വിവാഹത്തിനായി വീട്ടുകാർ ചെലുത്തുന്ന സമ്മർദത്തിൽ നിന്ന് രക്ഷപ്പെടാനായി തല മൊട്ടയടിച്ച യുവതിയുടെ വാർത്ത അടുത്തിടെയാണ് വൈറലായത്. സമാനമായൊരു വാർത്ത കഴിഞ്ഞദിവസവും പുറത്തുവന്നിരുന്നു. 'അമ്മ എന്റെ വിവാഹം ഉറപ്പിച്ചു' എന്ന് പറഞ്ഞാണ് തല മൊട്ടയടിക്കുന്ന വീഡിയോ കീർത്തനാ മേനോൻ എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഇത് വൈറലായി. ഇതിനകം രണ്ടരക്കോടിയോളം പേരാണ് കീർത്തനയുടെ വീഡിയോ കണ്ടത്. എന്നാൽ സംഭവത്തിൽ ഇപ്പോൾ ഒരു ട്വിസ്റ്റുണ്ടായിരിക്കുകയാണ്.

To advertise here,

ശാന്തയായി ഇരിക്കുന്ന കീർത്തനയുടെ തലമുടി ഒരാൾ വടിച്ച് നീക്കുന്നതാണ് വീഡിയോയിലുള്ളത്. താഴെ വീഴുന്ന മുടി ശേഖരിക്കാനായി ഒരു തുണി കീർത്തന മടിയിൽ വെച്ചിരുന്നു. അമ്മ ഉറപ്പിച്ച വിവാഹത്തിന് താത്പര്യമില്ലാത്തതിനാൽ അതിൽ നിന്ന് രക്ഷപ്പെടാനുള്ള കീർത്തനയുടെ ധീരമായ നീക്കമായാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്. നിരവധി പേർ കീർത്തനയെ അഭിനന്ദിച്ച് വീഡിയോയ്ക്ക് താഴെ കമന്റുകൾ ഇടുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ കീർത്തന പറയുന്നത് വിവാഹക്കാര്യം താനുണ്ടാക്കിയ കെട്ടുകഥയാണെന്നാണ്. എൻഡിടിവിയോടാണ് കീർത്തന ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്കുമേൽ വിവാഹത്തിനായുള്ള സമ്മർദം ഇല്ലായിരുന്നു. വൈറലായ ക്യാപ്ഷനാണ് ആളുകളെ തെറ്റായ നിഗമനങ്ങളിലേക്ക് നയിച്ചതെന്നാണ് കീർത്തന പറയുന്നത്. തല മൊട്ടയടിച്ചത് പൂർണമായും തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും കീർത്തന വ്യക്തമാക്കി.

 

ഇത് സംബന്ധിച്ച മുഴുവൻ കാര്യങ്ങളും യൂട്യൂബ് വീഡിയോയിൽ താൻ പറഞ്ഞിട്ടുണ്ട്. വീഡിയോ ക്ലിപ്പ് വൈറലാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ല. സ്ത്രീകൾ തല മൊട്ടയടിക്കുന്നത് സാധാരണ കാര്യമായി ആളുകൾ കാണണമെന്നാണ് താൻ കരുതുന്നത്. ഈ സംഭവം വൈറലാകാൻ കാരണം താനൊരു സ്ത്രീയായതിനാലാണെന്നും കീർത്തന കൂട്ടിച്ചേർത്തു.