നമ്മുടെ ജീവിതത്തില്‍ ഭാഗ്യം ഏത് വഴി വരുമെന്ന് നമുക്ക് പറയാന്‍ കഴിയില്ല. ചിലപ്പോള്‍ ലോട്ടറിയുടെ രൂപത്തിലാകും നമ്മള് ഒരൊറ്റ രാത്രികൊണ്ട് കോടീശ്വരനാകുന്നത്. എന്നാല്‍ മധ്യപ്രദേശിലെ പന്ന ജില്ലയിലെ സാവിത്രി ബായ് സിസോദിയയുടെ ഭാഗ്യം വന്നത് വജ്രത്തിന്റെ രൂപത്തിലാണ്. എന്നാല്‍ അതില്‍ കഠിനധ്വാനവും ആത്മവിശ്വാസവും കൂടി ചേര്‍ന്നിട്ടുണ്ടായിരുന്നു. സര്‍ക്കാരില്‍നിന്ന് ഖനി പാട്ടത്തിനെടുത്ത് വജ്രത്തിനായി രണ്ട് വര്‍ഷം അവര്‍ അവിടെ ഖനനം നടത്തി. ഒടുവില്‍ 2.69 കാരറ്റ് വജ്രം അവരുടെ കൈയില്‍ തടഞ്ഞു.
ചുട്ടുപൊള്ളുന്ന വെയിലിനേയും പൊടിപടലങ്ങളേയും അവഗണിച്ചായിരുന്നു സാവിത്രിയുടെ അധ്വാനം. തന്റെ കുടുംബത്തിന്റെ തലവര മാറ്റുന്ന വജ്രം കണ്ടെത്തുമെന്ന ഉറച്ചവിശ്വാസം അവര്‍ക്കുണ്ടായിരുന്നു. നിയമപ്രകാരം ഈ വജ്രക്കല്ല് ലേലത്തില്‍ വെയ്ക്കുമെന്നും ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക സര്‍ക്കാര്‍ റോയല്‍റ്റിയും നികുതിയും കിഴിച്ചശേഷം സാവിത്രിക്ക് കൈമാറുമെന്നും ഡയമണ്ട് ഓഫീസര്‍ അനുപം സിങ്ങ് വ്യക്തമാക്കി. കല്ല് പരിശോധിച്ച് സര്‍ക്കാരില്‍ ഏല്‍പ്പിച്ചത് അനുപം സിങ്ങാണ്.
പന്ന ജില്ലയില്‍ ഒട്ടേറെപ്പേര്‍ ഇത്തരത്തില്‍ ഭൂമി പാട്ടത്തിനെടുത്ത് വജ്രത്തിനായി ഖനനം ചെയ്യാറുണ്ട്. ചുരുക്കം ചിലരെ മാത്രമേ ഭാഗ്യം തേടിവരാറുള്ളു. ഇതിനായി ചെറിയ തുകയ്ക്കാണ് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കാറുള്ളത്. ചലാന്‍ വഴി 250 മുതല്‍ 350 രൂപ വരേയാണ് അടക്കേണ്ടത്. ഫോം പൂരിപ്പിച്ച് നല്‍കണം. 25X30 അടി ഭൂമി ഇവര്‍ക്ക് പാട്ടത്തിന് കൊടുക്കും. ഡയമണ്ട് ഓഫീസിലെ കോണ്‍സ്റ്റബിൾ വന്നാണ് ഈ സ്ഥലം അടയാളപ്പെടുത്തുക. ഇത് പിന്നീട് നിശ്ചിത കാലയളവിലേക്ക് ആ വ്യക്തിയുടെ ഖനിയായി മാറുന്നു. ഇത്തരത്തില്‍ ഒട്ടേറെ പാട്ടത്തിനെടുത്ത ഖനികള്‍ പന്ന ജില്ലയിലുണ്ട്.
വജ്രങ്ങള്‍ കണ്ടെത്തിയാല്‍ ഡയമണ്ട് ഓഫീസറെ അറിയിക്കുകയും അയാള്‍ക്ക് കൈമാറുകയും ചെയ്യണം. അവര്‍ വജ്രക്കല്ലുകള്‍ വിലയിരുത്തുകയും ലേലത്തില്‍ വില്‍ക്കുകയും ചെയ്യും. റോയല്‍റ്റികളും നികുതികളും കിഴിച്ച ശേഷം ലഭിക്കുന്ന തുക ഖനനം നടത്തിയവര്‍ക്ക് തിരികെ നല്‍കും. അവരുടെ തളരാത്ത പ്രയത്നത്തിനുള്ള പ്രതിഫലമാണിത്.
ഇതിന് മുമ്പ് 2024 നവംബറില്‍ ദിലീപ് മിസ്ട്രി എന്നറിയപ്പെടുന്ന ഒരു തൊഴിലാളി 7.44 കാരറ്റ് വജ്രം കണ്ടെത്തിയിരുന്നു. മൂന്ന് മാസത്തിനിടെ രണ്ട് തവണയാണ് ദിലീപ് മിസ്ട്രിക്ക് വജ്രക്കല്ല് ലഭിച്ചത്. ഇതുകൂടാതെ 2024 ജൂലൈയില്‍ ഈ പ്രദേശത്തെ ഒരു തൊഴിലാളി 19.22 കാരറ്റ് വജ്രം കണ്ടെത്തിയിരുന്നു.
Content Highlights: woman labourer finds diamond in panna
Published: 24 Jun 2025, 09:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented