പ്രശസ്ത ബോളിവുഡ‍് താരം സീനത്ത് അമൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടേയുള്ള ചിത്രം കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. ഇതിനിടെ സീനത്ത് അമന്റെ ആരോ​ഗ്യം സംബന്ധിച്ച് പല ഊഹാപോ​ഹങ്ങളും പടർന്നിരുന്നു. ഇപ്പോഴിതാ തന്റെ ആരോ​ഗ്യപ്രശ്നത്തേക്കുറിച്ച് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് സീനത്ത് അമൻ. 

To advertise here,

നാൽ‌പതുവർഷമായി താൻ അനുഭവിക്കുന്ന ആരോ​ഗ്യപ്രശ്നത്തേക്കുറിച്ചാണ് സീനത്ത് അമൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടോസിസ്(ptosis) എന്നു വിളിക്കുന്ന കണ്ണിനെ ബാധിക്കുന്ന പ്രശ്നമാണ് സീനത്ത് അമന്റേത്. ഒരു അപകടത്തിനു പിന്നാലെ വലതുകണ്ണിനു ചുറ്റുമുള്ള പേശികൾക്ക് തകരാറാറു സംഭവിച്ചതാണ് തനിക്ക് ടോസിസ് ബാധിക്കാൻ കാരണമായതെന്ന് സീനത്ത് അമൻ പറയുന്നു. 

വർഷങ്ങളോളമായി താൻ ഈ അവസ്ഥയുമായി ജീവിക്കുകയാണ്. കൺപോള വലിഞ്ഞുതൂങ്ങുകയാണ് ഇവിടെ സംഭവിക്കുന്നത്. കാലംകഴിയുംതോറും അത് വഷളായി തന്റെ കാഴ്ചയെപ്പോലും ബാധിക്കുന്ന രീതിയിൽ തീവ്രമായെന്നും സീനത്ത് അമൻ പറയുന്നുണ്ട്. വർഷങ്ങൾക്കുമുമ്പേ ചികിത്സ തുടങ്ങിയതാണെങ്കിലും വിജയകരമായില്ലെന്നും ഏപ്രിലിൽ കൺപോള ഉയർത്താൻ ചെയ്ത സർജറിയോടെ ഫലംകണ്ടുതുടങ്ങിയെന്നും സീനത്ത് അമൻ വ്യക്തമാക്കി.

എന്താണ് ടോസിസ്?

കൺപോള വലിഞ്ഞുതൂങ്ങുന്ന അവസ്ഥയാണിത്. രണ്ടു കണ്ണുകളേയും ബാധിക്കാൻ സാധ്യതയുണ്ട്. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങൾ, മസിലുകൾ ക്ഷയിക്കുന്നത്, നാഡികൾക്കുണ്ടാകുന്ന തകരാർ, ജന്മനായുള്ള പ്രശ്നങ്ങൾ തുടങ്ങി പലകാരണങ്ങൾ കൊണ്ടും ബാധിക്കാം.

ടോസിസ് തീവ്രമാകുന്നതിനനുസരിച്ച് കാഴ്ച്ചയെ ബാധിക്കുകയും ചെയ്യാം. മതിയായ ചികിത്സ തേടുന്നത് ​ഗുണം ചെയ്യും. ചിലരിൽ സർജറി വരെ വേണ്ടിവന്നേക്കാം. ടോസിസ് ഉണ്ടെന്നു സംശയം തോന്നിയാൽ നേത്രരോ​ഗവിദ​ഗ്ധനെ കണ്ട് സ്ഥിരീകരണം നടത്തി മതിയായ ചികിത്സ തേടേണ്ടതാണ്.