ഭാരം കുറച്ച് ശരീരം നല്ല ഫിറ്റായി പരിപാലിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാടുപേരുണ്ട്. എന്നാല്‍ അതിനായി എന്തുചെയ്യണമെന്ന കാര്യത്തില്‍ ശരിയായ ധാരണ പലര്‍ക്കുമില്ല. അങ്ങനെയുള്ളവര്‍ക്കായി ചില ടിപ്പുകള്‍ പങ്കുവെക്കുകയാണ് ഫിറ്റ്‌നെസ് കോച്ചായ അമാക. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അവര്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. 

To advertise here,

പത്തുകിലോ ശരീരഭാരം കുറയ്ക്കാനായി രണ്ടുമാസം മതിയെന്നാണ് അമാക പറയുന്നത്. അതിനായി ലളിതമായ ആറ് കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതിയെന്നും അമാക പറയുന്നു. എന്തൊക്കെയാണ് അമാക പറയുന്ന കാര്യങ്ങളെന്ന് നോക്കാം.

ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കണമെന്നാണ് അമാക ആദ്യമായി പറയുന്നത്. ഇത് ദഹനപ്രക്രിയയെ പതുക്കെയാക്കുകയും വിശപ്പിന്റെ ഹോര്‍മോണുകളുടെ ഉത്പാദനം കുറയ്ക്കുകയും ചെയ്യും. ഇതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവയില്‍ കലോറി കുറവും ഫൈബര്‍ കൂടുതലുമായതിനാല്‍ ഇവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. 

അടുത്തതായി അമാക പറയുന്നത് രസകരമായൊരു കാര്യമാണ്. ഭക്ഷണം കഴിക്കാനായി ചെറിയ പ്ലേറ്റുകള്‍ വേണം ഉപയോഗിക്കാന്‍. ഇതുവഴി നിങ്ങള്‍ വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നുവെന്ന സന്ദേശം തലച്ചോറിന് ലഭിക്കും. അങ്ങനെ നല്ല 'കനത്തില്‍' കഴിച്ചുവെന്ന് ധരിപ്പിച്ച് നമുക്ക് തലച്ചോറിനെ പറ്റിക്കാം!

പഞ്ചസാര പൂര്‍ണമായി ഒഴിവാക്കുക എന്നതാണ് അടുത്ത കാര്യം. പഞ്ചസാര കഴിക്കുന്നതുവഴി ശരീരഭാരം കൂടുക മാത്രമാണ് ചെയ്യുക. ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര പൂര്‍ണമായി ഒഴിവാക്കിയാല്‍ ഉടന്‍ തന്നെ അതിന്റെ ഫലം നിങ്ങള്‍ക്ക് നേരിട്ട് കാണാം. ഒപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാമെന്നും അമാക പറയുന്നു. 

ഉപവാസമാണ് അടുത്തത്. ഉപവസിക്കുമ്പോള്‍ ശരീരം ഊര്‍ജ്ജത്തിനായി ഗ്ലൂക്കോസിന് പകരം ഫാറ്റ് ഉപയോഗിക്കും. ഇങ്ങനെ ഫാറ്റ് എരിച്ചുകളയാം. കൂടാതെ, ഭക്ഷണം കഴിക്കുന്ന സമയത്ത് വളരെ കുറച്ചുമാത്രം കഴിക്കാനും ഉപവാസം നിങ്ങളെ സഹായിക്കും. ഇതുവഴി ശരീരഭാരം എളുപ്പത്തില്‍ കുറയ്ക്കാം. 

വേനല്‍ക്കാലമായതിനാല്‍ ഒരുപാടുപേര്‍ ചെയ്യുന്ന കാര്യമാണ് അടുത്തത്. നന്നായി വെള്ളം കുടിക്കുക. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിച്ചാല്‍ വയറുനിറഞ്ഞതായി തോന്നുകയും അങ്ങനെ കുറച്ചുമാത്രം കഴിക്കുകയും ചെയ്യും. 

ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം - വ്യായാമം. നിങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യായാമമുറകള്‍ ചെയ്താല്‍ മതിയെന്നാണ് അമാക പറയുന്നത്. എന്നാല്‍ അത് സ്ഥിരമായി ചെയ്യണം. നടത്തം പോലെ ലളിതമായ വ്യായാമങ്ങള്‍ ചെയ്യുന്നതാണ് സ്ഥിരമായി ഇത് ചെയ്യാന്‍ സഹായിക്കുക. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)