ഞാന്‍ വിചാരിക്കുന്നതാണ്: മാധവിക്കുട്ടിക്ക്, മലയാളസാഹിത്യത്തില്‍ ഒറ്റയ്ക്കുനിന്ന എഴുത്തുകാരിക്ക്, കഥയിലോ എഴുത്തിലോ ഒരു പിന്തുടര്‍ച്ചയുണ്ടായില്ല. സാഹിത്യത്തില്‍ ഒരു തുടര്‍ച്ച ഏതുഭാഷയിലും  ഉണ്ടാവുമെന്നറിയുമ്പോഴും മാധവിക്കുട്ടിയുടെ രചനാലോകത്തെ ഓര്‍ത്താല്‍ അങ്ങനെയൊരു തുടര്‍ച്ച കാണില്ല. ഏറ്റവും പുതിയ തലമുറയിലെ എഴുത്തുകാരെ, അവര്‍ കഥാകൃത്തുക്കളും കവികളും ആവട്ടെ    മാധവിക്കുട്ടി സ്വാധീനിയ്ക്കുന്നില്ല. 'ശരീരത്തിന്റെ സ്വയംനിര്‍ണയ രാഷ്ട്രീയം' മാധവിക്കുട്ടിയുടേയും പിന്നീട് വന്ന എഴുത്തുകാരുടെയും പൊതുവായ പ്രമേയമായിരുന്നപ്പോഴും അവരുടെ എഴുത്തും കൃതികളും  വ്യത്യസ്തമായി. അല്ലെങ്കില്‍, അങ്ങനെയൊരു തുടര്‍ച്ചയെ കണ്ടുപിടിക്കേണ്ടതുണ്ടോ?  

To advertise here,

'പെണ്‍പക്ഷവാദ'ത്തെ 'പെണ്ണെഴുത്ത്' എന്ന് പൊള്ളയായതും പ്രചാരം കിട്ടിയതുമായ ലക്ഷണയുക്തമായ  സാഹിത്യചര്യയാക്കിയത് മലയാളത്തിലെ ആണെഴുത്താണ്. അതിന്റെ പ്രധാനലക്ഷ്യം ഒരു മുഖ്യധാരാ സാഹിത്യത്തെ അജയ്യമായി തുടരുന്ന ഒന്നെന്നുറപ്പിക്കുക എന്നും ബാക്കി എന്തും അതിന്റെ പല കൈവഴികള്‍ മാത്രമെന്നും അവതരിപ്പിക്കുക എന്നുമായിരുന്നു. എങ്കില്‍, ഈ പരികല്പനയെ അനുസരിക്കാത്ത, ചിലപ്പോള്‍ സ്വയംഭൂ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഒരു തന്‍ -ഇടം തന്റെ എഴുത്തിനുണ്ട് എന്ന് ഉറപ്പിക്കുകയായിരുന്നു, മാധവിക്കുട്ടി ചെയ്തത്. ഇത്, 'മുഖ്യധാരയ്ക്ക്' എതിരേ നീങ്ങുന്ന ഒന്നുമായിരുന്നു.

