‘ഓറഞ്ചസ് ആൻഡ് സ്റ്റോൺസ്’ എന്ന പലസ്തീൻ നാടകത്തിന്റെ സംവിധായിക മോജിസോലോ അദെബായോയും നടി ഇമാനും മാതൃഭൂമിയോട് സംസാരിക്കുന്നു

To advertise here,

പതുക്കെ വളരെ വിനയത്തോടെ കടന്നുവരുന്ന അഭയാർഥി. യുദ്ധക്കെടുതികളേറെ അനുഭവിച്ച പലസ്തീൻ സ്ത്രീക്ക്, തന്റെ ഓറഞ്ചുതോട്ടത്തിൽ അഭയം തേടിയെത്തിയ പുരുഷനെ സ്വീകരിക്കാതിരിക്കാനാകില്ലായിരുന്നു. പക്ഷേ, വെള്ളവും ഓറഞ്ചും നൽകി സ്വീകരിച്ചയാൾത്തന്നെ സ്വന്തം മണ്ണിൽനിന്ന് നിഷ്‌കാസനം ചെയ്യാനെത്തിയതാണെന്ന് തിരിച്ചറിയുമ്പോൾ നടത്തുന്ന പ്രതിരോധമെല്ലാം വെറുതെയാകുന്നു.

കുടിയിറക്കപ്പെടുന്നവരുടെ ശബ്ദമാണ് നിങ്ങളുടെ നാടകം. വേദിയിലെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ എന്തൊക്കെയായിരുന്നു?

മോജിസോലോ അദെബായോ: പിടിച്ചടക്കൽ അധികാരത്തിന്റ കളിയാണ്. ചെറിയ ചെറിയ കളികളിലൂടെയാണ് ഞങ്ങളത് നാടകത്തിൽ തുടങ്ങിയത്. ഭൗതികസാഹചര്യങ്ങളുടെ പരിമിതികളെ ഇമേജ് തിയേറ്ററിലൂടെയാണ് മറികടക്കുന്നത്. സ്റ്റോറി ബോർഡ് വരച്ചായിരുന്നു നിർമാണം. അടിച്ചമർത്തപ്പെട്ടവരുടെ തിയേറ്റർ സങ്കേതമാണ് സ്വീകരിച്ചത്.

വെടിയൊച്ചകളും നിലവിളികളും സംഭാഷണങ്ങളുമില്ലാതെത്തന്നെ ആക്രമണത്തിന്റെ ചരിത്രം കാണികൾ അനുഭവിച്ചറിയുന്നു. വളരെ പ്രകടമായ, ദൃശ്യമായ, ആക്രമണങ്ങൾക്കുമേൽ എന്തുകൊണ്ടാണ് ഈ നിശ്ശബ്ദതയും രൂപകങ്ങളും സ്ഥാനംപിടിച്ചത്?

മോജിസോലോ അദെബായോ: 1986 മുതൽ പ്രവർത്തിക്കുന്ന അഷ്തർ എന്ന വലിയ ചരിത്രമുള്ള നാടകക്കമ്പനിയിലേക്ക് ഞാൻ വരുന്നത് കനത്ത നിശ്ശബ്ദതകൊണ്ട് എങ്ങനെ നാടകം അവതരിപ്പിക്കാമെന്ന ആശയവുമായാണ്. ഇംഗ്ലണ്ടിൽ ഓരോ തവണ ചെല്ലുമ്പോളും അവിടെയുള്ളവർക്ക് അധിനിവേശമെന്നത് എത്രത്തോളം ഭീകരമാണെന്ന് മനസ്സിലാക്കാനാകുന്നുണ്ടായിരുന്നില്ല. അധിനിവേശം എങ്ങനെയാണ് അവരെ അനുഭവിപ്പിക്കുകയെന്ന ചിന്തയിലാണ് ഒറ്റയ്ക്ക് ഓറഞ്ചുതോട്ടത്തിൽ ജീവിക്കുന്ന സ്ത്രീയിലൂടെയും അഭയാർഥിയായി വരുന്നയാളിലൂടെയും ഇത് ചിത്രീകരിച്ചത്. ഇസ്രയേൽ -പലസ്തീൻ പ്രശ്‌നം സങ്കീർണമാണെന്നാണ് എപ്പോഴും പറയുന്നത്. എന്നാൽ, ഇത് സങ്കീർണമാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകവഴി അവിടെ യഥാർഥത്തിൽ നടക്കുന്നതിനെ മറച്ചുവയ്ക്കുകയാണ്. അവിടത്തെ അടിച്ചമർത്തൽ പലസ്തീനു പുറത്തുള്ളവർക്ക് മനസ്സിലാകാനാണു രൂപകങ്ങളെ കൂട്ടുപിടിച്ചത്.

‘ദ ലാസ്റ്റ് പ്ലേ ഇൻ ഗാസ’ എന്ന നാടകസംഘത്തിന് ഇന്ത്യയിൽ അനുമതി നിഷേധിക്കപ്പെട്ടല്ലോ, താങ്കളുടെ സംഘത്തിന് എങ്ങനെയാണ് നാടകവുമായി എത്താനായത് ?

മോജിസോലോ അദെബായോ: നൈജീരിയക്കാരനായ അച്ഛനും ഡെൻമാർക്കുകാരിയായ അമ്മയ്ക്കും ഞാൻ ജനിച്ചത് ലണ്ടനിലാണ്. ഈ വംശഹത്യയിൽ ഭാഗികപങ്കുള്ള ബ്രിട്ടീഷ് പാസ്‌പോർട്ടാണ് എന്റേതെന്ന് ഓർക്കുന്നതുതന്നെ ഭയാനകമാണ്. ഞാൻ നൽകുന്ന നികുതിയിലൊരു ശതമാനം ആ വംശഹത്യക്കായി പോകുന്നുണ്ട്. അങ്ങനെയുള്ള പാസ്‌പോർട്ട് വഹിക്കുന്ന എനിക്ക് ലോകത്തോട് പലസ്തീൻജീവിതം പറയാനുള്ള ബാധ്യതയുണ്ട്. പക്ഷേ, ഈ ബ്രിട്ടീഷ് പാസ്‌പോർട്ട് ഇല്ലായിരുന്നെങ്കിൽ എനിക്ക് ഇവിടെ വരാനാകുമായിരുന്നില്ല.

ഇമാൻ: ഒന്നാം ലോകമഹായുദ്ധത്തിനുശേഷം തങ്ങളുടെ നാട്ടിലെത്തിയ ജൂതൻമാരെ ഹൃദയത്തിലേക്കാണ് പലസ്തീൻകാർ സ്വീകരിച്ചത്. പക്ഷേ, 1932 മുതൽ 36 വരെ അവർ വൻതോതിൽ സ്ഥലം വാങ്ങിക്കൂട്ടാൻ തുടങ്ങി. പിന്നീട് ചെറിയ ചെറിയ തർക്കങ്ങൾ വരുമ്പോൾ ഇസ്രയേലുകാരെ വെറുതെവിടുകയും പലസ്തീൻകാരെ ജയിലിലടയ്ക്കുകയുമാണ് ബ്രിട്ടീഷുകാർ ചെയ്തിരുന്നത്. ഇതോടെ ഇവിടെയൊരു ഗൂഢാലോചന അരങ്ങേറുന്നുണ്ടെന്ന് പലസ്തീൻകാർ തിരിച്ചറിയാൻ തുടങ്ങി.

നാടകത്തിൽ ഒരു ആയുധംപോലുമില്ലാതെയാണ് മണ്ണും വെള്ളവും ഓർമകളും സ്വത്വവും കൈയടക്കുന്നത്, നിലവിലെ പലസ്തീനിലെ സാഹചര്യത്തിൽ അക്രമം എപ്പോഴും ഈവിധം ദൃശ്യമല്ലാത്തത് തെറ്റിദ്ധരിക്കപ്പെടുന്നതായി തോന്നുന്നുണ്ടോ ?

മോജിസോലോ അദെബായോ: നമ്മൾ ഒട്ടേറെ അക്രമങ്ങൾ കാണുന്നുണ്ട്. നാടകപ്രവർത്തകർക്ക് വലിയ കടമയുണ്ട്. മാധ്യമങ്ങൾ വെളിപ്പെടുത്തുന്നതിലും അധികം ജനങ്ങളുമായി പങ്കുവയ്ക്കുകയെന്നതാണത്. വേദിയിൽ നിൽക്കുന്നവരിലൂടെ തങ്ങളെത്തന്നെ കാണുകയെന്നതാണ് ഞങ്ങൾ അനുഭവിപ്പിക്കുന്നത്.

ഇമാൻ: വെടിനിർത്തൽ എന്നത് ഏറ്റവും വലിയ നുണയാണ്. നിങ്ങൾ സീസ് ചെയ്യൂ, ഞങ്ങൾ ഫയർ ചെയ്യാമെന്ന് പലസ്തീൻകാരോട് പറയുന്നതാണ് ശരിക്കും സീസ് ഫയർ. എല്ലാ ദിവസവും ബോംബുകൾ പതിക്കുന്നു, മരണങ്ങൾ ഉണ്ടാകുന്നു.

ഇന്ന് പലസ്തീൻ തിയേറ്ററുകളും കലാകാരൻമാരുമൊക്കെ തകർക്കപ്പെടുകയും നിശ്ശബ്ദമാക്കപ്പെടുകയും ചെയ്യുമ്പോൾ മാഞ്ഞുപോകുന്നതിനെ സംരക്ഷിക്കാൻ നാടകം ആയുധമാക്കുന്നുണ്ടോ?

ഇമാൻ: തിയേറ്റർ നമ്മുടെ ആഖ്യാനങ്ങളും ചരിത്രവും സംരക്ഷിക്കാനുള്ള ഉപകരണമാണ്. വംശഹത്യ എന്നത് വെറുമൊരു വംശത്തെ ഇല്ലാതാക്കുന്നതിൽ ഒതുങ്ങുന്നില്ല. ഇതൊരു സംസ്‌കാരത്തെയും മണ്ണിനെയും സമ്പദ്‌വ്യവസ്ഥയെയും പ്രകൃതിയെയുംതന്നെ ഉന്മൂലനം ചെയ്യലാണ്. അവർക്ക് ആളുകളെ കൊല്ലാം, പക്ഷേ കവർന്നെടുക്കാൻ കഴിയാത്ത ചിലതുണ്ട് -അവ വാക്കുകളാണ്, ചിത്രങ്ങളാണ്, ചിരികളാണ്. ഏത് ഇരുണ്ടകാലത്തും ആളുകൾ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കും, ചിരിച്ചുകൊണ്ടേയിരിക്കും.

മോജിസോലോ അദെബായോ: അതുകൊണ്ടാണ് ഗാസയിലെ സംഗീതാധ്യാപകൻ അഹമദ് മൊയിൻ പലസ്തീനിൽ പെയ്തിറങ്ങുന്ന ഡ്രോൺശബ്ദത്തിൽനിന്ന് പാട്ടുണ്ടാക്കിയത്. ഒരു ചിത്രകാരിയുടെ വീടും സ്റ്റുഡിയോയും തകർക്കപ്പെട്ടു. അവരുടെ മക്കൾ കൊല്ലപ്പെട്ടു, ഗാസയിലെ ആ ചിത്രകാരി തന്റെ മുടി മുറിച്ച് ബ്രഷാക്കി ചിത്രം വരച്ച് തന്റെ കഥ നിലനിർത്തുകയാണ്. ഞങ്ങൾ ലോകത്തെ പഠിപ്പിക്കുന്നത് ജീവിച്ചിരിക്കുന്നതിന്റെ അർഥമെന്താണെന്നാണ്, മനുഷ്യരായിരിക്കുകയെന്നതിന്റെ അർഥമെന്താണെന്ന്.

മോജിസോലോ അദെബായോ: ഇതൊന്നും നമുക്ക് സംഭവിക്കില്ലല്ലോ, എന്ന് നമ്മൾ കരുതും. പക്ഷേ, ലോകത്ത് ഏത് രാജ്യത്തും ഇതൊന്നും വിദൂരമല്ലെന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്...