തിരുവനന്തപുരം: നടൻ മുരളിയുടേതുൾപ്പെടെ മുൻ അധ്യക്ഷന്മാരുടെ പ്രതിമ നിർമിക്കേണ്ടെന്ന നിലപാടിൽ കേരള സംഗീത-നാടക അക്കാദമി. പ്രതിമ സ്ഥാപിച്ചുതുടങ്ങിയാൽ അതിനേ നേരമുണ്ടാകൂ.

To advertise here,

എല്ലാവരെയും പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നേക്കാം. അതംഗീകരിച്ചാൽ കെ.ടി. മുഹമ്മദ്, കാവാലം നാരായണപ്പണിക്കർ, വൈക്കം ചന്ദ്രശേഖരൻനായർ, പി. ഭാസ്കരൻ, തിക്കോടിയൻ തുടങ്ങി കെ.പി.എ.സി. ലളിതവരെയുള്ള ഒട്ടേറെ മുൻകാലസാരഥികൾ പ്രതിമകളായി തൃശ്ശൂരിലെ അക്കാദമിവളപ്പിൽ നിറയും. അതുവേണ്ടെന്നാണ് അക്കാദമിയുടെ നിലപാട്. മുരളിയുടെ വെങ്കലപ്രതിമാനിർമാണവും പുനഃപരിശോധിക്കില്ല.

നടൻ മുരളിയുടെ വെങ്കലപ്രതിമനിർമാണം വിവാദമായതാണ് അക്കാദമിയെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത്. ഇപ്പോൾത്തന്നെ മുരളിയുടെ രണ്ട് കരിങ്കൽപ്രതിമ അക്കാദമി വളപ്പിലുണ്ട്. ആദ്യശില്പത്തിനുതന്നെ മുരളിയുമായി രൂപസാമ്യമില്ലാത്തതിനാൽ അതേ ശില്പിയെക്കൊണ്ടുതന്നെ രണ്ടാമതൊന്നുകൂടി നിർമിക്കുകയായിരുന്നു.

അതിനും മുരളിയുമായി രൂപസാമ്യമുണ്ടായില്ല. തുടർന്നാണ് അർധകായ വെങ്കലപ്രതിമയുണ്ടാക്കാൻ വിൽസൺ പൂക്കായിക്ക് കരാർ നൽകിയത്. എന്നാൽ, പ്രതിമയുടെ പ്രാഥമികരൂപത്തിനും നിലവിലുള്ള പ്രതിമകളുടെ അതേ പോരായ്മ കണ്ടതിനാൽ നിർമാണം നിർത്തിവെപ്പിച്ച്, കൈപ്പറ്റിയ പണം തിരിച്ചടയ്ക്കാൻ ശില്പിയോട് അക്കാദമി ആവശ്യപ്പെട്ടു. പിന്നീട് തുക സർക്കാർ എഴുതിത്തള്ളിയിരുന്നു.

പ്രതിമ പൂർത്തിയാക്കാൻ അക്കാദമി അവസരമൊരുക്കുന്നില്ലെന്ന ശില്പിയുടെ പരാതി അക്കാദമി തള്ളി. സർക്കാരും ഇതിനോട് യോജിക്കാനാണ് സാധ്യത.