ആധുനികതയുടെ കാലത്താണ് മാധവിക്കുട്ടിയുടെ പ്രസിദ്ധങ്ങളായ പല കഥകളും പ്രത്യക്ഷപ്പെടുന്നത്. ആ കാലത്തെ ശ്രദ്ധേയങ്ങളായ രചനകളായിത്തന്നെ അവ അക്കാലത്തുതന്നെ വായിക്കപ്പെടുന്നുമുണ്ടായിരുന്നു.  എന്നാല്‍, പാരമ്പര്യവുമായി ഇടഞ്ഞുനില്‍ക്കുന്ന ആധുനികതയുടെ സമരമുഖത്ത് മാധവിക്കുട്ടി നിന്നതുമില്ല.   ആധുനികതയുടെ വിശേഷങ്ങളായ ഇതിവൃത്തങ്ങള്‍ അക്കാലത്തെ കഥാകൃത്തുക്കള്‍ അവതിരിപ്പിക്കുമ്പോഴായിരുന്നു മാധവിക്കുട്ടിയുടെ ഈ വേര്‍പെട്ട എഴുത്ത്. അതിനവര്‍ കൈക്കൊണ്ട ഒരു രീതി തന്റെതന്നെ അനവധി പിളര്‍പ്പുകളെ സമാഹരിക്കാന്‍ ശേഷിയുള്ള ഒരു 'ഞാന്‍' അവതരിപ്പിക്കുക എന്നായിരുന്നു. ആ 'ഞാന്‍' സംഭരിക്കുന്ന വൈകാരികാവശ്യം ഒരു സാഹിത്യത്തിന്റെ തന്നെ ആവശ്യമായി അവതരിപ്പിക്കുക എന്നായിരുന്നു. അപ്പോഴും, ആധുനികതയുടെ 'നാഗരിക ഞാന്‍' ആയിരുന്നില്ല മാധവിക്കുട്ടിയുടെ ഞാന്‍. പാരമ്പര്യത്തിന്റേയും ഭാഷയുടേയും ദേശത്തിന്റേയും സ്വാഭാവികമായ ഒരു ഉത്പ്പത്തി തന്റെ ഈ 'ഞാന്‍'ന് ഉണ്ട് എന്ന് അവര്‍ ഉറപ്പാക്കി. മാധവിക്കുട്ടിയുടെ എഴുത്തിന്റെ കേന്ദ്രബിന്ദുവും അതായിരുന്നു. പിറകെ വന്ന തലമുറയിലെ എഴുത്തുകാര്‍- ഏറ്റവും പുതിയ എഴുത്തുകാര്‍ വരെ  മാധവിക്കുട്ടിയുടെ ഈ 'ഞാന്‍'-നെ പിന്തുടരുകയുണ്ടായില്ല എന്നാണ് വസ്തുത. 

ആധുനികതയുടെ ഒരു രീതി, അല്ലെങ്കില്‍ ആധുനികതയെ തിരിച്ചറിയുന്ന ഒരു രീതി, പാരമ്പര്യവുമായുള്ള അതിന്റെ കുതറലാണ്. അതാകട്ടെ, സമൂഹത്തിനും സാഹിത്യത്തിനും സമ്മാനിക്കപ്പെടുന്ന ആജീവനാന്ത വിധിയോ അഭിമുഖീകരണമോ ആണ്. മതത്തിന്റേയും വിശ്വാസങ്ങളുടെയും പടര്‍ച്ചകളെ  വിമര്‍ശനാത്മകമായി അത് പരിശോധിക്കുന്നു. അത്തരമൊരുരീതി മാധവിക്കുട്ടിയുടെയും എഴുത്തിന്റെ കാതല്‍തന്നെയാണ്. എന്നാല്‍, അവരുടെ 'ഞാന്‍' ആധുനികതയുടെ പരിമിതിയെയും അത്രതന്നെ വെളിപ്പെടുത്തുന്നുമുണ്ടായിരുന്നു. അവരുടെ എഴുത്തിന്റെ ഊര്‍ജസ്രോതസ്സ് (ജാതി, കുടുംബം, സാമൂഹ്യബോധം) തന്നെ പരമ്പരാഗതമായ സാഹിത്യലക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ്  'ആധുനികത'യുടെ വിഖ്യാതങ്ങളായ 'പരീക്ഷണങ്ങള്‍' അത് ബോധപൂര്‍വ്വം ഉപേക്ഷിക്കുന്നു. 'ഒരാള്‍ അയാളുടെ ചുറ്റുപാടും ഉള്ളതിനെ എഴുതുക' എന്ന പൊതുവിശ്വാസത്തെ അത് സാഹിത്യത്തില്‍ പ്രതിനിധീകരിക്കുന്നു. മാധവിക്കുട്ടിയുടെ 'കഥാലോകം' വളരെ അപൂര്‍വ്വം മാത്രം അത്തരം സന്ദര്‍ഭങ്ങള്‍ വേണ്ടാ എന്ന് വെച്ചു. അല്ലെങ്കില്‍, ആ എഴുത്തിന്റെ പരിസ്ഥിതി കൃത്യമായി പ്രവചിക്കപ്പെട്ടതായിരുന്നു.

