'ഒരാളുടെ അമ്മ മരിക്കുമ്പോള്‍ അയാളുടെ കുട്ടിക്കാലം ഓര്‍മിക്കുന്ന ഒരേയൊരാള്‍ മരിച്ചു എന്നാണര്‍ത്ഥം'- ഇങ്ങനെയൊരു വരി ഈയിടെ വായിച്ച ഒരു നോവലില്‍ കാണുമ്പോള്‍ എന്റെ അമ്മ മരിച്ച് കുറച്ചു ദിവസങ്ങള്‍ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. കുറച്ചുനേരം വീണ്ടും ഒരു വരികൂടി വായിക്കാനാകാതെ പുസ്തകം മടിയില്‍വെച്ച് ഞാന്‍ വെറുതെയിരുന്നു. ഒരാളുടെ കുട്ടിക്കാലം തീര്‍ച്ചയായും അയാളുടെ ചുറ്റുവട്ടത്തു തന്നെയുണ്ട്. പലപ്പോഴും അയാള്‍ അവിടെയെല്ലാം ചെന്നുപെടുന്നുമുണ്ട്. എന്നാല്‍, നിങ്ങളുടെ കുട്ടിക്കാലം ഓര്‍മിക്കുന്ന ഒരാള്‍, അയാള്‍ നിങ്ങളുടെ അമ്മ തന്നെ ആവട്ടെ, മരിക്കുമ്പോള്‍ നിങ്ങളുടെ കുട്ടിക്കാലത്തിന്റെ ഒരു നേര് അയാള്‍ കൊണ്ടുപോകുന്നു.  എങ്കില്‍ സാഹിത്യത്തില്‍, നിങ്ങളുടെ വായനയില്‍, അങ്ങനെയൊരു ഓര്‍മയോ നഷ്ടപ്പെടലോ എങ്ങനെ തിരയും?

To advertise here,

ഈ ദിവസങ്ങളില്‍ത്തന്നെയാണ് ഞാന്‍ ജയശ്രീ കളത്തിലിന്റെ  “The Sackclothman” (Eklavya Foundation – Bhopal) എന്ന  മനോഹരമായ  പുസ്തകവും വായിക്കുന്നത്.  കുട്ടികള്‍ക്കു വേണ്ടി ഇംഗ്ലീഷിൽ  എഴുതപ്പെട്ട 'നീണ്ട കഥ'യാണത്. അഥവാ, കുട്ടികളുടെ നോവെല്ലയാണത്. ജയശ്രീ തന്നെ ചെയ്ത ഇതിന്റെ മലയാള പരിഭാഷയും, "ചാക്കുപ്രാന്തൻ ",  ഇംഗ്ലീഷിലെ ആദ്യപതിപ്പിനൊപ്പം,   ഇതേ വർഷത്തിലാണ് (2008)  ഡി സി ബുക്സ് പ്രസിദ്ധീകരിയ്ക്കുന്നത്. ജയശ്രിയുടെ  ഈ  പുസ്തകം, The Sackclothman   2021 ലും 2022 ലുമായി വീണ്ടും  വരുമ്പോള്‍ പുസ്തകങ്ങളുടെ ലിസ്റ്റില്‍, അതിനെ പരിചയപ്പെടുത്തുന്നത്,  “ഇന്ത്യയിലെ എല്ലാ  കുട്ടികളും വായിച്ചിരിക്കേണ്ട 10 പുസ്തകങ്ങളില്‍ ഒന്നുമാണ്”.

