
തൃശൂര്‍: ഒരു കലാകാരന്‍ എന്തായിരിക്കണം, എങ്ങനെയായിരിക്കണമെന്നു തന്നെ പഠിപ്പിച്ചത് ഉസ്താദ് സാക്കിര്‍ ഹുസൈന്‍ എന്ന തബല മാന്ത്രികന്റെ കൂടെയുള്ള കലാസഞ്ചാരങ്ങളായിരുന്നുവെന്ന് സംഗീത നാടക അക്കാദമി ചെയര്‍മാനും പ്രശസ്ത വാദ്യകലാകാരനുമായ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി. കേരള സംഗീത നാടക അക്കാദമി തൃശൂരില്‍ സംഘടിപ്പിക്കുന്ന മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ദേശീയ താളവാദ്യോല്‍സവം 'തത്തിന്തകത്തോം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'ഒരു മാസത്തോളം നീണ്ടുനിന്ന ഒരു അമേരിക്കന്‍ പര്യടനത്തില്‍ 19 സ്ഥലങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് പരിപാടികള്‍ അവതരിപ്പിച്ചു. ഒരുകലാകാരന്‍ എങ്ങനെ നടക്കണം, എങ്ങനെ പെരുമാറണം, എങ്ങനെ ജീവിക്കണം എന്ന് ഈ യാത്രകളില്‍ ഞാന്‍ അദ്ദേഹത്തില്‍നിന്നു പഠിക്കുകയായിരുന്നു', മട്ടന്നൂര്‍ പറഞ്ഞു. കേരളത്തിലെ ഒരു വാദ്യകലാകാരന്‍ എന്ന നിലയില്‍ തന്റെ ഒരു സ്വപ്‌നം കൂടിയായിരുന്നു ഇത്തരം ഒരു താളവാദ്യോല്‍സവം എന്ന് മട്ടന്നൂര്‍ പറഞ്ഞു.
ഉസ്താദ് സാക്കിര്‍ ഹുസൈനുള്ള ആദരമായിട്ടാണ് അക്കാദമി താളവാദ്യോല്‍സവം സംഘടിപ്പിക്കുന്നത്. അക്കാദമിയുടെ 67 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് താളവാദ്യങ്ങള്‍ക്കായി ഒരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു.
സംഗീത നാടക അക്കാദമി നിര്‍വാഹക സമിതി അംഗം ടി.ആര്‍. അജയന്‍ അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ ബി.കെ. ഹരിനാരായണന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രശസ്ത കലാകാരനായ പെരുവനം കുട്ടന്‍ മാരാര്‍, ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് എന്നിവര്‍ പ്രസംഗിച്ചു.
മൂന്ന് ദിവസത്തെ താള വാദ്യോല്‍സവം രാവിലെ പെരിങ്ങോട് സുബ്രഹ്‌മണ്യന്റെ ഇടയ്ക്ക വാദനത്തോടെയായിരുന്നു ആരംഭിച്ചത്. പഞ്ചവാദ്യത്തിനുപുറത്ത് വാദ്യകലയില്‍ തനതായ ഒരു സ്ഥാനം നേടുന്നതിനുള്ള ഇടയ്ക്ക കലാകാരന്‍മാരുടെ ശ്രമത്തിന് ഇത്തരം താളവാദ്യോല്‍സവങ്ങള്‍ കരുത്ത് പകരുന്നുണ്ടെന്ന് സുബ്രഹ്‌മണ്യന്‍ പറഞ്ഞു. 'ക്ഷേത്രങ്ങളില്‍നിന്നു പുറത്തു കടക്കുമ്പോള്‍ ഇടയ്ക്ക ഒരു വാദ്യം എന്ന നിലയില്‍ കൂടുതല്‍ സ്വാതന്ത്ര്യം നേടുന്നുണ്ട്. കൂടുതല്‍ ജനകീയമാവുന്നതിന് ഇത് കാരണമായിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.
കല സഞ്ചരിക്കുന്നത് തനിച്ചല്ലെന്നും അത് സമൂഹത്തിന്റെ ചരിത്രത്തിനൊപ്പമാണെന്നും ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ കേളി രാമചന്ദ്രന്‍ പറഞ്ഞു. സമൂഹം ഉയര്‍ത്തുന്ന വെല്ലുവിളികളെയും പൊതു ധാരണകളെയും വെല്ലുവിളിക്കാന്‍ കലാകാരന്‍മാര്‍ നിര്‍ബന്ധിതരായിത്തീരുന്ന സാഹചര്യങ്ങള്‍ ഉണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ കല ഗതി മാറിയൊഴുകുകയും ചില കലാകാരന്‍മാര്‍ അതിന്റെ മുന്നണിപ്പോരാളികളുമാവുന്നതിന്റെ ഉദാഹരണങ്ങള്‍ കലാചരിത്രത്തില്‍ എമ്പാടുമുള്ളത് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Content Highlights: Kerala Sangeetha Nataka Akademi National Percussion Festival
Published: 11 Jul 2025, 08:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented