ഒരു കാലത്ത് ബോളിവുഡ് സിനിമാആരാധകരുടെ ഹൃദയത്തില്‍ നിറഞ്ഞുനിന്ന സീനത്ത് അമൻ പുതിയ തലമുറയ്ക്ക് പ്രിയപ്പെട്ടതാകുന്നത് അവരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുടെ കാപ്ഷനുകളിലൂടെയാണ്. ജീവിതവും തിരിച്ചറിവുകളും പാഠങ്ങളും തമാശയുമെല്ലാം നിറഞ്ഞതാണ് 72 വയസ്സുകാരിയായ അമന്റെ കുറിപ്പുകള്‍. 

To advertise here,

ആന്റീ എന്ന വിളി മോശമായി ചിത്രീകരിക്കുന്നവര്‍ക്ക്, തന്റെ ജീവിതത്തില്‍ കൂട്ടായി നിന്ന മുതിര്‍ന്ന സ്ത്രീകളെ സ്മരിച്ചുകൊണ്ട് മറുപടി കൊടുക്കുകയാണ് സീനത്ത് അമൻ പുതിയ പോസ്റ്റിലൂടെ. ജീവതം സുരക്ഷിതവും സുഖമുള്ളതുമാക്കുന്നതിനായി എന്നും ഒപ്പം നിന്ന സ്ത്രീകളില്ലെങ്കില്‍ നമ്മളൊക്കെ എന്തായി തീരുമായിരുന്നു എന്ന് ചോദിക്കുകയാണ് അമന്‍.

'നിങ്ങളുമായി ഒരു ബന്ധമില്ലെങ്കിൽ പോലും നിങ്ങൾക്ക് താങ്ങാകുന്ന ഇന്ത്യന്‍ ആന്റിമാരെ നിങ്ങള്‍ക്ക് കണ്ടെത്താനാകും. നിങ്ങളുടെ പ്രശ്നങ്ങളിൽ താങ്ങാകാനും നിങ്ങളുടെ വിഷമതകൾ കേള്‍ക്കാനും സ്വാദിഷ്ടമായ ഭക്ഷണം ഉണ്ടാക്കിത്തരാനും തമാശകള്‍ പറയാനും ശകാരിക്കാനുമൊക്കെയായി ഇവരുണ്ടാകും.' സീനത്ത് അമൻ പറയുന്നു.

'ആന്റി എന്ന വാക്കുകേള്‍ക്കുമ്പോള്‍ പഴഞ്ചന്‍ വസ്ത്രങ്ങള്‍ ധരിച്ച് ശകാരിച്ച് നടക്കുന്നവര്‍ എന്ന ചിത്രമാണോ ഓർക്കേണ്ടത് അതോ നിങ്ങളുടെ ജീവിതത്തിലെ മുതിര്‍ന്ന സ്ത്രീകളെ സ്മരിക്കുകയാണോ വേണ്ടത് എന്ന് നിങ്ങൾക്ക് തീരുമാനിക്കാം'. ഞാന്‍ ഒരു ആന്റിയാണ് അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ആ വിശേഷണം  ഹൃദയത്തിൽ കൊണ്ടു നടക്കുന്നതില്‍ അതീവ സന്തോഷമാണെന്നും സീനത്ത് അമൻ പോസ്റ്റിൽ പറയുന്നു.

തന്റെ ജീവിതത്തില്‍ ഒപ്പം നിന്ന  ആന്റിയെ സ്മരിച്ചുകൊണ്ടാണ് സീനത്ത് അമൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്. തന്റെ രണ്ട് ആണ്‍ മക്കളേയും കുട്ടിക്കാലത്ത് പരിചരിച്ച തന്റെ രണ്ടാനമ്മയായ ഷമീം ആന്റി തനിക്ക് അത്തരത്തിലൊരു താങ്ങായിരുന്നുവെന്ന് സീനത്ത് അമന്‍ പറയുന്നു. 

ഭക്ഷണമുണ്ടാക്കി കുട്ടികളെ പരിചരിച്ചിരുന്ന അവർ എന്നും എന്റെ സുഖവിവരങ്ങള്‍ തിരക്കിയിരുന്നു. സീനത്ത് പറയുന്നു. അങ്കിള്‍ എന്ന വിളി അം​ഗീകരിക്കാന്‍ ഈ കുറിപ്പ് തനിക്ക് പ്രചോദനമായി എന്ന് കരണ്‍ ജോഹര്‍ കമന്റ് ചെയ്തിട്ടുണ്ട്.