കുട്ടികള്‍ക്കുവേണ്ടി എഴുതുമ്പോള്‍ നിങ്ങള്‍ കുട്ടിയാവുകയല്ല, പകരം നിങ്ങള്‍ നിങ്ങളുടെ കുട്ടിക്കാലത്തെ ഭാവന ചെയ്യുകയാണ്. നിങ്ങളുടെ കുട്ടിക്കാലത്തെ ഏതെങ്കിലും ഒരനുഭവം നിങ്ങള്‍ എഴുതുകയല്ല ചെയ്യുന്നത്. പകരം, നിങ്ങളുടെ കുട്ടിക്കാലമെന്ന ജീവിതാനുഭവത്തെ വീണ്ടും ഭാവന ചെയ്യുകയാണ്. അതുകൊണ്ടാകാം,  'ചാക്കുപ്രാന്തന്‍'(The Sackclothman), ഈ കഥയിലെ നായകന്‍, ഒരു കുട്ടി തന്റെ കുട്ടിക്കാലത്തിനുവേണ്ടി കണ്ടുപിടിച്ച 'മുതിര്‍ന്ന ആളാണ്'. മുതിരുക എന്നാല്‍ ദുഃഖത്തെയും സന്തോഷത്തെയും സന്ദര്‍ശിക്കാന്‍ ഒരാളെ പ്രാപ്തമാക്കുന്ന എന്തോ ഒന്നിന്റെ പേരു കൂടിയത്രെ!

'The big clock on the wall behind Fatima Teacher's desk showed three minutes to four. Aayamma was already walking towards the west veranda to ring the bell. And that would be the end of this school year. Tomorrow, the summer holidays would begin.' ഈ വരികളിലൂടെയാണ് അനു- ചാക്കുപ്രാന്തന്റെ കഥ പറയുന്ന പെണ്‍കുട്ടി, ആ അവധിക്കാലത്ത് താന്‍ എഴുതാനോ പറയാനോ അനുഭവിക്കാനോ പോകുന്ന കഥ പറഞ്ഞുതുടങ്ങുന്നത്. അമ്മയുടെ രോഗത്തിനും നാല് മാസവും ഇരുപത്തിമൂന്നു ദിവസത്തിനുംമുമ്പ് മരിച്ച സജിചേച്ചിയുടെ ഓര്‍മക്കും ജീവിതത്തില്‍നിന്നു തെറിച്ചുനില്‍ക്കുന്ന അച്ഛന്റെ സാമീപ്യത്തിനുമിടയില്‍ ഒരു കിളിക്കൂടുപോലെ തൂക്കിയിട്ടിരിക്കുകയാണ്. അല്ലെങ്കില്‍, ഈ ദിവസങ്ങളില്‍ അനുവിന്റെ ബാല്യം തന്നെ: ചെറിയ കാറ്റ് മതി അത് പൊട്ടി വീഴും. എങ്കില്‍ അത്ര കരുതലില്‍ വേണം തൂങ്ങി നില്‍ക്കാന്‍. The Sackclothman അങ്ങനെയൊരു കഥ പറയുന്നു.

ബാല്യമാണ് നമ്മുടെയൊക്കെ ജീവിതത്തെ ആദ്യമായും അവസാനമായും മുഴുവനായി കാണുന്നത് എന്ന് വിചാരിക്കാം: അത്രമേല്‍, ബാല്യം മരണവുമായി ചേര്‍ന്നുനില്‍ക്കുന്നു. സത്യജിത്ത് റായ്‌യുടെ ചലച്ചിത്രത്തില്‍ (Pather Panchali -1955) അപുവിന്റെ ബാല്യത്തെ സന്ദര്‍ശിക്കുന്ന മരണങ്ങള്‍ പിന്നീട് അയാളുടെ 'മുതിരലിനെ', മുന്നോട്ടുകൊണ്ടുപോകുന്നത് ഓര്‍മ വരുന്നു. ജയശ്രീയുടെ കഥയിലെ 'കുട്ടി', തന്നെ, (ഒരു പക്ഷെ, ലോകമെങ്ങുമുള്ള ബാല്യത്തെയും) നോക്കിനില്‍ക്കുന്ന 'ഭ്രാന്തി'നെയാണ് കഥ കൊണ്ട് നേരിടുന്നത്. 'നാട്ടിലെ പ്രാന്തന്‍' ആദ്യം പേടിയായും പിന്നെ സ്നേഹമായും പിന്നെ ജീവിതത്തിലേക്കുതന്നെ കലരുന്ന വിയോഗമായി മാറിയതും അവള്‍ പറയുന്നു. 

എല്ലാ ഗ്രാമത്തിലും ഒരു ഭ്രാന്തനുണ്ട്. എല്ലാ ഗ്രാമത്തിലും ബാല്യവും മരണവുമുണ്ട്. ഏതെങ്കിലും ഒരാള്‍ ഒരു കുട്ടിക്ക് അവളുടെ ജീവിതത്തിന്റെ ആദ്യത്തെ ഓര്‍മയില്‍നിന്നു കിട്ടുന്നു. എല്ലാ കുട്ടികളും അവരുടെ ഒരു ഘട്ടത്തിലെങ്കിലും ഏതെങ്കിലും ഒരു കഥയില്‍ കുടുങ്ങിനില്‍ക്കുന്നു. ഒരു പക്ഷെ, അയാളുടെ 'ബാലസാഹിത്യ'ത്തിന്റെ ശേഖരവും അതാണ്. കഥകള്‍ കേട്ട് മുതിരുക മാത്രമാണ് ജീവിതംകൊണ്ട് ഒരാള്‍ നേടുന്നതെന്ന്‌ 'ബാലസാഹിത്യം' വായിക്കുമ്പോള്‍ നമുക്ക് തോന്നുന്നു.

'ചാക്കുപ്രാന്ത'ന്റെ കഥ പറയുമ്പോള്‍ അനു ഒരു ഭ്രാന്തന്റെ കഥയല്ല പറയുന്നത്. അവള്‍ അവളുടെ അമ്മയുടെ കഥ പറയുന്നു. അവളുടെ മരിച്ചുപോയ ചേച്ചിയുടെ കഥ പറയുന്നു. അവളുടെ അച്ഛന്റെ കഥ പറയുന്നു. അവളുടെ സ്‌കൂളിന്റെയും അവളുടെ കൂട്ടുകാരിയുടേയും കഥ പറയുന്നു. അവളുടെ പുസ്തകങ്ങളുടെയും കഥ പറയുന്നു.  അങ്ങനെ തന്റെ അവധിക്കാലത്തെ അവള്‍ എക്കാലത്തേക്കുമായി ജീവിതത്തിലേക്ക് കയറ്റി നിര്‍ത്തുന്നു.

തന്റെ നാട്ടില്‍, കോട്ടക്കലില്‍, ഉണ്ടായിരുന്ന ഒരാളെപ്പറ്റിയാണ് ജയശ്രീ തന്റെ കഥയിലെഴുതിയത് എന്ന് പറയുന്നു: ചാക്കുകള്‍ വസ്ത്രങ്ങളാക്കി ഉടുത്ത് തെരുവിലും കടത്തിണ്ണകളിലും കഴിഞ്ഞ ഒരാള്‍ ഇപ്പോള്‍ ഓര്‍മ മാത്രവും. എന്നാല്‍, കഥയിലെ ബാല്യം സാര്‍വജനീനമായ ഒന്നായി മാറുന്നത് ലളിതമായ 'കഥ പറച്ചിലിലൂടെ'യാണ് (Story telling), എല്ലാ കുട്ടികളും കഥ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നപോലെ. എന്നാല്‍, കഥയുടെ വിഷയമാകുന്ന 'ഭ്രാന്ത്' ആര്‍ദ്രവും കരുതലുമുള്ള സാമീപ്യമാവുന്ന കലയാണ് ഈ പുസ്തകത്തെ മനോഹരമാക്കുന്നത് - Rakhi Peswani വരച്ച ചിത്രങ്ങള്‍ക്കും ഒപ്പം. അത് കുട്ടികളുടെ കഥയുമാവുന്നു.

ഈ പുസ്തകം വായിക്കുമ്പോള്‍ ഞാന്‍ മറ്റൊരു കഥ കൂടി ഓര്‍ക്കുന്നുണ്ടായിരുന്നു. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടിലും ഒരു 'പ്രാന്ത'നുണ്ടായിരുന്നു. അയാള്‍ റോഡിലൂടെ പോകുമ്പോള്‍ ഏതോ ഒരു പെണ്ണിന്റെ പേര് വിളിച്ച് ഞങ്ങള്‍ സ്‌കൂള്‍  കുട്ടികള്‍ പിന്നാലെ ചെല്ലും, അയാള്‍ക്ക് കൂടുതല്‍ 'പ്രാന്താവും'. വലിയ ആളുകള്‍ മറഞ്ഞുനിന്ന് അയാളെ അതേ പെണ്ണിന്റെ പേര് വിളിക്കും. ഒരു പകല്‍ മുഴുവന്‍ അയാള്‍ ക്ഷോഭത്തോടെ ഗ്രാമം ചുറ്റും. കലി ബാധിച്ച നളന്റെ കലങ്ങിയ കണ്ണുകളോടെ.  ഇന്നോര്‍ക്കുമ്പോള്‍ അത് മറ്റൊരു 'കഥ'കൂടി തരുന്നു. അയാളെ കളിയാക്കിയിരുന്നതും ക്ഷോഭിപ്പിച്ചിരുന്നതും 'ആണുങ്ങള്‍' ആയിരുന്നു. ഗ്രാമങ്ങള്‍, അക്കാലത്ത്,  മുഴുവനായും ആണുങ്ങളുടെ കൈയ്യിലുമായിരുന്നു. ആ ഗ്രാമത്തില്‍ ആണ്‍കുട്ടികള്‍ക്ക് അവരുടെ കുട്ടിക്കാലം വേഗം നഷ്ടമാവുന്നു.

സുമംഗലയെപ്പോലുള്ള എഴുത്തുകാരാണ് കുട്ടികളെ കരുതലോടെ കണ്ടത്.  'Harry Potter' ആദ്യമായി വായിക്കുന്ന തലമുറ ഇന്ന് യുവാക്കളായിരിക്കുന്നു. അത് ലോകമെങ്ങും നിറഞ്ഞുനില്‍ക്കുന്ന ജീവിതത്തിന്റെയും ഭാവനയുടെയും സര്‍ഗ്ഗാത്മകതയുമാണ്. അവര്‍ കവികളും കഥാകൃത്തുക്കളും നോവലെഴുത്തുകാരുമാണ്. രുചികളില്‍ വേറൊരു ഭാവുകത്വത്തെ അവര്‍ അവതരിപ്പിക്കുന്നു.  

ജയശ്രീയുടെ ഒരു പഠനവിഷയം 'ഭ്രാന്ത്'(Madness) ആണ് എന്നറിഞ്ഞപ്പോള്‍ ഞാനീ 'പ്രാന്തന്റെ കഥ', 'The Sackclothman', വീണ്ടും മറ്റൊരു കൗതുകത്തോടെ ഓര്‍ത്തു. സാഹിത്യത്തില്‍, വിശേഷിച്ചും ഫിക്ഷനില്‍, ഭ്രാന്ത് കലരുന്നത് പലപ്പോഴും ഓര്‍മയിലൂടെയുമാണ്. 'നീ എല്ലാം മറന്നുപോകട്ടെ!' എന്ന് ആരെങ്കിലും ഒരാളെ ശപിക്കുന്ന ദേവതകളെ നമ്മുടെ തന്നെ ഇതിഹാസങ്ങളില്‍ കാണുമ്പോള്‍ ഞാന്‍ അയാളെ പ്രതി ഓര്‍ക്കുന്ന പോലെ സാഹിത്യത്തിന്റെ വലിയൊരു ഊര്‍ജ്ജത്തെയും ഓര്‍ക്കുന്നു; 'ഓര്‍മിക്കുക'. സാഹിത്യത്തിന്റെ നിലയ്ക്കാത്ത ഉറവ, ആ ഉറവ ആദ്യം ഉണരുന്നത് ഒരാളുടെ ബാല്യത്തിലും വായനയിലുമാണ്. എങ്കില്‍ ആ ഉറവയെ ശപിക്കുന്ന ദേവത സാഹിത്യത്തിനുനേരെ ഉയര്‍ത്തിയത് വമ്പിച്ച വെല്ലുവിളിയുമായിരുന്നു.