തമാശയ്ക്കും അല്ലാതെയും ‘ചെറ്റേ’ എന്ന് വിളിക്കുന്ന സുഹൃത്തുക്കളേ,മനസ്സിലാക്കുക, ‘ചെറ്റ’ ഒരു തെറിയല്ല. അങ്ങനെ നിങ്ങൾ വിളിക്കുമ്പോൾ നിങ്ങൾ പരിഹസിക്കുന്നത് പാവപ്പെട്ടവരെ കൂടിയാണ്.

To advertise here,

'ഒരുത്തന് അപകടം പറ്റി ആശുപത്രിയിൽ കിടക്കുമ്പോളല്ല ചെറ്റവർത്തമാനം പറയല്..' എന്ന് തലയണമന്ത്രം എന്ന സിനിമയിൽ മാമുക്കോയ അവതരിപ്പിക്കുന്ന കഥാപാത്രം ഇന്നസെന്റിന്റെ മുഖത്തടിച്ച് പറയുന്ന ഒരു ഡയലോഗുണ്ടല്ലോ. ഇതേ പോലെ ചെറ്റത്തരം പറയരുത്', 'അവൻ ചെറ്റയാണ്, വിശ്വസിക്കാൻ കൊള്ളില്ല', 'ചെറ്റവർത്തമാനം പറയല്ല ചേട്ടാ' തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്നവർ നമുക്കിടയിൽ ഏറെയുണ്ട്. എന്നാൽ ചെറ്റ തെറിയാണെന്ന് വിചാരിച്ച് വിളിക്കുന്നവരുടെയും പറയുന്നവരുടെയും ശ്രദ്ധയ്ക്ക്, ചെറ്റ ഒരു തെറിപ്പദമേയല്ല.

പഴയകാലത്ത് പാവങ്ങളായ മനുഷ്യർ താമസിച്ചിരുന്ന പാർപ്പിടങ്ങളെയാണ് ചെറ്റക്കുടിൽ എന്ന് വിളിച്ചിരുന്നത്. മണ്ണിൽ പണിയെടുത്ത് ജീവിക്കുന്നവർ ചേറ് കൊണ്ടൊരു പുരയുണ്ടാക്കി അതിനെ വലിയ ആളുകൾ ചെറ്റക്കുടിൽ എന്ന് വിളിച്ചു. ഓല മേഞ്ഞുണ്ടാക്കുന്ന ചെറിയ കുടിലുകളാണ് ചെറ്റുക്കുടിൽ. കൊട്ടാരത്തിൽ കഴിയുന്നവർക്ക് ചെറ്റക്കുടിലിൽ കഴിയുന്നവർ ചെറ്റയുമായി. തകഴിയുടെയും ദേവിന്റെയും നോവലുകളിൽ ചെറ്റക്കുടിലുകൾ ഒട്ടേറെ തവണ കടന്നുവരുന്നുണ്ട്.

'ചെറ്റയാം വിടൻ ഞാനിനിമേൽ
കഷ്ടമെങ്ങെനെ കണ്ണാടി നോക്കും..'
എന്ന് വൈലോപ്പിള്ളിയുടെ വരികളിലും സാമൂഹ്യവിരുദ്ധതയുണ്ട്.

അതുകൊണ്ട് ‘ചെറ്റ’യെന്നത് അവഹേളിക്കാനുള്ള പദമല്ല. അങ്ങനെ പൊളിറ്റീഷ്യൻ ഉപയോഗിച്ചാലും അല്ലാത്തവർ ഉപയോഗിച്ചാലും അത് പൊളിറ്റിക്കലി തെറ്റാണ്.
മുൻതലമുറക്കാരായ സാധാരണ മനുഷ്യർ താമസിച്ചിരുന്ന ഇടമാണെന്ന തിരിച്ചറിവ് ഉണ്ടായാൽ 'ചെറ്റ' എന്നത് ഒരു തെറിയായി തോന്നില്ലൊരിക്കലും.

കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള അറിവും അതിൽ നിന്നുള്ള തിരിച്ചറിവും ഉണ്ടാവുമ്പോഴാണല്ലോ നമ്മളൊക്കെ സാമൂഹ്യജീവിയായി മാറുന്നത്.