'ജന്മനാ റിബല്‍' എന്ന് തോന്നിപ്പിക്കുന്ന 'പുതുമ' പോലും അവരുടെ എഴുത്തിന്റെ ഈ  പൊതുവിശ്വാസത്തില്‍ നിന്നും വേര്‍പ്പെടുന്നില്ല. എങ്കില്‍, എന്തുകൊണ്ടാണ് മാധവിക്കുട്ടിയെ 'അസാധാരണയായ എഴുത്തുകാരി' എന്ന് നമ്മള്‍ കണ്ടുമുട്ടുന്നത്? തീര്‍ച്ചയായും അതിന്റെ പ്രധാന കാരണം   തന്റെ സാഹിത്യത്തെ 'കല'യായി നിലനിര്‍ത്താനുള്ള അവരുടെ നിരന്തര ശ്രമംതന്നെയാണ്. ആ ശ്രമത്തില്‍   തന്നെ പരാജയപ്പെടുത്താന്‍ അവര്‍ 'കാല'ത്തേയോ 'നടപ്പ് സാഹിത്യ'ത്തേയോ അനുവദിച്ചതുമില്ല. എന്നാല്‍, മാധവിക്കുട്ടി അടക്കമുള്ളവരുടെ ഇത്തരം ശ്രമങ്ങളെ സാമാന്യവല്‍ക്കരിയ്ക്കുകയായിരുന്നു ഇതിനകം പ്രസിദ്ധമായ 'പെണ്ണെഴുത്ത്' എന്ന പ്രയോഗത്തിലൂടെ സംഭവിച്ചത്. വളരെ ലളിതവും ഉദാസീനവുമായ ഈ പ്രയോഗം നമ്മുടെ കലാവിമര്‍ശത്തിന്റെ ഉദാസീനമായ പ്രവര്‍ത്തിയുമായിരുന്നു.

വ്യത്യസ്തമായ സ്ഥലമോ സന്ദര്‍ഭമോ അടയാളപ്പെടുത്തുന്ന ഒരു കല ഓരോ എഴുത്തുകാരും നിര്‍മ്മിക്കുന്നു എന്നാണെങ്കില്‍ അതിനെ അര്‍ഥപൂര്‍ണമാക്കുന്ന എഴുത്തായിരുന്നു മാധവിക്കുട്ടിയുടേത്. അവരുടെ വായനക്കാര്‍ ശ്രദ്ധിച്ചതും അതാണ്. അക്കാലത്തും ഇപ്പോഴും. എന്നാല്‍, മാധവിക്കുട്ടി നിര്‍മിച്ച 'ഞാന്‍' ('എന്റെ' എന്നും 'നീ' എന്നും 'നിങ്ങള്‍' എന്നും ഈ ഞാന്‍ എപ്പോഴും വിഭജിക്കപ്പെടുന്നു) അതിന്റെ 'ജീവിത സാഹചര്യങ്ങള്‍'കൊണ്ടുതന്നെ പരിമിതയും പരിചിതയുമായ ഒരു ഞാനിനെയാണ് അവതരിപ്പിക്കുന്നത്.  മാധവിക്കുട്ടിയുടെ സാഹിത്യത്തെ അത് ഭൂ ഇടംപോലെ തരംതിരിച്ചിരിക്കുന്നു. എങ്കില്‍, ആ പരിമിതിയെയും പരിചിതത്വത്തെയുമാണ് മാധവിക്കുട്ടിയുടെ പിന്‍തലമുറ തങ്ങളുടെ കലയ്ക്കുവേണ്ടി ഉപേക്ഷിക്കുന്നതും. ഞാന്‍ വിചാരിക്കുന്നു,  ഇതാണ്, മാധവിക്കുട്ടിയ്ക്ക് ഒരു തുടര്‍ച്ചയില്ലാതാവാന്‍ കാരണമായത്. മാധവിക്കുട്ടിയെ, ആ 'എഴുത്തുകാരി വ്യക്തിത്വ'ത്തെ, ഒരു 'കള്‍ട്ട്' എന്ന് കണ്ട് പിന്നീട് എഴുതിയ ചിലരെങ്കിലും അരോചകമായ ഒരു ഭാവനയെ അവതരിപ്പിക്കുമ്പോഴും.

എല്ലാ എഴുത്തുകാരികളിലും, എല്ലാ സ്ത്രീകളിലും ഒരു മാധവിക്കുട്ടിയുണ്ട്, മാധവിക്കുട്ടിയുടെ എല്ലാ   കഥകളും ആത്മകഥകളായാണ് വായിച്ചതെന്നും അവരുടെ ആത്മകഥ പോലും ഭാവനാത്മകമാണെന്നുമുള്ള  രണ്ട് അതിവായനകള്‍ക്കിടയില്‍, ഇപ്പോഴും നമ്മള്‍ മാധവിക്കുട്ടിയെ കാണാറുണ്ട്. നമ്മുടെ സാഹിത്യത്തില്‍ പെട്ടെന്ന് സര്‍വ്വസമ്മതമാവുന്ന രുചിയില്‍ ഈ രണ്ട് വാദങ്ങള്‍ക്കും കൈയടി കിട്ടാറുണ്ട്. മാധവിക്കുട്ടിയുടെ എഴുത്ത്, അവരുടെ കാലത്തെ സാഹിത്യാഭിരുചിയ്ക്ക് അപരിചിതമായതൊന്നും  പ്രകാശിപ്പിച്ചിരുന്നില്ലെങ്കിലും അവരുടെ എഴുത്ത് 'നമ്മെ ഞെട്ടിച്ചു' എന്നത് നേരാണ്. സര്‍വ്വസമ്മതമായ റിയലിസം പോലെ സര്‍വ്വസമ്മതമായ കുടുംബജീവിതത്തിലെ കരുണയറ്റ 'സമൂഹ'ത്തിന്റെ പാര്‍പ്പും തന്റെ കഥകളില്‍  മാധവിക്കുട്ടി കൊണ്ടുവന്നിരുന്നു എന്നതിനാല്‍. എന്നാല്‍, ഇന്ന് ആ എഴുത്ത്, ആ 'ഞെട്ടല്‍' മാറ്റി അവയുടെ ലാവണ്യസാരത്തിലേക്ക് പ്രവേശിക്കേണ്ടതാണ്. പക്ഷെ മേല്‍പ്പറഞ്ഞ രണ്ടുതരം വാദങ്ങളും അത് തടയുന്നു. ചില ക്ഷേത്രങ്ങള്‍ അവയുടെ ആരാധകര്‍ക്ക് മാത്രമുള്ളതാണ് എന്ന മട്ടില്‍.  

എഴുത്തുകാരിയായ മാധവിക്കുട്ടിയെ വേറെയൊരു എഴുത്തുകാരിയിലും ഇനിയും കുഴിച്ചുനോക്കിക്കൂടാ. അതിലെത്ര പാരമ്പര്യം ഉണ്ടായിരിക്കുമ്പോഴും. എന്തെന്നാല്‍, തലമുറകള്‍ മാറുന്നത്,  സാഹിത്യത്തിലും, ഓര്‍മകളുടെകൂടി ഗുണകരമായ പിളര്‍പ്പുകളിലൂടെയാണ്. അങ്ങനെയാണ്, മലയാളത്തിലെ പുതിയ തലമുറയിലെ എഴുത്തുകാര്‍ അവരുടെ പ്രമേയങ്ങളെ മാറ്റിയത്. 'മാധവിക്കുട്ടി'യെ തങ്ങള്‍ക്കൊപ്പം കൂട്ടാതെ തന്നെ!   

വോള്‍ഗ തൊകാര്‍ചുക്ക് എഴുതിയ ഒരു ലേഖനമുണ്ട്: Eccentricity as Feminism (The Paris Review).  ആ ലേഖനം, ലിയൊനോറാ കാരിന്‍ന്ഗ്ടണ്‌ന്റെ നോവല്‍, The Hearing Trumpet നെ പറ്റിയാണ്. ഈ നോവല്‍, അസാധാരണവും ഭാവനയുടെ അത്ഭുതകരമായ ഉദ്യമവുമാണെന്ന് വോള്‍ഗ എഴുതുന്നു. വാസ്തവത്തില്‍, ഇത് ഒരു 'സര്‍റിയലിസ്റ്റിക് നോവല്‍' ആണത്രെ. ലിയൊനോറാ ഒരു പെയിന്ററും ആയിരുന്നു. വോള്‍ഗ തൊകാര്‍ചുക്ക് എഴുതുന്നു: Leonora Carrington recognizes this subversive, eccentric position of womanhood. In both her painting and her writing she has a marvelous way of subscribing to Andre Breton's belief in the need to align art with alchemy or occultism. She makes liberal use of our European esoteric imaginarium, while avoiding the pompous solemnity that often accompanies it.  ഇത് വായിക്കുമ്പോള്‍ ഞാന്‍ മാധവിക്കുട്ടിയെ ഓര്‍ത്തു.

വാസ്തവത്തിന്റെ പെരുക്കമോ അവാസ്തവത്തിന്റെ സത്യജീവിതമോ ആയല്ല, സര്‍റിയലിസം അതിന്റെ ഹ്രസ്വജീവിതത്തില്‍ അവതരിപ്പിക്കപ്പെട്ടത്. മറിച്ച്, യാഥാര്‍ഥ്യത്തിന്റെതന്നെ ഖനീഭവിച്ച ഒരു മുഴക്കം അറ്റുകിടക്കുന്നപോലെയാണ്, സര്‍റിയലിസം, ചിത്രങ്ങളിലും കഥകളിലും കവിതകളിലും പ്രത്യക്ഷപ്പെട്ടത്. മാധവിക്കുട്ടിയുടെ കവിതകളിലും കഥകളിലും ഹ്രസ്വമെങ്കിലും ഇത്തരം മുഹൂര്‍ത്തങ്ങളുണ്ടായിരുന്നു. എന്നാല്‍, മാധവിക്കുട്ടിയെ ഓര്‍ത്തത് ഈ ലേഖനത്തിന്റെ തലക്കെട്ട് (Eccentricity as Feminism) വായിച്ചപ്പോഴാണ്. യാഥാര്‍ഥ്യത്തെ വര്‍ത്തമാനത്തില്‍ നിന്നുമുള്ള കുതറലായി കാണുക. അല്ലെങ്കില്‍ വേര്‍പെടുത്തുക. അപ്പോഴും യാഥാര്‍ത്ഥ്യത്തെ അമ്മക്കപ്പലായി (Mother vessel)  അനുഭവിക്കുക. ഈ ഒരു രീതിയായിരുന്നു മാധവിക്കുട്ടിയുടെ എഴുത്തും ജീവിതത്തോടുള്ള ആഭിമുഖ്യവും കാണിച്ചിരുന്നത്. സാമാന്യവിരുദ്ധമായ, eccentric ആയ, ആ 'പെരുമാറ്റം' നമ്മുടെ സാഹിത്യത്തിലെ, പെണ്‍ജീവിതത്തിലേയും,  വാര്‍പ്പ്മാതൃകകളെ ഉലയ്ക്കുന്നുമുണ്ടായിരുന്നു. ഒരുപക്ഷെ വോള്‍ഗ തൊകാര്‍ചുക്ക് ആ തലക്കെട്ടുകൊണ്ട്  ഓര്‍മ്മിപ്പിച്ചതും അതാണ്.  എന്നാല്‍, Feminism-ത്തെ ഒരു 'രാഷ്ട്രീയ-ആവശ്യ'മായി മാത്രം കാണുന്നതോടെ ഈ Eccentricity അപ്രത്യക്ഷമാവുകയും ചെയ്യുന്നു. പക്ഷെ അങ്ങനെയല്ല വേണ്ടിയിരുന്നത്. We must do eccentric things. Where everyone is doing This, we must do That. While the whole center is noisily establishing its order, we shall remain on the periphery - we won't let ourselves be drawn into the center, we shall ignore it and surpass it. വോള്‍ഗ തൊകാര്‍ചുക്ക് എഴുതുന്നു. 

 മറ്റൊരിക്കല്‍ ഇതുപോലെ വേറൊരു ഓര്‍മയിലും ഞാന്‍ മാധവിക്കുട്ടിയെ കണ്ടുമുട്ടുന്നുണ്ട്; ''എഴുത്തുകാരന്‍, അല്ലെങ്കില്‍ എഴുത്തുകാരി, സുന്ദരനോ സുന്ദരിയോ ആയിരിക്കുമ്പോള്‍ അവരുടെ എഴുത്ത് മറ്റൊരു വിധത്തില്‍ക്കൂടി വായനക്കാരില്‍ മതിപ്പ് ഉണ്ടാക്കുന്നു, അവര്‍ തിരഞ്ഞെടുത്തത് അവരുടെ മോടിയല്ല മനസ്സിന്റെ സഞ്ചാരമാണ് എന്നതുകൊണ്ട്'' എന്ന അര്‍ഥം വരുന്ന ഒരാശയം ആല്‍ബേര്‍ കാമ്യുവിനെ കുറിച്ചുള്ള ഒരു ലേഖനത്തില്‍ ഞാന്‍ വായിക്കുകയുണ്ടായി. കാമ്യൂ സുന്ദരനായ എഴുത്തുകാരന്‍ എന്ന  സങ്കല്‍പത്തില്‍ നിന്നാണ് ആ ലേഖനം എഴുതിയിട്ടുള്ളത്. സുന്ദരനായ ആ എഴുത്തുകാരന്‍ എങ്ങനെയെല്ലാം തങ്ങള്‍ക്ക് ആകര്‍ഷണീയനായിരുന്നുവെന്ന് പലരും ഓര്‍ക്കുന്നുമുണ്ട്. ചുണ്ടില്‍ സിഗാറും കോളര്‍ നിവര്‍ത്തി വെച്ച കോട്ടും ധരിച്ചുള്ള കാമ്യുവിന്റെ ഫോട്ടോ അങ്ങനെ ഒന്നായിരുന്നു. ശാന്തമായ മുഖം, ജീവിതത്തിന്റെ അസംബന്ധതയിലും ജീവിതത്തിന് അര്‍ത്ഥം ഉണ്ടെന്ന് തിരയുന്ന ആള്‍, How can we make the world a little bit better tomorrow എന്നായിരുന്നു ഓരോ ഘട്ടത്തിലും കാമ്യുവിന്റെ  എഴുത്തുതന്നെ. കാമ്യുവിന്റെ സമകാലികനായിരുന്നു സാര്‍ത്രെ. ''സാര്‍ത്രെ സുന്ദരനായിരുന്നില്ല.'' ഒരിക്കല്‍ സുന്ദരിയായ ഒരു സ്ത്രീയുമായി 'അടുക്കാന്‍' അമിതമായി യത്‌നിക്കുന്ന സാര്‍ത്രിനെ കണ്ട കാമ്യു, എന്തുകൊണ്ട് ഇതൊക്കെ 'കൂള്‍' ആയി കൈകാര്യം ചെയ്തൂടാ എന്ന് ചോദിച്ചപ്പോള്‍, സാര്‍ത്രെ പറഞ്ഞത് 'നീ എന്റെ മുഖം കണ്ടിട്ടില്ലേ?''എന്നായിരുന്നുവത്രെ.  അതിനു മുമ്പുള്ള വരി ഇങ്ങനെയാണ്: The ugly man who thinks hard - Socrates or Sartre - is using his mind to make up for his face...തങ്ങളുടെ എഴുത്തിലൂടെ ഭാവനയുടെ ഇരുണ്ട ഇടങ്ങളിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാര്‍, ഒരു പക്ഷെ അവരുടെ 'ഭംഗി' കൊണ്ടുകൂടി തങ്ങളുടെ മനസ്സിനെ ആവിഷ്‌കരിക്കുന്നു. എഴുത്തില്‍ തങ്ങള്‍ കണ്ട ഇരുള്‍ മൂടിയ ഇടം ജീവിതത്തിന്റെ അര്‍ഥം തന്നെയായിരുവെന്ന് അവര്‍ തങ്ങളുടെ 'സുന്ദരമായ മുഖം'കൊണ്ടും പറയുന്നു.  ഞാന്‍ മാധവിക്കുട്ടിയെ ഓര്‍ത്തു.

മാധവിക്കുട്ടിയുടെ ഫോട്ടോകള്‍ ഓര്‍ത്തു നോക്കു: അവരുടെ എഴുത്തിന്റെ ഏതെല്ലാമോ അരികുകളില്‍ അവരുടെ രൂപഭംഗിയും കലരുന്നു. വളരെ സ്വാഭാവികമായ ആ കലരലില്‍ അവരുടെ എഴുത്തും അവരുടെ മുഖവും ഒരേപോലെ കണ്ടുമുട്ടുന്നു. (മാധവിക്കുട്ടിയുടെ ഫോട്ടോകളിലേക്ക് പിന്നീട് പറന്നുപോയ എഴുത്തുകാരികള്‍ മാധവിക്കുട്ടിയെപ്പോലെ പോസ് ചെയ്തപ്പോള്‍ ഒരുപക്ഷെ 'മിസ്' ചെയ്തത് തങ്ങളുടെതന്നെ മനസ്സിന്റെ സഞ്ചാരമായിരുന്നിരിക്കണം.) തീര്‍ച്ചയായും, ആരാണ് സുന്ദരന്‍ ആരാണ് സുന്ദരി എന്നോ അല്ലെങ്കില്‍ എങ്ങനെയെല്ലാമാകും സൗന്ദര്യമെന്നോ ആലോചിക്കുന്ന സന്ദര്‍ഭമല്ല. മറിച്ച്, ഒരാളുടെ  മനോവ്യാപാരം തന്നെയാണ് അയാളുടെ എഴുത്തും എന്ന് ഓര്‍ക്കുകയാണ്.  

'വെറുതെ എന്തൊക്കെയോ ആലോചിച്ചു' എന്ന് പിന്‍വാങ്ങുന്ന ഒരു സാധരണ ഇടത്തിലേക്കാണ് ഓരോ എഴുത്തുകാരും കയറി ചെല്ലുന്നത്. ആ ഇടത്തെയാണ് അവര്‍ അസാധാരണമാക്കുന്നത്. ഒടുവില്‍  സാഹിത്യത്തിലേയും സുന്ദരികളും സുന്ദരന്മാരും പാര്‍ക്കാന്‍ തിരഞ്ഞെടുക്കുന്നത് അവരുടെ മനസ്സുകള്‍തന്നെയാവും. തീര്‍ച്ചയായും, മാധവിക്കുട്ടി മലയാളികള്‍ക്ക് അങ്ങനെയൊരു എഴുത്തുകാരിയായിരുന്നു.