന്‍ വന്നതാണ്. ഈ ഒഴുക്കുവെള്ളത്തിന്റെ ശുദ്ധിയില്‍ നീ നില്‍ക്കുമ്പോഴല്ലേ, എല്ലാ പണിയുമൊഴിഞ്ഞ് നീ നിന്റതു മാത്രമായി ഒരു നിമിഷം നില്‍ക്കുമ്പോഴല്ലേ ഞാന്‍ നിന്നെ കാണാന്‍ വരേണ്ടത്, ചേച്ചീ? പെട്ടെന്നെന്നെക്കണ്ട് ഭയപ്പെട്ടാലോ എന്ന് കരുതി ഞാന്‍ ഒളിഞ്ഞതാണ്.'' പിന്നെയാണ് അന്നമ്മ ചെറുപ്പക്കാരന്റെ കൈകളില്‍ കിടന്നുകൊണ്ടുതന്നെ മരിക്കുന്നത്.
ചെറുപ്പക്കാരന്‍ അന്നമ്മയുടെ രണ്ടുകൈകളും തന്റെ കൈകളിലെടുത്ത് തന്റെ ചുണ്ടുകളിലമര്‍ത്തിയ ശേഷം മെല്ലെ ചരിഞ്ഞുകൊണ്ടിരുന്ന അന്നമ്മയെ താങ്ങുന്നു. അവളുടെ തളര്‍ച്ചയില്‍ അവളെ താങ്ങാന്‍ മാത്രം വന്നതാണ് എന്ന് അവളോട് മന്ത്രിക്കുന്നു. തന്നെപ്പറ്റിയും അവന്‍ അന്നമ്മയോടു മന്ത്രിക്കുന്നു: എനിക്കിന്നും ശക്തിയൊന്നുമില്ല. പിന്നെ, അന്നമ്മയുടെ ശരീരം പുല്ലുകളില്‍ കിടത്തിയിട്ട് കാര്‍മേഘങ്ങളിലൊരു ചെറുകൊള്ളിയാനായി ചെറുപ്പക്കാരന്‍, മാഞ്ഞു പോകുന്നു.
കുളക്കരയില്‍ കിടക്കുന്ന അന്നമ്മയുടെ ശവം ആദ്യം കാണുന്നത് അവളുടെ ആങ്ങളയാണ്. ഈ ആങ്ങളയെ സക്കറിയ പരിചയപ്പെടുത്തുന്നത് 'ബീഡിവലിയിലും മുഷ്ടിമൈഥുനത്തിലും' രഹസ്യമായി സന്തോഷിക്കുന്ന ആള്‍ എന്നാണ് ഒരിക്കല്‍ അന്നമ്മ ഇതുരണ്ടും ചെയ്തുകൊണ്ടിരിക്കുന്ന അനുജനെ കാണുന്നുമുണ്ട്. അഥവാ, അവളുടെ ശരീരത്തെയും അവളുടെ ശരീരത്തിന്റെ പാപ സന്ദര്‍ശനത്തെയും സക്കറിയ കഥയിലുടനീളം പിന്തുടരുന്നു. അഥവാ, രണ്ട് 'സഹോദരങ്ങളുടെ നോട്ട'ത്തിലാണ് അന്നമ്മ, എന്ന 'കന്യക'യുടെ, ശുദ്ധമായ ഉടല്‍, ഇപ്പോള്‍ സമാധാനത്തോടെ കിടക്കുന്നത്. യേശു തന്റെ ചേച്ചിയെ, തന്നെമാത്രം സ്‌നേഹിച്ച കന്യകയെ, അവളുടെ മരണത്തിലൂടെ തന്നിലേക്ക് അടുപ്പിച്ചുനിര്‍ത്തുന്നു. വര്‍ഗീസ് മത്തായി, അന്നമ്മയുടെ അനിയന്‍, അവന്റെ ചേച്ചിയുടെ ശുദ്ധവും മരിച്ചതും അപ്പോഴും കന്യകയായിരുന്നതുമായ ഉടല്‍ കണ്ട് നിലവിളിച്ച് ഓടുന്നു.
കഥയുടെ വായനക്കാര്‍, നമുക്കറിയാം, പല തരത്തില്‍ പെടുന്നു. ലിംഗഭേദങ്ങള്‍കൊണ്ട് മാത്രമല്ല, രുചിഭേദങ്ങള്‍കൊണ്ടും. എന്നാല്‍, തങ്ങളുടെ എഴുത്തിനെ, അതിന്റെ ലാവണ്യാവസരങ്ങളെ, മാനുഷികമായ അനുഭവമാക്കുക എന്ന വെല്ലുവിളി ഓരോ എഴുത്തുകാരും അവരുടെ ഓരോ അവസരത്തിലും നേരിടുന്നു. കഥയുടെ വായനക്കാരിയും അതില്‍ പങ്കെടുക്കുന്നു. എങ്കില്‍, ഇന്ന് സക്കറിയയുടെ ഈ കഥ വായിക്കുമ്പോള്‍ അവള്‍ കടന്നുപോവുന്ന വായനാനുഭവം എന്താകും? എനിക്ക് തോന്നുന്നത്, ആദ്യം മുതല്‍ അവസാനം വരെയുള്ള 'ആണ്‍ നോട്ട'ത്തെ തന്നെയാകും അവള്‍ എന്തായാലും നേരിടുക എന്നാണ്. എങ്കില്‍, ഞാന്‍ നേരത്തെ സൂചിപ്പിച്ച സക്കറിയയുടെ കഥയിലെ നിരുപാധികമായ ആത്മീയതപോലും ഇതേ 'ആണ്‍ നോട്ട'ത്തിന്റെ ശീതളിമയിലാണ് എന്നും വരുന്നു. അത് അത്ര നിഷ്‌കളങ്കമല്ലതാനും.
ജീവിതംപോലെ കഥകളും യാദൃച്ഛികതകളുടെ സംഭാവനയാണ്. അല്ലെങ്കില്‍, ഓര്‍ത്തു നോക്കു, എന്റെ ആ യാത്ര; നാട്ടുമ്പ്രത്തേക്ക്. പള്ളിയും കുരിശും കണ്ട്. ഒടുവില്‍ മിന്നിമാഞ്ഞ ആ കുളം...
ജീവിതം ചെറുകഥകള്‍ക്കും ക്ലാസ് എടുക്കുന്നു.
(സക്കറിയയുടെ ഈ കഥ 'ഒരു നസ്രാണി യുവാവും ഗൗളിശാസ്ത്രവും'(1983) എന്ന സമാഹാരത്തില്‍ നിന്നാണ്)
Content Highlights: Asharamprathi, Karunakaran, Paul Zacharia, Short story Annamma teacher oru ormakurippu
Published: 06 Sept 2023, 02:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented