ശരീരഭാരം കുറച്ച് ഫിറ്റായിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. എന്നാല്‍ അതിനായി എന്താണ് ചെയ്യേണ്ടത്, ഭക്ഷണക്രമത്തില്‍ എന്ത് മാറ്റം വരുത്തണമെന്നെല്ലാം സംബന്ധിച്ച ശരിയായ ധാരണ പലര്‍ക്കുമില്ല. അങ്ങനെയുള്ളവര്‍ക്കായി കൊഴുപ്പ് കുറച്ച് അതുവഴി ശരീരഭാരം കുറയ്ക്കാനുള്ള അഞ്ച് 'ടിപ്പുകള്‍' പങ്കുവെക്കുകയാണ് ഫിറ്റ്‌നെസ് കോച്ചായ രജ്‌നി സിങ്. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്കുള്ള വഴികളും രജ്‌നി പങ്കുവെച്ചിട്ടുണ്ട്. 

To advertise here,

ശരീരത്തില്‍ മാറ്റം വരുത്തണമെന്ന് ഗൗരവത്തോടെ ചിന്തിക്കുന്നവരാണെങ്കില്‍ അടിസ്ഥാനപാഠങ്ങളില്‍നിന്ന് തുടങ്ങണമെന്ന് രജ്‌നി പറയുന്നു. ഇതിന് കുറുക്കുവഴികളില്ലെന്നും സുസ്ഥിരമായ ശീലങ്ങള്‍ പിന്തുടരുക മാത്രമാണ് ചെയ്യേണ്ടതെന്നും പറഞ്ഞശേഷമാണ് അഞ്ചുകാര്യങ്ങള്‍ രജ്‌നി പറഞ്ഞത്. അതെന്തൊക്കെയാണെന്ന് നോക്കാം. 

1. നടത്തം

ദൈനംദിനമുള്ള ശരീരചലനം പ്രധാനപ്പെട്ടതാണ്. 8,000 മുതല്‍ 10,000 ചുവടുകള്‍ ഒരുദിവസം നടക്കണം. ശരീരത്തെ സജീവമാക്കി നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ഒപ്പം മനസിനെ ശുദ്ധീകരിക്കുകയും ചെയ്യും. നടത്തമെന്നത് കൊഴുപ്പ് കുറയ്ക്കാനുള്ള വളരെ 'അണ്ടര്‍റേറ്റഡ്' ആയ തെറാപ്പിയാണെന്നും രജ്‌നി പറയുന്നു. 

Also Read: 'ഈ 5 കാര്യങ്ങൾ ചെയ്താൽ സുസ്ഥിരമായ മാറ്റം'; ഭാരം കുറച്ച അനുഭവം പങ്കുവെച്ച് യുവതി

2. പ്രോട്ടീന്‍ എന്ന റാണി

പേശികള്‍ നിര്‍മ്മിക്കാനും സംരക്ഷിക്കാനും നിങ്ങളുടെ രക്തത്തിന് പ്രോട്ടീന്‍ വേണം. അതിനായി താഴെ പറയുന്നവ കഴിക്കാം. സസ്യാഹാരികള്‍ക്ക് പ്രോട്ടീനുവേണ്ടി കൊഴുപ്പ് കുറഞ്ഞ പനീര്‍, ടോഫു, സോയ, കൊഴുപ്പ് കുറഞ്ഞ ഗ്രീക്ക് യോഗര്‍ട്ട് തുടങ്ങിയവ കഴിക്കാം. സസ്യേതരഭക്ഷണം കഴിക്കുന്നവര്‍ക്ക് ചിക്കന്‍ ബ്രസ്റ്റ്, മുട്ടയുടെ വെള്ള, മത്സ്യം, കൊഴുപ്പ് കുറഞ്ഞ ബീഫ് ഭാഗങ്ങള്‍ എന്നിവ പ്രോട്ടീനുവേണ്ടി കഴിക്കാം. ശരീരത്തിലെ ഒരു കിലോഗ്രാമിന് ദിവസം 1.2 ഗ്രാം മുതല്‍ 2 ഗ്രാം വരെ പ്രോട്ടീന്‍ കഴിക്കണമെന്നും രജ്‌നി പറയുന്നു. 

3. കലോറി കണക്കാക്കണം

കൊഴുപ്പ് കുറയ്ക്കുന്നതിനായി മികച്ചൊരു ഭക്ഷണക്രമം പാലിക്കുക മാത്രമല്ല ചെയ്യേണ്ടത്. കലോറി കുറയ്ക്കുകയും വേണം. നിങ്ങള്‍ ഒരുദിവസം അകത്താക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി ശരീരത്തില്‍നിന്ന് എരിച്ചുകളയേണ്ടതായുണ്ട്. കലോറി ട്രാക്ക് ചെയ്യുന്നതിനെ ശിക്ഷയായി കാണരുതെന്നും പറയുന്നു. 

Don't Miss: രണ്ടുമാസം കൊണ്ട് 10 കിലോ കുറയ്ക്കണോ? ഈ ആറ് ലളിതമായ കാര്യങ്ങള്‍ ചെയ്യാം

4. ഭാരമുയര്‍ത്തുന്നതിനെ ഭയപ്പെടേണ്ട

ഭാരോദ്വഹനത്തെ പേടിക്കുന്നത് നിര്‍ത്തണം. അത് നിങ്ങളുടെ ശരീരത്തെ വലുതാക്കില്ല, മറിച്ച് ശക്തമാക്കുകയാണ് ചെയ്യുക. ഉയര്‍ത്തുന്ന ഭാരം ക്രമേണ വര്‍ധിപ്പിക്കണം. ഇങ്ങനെയാണ് കരുത്തുറ്റൊരു ശരീരത്തെ രൂപപ്പെടുത്തേണ്ടത്. അല്ലാതെ കാര്‍ഡിയോ വ്യായാമങ്ങള്‍ മാത്രം ചെയ്തുകൊണ്ടല്ല. 

5. വെള്ളം കുടിയോട് വിട്ടുവീഴ്ച പാടില്ല

വെള്ളമെന്നത് ശരീരത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ്. ദഹനം, ഊര്‍ജ്ജം തുടങ്ങി കൊഴുപ്പ് കുറയ്ക്കുന്നതിന് വരെ നന്നായി വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. ദിവസവും രണ്ടര മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കണം. വ്യായാമം വര്‍ധിക്കുന്നതനുസരിച്ച് അളവ് കൂട്ടുകയും വേണമെന്നും രജ്‌നി സിങ് പറയുന്നു. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക. പരിശീലകനുകീഴില്‍ വ്യായാമം ചെയ്യുക)

Related News: ജങ്ക് ഫുഡ് കഴിച്ച് അണുബാധ, തടികൂടി; 6 മാസം കൊണ്ട് 25 കിലോ കുറച്ചു, രഹസ്യം പങ്കുവെച്ച് യുവതി | വീഡിയോ